

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട അണ്ണനും തമ്പിയുമാണ് സൂര്യയും കാർത്തിയും. ഇരുവരും ഒന്നിച്ചെത്തുന്ന നിമിഷങ്ങളൊക്കെ ആരാധകർ ആഘോഷമാക്കാറുമുണ്ട്. കാർത്തിയോട് തനിക്ക് ഒരച്ഛന്റെ സ്നേഹമാണുള്ളതെന്ന് പറയുകയാണ് സൂര്യയിപ്പോൾ. കാർത്തിയുടെ ആരാധകനാണെന്ന് പറഞ്ഞ് തന്റെ അടുത്ത് ഒരുപാട് പേർ വരാറുണ്ടെന്നും സൂര്യ കൂട്ടിച്ചേർത്തു.
'സർദാർ 2' ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു സൂര്യ. 'ഒരു ചേട്ടൻ എന്ന നിലയിൽ കാർത്തിയെ എങ്ങനെയാണ് കാണുന്നത്' എന്നായിരുന്നു സൂര്യയോടുള്ള ചോദ്യം. "ഞാനെപ്പോഴും പറയാറുള്ളതു പോലെ, എന്റെ അച്ഛന്റെ പദവിയാണ് ഞാനെടുക്കുന്നത്. ചേട്ടൻ എന്നതിനേക്കാളുപരി, ഒരച്ഛന്റെ സ്നേഹമാണ് എനിക്ക് അവനോടുള്ളത്.
അതെന്തു കൊണ്ടാണെന്ന് എനിക്കറിയില്ല. ഞാൻ അങ്ങനെയാണ് കാണുന്നത്. അവൻ സ്വയം അവന്റെ വഴി കണ്ടുപിടിച്ചയാളാണ്. എന്റെയടുത്ത് ഒരുപാട് പേർ വന്ന് പറയാറുണ്ട്. 'സാർ, ഞാൻ നിങ്ങളുടെ അനിയന്റെ വലിയൊരു ആരാധകനാണ്. അനിയനോട് പറയണം സാർ, കാർത്തി സാറിനോട് അന്വേഷണം പറയണം സാർ' എന്നൊക്കെ. എന്നെക്കുറിച്ച് അവർ ചോദിക്കുക പോലുമില്ല.
എന്നെക്കുറിച്ചൊന്നും പറയാറുമില്ല. പക്ഷേ എന്റെയടുത്ത് നേരിട്ട് വന്ന് കാർത്തിയെ കുറിച്ച് മാത്രം സംസാരിച്ചിട്ട് അവർ പോകും". - സൂര്യ പറഞ്ഞു. അതോടൊപ്പം കാർത്തിയുടെ സിനിമ തിരഞ്ഞെടുപ്പുകളെയും സൂര്യ അഭിനന്ദിച്ചു. "സർദാറിൽ കാർത്തിയുടെ ലുക്ക് എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ്. അദ്ദേഹം ഇത്രയധികം നല്ലതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ ചെയ്യുന്നത് കാണുമ്പോൾ എനിക്ക് വളരെയധികം സന്തോഷമുണ്ട്.
വാസ്തവത്തിൽ, അത്തരം വേഷങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു".- സൂര്യ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 10 നാണ് സർദാർ 2 തിയറ്ററുകളിലെത്തുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates