മീനങ്ങാടി: വയനാട് മീനങ്ങാടിയിൽ ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി യാത്രികന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് കാറും പണവും കവർന്ന കേസിൽ രണ്ട് കൊടുംകുറ്റവാളികൾ പിടിയിൽ. കണ്ണൂർ പെരിങ്ങളം അനിയാരം മുത്തേടത്ത് താഴേകുനിയിൽ എം. രഞ്ജു (32), മട്ടന്നൂർ സൗരവ് നിവാസിൽ സൗരവ് സുനിൽ (26) എന്നിവരെയാണ് മീനങ്ങാടി പൊലീസ് അതിവേഗം വലയിലാക്കിയത്. കൃത്യം നടന്ന് മണിക്കൂറുകൾക്കകം കണ്ണൂരിലെ തലക്കണ്ണിയിൽ വെച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് സംഘം ഇവരെ പിടികൂടിയത്.
സെപ്റ്റംബർ 30-ന് വൈകീട്ടോടെ മീനങ്ങാടി എഫ്.സി.ഐ ഗോഡൗണിന് സമീപമായിരുന്നു സിനിമാ സ്റ്റൈലിലുള്ള കവർച്ച അരങ്ങേറിയത്. കർണാടകയിലെ ബേഗൂരിൽ നിന്ന് വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശിയുടെ ഇന്നോവ കാറാണ് സംഘം ലക്ഷ്യമിട്ടത്. രണ്ട് കാറുകളിലായി പിന്തുടർന്നെത്തിയ പത്തോളം പേരടങ്ങുന്ന അക്രമിസംഘം ഇന്നോവ കാറിന് മുന്നിലേക്ക് വാഹനം കയറ്റിയിട്ട് വഴി തടയുകയായിരുന്നു. തുടർന്ന് കാറിന്റെ സൈഡ് ഗ്ലാസുകൾ അടിച്ചുതകർത്ത സംഘം ഡ്രൈവിംഗ് സീറ്റിലിരുന്ന യുവാവിന്റെ മുഖത്തേക്ക് അതിശക്തമായി കുരുമുളക് സ്പ്രേ പ്രയോഗിച്ചു.
തുടർന്ന് യുവാവിനെ ബലമായി കാറിൽ നിന്ന് വലിച്ച് പുറത്തിറക്കി റോഡിൽ തള്ളിയ ശേഷം ഇന്നോവ കാറും വാഹനത്തിലുണ്ടായിരുന്ന 21,000 രൂപയുമായി അക്രമികൾ കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞയുടൻ മീനങ്ങാടി പൊലീസ് ജില്ലയിലും അന്തർസംസ്ഥാന അതിർത്തികളിലും കർശന വാഹനപരിശോധനയും നിരീക്ഷണവും ഏർപ്പെടുത്തി. പൊലീസ് നടത്തിയ ഊർജ്ജിതമായ തെരച്ചിലിനൊടുവിൽ കണ്ണൂർ തലക്കണ്ണി ഭാഗത്ത് വെച്ച് നാട്ടുകാരുടെ കൂടി സഹകരണത്തോടെ പ്രതികളെ വളഞ്ഞുപിടികൂടുകയായിരുന്നു.
പിടിയിലായ രണ്ടുപേരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് വ്യക്തമാക്കി. രഞ്ജുവിന് സുൽത്താൻ ബത്തേരി, ചൊക്ലി സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ പതിമൂന്നോളം കേസുകളുണ്ട്. രണ്ടാം പ്രതിയായ സൗരവ് സുനിൽ പയ്യന്നൂർ, വാടാനപ്പള്ളി സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയാണ്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഉടൻ എല്ലാവരും പിടിയിലാകുമെന്നും മീനങ്ങാടി പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates