ആണിനു അപ്രമാദിത്യമുള്ള, പെണ്ണടക്കമുള്ള സഹജീവികള്‍ക്കായി ചട്ടങ്ങള്‍ ചിട്ടപ്പെടുത്തുന്നതടക്കം, അവന്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ആണിടങ്ങള്‍കൊണ്ട് സമ്പന്നമാണ് നമ്മുടെ സമൂഹം. ഓണം, പെരുന്നാള്‍, കല്യാണം, മരിച്ചടക്ക് തുടങ്ങി ആളുകൂടുന്ന ഏതുതരം മുഹൂര്‍ത്തങ്ങളിലും
പുരുഷന്മാര്‍ക്കും അവിടെ അവശേഷിക്കുന്ന മിച്ചം മനുഷ്യര്‍ക്കും ഇടയില്‍ വേര്‍തിരിവിന്റെ അദൃശ്യമായ ഒരു ഭിത്തി അതിവേഗം കെട്ടിയുയരാറുണ്ട്.
ആണിനുവേണ്ടി വിളമ്പുന്ന സ്‌പെഷ്യലുകളില്‍ തുടങ്ങി, കട്ടിലില്‍ വിരിക്കുന്ന വിരി, കുളിച്ചു തുടയ്ക്കാന്‍ നല്‍കുന്ന തോര്‍ത്ത്, ചായയില്‍ ചേര്‍ക്കുന്ന പാലിന്റെ അളവ് എന്നിവ വരെ ഈ പിരിവ് പ്രകടമാണ്.
വിവാഹം കഴിഞ്ഞു കുറച്ചു കഴിയുമ്പോള്‍ത്തന്നെ മൂന്നാമത് ഒരംഗത്തിനുവേണ്ടി ബന്ധുമിത്രാദികള്‍ ആദ്യം പരതുന്നത് പെണ്ണിന്റെ അടിവയറ്റിലാണ്!
ഭര്‍ത്താവ് മരണപ്പെട്ടതിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ശുഭകരമായ ചടങ്ങുകളില്‍നിന്നും അപ്രഖ്യാപിത വിലക്ക് നേരിടേണ്ടിവരുന്ന നിരവധി പെണ്ണുങ്ങളുണ്ട്.
എന്നാല്‍ അപ്പുറത്തു കഥ വ്യത്യസ്തമാണ്.
ഭാര്യ മരണപ്പെട്ടാലും പുരുഷന് മുന്നോട്ടുള്ള യാത്ര കുറച്ചുകൂടെ സുഗമം ആണ്.
കാലത്തെ അതിജീവിക്കുന്ന, സമൂഹത്തിലെ പൊള്ളത്തരങ്ങള്‍ ചുറ്റുമുള്ളവരോട് വിളിച്ചുപറയേണ്ടുന്ന കലയിലും സംഗതി വ്യത്യസ്തമല്ല.
കലാരംഗത്തു പ്രവര്‍ത്തിക്കുന്ന പെണ്ണുങ്ങള്‍ 'പിഴ'കള്‍ ആണെന്ന തെറ്റായ വയ്പിന് ഇതുവരേയും പൂര്‍ണ്ണമായ ഒരു മാറ്റം വന്നിട്ടുമില്ല.
അതുകൊണ്ടാണ് ഉദ്ഘാടനത്തിനും മറ്റും അതിഥിയായി വരുന്ന അഭിനേത്രികളുടെ വസ്ത്രത്തിന്റെ വിടവിലേയ്ക്ക് ക്യാമറക്കണ്ണുകള്‍ നീളുന്നതും അതേ വേദികളില്‍വെച്ചുതന്നെ അവര്‍ക്കെതിരെ അശ്ലീലം കടത്തിവിടുന്നതും നൊടിയിടയില്‍ വൈറല്‍ ആകുന്നതും.
രാജീവ് ഏകര്‍ഷിയുടെ ആട്ടം നടക്കുന്നതും സമാനമായ ഒരു ആണിടത്തില്‍ ആണ്.
കലയെ ഉപാസിക്കുന്ന, കലകൊണ്ട് സമൂഹത്തില്‍ മാറ്റം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരുടെ ഒരു നാടകക്കളരി.
പ്ലംബര്‍, പെട്രോള്‍ പമ്പ് ജീവനക്കാരന്‍, ഷെഫ്, െ്രെഡവര്‍ എന്നിങ്ങനെ അവിടെയുള്ള എല്ലാവരും സാധാരണക്കാര്‍.
12 ആണുങ്ങള്‍...ഒരു പെണ്ണ്!
അവര്‍ക്ക് പറയാനുള്ള 13 സത്യങ്ങള്‍ (നുണകള്‍? )
യവനികയില്‍ കെ.ജി. ജോര്‍ജ് സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്ന ഒന്നാണ് റഷമോന്‍ എഫക്ട് എന്ന കഥപറച്ചില്‍ രീതി. സംഭവങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഫിലിമില്‍ കോര്‍ത്തിടുന്നതിനു പകരം ഒരേ വിഷയത്തെ വ്യത്യസ്ത ആളുകളുടെ വീക്ഷണത്തിലൂടെ പറഞ്ഞുപോകുന്ന ഈ രീതി മലയാളത്തിനു അതുകൊണ്ട് തന്നെ അത്ര അപരിചിതമായ ഒന്നല്ല!
ഇത്തരം രീതി പിന്തുടരുന്ന സിനിമകള്‍ക്ക് ഉള്ള പ്രത്യേകതകളില്‍ ചിലത് ആട്ടത്തിനും ഉണ്ട്.
സിനിമയെ മുന്നോട്ട് നടത്തുന്നതിന് ഇന്ധനം പകരുന്ന ആ 'കോണ്‍ഫ്‌ലിക്ട്' 'വീരുമാണ്ടി'യിലും 'യവനിക'യിലും ഓരോ കൊലപാതകങ്ങള്‍ ആണ് എങ്കില്‍ ആട്ടത്തില്‍ ഒരു ലൈംഗിക അതിക്രമം ആണ്.
സംഭാഷണങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യമേകി, കഥാപാത്രങ്ങള്‍ പറയുന്ന വാചകങ്ങളിലൂടെയാണ് ആട്ടത്തിലും കഥ പ്രേക്ഷകനു മുന്നില്‍ അനാവൃതമാകുന്നത്.
ചര്‍ച്ചകള്‍ക്കു കാരണമായ മേല്‍പ്പറഞ്ഞ
ആ സംഭവത്തിന്റെ ആവിഷ്‌കാരംപോലും പ്രേക്ഷകന്റെ ഭാവനയില്‍ മാത്രമാണ് നടക്കുന്നത്.
പ്രേക്ഷകര്‍
ആര്‍ക്കൊപ്പം?
സിഡ്‌നി ലുമാറ്റിന്റെ '12 ആംഗ്രി
മെന്നി'ലെപ്പോലെ ആട്ടത്തിലും 12 ആണുങ്ങള്‍ കുറ്റവിചാരണയ്ക്കായി ഒരു മുറിയില്‍, ഒരു മേശയ്ക്ക് ചുറ്റും ഇരിക്കുകയാണ്. ലുമാറ്റിന്റെ സിനിമയിലെപ്പോലെത്തന്നെ ആനന്ദിന്റെ ചിത്രത്തിലും വിചാരണമുറിയില്‍ ആദ്യം കൊടിയ ചൂടാണ്. എന്നാല്‍, മഴ പെയ്തു തുടങ്ങുന്നതോടെ കുറ്റാരോപിതന് എതിരെ ഐകകണ്ഠമായി നടപടി വേണമെന്നു വാദിക്കുന്നവര്‍പോലും ചുവട് മാറ്റുന്നു. ആദര്‍ശങ്ങള്‍ ഒഴുകിപ്പോകുന്നു. ക്രമേണ വാദി പ്രതിയാകുന്നു.
സിനിമയ്ക്ക് ഇടയിലും ഒടുവിലും ശരിയേത് തെറ്റേത് എന്നറിയാതെ കുഴങ്ങുന്ന കാണികള്‍ ആട്ടത്തിലുമുണ്ട്.
പരസ്പരവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന കഥാപാത്രങ്ങളില്‍ ആര്‍ക്കൊപ്പം നില്‍ക്കണം എന്നത് പ്രേക്ഷകനു മുന്‍പില്‍ ഒരു ചോദ്യമായി അവശേഷിക്കുന്നു.
പ്രേക്ഷകരുടെ മുന്‍ധാരണകളെ ഒരിക്കല്‍പോലും അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍
സംവിധായകന്‍ മിനക്കെടുന്നില്ല. സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു മൊമെന്റില്‍, പ്രധാന കഥാപാത്രത്തില്‍നിന്നും പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത് കരച്ചിലോ പൊട്ടിത്തെറിയോ ആണ്. പക്ഷേ, ആനന്ദ് വെച്ചുനീട്ടുന്നത് ആവട്ടെ, അതിനേക്കാള്‍ അലോസരപ്പെടുത്തുന്ന നല്ല മൂര്‍ച്ചയുള്ള ഒരു പൊട്ടിച്ചിരിയും.
ജീവിതം ഒരു വശത്തും ആദര്‍ശം ഇപ്പുറത്തും നില്‍ക്കുമ്പോള്‍ അതില്‍ ഏത് സ്വീകരിക്കണം എന്ന ശങ്ക ചരിത്രാതീത കാലം മുതല്‍ തന്നെ മനുഷ്യനെ കുഴക്കുന്ന ഒന്നാണ്. സിനിമയുടെ
തുടക്കത്തില്‍, എന്തുവന്നാലും സത്യത്തിനുവേണ്ടി നിലകൊള്ളും എന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്ന കഥാപാത്രങ്ങള്‍പോലും ആട്ടത്തിന്റെ മുന്നോട്ടുള്ള ഒഴുക്കില്‍, മെച്ചപ്പെട്ട സാമ്പത്തികം, ചികിത്സാസൗകര്യം, പ്രശസ്തി എന്നീ ചെറുദ്വീപുകള്‍ കാണുമ്പോള്‍ ആ സത്യത്തെ തനിച്ചാക്കി അങ്ങോട്ടേക്കു നീന്തുന്നു.
'തനിക്ക് ഒരു മോശം അനുഭവം നേരിടേണ്ടിവന്നു' എന്നു തുറന്നുപറയുന്ന പെണ്ണിനോട് സംഭവം നടന്ന സമയത്തെ അവളുടെ വാച്ചിലെ സമയം, ശ്വാസത്തിലെ ലഹരി, തുണിയുടെ ഇറക്കം, മുഖത്തെ ചായം, ബ്രായുടെ സ്ട്രാപ്പിന്റെ കിടപ്പ് എന്നിവ ചികയാന്‍ ഒരു മടിയുമില്ലാതെ ഇറങ്ങുന്നവര്‍ക്കും ആട്ടം കണക്കിനു കൊടുക്കുന്നുണ്ട്.
അത്തരം രംഗങ്ങളില്‍ ശളളസ വേദിയില്‍ ഉയര്‍ന്നതിനേക്കാള്‍ ഉച്ചത്തില്‍, തിയേറ്ററില്‍ മുഴങ്ങിയ കയ്യടി, സിനിമ തിന്നു വിശപ്പടക്കുന്ന 'ഫെസ്റ്റിവല്‍ ജീവി'കള്‍ക്കു മാത്രം കണക്ട് ചെയ്യാന്‍ സാധിക്കുന്ന ഒന്നല്ല, തുറന്നുപറച്ചിലുകള്‍ക്കു പിന്നാലെ വരുന്ന സ്ലട്ട് ഷെയ്മിങ് എന്നത് ശരി വയ്ക്കുന്നു.
സറിന്‍ ശിഹാബിന്റെ അഞ്ജലിയെ പരിഗണിക്കാതെ ആട്ടം പൂര്‍ണ്ണമാവില്ല. സിനിമപോലെ തന്നെ ആണ്‍കൂട്ടങ്ങളോട് കലഹിക്കുന്ന അഞ്ജലിയും ഒരു കാഴ്ചയാണ്!
ഒരു ബ്ലൂടൂത്ത് സ്പീക്കര്‍, പുരപ്പുറത്തു വീഴുന്ന തേങ്ങ, മത്സ്യമാംസാദികള്‍ കയറ്റാത്ത വീട്, എല്ലാവരും പൂശുന്ന ഒരു സ്‌പ്രേ എന്നിങ്ങനെ ആനന്ദ് തന്റെ ചിത്രത്തില്‍ മനപ്പൂര്‍വ്വം കൊണ്ടുവരുന്ന ചിലത് കൂടിയുണ്ട്.
സദാചാരം പറയുന്നവരുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്താന്‍ ബ്ലൂടൂത്ത് സ്പീക്കര്‍ ഉപയോഗിച്ചിരിക്കുന്നത് രസകരമാണ്. മാംസം, ലഹരി എന്നിവ പുറത്ത് നിര്‍ത്തുന്ന ഒരു വീട്ടിന്റെ അകത്തളങ്ങളിലാണ് ഒരു പെണ്ണിനെ ഒരു ദിവസം മുഴുവന്‍ പച്ചയ്ക്ക് ചീന്തുന്നത്.
ഒപ്പം കുറ്റവിചാരണയ്ക്ക് മുന്‍പായി ആ വീടിന്റെ ഷീറ്റിനു മുകളില്‍ ഉച്ചത്തില്‍ വീഴുന്ന തേങ്ങ, നാടകം തുടങ്ങുകയാണ് എന്നത് അറിയിക്കാന്‍ അരങ്ങില്‍ മുഴങ്ങുന്ന ബെല്ലിനേയും കോടതി മുറിയിലെ ജഡ്ജിന്റെ ഗാവലിനേയും ഓര്‍മ്മിപ്പിക്കുന്നു.
ഇക്കഴിഞ്ഞ ഡിസംബറില്‍, നാല്
സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്ന അതേ ദിവസങ്ങളില്‍ത്തന്നെ ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2022ലെ റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. അധികമാരും ചര്‍ച്ചചെയ്യാതെ പോയ ആ റിപ്പോര്‍ട്ടില്‍ ഉള്ളത് അല്പം അലോസരപ്പെടുത്തുന്ന കണക്കുകളാണ്. സ്ത്രീകള്‍ക്കു നേരെ 4,45,256 അതിക്രമങ്ങളാണ് 2022ല്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2021നെ അപേക്ഷിച്ചു നാല് ശതമാനം വര്‍ദ്ധന.
സമൂഹം എന്ന ആണിടം
ചിരപരിചിതമായ ഇടങ്ങള്‍, ആളുകള്‍ ഒക്കെ സ്ത്രീകള്‍ക്ക് ഒരു സേഫ് സോണ്‍ ആണ് എന്നൊരു വയ്പുണ്ട്. പക്ഷേ, ചഇഞആയുടെ ഈ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 96 ശതമാനം റേപ്പ് കേസുകളിലും അതിജീവിതകള്‍ക്കു പരിചയമുള്ള ആളുകളാണ് അവര്‍ക്കുനേരെ അതിക്രമം നടത്തിയിട്ടുള്ളത്.
ആണിനു പ്രാധാന്യം നല്‍കുന്ന, അവന്റെ ക്ഷേമം ഉറപ്പാക്കിയതിനുശേഷം മാത്രം
ബാക്കിയുള്ളവരെ അടയാളപ്പെടുത്തുന്ന ആണിടങ്ങള്‍കൊണ്ട് സമ്പന്നമാണ് നമ്മുടെ സാമൂഹികസാംസ്‌കാരിക മണ്ഡലങ്ങള്‍. അതുകൊണ്ടുതന്നെ പൊതുവേദികളില്‍, ചാനല്‍ ചര്‍ച്ചകളിലൊക്കെ സ്ത്രീകള്‍ അല്ലെങ്കില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഇടംപിടിക്കുന്നത്, ബി.ജി.എം ഇട്ട് പൊലിപ്പിക്കാനുള്ള സ്റ്റാറ്റസ് മെറ്റീരിയലുകള്‍ ആവുകയും കാണിയേക്കാള്‍ ഉയരത്തില്‍ നിലകൊള്ളുന്ന ആണുങ്ങള്‍, തികച്ചും സാധാരണമായ കാഴ്ചയായിത്തന്നെ തുടരുകയും ചെയ്യുന്നു.
നമുക്കിടയിലെ അത്തരം ആണിടങ്ങള്‍ക്കു നേരെ തിരിച്ചുവച്ച കണ്ണാടിയാണ് ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ആണിടങ്ങള്‍ പൊതുവിടങ്ങള്‍ ആകേണ്ടതിന്റെ, ഉള്‍ച്ചേരലിന്റെ, ചേര്‍ത്തുപിടിക്കലിന്റെ രാഷ്ട്രീയം അവ പിന്തുടരേണ്ടതിന്റെ ആവശ്യകത ആട്ടം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഒപ്പം അതിക്രമത്തിന് ഇരയാവുന്നവരെ ചേര്‍ത്തുനിര്‍ത്തേണ്ടത്, അവര്‍ക്കു നീതി നേടിക്കൊടുക്കാന്‍ തുനിഞ്ഞിറങ്ങേണ്ടത് ഒരു മനുഷ്യജീവിയുടെ പക്കല്‍നിന്നും ഉറപ്പായും ഉണ്ടാകേണ്ട ഒരു സ്വാഭാവിക ചലനം മാത്രം ആയിരിക്കണമെന്നും സിനിമ കൃത്യമായി പറയുന്നു. അതുകൊണ്ടുതന്നെ ഒരു ഫെസ്റ്റിവല്‍ സിനിമ എന്ന ലേബലിനപ്പുറം വിജയിക്കപ്പെടേണ്ട, തിയേറ്ററില്‍ ഇതിലും കൂടുതല്‍ കാണികളെ അര്‍ഹിക്കുന്ന സിനിമകൂടിയാണ് ആട്ടം!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates