Articles

'എന്താണ് നമ്മള്‍ ചെയ്യേണ്ടത്, ഇന്ത്യയുമായി ചേരണോ പാകിസ്താനെപ്പോലെ വേറെയാകണോ?'

ദിവാന്‍ സി.പി. രാമസ്വാമി അയ്യരെ കെ.സി.എസ്. മണി വെട്ടിയത് സ്വാതന്ത്ര്യത്തിനു ശേഷമുള്ള തിരുവിതാംകൂറിന്റെ രാഷ്ട്രീയഭാഗധേയത്തെ നിസ്സാരമായല്ല സ്വാധീനിച്ചത്

പി.എസ്. റംഷാദ്

കാലങ്ങള്‍ നീണ്ട ബ്രിട്ടീഷ് കോളനിവാഴ്ചയുടെ നുകം കുടഞ്ഞെറിഞ്ഞ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പുതിയ പ്രഭാതത്തിലേക്കു കാല്‍വയ്ക്കുമ്പോള്‍ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു രാഷ്ട്രത്തെ അഭിസംബോധന ചെയ്തതു കേള്‍ക്കാന്‍ തിരുവനന്തപുരത്ത് എത്ര റേഡിയോ ഉണ്ടായിരുന്നു? ഒരെണ്ണം മാത്രം. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാവ് എസ്. വരദരാജന്‍ നായരുടെ വീട്ടിലെ റേഡിയോയില്‍ ആകാശവാണിയിലൂടെ പ്രധാനമന്ത്രിയുടെ പ്രതീക്ഷാനിര്‍ഭരമായ ശബ്ദം കേട്ടത് നൂറുകണക്കിനാളുകള്‍. സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കൊടിതോരണങ്ങളൊക്കെ കെട്ടി വൈകുന്നേരമാകാന്‍ കാത്തിരുന്ന വിദ്യാര്‍ത്ഥികളും യുവജനങ്ങളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ റേഡിയോ എവിടെയുണ്ട് എന്ന് ആലോചിക്കാന്‍ വിട്ടുപോയി. റേഡിയോ അല്ലാതെ വേറെ മാധ്യമങ്ങളൊന്നുമില്ലതാനും. ഒടുവില്‍, പി. വിശ്വംഭരനാണ് വരദരാജന്‍ നായരുടെ വീട്ടില്‍ റേഡിയോ ഉണ്ടെന്ന് ഓര്‍മ്മിച്ചത്. മുറ്റത്ത് ആള്‍ക്കൂട്ടമായിരുന്നു റേഡിയോ കേള്‍ക്കാനെന്ന് പിന്നീട് പി. വിശ്വംഭരന്‍ എഴുതിയിട്ടുണ്ട്. അവരില്‍ ഓരോരുത്തരും വിഖ്യാതമായ ആ പ്രസംഗത്തിലെ വാക്കുകളും വരികളും ഹൃദയത്തിലേറ്റി. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍, എണ്ണമറ്റ മാധ്യമങ്ങളുടെ വിപുലസാധ്യത കൈവിരല്‍ത്തുമ്പില്‍ കിട്ടുമ്പോള്‍ ആ ദിനവും അന്നത്തെ ആകാംക്ഷയും ചിന്തിക്കാവുന്നതിനും അപ്പുറമാണ്. അതൊരുകാലം. പക്ഷേ, തിരുവിതാംകൂര്‍ അതിനുശേഷവും ശാന്തവും സ്വസ്ഥവുമാകാന്‍ സമയമെടുത്തു. 

ദിവാന്‍ സി.പി. രാമസ്വാമി അയ്യരെ കെ.സി.എസ്. മണി വെട്ടിയത് സ്വാതന്ത്ര്യത്തിനു ശേഷമുള്ള തിരുവിതാംകൂറിന്റെ രാഷ്ട്രീയഭാഗധേയത്തെ നിസ്സാരമായല്ല സ്വാധീനിച്ചത് എന്ന് അടിവരയിട്ടു പറയുകയാണ് ചരിത്രാദ്ധ്യാപകനും ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍. തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ നാട്ടുരാജ്യങ്ങളുടെ സ്വാതന്ത്ര്യസമര ചരിത്രത്തെ ശരിയായി തിരിച്ചറിയുകയും ചരിത്രത്തിലെ ഒരടയാളവും മായ്ക്കപ്പെടാതിരിക്കാന്‍ എഴുതിവയ്ക്കുകയും ചെയ്തവരിലൊരാളാണ് അദ്ദേഹം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ചരിത്രം വിഭാഗം മേധാവിയായി വിരമിച്ച് എഴുത്തും വായനയും ചരിത്രഗവേഷണവുമായി തലസ്ഥാനത്തു ജീവിക്കുന്ന ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൈതൃകപഠന കേന്ദ്രം ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. കേരള ചരിത്രത്തിന്റെ കൂടെ നടന്ന ഒരാള്‍. ''ആര്‍.എസ്.പി നേതാവ് ശ്രീകണ്ഠന്‍ നായരാണ് കെ.സി. എസ്. മണിയെ അമ്പലപ്പുഴയില്‍നിന്ന് തിരുവനന്തപുരത്തേക്ക് അയയ്ക്കുന്നത്. മണി പാര്‍ട്ടി പ്രവര്‍ത്തകനൊന്നുമായിരുന്നില്ല. ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞാല്‍ എന്തും ചെയ്യും. തൈക്കാട് സംഗീതസസഭയില്‍ സംഗീതകച്ചേരി നടക്കുന്നുണ്ട്, ലൈറ്റ് ഓഫ് ചെയ്യുമ്പോള്‍ ഒരാളെ വെട്ടണം; ഓഫ് ചെയ്യാനുള്ള ഏര്‍പ്പാടൊക്കെ ഞാന്‍ ചെയ്തുകൊള്ളാം. വെട്ടേണ്ട ആള്‍ ആരാണെന്നു പറഞ്ഞില്ല. ആളെ തിരുവനന്തപുരത്തെത്തുമ്പോള്‍ മറ്റേ ആള്‍ പറയും എന്നാണ് പറഞ്ഞത്. അങ്ങനെ ഉദ്ഘാടനം കഴിഞ്ഞ് ചടങ്ങ് തീരാറായപ്പോഴാണ് സി.പിയെ വെട്ടിയത്. പക്ഷേ, ചുമലില്‍ ഇട്ടിരുന്ന സില്‍ക്ക് ഷോളില്‍ തട്ടി കത്തി പാളി. അതുകൊണ്ടാണ് കഴുത്തില്‍ കൊള്ളേണ്ടതിനു പകരം കത്തിയുടെ തുമ്പ് കവിളില്‍ മാത്രം കൊണ്ടത്.'' അവിടെ ശസ്ത്രക്രിയ നടത്തി ഒരു പല്ല് ശരിയാക്കി എന്ന് ഡോ. കേശവന്‍ നായര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെട്ടുകൊണ്ടതും സി.പി. വണ്ടിയില്‍ കയറി രക്ഷപ്പെട്ടു. സി.പി. കൊല്ലപ്പെട്ടു എന്നാണ് പ്രചരിച്ചത്. പക്ഷേ, കവിളില്‍ തുന്നലും ഇട്ടുകൊണ്ട് സി.പി. ജനറല്‍ ആശുപത്രിയില്‍നിന്ന് ഭക്തിവിലാസത്തിലേക്ക് (ഇപ്പോഴത്തെ ആകാശവാണി കെട്ടിടം) രക്ഷപ്പെട്ടു. പക്ഷേ, ആ വധശ്രമത്തോടെ, സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം സി.പി. ഉപേക്ഷിച്ചു. രാജാവിനോട് തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാനുള്ള തീരുമാനം ജൂലൈ 25-നു രാത്രി തന്നെ അയയ്ക്കാന്‍ ദിവാന്‍ പറയുകയും ചെയ്തു. 'ഇനി ഞാനില്ല' എന്നാണ് പേടിച്ചുപോയ ദിവാന്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ വലതുപക്ഷത്തിന്, പട്ടത്തിനുപോലും സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയത്തോടു കുറേയൊക്കെ യോജിപ്പുണ്ടായിരുന്നു. എന്തിനു വടക്കേ ഇന്ത്യന്‍ മേധാവിത്വത്തിനു കീഴിലാകണം എന്നാണ് പല സമുന്നത നേതാക്കളും ചിന്തിച്ചത്. മന്നത്തു പത്മനാഭന് അതിനെ പിന്തുണയ്ക്കുന്ന മനോഭാവമായിരുന്നു. പട്ടവും സി.പിയുമൊക്കെ ചേര്‍ന്നൊരു ഗവണ്‍മെന്റ് അവശ സമുദായങ്ങള്‍ക്ക് അനുകൂലമാകില്ല എന്ന തോന്നല്‍ ഉണ്ടായിരുന്നതുകൊണ്ട് ആര്‍. ശങ്കര്‍ പരസ്യമായി അനുകൂലിച്ചില്ല. സി.പിയെ വെട്ടിയതോടെ എല്ലാവരുടേയും സ്വതന്ത്ര തിരുവിതാംകൂര്‍ പക്ഷം കടലിലെറിഞ്ഞു. ഇന്ത്യ എന്ന വികാരത്തിലേക്കു ചേര്‍ന്നു.

ദിവാൻ സിപി രാമസ്വാമി അയ്യർ

വൈക്കം, ഗുരുവായൂര്‍ 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പല യോഗങ്ങളിലും മഹാത്മാഗാന്ധി പറഞ്ഞിട്ടുള്ളത് നാട്ടുരാജ്യങ്ങളില്‍ നടക്കുന്ന ഉത്തരവാദിത്ത പ്രക്ഷോഭങ്ങള്‍ സ്വാതന്ത്ര്യസമരത്തിനു തുല്യമാണ് എന്നായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്നു മലബാര്‍ നടന്നത്, ക്വിറ്റിന്ത്യ ആയാലും മറ്റു സമരങ്ങളായാലും കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നയത്തിന്റെ ഭാഗമായ സമരങ്ങള്‍. തിരുവിതാംകൂറിലും കൊച്ചിയിലുമുള്ള ഉത്തരവാദിത്ത പ്രക്ഷോഭങ്ങളെല്ലാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ്സ് പ്രമേയം പാസ്സാക്കി. ഗാന്ധിജി തന്നെ അതു പറഞ്ഞു, യംഗ് ഇന്ത്യയില്‍ എഴുതി. അതായത്, തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് വന്നത് 1938-ല്‍ ആണെങ്കിലും അതിനു മുന്‍പു നടന്ന പ്രക്ഷോഭങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം തന്നെയാണ്. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപീകരിച്ച ശേഷമുള്ള സമരങ്ങള്‍ സ്വാതന്ത്ര്യസമരത്തെ കുറച്ചുകൂടി ശക്തിപ്പെടുത്തി. ബ്രിട്ടീഷുകാര്‍ക്കെതിരായ സമരവും രാജാവിനെതിരായ സമരവും. തിരുവിതാംകൂറില്‍ ബ്രിട്ടീഷ് റെസിഡന്റ് ആണ് ബ്രിട്ടന്റെ പ്രതിനിധി, ബ്രിട്ടീഷുകാര്‍ നേരിട്ട് ഇല്ല. റെസിഡന്റ് ഉപദേശിച്ചതൊക്കെ ബ്രിട്ടന്റെ നയങ്ങള്‍. പക്ഷേ, 1805-ലെ കരാര്‍ പ്രകാരം ആ നയങ്ങള്‍ പലതും രാജാവ് നടപ്പാക്കേണ്ടിവന്നിരുന്നു. 

തിരുവനന്തപുരത്തും സമീപപ്രദേശങ്ങളിലും വലിയതോതിലുള്ള അടിച്ചമര്‍ത്തലുകളാണ് ഉണ്ടായത്. കടയ്ക്കല്‍, പാങ്ങോട്, കല്ലറ സമരങ്ങള്‍, നെയ്യാറ്റിന്‍കര സമരം, ചെങ്ങന്നൂര്‍ സമരം. അതൊക്കെ അടിച്ചമര്‍ത്തപ്പെട്ടു. കടയ്ക്കലില്‍ ഫ്രാങ്കോ രാഘവന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളുണ്ട്. സര്‍വ്വപ്രതാപിയായിരുന്ന അദ്ദേഹത്തെപ്പോലും അടിച്ചമര്‍ത്തി തടവിലാക്കുകയൊക്കെ ചെയ്തു. രീതികള്‍ സ്പെയിനിലെ ഫ്രാങ്കോയുടെ രീതിയിലായതുകൊണ്ടാണ് രാഘവന്‍ പിള്ളയ്ക്ക് ആ പേരു വന്നത്. ആരെയും കൂട്ടാക്കില്ല. കടയ്ക്കല്‍ സമരത്തിന്റെ ജനയിതാവ് എന്നു പറയാവുന്നത് അദ്ദേഹത്തെയാണ്. പലതും പ്രാദേശിക വിഷയങ്ങളായിരുന്നു. പക്ഷേ, അതിലും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ചെറുത്തുനില്‍പ്പ് അടങ്ങിയിട്ടുള്ളതുകൊണ്ട് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ് എന്നായിരുന്നു ഗാന്ധിജിയുടെ നയം. ആളുകളുടെ അവകാശങ്ങള്‍, അത് പൗരാവകാശമായാലും രാഷ്ട്രീയാവകാശമായാലും സാമൂഹിക അവകാശമായാലും അതിനുവേണ്ടിയുള്ള സമരം സ്വാതന്ത്ര്യസമരമാണ്. ആ ആശയത്തിലാണ് വൈക്കം സത്യഗ്രഹകാലത്ത് ഗാന്ധിജി രണ്ടു പ്രാവശ്യം വന്നത്. വൈക്കം സത്യാഗ്രഹം രാഷ്ട്രീയ സമരമല്ലെന്ന് ശങ്കരന്‍കുട്ടി നായര്‍ പറയുന്നു. വാസ്തവത്തില്‍ തിരുവിതാംകൂര്‍ രാജാവിനോ റീജന്റിനോ ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം കൊടുക്കാമായിരുന്നു. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ക്ഷേത്രത്തിന്റെ നാലു വശത്തുമുള്ള റോഡില്‍ക്കൂടി പോകാം, പക്ഷേ, ഈഴവര്‍ക്കോ പുലയര്‍ക്കോ പറയര്‍ക്കോ പോകാന്‍ പാടില്ല, സവര്‍ണ്ണര്‍ക്കേ പറ്റൂ. അന്ധകാരത്തോട് എന്നൊരു തോടുണ്ട്, അതു കടന്ന് അപ്പുറത്തേക്ക്, അമ്പലത്തിന്റെ അങ്ങോട്ടു പൊയ്ക്കൂടാ. അതിനെതിരായ സമരമാണ് ടി.കെ. മാധവന്റേയും മറ്റും നേതൃത്വത്തില്‍ നടന്നത്. ഗാന്ധിജിയുടെ അനുമതിയോടെ. ''അതിലെ ഏറ്റവും വലിയ ട്രാജഡി, സമരം ആളിക്കത്തി വന്നപ്പോള്‍ ശ്രീമൂലം തിരുനാള്‍ മരിച്ചു. അതോടെ സമരം തല്‍ക്കാലത്തേക്കു മാറ്റിവയ്ക്കാന്‍ ഗാന്ധിജി പറഞ്ഞു. ആ തീച്ചൂളയിലുള്ള ഒരു സമരത്തെ പെട്ടെന്നങ്ങു നാളെ മുതല്‍ നിര്‍ത്തിവയ്ക്കാന്‍ പറയുകയാണ്. രാജാവ് മരിച്ചു എന്നു പറഞ്ഞാല്‍ ജനങ്ങളുടെ നേതാവ് മരിച്ചു; ജനങ്ങളുടെ നേതാവ് മരിക്കുമ്പോള്‍ രാജാവിനെതിരെ സമരം പാടില്ല എന്നതായിരുന്നു ഗാന്ധിജിയുടെ ആശയം. ഇതുതന്നെ മലബാറിലും നടന്നു. ഗുരുവായൂര്‍ സത്യഗ്രഹം നടക്കുന്നു. എ.കെ.ജി വോളന്റിയര്‍ ക്യാപ്റ്റന്‍. കെ. കേളപ്പന്‍ നിരാഹാരം കിടക്കുന്നു. അങ്ങനെ നിരാഹാരം കിടന്നാല്‍ കേളപ്പന്‍ മരിച്ചുപോകും എന്ന സ്ഥിതി വന്നു എന്ന് കോഴിക്കോട് സാമൂതിരിക്കുപോലും ബോധ്യമായി. ഇനി നമുക്ക് എന്തെങ്കിലും ചെയ്യാം, ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളില്‍ അവശ സമുദായക്കാര്‍ക്ക് കൂടി അവകാശം കൊടുക്കാം എന്നു പറഞ്ഞ് ഇരിക്കുമ്പോള്‍ ഗാന്ധിജി പറഞ്ഞു, കേളപ്പന്റെ ജീവന്‍ നമുക്കു വളരെ വിലപ്പെട്ടതാണ്. അതുകൊണ്ട് കേളപ്പനോടു സമരം പിന്‍വലിക്കാന്‍ പറയണം. ഗാന്ധിജി പറഞ്ഞപ്പോള്‍ സമരം പിന്‍വലിച്ചു. അതല്ല ഒരു ദിവസംകൂടി സമരം നിന്നിരുന്നെങ്കില്‍ ഒരുപക്ഷേ, ഗുരുവായൂര്‍ സത്യഗ്രഹം വിജയിക്കുമായിരുന്നു. ആ ഒരു നിര്‍ണ്ണായക സമയത്ത് ഗാന്ധിജിയുടെ ഇടപെടല്‍ ഉണ്ടായി. ഈ രണ്ടു സമയത്തും കെ.പി. കേശവമേനോന്‍ ആയിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സെക്രട്ടറി. അദ്ദേഹത്തിന് ഗാന്ധിജിയുടെ ടെലഗ്രാം വരികയാണ് 'കോള്‍ ഓഫ് ദി സ്ട്രൈക്ക്' ചരിത്രമായി മാറിയ നിര്‍ണ്ണായക ആശയവിനിമയത്തെക്കുറിച്ച് അദ്ദേഹം പറയുന്നു.

അക്കാലത്ത് കൊച്ചിയില്‍ മൂന്നു കോണ്‍ഗ്രസ്സ് ഉണ്ടായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സ്, കൊച്ചിന്‍ കോണ്‍ഗ്രസ്സ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. ഇതു മൂന്നുകൂടി ലയിച്ചാണ് പ്രജാമണ്ഡലം ഉണ്ടായത്. കൊച്ചിയില്‍ പ്രജാമണ്ഡലമാണ് സമരം നടത്തിയത്. അതിന്റെ അനിഷേധ്യ നേതാവ് ഇക്കണ്ടവാര്യരായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രജാമണ്ഡലത്തിന്റെ വലിയ സമരങ്ങള്‍ നടന്നതും ഉത്തരവാദിത്ത പ്രക്ഷോഭം പൂര്‍ണ്ണമായി വിജയിച്ചതും. ഇക്കണ്ടവാര്യര്‍ക്ക് കൂടെനിന്നു പിന്തുണ നല്‍കിയവരാണ് പനമ്പിള്ളി ഗോവിന്ദമേനോന്‍, മത്സ്യത്തൊഴിലാളി നേതാവ് പി.കെ. ഡീവര്‍, ഹരിജന നേതാവായിരുന്ന പി. കൊച്ചുകുട്ടന്‍ മാസ്റ്റര്‍ തുടങ്ങിയവരൊക്കെ. കുട്ടന്റെ സ്മാരകം തൃശൂരിലും ഗീവറുടെ സ്മാരകം തേവരയിലുമുണ്ട്. അതിനോടൊപ്പമാണ് സാമൂഹിക പരിഷ്‌കര്‍ത്താവാണെങ്കിലും രാഷ്ട്രീയ കാര്യങ്ങളിലും സജീവമായി ഇടപെട്ട സഹോദരന്‍ അയ്യപ്പന്‍. ഇവരൊക്കെ സജീവമായി കൊച്ചിയിലെ സമരത്തില്‍ ഉണ്ടായിരുന്നു. അവിടെ രാജാവ് തിരുവിതാംകൂറിലെപ്പോലെ കടുംപിടുത്തമൊന്നും ഉണ്ടായിരുന്നില്ല. തിരുവിതാംകൂറില്‍ രാജാവ് കമ്മിറ്റിയൊക്കെ വച്ച് ചെയ്യുമെന്നു പറയുമ്പോള്‍ കൊച്ചി രാജാവ് ബോധ്യമായാല്‍ ഉടനെയങ്ങു ചെയ്യും. 

ആരു ഭരിക്കും?

തിരുവിതാംകൂറിനെ ഒരു സ്വതന്ത്ര രാജ്യമാക്കാനുള്ള ചര്‍ച്ചകളൊക്കെ ദിവാന്‍ നേരത്തെ ഡല്‍ഹിയില്‍ നടത്തിയിരുന്നു. സി.പി. തന്നെ മുന്‍കാല കോണ്‍ഗ്രസ്സ് സെക്രട്ടറി ആയിരുന്നു, ദിവാന്‍ ആകുന്നതിനു മുന്‍പ്. അതുകൊണ്ട് അഖിലേന്ത്യാ തലത്തിലുള്ള കോണ്‍ഗ്രസ്സ് നേതാക്കളെയൊക്കെ അറിയാം. തിരുവിതാംകൂര്‍ സ്വതന്ത്രമായി പോവുകയാണ്, ഞങ്ങള്‍ക്കതേ പറ്റുകയുള്ളൂ എന്നാണ് രാജാവിന്റേയും ജനങ്ങളുടേയും അഭിലാഷം എന്ന പേരില്‍ ദിവാന്‍ പറഞ്ഞത്. സി.പി. ഡല്‍ഹിയില്‍ പോയപ്പോള്‍ പല രാജ്യങ്ങളിലേക്കുമുള്ള തിരുവിതാംകൂറിന്റെ അംബാസിഡര്‍മാരെ വരെ ആലോചിച്ചു വച്ചിരുന്നു. അങ്ങനെയൊരു സ്വതന്ത്ര തിരുവിതാംകൂര്‍ ആശയം പ്രചുരപ്രചാരത്തില്‍ എത്തിയപ്പോഴാണ്, ഇനി ഇയാളെ ഓടിച്ചില്ലെങ്കില്‍ ശരിയാകില്ല എന്നു സ്റ്റേറ്റ് കോണ്‍ഗ്രസ്സ് തീരുമാനിച്ചത്. 

ദിവാന്‍ നിലപാടു മാറ്റിയെങ്കിലും ഇന്ത്യന്‍ യൂണിയനില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ച് ഡല്‍ഹിക്കു സന്ദേശം അയയ്ക്കാന്‍ രാജാവിനു നിയമപരമായി സാധിക്കുമായിരുന്നില്ല. ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ നേതാക്കളുമായി ആലോചിക്കണം. പട്ടം താണുപിള്ള അന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. സി. കേശവന്‍ കൊല്ലത്ത് ജയിലില്‍, ടി.എം. വര്‍ഗീസും ജയിലില്‍. ഉത്തരവാദിത്ത പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. രാജാവിന് അടുപ്പമുള്ളത് കൊട്ടാരം സര്‍വ്വാധികാരിയായിരുന്ന വി.ജി. പരമേശ്വരന്‍ നായരുമായാണ്. എന്താണ് നമ്മള്‍ ചെയ്യേണ്ടത്, ഇന്ത്യയുമായി ചേരണോ പാകിസ്താനെപ്പോലെ വേറെയാകണോ എന്നു ജയിലില്‍ പോയി പട്ടത്തോടു ചോദിക്കാന്‍ പറഞ്ഞു. പരമേശ്വരന്‍ നായര്‍ പറഞ്ഞത്, താന്‍ സ്വന്തം നിലയ്ക്കു ചെയ്യുന്നതു ശരിയല്ല, പകരം മറ്റൊരു സ്വാതന്ത്ര്യസമര സേനാനിയോടു ചോദിക്കാം എന്നാണ്. അങ്ങനെയാണ് അടുത്തയിടെ 106-ാം വയസ്സില്‍ മരിച്ച അഡ്വ. അയ്യപ്പന്‍ പിള്ളയെ സമീപിച്ചത്. രണ്ടുപേരുംകൂടി പട്ടത്തെ കണ്ടു. ഇന്ത്യന്‍ യൂണിയനില്‍ ചേരണമെന്നാണ് പട്ടം താണുപിള്ള നിര്‍ദ്ദേശിച്ചത്. അതുകഴിഞ്ഞ് മൂന്നു പേരുള്ള മന്ത്രിസഭ ഉണ്ടാക്കണം. സ്വാഭാവികമായും പട്ടം മുഖ്യമന്ത്രി. സി. കേശവനും ടി.എം. വര്‍ഗീസും മന്ത്രിമാര്‍. രണ്ടു സമുദായത്തിന്റെ പ്രതിനിധികള്‍. സി. കേശവന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കോഴഞ്ചേരി പ്രസംഗക്കേസില്‍ പ്രതിയാണ്. ക്രിമിനല്‍ കേസ് പ്രതിയെ മന്ത്രിയാക്കാമോ എന്ന സംശയം പട്ടം പ്രകടിപ്പിച്ചു. സി. കേശവന്‍ വേണ്ട പകരം വേറെ ആരെയെങ്കിലുമാക്കാം എന്നു പറഞ്ഞുവിട്ടു. വിവരം അവര്‍ അറിയിക്കുമ്പോള്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവും അമ്മയുമുണ്ട്. ഏതു കേസില്‍പ്പെട്ടതാണെങ്കിലും സി. കേശവന്റെയത്രയും അപ്പീലുള്ള എസ്.എന്‍.ഡി.പി നേതാവില്ല എന്ന നിലപാടാണ് അമ്മ സ്വീകരിച്ചത്. പട്ടം, ടി.എം. വര്‍ഗീസ്, സി. കേശവന്‍ എന്നിവരുടെ ഗവണ്‍മെന്റുണ്ടാക്കാം, ഇന്ത്യന്‍ യൂണിയനുമായി ചേരാം എന്നു തീരുമാനിച്ചു. സി.പിയുടെ ചര്‍ച്ചകളൊന്നും അംഗീകരിക്കുന്നില്ലെന്നും ഇന്ത്യയുടെ ഭാഗമാകാനുമുള്ള തീരുമാനവും അറിയിച്ച് യൂണിയന്‍ ഹോം സെക്രട്ടറി വി.പി. മേനോന് അടിയന്തര സന്ദേശം അയച്ചു. 

തീരുമാനത്തില്‍ ഔദ്യോഗികമായി ഒപ്പിടുവിക്കാന്‍ വി.പി. മേനോന്‍ വന്നു. ആദ്യം കൊച്ചിയില്‍. തൃപ്പൂണിത്തുറ ഹില്‍പാലസിലാണ് കൊച്ചി രാജാവ് താമസിച്ചിരുന്നത്. തനിക്കു യാതൊന്നും വേണ്ടെന്നും കോടികള്‍ വിലയുള്ള ഹില്‍പാലസ് ഉള്‍പ്പെടെ രാജ്യത്തിനു നല്‍കാമെന്നുമുള്ള തീരുമാനമാണ് അദ്ദേഹം അറിയിച്ചത്. ആകെ വേണ്ടത് വര്‍ഷം തോറും പറ്റുമെങ്കില്‍ ഒരു പഞ്ചാംഗം മാത്രം. അതേ വി.പി. മേനോനോട് തിരുവിതാംകൂര്‍ രാജാവ് പറഞ്ഞത് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിയന്ത്രണം വേണം എന്നാണ്. കവടിയാര്‍ കൊട്ടാരവും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ''അതാണ് രണ്ടു രാജാക്കന്മാര്‍ തമ്മിലുള്ള വ്യത്യാസം. കൊച്ചി രാജാവിനെപ്പോലെ ഉദാരനായിരുന്നില്ല തിരുവിതാംകൂര്‍ രാജാവ് എന്നുകൂടി പറയേണ്ടി വരും'' -ടി.പി. ശങ്കരന്‍കുട്ടി നായര്‍ പറയുന്നു. സ്വാതന്ത്ര്യം ഒരു യാഥാര്‍ത്ഥ്യമായി. നേതാക്കളെല്ലാം ജയിലില്‍ അതിക്രൂര പീഡനമേറ്റവരായിരുന്നു. മുകളില്‍നിന്നുള്ള നിര്‍ദ്ദേശം കേട്ട് അങ്ങനെയൊക്കെ ചെയ്ത പൊലീസുകാര്‍ക്ക് നേതാക്കള്‍ മാപ്പു കൊടുത്തു. 

ഡോ. ടിപി ശങ്കരൻകുട്ടി നായർ

കൂട്ടായ്മ 

1938-നു മുന്‍പ് സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ശരിക്കും ശിഥിലമായിരുന്നു. എന്‍.ബി. കുരിക്കളും പൊന്നറ ശ്രീധറുമാണ് ആദ്യകാലത്ത് കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ എന്നു പറയാവുന്നവര്‍. രണ്ടുപേരും വ്യക്തമായ ഇടതുപക്ഷ ചായ്വ് ഉള്ളവരായിരുന്നു. ഇവര്‍ രണ്ടുപേരോടും ചേരുന്ന ആളായിരുന്നു പുതുപ്പള്ളി രാഘവന്‍. ഈ ഗ്രൂപ്പില്‍ത്തന്നെ ഉള്ളവരാണ് എം.കെ. കുമാരനും കെ.പി. ഉദയഭാനുവും. പക്ഷേ, അവര്‍ വലതുപക്ഷമായിരുന്നു. ഉദയഭാനു പക്കാ കോണ്‍ഗ്രസ്സായിരുന്നു. കുമാരന്‍ പില്‍ക്കാലത്ത് സി.പി.ഐ അനുകൂലിയായി മാറി. കുരിക്കളും ശ്രീധറുമാണ് സമരം വേണമെന്നു വാദിച്ചത്. 
സി. കേശവനെ കോഴഞ്ചേരി പ്രസംഗത്തെത്തുടര്‍ന്ന് അറസ്റ്റു ചെയ്തതാണ് പിന്നീട് അവശ പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളുടെ കൂട്ടായ്മ എന്ന നിലയില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപപ്പെടാന്‍ ഇടയാക്കിയത്. 1931, '32, '33 കാലയളവില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഈഴവരും തെരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചു. അന്നത്തെ ജനപ്രാതിനിധ്യ നിയമപ്രകാരം നികുതി അടയ്ക്കുന്ന സവര്‍ണ്ണ സമുദായക്കാരേ അധികാരത്തില്‍ വരികയുള്ളൂ. അവരെ ജയിപ്പിച്ച് അധികാരത്തില്‍ എത്തിക്കാന്‍ നമ്മളെന്തിനു വോട്ടു ചെയ്യണം എന്ന നിലപാടായിരുന്നു സി. കേശവനും എം.എം. വര്‍ക്കിക്കും മറ്റും. തെരഞ്ഞെടുപ്പു നടന്ന് സവര്‍ണ്ണ മേധാവികള്‍ക്ക് അധികാരം കിട്ടുമ്പോള്‍ നമ്മള്‍ ഇങ്ങനെ ഇരുന്നിട്ടു കാര്യമില്ല എന്ന ആലോചന വന്നു. അങ്ങനെയാണ് ചെങ്ങന്നൂരില്‍ ഒരു രാഷ്ട്രീയ സമ്മേളനം ചേര്‍ന്നത്. ഫിലിപ്പോസ് തോമസ്, എം.എം. വര്‍ക്കി, സി. കേശവന്‍, എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രാദേശിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതില്‍ മുസ്ലിം മഹാജനസഭയുടെ പേരിലാണ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി പങ്കെടുത്തത്. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഈഴവരും മറ്റു പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടേയും പ്രതിനിധികള്‍ ചേര്‍ന്നാണ് സംയുക്ത രാഷ്ട്രീയ സമ്മേളനം നടത്തിയത്. വെറുമൊരു രാഷ്ട്രീയ സമ്മേളനമായി കൂടിയെങ്കിലും ആത്യന്തികമായി അതൊരു സംയുക്ത സമ്മേളനമായി മാറി. 1928-'30 കാലയളവിലാണ് ഇതുമായി ബന്ധപ്പെട്ട തുടര്‍ സമ്മേളനങ്ങള്‍ നടന്നത്. ടി.എം. വര്‍ഗീസും അതിനോടു ചേര്‍ന്നു. 1938 വരെ തുടര്‍ച്ചയായി സമ്മേളനങ്ങള്‍ നടന്നു. തെരഞ്ഞെടുപ്പു ബഹിഷ്‌കരണത്തിനു ശേഷവും നടന്നു. സ്വതന്ത്രമായി ഇങ്ങനെ നടത്തുന്നതിനു പകരം അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ഘടകമായി തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് എന്നു പേരിടാം എന്നു തീരുമാനിച്ചു. ഏതാണ്ട് ഇതേ കാലത്തുതന്നെയാണ് കൊച്ചിയിലും സമാന കൂട്ടായ്മകള്‍ പ്രജാമണ്ഡലമായി മാറിയത്. മഞ്ചേരി ആസ്ഥാനമായി 1920-ല്‍ മലബാറില്‍ കോണ്‍ഗ്രസ്സ് ഘടകമുണ്ടായിരുന്നു. പക്ഷേ, അത് സജീവമായിരുന്നില്ല. അതുകൊണ്ട് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സും 1938-ഉം കേരള ചരിത്രത്തില്‍ അതിപ്രധാനമായി മാറി.

മറ്റൊരു സുപ്രധാന സംഭവം കൂടി ടി.പി. ശങ്കരന്‍കുട്ടി നായര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയിലെ മറ്റൊരു ജനതയും സ്വാതന്ത്ര്യസമരം തുടങ്ങും മുന്‍പുതന്നെ സ്വാതന്ത്ര്യത്തിനുവേണ്ടി തിരുവിതാംകൂറില്‍ നടന്ന ഒരു പോരാട്ടമുണ്ട്: ആറ്റിങ്ങല്‍ കലാപം. 1721 ഏപ്രിലിലെ ആ ചെറുത്തുനില്‍പ്പിന്റെ 300-ാം വാര്‍ഷികം കടന്നുപോയതു കേരളം ഓര്‍ത്തില്ല, ആചരിച്ചുമില്ല.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

SCROLL FOR NEXT