ആള്‍ക്കൂട്ടമാണ് എന്റെ ജീവിതത്തിലെ പാഠശാല. ഒരു കവിയുടെ ജന്മസിദ്ധമായ സങ്കോചത്തോടെ ഞാനതിലേക്ക് പ്രവേശിക്കുകയും അതിന്റെ ആഴങ്ങളിലൂടെ രൂപാന്തരപ്പെടുകയുമായിരുന്നു. സാക്ഷാല്‍ ഭൂരിപക്ഷത്തിന്റെ ഭാഗമാണ്, മഹത്തായ മനുഷ്യവൃക്ഷത്തിന്റെ ഒരിലയാണ് ഞാന്‍' (ആത്മകഥയില്‍നിന്ന്).
കവിത രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നു വിശ്വസിച്ച കവിയാണ് പാബ്ലോ നെരൂദ. ആത്മാഭിമാനത്തിനു മുറിവേറ്റ ഒരു ഭൂഖണ്ഡത്തിന്റെ ഭാവിസ്വപ്നങ്ങളെ വാക്കുകളുടെ രക്തംകൊണ്ട് നെരൂദ ജ്ഞാനസ്‌നാനം ചെയ്യുകയായിരുന്നു. ഉത്തരധ്രുവത്തോടടുത്തുള്ള പൈന്‍ മരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൊടുങ്കാറ്റു വീശുന്ന ചിലിയെന്ന കൊച്ചു രാജ്യത്തിലെ റെയില്‍വേ തൊഴിലാളിയുടെ മകന്‍, തന്റെ കവിതയിലൂടെ, ജീവിതത്തിലൂടെ ലാറ്റിനമേരിക്കയിലെ ഇതിഹാസപുരുഷനായി പരിണമിച്ച കഥ വിസ്മയിപ്പിക്കുന്നതാണ്. ലോകമെമ്പാടുമുള്ള കഷ്ടതയനുഭവിക്കുന്ന സാധാരണക്കാരും പാവപ്പെട്ടവരുമായ മനുഷ്യര്‍ തങ്ങളുടെ സ്വന്തം കവിയായി പാബ്ലോ നെരൂദയെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു. ലോകസാഹിത്യത്തില്‍ ഏറ്റവുമധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള കവിയാണ് നെരൂദ. 'ഇന്നു രാവില്‍ കുറിക്കാം ഞാനേറ്റം ദുഃഖഭരിതമാവരികള്‍' എന്നു തുടങ്ങുന്ന അദ്ദേഹത്തിന്റെ കവിത ഒരുപക്ഷേ, ലോകത്ത് ഏറ്റവുമധികം നിദ്രാഹീന രാവുകളെ സ്‌നേഹാര്‍ദ്രമായി തഴുകിവീശിയ പ്രണയസാന്ദ്രമായ ഗീതകമായിരിക്കും. അടിയന്തരാവസ്ഥയിലെ പീഡനകാലത്ത് കേരളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ടതും കവിയരങ്ങുകളില്‍ അവതരിപ്പിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതും നെരൂദയുടെ കവിതകളാണ്. 'വരൂ... തെരുവുകളിലെ രക്തം കാണൂ' എഴുപതുകളില്‍ കേരളത്തിലെ കോളേജ് ക്യാമ്പസുകളേയും തെരുവുകളേയും ചുവപ്പിച്ച ആവേശം കൊള്ളിച്ച വരികളാണ്. സച്ചിദാനന്ദന്റേയും അയ്യപ്പപ്പണിക്കരുടേയും മറ്റും മനോഹരമായ വിവര്‍ത്തനങ്ങളിലൂടെ നെരൂദ മലയാളത്തിന്റെ സ്വന്തം കവിയായി മാറിയ കാലമായിരുന്നു അത്.
1962 ഫെബ്രുവരിയില്‍ ഒരു ബ്രസീലിയന്‍ മാസിക പരമ്പരയായി പ്രസിദ്ധീകരിച്ച 'കവിയുടെ ജീവിതങ്ങള്‍' എന്ന ആത്മകഥാപരമായ ലേഖനങ്ങളുടെ തുടര്‍ച്ചയാണ്, 1974ല്‍ നെരൂദയുടെ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട 'ഓര്‍മ്മക്കുറിപ്പുകള്‍' (Memoirs) എന്ന ആത്മകഥയായി തീര്‍ന്നത്. ചിലിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോ ഗിക സ്ഥാനാര്‍ത്ഥിയായിരുന്നു നെരൂദ. പിന്നീടാണ് അലെന്‍ഡെ (Salvador Allende) ആ സ്ഥാനത്തേക്കു നിയോഗിക്കപ്പെട്ടതും വിജയിച്ചതും. തുടര്‍ന്ന് നെരൂദ പാരീസില്‍ അംബാസിഡറായി നിയമിതനായി. 1971ല്‍ നൊബേല്‍ സമ്മാനം ലഭിക്കുമ്പോള്‍ അദ്ദേഹം പാരീസില്‍ ആയിരുന്നു. ചിലിയിലെ സാല്‍വദോര്‍ അലെന്‍ഡെയുടെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ ജനറല്‍ പിനോഷയുടെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറിച്ചു. ആത്മസ്‌നേഹിതനായ അലന്‍ഡെയുടെ ദാരുണമായ കൊലപാതകം നെരൂദയെ വല്ലാതെ വേദനിപ്പിക്കുകയും തളര്‍ത്തുകയും ചെയ്തു. അതൊരു വലിയ സ്വപ്നത്തിന്റെ തകര്‍ച്ചയായിരുന്നു. 1973 സെപ്റ്റംബര്‍ 23ന് ശരിയായ വൈദ്യശുശ്രൂഷ പോലും ലഭിക്കാതെയാണ് നെരൂദ മരണമടഞ്ഞത്. അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളും ശവസംസ്‌കാര ഘോഷയാത്രയുമൊക്കെ ചിലിയിലെ സൈനിക ഭരണകൂടത്തിനെതിരായുള്ള പ്രതിഷേധമായി അലയടിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക അംഗമായിരുന്നു നെരൂദ. സ്റ്റാലിന്റെ അടുത്ത അനുഭാവിയുമായിരുന്നു. അതുകൊണ്ടുതന്നെ നൊബേല്‍ സമ്മാനം പലപ്പോഴും കപ്പിനും ചുണ്ടിനുമിടയില്‍പ്പെട്ട് അദ്ദേഹത്തിനു നഷ്ടപ്പെട്ടു. 1964ല്‍ സാര്‍ത്ര് (Jean Paul Sarte) സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നിരാകരിക്കാന്‍ പറഞ്ഞ കാരണങ്ങളിലൊന്ന്, പാബ്ലോ നെരൂദയ്ക്ക് അതു നിഷേധിക്കപ്പെടുന്നു എന്നതായിരുന്നു. 1971 ഡിസംബര്‍ 13ന് നൊബേല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് നെരൂദ നടത്തിയ പ്രസംഗം ചരിത്രപ്രധാനമാണ്. വായിക്കാനോ എഴുതാനോ അറിയാത്ത നൂറ്റാണ്ടുകളായി നിന്ദയും പീഡനവും അനുഭവിക്കുന്ന കോടിക്കണക്കിനു ജനങ്ങള്‍ക്കു വേണ്ടിയാണ് താനെഴുതുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
'ഓര്‍മ്മക്കുറിപ്പുകള്‍' (Memoirs) എന്ന ഓര്‍മ്മകളുടെ യാത്രയില്‍ അങ്ങിങ്ങായി വിസ്മൃതിയുടെ പിഴവുകള്‍ കണ്ടേക്കാമെന്നും നമ്മുടെയൊക്കെ ജീവിതവും അങ്ങനെയൊക്കെയായതിനാല്‍ അതിനോടു പൊറുക്കണമെന്നും ആത്മകഥയുടെ ആമുഖമായി നെരൂദ പറയുന്നുണ്ട്. ഓര്‍മ്മക്കുറിപ്പുകള്‍ എഡിറ്റ് ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിലും മറ്റും സഹായിയായിരുന്ന ഭാര്യ മറ്റില്‍ഡാ യുറുഷ്യയുടെ (Metilde Urrutia) 'നെരൂദയോടൊപ്പം' (My life with Pablo Neruda) എന്ന കൃതി ആത്മകഥയിലെ പിഴവുകള്‍ നികത്തുന്നതിനായി രചിച്ചതാണെങ്കിലും അതില്‍ നെരൂദയുമായുള്ള കാല്പനിക പ്രണയജീവിതകാലത്തിന്റെ മധുരസ്മരണകളും അന്ത്യകാലത്ത് നെരൂദയുടെ വിധവ എന്ന നിലയില്‍ നേരിടേണ്ടിവന്ന ഭരണകൂടത്തിന്റെ പീഡനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദ്വീപിലുള്ള മെറ്റില്‍ഡയുമായുള്ള പ്രണയജീവിതകാലത്തെ സ്വപ്നാനുഭൂതിയുള്ള കാലമെന്നാണ് സ്വന്തം ആത്മകഥയില്‍ നെരൂദ വിശേഷിപ്പിച്ചിരിക്കുന്നത്. Ode to the Gardener ഉദ്യാനത്തില്‍ ചെളിപുരണ്ട് വിയര്‍ത്തു പണിചെയ്തുകൊണ്ടിരുന്ന പ്രിയതമയ്ക്കായി എഴുതിയ അനശ്വര പ്രണയകവിതയാണ് 'ശരത്കാല സത്യവാങ്മൂലം' ആ കവിത മെറ്റില്‍ഡേക്ക് സമര്‍പ്പിച്ചിരിക്കുന്നു. ഇത്തരം എണ്ണമറ്റ അനശ്വര പ്രണയ കവിതകള്‍ നെരൂദ രചിച്ചിട്ടുണ്ട്.
ഓര്‍മ്മക്കുറിപ്പുകളില്‍ നെരൂദയെന്ന വിപ്ലവകവിയുടെ മനുഷ്യസ്‌നേഹിയുടെ ആഗ്‌നേയമുഖം നാം ദര്‍ശിക്കുന്നു. പൊടിമണ്ണിന്റെ രോദനവും ചവിട്ടിത്തേച്ച ചെളിമണ്ണും തകര്‍ന്ന കുപ്പിച്ചില്ലുകളുമായി ഒടുങ്ങുന്ന ജീവിതങ്ങളെക്കുറിച്ചാണ് താന്‍ കവിത രചിക്കുന്നതെന്ന് ഇതില്‍ പറയുന്നു. കവിത വായിച്ചിട്ടില്ലാത്ത ഒരു പാവപ്പെട്ട നാട്ടിന്‍പുറത്തുകാരന്‍ പയ്യനില്‍നിന്ന്, നൂറ്റാണ്ടിലെ എല്ലാ ഭാഷകളിലേയും മഹാനായ കവിയും ഉന്നത രാഷ്ട്രീയ നേതാവും നയതന്ത്ര പ്രതിനിധിയുമായുയര്‍ന്ന, നെരൂദയുടെ ആന്തരികവും ബാഹ്യവുമായ വളര്‍ച്ചയുടെ ചരിത്രം ഇതില്‍ നമുക്ക് വായിക്കാന്‍ കഴിയും. താന്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ വിചിത്ര സ്വഭാവക്കാരും പ്രതിഭാശാലികളുമായ കവികളേയും കലാകാരന്മാരേയും എഴുത്തുകാരെയും കുറിച്ചുള്ള രസകരമായ വിവരണങ്ങള്‍ ഈ ആത്മകഥയുടെ സവിശേഷതയാണ്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഫിഡല്‍ കാസ്‌ട്രോ, ചെഗുവേര, മാവോ സേതുങ്, ജോസഫ് സ്റ്റാലിന്‍ തുടങ്ങിയ ചരിത്രപുരുഷന്മാരും ഉന്നത ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചകളും അനുഭവങ്ങളും ഇതില്‍ പങ്കുവെയ്ക്കുന്നു. ഈ ഇതിഹാസ വ്യക്തിത്വങ്ങളുടെ നാം അറിയാത്ത വ്യത്യസ്തവും വിചിത്രവുമായ മുഖങ്ങള്‍ ഈ ആത്മകഥയില്‍ പ്രതിഫലിക്കുന്നുണ്ട്. രാഷ്ട്രീയത്തിന്റേയും ചരിത്രത്തിന്റേയും സാഹിത്യത്തിന്റേയും തത്ത്വശാസ്ത്രത്തിന്റേയും വിവിധ കോണുകളിലൂടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ വായിക്കാവുന്ന ഗ്രന്ഥമാണിത്. 'മര്‍ദ്ദിതന്റെ മുറിവുകളും മഹാകാശത്തിന്റെ അനന്തനീലിമയും' നെരൂദയുടെ കവിതകളില്‍ എങ്ങനെ ഇന്ദ്രിയാനുഭവങ്ങളുടെ വാങ്മയമായി പ്രതിബിംബിക്കുന്നു എന്ന് ഈ ആത്മകഥ
വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. നിത്യചൈതന്യ യതിയുടെ നെരൂദയുടെ 'ഓര്‍മ്മക്കുറിപ്പുകള്‍' എന്ന സംഗ്രഹിച്ചുള്ള മലയാള പരിഭാഷ മനോഹരമാണ്.
ചിലിയന്‍ പ്രകൃതിയുടെ കവി
മുറിവേറ്റ ജനതയുടെ ആത്മാവുപോലെ രൗദ്രസൗന്ദര്യം സ്ഫുരിക്കുന്ന മഹാവൃക്ഷങ്ങള്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന കാലവര്‍ഷത്തിന്റെ കണ്ണുനീര്‍ കടലായി കവിയുന്ന ചിലിയന്‍ വനാന്തരങ്ങളില്‍നിന്നുമാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍ തുടങ്ങുന്നത്. നിര്‍ത്താതെ പെയ്യുന്ന ചിലിയന്‍ മഴക്കാടുകളുടെ വളര്‍ത്തുപുത്രനാണ് ലോകം കണ്ട ഏറ്റവും ആര്‍ദ്രഹൃദയനായ ഈ കവിയെന്ന് നാമറിയുന്നു. 'ഈ മഴക്കാടുകളില്‍നിന്നും അതിന്റെ ചെളിക്കുണ്ടില്‍നിന്നും അതിന്റെ മഹാമൗനത്തില്‍നിന്നും പിറന്നുവീണവനാണ് ഞാന്‍. ഞാന്‍ ജനിച്ചത് സ്വതന്ത്രമായി അലഞ്ഞുതിരിയുവാനും ലോകമാകെ പാടിയലയുവാനുമാണ്.' നെരൂദ ആമുഖമായി പറയുന്നു. പ്രകൃതിയും കവിതയും ജീവിതവുമായി സംലയിക്കുന്ന ആദ്യഭാഗമാണ് ഈ ആത്മകഥയെ അഗാധനീലിമ പടരുന്ന ക്ലാസ്സിക്ക് കാവ്യാനുഭൂതിയാക്കുന്നത്. ബാല്യത്തില്‍തന്നെ കവിത എഴുതാന്‍ തുടങ്ങിയ നെഫ്തലി റേയ്‌സ് (Neftali Ricardo Reyes Basoalto) ഒരു റെയില്‍വേ ജീവനക്കാരന്റെ മകനായിരുന്നു. കഠിനമായ ജോലിക്കു സഹായിക്കാന്‍ അച്ഛന്‍ പലപ്പോഴും മകനേയും കൂടെ കൂട്ടുമായിരുന്നു. ഇരുള്‍നിറഞ്ഞ വനാന്തരങ്ങളില്‍, ദുഷ്‌കരവും ദുരിതമയവുമായ ജീവിത ചുറ്റുപാടുകളില്‍ വളര്‍ന്ന നെരൂദയ്ക്ക് കുട്ടിക്കാലത്ത് കവിത കേള്‍ക്കാനോ വായിക്കാനോ അവസരമില്ലായിരുന്നു. അത് നെരൂദയുടെ കവിതകളെ മൗലിക ലാവണ്യമുള്ളതാക്കി മാറ്റി. വളര്‍ന്നു യുവാവായപ്പോള്‍ വന്യവും നവീനവും വ്യത്യസ്തവും അന്യസ്വാധീനങ്ങളില്‍നിന്നും വിമുക്തവുമായ കവിതയാണ് അയാള്‍ എഴുതിയത്.
'ഞാനെന്റെ കൈകള്‍
മരണത്തെ കൊന്നുകൊണ്ടിരുന്ന
പാവം വേദനകളിലേക്കാഴ്ത്തി
മുറിവിനുള്ളില്‍ ഞാനൊന്നും കണ്ടില്ല
ആത്മാവിന്റെ അയഞ്ഞ വിടവുകളിലൂടെ
കടന്നുവന്ന ഒരു മഞ്ഞു കാറ്റൊഴികെ'
(മാച്ചുപിക്ച്ചുവിന്റെ ഉയരങ്ങള്‍ പരിഭാഷ: സച്ചിദാനന്ദന്‍)
ആദ്യത്തെ കവിത അമ്മ അറിയാനായാണ് താന്‍ എഴുതിയതെന്നും തനിക്ക് നേരിട്ട് അറിയാമായിരുന്ന അമ്മയായ വളര്‍ത്തമ്മയ്ക്കാണ് അതു സമര്‍പ്പിച്ചതെന്നും നെരൂദ കുറിക്കുന്നു. സ്വന്തം അമ്മ കുട്ടിക്കാലത്തുതന്നെ മരിച്ചുപോയതിനാല്‍ ഒരു കാവല്‍മാലാഖയെപ്പോലെയാണ് വളര്‍ത്തമ്മ തന്നെ സംരക്ഷിച്ചതെന്നും നെരൂദ ഓര്‍ക്കുന്നു. പതിന്നാലു വയസ്സുള്ള മകന്‍ കവിതയെഴുതുന്നത് യാഥാസ്ഥിതികനും പരുക്കനുമായ അച്ഛനു സഹിക്കാനാവുന്ന കാര്യമായിരുന്നില്ല. മകന്‍ തന്റെ കൂടെ പണിയെടുക്കാന്‍ വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഈ എതിര്‍പ്പുകള്‍ക്കുള്ള പ്രതിരോധകവചമായിരുന്നു നെഫ്താലിയുടെ പാബ്ലോ നെരൂദ എന്ന പേരുമാറ്റം, അപ്പോസ്തലനായ പോളിന്റേയും ചെക്ക് കവി ജീന്‍ നെരൂദയുടേയും സങ്കലനമായിരുന്നത്. ആദ്യത്തെ കവിതപോലെ ആദ്യ ലൈംഗികാനുഭൂതിയെക്കുറിച്ചും നെരൂദ ഓര്‍ക്കുന്നത് വന്യവും അഗാധവുമായ വൈകാരിക ഭാവത്തോടെയാണ്. ആത്മകഥയില്‍ 'മൂന്നു വിധവകളുടെ ഭവനം'. 'ഗോതമ്പു വയലിലെ പ്രണയം' എന്നീ ശീര്‍ഷകങ്ങളില്‍ അപരിചിതവും അനിര്‍വ്വചനീയവുമായ രതിസുഖങ്ങളുടെ ആദ്യാനുഭൂതികള്‍ കുറിച്ചിരിക്കുന്നു. സ്ത്രീയെന്നു പറയുന്നത് മുഴുവനും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ഗൂഢാവബോധമാണെന്ന് കൗമാരകാലത്തെക്കുറിച്ച് നെരൂദ ഓര്‍ക്കുന്നു. സ്ത്രീകളുടെ മുഖത്ത് ലജ്ജയാല്‍ നേരെ നോക്കാന്‍ പോലും ആ കൗമാരക്കാരന് കഴിഞ്ഞിരുന്നില്ല. മുതിര്‍ന്നവരോടും മഹാന്മാരോടും ആ യുവാവിന് ആരാധനയും ഭയവുമായിരുന്നു. ലജ്ജാഭരിതനായി പമ്മിയും പതുങ്ങിയും പൊതുവേദിയില്‍നിന്ന് ആ യുവാവ് അകന്നുനിന്നു. ഒരു സ്പാനിഷ് തൊപ്പിയും ധരിച്ച് നോക്കുകുത്തിയെപോലെ നാണിച്ചു നടന്നിരുന്ന കൗമാരക്കാലത്തെക്കുറിച്ച് നെരൂദ കൗതുകത്തോടെയാണ് ഓര്‍ക്കുന്നത്.
അന്തര്‍മുഖനായിരുന്ന ഈ കുട്ടിയാണ് പിന്നീട് ചിലിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കു വരെ ഉയര്‍ത്തപ്പെട്ടത്, വിശ്വസാഹിത്യം ദര്‍ശിച്ച മഹാവിപ്ലവകാവ്യ രചയിതാവും ഏറ്റവും തീവ്രമായ പ്രണയകവിതകളുടെ സ്രഷ്ടാവുമായി വളര്‍ന്നത്.
'കവിക്കും കവിതയ്ക്കും ഭ്രാന്തുപിടിച്ച കാലമായിരുന്നു' അത്. തന്റെ യൗവ്വനകാലത്തെക്കുറിച്ച് നെരൂദ സ്മരിക്കുന്നു. കവിതാഭ്രാന്തു പിടിച്ച് പലായനം ചെയ്തു മരിച്ചവരും ഒറ്റയാള്‍ പോരാട്ടമായി ഭരണകൂടത്തിനെതിരെ ചരിത്രദൗത്യംപോലെ മാസിക നടത്തി ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി മരിച്ചവരും അതിലുണ്ടായിരുന്നു. 'പിറന്നുവീണ കുഞ്ഞിന്റെ കരച്ചില്‍' എന്നു പേരുള്ള കവിതാ പ്രസ്ഥാനത്തിന്റെ നായകനായിരുന്ന അസാധാരണ ദാനശീലമുള്ള റോജസിന്റെ അസാധാരണവും വിചിത്രവുമായ വ്യക്തിത്വത്തെക്കുറിച്ച് നെരൂദ നര്‍മ്മമധുരമായി പറയുന്നു.
കയ്യിലുള്ളതെന്തും ചോദിക്കുന്നവര്‍ക്കു നല്‍കിയിരുന്ന അയാള്‍ക്ക് സ്വന്തമായി അവശേഷിച്ചത് തകര്‍ന്ന ജീവിതം മാത്രമായിരുന്നു. 'അഹയലൃ േഞീഷമ െഖശാലില്വ രീാല െളഹ്യശിഴ' അദ്ദേഹത്തെക്കുറിച്ചുള്ള പ്രശസ്ത കവിതയാണ്. മറ്റുള്ളവര്‍ തന്നെ തല്ലിക്കൊല്ലാന്‍ വരുന്നു എന്നു ഭയന്ന് ഒരു വടിയുമായി അലയുന്ന ബുനസ്എയറിലെ ഒമര്‍ വിഗ്‌നോള്‍ എന്ന ഭീമാകാരനായ അര്‍ജന്റീനന്‍ അരക്കിറുക്കന്‍ കവിയേയും നെരൂദ ഓര്‍ക്കുന്നു. വിഗ്‌നോള്‍ (Omar Vignole) കൃഷിക്കാരനായ പശുഭ്രാന്തനായിരുന്നു. പശുവിനെ വളര്‍ത്തല്‍ അയാളുടെ മുഖ്യഹോബിയായിരുന്നു തന്റെ പുസ്തകങ്ങള്‍ക്ക് അയാള്‍ പശുവിനെ ചേര്‍ത്തുള്ള പേരു നല്‍കി. സാഹിത്യ സമ്മേളനങ്ങള്‍ക്കും കവിയരങ്ങുകള്‍ക്കും പശുവിനേയും കൊണ്ടുചെന്ന് സംഘാടകരിലും ആസ്വാദകരിലും ഭീതിയും ചിരിയും ഉളവാക്കി. കലുഷിതവും ദുരിതമയവും വിഭ്രമാത്മകവുമായ ഒരു കാലത്തിന്റെ സര്‍ഗ്ഗാത്മക പ്രതീകങ്ങള്‍പോലെയുള്ള ഇത്തരം പ്രതിഭകളെക്കുറിച്ച് നിരവധി രസകരമായ വിവരങ്ങള്‍ ഈ ആത്മകഥയിലുണ്ട്. കവിതകളും ഇവരെപ്പറ്റി രചിച്ചിട്ടുണ്ട്. കൃത്യം നൂറുവര്‍ഷം മുന്‍പ് 1923ലാണ് 'സായന്തനദീപ്തി' (Crepusculario) എന്ന ആദ്യ പുസ്തകം പിറന്നത്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ പണമില്ലാത്തതിനാല്‍ വീട്ടുസാധനങ്ങള്‍വരെ വില്‍ക്കേണ്ടിവന്നു. കോട്ടും വാച്ചും വിറ്റ് തുളകള്‍ വീണ ഷൂവുമായി, പുസ്തകങ്ങള്‍ നിറച്ച സഞ്ചിയും പേറി വര്‍ദ്ധിച്ച ആഹ്ലാദത്തോടെ നിരത്തിലിറങ്ങിയ അപ്രശസ്തനായ നെരൂദയെന്ന യുവകവിയെ വാക്കുകള്‍ക്കതീതമായ വൈകാരികാനുഭൂതിയോടെയാണ് ലോകത്തിന്റെ ഹൃദയം കീഴടക്കിയ നെരൂദയെന്ന മനുഷ്യസ്‌നേഹിയായ കവി ഓര്‍ക്കുന്നത്. 'വാക്കുകളെ ഞാന്‍ പ്രണയിക്കുന്നു. എന്തും എഴുതാം അതില്‍ വാക്കുകളുടെ സംഗീതം മുഴങ്ങികേള്‍ക്കണം' ആ യുവകവി പറഞ്ഞിരുന്നു. 'ഇരുപതു പ്രണയകവിതകളും ഒരു നൈരാശ്യ ഗീതവും' എന്ന രണ്ടാമത്തെ പുസ്തകം നെരൂദയെ പ്രശസ്തനാക്കി. ഇന്നും ഏറ്റവുമധികം വായിക്കപ്പെടുന്നതും ഈ പ്രണയ കവിതകളാണ്. 1933ല്‍ പ്രസിദ്ധീകരിച്ച 'ഭൂമിയിലെ ആവാസം' (Residence on Earth), ഭാഷയറിയാതെ, ഏകനായി ഇന്ത്യയിലെ അവസ്ഥയുമായി പെരുത്തപ്പെടാനാവാതെ ജീവിച്ച കാലത്തെക്കുറിച്ചാണ്. ഏഷ്യന്‍ ജീവിതത്തിലേക്കും സംസ്‌കാരത്തിലേക്കും വെളിച്ചം വീശുന്ന കാവ്യപുസ്തകമാണിത്. അപരിചിതമായ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഗാംഭീര്യം ആകര്‍ഷിച്ചുവെങ്കിലും കൊടുംപട്ടിണിയും അനീതികളും അസമത്വങ്ങളും ജാതിവ്യവസ്ഥയും അന്ധവിശ്വാസങ്ങളും നിറഞ്ഞ ഇന്ത്യ നിരാശാജനകമായ ശബ്ദായമാനമായ ഒരിക്കലും തീരാത്ത ഒരു തട്ടുപൊളിപ്പന്‍ വര്‍ണ്ണച്ചിത്രമായാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. 'സാമ്രാജ്യത്വത്തിന്റെ മുന്‍പില്‍ പ്രതിരോധമില്ലാതെ ഇന്ത്യ നില്‍ക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
നയതന്ത്രപ്രതിനിധിയുടെ ഓര്‍മകള്‍
ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വിപ്ലവകാരികളെയെല്ലാം അദ്ദേഹം അടുത്തു പരിചയപ്പെട്ടിരുന്നു. 1950ല്‍ പ്രസിദ്ധീകരിച്ച 'കാന്റോജനറല്‍' ഇതിഹാസതുല്യമായ കാവ്യപുസ്തകമാണ്. മനുഷ്യരാശിയുടെയാകമാനം ഗീതകമെന്നാണ് ഈ ക്ലാസ്സിക്ക് കൃതി അറിയപ്പെടുന്നത്. മഹത്തായ പൈതൃകത്തിന്റെ സഞ്ചിതസംസ്‌കാരം ഉള്‍ക്കൊള്ളുന്ന കാന്റോജനറലിലെ മാച്ചുപിക്ച്ചുവിന്റെ ഉയരങ്ങള്‍ (The Heights of macchu picchu) നെരൂദയുടെ കാവ്യപ്രതിഭയുടെ ഉയരങ്ങളിലെഴുതപ്പെട്ട ധ്വനിസാന്ദ്രമായ കവിതയാണ്. ഓര്‍മ്മക്കുറിപ്പുകളിലെ ഓരോ അദ്ധ്യായത്തിനും കവിത തുളുമ്പുന്ന അര്‍ത്ഥവത്തായ ശീര്‍ഷകങ്ങളാണ് നല്‍കിയിരിക്കുന്നത്. 'എന്റെ ഹൃദയത്തിലെ സ്‌പെയിന്‍' എന്ന അദ്ധ്യായം സ്പാനിഷ് കവിയായ ലോര്‍ക്കയുമായുള്ള ജ്വലിക്കുന്ന സൗഹൃദത്തിന്റെ മിന്നല്‍പിണരുകള്‍ പോലുള്ള വാക്കുകളാല്‍ ഉജ്ജ്വലമാണ്. 1933ലാണ് ഫ്രെഡറിക്കോ ഗാര്‍ഷ്യാ ലോര്‍ക്കയെന്ന അസാമാന്യ പ്രതിഭാശാലിയായ കവിയെ (Blood Wedding അദ്ദേഹത്തിന്റെ അനശ്വര രചനയാണ്) ആദ്യമായി കണ്ടുമുട്ടുന്നത്. തന്റെ ജീവിതത്തേയും കാഴ്ചപ്പാടുകളേയും മാറ്റിമറിച്ച സൗഹൃദം പക്ഷേ, ഹ്രസ്വകാലമേ നിലനിന്നുള്ളു. 1936ല്‍ ലോര്‍ക്ക ആഭ്യന്തരയുദ്ധത്തില്‍ വെടിയേറ്റു മരിച്ചപ്പോള്‍ നെരൂദ ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞ് .'ആരെയും നോവിക്കാത്ത, ഒരു ശിശുവിനെപ്പോലെ നിഷ്‌കളങ്കനായ എപ്പോഴും പുഞ്ചിരിക്കുന്ന, ആ പാവപ്പെട്ട കവിയെ അയാളുടെ സ്വന്തം നാട്ടില്‍വെച്ചുതന്നെ വെടിവച്ചുകൊല്ലാന്‍ തക്ക ക്രൂരഹൃദയമുള്ളവര്‍ ഈ ഭൂമിയിലുണ്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല' എന്നായിരുന്നു. നെരൂദ വിലപിച്ചുതന്നെ വിസ്മയിപ്പിച്ച പ്രതിഭയില്‍ ഒപ്പം നിന്ന പെറുവിയന്‍ കവിയായ സെസാര്‍ വയോഹയെ (Cesar Vallejo) കണ്ടുമുട്ടിയ കാര്യം നെരൂദ അല്പം നര്‍മരസത്തില്‍ വിവരിച്ചിട്ടുണ്ട്. 'നിങ്ങളാണ് ലാറ്റിനമേരിക്കന്‍ കവികളില്‍ വച്ച് ഏറ്റവും പ്രതിഭാശാലിയായ കവി', വയോഹ നെരൂദയെ അഭിവാദ്യം ചെയ്തത് ഈ വാക്കുകളോടെയാണ്. 'നമ്മുടെ സൗഹൃദം ഇനിയും തുടരണമെങ്കില്‍ ഇത്തരം പാഴ്‌വാക്കുകള്‍ ഇനി പറയാതിരിക്കുക.' നെരൂദ തെല്ല് നീരസത്തോടെയാണ് പ്രത്യഭിവാദനം ചെയ്തത്. ആദ്യ കൂടിക്കാഴ്ച ഇങ്ങനെയായിരുന്നുവെങ്കിലും അവര്‍ പീന്നിട് അടുത്ത സ്‌നേഹിതന്മാരായിത്തീര്‍ന്നു. വിശാലമായ നെറ്റിത്തടമുള്ള, ഹ്രസ്വകായനായ ഗൗരവ സ്വഭാവക്കാരനുമായ വയോഹ ഒരു കുട്ടിയെപ്പോലെ തന്റെ മുന്‍പാകെ പെരുമാറുമായിരുന്നുവെന്ന് നെരൂദ ഓര്‍ക്കുന്നു. 'മെമ്മോറിയല്‍ ദി ഇസ്ലാനെഗ്ര' (ഇസ്‌ലാനെഗ്രയിലെ ഓര്‍മ്മക്കുറിപ്പുകള്‍) മറ്റൊരു പ്രധാനപ്പെട്ട കാവ്യപുസ്തകമാണ്. 59ാം വയസ്സില്‍ 19621963ല്‍ എഴുതപ്പെട്ട കൃതിയാണിത് അതു തര്‍ജ്ജമ ചെയ്യുവാന്‍ പസഫിക്ക് തീരത്തുള്ള ഇസ്‌ലാനെഗ്രയിലെ വീട്ടിലെത്തിയ അലസ്റ്റര്‍ റെയ്‌ഡെന്ന (Alastair Raid) വിവര്‍ത്തകനോടു നെരൂദ പറഞ്ഞത്. 'എന്റെ കവിതകള്‍ വെറുതെ വിവര്‍ത്തനം ചെയ്താല്‍ മാത്രം പോര, അതിനെ കൂടുതല്‍ കാവ്യാത്മകമാകാന്‍ ശ്രമിക്കുക' എന്നാണ്. നെരൂദയുടെ മാന്ത്രികസ്വരത്തിലുള്ള ആകര്‍ഷകമായ ആലാപനത്തിലൂടെ കവിതകള്‍ കേള്‍ക്കുകയും ദീര്‍ഘനേരം അദ്ദേഹവുമായി സംസാരത്തിലേര്‍പ്പെടുകയും ചെയ്ത നെരൂദയുടെ പ്രതിഭയെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടതിനുശേഷം മാത്രം ചെയ്ത മനോഹരമായ ഇംഗ്ലീഷ് പരിഭാഷയാണ് കഹെമ ചലഴൃമ ചീലേ ആീീസ എന്ന ഗ്രന്ഥം, ആത്മകഥയുടെ ആന്തരികസൗന്ദര്യമുള്ള കാവ്യമാണിത്. ഒരു നയതന്ത്രപ്രതിനിധിയെന്ന നിലയില്‍ ഉന്നത രാഷ്ട്രനായകന്മാരേയും ചരിത്രപുരുഷന്മാരേയും നേരിട്ടുകണ്ടു സംസാരിക്കുക നെരൂദ ആസ്വദിച്ചു ചെയ്തിരുന്ന പ്രവൃത്തിയായിരുന്നു. അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഈ ആത്മകഥയെ ചരിത്രഗ്രന്ഥത്തിന്റെ തലത്തിലേക്കുയര്‍ത്തുന്നു. ഇന്ത്യയിലെ തന്റെ ജീവിതത്തെക്കുറിച്ച് നെരൂദ വിശദമായിത്തന്നെ പറയുന്നു. 1929ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സുപ്രധാന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മഹാത്മാഗാന്ധിയേയും മോട്ടിലാല്‍ നെഹ്‌റുവിനേയും ജവഹര്‍ലാല്‍ നെഹ്‌റുവിനേയും സുഭാഷ് ചന്ദ്രബോസിനേയും അവിടെ വച്ചു കണ്ടു. ഗാന്ധിജിയില്‍ അക്ഷീണനായ പ്രായോഗികബുദ്ധിയായ ആരാധ്യപുരുഷനെയാണ് നെരൂദ കണ്ടത്. ഇംഗ്ലണ്ടില്‍നിന്നും മടങ്ങിയെത്തിയ നെഹ്‌റു സുഭഗനും അത്യാകര്‍ഷ വ്യക്തിത്വത്തിന്റെ ഉടമയുമായ യുവാവായിരുന്നു. ഇന്ത്യയെ മുന്നോട്ടു നയിച്ചത് നെഹ്‌റുവായിരുന്നു. എങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം 1950ല്‍ ന്യൂഡല്‍ഹിയില്‍ ഒരു അഭിമുഖസംഭാഷണത്തിനായി കണ്ടുമുട്ടിയപ്പോള്‍ നെഹ്‌റുവിന്റെ തണുത്ത പ്രതികരണം നെരൂദയെ നിരാശപ്പെടുത്തി. അതേവര്‍ഷം തന്നെയാണ് നെരൂദയ്ക്ക് സമാധാനത്തിനുള്ള അന്തര്‍ദ്ദേശീയ പുരസ്‌കാരം പിക്കാസോവിനോടൊപ്പം കിട്ടിയത്. തന്നോടുള്ള പെരുമാറ്റത്തില്‍ ഊഷ്മളതയില്ലായ്മയാണെങ്കിലും നെരൂദയ്ക്ക് നെഹ്‌റുവിനെ ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ താന്‍ വിധികര്‍ത്താവായുള്ള ലെനിന്‍ സമാധാന പുരസ്‌കാര നിര്‍ണ്ണയത്തില്‍ നെഹ്‌റുവിനെ അനുകൂലിച്ചാണ് അദ്ദേഹം വോട്ടു ചെയ്തത് . നെഹ്‌റു ആ വര്‍ഷത്തെ പുരസ്‌കാരം നേടി.
ക്യൂബന്‍ എംബസിയില്‍വെച്ച് ആരാധ്യനായ ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയുമായുള്ള കൂടിക്കാഴ്ച കാസ്‌ട്രോയുടെ പ്രൗഢഗംഭീര വ്യക്തിത്വത്തിന്റെ മറ്റൊരു മുഖം കാട്ടിത്തരുന്നു. അഭിമുഖത്തിനു മുന്‍പ് മുറിയുടെ ഒരു കോണില്‍ ക്യാമറയുമായി നിന്നിരുന്ന ഒരു ന്യൂസ് ഫോട്ടോഗ്രാഫറെ അതികായനായ കാസ്‌ട്രോ കഴുത്തിനുപിടിച്ചു പുറത്താക്കി. കാസ്‌ട്രോയുടെ രോഷാകുലമായ മുഖവും തെറിച്ചുവീഴുന്ന ക്യാമറയും ഫോട്ടോഗ്രാഫറുടെ പേടിച്ചുവിറച്ച രൂപവും നെരൂദയുടെ ഓര്‍മ്മയില്‍നിന്നും മായുന്നില്ല. താനുമായുള്ള നിരുപദ്രവമായ കൂടിക്കാഴ്ച എന്തുകൊണ്ട് കാസ്‌ട്രോ രഹസ്യമാക്കിവെച്ചു എന്ന് എത്ര ആലോചിച്ചിട്ടും നെരൂദയ്ക്ക് പിടികിട്ടിയില്ല.
ഒരു കവിയായ താന്‍ പ്രധാനപ്പെട്ട കമ്യൂണിസ്റ്റ് നേതാവും സ്റ്റാലിനിസ്റ്റുമായി ലോകമാകെ അറിയപ്പെട്ട കാര്യം നെരൂദയെത്തന്നെ അതിശയിപ്പിച്ചു. ഒരു ദിവസം ലൈഫ് മാഗസിന്റെ ഒരു പേജില്‍ ലോക കമ്യൂണിസ്റ്റ് നേതാക്കളുടെ പട്ടികയില്‍ തന്റേയും ചിത്രം കാണാനിടയായി. പീക്കിംഗില്‍വെച്ച് ഒരു വിരുന്നുസല്‍ക്കാരത്തില്‍ മാവോ സേതുങ്ങുമായി ഒരുമിച്ച് പങ്കെടുത്തു. അര്‍ദ്ധ മന്ദസ്മിതത്തോടെ നിഗൂഢഭാവത്തില്‍ തന്റെ കണ്ണിലേക്ക് സുക്ഷിച്ചുനോക്കി, കൈകളില്‍ ദീര്‍ഘനേരം മുറുകെപ്പിടിച്ചിരുന്ന മാവോ നെരൂദയ്ക്ക് ഒരു വിസ്മയമായിരുന്നു. റഷ്യന്‍ ഭരണാധികാരിയായിരുന്ന സ്റ്റാലിനുമായുള്ള നെരൂദയുടെ അടുപ്പം വിമര്‍ശനത്തിനും ആക്ഷേപത്തിനും വിധേയമായിട്ടുണ്ട്. തമ്മിലധികം കണ്ടിരുന്നില്ലെങ്കിലും മനസ്സാലെ അവര്‍ക്ക് പരസ്പരം ബഹുമാനമായിരുന്നു. റഷ്യന്‍ കവിയായ മയക്കോവ്‌സ്‌കിയുടെ സ്മൃതിമണ്ഡപവും മ്യൂസിയവും നിര്‍മ്മിച്ച് ശത്രുക്കളാല്‍ മരണാനന്തരവും വേട്ടയാടപ്പെട്ട മയക്കോവ്‌സ്‌കിയുടെ സംഭാവനകളെ പ്രകീര്‍ത്തിച്ച് സ്റ്റാലിന്‍ ആദരിച്ചത്, നെരൂദ കൃതജ്ഞതയോടെ ഓര്‍ക്കുന്നുണ്ട്. 'സോവിയറ്റ് യുഗത്തിലെ ഏറ്റവും പ്രസിദ്ധനായ കവി'യെന്നാണ് സ്റ്റാലിന്‍ മയക്കോവ്‌സ്‌കിയെ വിശേഷിപ്പിച്ചത്.
ഹവാനിയില്‍വെച്ച് അര്‍ദ്ധരാത്രിയാണ് വിപ്ലവത്തിന്റെ ഇതിഹാസമായ ചെഗുവേര (Che Guevara) നെരൂദയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സമയമായി നിശ്ചയിച്ചത്. പക്ഷേ, തിരക്കു കാരണം നെരൂദ അവിടെ എത്തിച്ചേര്‍ന്നത് സാന്ധ്യശോണിമ പടര്‍ന്ന പുലരിയിലാണ്. സാവധാനത്തില്‍ മൃദുസ്വരത്തില്‍ മന്ത്രണം പോലെ സ്പാനിഷ് ഭാഷയില്‍ കൊച്ചു കൊച്ചു വാക്കുകളില്‍ ആ ചരിത്രപുരുഷന്‍ സംസാരിച്ചു തുടങ്ങി. അര്‍ദ്ധവിരാമത്തില്‍ നിര്‍ത്തിയും തുടര്‍ന്നു സംഭാഷണം നീണ്ടു. താന്‍ നെരൂദയുടെ കവിതകള്‍ പ്രത്യേകിച്ച് 'കാന്റോ ജനറല്‍' രാത്രിയില്‍ ഒളിപ്പോരാളികള്‍ക്ക് വായിച്ചുകേള്‍പ്പിക്കാറുണ്ടെന്നു പറഞ്ഞപ്പോള്‍ നെരൂദ വികാരാധീനനായിരുന്നു. ബൊളീവിയന്‍ കാടുകളിലെ ത്യാഗോജ്ജ്വലമായ അന്ത്യമുഹൂര്‍ത്തത്തില്‍ പോലും 'കാന്റോ ജനറല്‍' എന്ന ഇതിഹാസ ഗ്രന്ഥത്തിന്റെ ഒരു പകര്‍പ്പ് വിപ്ലവത്തിന്റെ ഇതിഹാസപുരുഷന്‍ തന്നോടൊപ്പം കരുതിയിരുന്നതായി ഷേയുടെ മരണശേഷം ദേബ്രേ (Regis Debray) നെരൂദയോട് പറഞ്ഞിട്ടുണ്ട്.
നെരൂദ ആഗ്രഹിച്ചതുപോലെ തന്റെ പ്രിയപ്പെട്ട ഭൂമിയായ ഇസ്‌ലാനെഗ്രയിലെ കടല്‍ത്തീരത്ത് അന്ത്യവിശ്രമം കൊള്ളുവാന്‍ ഏകാധിപതി അനുവദിച്ചില്ല. രണ്ടു പതിറ്റാണ്ടിനു ശേഷം ജനാധിപത്യ ഭരണകൂടം നെരൂദയെ ഇസ്‌ലാനെഗ്രയില്‍ അടക്കം ചെയ്തു. ഇന്ന് അതൊരു നിത്യസ്മാരകമാണ്.
കവികളായ സച്ചിദാനന്ദന്റേയും അയ്യപ്പപ്പണിക്കരുടേയും കാവ്യാത്മകമായ വിവര്‍ത്തനങ്ങളിലൂടെ നെരൂദ ഇന്നും നമ്മുടെ മനസ്സില്‍ കവിതയുടെ ചുവന്ന സൂര്യനായി ജ്വലിച്ചുനില്‍ക്കുന്നു. നരരാശിക്കു നീതിയും അന്തസ്സും വെളിച്ചവും പകരുന്ന നെരൂദയുടെ കാവ്യഗീതകങ്ങള്‍പോലെ അനന്തമായ ആഴങ്ങളുള്ള കാവ്യസാഗരമാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates