ഓലേഞ്ഞാലിയുടെ വളരെ അടുത്ത ബന്ധുവാണ് കാട്ടൂഞ്ഞാലി. ഓലേഞ്ഞാലിയെ എല്ലാവർക്കും പരിചയമുണ്ടെങ്കിലും കാട്ടൂഞ്ഞാലിയെ അടുത്തു കണ്ടിട്ടുള്ളവർ കുറവായിരിക്കും. ഇവയെ കണ്ടിട്ടുള്ളവർ തന്നെ ഓലേഞ്ഞാലിയാണെന്നു തെറ്റിദ്ധരിക്കാനും ഇടയുണ്ട്. ഓലേഞ്ഞാലിയുടെ കാട്ടിലെ ബന്ധുവാണ് കാട്ടൂഞ്ഞാലി. എന്റെ കാട്ടുയാത്രകളിലൊക്കെ ഞാൻ ആഹ്ലാദത്തോടെ തിരയുന്ന പക്ഷിയാണിത്. ഓലേഞ്ഞാലിയേയും കാട്ടൂഞ്ഞാലിയേയും കുറിച്ചൊരു ഡോക്യുമെന്ററി എടുക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
ഓലേഞ്ഞാലിയുടെ ആകൃതിയും സ്വഭാവവുമുള്ള കാട്ടൂഞ്ഞാലിയെ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ ഇവ തമ്മിൽ നിറവിന്യാസത്തിൽ ചില്ലറ വ്യത്യാസം കാണാനാവും. ഇവയുടെ തൊണ്ടയും മാറിടവും മുഖവും നല്ല കറുപ്പാണ്. പുറം ചെമ്പിച്ച തവിട്ടുനിറമായിരിക്കും. കഴുത്തിന്റെ പുറകുവശവും ദേഹത്തിന്റെ അടിഭാഗവും തൂവെള്ളയായിരിക്കും. ഗുദം ചുകപ്പായിരിക്കും. വാല് ഏതാണ്ട് വെളുത്തതാണ്. പ്രത്യേകിച്ച് മുകളിൽനിന്നുള്ള നോട്ടത്തിൽ. ഓലേഞ്ഞാലിയെക്കാൾ വെൺമ കൂടുതലുള്ള പക്ഷിയാണ് കാട്ടൂഞ്ഞാലിയെന്ന് ഓർത്തുവെച്ചാൽത്തന്നെ ഇവയെ തമ്മിൽ തെറ്റില്ല.
ഓലേഞ്ഞാലിയെക്കാള്‍ വലുപ്പമുള്ള പക്ഷിയാണിത്. ഇവയ്ക്ക് നാട്ടു ബുൾബുൾ പക്ഷിയെപ്പോലെ ഗുദത്തിനടുത്തായി ത്രികോണാകൃതിയില്‍ ചുകന്ന പൊട്ടുണ്ട്. ചിറകുകളുടെ അരികുവശവും വാലിന്റെ അറ്റവും അടിഭാഗവും നല്ല കറുപ്പാണ്. ചെറുകൂട്ടങ്ങളായി കാട്ടിനുള്ളിലും മലകളിലുമാണിവയുടെ വാസം. അഞ്ചാറെണ്ണം അടങ്ങുന്ന കൂട്ടം ഒരേ കുടുംബം തന്നെയാവണം.
ഓലേഞ്ഞാലികളും കാട്ടൂഞ്ഞാലികളും മറ്റു പക്ഷികളുടെ മുട്ടയും കുഞ്ഞുങ്ങളേയും കട്ടെടുത്തു തിന്നുക പതിവാണ്. എന്നാൽ, തങ്ങളുടെ മുട്ടയേയും കുഞ്ഞുങ്ങളേയും സമർത്ഥമായി കാത്തു രക്ഷിക്കാൻ ഇവ പരിശ്രമിക്കുകയും ചെയ്യും. മഴ തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് ഓലേഞ്ഞാലിയും കാട്ടൂഞ്ഞാലിയും കൂടൊരുക്കുന്നത്. കാക്കയോ പരുന്തോ മറ്റോ തങ്ങളുടെ കൂട്ടിനരികിലെത്തിയാൽ മറ്റു പക്ഷികളുടെ സഹായംകൂടി തേടി ഓലേഞ്ഞാലിയും കാട്ടൂഞ്ഞാലിയും പൊതുശത്രുക്കളെ തുരത്തും. എന്നാൽ, പൊതുശത്രുവിനെ തുരത്തിക്കഴിഞ്ഞാൽ ദുർബ്ബലരായ മറ്റു പക്ഷികളോടിവ ദയ കാട്ടാറില്ലെന്നത് ഇവയുടെ അതിജീവന തന്ത്രത്തിന്റെ ഭാഗമാകാം. കോളനിവാഴ്ചക്കാലത്ത് വിദേശികളിൽനിന്ന് ഈ നന്ദിയില്ലായ്മ ഇവിടുത്തെ നാട്ടുരാജാക്കന്മാർ വേണ്ടതിലധികം അനുഭവിച്ച കഥകൾ നമ്മൾ കേട്ടിട്ടുണ്ടല്ലോ. ടിപ്പുസുൽത്താനെ തോൽപ്പിച്ചശേഷം പഴശ്ശിരാജയ്ക്ക് സംഭവിച്ച സ്ഥിതി ഓർത്തുനോക്കുക.
ഓലേഞ്ഞാലി ശക്തനായ പക്ഷിയായതിനാൽ ഇവ കൂടൊരുക്കുന്ന സമയത്ത് അതിനരുകിൽ ചെന്ന് ചില പക്ഷികൾ കൂടൊരുക്കും. പൊതുശത്രുക്കളെ ഒരുമിച്ച് നേരിടാമല്ലോയെന്ന ലളിത ചിന്തയാണ് മഞ്ഞക്കറുപ്പനേയും ആട്ടക്കാരനേയും പോലെയുള്ള പക്ഷികൾ ഓലേഞ്ഞാലിയുടെ കൂടിനരികിൽ പോയി കൂടൊരുക്കുന്നത്. എന്നാൽ, ആരിൽ വിശ്വാസമർപ്പിച്ചാണോ മഞ്ഞക്കറുപ്പനെപ്പോലെയുള്ള പക്ഷികൾ പോയി കൂടൊരുക്കുന്നത് ആ പക്ഷിതന്നെ അവയുടെ മുട്ടയേയും കുഞ്ഞുങ്ങളേയും കൊന്നുതിന്നും. ഇതു പലതവണ സംഭവിച്ചാലും ഓലേഞ്ഞാലിയിലുള്ള വിശ്വാസം ഇവയ്ക്ക് നഷ്ടപ്പെടുന്നില്ലെന്നതാണ് പ്രകൃതിയിലെ ഒരു കൗതുകം.
ശക്തിയുള്ളവർ ദുർബ്ബലരെ എക്കാലവും ചൂഷണം ചെയ്തും മർദ്ദിച്ചും നശിപ്പിക്കും. മനുഷ്യചരിത്രം പരിശോധിച്ചാലും ഇതൊക്കെയാണ് കൂടുതലായി കാണാനാവുക. അതുകൊണ്ടാണ് ദുർബ്ബലരോട് സംഘടിച്ചു ശക്തിപ്പെടാൻ മഹാത്മാക്കൾ ആഹ്വാനം
ചെയ്തത്. എന്നാൽ, ഓലേഞ്ഞാലിയെപ്പോലെയുള്ള പക്ഷികളിൽ വിശ്വാസമർപ്പിച്ചുള്ള കൂട്ടുകെട്ട് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്നതും പ്രകൃതിയിൽനിന്നു മനുഷ്യർ പഠിക്കേണ്ട പാഠമാണ്.
“കാക്കയെ കണ്ട് ദേഷ്യപ്പെട്ടു പറക്കുന്ന ഓലേഞ്ഞാലിയെ കണ്ടാൽ (കാട്ടൂഞ്ഞാലിയെന്നുകൂടി ഞാനെഴുതി ചേർക്കുന്നു) അയൽവാസികളെല്ലാം ഉടനെ സഹായത്തിനു ചെല്ലും. കാക്കയെ ദൂരത്തയക്കുന്നതുവരെ ഓലേഞ്ഞാലിയും മറ്റു പക്ഷികളും ഒത്തൊരുമയോടുകൂടി പൊരുതുകയും ചെയ്യും. പക്ഷേ, കാക്ക സ്ഥലംവിട്ടശേഷമുള്ള കഥയൊന്നു വേറെ. ആ നിമിഷം മറ്റു പക്ഷികളെല്ലാം ഓലേഞ്ഞാലിക്കു നേരെ തിരിഞ്ഞ് അതിനെ കൊത്തിത്തുരത്തിത്തുടങ്ങും. ഓലേഞ്ഞാലി സ്വന്തം കൂട്ടിലെത്തുന്നതുവരെ ഈ ഉപദ്രവം അതിനു സഹിക്കാതെ നിവൃത്തിയില്ല” (കേരളത്തിലെ പക്ഷികൾ).
മുഖ്യശത്രുവിനെ തുരത്തിക്കഴിയുമ്പോൾ തങ്ങളുടെ പൊതുശത്രുവാണ് കൂടെയുള്ളതെന്നു ചെറുപക്ഷികൾ ചിലപ്പോഴെങ്കിലും തിരിച്ചറിയുന്നുണ്ടെന്നത് ഈ സ്വഭാവം വെളിവാക്കി തരുന്നുണ്ട്. പ്രകൃതിയൊരു മഹാപാഠശാലയാണെന്ന് മറക്കാതിരിക്കുക. കുട്ടികളെ പാഠപുസ്തകങ്ങളിൽനിന്നു പഠിപ്പിക്കുന്നതിലധികം പ്രകൃതിയിൽനിന്നും ചുറ്റുപാടുകളിൽനിന്നും പഠിപ്പിക്കാൻ ശ്രമിപ്പിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പക്ഷിനിരീക്ഷണം വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറണം. പ്രകൃതിയിലേക്കൊരു ജാലകമായി പക്ഷിജീവിത പഠനം മാറുമെന്ന കാര്യത്തിൽ സംശയമില്ല.
ശക്തിയുള്ളവർ ശക്തിയുള്ളവരെ മാനിക്കും. അതുപോലെ അശക്തന് അരിശം വന്നാൽ ചാകുകയെന്നതാവും ഫലം. ഇങ്ങനെ ഒരുപാടു കാര്യങ്ങൾ പക്ഷിനിരീക്ഷണത്തിൽനിന്നു നേരിൽ കണ്ട് നമുക്കു മനസ്സിലാക്കാനാവും. കാടുമുഴക്കി നല്ല ധൈര്യശാലിയായ പക്ഷിയാണ്. ഇവ ഓലേഞ്ഞാലിയുമായും കാട്ടൂഞ്ഞാലിയുമായും കൂട്ടുകൂടുന്നതിന്റെ പൊരുൾ എന്തെന്ന് കൂടുതൽ പഠിക്കപ്പെടേണ്ടതാണ്. കാട്ടിൽ പക്ഷി നിരീക്ഷണത്തിനു പോയിട്ടുള്ളവർക്കറിയാം കാട്ടൂഞ്ഞാലിയും കാടുമുഴക്കിയും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ച്. ഇവയിലേതെങ്കിലും ഒരു പക്ഷിയെ കണ്ടാൽ മറ്റേതിനേയും സമീപത്തുതന്നെ കാണാനാവും. ഇരതേടുന്നത് ഇവ ഒരുമിച്ചാണ്. ഇതുകൊണ്ട് ഇരുകൂട്ടർക്കും ഗുണം കിട്ടുന്നുണ്ട്. ശത്രുക്കളെ ഒരുമിച്ച് തുരത്താനും കഴിയും. ഉച്ചത്തിൽ കരയാനും ശത്രുക്കളോട് ഏതറ്റംവരെ പോയി പൊരുതാനും ചങ്കൂറ്റമുള്ള പക്ഷികളാണിവ രണ്ടും.
കാടുമുഴക്കിയും കാട്ടൂഞ്ഞാലിയും കാട്ടുമൈനയും പൂത്താങ്കീരികളും ഒരുമിച്ച് ചിലക്കാൻ തുടങ്ങിയാൽ കാടാകെ ശബ്ദകോലാഹലമായിരിക്കും. കാടിനെ ശബ്ദായമാനമായി നിലനിർത്തുന്നത് ഇത്തരം പക്ഷികളാണ്. പക്ഷികൾ തമ്മിൽ പലതരത്തിലുള്ള കൊടുക്കൽ വാങ്ങലുകൾ
നിലനിൽക്കുന്നതുപോലെ അവയുടെ ചുറ്റുപാടുകളുമായും പല നിലയിലുള്ള ബന്ധങ്ങളുണ്ട്. ഇതൊക്കെ നോക്കിക്കണ്ട് മനസ്സിലാക്കുകയെന്നത് വലിയ കാര്യമാണ്. കുട്ടികളിൽനിന്നുതന്നെ ഇത്തരം വിദ്യാഭ്യാസം ആരംഭിക്കുകയും വേണം. കാട്ടൂഞ്ഞാലിയുടെ ഇംഗ്ലീഷ് പേര് WHITE BELLIED TREEPIE എന്നാണ്. ശാസ്ത്രീയനാമം Dendrocitta leucogastra എന്നും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates