വയനാട്: തിരുനെല്ലിയുടെ ശാന്തസുന്ദരമായ മലയോര ഗ്രാമമായ നെറ്റാറ പുതിയൊരു നിറക്കാഴ്ചയിലൂടെ വിനോദസഞ്ചാരികളെ വരവേൽക്കുന്നു. ഗ്രാമീണതയുടെ ലാളിത്യവും ശാന്തമായി ഒഴുകുന്ന കാളിന്ദിപ്പുഴയും സ്വർണ്ണനിറത്തിൽ വിരിഞ്ഞുനിൽക്കുന്ന സൂര്യകാന്തിപ്പാടങ്ങളും ഒത്തുചേരുമ്പോൾ സഞ്ചാരികളുടെ മനസ്സിൽ പുതിയൊരു ഇടംപിടിക്കുകയാണ് ഈ കൊച്ചുഗ്രാമം. കർണാടക അതിർത്തിക്കപ്പുറത്തെ ഗുണ്ടൽപേട്ടയിലെ പൂപ്പാടങ്ങൾ കാണാൻ ദീർഘദൂരം യാത്ര ചെയ്തിരുന്ന വടക്കൻ കേരളത്തിലെ സഞ്ചാരികൾക്ക് സ്വന്തം നാട്ടിൽത്തന്നെ മികച്ചൊരു ബദലായി മാറുകയാണ് നെറ്റാറ. പച്ചക്കറി കൃഷിക്കായി പാട്ടത്തിനെടുത്ത ആറ് ഏക്കർ ഭൂമിയിൽ രണ്ടര ഏക്കർ സ്ഥലത്ത് കർഷകനായ കെ എസ് സജീഷ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പൂക്കൃഷിയാണ് ഇന്ന് നാടിന്റെ മുഖച്ഛായ മാറ്റുന്ന വലിയ വിജയമായി മാറിയിരിക്കുന്നത്.
തണുപ്പും മഞ്ഞുമുള്ള മികച്ച കാലാവസ്ഥയും പ്രകൃതിഭംഗിയും ഉണ്ടായിരുന്നിട്ടും യാത്രാസൗകര്യങ്ങളുടെ കുറവുകാരണം വർഷങ്ങളോളം നെറ്റാറ പുറംലോകം അറിയപ്പെടാതെ കിടക്കുകയായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് കാളിന്ദിപ്പുഴയ്ക്ക് കുറുകെ പുതിയ പാലം വന്നതോടെയാണ് പ്രദേശത്തേക്ക് മികച്ച യാത്രാസൗകര്യം ഒരുങ്ങിയത്. ഗുണ്ടൽപേട്ടയിലെ പൂപ്പാടങ്ങളിലേക്ക് മലയാളികൾ കൂട്ടത്തോടെ പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്വന്തം മണ്ണിലും ഇത്തരമൊരു സാധ്യത പരീക്ഷിക്കാൻ സജീഷ് തീരുമാനിച്ചത്.
ഇവിടെ പൂക്കൾ വിൽപനയ്ക്ക് മാത്രമായല്ല ഉപയോഗിക്കുന്നത്, മറിച്ച് പൂപ്പാടം തന്നെയാണ് പ്രധാന ആകർഷണം. പൂക്കളുടെ നടുവിലൂടെ നടക്കാനും പ്രകൃതിഭംഗി ആസ്വദിച്ച് ചിത്രങ്ങൾ പകർത്താനുമായി എത്തുന്ന സന്ദർശകരിൽ നിന്ന് മുപ്പത് രൂപ പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്. പ്രതീക്ഷിച്ചതിലും മികച്ച വരുമാനവും സഞ്ചാരികളുടെ വലിയ ഒഴുക്കുമാണ് ദിവസേന ഇവിടെ ഉണ്ടാകുന്നത്.
വന്യമൃഗശല്യവും വിളനാശവും കാരണം പരമ്പരാഗത നെൽകൃഷി മുന്നോട്ടുകൊണ്ടുപോകാനാവാതെ പ്രതിസന്ധിയിലായ പ്രദേശത്തെ മറ്റ് കർഷകർക്കും സജീഷിന്റെ ഈ വിജയം പുതിയ പ്രതീക്ഷ നൽകുന്നു. തരിശായിക്കിടക്കുന്ന ഭൂമിയിൽ പൂക്കൃഷിയും വിനോദസഞ്ചാരവുമായി ബന്ധിപ്പിച്ച കൃഷിരീതികളും നടപ്പിലാക്കാൻ കൂടുതൽ കർഷകർ ഇപ്പോൾ മുന്നോട്ടുവരുന്നുണ്ട്.
ഓരോ വർഷവും ചരിത്രപ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രത്തിലേക്ക് എത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും നെറ്റാറയിലേക്ക് കൂടി ആകർഷിക്കാൻ കഴിഞ്ഞാൽ ഗ്രാമത്തിന്റെ സാമ്പത്തിക അടിത്തറയും അടിസ്ഥാന സൗകര്യങ്ങളും വലിയ തോതിൽ മെച്ചപ്പെടുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. കൃഷിനാശം തളർത്തിയ മണ്ണിൽ സ്വർണ്ണവർണ്ണത്തിൽ തലയുയർത്തി നിൽക്കുന്ന ഓരോ സൂര്യകാന്തിപ്പൂക്കളും നെറ്റാറയുടെ നാളെയെക്കുറിച്ചുള്ള പുതിയൊരു കാർഷിക പ്രതീക്ഷയുടെ തുടക്കമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates