എ.രാമചന്ദ്രന്‍ 
Articles

എ.രാമചന്ദ്രന്‍: സ്വന്തം ചിത്രങ്ങളിലേക്ക് പ്രവേശിക്കപ്പെട്ട ചിത്രകാരന്‍

ചിത്രത്തോടും ചരിത്രത്തോടും നീതിപുലര്‍ത്തിയ കലാകാരന്‍

പൊന്ന്യം ചന്ദ്രന്‍

ധുനിക ഇന്ത്യന്‍ ചിത്രകല രാമചന്ദ്രനില്‍ എത്തിനില്‍ക്കുന്നു എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം സാമൂഹ്യാന്തരീക്ഷത്തോട് അത് അത്രമാത്രം ഇണങ്ങിനില്‍ക്കുന്നു എന്നാണ്. ചിത്രത്തിന് ഉപയോഗിക്കുന്ന നിറം ഇന്ത്യന്‍ ഭൂപരിസരത്തോട് ചേര്‍ന്നുനില്‍ക്കുന്നതുതന്നെ ആവുന്നതും ശില്പതലത്തില്‍ അത് ഇന്ത്യന്‍ രാഷ്ട്രീയ ആശയങ്ങളോട് സമ്മിശ്രപ്പെടുന്നതും ആവുമ്പോള്‍ കലയുടെ പ്രയോക്താവിന്റെ സാമൂഹ്യപ്രതിബദ്ധത ഏറെ സ്പഷ്ടമാവുന്നുണ്ട്. ജീവിതകാലം മുഴുവന്‍ താന്‍ ഇടപെട്ട സര്‍ഗ്ഗാത്മക വഴിയിലൂടെയുള്ള സഞ്ചാരത്തിനായി സമര്‍പ്പണ മനസ്സോടെ സന്നദ്ധനാവുക എന്നതിലാണ് അന്തരിച്ച വിഖ്യാത ചിത്രകാരന്‍ എ. രാമചന്ദ്രന്റെ പ്രത്യേകത പ്രകടമാവുന്നത്. വിഖ്യാത ശില്പി രാം കിങ്കറിന്റെ കീഴില്‍ ശാന്തിനികേതനില്‍ ശില്പകലാ വിദ്യാര്‍ത്ഥിയായി തുടങ്ങിയ ജീവിതം ചിത്രകലയിലെ ലോകാരാധ്യനായി പരിലസിച്ചു നില്‍ക്കുന്നിടത്തേക്ക് എത്തുകയായിരുന്നു. മനുഷ്യജീവിതത്തിന്റേയും സംസ്കാരത്തിന്റേയും ചരിത്രത്തോട് ഇത്രമാത്രം നീതിപുലര്‍ത്തിക്കൊണ്ട് ഗൃഹപാഠം നിര്‍വ്വഹിച്ചു ചിത്രപ്രയോഗം നടത്തിയ മറ്റു ചിത്രകാരന്മാരെ അധികം കാണാനാവില്ല.

1935-ല്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ ജനിച്ച് 89-ാം വയസ്സില്‍ ലോകത്തോട് വിടപറയുമ്പോള്‍ എ. രാമചന്ദ്രന്‍ എന്ന അച്ചുതന്‍ രാമചന്ദ്രന്‍ ലോകകലയോളം വളര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി ശാന്തിനികേതന്‍ എന്ന കലാപരിസരത്തിന്റെ ഊര്‍ജ്ജത്തില്‍ ചിത്രശില്പകലാ മണ്ഡലത്തില്‍ സ്വന്തമായ വ്യക്തിത്വം ഉറപ്പാക്കുകയും ചെയ്ത എ. രാമചന്ദ്രന്‍ ഡല്‍ഹിയും അവിടുത്തെ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനതയുമായിരുന്നു ചിത്രപ്രമേയത്തിന്റെ മുഖ്യ ഇടം.

Gandhi Loneliness of the Great

താരതമ്യേന സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തില്‍ പിറന്ന രാമചന്ദ്രന്‍ തന്റെ ആറ്റിങ്ങലിലെ ജീവിതപരിസരത്തെ ചിത്രരൂപത്തിലേക്ക് ആവാഹിക്കുന്നത് ചുവര്‍ചിത്ര സങ്കേതത്തിന്റെ രീതിയിലായിരുന്നു. ചുവര്‍ചിത്രകലയിലെ രേഖീയതയുടെ താളാത്മകത്വം തന്റെ ക്യാന്‍വാസിലെ ചിത്രസന്നിവേശത്തിനു നേര്‍പകര്‍പ്പായി സ്വീകരിക്കുകയായിരുന്നില്ല. മറിച്ച് ചുവര്‍ചിത്രകലയുടെ താളാത്മക രീതിമാത്രം കടമെടുക്കുകയും തന്റേതായ പ്രയോഗരീതി പ്രാവര്‍ത്തികമാക്കുകയുമായിരുന്നു.

എ. രാമചന്ദ്രന്റെ മിക്ക ചിത്രങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന താമരക്കുളവും പൂക്കളും അത്തരം ഒരു ചിത്രത്തിന്റെ പ്രയോഗത്തിനു മാത്രമായിരുന്നില്ല അദ്ദേഹം ഉപയോഗിച്ചത്. മനുഷ്യരൂപ രചനയിലടക്കം ഈ താളാത്മക രചനാരീതി സമ്പന്നമാക്കിക്കൊണ്ടാണ് എല്ലാ ക്യാന്‍വാസുകളും കാഴ്ചക്കാര്‍ക്കു മുന്നിലെത്തിയത്.

സ്വന്തം ചിത്രങ്ങളിലേക്കു പ്രവേശിക്കപ്പെട്ട ചിത്രകാരനായിരുന്നു രാമചന്ദ്രന്‍. ഗ്രാമീണ ജീവിതത്തിന്റെ സകലമാന ചാരുതയും അദ്ദേഹം രേഖപ്പെടുത്തുന്നത് അവിടുത്തെ ഉപരിവര്‍ഗ്ഗത്തിന്റെ ജീവിതപഥവുമായി ചേര്‍ത്തുനിര്‍ത്തിക്കൊണ്ടല്ല. പാത്രത്തില്‍ വെള്ളം അകലങ്ങളില്‍നിന്നും ശേഖരിച്ചുകൊണ്ടുവരുന്നവരും തുണികളില്‍ ചിത്രപണികള്‍ ചെയ്ത് ജീവിക്കുന്നവരും പാതവക്കില്‍ അന്തിയുറങ്ങുന്നവരും ഒക്കെ രാമചന്ദ്രന്റെ ക്യാന്‍വാസുകളില്‍ നിത്യകാഴ്ചയാണ്. ഇത് യാദൃച്ഛികമായി സംഭവിച്ചതേയല്ല. ആറ്റിങ്ങലിലെ ഗ്രാമ്യജീവിതത്തിന്റെ ജൈവപരിസരങ്ങളില്‍നിന്നു തുടങ്ങി ശാന്തിനികേതന്‍ വഴി ഇന്ദ്രപ്രസ്ഥം വരെയുള്ള ഭൂഭാഗപരിസരങ്ങളില്‍നിന്നും ശേഖരിച്ച ചിത്രവിഷയത്തിന്റെ പുറംകാഴ്ചക്കാരനേയായിരുന്നില്ല രാമചന്ദ്രന്‍. ചിത്രത്തിനകത്തുനിന്നും ഒരിക്കലും പുറത്തുകടക്കാത്ത ചിത്രകാരനായിരുന്നു.

ചില ക്യാന്‍വാസുകളില്‍ പൂക്കള്‍ക്കിടയില്‍ പാറി ഉല്ലസിക്കുന്ന വണ്ടിന്റേയോ പൂമ്പാറ്റയുടേയോ ചിത്രമുഖം ചിത്രകാരന്റേത് തന്നെയായി രേഖപ്പെടുത്തുന്ന അപൂര്‍വ്വ കാഴ്ച ഈ ക്യാന്‍വാസുകളില്‍ ഉണ്ടായിരുന്നു.

ചില ക്യാന്‍വാസുകളില്‍ പൂക്കള്‍ക്കിടയില്‍ പാറി ഉല്ലസിക്കുന്ന വണ്ടിന്റേയോ പൂമ്പാറ്റയുടേയോ ചിത്രമുഖം ചിത്രകാരന്റേത് തന്നെയായി രേഖപ്പെടുത്തുന്ന അപൂര്‍വ്വ കാഴ്ച ഈ ക്യാന്‍വാസുകളില്‍ ഉണ്ടായിരുന്നു. പൂക്കള്‍ ശേഖരിച്ച് മാലകൊരുത്ത് വില്‍പ്പന നടത്തി ഉപജീവനം നടത്തുന്ന ജനതയുടേയും നിത്യവൃത്തിക്കു പ്രയാസപ്പെടുന്ന സകലമാന ജനതയുടേയും വിയര്‍പ്പിനൊപ്പം ഇതാ ഞാന്‍ കൂടി ഉള്‍പ്പെടുന്നു എന്നു പറയാതെ പറയുകയായിരുന്നു ചിത്രകാരന്‍. മണ്‍പാത്രം ഉണ്ടാക്കി വില്‍പ്പന നടത്തുന്ന ജനതയുടെ ഒരു ക്യാന്‍വാസിനകത്ത്, മണ്‍പാത്രത്തിനകത്ത് വളര്‍ച്ചയെത്താത്ത ഒരു കുഞ്ഞിനെപ്പോലെയായിരുന്നു ചിത്രകാരന്‍ ചുരുണ്ടുകൂടി കിടക്കുന്നത്. “ഞാന്‍ അവരില്‍നിന്നും ഭിന്നനല്ല. അവരിലൊരാളാണ്” - ഡ‍ല്‍ഹിയിലെ അദ്ദേഹത്തിന്റെ സ്റ്റുഡിയോവില്‍നിന്നും ഒരിക്കല്‍ ഇത്തരം ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത് അങ്ങനെയായിരുന്നു.

പ്രകൃതിദൃശ്യം അതിസൂക്ഷ്മമായി ജലച്ചായത്തില്‍ രേഖപ്പെടുത്തിയ യൂറോപ്യന്‍ ചിത്രകാരന്‍, പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച അല്‍ബേര്‍ ദുരെ മുതല്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ

കെ. മാധവന്‍ നായര്‍ വരെയുള്ള ചിത്രകാരന്മാര്‍ പ്രകൃതിക്കൊപ്പം അണ്ണാനേയും മറ്റു മൃഗങ്ങളേയും തുമ്പികളേയും അതിസൂക്ഷ്മമായി രേഖപ്പെടുത്തിയവരാണ്. എന്നാല്‍, അത്തരക്കാരുടെ അതിസൂക്ഷ്മ പ്രയോഗങ്ങളില്‍നിന്നൊക്കെ തികച്ചും ഭിന്നമായ പ്രയോഗരീതി തന്നെയാണ് എ. രാമചന്ദ്രന്‍ അവലംബിച്ചത്. അതിന് ഇന്ത്യന്‍ സംസ്കാരത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചരിത്രപരമായ ശേഷിപ്പുകളുമായുള്ള സന്നിവേശം പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലോകനിലവാരത്തോളം ഉയരുമ്പോഴും അത് ഭാരതീയമാണെന്ന് അടിവരയിട്ടു പറയാന്‍ കഴിയുന്നതുമായിരുന്നു.

White lotus pond with bumble bees

ഗാന്ധി ശില്പ നിര്‍മ്മിതിയുടെ രാഷ്‌ട്രീയം

ഒരു ജനതയുടെ ആചാരവും ജീവിതവും വേഷങ്ങളില്‍നിന്നുതന്നെ ഒരു പരിധിവരെ വായിച്ചെടുക്കാന്‍ സാധിക്കുമായിരുന്നു. ഈ നിലയില്‍ ഏറെ പ്രത്യേകത അര്‍ഹിക്കുന്ന ഒരു പെയിന്റിംഗ് ആയിരുന്നു ‘Dancing on the full moon night’ എന്ന കൂറ്റന്‍ ചിത്രം. നൃത്തം ചെയ്യുന്ന സ്ത്രീകളും അതിനു താളം പിടിക്കുന്നവരും ഓടക്കുഴല്‍ വായിക്കുന്നവരും മറ്റു സസ്യങ്ങളും മൃഗങ്ങളും പൂമ്പാറ്റകളും ഒക്കെ നിറയുന്നതുമായിരുന്നു. എന്നാല്‍, ഈ ചിത്രത്തിനകത്ത് ഒരു ആടിന്റെ പുറത്ത് പ്രത്യക്ഷപ്പെടുന്ന പക്ഷി രാമചന്ദ്രന്റെ മുഖസാദൃശ്യത്തോടെ തന്നെയാണുള്ളത്. നൃത്തം ചെയ്യുന്നവരുടെ താളത്തിനൊപ്പം മരത്തില്‍ പാറിപ്പറക്കുന്ന പൂമ്പാറ്റകളുടെ ചടുലതാളവും കൂടിച്ചേരുന്നിടത്ത് ചിത്രം ഏറെ ചലനാത്മകത കൈവരിക്കുകയായിരുന്നു.

ചിത്രത്തിന് എ. രാമചന്ദ്രന്‍ സ്വീകരിക്കുന്ന നിറം ഏറെ ശ്രദ്ധിക്കപ്പെടുന്നതു തന്നെയായിരുന്നു നിറങ്ങളുടെ വൈവിധ്യങ്ങളിലൂടെയുള്ള സഞ്ചാരം ആയിരുന്നില്ല അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. പാരിസ്ഥിതികവും സാമൂഹ്യവുമായ മാനം തന്റേതായ നിറങ്ങളിലൂടെ രേഖപ്പെടുത്തിവെയ്ക്കാന്‍ കാണിച്ച ഉത്സാഹം എ. രാമചന്ദ്രന്‍ എന്ന ചിത്രകാരനെ ലോക കലാഭൂപടത്തില്‍ രേഖപ്പെടുത്തുന്ന ഇടം വരെ എത്തി. എന്നാല്‍, ചുവപ്പിന്റെ വകഭേദങ്ങള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ മുഖമുദ്രയായിരുന്നു. ബ്രൗണ്‍ കലര്‍ന്ന ചുവപ്പ് ചിത്രത്തില്‍ ഏറെ പ്രയോഗിച്ച ഒരു ചിത്രകാരന്‍ വിഖ്യാതനായ കെ.ജി. സുബ്രഹ്മണ്യന്‍ ആയിരുന്നു. അര്‍ദ്ധ അമൂര്‍ത്ത രൂപങ്ങളുടെ സങ്കേതത്തോടെയുള്ള പ്രയോഗങ്ങളായിരുന്നു കെ.ജി.എസ്സിനു സ്വീകാര്യം. മനുഷ്യരൂപ രചനയിലടക്കം അദ്ദേഹം ഈ രീതിയാണ് അവലംബിച്ചു പോന്നത്. എന്നാല്‍, എ. രാമചന്ദ്രന്റെ ചിത്രങ്ങളിലെ മനുഷ്യരൂപങ്ങള്‍ പ്രകൃതിയുടെ രൂപവിതാനത്തിനൊപ്പം ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു.

ഉത്തരേന്ത്യന്‍ ജനതയുടെ ശില്പരീതിയില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് രാമചന്ദ്രന്‍ ശില്പനിര്‍മ്മിതിയിലേക്കു ചുവടുവെച്ചത് ഏറെക്കുറെ സാമൂഹ്യവും രാഷ്ട്രീയവുമായ മാനം ശില്പകലയുടെ പക്ഷത്തു ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാണ്. അദ്ദേഹത്തിന്റെ നൂറുകണക്കിനു ശില്പങ്ങളില്‍നിന്നും

ഗാന്ധിജിയുടെ ശില്പം മാത്രം ശ്രദ്ധിച്ചാല്‍ അറിയാം, സമകാലിക ഇന്ത്യ ഗാന്ധിയന്‍ ആശയത്തോട് പുലര്‍ത്തുന്ന മുഖംതിരിച്ച നിലപാടിന്റെ തീക്ഷ്ണത മെല്ലിച്ച ഗാന്ധിയുടെ ശില്പത്തിനു പുറത്ത് അദ്ദേഹത്തിന്റെ നാവിന്‍തുമ്പില്‍നിന്നും ഉച്ചരിക്കപ്പെട്ട അവസാന വാക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജി സ്വപ്നം കണ്ട രാമപക്ഷ നിലപാടും ഇന്ത്യ ഘോഷിക്കുന്ന രാമപക്ഷ പ്രചാരവും തമ്മിലെ വൈജാത്യം തിരിച്ചറിയാന്‍ കൈകൂപ്പി നില്‍ക്കുന്ന ഗാന്ധിജിയുടെ ഈ ശില്പം മാത്രം കണ്ടാല്‍ മതിയാകും. ഗാന്ധിജിയുടെ ശില്പനിര്‍മ്മിതിയിലേക്കുള്ള സഞ്ചാരം നിരവധി പോര്‍ട്രെയിറ്റുകളുടെ രചനകളിലൂടെയായിരുന്നു. ചിത്രങ്ങളും ശില്പങ്ങളും രചിക്കുന്നതിനു മുന്‍പായി നിരവധി സ്കെച്ചുകള്‍ ചെയ്ത് സമഗ്രതയില്‍ എത്തിച്ച ശേഷമാണ് രാമചന്ദ്രന്റെ ക്യാന്‍വാസിലേക്കുള്ള ക്രിയാത്മകത ആരംഭിക്കുന്നത്. ഈ ശീലം ശാന്തിനികേതന്റെ പാഠങ്ങളില്‍പ്പെട്ടതാണെന്ന കാര്യത്തില്‍ സംശയമില്ല. മനുഷ്യരൂപ രചനയിലും മറ്റ് പ്രകൃതിദൃശ്യ പ്രയോഗത്തിലും സൂക്ഷ്മതയോടെയുള്ള പ്രയോഗപാഠം ശാന്തിനികേതന്റെ ശീലങ്ങളാണെങ്കിലും എല്ലാ ശീലങ്ങളും ചിത്രപക്ഷത്തു പുലര്‍ത്താന്‍ തയ്യാറായ ചിത്രകാരനല്ല എ. രാമചന്ദ്രന്‍.

സ്വന്തമായ ഇമേജുകള്‍ മനുഷ്യരൂപത്തോട് ചേര്‍ത്തുകൊണ്ടാണ് രാമചന്ദ്രന്‍ ചിത്രനിര്‍മ്മിതി പൂര്‍ത്തിയാക്കിയത്. ഈ ഇമേജുകള്‍ക്കാവട്ടെ, ജൈവ അന്തരീക്ഷത്തോട് അഭേദ്യമായ ബന്ധവും ഉണ്ടെന്നു കാണാം.

ഡ്രീമിങ് ഓഫ് എകലിഞ്ചി ഇന്‍ യുഎസ്എ

കലാപഠനത്തെ സംബന്ധിച്ച് അദ്ദേഹത്തിനു വ്യക്തമായ അഭിപ്രായം ഉണ്ടായിരുന്നു.

“ചിത്രകല പഠിപ്പിക്കാനാവുന്ന ഒന്നല്ല. സൗന്ദര്യബോധം ഉള്ളവര്‍ക്കേ അത് ശീലിക്കാനാവൂ. എം.എ. പാസ്സായാല്‍ ഒരാള്‍ക്ക് കവിത എഴുതാന്‍ സാധിക്കാത്തതുപോലെയാണ് ഇത്.” ഇതൊക്കെയായിരുന്നു നേരില്‍ കാണുമ്പോള്‍ പങ്കുവെച്ചത്. ചിത്രജീവിതത്തില്‍നിന്നുതന്നെ കണ്ടെത്തിയ ജീവിതസഖി ചമേലി തന്റേതായ കലാലോകത്ത് സഞ്ചരിക്കുകതന്നെ ചെയ്യുന്നതിനും പരിഭവങ്ങളില്ലാത്ത ചിത്രകാരനാണ് രാമചന്ദ്രന്‍. കീഴാളജനതയുടെ ജീവിതവും അവരുടെ പരിസരവും ക്യാന്‍വാസിലേക്ക് എത്ര പകര്‍ത്തിയിട്ടും രാമചന്ദ്രനു മതിയാവുന്നുണ്ടായിരുന്നില്ല. നിരവധി പ്രകൃതിദൃശ്യ ചിത്രം രചിച്ച് ഇനി ഭൂഭാഗമെവിടെ എന്ന അന്വേഷണത്തില്‍ തോട് വിലക്ക് വാങ്ങി ജലപൂന്തോട്ടം ഉണ്ടാക്കി ചിത്രം രചിച്ച ക്ലൗദ് മൊനെയെപ്പോലെ (Claude Monet) തുടര്‍ന്നുകൊണ്ടേയിരുന്ന അന്വേഷണമായിരുന്നു രാമചന്ദ്രന്റേതും. ഏത് നിലയ്ക്കും ലോകം ആദരിക്കുന്ന മഹാനായ ചിത്രകാരന്‍ എ. രാമചന്ദ്രന്റെ കലാവസ്തുക്കള്‍ കാലം മായ്ക്കാതെ എക്കാലവും ഉണ്ടാവും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT