കേരളവും മലയാളവും സിനിമയുമുള്ള കാലമത്രയും ഇടം നഷ്ടപ്പെടാത്ത പേരുകള്‍ എത്രയോ ഉണ്ട്; കാലത്തെ അതിജീവിക്കുന്ന പ്രതിഭകള്‍ നിരനിരയായി ഓര്‍മ്മയുടെ മുന്നില്‍ വന്നുനില്‍ക്കും. സംവിധായകനായും കഥയും തിരക്കഥയും എഴുതിയവരായും നടനായും നടിയായും നിര്‍മ്മാതാവായും പാട്ടെഴുതിയവരായും സംഗീതംകൊണ്ട് ജീവന്‍ കൊടുത്തവരായും പാടിയവരായും. വെറും പേരുകളല്ല; ജീവിച്ച, ജീവിക്കുന്ന കാലത്തിന്റെ ഭാഗം തന്നെയാകുന്നവര്‍. വിഖ്യാത ഛായാഗ്രാഹകനായി നിറഞ്ഞുനില്‍ക്കുന്ന സംവിധായകനും പിന്നെ എഴുത്തുകാരനുമായ വേണു സ്വന്തം ഇടത്തില്‍ അങ്ങനെ ഒരൊറ്റപ്പേരാണ്. പ്രതിഭകളുടെ നിരയില്‍ വേണുവിനുള്ളത് വേണുവിന്റെ പേരും പെരുമയും തന്നെയാണ്; അതു നേടിയത് പ്രതിഭാസ്പര്‍ശം കൊണ്ടാണു താനും.
മണി കൗള്‍, ജോണ്‍ എബ്രഹാം, ബുദ്ധദേബ് ദാസ് ഗുപ്ത, പമേല റൂക്‌സ്, എം.ടി. വാസുദേവന്‍ നായര്‍, ഭരതന്‍, ലോഹിതദാസ്, കെ.ജി. ജോര്‍ജ്, സന്താനഭാരതി, പ്രഭുദേവ, എസ്.ജെ. സൂര്യ; ഭാഷകള്‍ക്കപ്പുറത്ത് ചലച്ചിത്രലോകം അടയാളപ്പെടുത്തിയ അത്ഭുത പ്രതിഭകളുടെകൂടെ സഞ്ചരിക്കാനാവുക എന്നത് ഒരു കലാകാരനെ സംബന്ധിച്ച് അനുഭവങ്ങളുടെ അമൂല്യശേഖരമാകുന്നു.
''ഞാന്‍ എന്റെ പഴയകാലത്തിലേക്കു കാര്യമായിട്ടങ്ങനെ പോകാറില്ല. ചെയ്ത പല പടങ്ങളും കണ്ടിട്ടില്ല; എത്ര സിനിമ ചെയ്തു എന്ന ലിസ്റ്റുമില്ല'' എന്ന് വേണു പറയുന്നത് ശരിയാണ്. പക്ഷേ, കേരളത്തിനു വേണുവിനെ നന്നായി ഓര്‍മ്മയുണ്ട്. മലയാളത്തിനു പുറമേ തമിഴും തെലുങ്കും ഹിന്ദിയും ബംഗാളിയും മറാത്തിയും ഇംഗ്ലീഷും; വിവിധ ഭാഷകളിലായി എഴുപത്തിയഞ്ചിലധികം സിനിമകള്‍. എം.ടിയുടെ തിരക്കഥയില്‍ ചെയ്ത 'ദയ'യില്‍ തുടങ്ങി നാലു സിനിമകളുടെ സംവിധാനം, വിശ്വവിഖ്യാതര്‍ക്കൊപ്പം അവരുടെ വിശ്വാസവും സ്‌നേഹവും മാത്രമല്ല, ആദരവു കൂടി നേടി പ്രവര്‍ത്തിച്ച കാലം. നാല് ദേശീയ അവാര്‍ഡുകളും നാല് സംസ്ഥാന അവാര്‍ഡുകളും. പക്ഷേ, ''ഏതു വര്‍ഷമാണ് ദേശീയ അവാര്‍ഡ് കിട്ടിയത് എന്നു ചോദിച്ചാല്‍ ആദ്യത്തെ എനിക്ക് ഓര്‍മ്മയുണ്ട്, 1986-ല്‍ ആണ്; പിന്നെയൊന്നും ഓര്‍മ്മയില്ല. ഇങ്ങനെയൊക്കെയുള്ള രേഖകള്‍ മനസ്സില്‍ സൂക്ഷിക്കാറേയില്ല'' എന്നാണ് വേണുവിന്റെ മറുപടി.
കാലപ്പഴക്കംകൊണ്ടു മറക്കാത്ത, മനസ്സില്‍ തട്ടിനില്‍ക്കുന്ന സിനിമകളുടെ ഭാഗമായ വേണുവുമായി ശ്രദ്ധേയനായ നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍ സിനിമാ വര്‍ത്തമാനം പറയുകയാണ്.
ഇന്നു കാണുന്ന സിനിമകളിലെ റിയാലിറ്റിയുടെ പതിന്മടങ്ങ് റിയല്‍ സിനിമയായിരുന്നല്ലോ വേണുവിന്റെ ആദ്യ ചിത്രമായ 'പ്രേംനസീറിനെ കാണ്മാനില്ല.' പേനകൊണ്ട് എഴുതുന്നതുപോലെ ക്യാമറകൊണ്ട് എഴുതാമെന്നു കാണിച്ച അനുഭവം. അതിലേക്കു വരുന്നതിനു മുന്‍പ്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിക്കാന്‍ ആഗ്രഹിച്ചതാണോ, ആരെങ്കിലും ഇതാണ് വഴി എന്നു കാണിച്ചുതന്നതാണോ. പ്രത്യേകിച്ചും കാര്യമായി സിനിമയൊന്നുമില്ലാതിരുന്ന കോട്ടയം പോലെ ഒരിടത്തുനിന്ന്?
അങ്ങനെ പറഞ്ഞുതന്ന ഒരാളില്ല. അതുതന്നെ പഠിക്കണമെന്നോ സിനിമയില്‍ എത്തണമെന്നോ തീരുമാനിച്ചു പഠിക്കാന്‍ പോയതുമല്ല. അങ്ങനെയൊരു ആളെക്കാള്‍ സിനിമയോട് താല്പര്യം തോന്നാനും സിനിമയെ അറിയാനും ഉപകാരപ്പെട്ടത് കലാകൗമുദിയില്‍ കള്ളിക്കാട് രാമചന്ദ്രന്‍ എഴുതിയ ലേഖനങ്ങളാണ്. ഞാന്‍ പക്ഷേ, എന്തെങ്കിലുമൊരു ജോലി കിട്ടുന്നതിനുള്ള ശ്രമമാണ് നടത്തിയത്. ഒന്നാമത്, അടിയന്തരാവസ്ഥ അങ്ങോട്ടു കഴിഞ്ഞ സമയമായിരുന്നു. ഞാന്‍ സി.എം.എസ് കോളേജില്‍ ഡിഗ്രി കഴിഞ്ഞു. എന്തെങ്കിലുമൊരു പരിപാടി വേണ്ടേ. ഒരു ടെസ്റ്റും എഴുതിയിട്ടില്ല. ഞാന്‍ ജീവിതത്തില്‍ ആകെ എഴുതിയ ഒരു ടെസ്റ്റ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാനുള്ള ടെസ്റ്റാണ്. അതു കിട്ടിയാല്‍ കുറച്ചുനാള്‍ അതും പറഞ്ഞ് നടക്കാമല്ലോ എന്നായിരുന്നു. ആ ഉദ്ദേശ്യത്തില്‍ പോയതാണ്. അതു കിട്ടി, ഭാഗ്യത്തിന്. പിന്നെ, കോട്ടയം തീരെ സിനിമ ഇല്ലാത്ത സ്ഥലമൊന്നുമായിരുന്നില്ല. ഞങ്ങള്‍ക്കവിടെ സിനിമ കാണാനുള്ള സൗകര്യമൊക്കെ ഉണ്ടായിരുന്നു. രാജ്മഹാള്‍ തിയേറ്ററിലും സ്റ്റാര്‍ തിയേറ്ററിലും അന്നു നല്ല സിനിമകളൊക്കെ വരുമായിരുന്നു.
അടിയന്തരാവസ്ഥകൊണ്ട് ചില ഗുണങ്ങളുമുണ്ടായി എന്നു പറയാറില്ലേ. അത് ഈ സിനിമകളുടെ കാര്യത്തിലുമുണ്ടായി എന്നു പറയേണ്ടിവരും. അമേരിക്കന്‍ സിനിമകളുടെ ഇംപോര്‍ട്ട് നിര്‍ത്തി. യൂറോപ്യന്‍ സിനിമകള്‍, അതും വളരെ പ്രശസ്ത സിനിമകള്‍ കോട്ടയത്ത് തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്. അലന്‍ റെനെയുടെ പടം, റോബര്‍ട്ട് ബ്രേസ്സന്റെ പടം, അങ്ങനെ എത്ര സിനിമകള്‍. ഒരു ഷോയേ കാണുകയുള്ളൂ, മോണിംഗ് ഷോ മാത്രം. അന്ന് മോണിംഗ് ഷോ കാണാന്‍ വരുന്നത് ഒരു സ്ഥിരം ക്രൗഡാണ്. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും അറിയാവുന്നവരാണ്. ഒരു പത്തിരുപത്തിയഞ്ചു പേര്‍ കാണും; അത്രേയുള്ളു.
എറണാകുളം ശ്രീധറില്‍ ഈ പറഞ്ഞ സിനിമകള്‍ വന്ന കാലത്തേക്കുറിച്ച് പി.എഫ്. മാത്യൂസ് പറഞ്ഞിട്ടുണ്ട് എന്നോട്. നിങ്ങള്‍ ഒരേ പ്രായമായിരിക്കണം. കോട്ടയത്തും എറണാകുളത്തുമൊക്കെ ഈ സിനിമകള്‍ ഒരുമിച്ചായിരിക്കണം വന്നത്. ഒരു ഷോ മാത്രമേ ഉണ്ടാകാറുള്ളൂ എന്നും പറഞ്ഞിട്ടുണ്ട്. വേണു 'പ്രേംനസീറിനെ കാണ്മാനില്ല' ചെയ്യുമ്പോള്‍ നക്‌സലൈറ്റ് മൂവ്മെന്റിന്റെ അലകള്‍ അവസാനിച്ചിട്ടില്ലാത്ത കാലമാണല്ലോ. നാട്ടില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും കഷ്ടപ്പാടുമൊക്കെ കാര്യമായിത്തന്നെയുണ്ടുതാനും. അന്നത്തെ ഒരു ജനറേഷനെ കൃത്യമായി പ്ലേസ് ചെയ്യാന്‍ ആ സിനിമയ്ക്കു കഴിഞ്ഞു. കഥാപാത്രങ്ങളുടെ ഉള്ളൂ കാണിച്ചുതരുന്ന വിധത്തിലുള്ള ഫ്രെയിമുകള്‍. ലെനിന്‍ രാജേന്ദ്രന്‍ എന്ന സംവിധായകന്റെ തുടക്കം. അതേക്കുറിച്ച് എന്തു പറയാന്‍ കഴിയും?
എനിക്കെന്തു പറയാന്‍ കഴിയും അതില്‍. എന്റെ ആദ്യത്തെ സിനിമയല്ലേ. അതുതന്നെ ഒരു കൈമറിഞ്ഞു വന്നതാണ്. ശരിക്കും ഷാജി സാര്‍ (ഷാജി എന്‍. കരുണ്‍) ചെയ്യേണ്ട പടമാണ്. അദ്ദേഹത്തിനു വേറെ എന്തോ കാര്യമുണ്ടായിരുന്നതുകൊണ്ട് എനിക്കു കിട്ടിയതാണ്. സിനിമ പോലെതന്നെ ഉണ്ടായ പ്രധാനപ്പെട്ട ഒരു അനുഭവം, ഞാന്‍ അന്നാണ് ആദ്യമായി കാട് കാണുന്നത്. പറമ്പിക്കുളത്തായിരുന്നു ഷൂട്ടിംഗ്. കാട് ഒരു അനുഭവമായിരുന്നു. ഞാന്‍ ഇപ്പോഴും തുടരുന്ന ഒരു പാഷനായിട്ട് ശരിക്കു പറഞ്ഞാല്‍ അത് മാറി. ആ സിനിമയാണ് അതിന് ഇടയാക്കിയത്.
പഴയകാലത്തെ മാസ്റ്റേഴ്സിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ ഭാഗ്യം കിട്ടിയ ക്യാമറാമാന്‍ ആണല്ലോ. ശരിക്കും ആ ഒരു ഭാഗ്യം ഇത്രയ്ക്കു കിട്ടിയ വേറെ ഒരാളും ഉണ്ടെന്നു തോന്നുന്നില്ല. സാഹിത്യസൃഷ്ടികളുമായി ബന്ധപ്പെട്ട സിനിമകള്‍; പത്മരാജന്‍, എം.ടി., ലോഹിതദാസ്. പിന്നീട് വളരെ പ്രശസ്തരായി മാറിയ സിദ്ദീഖ് ലാല്‍ ഒന്നിച്ചു സംവിധാനം ചെയ്തപ്പോഴും രണ്ടുപേരും വെവ്വേറെ ചെയ്തപ്പോഴുമുള്ള സിനിമകള്‍; ഇവരെല്ലാം വ്യത്യസ്തരായിരുന്നു?
എം.ടി. സാര്‍ സംവിധാനം ചെയ്ത ഒരു പടമേ ഞാന്‍ ചെയ്തുള്ളൂ, കടവ്. പക്ഷേ, അദ്ദേഹത്തിന്റെ തിരക്കഥകളില്‍ ചെയ്ത കുറേ സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞു. എം.ടിയേയും പത്മരാജനേയും താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണ്, അതിന്റെ ആവശ്യവുമില്ല. എന്നാലും എനിക്കു തോന്നുന്നത് എം.ടി. സാറിനേക്കാള്‍ കുറച്ചുകൂടി ഇംപ്രൊവൈസേഷന്‍ കൂടുതല്‍ പത്മരാജന് ആയിരിക്കും. എം.ടി. സാര്‍ എഴുതിയ കഥകളില്‍ അതിന്റെ ഒരു വാക്കുപോലും മാറ്റാന്‍ അനുവദിക്കാറില്ല. അങ്ങനെയൊരു അവസ്ഥയുമുണ്ട്.
ഒരു നോട്ടംപോലും എം.ടി. സാര്‍ തിരക്കഥയില്‍ എഴുതിവയ്ക്കും എന്നു കേട്ടിട്ടുണ്ട്; വായിച്ച് അനുഭവവുമുണ്ട്?
അതിപ്പോ, എഴുത്തിന്റെ ഒരു ഒഴുക്കില്‍ വരുന്ന ഡീറ്റെയില്‍സ് സിനിമ ചെയ്യുമ്പോള്‍ വരണം എന്നില്ല. പക്ഷേ, അദ്ദേഹം എഴുതിവച്ച തിരക്കഥയില്‍ ഒരു സീന്‍ ഉണ്ടെങ്കില്‍ അതു സിനിമയിലും ഉറപ്പായും ഉണ്ടായിരിക്കും. അതല്ലാതെ സ്‌ക്രിപ്റ്റായി ഓരോ സീനും നോക്കി അതുണ്ടോ എന്നു ശ്രദ്ധിക്കുക, അതൊന്നുമില്ല.
പത്മരാജന്റെ ഇംപ്രൊവൈസേഷന്‍...?
ഞങ്ങള്‍ അതു പലപ്പോഴും ഡിസ്‌കസ് ചെയ്തിട്ടുള്ള വിഷയമാണ്. മധുപാലിന് അതു പറഞ്ഞാല്‍ മനസ്സിലാകും. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളൊക്കെ കഴിഞ്ഞ് ഒരു സ്റ്റേജൊക്കെ അപ്പോഴേയ്ക്കും അദ്ദേഹം എഴുതുന്ന സ്‌ക്രിപ്റ്റ് (നമുക്ക് അതു വായിക്കുമ്പോള്‍തന്നെ ആ ഷോട്ട് മനസ്സില്‍ വരും) പാറ്റേണൈസ്ഡ് ആയിപ്പോകുന്ന ഒരു സ്ഥിതിയിലേക്ക് അതു വന്നു. ചെറിയ ചെറിയ ഡീറ്റെയില്‍സ് കൂടുതല്‍ വരാന്‍ തുടങ്ങി. ഞങ്ങള്‍ അതിനേക്കുറിച്ചു സംസാരിച്ചു. വരയ്ക്കാനുള്ള എളുപ്പത്തിന് എഴുതിയതാണ് എന്നൊക്കെ പറഞ്ഞു. പിന്നെ അതു മാറി.
പത്മരാജന്റെ സീസണ്‍ന്റെ സ്‌ക്രിപ്റ്റ് വായിച്ചിട്ടുണ്ട്. അതില്‍ സീന്‍ ഡിവിഷന്റെ എലമെന്റ് കൃത്യമായി കാണാന്‍ കഴിയും?
അതാണ്. എം.ടി. സാര്‍ അങ്ങനെയൊരു ബാധ്യത ഉണ്ടാക്കി വയ്ക്കില്ല. വായിച്ചു കഴിയുമ്പോള്‍ ഇവിടെയൊരു ക്ലോസപ് വേണമെന്നാണല്ലോ സ്‌ക്രിപ്റ്റ് റൈറ്റര്‍ ഉദ്ദേശിക്കുന്നത് എന്ന ഒരു ഭാരം നമുക്കു വരില്ല. എല്ലാക്കാര്യത്തിലുമൊന്നുമല്ല കേട്ടോ ഈ പറയുന്നത്; പൊതുവേയുള്ള കാര്യമാണ്.
ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ടായിരുന്നോ?
എം.ടി. സാര്‍ സംസാരിക്കും. പത്മരാജന്റെ കാര്യത്തില്‍, ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വ്യത്യാസമുണ്ടായിരുന്നു. പത്മരാജനും ഞാനും തമ്മില്‍ പത്തു വയസ്സിന്റെ വ്യത്യാസമേയുള്ളൂ; മരിക്കുമ്പോള്‍ 44 വയസ്സല്ലേയുള്ളൂ. എം.ടി. സാര്‍ എന്നേക്കാള്‍ വളരെ മുകളില്‍ നില്‍ക്കുന്ന ഒരാളാണല്ലോ. അദ്ദേഹത്തിന്റെ അടുത്ത് പത്മരാജനോടുള്ളതുപോലെ ഒരു ഫ്രീഡമൊന്നും ഇല്ലല്ലോ, ഇങ്ങോട്ടു വല്ലതും പറയുകയാണെങ്കില്‍ റെസ്പോണ്ട് ചെയ്യുക എന്നല്ലാതെ. ചിലപ്പോള്‍ അദ്ദേഹം പറയും, ആ സീന്‍ ഒന്നു നോക്കിയേരെ. എന്നു പറഞ്ഞാല്‍ നോക്കിയേക്കാന്‍ തന്നെയാണ്. അത്രേയുള്ളൂ, അല്ലാതെ വേറൊന്നുമില്ല.
വായനയുടെ പശ്ചാത്തലം ക്യാമറാമാന്‍ എന്ന നിലയില്‍ പ്രയോജനപ്പെട്ടിട്ടില്ലേ? എങ്ങനെയാണത്. തിരക്കഥ കയ്യില്‍ കിട്ടുമ്പോള്‍ സ്വന്തം നിലയില്‍ ദൃശ്യങ്ങളുടെ ഒരു പാറ്റേണ്‍ വരാറുണ്ടോ?
നമ്മള്‍ ആലോചിക്കുന്നത് സംവിധായകന്‍ ഒരു പാറ്റേണ്‍ തരുമായിരിക്കും, അതില്‍ ചെയ്താല്‍ മതിയല്ലോ എന്നായിരിക്കും. ചില സിനിമകളുടെ കാര്യത്തില്‍ ഈ പറഞ്ഞത് ശരിയാണ്. ഉദാഹരണത്തിന്, താഴ്വാരം. ഉറപ്പായും ഒരു വിഷ്വല്‍ പാറ്റേണ്‍ വേണം എന്നു നിശ്ചയിച്ചു തന്നെയാണ് തുടങ്ങിയത്. അല്ലാതെ അവിടെവച്ച് സംഭവിച്ചുപോയതല്ല. അതിന്റെ ലൊക്കേഷന്‍ നോക്കാന്‍ പോയപ്പോള്‍ ഞാനില്ല. അവര്‍ ഊണു കഴിക്കാന്‍ അവിടെയൊരു ഗസ്റ്റ് ഹൗസില്‍ പോയപ്പോള്‍ കൈകഴുകാന്‍ ഇറങ്ങിയിട്ടു സാര്‍ താഴേയ്ക്കു നോക്കിയപ്പോള്‍ കണ്ടതാണ് ആ സ്ഥലം.
ഒരു സിനിമ ചെയ്യുമ്പോള്‍ ഒരു മാതൃകപോലെ മനസ്സിലുള്ള സിനിമയാണത്. ഞാന്‍ തലപ്പാവ് ചെയ്യുമ്പോള്‍ ഒരു നൂറ് പ്രാവശ്യം കണ്ട സിനിമയാണ് 'താഴ്വാരം.' അതുണ്ടാക്കിയിട്ടുള്ള ഒരു ഇംപാക്റ്റ് അത്ര വലുതാണ്?
(സന്തോഷത്തോടെ നിറഞ്ഞു ചിരിക്കുന്ന വേണു) ഒരു നല്ല പരിധിവരെ ലൊക്കേഷനൊക്കെ കാണുമ്പോള്‍ അതുപോലുള്ള സിനിമയുടെ ദൃശ്യഭംഗി താനേ വരും. ലൊക്കേഷന്‍ വളരെ പ്രധാനമാണ്. ഇതു സാധാരണ ഒരു സ്ഥലത്താണെങ്കില്‍ മധു ഇപ്പോള്‍ ഈ പോയന്റ് ഓഫ് വ്യൂവില്‍ സംസാരിച്ചെന്നു വരില്ല. പക്ഷേ, ഇത് അധികം പേര് കണ്ടിട്ടില്ലാത്ത ഒരു സ്ഥലമാണ്. നമ്മള്‍ ദൃശ്യഭംഗിയൊക്കെ മനസ്സില്‍ കണ്ടിട്ടാണ് പാറ്റേണൊക്കെ ഉണ്ടാക്കുന്നത്. പൂര്‍ണ്ണമായും അതേപോലെ ചെയ്യാന്‍ പറ്റില്ല; ഏകദേശം. അതിന്റെയൊരു സ്‌റ്റൈലാണിത്. ഒരു പാറ്റേണ്‍ ആദ്യം ഉണ്ടാക്കി; ചിലപ്പോള്‍ അതു പുരോഗമിക്കുന്നതിനനുസരിച്ച് നില്‍ക്കും, ചിലപ്പോള്‍ ശരിയാകില്ല. ഇതു നിന്നു.
ഇതു പറഞ്ഞുണ്ടാക്കുന്നതാണോ?
പറഞ്ഞിട്ടൊക്കെയുണ്ട്. പക്ഷേ, ദിവസവും ഇരുന്ന് ക്ലാസ്സെടുക്കുന്നതുപോലെയുള്ള രീതിയൊന്നുമില്ല. ഒരു പാറ്റേണില്‍ വീണുകഴിഞ്ഞാല്‍ പിന്നെ ഒരുപാട് ഡിസ്‌കഷന്റെ ആവശ്യമൊന്നുമില്ല.
ഭരതന്റെ കൂടെ മാളൂട്ടി ചെയ്തപ്പോഴോ കേളി ചെയ്തപ്പോഴോ ഒന്നുമുള്ള ഒരാളെയല്ല താഴ്വാരത്തില്‍ കാണുന്നത്. ഇതേ ആളുതന്നെയാണ് സത്യന്‍ അന്തിക്കാടിന്റെ സിനിമയും ചെയ്യുന്നത്?
അതു നമ്മള്‍ ഉദ്ദേശിക്കുന്നതുപോലെ അത്ര വിഷമമുള്ള കാര്യമല്ല. ഞാന്‍ പഠിച്ച ഒരു കാര്യമെന്താണെന്നു വച്ചാല്‍, അതായത് ക്യാമറാമാന്‍ സ്വതന്ത്രനൊന്നുമല്ല. അതൊരു തെറ്റിദ്ധാരണയാണ്. നമ്മള്‍ ഒരു ഫ്രെയിം വര്‍ക്കിന് അകത്തുനിന്നുതന്നെയാണ് ചെയ്യുന്നത്. നമുക്കു ചെറിയ ഒരു ബൗണ്ടറിയൊക്കെ ഉണ്ട്. അതിന്റെ അകത്തുനിന്നേ ചെയ്യാന്‍ പറ്റുകയുള്ളൂ. അതിന്റെയകത്ത് എന്നു പറയുമ്പോള്‍ അത് ആ കഥയുടെ അല്ലെങ്കില്‍ ആ സംവിധായകന്റെ രീതിയുടെ കൂടെ ചേര്‍ന്നുപോകുന്ന ഒരു ബൗണ്ടറിയ്ക്കകത്തു തന്നെ നമ്മള്‍ നില്‍ക്കണം. ഇതല്ല ഞാന്‍ ഉദ്ദേശിച്ചത്, അല്ലെങ്കില്‍ ഈ പടം ഞാന്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ എങ്ങനെ ചെയ്യുമായിരുന്നു എന്നൊരു രീതി ഒരിക്കലും അതില്‍ വരില്ല. വന്നാല്‍ കുഴപ്പമാകും. അങ്ങനെ സംഭവിക്കുന്നവരുണ്ട്. ക്യാമറാമാന്മാരല്ല; ചില അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍; ക്യാമറാമാന്മാരും കാണുമായിരിക്കും. ഇവരൊക്കെ അസ്വസ്ഥരാകുന്നത് കാണുമ്പോള്‍ നമുക്കു മനസ്സിലാകും എന്താ പ്രശ്‌നമെന്ന്.
സംവിധായകന്‍ ഒരു ഷോട്ട് ഇങ്ങനെ എടുക്കാന്‍ പറയുമ്പോള്‍ ഇവര്‍ ചിലപ്പോള്‍ എന്നെ ഇങ്ങനെ നോക്കും. കാരണം, ആ പുള്ളി മനസ്സില്‍ വേറൊരു സിനിമ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ വന്നുകഴിഞ്ഞാല്‍ കുഴപ്പമാണ്. നമ്മള്‍ ഒരു രാജ്യത്ത് ഒരു നിയമം എന്നു പറയുന്നതുപോലെ സംവിധായകന്‍ ഉണ്ടാക്കിയ ഒരു ബിഹേവിയറല്‍ പാറ്റേണും കസ്റ്റംസും ഒക്കെ ഉണ്ടാകും. അതിന്റെ അകത്തു നിന്നിട്ടു വേണം ചെയ്യാന്‍.
മണി കൗളിന്റെ കൂടെ പ്രവര്‍ത്തിക്കുന്നതും ബുദ്ധദേബ് ദാസ് ഗുപ്തയുടെ കൂടെ ബാഗ് ബഹാദൂര്‍പോലുള്ള സിനിമകള്‍ ചെയ്യുന്നതും ഗുണയിലെ അസാമാന്യ സീനുകള്‍ ചെയ്യുന്നതും വ്യത്യസ്തമായാണ്. പ്രഭുദേവയുടേയും എസ്.ജെ. സൂര്യയുടേയും ഒപ്പം ഉള്‍പ്പെടെ പ്രവര്‍ത്തിച്ചു. ലോഹിതദാസിന്റെ ആദ്യ സിനിമ; ഇത്രയധികം പ്രതിഭകളുടെ കൂടെയുള്ള അനുഭവങ്ങള്‍ സ്വാധീനിക്കുന്നത് എങ്ങനെയാണ്?
നമ്മള്‍ എപ്പോഴും വിജയിക്കുന്നില്ല എന്നതിന് ഉദാഹരണമാണ് സത്യത്തില്‍ ഇത്രയും കനപ്പെട്ട സിനിമകള്‍. അത് എപ്പോഴും സംഭവിക്കുന്നില്ല. ഒന്നോ രണ്ടോ ഒക്കെ ചെയ്യാം; അതിനപ്പുറം സ്ട്രെസ്സാണ്. ഒരുതരത്തിലും നമുക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഭയങ്കരമായി ആഘോഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ബുദ്ധിമുട്ടാകില്ലേ. വളരെ മോശമായിട്ടു വര്‍ക്കു ചെയ്യുന്ന ആളുകളില്ലേ? അതു സംവിധായകരാകാം, ഡാന്‍സ് മാസ്റ്റേഴ്സാകാം. ഇവരൊക്കെ നമ്മുടെ അടുത്തു വന്നു വളരെ സീര്യസായിട്ട് ക്യാമറ വയ്ക്കുന്ന കാര്യമൊക്കെ പഠിപ്പിക്കുമ്പോള്‍ നമുക്കറിയാം ഇതൊന്നുമല്ല കാര്യമെന്ന്. പക്ഷേ, ചെയ്യാന്‍ പറ്റാതിരിക്കുന്ന നിസ്സഹായാവസ്ഥ. ഒരു തവണയൊക്കെ ഓകെ; പക്ഷേ, പിന്നെയങ്ങ് മടിക്കും.
ചിലതു നമുക്കു തന്നെ വേണ്ടാ എന്നു തോന്നിപ്പോകുന്ന നിമിഷങ്ങളുണ്ടാകാം. പക്ഷേ, മറ്റാളുകളുടെ ടേസ്റ്റിനൊപ്പിച്ചു നില്‍ക്കേണ്ടിവരുന്നു അല്ലേ?
ചില ഐഡിയാസാണ് പ്രശ്‌നമുണ്ടാക്കുന്നത്. എന്തിനാണ് ഇങ്ങനെ ഈ ഷോട്ട് എടുക്കേണ്ട ആവശ്യം എന്നു ചിന്തിച്ചുപോകും. ഒരു കാര്യവുമില്ലാതെയാകുമ്പോള്‍ നമുക്കതു ബുദ്ധിമുട്ടാകും.
അവര്‍ നമ്മളിലേക്ക് ഇടിച്ചുകയറ്റിക്കൊണ്ടിരിക്കുന്ന ചിലത് ഉണ്ടായിരിക്കും, അല്ലേ?
അവര്‍ തന്നെ കണ്‍വിന്‍സ്ഡ് അല്ല; അവര്‍ ആരെങ്കിലുമൊക്കെ പറഞ്ഞിട്ടു ചെയ്യുന്നതോ എവിടെയെങ്കിലുമൊക്കെ കണ്ടിട്ടു ചെയ്യുന്നതോ ആയ കാര്യങ്ങളാണ്. നമുക്കിതു പ്രകടമായിട്ട് അറിയാം. ആവശ്യമില്ലാത്തതും 'ഇല്ലീഗലും' ആണ്.
പത്മരാജന്‍ സംവിധാനം ചെയ്ത നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ അന്നത്തെക്കാലത്ത് വളരെ വലിയ റവല്യൂഷനായിരുന്നു. റേപ്പ് ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുക, കൂടെക്കൂട്ടുക എന്നത്. ആ സിനിമ ഇപ്പോഴത്തെ പുതിയ തലമുറയും വലിയ തോതില്‍ ആഘോഷിക്കുന്നു?
അതൊക്കെ നല്ല സിനിമയാണ്. അതിനു മുന്‍പും ഞാനൊക്കെ വരുന്നതിനു മുന്‍പുമുള്ള പത്മരാജന്റെ സിനിമകള്‍ എത്ര നല്ല സിനിമകളാണ്. കള്ളന്‍ പവിത്രനൊക്കെ ഗംഭീര സിനിമകളാണ്. അതുപോലെ എം.ടി. സാറിന്റെ 'നിര്‍മ്മാല്യം.' അതിന്റകത്തുള്ള ചില കാര്യങ്ങളൊക്കെ ഇപ്പോള്‍ പൊളിറ്റിക്കലി ഇന്‍കറക്റ്റാണെന്നു തോന്നുന്നുണ്ടാകും. വിശ്വാസവുമായി ബന്ധപ്പെട്ട സെന്റിമെന്റ്സൊക്കെ ഉണ്ട്. പക്ഷേ, അന്നത്തെ കാലത്തെ അതില്‍ വലിയ തെറ്റൊന്നുമില്ല. അതുതന്നെയല്ല അതു വളരെ നല്ല രീതിയില്‍, പള്‍സറിഞ്ഞു ചെയ്യുക എന്നു പറയില്ലേ, അങ്ങനെ ചെയ്ത സിനിമയാണ്. ഭയങ്കര മൂഡുള്ള സിനിമയാണ്.
ജോണ്‍ ഏബ്രഹാമിന്റെ 'അമ്മ അറിയാന്‍' അതിനേക്കാള്‍ പവര്‍ഫുള്ളായ ഒരു വിഷയം പറഞ്ഞ സിനിമയാണ്. പക്ഷേ, അത് ഇപ്പോള്‍ വേണ്ട രീതിയില്‍ അത്രയധികം ആഘോഷിക്കപ്പെടുന്നില്ല എന്നു തോന്നുന്നു?
'അമ്മ അറിയാന്‍' ഓവറായി ആഘോഷിക്കപ്പെട്ട സിനിമയാണ്; അന്നും പിന്നീടും. ആഘോഷിച്ചു മടുത്തു. വേറൊരു കാര്യം കൂടിയുണ്ടെന്നേ. നമ്മള്‍ ഈ പറയുന്ന ആഘോഷിക്കപ്പെടുന്ന സിനിമകള്‍ നോക്കിയാല്‍ അതിലൊക്കെ ഒരു താരം കാണും. പലതും അങ്ങനെയാണ്. താരാരാധനയുടെ ഒരു റിഫ്‌ലക്ഷന്‍ ആ ആഘോഷത്തില്‍ ഉണ്ടായിരുന്നു. പി.എന്‍. മേനോന്റെ സിനിമകള്‍ നല്ല സിനിമകളായിരുന്നല്ലോ; പക്ഷേ, എന്തുകൊണ്ട് ആഘോഷിക്കപ്പെട്ടില്ല. പിന്നെ, നമ്മള്‍ ഈ പറയുന്ന പല സിനിമകളും അന്നത്തെ കാലത്ത് വേണ്ടവിധം അംഗീകരിക്കപ്പെട്ടിട്ടില്ല എന്നുകൂടി കാണണം.
'പ്രേംനസീറിനെ കാണ്മാനില്ല' ഒരാഴ്ച ഓടിയിട്ടില്ല. മൂന്നോ നാലോ ദിവസമാണ് ആകെക്കൂടി ഓടിയത്. അപ്പോള്‍പിന്നെ നമ്മള്‍ അതിന്റെ തീമില്‍ പുതുമയുണ്ടെന്നു പറഞ്ഞിട്ടെന്തു കാര്യം? ആരെങ്കിലും കണ്ടാലല്ലേ?
ടി.വി. ചന്ദ്രന്റെ കൂടെ നസിറുദ്ദീന്‍ ഷായേയും മമ്മൂട്ടിയേയും വെച്ച് 'പൊന്തന്മാട' ചെയ്തല്ലോ. സി.വി. ശ്രീരാമന്റെ കഥ. അതുപോലെ സാഹിത്യകൃതികള്‍ സിനിമയാക്കിയപ്പോള്‍ അതിന്റെ ഭാഗമായ അനുഭവങ്ങള്‍ എങ്ങനെയാണ് ഓര്‍ക്കുന്നത്?
ഇതൊന്നും ഞാന്‍ തീരുമാനിക്കുന്നതോ ഏറ്റെടുക്കുന്നതോ അല്ലല്ലോ. ഈ പടങ്ങളൊന്നും എന്റെ ഓപ്ഷന്‍ അല്ലല്ലോ. സ്‌ക്രിപ്റ്റില്‍ എത്രമാത്രമുണ്ടോ അതിന്റെ ഒരു അംശം മാത്രമേ നമുക്കും കാണിക്കാന്‍ പറ്റുകയുള്ളൂ. ഒറിജിനല്‍ കഥ ഇതാണ് എന്നു പറഞ്ഞു നമുക്കു സ്‌ക്രിപ്റ്റിനെ ചലഞ്ചു ചെയ്യാന്‍ പറ്റില്ല. നമ്മളെ സംബന്ധിച്ച് അതാണ് നമ്മുടെ ഒറിജിനല്‍. കഥയുടെ കാര്യം ഞാന്‍ ക്യാമറാമാന്‍ എന്ന നിലയില്‍ അന്വേഷിക്കേണ്ട കാര്യമില്ല. പക്ഷേ, അതിന്റെ നല്ലൊരു ശതമാനം സ്‌ക്രിപ്റ്റില്‍ വരുമല്ലോ. അനുഭവങ്ങളുടെ കുറേശ്ശേ കുറേശ്ശേയൊക്കെ അടിഞ്ഞുകിടക്കുകയല്ലേ. ഇത്രകാലമായി ജീവിക്കുകയല്ലേ. അപ്പോള്‍ ചില സമയത്തു നമുക്കു തോന്നും, ഈ കഥ നമ്മുടെ മനസ്സില്‍ കിടപ്പുണ്ടല്ലോ എന്ന്. ഇയാളുടെ മനോഗതി ഇങ്ങനെയാണെങ്കിലും ചിലപ്പോള്‍ ഇങ്ങനെ ചെയ്താല്‍ നന്നാകുമല്ലോ എന്നു തോന്നും. പക്ഷേ, ഈ പറഞ്ഞതുപോലെ എല്ലാം കണക്കുകൂട്ടി ചെയ്യാന്‍ പറ്റില്ലല്ലോ. ടി.വി. ചന്ദ്രന്റെ ഞാന്‍ ക്യാമറ ചെയ്യുന്ന ആദ്യ സിനിമ 'പൊന്തന്മാട' ആണെങ്കിലും ഒരുപാടു കാലമായി എനിക്ക് ചന്ദ്രനുമായി നല്ല അടുപ്പമുണ്ട്. ധാരാളം സമയം ഞങ്ങള്‍ ഒന്നിച്ചു ചെലവാക്കിയിട്ടുണ്ട്. എനിക്ക് ചന്ദ്രനെ നന്നായിട്ടറിയാം, ചന്ദ്രന് എന്നെയും അറിയാം. അങ്ങനത്തെ ഒരു പ്രശ്‌നം അതിനകത്തില്ല. ചന്ദ്രന്‍ നന്നായി സംസാരിക്കുന്നയാളാണ്; ഒരുപാട്. പറയുന്ന കാര്യങ്ങള്‍ സെന്‍സോടെ മനസ്സിലാക്കുകയും ചെയ്യും. ആരെങ്കിലും ചെയ്യുന്ന ഒരു കാര്യം ഇഷ്ടപ്പെട്ടാല്‍ അപ്പോള്‍തന്നെ അഭിനന്ദിക്കുന്ന സ്വഭാവം ചന്ദ്രന്റെ വലിയ പ്രത്യേകതയാണ്. എന്റെ കാര്യം മാത്രമല്ല പറയുന്നത്, ആരായാലും. ഞാന്‍ ഒരുപാടു നേരം ചന്ദ്രന്റെ അടുത്തു പോയി ഇരിക്കാറുണ്ടായിരുന്നു; അടുത്ത കാലത്ത് ഇല്ല. പിന്നെ, വായിച്ച സാഹിത്യകൃതി സിനിമയാക്കാന്‍ ക്യാമറ ചെയ്യുമ്പോള്‍ അത് എന്നിലെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എനിക്കു പറയാന്‍ കഴിയില്ല. ഇതു ഞാന്‍ കണ്ടതാണോ വായിച്ചതാണോ കേട്ടതാണോ ഭാവനയില്‍ ഉണ്ടായതാണോ എന്നൊക്കെയുള്ള അനുഭവങ്ങള്‍ ചില സീനുകള്‍ ചെയ്യുമ്പോള്‍ ഉണ്ടാകാറുണ്ട്. അതുപോലെയാണ് ഇതും.
എം.ടിയുടെ സ്‌ക്രിപ്റ്റില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത 'ആരണ്യകം' വേണുവിന്റെ മനോഹരമായ ചിത്രങ്ങളിലൊന്നാണ്. അതിന്റെ കാടനുഭവം വേറെ; അതിലേക്കു വന്നത് അവരില്‍ ആരുടെ ചോയ്‌സായിട്ടാണ് എന്നറിയാന്‍ കൗതുകമുണ്ട്?
രണ്ടുപേരുടേയും ചോയ്‌സ് അല്ല. മുന്തിരിത്തോപ്പുകള്‍ കണ്ടിട്ട് ഗുരുവായൂര്‍ ശശിയാണ് പറഞ്ഞത്, ഈ പടം ചെയ്ത വേണുവിനെ വിളിക്കാം എന്ന്. അന്ന് എന്നെ പരിചയമുണ്ടായിട്ടൊന്നുമല്ല.
എം.ടിയുടെ സ്‌ക്രിപ്റ്റില്‍ 'ദയ' ആണല്ലോ ആദ്യം സംവിധാനം ചെയ്തത്. അതിനു മുന്‍പ് എം.ടിയുടെ മഞ്ഞില്‍ അസിസ്റ്റന്റ് ഡയറക്ടറായി. ഈ വിസ്മയിപ്പിക്കുന്ന ഭാഗ്യാനുഭവങ്ങള്‍ ശരിക്കും കൊതിപ്പിക്കുന്നുണ്ട്?
എന്നോട് 'ദയ'യുടെ കാര്യം എം.ടി. സാര്‍ വിളിച്ചുപറഞ്ഞപ്പോള്‍ ഒരു മാസത്തോളം ഞാന്‍ വിചാരിച്ചിരുന്നത് സാറാണ് ഡയറക്റ്റ് ചെയ്യുന്നത് എന്നാണ്. സാറെന്നെ വിളിച്ചു പറഞ്ഞതാണ് ചെയ്യാന്‍. ഞാന്‍ മറ്റൊരു പടത്തിന്റെ ലൊക്കേഷനിലായിരുന്നു, ഷൊര്‍ണൂരില്‍. അങ്ങോട്ടാണ് വിളിച്ചുപറഞ്ഞത്. ഞാനാണ് സംവിധായകന്‍ എന്ന് എനിക്ക് അറിയില്ലായിരുന്നു. ക്യാമറ ചെയ്യാനാണ് എന്നാണ് വിചാരിച്ചത്. എപ്പോഴാണെന്ന് സാര്‍ പറഞ്ഞാല്‍ മതി, ഞാന്‍ വന്നോളാം എന്നൊക്കെ പറഞ്ഞങ്ങനെ നില്‍ക്കുകയാണ്. ഞാനാണ് സംവിധാനം എന്ന് അറിയാത്തതുകൊണ്ട് പെട്ടെന്നുള്ള എക്‌സൈറ്റ്‌മെന്റും ഷോക്കുമൊന്നും ഉണ്ടായില്ല. അതുകഴിഞ്ഞ്, ഞാനാണ് സംവിധായകന്‍ എന്നു പറഞ്ഞപ്പോള്‍, സാറേ... ഞാന്‍ എന്നൊക്കെ പറഞ്ഞു. അതുമതി എന്ന് അദ്ദേഹം പറഞ്ഞു (ആ അനുഭവത്തിന്റ ആഹ്ലാദിപ്പിക്കുന്ന ഓര്‍മ്മകളില്‍ പിന്നെയും പിന്നെയും തന്നോടുതന്നെ ചിരിച്ചു വേണു). കുറച്ചുനാളായിട്ടുള്ള അടുപ്പവും വിശ്വാസവുമൊക്കെക്കൊണ്ട് ആയിരിക്കാമെന്നാണ് തോന്നുന്നത്. അല്ലെങ്കില്‍പിന്നെ എം.ടി. ഇങ്ങോട്ട് വിളിച്ചുതരേണ്ട കാര്യമില്ലല്ലോ. ഒത്തിരി നാളായിട്ട് പലതരത്തില്‍ ഞാന്‍ സാറിനെ കണ്ടിട്ടുള്ളതുകൊണ്ട്, സംസാരിച്ചിട്ടുള്ളതുകൊണ്ട് മനസ്സില്‍ കയറിയതായിരിക്കും. സാര്‍ 'കടവ്' സംവിധാനം ചെയ്യുമ്പോള്‍ ഞാന്‍ ക്യാമറ ചെയ്തല്ലോ. ആ ദിവസങ്ങളില്‍ അദ്ദേഹത്തിനു തീരെ വയ്യായിരുന്നു. സാര്‍ പറയും, ഞാന്‍ ചെയ്യും. അദ്ദേഹം തൃപ്തനായിരുന്നു എന്നു തോന്നിയിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷനായിരുന്നു. ഒരുപാട് കാശും ആ പടത്തിന് എനിക്കു തന്നു.
പല ഭാഷകളിലൂടെയുള്ള സിനിമാ യാത്രയെ ഒന്നു വിലയിരുത്തിയാല്‍ അത് എങ്ങനെയായിരിക്കും?
ഞാന്‍ എന്റെ പഴയകാലത്തിലേക്കു കാര്യമായിട്ടങ്ങനെ പോകാറില്ല. ഞാന്‍ ചെയ്ത പല പടങ്ങളും ഞാന്‍ കണ്ടിട്ടില്ല. എത്ര സിനിമ ചെയ്തു എന്ന ലിസ്റ്റുമില്ല. ഏതു വര്‍ഷമാണ് ദേശീയ അവാര്‍ഡ് കിട്ടിയത് എന്നു ചോദിച്ചാല്‍ ആദ്യത്തെ എനിക്ക് ഓര്‍മ്മയുണ്ട്, 1986-ലാണ്; പിന്നെയൊന്നും ഓര്‍മ്മയില്ല. ഇങ്ങനെയൊക്കെയുള്ള രേഖകള്‍ മനസ്സില്‍ സൂക്ഷിക്കാറേയില്ല. തിരിഞ്ഞുനോക്കുക എന്നൊക്കെ പറയുമ്പോള്‍, ഇതൊക്കെ ഒരു ഭാഗ്യത്തിന്റെ പുറത്തു സംഭവിച്ചുപോയ കാര്യങ്ങളാണ്. വേറൊന്നുമില്ല. എന്തോ ഭാഗ്യത്തിനു നമുക്കു നറുക്കു വീണു. വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ അയാള്‍ നമ്മുടെ സ്ഥാനത്തിരുന്നേനെ. അത്രേയുള്ളൂ. ഭാഗ്യം വലിയ ഒരു ഘടകമാണ്. അതു പറയാതിരിക്കാന്‍ പറ്റില്ല. നമ്മുടെ കഴിവേ അല്ല അത്.
വേണുവിന്റെ യാത്രകള്‍ രണ്ടു പുസ്തകങ്ങളായും കുറേ കുറിപ്പുകളായുമൊക്കെ വന്നിട്ടുണ്ടല്ലോ. ഒരു ആസൂത്രണവുമില്ലാത്ത യാത്രകളായിരുന്നോ അധികവും. അതിലാണോ യാത്രയുടെ ഭംഗി?
 
കുറച്ചൊക്കെ പ്ലാന്‍ ചെയ്യാതെ പോകാന്‍ പറ്റില്ലല്ലോ. ആവശ്യത്തില്‍ കൂടുതല്‍ മരുന്ന്; ആവശ്യത്തില്‍ കൂടുതല്‍ എല്ലാം. ഇതൊക്കെ ഉറപ്പായും കരുതുമല്ലോ. ഒരു ജിപ്‌സി യാത്രയൊന്നും കഴിയില്ല.
ഫോട്ടോഗ്രാഫറുടെ യാത്രയും അല്ലാത്തൊരാളുടെ യാത്രയും വ്യത്യാസമുണ്ടല്ലോ?
ഞാന്‍ ഒരുപാടു യാത്ര ചെയ്തിട്ടുണ്ട്, ക്യാമറ തൊടാതെ. ആദ്യകാലത്തൊക്കെ പ്രത്യേകിച്ചും. കാട്ടില്‍ പോകുന്ന സമയത്ത് ക്യാമറ ഇല്ലാതിരുന്നിട്ടുണ്ട്. കാട്ടിലേക്കുള്ള ചില യാത്രകള്‍ക്കു തെളിവായി ഒരു പടംപോലും ഇല്ല. കാട്ടില്‍ പോയതിന്റെ പടങ്ങള്‍ തീരെ ഇല്ലെന്നല്ല, കുറച്ചൊക്കെയുണ്ട്. അല്ലാതെ കാട്ടില്‍ ചെന്നിട്ട്, തോക്കുമായി ഇരിക്കുന്നതുപോലെ ക്യാമറയുമായിട്ടങ്ങനെ പടം കാത്ത് ഇരുന്നിട്ടൊന്നുമില്ല. 'സോളോ സ്റ്റോറീസ്' എന്ന യാത്രാ പുസ്തകത്തില്‍ പറയുന്ന യാത്രയ്ക്കുവേണ്ടി പോയപ്പോള്‍ എന്റെ ഒരേയൊരു ഉദ്ദേശ്യം ഫോട്ടോ എടുക്കുക എന്നതു മാത്രമായിരുന്നു. കുറച്ചു പ്രായമൊക്കെ ആയപ്പോള്‍ എന്നെ ഇതിനൊക്കെ കൊള്ളാമോ എന്നൊന്ന് അറിയുമെന്നു വെച്ച് പോയതാണ്. എന്തെങ്കിലും ഉദ്ദേശ്യം വേണ്ടേ പോകണമെങ്കില്‍. ഞാന്‍ വിചാരിച്ചു, എന്നാല്‍, കുറേ പടമെടുക്കാം. ഈ സ്ഥലങ്ങള്‍ ഞാന്‍ പോയിട്ടേ ഇല്ലാത്ത സ്ഥലങ്ങളാണ്. ആ സ്ഥലങ്ങളെക്കുറിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത്രയൊക്കെ പ്ലാനിംഗ് ഉണ്ടായിരുന്നു. യാത്രയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, ധാരാളം റൂട്ട് മാറ്റിയിട്ടുണ്ട്. തീരെ പ്ലാന്‍ ചെയ്യാതെ പോകാന്‍ പറ്റില്ല.
ക്യാമറ മറന്നുവച്ചിട്ട് തിരിച്ചുപോയ അനുഭവം പറയുന്നുണ്ടല്ലോ, സോളോ സ്റ്റോറീസില്‍?
(ചിരിമാത്രം കുറേ നേരം). ഇറങ്ങുന്ന ആദ്യത്തെ ദിവസമാണ് അത്. ഫഹദിന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. എനിക്ക് അവനോട് ഒരു കാര്യം പറയാനുമുണ്ട്. എന്നാല്‍, അതിലേ പോകാം എന്നുവെച്ച് അവിടെ ചെന്നപ്പോള്‍ എന്റെ ഒരു കൂട്ടുകാരനും കൂടെ വന്നു. ഞങ്ങള്‍ രണ്ടുപേരും കൂടി അവിടെ കോട്ടേജില്‍ റൂമെടുത്തു താമസിച്ചിട്ട് രാവിലെ ഞാന്‍ യാത്രയൊക്കെ പറഞ്ഞു പോയതാണ്. ക്യാമറ അവിടിരിക്കുകയാണെന്ന് ഓര്‍ത്തില്ല. കുറേക്കഴിഞ്ഞ് അവന്‍ വിളിച്ചു. ചില ആളുകള്‍ക്ക് അതൊക്കെ വലിയ പ്രശ്‌നമാണ്. ഇറങ്ങിയ ഉടനെ തടസ്സമാണ് എന്നൊക്കെ. എനിക്ക് അങ്ങനെയുള്ള ഒരു പ്രശ്‌നവുമില്ല. നമ്മള്‍ സൂക്ഷിക്കണം, എല്ലാത്തിലും സൂക്ഷിക്കണം. പക്ഷേ, പേടിക്കേണ്ട കാര്യമൊന്നുമില്ല. നമ്മള്‍ വഴിയില്‍ കാണുന്ന ആളുകളെല്ലാം അപടകടകാരികളൊന്നുമല്ല. വല്ലപ്പോഴും ഒരുത്തനൊക്കെ കാണുമായിരിക്കും. എന്നുവച്ചു നമുക്ക് എല്ലാവരേയും അവിശ്വസിച്ച്, അങ്ങോട്ടു പോയാലെങ്ങനെയാകും ഇങ്ങോട്ടു പോയാലോ എന്നൊക്കെ വിചാരിച്ചു പോകാന്‍ പറ്റുകേലല്ലോ.
എഴുതാന്‍ ഉദ്ദേശിച്ച് കുറിപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ടോ? യാത്രയില്‍; എഴുതിവയ്ക്കാത്തതില്‍ നിരാശയോ?
ആദ്യത്തെ പുസ്തകത്തിന് ഉറപ്പായും കുറിപ്പുകള്‍ ഇല്ലായിരുന്നു. ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രമാണ് പോയത്. അത് എഴുതിയത് എങ്ങനെയാണെന്നു വച്ചാല്‍, ഞാന്‍ തിരിച്ചു വന്നിട്ട് ഫേസ്ബുക്കില്‍ ഒരു ഫോട്ടോയോ മറ്റോ ഇട്ട് ചെറിയ കുറിപ്പെഴുതി. ഒരു പത്തുവരി കാണുമായിരിക്കും; ഇന്ന സ്ഥലത്തൊക്കെ പോയി എന്ന്. ചില ട്രാവല്‍ മാഗസിന്‍കാര്‍ വിളിച്ചു; അതു ഞങ്ങള്‍ക്കു തരാമോ എന്നു ചോദിച്ചു. അവര്‍ക്ക് ഒരു കുറിപ്പെഴുതി കുറേ പടങ്ങളും കൊടുത്താല്‍ മതി. ഞാനത് ഏകദേശം സമ്മതിക്കുകയും ചെയ്തു. അപ്പോഴാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്നു വിളിച്ചിട്ട് മാതൃഭൂമിക്കുവേണ്ടി എഴുതാന്‍ പറ്റുമോ എന്നു ചോദിച്ചത്. എനിക്ക് എഴുതാനൊന്നും പറ്റില്ലാന്നു ഞാന്‍ പറഞ്ഞു. ഞാനിതു വരെ എഴുതിയിട്ടില്ല, എനിക്കു യാതൊരു ധാരണയുമില്ല. എങ്കില്‍ പറഞ്ഞുകൊടുത്താല്‍ മതി, ഒരാളെ അങ്ങോട്ടു വിടാം എന്ന് അവര്‍ പറഞ്ഞു. വേണ്ടാന്നു പറയാന്‍ പറ്റുന്നതിനു മുന്‍പേ, തൊട്ടടുത്ത ദിവസം തന്നെ ഒരാള്‍ വന്നു കഴിഞ്ഞു. അറിയാവുന്ന ആളാണ്. എന്തായാലും അതുവേണ്ട എന്നു ഞാന്‍ കരുതി. ഒരു മാസം കൊണ്ട് ഒരു ചാപ്റ്റര്‍ എഴുതി. കൊള്ളാമെന്ന് അവര്‍ പറഞ്ഞതുകൊണ്ട് ഞാന്‍ ബാക്കികൂടി എഴുതി. അല്ലെങ്കില്‍ ഞാന്‍ എഴുതില്ലായിരുന്നു. എഴുതിക്കഴിയുമ്പോള്‍ നല്ല ഭാഷയാണെന്നൊക്കെ മറ്റുള്ളവര്‍ പറയുമ്പോള്‍ സന്തോഷം തോന്നുമായിരിക്കും. ആദ്യം പക്ഷേ, എഴുതാന്‍ തോന്നണ്ടേ.
ഒറ്റയ്ക്കുള്ള യാത്ര എങ്ങനെയാണ് അനുഭവപ്പെടുന്നത്?
ഒറ്റയ്ക്കുള്ള യാത്ര; എന്റെ അനുഭവമാണ് ഈ പറയുന്നത്; ഒറ്റയ്ക്കാണ് എന്ന തോന്നല്‍ പലപ്പോഴും എനിക്കില്ല. പിന്നെ, നമ്മള്‍ എല്ലാക്കാര്യങ്ങളും കൂടുതല്‍ ശ്രദ്ധിക്കുകയുമൊക്കെ ചെയ്യും. കൂട്ടുകൂടി ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് 
മുന്‍പൊക്കെ. സ്ഥിരം യാത്രാസംഘം ഉണ്ടായിരുന്നു. അങ്ങനെ പോയിട്ടുണ്ട്. അല്ലാതെ ഞാനും ബീനയും കൂടി പോയിട്ടുണ്ട്. ഞാനും ബീനയും മാളുവൊക്കെക്കൂടി (മകള്‍-മാളവിക) പോയിട്ടുണ്ട്. പലതരത്തിലുള്ള യാത്രകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, ഇതാണ് ഏറ്റവും എന്‍ജോയബിള്‍ എന്നതില്‍ സംശയമില്ല. ഒറ്റയ്ക്കിരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു പാടായിരിക്കും. അങ്ങനെയുള്ളവരെ ഇതിനു പ്രേരിപ്പിക്കുക എന്നു പറയുന്നത് വലിയ പാതകമായിരിക്കും. 
ഒറ്റയ്ക്കുള്ള യാത്രകളില്‍ എനിക്കു തോന്നിയിട്ടുള്ള ഒരു പ്രധാന കാര്യം, വേറൊരാളുടെ കാര്യം കൂടി നമ്മള്‍ ശ്രദ്ധിക്കേണ്ട എന്നാണ്?
അതെ, നമ്മുടെ കാര്യവും വേറൊരാള്‍ ശ്രദ്ധിക്കേണ്ടിവരില്ല. പിന്നെ, വീട്ടിലിരിക്കുന്നവര്‍ക്ക് ഉല്‍ക്കണ്ഠ ഉണ്ടാകാതിരിക്കില്ലല്ലോ. ചെറിയ ഒരു ഉല്‍ക്കണ്ഠ കാണും.
സോളോ സ്റ്റോറീസിന്റെ ഒടുവില്‍, മടങ്ങി എത്തിയ വേണുവിനെ വീട്ടിലെ സ്വീകരണമുറിയില്‍ കണ്ട്, ബാത്ത്‌റൂമില്‍നിന്ന് ഇറങ്ങിവന്ന ബീന അയ്യോ, ഇതെപ്പോ വന്നു ബീന ചോദിക്കുമ്പോള്‍, അതിനു ഞാനെങ്ങും പോയില്ലല്ലോ എന്നാണ് മറുപടി. അതിനു യാത്ര ഒന്നും തന്നില്ലല്ലോ എന്ന അര്‍ത്ഥം കൂടിയുണ്ടോ?
സത്യത്തില്‍, ഒരര്‍ത്ഥത്തില്‍ ഞാനതു കള്ളം പറഞ്ഞതല്ല. എവിടെപ്പോയാലും തിരിച്ചു വീട്ടില്‍ വന്നു 10-15 മിനിറ്റൊക്കെ കഴിയുമ്പോഴേയ്ക്കും നമ്മള്‍ ഇവിടെത്തന്നെയുണ്ടായിരുന്നു എന്ന ഒരു തോന്നലിലേക്കു മനസ്സ് പാകപ്പെടും. നമ്മുടെ സ്ഥലമല്ലേ. കൊനഷ്ട് ഉത്തരമായിട്ടല്ല ഞാനത് പറഞ്ഞത്. വേറാരുടെ അടുത്തുമല്ലല്ലോ, നമ്മള്‍ നമ്മളോടു തന്നെ പറയുകയല്ലേ. വന്ന് ഇരിക്കുന്നു, ടി.വി ഓണ്‍ ചെയ്യുന്നു, ഏഷ്യാനെറ്റ് കാണുന്നു. വീടിന്റെ ഭാഗമായി മാറുകയാണല്ലോ.
യാത്രകളില്‍ പിന്തുടരുന്ന അനുഭവങ്ങള്‍ എഴുതിയിട്ടുണ്ടല്ലോ. അതല്ലാത്തെ മറക്കാനാകാത്ത ഓര്‍മ്മകള്‍ ഇനിയുമുണ്ടാകില്ലേ ബാക്കി?
ഒന്നാമത്, നമ്മള്‍ ഈ കേരളം വിട്ടുപോകുമ്പോള്‍ ദാരിദ്ര്യം പ്രകടമായിട്ടു കാണാം. അതിന്റെ പല രൂപങ്ങള്‍. ചില സമയത്ത് അതിന്റെ ചില ഇമേജുകള്‍ ഭയങ്കരമായി നമ്മളെ വിഷമിപ്പിക്കും. രണ്ടാമത്തെ വലിയ യാത്ര, നഗ്‌നരും നരഭോജികളും എന്ന പുസ്തകത്തില്‍ പറയുന്ന യാത്ര കഴിഞ്ഞ് എത്തി അധികം വൈകാതെയാണ് കൊറോണയുടെ പിടിയിലേക്ക് രാജ്യം പോകുന്നത്. നിസ്സഹായരായ ആളുകളുടെ യാത്രകള്‍, ദാരിദ്ര്യം, മരണങ്ങള്‍ ഇതൊക്കെ വല്ലാതെ സങ്കടപ്പെടുത്തി. ഞാനത് പുസ്തകത്തിന്റെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഞാനത് ശരിക്ക് ഫീല്‍ ചെയ്തിട്ടാണ് എഴുതിയത്. നമ്മളൊക്കെ ചെയ്യുന്ന കാര്യങ്ങളുടെ വില നമുക്കു തന്നെ കുറഞ്ഞതായിട്ടു തോന്നി. ഇതിലൊക്കെ എന്തു കാര്യം എന്ന ശക്തമായ തോന്നല്‍. നമ്മള്‍ നമ്മുടെ മാനസികോല്ലാസത്തിനുവേണ്ടി പോകുന്നു. അവര്‍ എങ്ങനെയെങ്കിലും ജീവിക്കാന്‍ വേണ്ടിയുള്ള നെട്ടോട്ടം. മാസങ്ങള്‍ നീണ്ട ആദ്യത്തെ ലോക്ഡൗണ്‍ ഓര്‍ത്തുനോക്കിക്കേ. പക്ഷേ, എല്ലാവരും എല്ലാം മറന്നുപോകുന്നു. ഒരു കണക്കിനത് നല്ലതായിരിക്കും. എനിക്കു സത്യത്തില്‍ ലോക്ഡൗണിന്റെ അവസ്ഥ ഒരു പുകപോലെയാണ് ഇപ്പോള്‍ തോന്നുന്നത്. പലതും ഓര്‍മ്മയില്ല. മൂന്നു കൊല്ലമേ ആയുള്ളൂ. ശരിക്കും എന്തൊരു ദിവസങ്ങളായിരുന്നു അത്. വല്ലാത്ത ഒരുതരം ഫാന്റസിപോലെയല്ലേ നമ്മള്‍ ജീവിച്ചിരുന്നത്. പലരും പറഞ്ഞു, അടുത്ത അഞ്ചു കൊല്ലം ഇനി ഇതിനേക്കുറിച്ചായിരിക്കും സാഹിത്യവും സിനിമയുമൊക്കെ. ഒരൊറ്റ ഒരെണ്ണം വന്നില്ലല്ലോ. ആളുകള്‍ക്കത് തലയില്‍നിന്ന് എങ്ങനെയെങ്കിലും ഒഴിഞ്ഞാല്‍ മതി എന്നൊരു അവസ്ഥയാണ്.
മാസ്‌ക് വച്ച കഥാപാത്രങ്ങള്‍പോലും കാര്യമായി ഉണ്ടായില്ല?
ഒരു സ്ഥലത്തോ മറ്റോ വന്നു, അതും ആ സിനിമയുമായി ഒരു ബന്ധമുള്ള രീതിയിലല്ല വന്നത്. അതൊരു വിഷയമേ അല്ല. മാസ്‌കും സിനിമയുടെ കഥയുമായി ഒരു ബന്ധവുമില്ല. മനുഷ്യന് ഇത്രയും ഭാരം താങ്ങാനുള്ള മനസ്സില്ല. പക്ഷേ, എന്നു കരുതി നമുക്കത് മറക്കാന്‍ പറ്റുമോ?
നിര്‍മ്മിതബുദ്ധി നമ്മുടെ സിനിമയുടേയും സൃഷ്ടികളുടേയും അടുത്തെത്തി നില്‍ക്കുകയാണല്ലോ. അത് എങ്ങനെ ബാധിക്കും എന്ന പേടിയുടെ കാര്യമുണ്ട് എന്നു തോന്നുന്നുണ്ടോ?
എനിക്ക് അതിനേക്കുറിച്ചു നല്ല ഭയമുണ്ട്. കാരണം, അത് എങ്ങനെ ബാധിക്കുമെന്ന് അറിയില്ല. പണ്ട് സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ആയിട്ടൊക്കെ വന്ന സിനിമകളിലെപ്പോലെയാണ്. അതൊന്നും സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ആര്‍ക്കും എന്തും ആരെയും നിര്‍മ്മിക്കാം എന്നൊരു അവസ്ഥ വന്നാല്‍ അതൊരു പേടിക്കേണ്ട അവസ്ഥ തന്നെയാണ്. വേറൊരു കാര്യം, ഇതു വരാന്‍ ചിലപ്പോള്‍ അധികം സമയമെടുത്തെന്നു വരില്ല. ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് ഫോട്ടോഗ്രഫി മാറിയത് അഞ്ചു മാസം കൊണ്ടാണ്. അഞ്ചു മാസത്തിനുള്ളില്‍ ഫിലിം ഇല്ലാതായിപ്പോയി. ഇമേജിംഗ് എന്നത് വളരെ എളുപ്പവും കോമണുമായി. ആര്‍ക്കും ചെയ്യാം. പണ്ട് ചിത്രകാരന്മാര്‍ക്കു മാത്രമേ പടം വരയ്ക്കാന്‍ പറ്റുകയുള്ളായിരുന്നു. ഫോട്ടോഗ്രാഫര്‍മാര്‍ക്കു മാത്രമേ ഫോട്ടോ എടുക്കാന്‍ പറ്റൂ. ആദ്യം ഭയങ്കര മിസ്റ്ററി അല്ലായിരുന്നോ; കറുത്ത തുണിയൊക്കെ ഇട്ടുമൂടി അതിന്റെ അകത്ത് ഒരാള്‍ കയറി നില്‍ക്കുന്നു, അയാളെന്തോ ചെയ്യുന്നു, ആളുകള്‍ പേടിച്ചുപോയിട്ടുണ്ട് ഇതു കണ്ടിട്ട്. ഇതു കഴിഞ്ഞു സിനിമാറ്റോഗ്രഫി വന്നപ്പോള്‍ ഏറ്റവും നല്ല ക്യാമറാമാന്‍ എന്നു പറയുന്നത് ഒരേ സ്പീഡില്‍ കറക്കാന്‍ പറ്റുന്ന ക്യാമറാമേനാണ് എന്നു വന്നു. കൈകൊണ്ട് കറക്കണമായിരുന്നല്ലോ പഴയ ക്യാമറ. അതില്‍ സ്പീഡ് വ്യത്യാസം വരാതെ കറക്കാന്‍ പറ്റണം. അങ്ങനെ ഓരോ ഘട്ടത്തിലും അവസ്ഥയ്ക്കു മാറ്റം വന്നിട്ടുണ്ട്. ഇത് ഇങ്ങനെ തുടരും. ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കഥയും ഇതുപോലെയാണ്. ഇതിങ്ങോട്ടു വന്നുകയറിയാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. പക്ഷേ, എന്തൊക്കെ വന്നാലും സിനിമാറ്റോഗ്രഫിയുടെ ക്രിയേറ്റിവിറ്റി അങ്ങനെ തന്നെ നിലനില്‍ക്കും എന്നാണ് തോന്നുന്നത്. എന്ത് എ.ഐ വന്നാലും ഒരു സിനിമാറ്റോഗ്രാഫറുടെ മനസ്സില്‍ രൂപപ്പെടുത്തി എടുക്കുന്നതല്ലേ അതിനു ചെയ്യാന്‍ പറ്റുകയുള്ളൂ. നമ്മള്‍ അതു മനസ്സില്‍ ഡിസൈന്‍ ചെയ്യണ്ടേ. എന്താ വേണ്ടതെന്നു തീരുമാനിക്കുകയൊക്കെ ചെയ്യണ്ടേ; അതൊക്കെ ആരെങ്കിലും ചെയ്യേണ്ട ജോലിയല്ലേ. അതൊരു സര്‍ഗ്ഗാത്മക പ്രവര്‍ത്തനമാണല്ലോ. അതില്‍ സംശയമൊന്നുമില്ല. ജോലി ചെയ്യാനുള്ള എളുപ്പത്തെ കുറച്ചു കാണേണ്ട കാര്യമില്ല. പക്ഷേ, ജോലിയുടെ പ്രാധാന്യം അപ്പോഴുമുണ്ട്.
സിനിമയില്‍ ഇഷ്ടമില്ലാത്തതു ചെയ്യാന്‍ നിര്‍ബ്ബന്ധിതനാകുന്ന മാനസികാവസ്ഥ അഭിമുഖീകരിച്ചിട്ടുണ്ടോ. വേണ്ട എന്നു തോന്നിയിട്ടും ചെയ്യേണ്ടിവരുന്ന സ്ഥിതി?
അതൊക്കെ സംഭവിക്കും. പക്ഷേ, ഒരു കാര്യം പറയാം. ഒരു ക്യാമറാമാന്‍ എന്ന നിലയിലെ പങ്കാളിത്തമാണ് ഉദ്ദേശിക്കുന്നതെങ്കില്‍, നമ്മള്‍ ഒരു കാര്യം വേണ്ട എന്നു തീരുമാനിക്കേണ്ടത് പകുതിക്കു വച്ചിട്ടല്ല. അത് ആദ്യം തീരുമാനിക്കണമായിരുന്നു. ഒരു കാര്യം കയറി ഏറ്റിട്ട് പിന്നെ ഇതെനിക്കു സൗകര്യമില്ല, ഇതെന്റെ രീതി അല്ല എന്നു പറയുന്നതില്‍ അര്‍ത്ഥമുണ്ടോ. അതു ശരിയല്ല. അപ്പോള്‍ അഡ്ജസ്റ്റ് ചെയ്യേണ്ടിവരും. സിനിമ ചെയ്യുമ്പോള്‍ എല്ലാം നമ്മുടെ ഇഷ്ടത്തിനു ചെയ്യാന്‍ പറ്റുമോ ? കഴിഞ്ഞെന്നു വരില്ല.
1998-ല്‍ ദയ സംവിധാനം ചെയ്തു കഴിഞ്ഞ് 2014-ല്‍ മുന്നറിയിപ്പ് ചെയ്യാന്‍ വലിയൊരു ഇടവേള വന്നല്ലോ. എന്തായിരുന്നു?
വേണ്ടാന്നു വെച്ചതല്ല. അപ്പോള്‍ പുതിയതൊന്നും ഉണ്ടായില്ല. പിന്നെ, ആ സമയത്തു ഞാന്‍ കേരളത്തിനു പുറത്തു കുറേ സിനിമകള്‍ക്കു ക്യാമറ ചെയ്തു. പത്തു കൊല്ലത്തോളം പുറത്തുതന്നെ ആയിരുന്നു. കുറേക്കാലത്തിനുശേഷം കേരളത്തില്‍ ചെയ്തത് 'ഹരിഹര്‍ നഗര്‍ 2' ആണ്. പിന്നെ ടൂര്‍ണമെന്റ്. അതുകഴിഞ്ഞ് സത്യന്‍ അന്തിക്കാടിന്റെ രണ്ട് പടങ്ങള്‍ ചെയ്തു. 
(നേരത്തേ, ഇമേജിംഗ് വളരെ എളുപ്പമായി എന്നു പറഞ്ഞില്ലേ. അത് സിനിമാറ്റോഗ്രഫിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. മിനിമം സെന്‍സിബിലിറ്റിയുള്ള ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന ഒരു ഉപകരണമായി മൂവി ക്യാമറ മാറിക്കഴിഞ്ഞു. അതിനു പ്രത്യേകിച്ചു ട്രെയിനിംഗ് ഒന്നും ആവശ്യമില്ല. മാത്രമല്ല, അതെന്താണു തരുന്നതെന്ന് നമുക്ക് അപ്പോള്‍തന്നെ കാണുകയും ചെയ്യാം. പണ്ടാണെങ്കില്‍ അതു പറ്റില്ലല്ലോ.)
പണ്ടാണെങ്കില്‍ വിഷ്വല്‍ കാണുന്നത് ക്യാമറയിലൂടെ ക്യാമറാമാന്‍ മാത്രമാണ്. ഒന്നും പറയാന്‍ പറ്റില്ല?
സംവിധായകന്‍ ഉദ്ദേശിച്ചതാണോ ഞാന്‍ കണ്ടതെന്ന് എങ്ങനെയാണ് ഞാന്‍ പറയുന്നത്? വിശ്വാസം മാത്രമേയുള്ളൂ, വേറൊന്നും പറയാന്‍ പറ്റില്ല. എനിക്ക് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ മിസ്റ്ററിയായി തോന്നുന്നുണ്ട്. എങ്ങനെയാണ് നമ്മള്‍ ഇത്രയും കാലം ഇതു സഹിച്ചതെന്ന്. ഒരാള്‍ മാത്രം എല്ലാം കാണുന്നു. മോണിട്ടറും ഇല്ല. പിന്നീട് ഡിജിറ്റലാകുന്നതിനു മുന്‍പ് മോണിട്ടര്‍ വന്നു. അതിനു മുന്‍പുള്ള അവസ്ഥയാണ് ഞാന്‍ ഈ പറയുന്നത്. നമ്മളെന്താ എടുത്തതെന്ന് ആര്‍ക്കും ഒരു പിടിയും ഇല്ലാതിരിക്കുന്ന അവസ്ഥ. അന്നത്തെക്കാലത്ത് ഒരു സംവിധായകനുമായി സഹകരിച്ച അനുഭവം പറയാം; പേര് ഞാന്‍ പറയുന്നില്ല. അദ്ദേഹം ആക്റ്റേഴ്സിനെയല്ല നോക്കുന്നത് ക്യാമറയെയാണ്. അത് വിശ്വാസമില്ലാഞ്ഞിട്ടാണ്.
ആര്‍ട്ടിസ്റ്റുകള്‍ ജീവിക്കുന്ന ചുറ്റുപാടിന്റെ രാഷ്ട്രീയം തുറന്നു പറയണം, ഇടപെടണം എന്നതിനോട് എന്താണ് നിലപാട്?
ഇടപെടാന്‍ പറ്റുമോ എന്ന് എനിക്കറിയില്ല. പക്ഷേ, തുറന്നു പറയണം എന്നതു ശരിയാണ്. ഇടപെടുന്നത് എങ്ങനെയാണ്. നമുക്കെന്താണ് ചെയ്യാന്‍ പറ്റുന്നത്. കലാകാരനു സമൂഹത്തില്‍ ഇടപെടാന്‍ കഴിയുന്നത് അയാളുണ്ടാക്കുന്ന ആര്‍ട്ടിന്റെ മൂര്‍ച്ച അനുസരിച്ചല്ലേ. അതു നേരിട്ടു രാഷ്ട്രീയമല്ലെങ്കില്‍പോലും പരോക്ഷമായാണെങ്കില്‍പോലും ആളുകളുടെ മനസ്സില്‍ കയറും. നമ്മള്‍ ഒരു സമൂഹത്തെ സ്വാധീനിക്കുക എന്നത് ആഴത്തില്‍ ചെയ്യാം; താല്‍ക്കാലികമായി 
ചെയ്യാം. പിന്നെ, അവബോധം ഉണ്ടാക്കുന്ന വിധത്തില്‍ ചെയ്യാം. അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിച്ചു ചെയ്യാം. വിദ്യാഭ്യാസം എന്നു പറയുന്നതിന്റെ ഭാഗമാണ് ഈ കലയും സാഹിത്യവുമൊക്കെ. ഇതൊക്കെ കണ്ടു വളര്‍ന്നതിന്റെ വ്യത്യാസം അങ്ങനെ വളര്‍ന്നവര്‍ക്ക് ഉണ്ടാകും. അതിന് അവസരം ഇല്ലാത്തവരെ സത്യത്തില്‍ അണ്ടര്‍ പ്രിവിലേജ്ഡ് എന്നാണ് വിളിക്കേണ്ടത്. സംഗീതവുമൊന്നും കേള്‍ക്കാതെ വളരുന്ന പിള്ളേരില്ലേ, ഒരു പുസ്തകംപോലും വായിക്കാതെ വളരുന്നവരില്ലേ. അത് അവരുടെ കുറ്റംകൊണ്ടല്ല; അവരുടെ സാഹചര്യം. അവര്‍ അണ്ടര്‍ പ്രിവിലേജ്ഡ് ആണ്. 
രാഷ്ട്രീയം പറയാതെ പോകാന്‍ പറ്റുമോ എന്നതാണ്?
രാഷ്ട്രീയം എന്നതുകൊണ്ട് നമ്മള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നതാണ് പ്രധാനം. കക്ഷി രാഷ്ട്രീയമാണോ; അല്ലാത്ത സാമൂഹിക രാഷ്ട്രീയമാണോ? കക്ഷി രാഷ്ട്രീയം പറയാതെ നമുക്ക് എങ്ങനെയാണ് ഇന്ത്യ പോലെ ഒരു സ്ഥലത്ത് രാഷ്ട്രീയം പറയാന്‍ പറ്റുന്നത്. പറ്റില്ല. ഇന്ത്യയിലെന്നല്ല, പല സ്ഥലത്തും പറ്റില്ല. പിന്നെ, നമ്മളെങ്ങനെയാണ് സമൂഹത്തെ സ്വാധീനിക്കുന്നത് എന്നതും ഒരു വിഷയമാണ്. ജോയി മാത്യു സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് നിരന്തരം എഴുതുന്നുണ്ട്. അതൊരു രാഷ്ട്രീയ മാറ്റമുണ്ടാക്കുമോ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. ആളുകള്‍ ഗൗരവമായി വായിക്കുകയും അദ്ദേഹം പറയുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുകയും ചെയ്യാറുണ്ടോ?
കലയില്‍, പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സാണല്ലോ ഇന്നു കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്ന്. പ്രത്യേകിച്ചും സാമൂഹിക മാധ്യമങ്ങളൊക്കെ വലിയ സ്വാധീനം ചെലുത്തുന്നതുകൊണ്ട് ബോഡി ഷെയ്മിഗ് ഒക്കെ വേഗത്തില്‍ ചര്‍ച്ചയാകും?
ബോഡി ഷെയ്മിംഗ് ഒക്കെ ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷമല്ലേ ആയിട്ടുള്ളൂ. അതിനു മുന്‍പ് അങ്ങനെയൊരു വാക്കുപോലും പറയാറില്ല. നേരത്തേ വലിയ വലിയ ആളുകള്‍ എടുക്കുന്ന സിനിമയില്‍തന്നെ കൊമേഡിയന്‍സ് എന്നു പറഞ്ഞാല്‍ മുടന്തുള്ളവര്‍ അല്ലെങ്കില്‍ കോങ്കണ്ണുള്ളവര്‍ ഇവരൊക്കെ പറയുന്നതായിരുന്നില്ലേ കോമഡി. ബലാത്സംഗം എന്നത് ഒരു സ്ഥിരം എന്റര്‍ടെയിന്‍മെന്റല്ലേ പണ്ട്; എല്ലാ സിനിമയിലും. നമ്മള്‍ അത്ര പിറകോട്ടൊന്നും പോയി പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സൊന്നും ആലോചിക്കണ്ട. ഞാനൊരു കാര്യം പറയട്ടെ? നമ്മള്‍ പണ്ട് ഷൂട്ടിംഗിനു മൃഗങ്ങളെ ഉപയോഗിക്കുന്നത് അതിക്രൂരമായാണ്. ഞാനത് നേരിട്ടു കണ്ടിട്ടുള്ള ആളാണ്. ചെന്നൈയിലെ ഒരു ആനിമല്‍ ട്രെയിനറുണ്ട്. ഇയാളൊക്കെ സിനിമയ്ക്കു കൊണ്ടുവരുന്ന പുലിയുടെ വായ സൂചിയും നൂലുംകൊണ്ട് തുന്നി വയ്ക്കുകയാണ് ചെയ്യുന്നത്. എന്നിട്ട് നഖങ്ങളെല്ലാം വെട്ടിക്കളഞ്ഞിട്ട് ഡയസപാം കലക്കി സിറിഞ്ചിലാക്കി ഇതിന്റെ വായിലേക്ക് അടിച്ചുകൊടുക്കും. പിന്നെ ഇതിനെ ഒന്നിനും കൊള്ളില്ല. അങ്ങോട്ടും ഇങ്ങോട്ടും എടുത്തെറിയുക ഇതൊക്കെയാണ് ഷൂട്ടിംഗ്. എന്നിട്ട് ഇടയ്ക്ക് വാലില്‍ പിടിച്ച് കെട്ടിയിട്ടിട്ട് തുന്നലെല്ലാം എടുത്തുകളയും. അപ്പോള്‍ വായ തുറന്ന് ഒന്നു മുരളും. അതിന്റെ ഷോട്ടെടുക്കും. ഇങ്ങനെ ഉപദ്രവിച്ചിട്ടാണ്. കുതിരയുടെ കാലില്‍ കമ്പി കെട്ടിയിട്ട് ഓടിക്കുന്നത് അറിയാമോ. പണ്ടൊക്കെ കുതിരപ്പുറത്ത് പോകുമ്പോള്‍ വെടികൊണ്ട് വീഴില്ലേ? അത് എങ്ങനെയാണെന്ന് അറിയുമോ; ഇതിന്റെ കാലില്‍ കമ്പി കെട്ടും. അതു നല്ല ലൂസായി ഇട്ടിട്ട് ഓടിക്കും. കമ്പിയുടെ നീളം തീരുന്നത് എവിടെയാണെന്ന് കുതിരപ്പുറത്ത് ഇരിക്കുന്നയാള്‍ക്ക് അറിയാം. അവിടെ വരുമ്പോള്‍ ഇയാള്‍ എടുത്തു ചാടും. ഈ കുതിര തലയും കുത്തി മറിഞ്ഞുവീഴും. മിക്കവാറും പിന്നെ അതിനെ വെടിവച്ചു കൊല്ലുകയൊക്കെയാണ് ചെയ്യുന്നത്. അങ്ങനെയുണ്ടായിരുന്ന ഒരു അവസ്ഥയില്‍നിന്ന് ഇലക്ട്രിക് കമ്പിയില്‍ കാക്ക ഇരുന്നാല്‍ അതിനു മാനസിക പ്രശ്‌നമുണ്ടായോ എന്നു പരിശോധിക്കണം എന്ന രീതിയിലേക്ക് നമ്മുടെ സിനിമാ പോളിസി മാറുക എന്നു പറഞ്ഞാല്‍ എന്ത് അര്‍ത്ഥമാണുള്ളത്. രണ്ടും അങ്ങേയറ്റത്തെ വിഡ്ഢിത്തരമല്ലേ. പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സ് എന്നു പറഞ്ഞാല്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസ്സിലാകുന്നില്ല. എല്ലാത്തിന്റേയും ഏതെങ്കിലുമൊരു എക്സ്ട്രീം പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ. ആളുകളെ അപമാനിക്കുകയോ ആളുകളെക്കുറിച്ചു മോശമായിട്ടു പറയുകയോ ഒരാളെ അധിക്ഷേപിച്ച് ഫലിതമുണ്ടാക്കുകയോ ഒക്കെ ചെയ്യുന്നത് ശരിയല്ലാത്ത കാര്യങ്ങളാണ്. നമുക്കറിയാം.
നമ്മുടെയൊക്കെ കുട്ടിക്കാലത്ത് സ്‌കൂളില്‍ തടിയാ, എല്ലാ എന്നൊക്കെ വിളിച്ചിട്ട് എത്ര കുട്ടികള്‍ക്കു മാനസികമായ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. കരിപ്പെട്ടി എന്നു പേരിടുക. ഇതൊക്കെ എത്രയോ കാലമായിട്ട് ഉള്ളതാണ്. അതിന്റെ അര്‍ത്ഥം, ഒന്നിലും ഒന്നും പറയാന്‍ പാടില്ല, ഒന്നും ചെയ്യാന്‍ പാടില്ല; എല്ലാത്തിലും ഈ സെന്‍സിറ്റോമീറ്റര്‍ വച്ചു നോക്കിയിട്ടേ പറയാന്‍ പറ്റുകയുള്ളൂ എന്നു വരുന്നതില്‍ അര്‍ത്ഥമില്ല. ഇതുകൊണ്ട് ഉണ്ടാകുന്ന വലിയ ഒരു കുഴപ്പം ശരാശരി നര്‍മ്മബോധത്തിനു നല്ല ഇടിവു തട്ടിയിട്ടുണ്ട് എന്നതാണ്. സര്‍ദാര്‍ജിമാരെപ്പറ്റി പണ്ട് തമാശകള്‍ പറയാറുണ്ടായിരുന്നല്ലോ. ആരെക്കുറിച്ചെങ്കിലും മോശമായിട്ടു പറയണമെങ്കില്‍ അത് സര്‍ദാര്‍ജിയുടെ പേരിലാണ് പറയുക. സിഖ് കലാപം തുടങ്ങിയ ശേഷം ഇപ്പോള്‍ ആരും പറയുന്നില്ലല്ലോ. അതുകൊണ്ട്, ബലാത്സംഗം എന്റര്‍ടെയിന്‍മെന്റ് ആയിരുന്ന സിനിമയാണ് എന്നാലോചിക്കണം. പണ്ടൊന്നുമല്ല, ഒരു 25 കൊല്ലം മുന്‍പത്തെ കാര്യമാണ്. വില്ലനെ മോശമായി ചിത്രീകരിക്കുക എന്നുള്ളതാണ് ഉദ്ദേശ്യം. പക്ഷേ, അവിടെ നടക്കുന്നത് സ്ത്രീയുടെ നഗ്‌നത കാണിക്കുക എന്നതാണ്.
രാജ്യത്ത് ആദ്യമായാണ് ഇന്ത്യന്‍ സൊസൈറ്റി ഓഫ് സിനിമാറ്റോഗ്രാഫേഴ്സ് (ഐ.എസ്.സി) രൂപീകരിച്ചത്. അതിന്റെ സ്ഥാപകരില്‍ ഒരാളല്ലേ. സംഘടന സജീവമാണോ?
സ്ഥാപിച്ചത് സണ്ണിയും രാമചന്ദ്ര ബാബു സാറുമൊക്കെ ചേര്‍ന്നാണ്. ഞാനും എസ്. കുമാറുമൊക്കെ ഉണ്ടായിരുന്നു എന്നേയുള്ളൂ. അതിന്റെ ആസ്ഥാനം പിന്നീട് ഇവിടെനിന്ന് ബോംബെയ്ക്കു മാറ്റി. സജീവമാണ്, ലോകത്തെല്ലായിടത്തുമുള്ളതിന്റെ ഇന്ത്യന്‍ ചാപ്റ്ററാണ്. പിന്നെ അതു പഴയ മെമ്പര്‍മാര്‍ മാത്രമായി ഒരേ രീതിയില്‍ പോകുന്ന സ്ഥിതി വന്നപ്പോള്‍ പുതിയ അംഗങ്ങളെക്കൂടി ചേര്‍ത്തു വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. ഒരുപാടുപേര്‍ പുതിയതായി വരുന്നുണ്ട്, സിനിമാറ്റോഗ്രഫിയിലേക്ക്. അവരെയൊക്കെ ഉള്‍ക്കൊള്ളണമല്ലോ. അതിന്റെ കൂടി ഭാഗമായിട്ടാണ് ആസ്ഥാനം മാറ്റിയത്.
പൊന്തന്മാടയെക്കുറിച്ചു പറഞ്ഞപ്പോള്‍ പൂര്‍ത്തിയാക്കാതെ പോയ നസിറുദ്ദീന്‍ ഷാ അനുഭവം പറയാതെങ്ങനെ പോകും?
അതു കോമഡിയാണ്. അദ്ദേഹം ഇവിടെ വന്നിട്ടു പെട്ടുപോയി. ഭാഷ കിട്ടുന്നില്ല. ഇവിടെ ആകെപ്പാടെ നേരിട്ട് അടുപ്പമുണ്ടായിരുന്നത് ഞാനുമായിട്ടു മാത്രമാണ്. നേരത്തേ അറിയാം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹം ഞങ്ങളുടെ സീനിയറായിരുന്നു (ഞാന്‍ പഠിക്കുമ്പോഴല്ല). 'മണിച്ചിത്രത്താഴി'ന്റെ ഷൂട്ടിംഗ് ഏഴെട്ടു ദിവസം കൂടി ബാക്കിയുള്ളപ്പോള്‍ അതു കളഞ്ഞിട്ടാണ് ഞാന്‍ 'പൊന്തന്മാട'യ്ക്കു പോകുന്നത്. അദ്ദേഹം ഇടയ്ക്കിടയ്ക്കു വിളിക്കും. ഹാറ്റ്, ജാക്കറ്റ്, ടൈ ഇതൊന്നും അവര്‍ വാങ്ങിച്ചു വയ്ക്കണ്ട എന്നു പറയണം; ഞാന്‍ കൊണ്ടുവന്നോളാം. അതുകഴിഞ്ഞ് അദ്ദേഹം വന്നു. എന്തു ചെയ്താല്‍ ഡയലോഗ് പഠിക്കാന്‍ പറ്റുന്നില്ല. ആദ്യത്തെ രണ്ടു വരി ഒരുവിധം പഠിക്കും. അടുത്ത രണ്ടുവരി പഠിക്കുമ്പോള്‍ ആദ്യത്തേത് മറന്നുപോകും. അദ്ദേഹത്തിന് ആ സീന്‍ മുഴുവന്‍ കാണാപ്പാഠം പഠിക്കണം. കുറേശ്ശേ അല്ല പഠിക്കുന്നത്. നമുക്കാര്‍ക്കും ടെന്‍ഷനൊന്നുമില്ല. പക്ഷേ, അദ്ദേഹത്തിനു ഭയങ്കര അസ്വസ്ഥതയാണ്. ആദ്യത്തെ ദിവസം തന്നെ ഡ്രൈവറെ എന്റെയടുത്ത് പറഞ്ഞയച്ചു, ഷേവര്‍ വാങ്ങണം. ഗില്ലറ്റിന്റെ ഷേവര്‍ വന്ന ഇടയ്‌ക്കോ മറ്റോ ആണ്. പക്ഷേ, ഡ്രൈവറോട് പറഞ്ഞിട്ടു മനസ്സിലാകുന്നില്ല. ഞാനതു പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. പിറ്റേദിവസം ഡ്രൈവര്‍ പിന്നെയും വിളിച്ചു. സാര്‍ വിളിക്കുന്നു, ഒന്നു ചെല്ലാന്‍ പറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ പെട്ടിയൊക്കെ പാക്ക് ചെയ്ത് റെഡിയായിട്ട് ഇരിക്കുകയാണ്. പോവുകാണ്, എനിക്കിതു പറ്റുകേല എന്നു പറഞ്ഞു. ചന്ദ്രനെ വിളിച്ചു. എല്ലാവരും വല്ലാതായി. എന്താ ഈ പറയുന്നത്. ഇതുവരെ ചെലവായത് തരാന്‍ തയ്യാറാണ്, എനിക്കിതു പറ്റില്ല. ഒറ്റ ദിവസം കൂടി നില്‍ക്കാന്‍ പറഞ്ഞു. എന്നിട്ടു നമുക്കു തീരുമാനിക്കാം. ഒടുവില്‍ സമ്മതിച്ചു. ഞാന്‍ പറഞ്ഞതുപോലെ ഓരോ ലൈന്‍ വീതം ഡയലോഗ് പഠിക്കാം എന്നു പറഞ്ഞു. അങ്ങനെ നിന്നു; പടം ചെയ്തിട്ടു പോയി. ഒട്ടും ഹാപ്പിയല്ലായിരുന്നു അദ്ദേഹം. കുറച്ചുദിവസം കഴിഞ്ഞു ഞാന്‍ എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ ഒരു ഇംഗ്ലീഷ് ഫിലിം മാഗസിനില്‍ നസിറുദ്ദീന്‍ ഷായുടെ ഇന്റര്‍വ്യൂ. അതിന്റെ തലക്കെട്ട് ഇതാണ്: ഭാഷ അറിയാന്‍ വയ്യാത്ത ഒരു സിനിമയിലും മേലില്‍ അഭിനയിക്കില്ല (ഒരു നീണ്ട പൊട്ടിച്ചിരിയില്‍ വേണു ആ തലക്കെട്ട് ആവര്‍ത്തിക്കുന്നു).
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates