ഒട്ടേറെ പരിമിതികളുണ്ടെങ്കിലും ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കും ബഹുസ്വരതയ്ക്കും ഫെഡറല്‍ സ്വഭാവത്തിനും അനുയോജ്യമായ ഭാഷാനയമാണ് നാം പിന്തുടര്‍ന്നു വന്നത്. ബഹുഭാഷാ ഗോത്രങ്ങളും പ്രദേശങ്ങളും സംസ്‌കാരവും ചേര്‍ന്ന ഭാഷാരീതികള്‍ പരസ്പരം ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍, ഒരു രാജ്യം, ഒരു ഭാഷ എന്ന അജണ്ട മുന്‍നിര്‍ത്തി ആര്‍.എസ്.എസും ബി.ജെ.പിയും വീണ്ടും ഹിന്ദിവാദം ഉയര്‍ത്തുകയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അതിനു ശക്തമായ പ്രതിരോധമൊരുക്കുന്നു. ഹിന്ദിയെ ദേശീയഭാഷയായും ഔദ്യോഗിക ഭാഷയായും അംഗീകരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനകളെ കാണേണ്ടത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം ഇംഗ്ലീഷ് സംസാരിക്കാതെ ഹിന്ദിയില്‍ സംസാരിക്കണമെന്നാണ് ഏപ്രില്‍ ഏഴിന് പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37-ാം യോഗത്തില്‍ അമിത്ഷാ പറഞ്ഞത്. ഈ പ്രസ്താവനയില്‍നിന്ന് രണ്ട് കാര്യങ്ങളാണ് ഒറ്റനോട്ടത്തില്‍ വ്യക്തമാകുക. ഒന്ന്, രാജ്യവ്യാപകമായി ഹിന്ദി അടിച്ചേല്‍പ്പിക്കും രണ്ട്, ഇംഗ്ലീഷ് ഭാഷയ്ക്കെതിരെ നീക്കം തുടരും. ഹിന്ദി ദിവസും സുരീലി ഹിന്ദി പദ്ധതിയും പോലുള്ള പ്രചാരണ പരിപാടികള്‍ തുടരുമെന്നര്‍ത്ഥം.
ഇത് വളരെ പെട്ടെന്നുണ്ടായ വിവാദമല്ല. 2014-ല്‍ ബി.ജെ.പി അധികാരത്തിലേറിയതു മുതല്‍ കൃത്യമായ ഇടവേളകളില്‍ ഇത്തരം പ്രസ്താവനകള്‍ ബി.ജെ.പി നേതാക്കള്‍ നടത്താറുണ്ട്. 2019-ല്‍ ഹിന്ദി ദിവസിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഇതേ പ്രസ്താവന അമിത്ഷാ നടത്തിയിരുന്നു. ആവര്‍ത്തിച്ചു നല്‍കുന്ന സന്ദേശങ്ങളിലൂടെ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ നിലപാടിന്റെ തുടര്‍ച്ച എന്താണെന്നു വ്യക്തമാണ്. വൈജാത്യമല്ല, ഏകത്വമാണ് രാഷ്ട്രത്തിനാവശ്യമെന്ന അവരുടെ രാഷ്ട്രീയ നിലപാട്. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും ഏതെങ്കിലും ഒരു ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ സാധിക്കുമെങ്കില്‍ അത് ഹിന്ദിക്കാണെന്നുമാണ് ഇവരുടെ നിലപാട്.
2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച 22 ഭാഷകളാണ് 96.71 ശതമാനം ജനങ്ങളും സംസാരിക്കുന്നത്. അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, കശ്മീരി, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്‌കൃതം, സിന്ധി, തമിഴ്, തെലുങ്ക്, ഉര്‍ദു, ബോഡോ, ശാന്താലി, മൈഥിലി, ഡോഗ്രി എന്നിങ്ങനെ ഇംഗ്ലീഷിനു പുറമേ 22 ഔദ്യോഗിക ഭാഷകളും 122 പ്രധാന ഭാഷാ വകഭേദങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിനു ഭാഷകള്‍ ഇന്ത്യയില്‍ സംസാരിക്കുന്നു. 22 ഭാഷകള്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 52.8 കോടി വരുന്ന, ജനസംഖ്യയുടെ 43.6 ശതമാനം പേരുടെ മാതൃഭാഷ ഹിന്ദിയാണെന്നാണ് കണക്ക്. ദേവനാഗിരി ലിപിയിലെഴുതിയ ഹിന്ദിക്ക് എങ്ങനെയാണ് ഇത്രയും വകഭേദങ്ങളുള്ള ഭാഷാസംസ്‌കാരത്തെ ഒന്നിപ്പിച്ച് നിര്‍ത്താനാകുകയെന്ന ചോദ്യത്തിന് ഉത്തരമില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷ എന്നതാണ് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനു പിന്നിലെ കാരണമായി ആര്‍.എസ്.എസും ബി.ജെ.പിയും വ്യക്തമാക്കുന്നത്. എന്നാല്‍, 2011-ലെ സെന്‍സസ് പ്രകാരം 35 സംസ്ഥാനങ്ങളില്‍(കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ) 12 എണ്ണത്തില്‍ മാത്രമാണ് ഹിന്ദി ഭാഷ സംസാരിക്കുന്നത്.
ഭോജ്പുരി, രാജസ്ഥാനി, ഹിന്ദി, ഛത്തീസ്ഗഡ് അടക്കം 56 ഭാഷകള്‍ ഹിന്ദിയുടെ കുടക്കീഴിലാണ് വരിക. അതായത് 43 ശതമാനം പേര്‍ ഹിന്ദി സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്നെങ്കിലും അതില്‍ 26 ശതമാനം പേരുടെ മാതൃഭാഷ മാത്രമാണ് ഹിന്ദി. ഇനി ഭൂരിഭാഗം പേരും സംസാരിക്കുന്നുവെന്നതിന്റെ പേരില്‍ മാത്രം ദേശീയഭാഷാ പദവി നല്‍കുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇനി, ഇന്ത്യയില്‍ മതിയായ പരിചരണം കിട്ടാതെ വംശനാശം സംഭവിച്ചുപോയത് 220 ഭാഷകളാണ്. 197 ഇന്ത്യന്‍ ഭാഷകള്‍ ഉടനടി ഇല്ലാതാകുമെന്ന് യുനെസ്‌കോ മുന്നറിയിപ്പ് നല്‍കുന്നു. ഭാഷാ ഏകതാവാദം ഈ ഭാഷകള്‍ക്ക് ദോഷകരമല്ലേ? ഇത്രത്തോളം വൈജാത്യമുള്ള ഭാഷാസംസ്‌കാരത്തിന് എങ്ങനെയാണ് ഹിന്ദി ബദലാകുക? ഇനി മറ്റൊന്ന്, ഹിന്ദിയായാലും ഇംഗ്ലീഷായാലും ഭാഷ സാധാരണക്കാരന്റെ ആശയവിനിമയത്തിനുവേണ്ടിയാണ്. ഹിന്ദി പഠിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നത് അല്ലെങ്കില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഹിന്ദി സംസാരിക്കാത്ത ഒരു പ്രദേശത്ത് എന്ത് ഗുണമാണ് നല്‍കുക?
ഭാഷാപദവി ചരിത്രം
ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തും ഹിന്ദിക്കു ദേശീയ ഭാഷാപദവി വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഭരണഘടന രൂപീകരണ വേളയിലും ഈ വാദം സജീവമായി. പിന്നീട് ഈ ആവശ്യത്തെ ഒരു രാഷ്ട്രീയ പദ്ധതിയായി ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോയത് ആര്‍.എസ്.എസ്സും ബി.ജെ.പിയുമാണ്. എന്നാല്‍, വിവിധ ഭാഷകളെ ഇന്ത്യന്‍ ഭരണഘടന പരിഗണിക്കുമ്പോള്‍ തന്നെ ഹിന്ദിക്കു പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഇതുമായി ബന്ധപ്പെട്ട് ഭരണഘടനാ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉടലെടുത്തിരുന്നു. 1949 സെപ്റ്റംബറില്‍ ഭരണഘടന അസംബ്ലിയില്‍ ഭാഷകളുടെ പദവി നിര്‍ണ്ണയിക്കാന്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മുന്‍ഷി-അയ്യങ്കാര്‍ ഫോര്‍മുലയാണ് അംഗീകരിച്ചത്. ഭരണഘടന നിര്‍മ്മാണസഭയില്‍ അംഗമായിരുന്ന ആര്‍.വി. ദുലേക്കര്‍ പറഞ്ഞത് ഹിന്ദുസ്ഥാനി ഭാഷ അറിയാത്തവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹരല്ലെന്നായിരുന്നു. ഹിന്ദി വാദത്തെ ഏറ്റവും ശക്തമായി മുന്നോട്ടുവെച്ചയാളായിരുന്നു ദുലേക്കര്‍. എന്നാല്‍, ഇങ്ങനെയുള്ള തീവ്രഭാഷ നിലപാടുകള്‍ ഭരണഘടന നിര്‍മ്മാണസഭയില്‍ തടയപ്പെട്ടു.
ദേവനാഗരി ലിപിയിലുള്ള ഹിന്ദിയായിരിക്കും രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ. പക്ഷേ, അതു ദേശീയ ഭാഷയാണ്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ഇംഗ്ലീഷ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അടുത്ത 15 വര്‍ഷക്കാലത്തേക്ക് ഉപയോഗിക്കാം. അതിന്റെ കാലാവധി 1965 ജനുവരി 26 ആയിരിക്കും- ഇതായിരുന്നു അംഗീകരിക്കപ്പെട്ട വാദം. അതുപോലും അമിതപ്രാധാന്യമാണെന്ന വാദം നിലനില്‍ക്കുന്നു. എന്നാല്‍, പിന്നീട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭാഷാസമരങ്ങള്‍ ആളിക്കത്തിയതോടെ 1963-ല്‍ നെഹ്റു സര്‍ക്കാര്‍ ഇംഗ്ലീഷും ഹിന്ദിയോടൊപ്പം ഔദ്യോഗിക ഭാഷയാക്കി പ്രഖ്യാപിച്ചു. ഇതോടെ പ്രതിഷേധം തണുത്തു. എന്നാല്‍, നെഹ്റുവിനു ശേഷം ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായപ്പോള്‍ വീണ്ടും പ്രതിഷേധം ശക്തമായി. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇംഗ്ലീഷ് ഉപയോഗിക്കണമെന്നും സിവില്‍ സര്‍വ്വീസ് അടക്കമുള്ള പരീക്ഷകള്‍ ഹിന്ദിയില്‍നിന്നു മാറ്റി ഇംഗ്ലീഷ് ഭാഷയിലാക്കിയതും. ഇംഗ്ലീഷോ സംസ്ഥാനങ്ങള്‍ക്ക് ഇഷ്ടപ്രകാരമുള്ള മറ്റേതെങ്കിലും ഭാഷയോ ഉപയോഗിക്കാമെന്നുമായി. 1968-ല്‍ ദേശീയ വിദ്യാഭ്യാസനയം വന്നു. ഈ നയപ്രകാരം ത്രിഭാഷാ ഫോര്‍മുലയും വന്നു.
ഇംഗ്ലീഷിനും പ്രാദേശിക ഭാഷയ്ക്കും ഒപ്പം ഹിന്ദി ഓപ്ഷണല്‍ ആയി വന്നത് അങ്ങനെയാണ്. ഓര്‍ക്കണം, അപ്പോഴും ഹിന്ദി നിര്‍ബ്ബന്ധമല്ല. ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരട് ഇറങ്ങിയപ്പോഴാണ് ഹിന്ദിയുമായി ബന്ധപ്പെട്ട വിവാദം പിന്നെ പൊട്ടിപ്പുറപ്പെട്ടത്. ഹിന്ദി പഠനം നിര്‍ബ്ബന്ധമാക്കണമെന്ന കരടിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമുണ്ടായത് മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് ആ നയം സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍, പിന്നീട് മറ്റൊരു അവസരം കിട്ടിയപ്പോള്‍ സര്‍ക്കാരിന്റെ നിലപാട് അമിത്ഷാ ആവര്‍ത്തിച്ചു. ഹിന്ദിയുടെ പദവി സംബന്ധിച്ച അവ്യക്തതകള്‍ അവസാനിപ്പിച്ചുള്ള തീരുമാനവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഏകപക്ഷീയമായി ഉണ്ടായേക്കാമെന്ന സംശയവും നിലനില്‍ക്കുന്നു.
ഔദ്യോഗിക ഭാഷാപദവി അനര്‍ഹം
ഭാഷാവൈവിധ്യം അംഗീകരിക്കേണ്ടതാണെന്നു ഭരണഘടന നിര്‍മ്മാണസഭയില്‍ വ്യക്തമായെങ്കിലും ഭരണഘടനാ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ചില സന്ദേഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഹിന്ദി അനുകൂലികളുടെ പ്രതിഷേധം ശമിപ്പിക്കാന്‍ വേണ്ടിയാണ് ഔദ്യോഗിക ഭാഷ എന്ന പദവി ഉണ്ടാക്കിയെടുത്തതെന്ന വാദം ബലപ്പെട്ടു. ഒരര്‍ത്ഥത്തില്‍ അത് ശരിയുമായിരുന്നു. ഔദ്യോഗിക ഭാഷാപദവി എന്നത് ദേശീയഭാഷയെന്നു വിളിക്കുന്നതിനു പകരമായി ഉപയോഗിക്കുകയായിരുന്നു. ഭാഷയുടെ കാര്യത്തില്‍ ഒരു ശ്രേണീവ്യവസ്ഥയാണ് ഭരണഘടനയില്‍ സൃഷ്ടിക്കപ്പെട്ടതെന്നും ഇക്കാര്യത്തില്‍ ബോധപൂര്‍വ്വമായോ അബോധപൂര്‍വ്വമായോ ഭാഷാഅധീശത്വത്തിനു വേണ്ടി ഭാഷാ നയരൂപീകരണം നടത്തിയവര്‍ ശ്രമിച്ചിട്ടുണ്ടെന്നുമുള്ള ആക്ഷേപം അന്നും ഇന്നുമുണ്ട്. ഭരണഘടനയുടെ 351-ാം വകുപ്പ് ഇതിന്റെ ഉദാഹരണമാണ്. ഹിന്ദി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ശ്രമിക്കണമെന്നാണ് ഈ വകുപ്പ് പറയുന്നത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഭാഷാനയത്തിലും നടപ്പാക്കിയെന്നാണ് ചില വിദഗ്ദ്ധരുടെ വാദം. ഹിന്ദി ദേശീയഭാഷയല്ലെന്നു പറയുമ്പോഴും മറ്റു ഭാഷകളില്‍നിന്നു വ്യത്യസ്തമായ പദവി ഭരണഘടനാപരമായി ഹിന്ദി നല്‍കി.
ഇതിന്റെ കനലുകളാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം പ്രതിഷേധം സൃഷ്ടിക്കുന്നതും. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള പിന്നീടുള്ള നീക്കങ്ങള്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് തമിഴ്നാട്ടില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്കാണ് കാരണമായത്. 1960-കളില്‍ നടന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭം ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആധിപത്യം തമിഴ്നാട്ടില്‍ സ്ഥാപിക്കുന്നതിനും സഹായകമായി. ഭൂരിപക്ഷ വാദത്തിനെതിരേയുള്ള അണ്ണാദുരൈയുടെ വാചകം ഇന്നും പരാമര്‍ശിക്കാറുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ ദേശീയ ഭാഷയാകുകയാണെങ്കില്‍ ഏറ്റവും കൂടുതലുള്ള കാക്കയാവണം ദേശീയ പക്ഷിയെന്നായിരുന്നു ഡി.എം.കെ നേതാവ് സി.എന്‍. അണ്ണാദുരൈ പറഞ്ഞത്.
1937-ല്‍ മദ്രാസ് പ്രസിഡന്‍സിയിലെ ആദ്യ മന്ത്രിസഭയാണ് ഹിന്ദി സ്‌കൂളുകളില്‍ നിര്‍ബ്ബന്ധിതമാക്കിയത്. അന്ന് മൃദു ഹിന്ദുത്വവാദിയായ സി. രാജഗോപാലാചാരിയാണ് മുഖ്യമന്ത്രി. ഇ.വി. രാമസ്വാമിയുടെ നേതൃത്വത്തില്‍ സ്വയംമര്യാദൈ ഇയക്കം പ്രസ്ഥാനത്തിന്റെ കീഴില്‍ ഇതിനെതിരെ വന്‍ പ്രക്ഷോഭമാണ് നടന്നത്. ലോകത്തിലുള്ള മറ്റു സമുദായങ്ങളെപ്പോലെ ആത്മാഭിമാനവും യുക്തിബോധവുമുള്ള സമൂഹമായി മാറണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. തമിഴില്‍ കലര്‍ന്നിട്ടുള്ള സംസ്‌കൃത ശബ്ദങ്ങള്‍ ഇല്ലായ്മ ചെയ്ത് ശുദ്ധ തമിഴ് രൂപപ്പെടുത്തുന്നിനുള്ള മുന്നേറ്റമായ തനിത്തമിഴ് ഇയക്കം അതിനു മുന്‍പേയുണ്ടായിട്ടുണ്ട്. ഇങ്ങനെ തമിഴ്നാടിന്റെ ചരിത്രത്തില്‍ ഭാഷാസമരങ്ങളും മുന്നേറ്റങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്.
ആത്യന്തികമായി ഇന്ത്യയിലെ അധികാര രാഷ്ട്രീയത്തിന്റെ ഘടനയില്‍നിന്ന് ഭാഷയെ വേര്‍പെടുത്തണമെന്നതായിരുന്നു പെരിയാറുടെ വാദം. തുടര്‍ന്നു നടന്ന വലിയ പ്രക്ഷോഭങ്ങള്‍ക്കു നേരേ വെടിവയ്പുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി എഴുപതിലധികം പേര്‍ കൊല്ലപ്പെട്ടു. 1967-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഡി.എം.കെ നേതാവ് അണ്ണാദുരൈ മുഖ്യമന്ത്രിയായി. പിന്നീടുള്ളതു ചരിത്രം.
ഏതായാലും ഹിന്ദി ഭാഷ ദേശീയഭാഷയാവാതിരുന്നതിനു പിന്നില്‍ ഇത്തരത്തിലുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ തന്നെയായിരുന്നു കാരണം. എന്നാല്‍, ആര്‍.എസ്.എസ്സിനെ സംബന്ധിച്ചിടത്തോളം അവരുടെ രാജ്യത്തെക്കുറിച്ചുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ഭാഷയുമായി ബന്ധപ്പെട്ടുള്ള കാര്യവും മുന്നോട്ടുവെച്ചത്. ആര്‍.എസ.എസ്സിന്റെ രണ്ടാം സര്‍സംഘ് ചാലക് ആയിരുന്ന എം.എസ്. ഗോള്‍വാള്‍ക്കര്‍ സംസ്‌കൃത ഭാഷ ദേശീയ ഭാഷയാക്കണമെന്ന നിലപാടുകാരനായിരുന്നു. എന്നാല്‍, അത് സാധ്യമാകുംവരെ ഹിന്ദിക്കു വേണ്ടിയായിരുന്നു അദ്ദേഹം നിലകൊണ്ടത്. ഭാരതീയ ജനസംഘത്തിന്റെ മുദ്രാവാക്യം തന്നെ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാനി എന്നതായിരുന്നു. എന്നാല്‍, ദക്ഷിണേന്ത്യയില്‍ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാന്‍ വേണ്ടിയാണ് ഭാഷാപ്രശ്നം സങ്കീര്‍ണ്ണമാക്കാതിരുന്നത്. ഇനി അതിന്റെ ആവശ്യമില്ലെന്ന തോന്നലിലാകും പഴയ നയങ്ങളിലേക്ക് ആര്‍.എസ്.എസും ബി.ജെ.പിയും തിരിച്ചുപോകുന്നത്.
ഭാഷാബഹുസ്വരതയെ തകര്‍ക്കുമെന്ന ഭീഷണി നിലനില്‍ക്കെ സര്‍ക്കാര്‍ മേഖലയില്‍ നടപ്പാക്കുന്ന ഇംഗ്ലീഷ്വിരുദ്ധ നീക്കങ്ങള്‍ ദളിത്-ആദിവാസി വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും കാഞ്ച ഇളയ പറയുന്നു. തമിഴ്നാട്ടില്‍ ഹിന്ദിവിരുദ്ധ പ്രക്ഷോഭം സഹായിച്ചത് സവര്‍ണ്ണരായ ബ്രാഹ്മണരെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനേയും ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയേയുമൊക്കെ അദ്ദേഹം ഉദാഹരിക്കുന്നുണ്ട്. മോദി സര്‍ക്കാരില്‍ ധനമന്ത്രിയായ നിര്‍മ്മല സീതാരാമനും വിദേശമന്ത്രിയായ എസ്. ജയശങ്കറുമൊക്കെ ഇത്തരത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ നേട്ടം അനുഭവിച്ച ബ്രാഹ്മണരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദളിതരും പിന്നാക്ക വിഭാഗങ്ങളും ഇംഗ്ലീഷ് പ്രാവീണ്യം നേടുന്ന അവസരങ്ങള്‍ ഒഴിവാക്കുന്നത് ആഗോള തൊഴില്‍ മേഖലയില്‍ ഈ വിഭാഗങ്ങള്‍ പിന്തള്ളപ്പെടാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറയുന്നു. അനുവദിക്കാന്‍ പോകുന്ന വിദേശ സര്‍വ്വകലാശാലകളില്‍ ഹിന്ദി മാത്രമേ പഠിപ്പിക്കുകയുള്ളോ എന്നു ചോദിക്കുന്നു കാഞ്ച ഇളയ. ജെ.എന്‍.യു, ഡല്‍ഹി സര്‍വ്വകലാശാലകള്‍ ഹിന്ദി മീഡിയം സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഹിന്ദി അടിച്ചേല്‍പ്പിക്കലെന്നും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.
ഏതായാലും ശക്തമായ പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരെ ഉണ്ടായത്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ പാടില്ല എന്നു വാദിച്ചുള്ള പ്രചാരണവും ശക്തമായിരുന്നു. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, ഡി.എം.കെ, ജെ.ഡി(എസ്) തുടങ്ങിയ രാഷ്ട്രീയപ്പാര്‍ട്ടികളും ശക്തമായി രംഗത്തു വന്നു. ചരിത്രം നിഷേധിച്ചുകൊണ്ടും ഭാഷാവൈവിധ്യങ്ങളെ തെല്ലും ഉള്‍ക്കൊള്ളാതേയും സംഘപരിവാര്‍ നടപ്പിലാക്കുന്ന ഏകാധിപത്യ നയങ്ങളുടെ തുടര്‍ച്ചയായാണ് അമിത്ഷായുടെ നിര്‍ദ്ദേശത്തേയും കാണേണ്ടത്.
ഈ ലേഖനം വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates