പ്രണയമായി, വിരഹമായി, വാത്സല്യമായി, വിഷാദമായി, താരാട്ടായി... ശ്രുതി ഇടര്‍ച്ചയില്ലാത്ത പ്രയാണം

ചിത്രപൗര്‍ണ്ണമിയുടെ നിലാവെളിച്ചം എന്നും ചിരി തൂകി നിന്നു. കുന്നിമണിച്ചെപ്പില്‍ മധുരിക്കുന്ന പാട്ടുകള്‍ നിറച്ച് ഓര്‍മ്മകള്‍ ഓടക്കുഴലൂതി സൗമ്യസുന്ദരമായി ഒഴുകുന്നു
പ്രണയമായി, വിരഹമായി, വാത്സല്യമായി, വിഷാദമായി, താരാട്ടായി... ശ്രുതി ഇടര്‍ച്ചയില്ലാത്ത പ്രയാണം

കെ.എസ്. ചിത്രയെന്നാല്‍ 'കേരളത്തിന്റെ സ്വന്തം' ചിത്രയെന്നാണ്. 'പിന്നെയും പിന്നെയും' കേള്‍ക്കാന്‍ കൊതിക്കുന്ന 'സ്വരരാഗ ഗംഗാപ്രവാഹം.' 'കാതില്‍ തേന്‍മഴയായി' തുടരുന്ന ഈണപ്പെയ്ത്ത്. ചലച്ചിത്ര സംഗീതത്തിന്റെ 'അപാരസുന്ദര നീലാകാശത്ത്' ചിത്രപൗര്‍ണ്ണമിയുടെ നിലാവെളിച്ചം എന്നും ചിരി തൂകി നിന്നു. കുന്നിമണിച്ചെപ്പില്‍ മധുരിക്കുന്ന പാട്ടുകള്‍ നിറച്ച് ഓര്‍മ്മകള്‍ ഓടക്കുഴലൂതി സൗമ്യസുന്ദരമായി ഒഴുകുന്നു.

പ്രണയമായി, വിരഹമായി, വാത്സല്യമായി, വിഷാദമായി, താരാട്ടായി അവര്‍ പാട്ടും പാടി വന്നു കയറിയിട്ട് അറുപതാണ്ടാകുന്നു. കേള്‍വിക്കാരുടെ തലയില്‍ നര പടര്‍ന്നിട്ടും ചിത്രയുടെ ശബ്ദത്തിന് ശ്രുതി ഇടര്‍ച്ചയില്ല.
'അകലെ ആകാശ മൗനം നിറഞ്ഞൊരന്‍ മിഴികളാല്‍ നിന്നെ നോക്കി നില്‍ക്കുന്നു ഞാന്‍' എന്നു പാടുന്നത് അമ്പതുകാരി അല്ല കൗമാരം വിട്ട 19 കാരിയാണ് എന്ന് വിശ്വസിക്കാനാണ് നമുക്ക് ഇഷ്ടം. 'പല നാളണഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ സ്വപ്നമേ' എന്ന് പാടിത്തന്ന് അവര്‍ എത്രയെത്ര മുറിവുകള്‍ക്കാണ് മരുന്നായത്. 'കാത്തിരിക്കുമൊരു അമ്മയുണ്ടോ നീ വരും വഴിയില്‍, രാത്രി മുല്ലകള്‍ വാസനത്തിരികൊളുത്തും നടയില്‍' എന്നു പാടുമ്പോള്‍ എത്ര തൊട്ടിലുകളാണ് ആര്‍ദ്രമായി അനങ്ങിയത്. വേര്‍പാടിന്റെ വിങ്ങല്‍ ഈണത്തിന്റെയും ആലാപനത്തിന്റെയും പൂര്‍ണ്ണതയാല്‍ ഹൃദയരാഗം തീര്‍ത്തപ്പോള്‍ പ്രണയിനിയുടെ, ആത്മനൊമ്പരങ്ങള്‍ക്കൊപ്പം ആസ്വാദകരും സഞ്ചരിച്ചു. 'നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം, നൂറായിരം ഇതളായി നീ വിടരുവാന്‍, ജന്മം യുഗമായി നിറയാന്‍.'

സ്റ്റേജില്‍ പാടുമ്പോള്‍ ഇപ്പോഴും നെഞ്ചിടിപ്പാണെന്ന് ചിത്ര പറയുമ്പോഴും, മുന്നില്‍ വരുന്ന ഏതൊരാളോടും നിറഞ്ഞ ഹൃദയത്തോടെ ചിരിക്കുമ്പോഴും വേദനകളില്‍ ഉള്ളുറപ്പോടെ ചവിട്ടി നില്‍ക്കുമ്പോഴുമൊക്കെ, സംഗീതം മേല്‍സ്ഥായില്‍നിന്ന് ഭൂമിയിലേക്ക് ഇറങ്ങി വരുന്നുണ്ട്. ഒരു സാധാരണക്കാരന്റെ/ക്കാരിയുടെ ദൈനംദിന വെപ്രാളങ്ങള്‍ ഒരു 'താര'ത്തിനുമുണ്ട് എന്ന തുറന്നുപറച്ചില്‍ മലയാളിയുടെ ബോധ്യങ്ങള്‍ക്ക് അത്ര പരിചിതമല്ലല്ലോ! സാമൂഹ്യ മര്യാദകളുടെ ആ വി'ചിത്ര' സമവാക്യം എന്തൊരു ഉണര്‍വ്വാണ് നല്‍കുന്നത്!

ചിത്ര/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
ചിത്ര/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

ഒരു ജനത ഒന്നടങ്കം ചിത്ര എന്ന കേരളത്തിന്റെ അഭിമാന ഗായികയുടെ പിറന്നാള്‍ ആഘോഷമാക്കി. ഇത്തരമൊരു ജനകീയതലം സ്വന്തം പിറന്നാളിന് ആഗ്രഹിച്ചിരുന്നോ? പ്രതീക്ഷിച്ചിരുന്നോ?

ഒരിക്കലും ഇല്ല. കുട്ടിക്കാലം മുതലേ പിറന്നാള്‍ ആഘോഷം ഉണ്ടായിരുന്നില്ല. നാള്‍ദിനം അമ്മ ഏതെങ്കിലും ഒരു അമ്പലത്തില്‍ പൂജയ്ക്ക് കൊടുക്കും. ഇഷ്ടമുള്ള പായസം ഉണ്ടാക്കും. അതോടുകൂടി ആഘോഷം കഴിഞ്ഞു. സിനിമാ പാട്ടുകാരിയായതോടുകൂടിയാണ് ജന്മദിനം നോക്കി ആളുകള്‍ ആശംസ അറിയിച്ചു തുടങ്ങിയത്. കുറെ ഫാന്‍സ് പിള്ളേര്‍ ഉണ്ട് (അവരെ അങ്ങനെ വിളിക്കാന്‍ ഇഷ്ടപ്പെടുന്നില്ല; മക്കളെപ്പോലെയാണവര്‍). ഒരു കേക്കും വാങ്ങിച്ച് വന്ന് കട്ട് ചെയ്ത് തുടങ്ങിയത് പിന്നീടാണ്. 

60-ാം പിറന്നാള്‍ ഇത്ര ആഘോഷമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ശരിക്കും പിള്ളേരെയാണ് ഞാന്‍ പേടിച്ചത്. ഇത്രയും വലിയ രീതിയില്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുമെന്ന് കരുതിയിരുന്നില്ല. മകള്‍ ഉണ്ടായിരുന്ന സമയത്ത് അവളുടെ ജന്മദിനം മാത്രമാണ് വീട്ടില്‍ ആഘോഷിച്ചിരുന്നത്. അത് ഞങ്ങള്‍ വല്ലാതെ ആസ്വദിക്കുകയും ചെയ്തിരുന്നു. വീടിന്റെ ടെറസില്‍ വച്ചായിരുന്നു ആഘോഷമെല്ലാം. അവളുടെ ഫ്രണ്ട്‌സ്, ടീച്ചര്‍, വളരെ അടുപ്പമുള്ളവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അത് മാത്രമാണ് ആഘോഷമാക്കി നടത്തിയത്. പിറന്നാള്‍ ദിവസവും ഷൂട്ട് ഉണ്ടായിരുന്നു. ജോലി ചെയ്യുക എന്നതാണ് എന്റെ സന്തോഷം. കുട്ടികളുടെ പാട്ട് കേള്‍ക്കുന്ന ജോലിയാണല്ലോ? അതില്‍ കൂടുതല്‍ മറ്റൊരു സന്തോഷം എനിക്ക് കിട്ടാനില്ല. പിന്നെ വീട്ടുകാരെല്ലാം നിര്‍ബ്ബന്ധിച്ചപ്പോള്‍ നാള്‍ദിവസം എല്ലാവരും ഒത്തുകൂടി. വീട്ടില്‍ ഒരു പൂജയും നടത്തി. വീട്ടിലെ എല്ലാവരും വന്നതുകൊണ്ട് ആഘോഷമാക്കി. 

ഒരാഴ്ച മുന്‍പ് തന്നെ ആശംസകള്‍ അറിയിച്ചുകൊണ്ട് തനിക്കായി അവര്‍ ഉണ്ടാക്കിയ പാട്ടുകള്‍, വീഡിയോകള്‍ അയച്ചു. ഒരുവശത്ത് വലിയ സന്തോഷം തോന്നിയെങ്കിലും മറുവശത്ത് ഭയങ്കര സങ്കടവും ഉണ്ടായി. പ്രായമാകുംതോറും മനസ്സ് കുറച്ച് കുറച്ച് ക്ഷീണിക്കാന്‍ തുടങ്ങി. ഞാന്‍ എന്തുകൊടുത്തിട്ടാണെന്നറിയില്ല അവരുടെ ഉള്ളിലുള്ള സ്‌നേഹം തരുന്നു. ആലോചിക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. 

പ്രായം കൂടുംതോറും കുട്ടിക്കാലത്തിലേക്ക് മടങ്ങുമെന്നാണ് പഴമക്കാര്‍ പറയുന്നത്? ചേച്ചിക്ക് അങ്ങനെ ഒരു മടക്കയാത്ര ഫീല്‍ ചെയ്യുന്നുണ്ടോ? 

കുട്ടിക്കാലത്തിലേക്ക് പോകുന്നുണ്ടോ എന്ന ഒരു ചെറിയ സംശയം ഇല്ലാതില്ല. കുട്ടിക്കാലത്ത് എന്റെ മുഖത്ത് ആര് നോക്കിയാലും ഞാന്‍ അറിയാതെ ചിരിക്കുമായിരുന്നു. അത് പരിചയമില്ലാത്ത ആള്‍ ആണെങ്കില്‍പോലും. അതിന് അമ്മ എപ്പോഴും വഴക്ക് പറയുമായിരുന്നു. പെണ്‍കുട്ടികള്‍ പരിചയമില്ലാത്തവരുടെ മുഖത്തുനോക്കി ചിരിക്കരുത്. അത് ചീത്തപ്പേര് ഉണ്ടാക്കും. തെറ്റിദ്ധരിക്കാന്‍ ഇടയാക്കുമെന്ന് പറഞ്ഞുതന്നിരുന്നു. ചെറിയ പ്രായത്തില്‍ അത് വലിയ പേടിയായിരുന്നു. സ്റ്റേജിലൊക്കെ ദാസേട്ടന്റെ കൂടെനിന്ന് പാടുമ്പോഴും കഴിവതും ഞാന്‍ ചിരിക്കാതിരിക്കാന്‍ ശ്രമിക്കും. ആരെയും നോക്കാതെ ബുക്കില്‍തന്നെ നോക്കിയിരിക്കും. വര്‍ക്ക് ചെയ്യുന്നത് സിനിമാമേഖലയില്‍ ആയതുകൊണ്ട് നമ്മള്‍ ശ്രദ്ധയോടെ ഇരിക്കണം. അങ്ങനെ ഒരു പേരുണ്ടല്ലോ? അതിനകത്ത് സത്യമില്ലെങ്കില്‍ പോലും. ഈ രംഗത്തായതുകൊണ്ട് എല്ലാവരും മറ്റൊരു കണ്ണില്‍ കാണുമെന്ന ഒരു ഭയം ഉള്ളതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് എല്ലാ 

കാര്യങ്ങളും ചെയ്തത്. ഇപ്പോള്‍ 60 വയസ്സായപ്പോള്‍ മുന്നില്‍ ഒരു ക്യാമറ ഉണ്ടെന്നതുപോലും മറന്നാണ് ഇരിക്കുന്നത്. ഉള്ളിലുള്ള ഒരു കുട്ടി പുറത്തുവന്നോ എന്നൊരു സംശയം (നിര്‍ത്താതെ ചിരിക്കുന്നു)

ചിരിയാണ് കെ.എസ്. ചിത്രയുടെ മുഖമുദ്ര?

ചിരി ഒരു അനുഗ്രഹമായിരുന്നെന്ന് ഇപ്പോള്‍ എല്ലാവരും പറയുമ്പോഴാണ് തോന്നുന്നത്. ഇത്രയും നാള്‍ ഞാന്‍ ചിരിച്ചതിന് വഴക്കാണ് കേട്ടിട്ടുള്ളത്. 

'പാട്ടുപാടി നടന്ന' കുട്ടിക്കാലം എങ്ങനെയായിരുന്നു?

വീട്ടില്‍ എന്നെ കൂടാതെ ചേച്ചിയും അനിയനുമാണ് ഉണ്ടായിരുന്നത്. പിന്നെ എന്റെ കസിന്‍സ് എല്ലാവരും ഒരു കോമ്പൗണ്ടിലായിരുന്നു താമസം. കുട്ടിക്കാലത്ത് എല്ലാവരും ഒരുമിച്ച് ഉണ്ടാകുമായിരുന്നു. 9-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ ചെന്നൈയിലേക്ക് മാറി. ബി.എ. ആയതോടുകൂടി കുറെ ഓഫറുകള്‍ വന്നു. പിന്നെ കുടുംബത്തിനൊപ്പം ചെലവഴിക്കല്‍ കുറഞ്ഞു. ഇപ്പോള്‍ വീട്ടിലെത്തിയാല്‍ പല ബന്ധുക്കളേയും പരിചയപ്പെടുത്തി തരണം. 

എം.ജി. രാധാകൃഷ്ണന്‍ 
എം.ജി. രാധാകൃഷ്ണന്‍ 

ചിത്രയെപ്പറ്റി രസകരമായ 'ഒരു പാട്ട്പുരാണ'മുണ്ട്. കുഞ്ഞായിരിക്കുമ്പോള്‍ അച്ഛനെ കാണാന്‍ എം.ജി. രാധാകൃഷ്ണന്‍ സാറും ഡോ. ഓമനക്കുട്ടി ടീച്ചറും വീട്ടിലെത്തുന്നു. ആ സമയത്ത് തൊട്ടിലില്‍ കിടന്ന് കുഞ്ഞുചിത്ര 'പ്രിയതമാ' എന്നു പാട്ടുപാടിയ കഥ ഓര്‍മ്മയിലുണ്ടോ?

എനിക്കും കേട്ടറിവാണ്. മോന്‍ ജനിച്ച സമയം അവനുവേണ്ടി തൊട്ടില്‍ കെട്ടിയിരുന്നു. ആ തൊട്ടിലില്‍ ഇരുന്നാണ് ഞാന്‍ പാട്ടുപാടിയതെന്നാണ് പറയുന്നത്. രാധാകൃഷ്ണന്‍ ചേട്ടനും ഓമനക്കുട്ടി ടീച്ചറും ഒരുമിച്ച് കച്ചേരി നടത്തുന്ന സമയമായിരുന്നു അത്. വീടിനടുത്തെ മണ്ണടി ഭഗവതി ക്ഷേത്രത്തില്‍ കച്ചേരിക്കായി എത്തിയതായിരുന്നു. അച്ഛന്‍ വഴിയാണ് കച്ചേരി അറേഞ്ച് ചെയ്തത്. പരിപാടിക്ക് നേരത്തെ അവര്‍ എത്തിയതിനാല്‍ വീട്ടിലാണ് വിശ്രമിച്ചിരുന്നത്. 

അവര്‍ വന്ന് നോക്കുമ്പോള്‍ തൊട്ടിലില്‍ ഇരുന്ന് പാടുന്നു. വെറും പാട്ടല്ല. 'പ്രിയതമാ' എന്ന് തുടങ്ങുന്ന പാട്ട്. അതിശയിച്ച അതിഥികള്‍ അച്ഛനേയും അമ്മയേയും വിളിച്ചു കാണിച്ചത്രേ... അന്ന് തന്നെ ഓമനചേച്ചി പറഞ്ഞു കുട്ടിക്ക് ജ്ഞാനമുണ്ടല്ലോ. വലുതാകുമ്പോള്‍ ഞാന്‍ പാട്ടു പഠിപ്പിക്കുമെന്ന്. പിന്നീട് പാട്ട് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് കിട്ടിയപ്പോള്‍ ഒന്നും ആലോചിച്ചില്ല. ഓമനക്കുട്ടി ടീച്ചറിനെ തന്നെ ഗുരുവായി തെരഞ്ഞെടുത്ത് അവിടെ പോയി പഠിക്കുകയായിരുന്നു. 

കുട്ടിക്കാലം മുതലേ വലിയ ഒരു ഗായികയാവണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നോ? 

ഗായികയാവണമെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. സിനിമ എന്നത് എത്തിപ്പെടാന്‍ പറ്റാത്ത മേഖലയാണെന്ന് കരുതിയതുകൊണ്ട് അങ്ങനെ ചിന്തിച്ചിട്ടേയില്ല. ചേച്ചി പഠിക്കുന്നത് കേട്ട് ഞാനും മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. മറ്റ് വിഷയങ്ങളിലൊന്നും ഞാന്‍ ബ്രൈറ്റ് സ്റ്റുഡന്റ് ആയിരുന്നില്ല. ആവറേജ് ആയിരുന്നു. കണക്ക് ഒക്കെ വളരെ വിഷമം പിടിച്ച വിഷയമായിരുന്നു. അന്നുമുതലേ ഏറ്റവും ഇഷ്ടമുള്ള വിഷയം സംഗീതം തന്നെ ആയിരുന്നു. അതുകൊണ്ട് മെയിന്‍ എടുത്ത് പഠിച്ചു. ടീച്ചിങ്ങായിരുന്നു തൊഴിലായി ആഗ്രഹിച്ചത്. ഏതെങ്കിലും ഒരു സ്‌കൂളില്‍ മ്യൂസിക് ടീച്ചറായി ജോലി കിട്ടുമെന്നായിരുന്നു പ്രതീക്ഷ. 

ഡോ. ഓമനക്കുട്ടി
ഡോ. ഓമനക്കുട്ടി

പാട്ടില്‍ ചേച്ചിയുമായി എപ്പോഴെങ്കിലും മത്സരിച്ചിരുന്നോ?

ചേച്ചിയുമായി ഒരുകാലത്തും മത്സരിച്ചിട്ടില്ല. എനിക്കറിയാം എന്നെക്കാള്‍ വലിയ പാട്ടുകാരി ചേച്ചിയാണെന്ന്. പിന്നെ മത്സരത്തില്‍ ഒരു ഭാഗ്യത്തിന്റെ കളിയുണ്ടല്ലോ എപ്പോഴും. ചേച്ചിയെ തോല്‍പ്പിച്ച് ഒരു സമ്മാനം കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ ഒരു മത്സരം വേണ്ടെന്ന് പരസ്പരം തീരുമാനിച്ചിരുന്നു. ചേച്ചി പങ്കെടുക്കുന്ന ഒരു മത്സരത്തിലും ഞാന്‍ പങ്കെടുക്കില്ല. അന്നത്തെ കാലത്ത് യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചേച്ചിയാണ് ഒന്നാം സമ്മാനം നേടാറ്. 

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി. വേണുഗോപാലും. ഞാന്‍ ഗ്രൂപ്പ് സോങ്‌സില്‍ മാത്രമാണ് പങ്കെടുക്കാറ്. ചേച്ചി സ്‌കൂള്‍ വിട്ട ശേഷമാണ് ആ മത്സരങ്ങളില്‍ പങ്കെടുത്തത്. 

9-ാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഒരു സിനിമയ്ക്കായി ആദ്യം പാടുന്നത്. അതേ വര്‍ഷം തന്നെ ഗായകന്‍ ജയചന്ദ്രനൊപ്പം സ്റ്റേജില്‍ പാടാനുള്ള ഭാഗ്യവും ലഭിച്ചു. വലിയ ഗായികയെന്ന പരിഗണന സ്‌കൂളില്‍ ലഭിച്ചിരുന്നോ?

5-ാം ക്ലാസ്സില്‍ ഞാന്‍ പഠിച്ചത് കാര്‍മല്‍ സ്‌കൂളിലായിരുന്നു. അഡ്മിഷനു പോകുന്ന സമയത്ത് പാടാന്‍ ലേശം കഴിവുള്ള കൊച്ചാണെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. അന്ന് സ്‌കൂളില്‍ പലപല പരിപാടികള്‍  ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഒന്നിനും പങ്കെടുത്തിരുന്നില്ല. എന്റെ സ്വഭാവം അനുസരിച്ച് പാടട്ടെ എന്ന് അങ്ങോട്ടുപോയി ചോദിച്ചതുമില്ല. അന്ന് കല എന്ന കൂട്ടുകാരിയായിരുന്നു എന്നും പാടിയിരുന്നത്. അതിനിടെ ഒരു ടീച്ചര്‍ പറഞ്ഞു ഇന്ന് ഏതെങ്കിലും ഒരു പുതിയ കുട്ടി പാടട്ടെയെന്ന്. ക്ലാസ്സിലെ ഒരു കുട്ടി എന്റെ പേര് പറഞ്ഞു. അങ്ങനെ എന്നെ നിര്‍ബ്ബന്ധിച്ച് വിളിച്ചപ്പോള്‍ പാടി. കാര്‍മല്‍ സ്‌കൂളില്‍നിന്ന് എനിക്ക് പാടാന്‍ വലിയ പ്രോത്സാഹനമൊന്നും ലഭിച്ചിരുന്നില്ല. അവിടെ പഠിത്തത്തിനായിരുന്നു പ്രാധാന്യം. അവിടെനിന്ന് പിന്നെ എന്നെ കോട്ടണ്‍ഹില്‍ സ്‌കൂളിലേക്ക് കൊണ്ടുപോയി. അതിനുശേഷമാണ് എന്നെ പാട്ടില്‍ പ്രോത്സാഹിപ്പിക്കുന്ന ടീച്ചര്‍മാര്‍ ഉണ്ടായത്. ഗ്രേസമ്മ ടീച്ചര്‍, ശാന്തകുമാരി ടീച്ചര്‍, ലില്ലി ടീച്ചര്‍ അവരൊക്കെ മക്കളെ കൊണ്ടുപോകുന്നതുപോലെ എന്നെ മടിയിലിരുത്തിയാണ് മത്സരങ്ങള്‍ക്കായി കൊണ്ടുപോയത്. തിരുവാതിരകളിക്കും കുമ്മിക്കുമൊക്കെ പാടാനായി കൊണ്ടുപോകും. സുശീലാദേവി ടീച്ചറും രാധാകൃഷ്ണന്‍ ചേട്ടനുമൊക്കെയായിരുന്നു സംഘഗാനം കമ്പോസ് ചെയ്തത്. അത് എനിക്ക് ഒരു വലിയ പഠനമായിരുന്നു. 

കുട്ടിക്കാലത്ത് അച്ഛന്‍ സ്ഥിരമായി പാടി തരുന്ന പാട്ടുകളും കവിതകളും ഇപ്പോഴും ഓര്‍മ്മയിലുണ്ടോ? 

തീര്‍ച്ചയായും. അച്ഛന്‍ തന്നെ ട്യൂണ്‍ ചെയ്തത് പഠിപ്പിച്ചതാണ് വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിത. അതിന് ഞാന്‍ പ്രൈസ് വാങ്ങിയിട്ടുണ്ട്. മായിയമ്മയെപ്പറ്റി അമ്മ തന്നെ എഴുതി ട്യൂണ്‍ ചെയ്ത് ഞങ്ങളെ പഠിപ്പിച്ചിരുന്നു. എന്റെ അമ്മൂമ്മ മായിയമ്മയുടെ വലിയ ഭക്തയായിരുന്നു. അമ്മൂമ്മ ചോതി നക്ഷത്രക്കാരിയാണ്. ഞാന്‍ ചിത്തിരയും. എന്റെയും അമ്മൂമ്മയുടേയും പിറന്നാള്‍ അടുത്തടുത്ത ദിവസങ്ങളിലായതിനാല്‍ ജന്മദിനത്തിന് കന്യാകുമാരിയില്‍ പോക്ക് അമ്മൂമ്മ പതിവാക്കി. യാത്രയുടെ ഉദ്ദേശ്യം മായിയമ്മയെ കാണുക തന്നെ. 

അഴുക്കുപുരണ്ട വസ്ത്രത്തില്‍ മാത്രമെ അവരെ കാണാന്‍ സാധിക്കുകയുള്ളൂ. അമ്മൂമ്മയും ഞാനും ജന്മദിനത്തിന് പോകുമ്പോള്‍ കൈനിറയെ സാധനങ്ങളും ഉണ്ടാകും. ആര് എന്ത് ചോദിച്ചാലും തനിക്ക് കഴിയുന്ന ഉപകാരങ്ങള്‍ ചെയ്യുന്ന സ്ത്രീയാണ് അവര്. അമ്മൂമ്മ പറഞ്ഞ് പറഞ്ഞ് അമ്മയ്ക്കും മായിയമ്മയെ വിശ്വാസമായിരുന്നു. മലയാളം അറിയില്ലെങ്കിലും മായിയമ്മ എന്റെ പാട്ടുകേട്ടപ്പോള്‍ തലയില്‍ കൈവച്ച് ഗീത് കീ റാണി എന്ന് പറഞ്ഞ് അനുഗ്രഹിച്ചു. 

ഇളയ രാജ
ഇളയ രാജ

ആദ്യമായി സമ്മാനം ഏറ്റുവാങ്ങിയത് മുഖ്യമന്ത്രി അച്യുതമേനോനില്‍നിന്നാണ്. 1986 മുതല്‍ തുടര്‍ച്ചയായി പതിനൊന്ന് വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും ചിത്രയ്ക്ക് ലഭിച്ചു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പുരസ്‌കാരങ്ങള്‍ വാങ്ങിയപ്പോള്‍ ഏതെങ്കിലും മുഖ്യമന്ത്രിമാരുടെ ഭാഗത്തുനിന്ന് രസകരമായ അഭിപ്രായങ്ങള്‍ ഉണ്ടായോ?

എന്റെ ഓര്‍മ്മയില്‍ ഇല്ല. ലളിതഗാനത്തിന് തൃശൂരില്‍വെച്ച് നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സമ്മാനം ലഭിച്ചതാണ്. അന്ന് സമ്മാനം നല്‍കാനെത്തുന്ന മുഖ്യമന്ത്രി ട്രാഫിക്ക് ജാം കാരണമോ മറ്റോ എത്താന്‍ വൈകി. അതുവരെ ഓഡിയന്‍സിന്റെ ബോറടി മാറ്റാനായി സമ്മാനം കിട്ടിയ കുട്ടികളുടെ പാട്ട് നടത്താമെന്നായി സംഘാടകര്‍. ഒന്നാം സമ്മാനം ലഭിച്ച ഓടക്കുഴലേ... ഓടക്കുഴലേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചു. പിന്നെയും ഗസ്റ്റ് വരാന്‍ വൈകിയതുകൊണ്ട് ഒരു പാട്ട് കൂടി പാടാന്‍ പറഞ്ഞു. എനിക്ക് പെട്ടെന്ന് ഓര്‍മ്മ വന്ന ''ഒരു പാട്ടു പാടുവാന്‍ വന്നവള്‍ നീ സഖി ഒരായിരം പാട്ട് പാടിയാലോ, പാട്ടിന്റെ രാഗം മനോഹരമെങ്കിലും, കേട്ടിരിക്കുവാന്‍ എന്തു ക്ലേശം'' (ഉദയഭാനു സാറാണ് പാട്ട് ചിട്ടപ്പെടുത്തിയത്).

പിറ്റേന്ന് പത്രങ്ങളില്‍ എന്റെ പാട്ട് വലിയ വാര്‍ത്തയായി. ഒരു പാട്ട് പാടാന്‍ വന്ന കുട്ടിയെ കൊണ്ട് വീണ്ടും പാടിപ്പിച്ചു. 'ഒരു പാട്ടുപാടുവാന്‍ വന്നവള്‍ നീ സഖി' എന്ന പാട്ടെന്നത് വളരെ പ്രാസഭംഗിയിലാണ് പത്രങ്ങള്‍ എഴുതിയത്. 

അടുത്തിടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നമ്മെ വിട്ടുപിരിഞ്ഞത്. അദ്ദേഹവുമായുള്ള ആത്മബന്ധം എങ്ങനെയായിരുന്നു?

എപ്പോഴും പ്രസന്നവദനനാണ്. എന്തും സംസാരിക്കാം. സുഖവിവരം ചോദിക്കുന്നതല്ലാതെ മറ്റൊന്നും സംസാരിച്ചിട്ടില്ല. അടുത്തിടെയാണ് പുതുപ്പള്ളിയില്‍ ഒരു പരിപാടിക്ക് ക്ഷണിച്ചത്. അന്നത്തെ ദിവസം വേറെ ഒരു പരിപാടി നേരത്തെ ഏറ്റതിനാല്‍ വരാന്‍ പ്രയാസമുള്ള കാര്യം വിജയന്‍ ചേട്ടന്‍ അറിയിച്ചു. പിന്നീട് ഉമ്മന്‍ ചാണ്ടി സാര്‍ നേരിട്ട് വിളിച്ചിട്ട് എങ്ങനെയെങ്കിലും വരണമെന്ന് പറഞ്ഞു. അത് വലിയൊരു പരിപാടിയായിരുന്നു. അന്ന് അദ്ദേഹത്തിന് ആളുകളോടുള്ള സ്‌നേഹം നേരിട്ടുകണ്ട് മനസ്സിലായതാണ്. അദ്ദേഹത്തിന്റെ വിയോഗം എല്ലാവര്‍ക്കും വലിയ നഷ്ടമാണ്. 

ചലച്ചിത്രഗാനം പാടാനായി ചെന്നൈയിലേക്ക് പോയ ചിത്ര പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ആദ്യമായി ചെന്നൈയിലെത്തിയ കൗമാരക്കാരിയെ എങ്ങനെ നോക്കിക്കാണുന്നു?

ചെന്നൈയില്‍ സ്ഥിരതാമസമാകുമെന്ന് ഒരു തീര്‍ച്ചയും ഉണ്ടായിരുന്നില്ല. ബന്ധുക്കള്‍ ഉണ്ടായിരുന്നെങ്കിലും അവിടെ വരുന്ന കാര്യം ആരെയും അറിയിച്ചിരുന്നില്ല. രവീന്ദ്രന്‍ മാഷ് തന്നെ നേരിട്ട് സ്റ്റേഷനില്‍ വന്ന് എന്നെയും അച്ഛനേയും കൊണ്ടുപോകുകയായിരുന്നു. രവീന്ദ്രന്‍ മാഷ് തന്നെ വണ്ടി വിളിച്ച് ഹോട്ടലില്‍ കൊണ്ടുപോയി ഞങ്ങളെ താമസിപ്പിക്കുകയായിരുന്നു. രാജ് ഹോട്ടല്‍ എന്ന ഒരു ചെറിയ ഹോട്ടലിലാണ് താമസിച്ചിരുന്നത്. അവിടുത്തെ വെള്ളമൊക്കെ എനിക്ക് വലിയ പ്രശ്‌നമായിരുന്നു. ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരാത്ത വിധത്തിലാണ് 'മാഷ്' ഞങ്ങളെ പരിഗണിച്ചത്. 

മോഹന്‍ലാല്‍ അഭിനയിച്ച 'കളിയില്‍ അല്പം കാര്യം' എന്ന ചിത്രത്തിലെ പാട്ടുകള്‍ക്കായുള്ള റെക്കോര്‍ഡിങ്ങ് ആയിരുന്നു 'കണ്ണോട് കണ്ണായ സ്വപ്നങ്ങളില്‍' എന്ന പാട്ടാണ് ആദ്യം റെക്കോര്‍ഡ് ചെയ്തത്. ജെമിനി സ്റ്റുഡിയോയില്‍ വച്ചായിരുന്നു റെക്കോര്‍ഡിങ്ങ്. കോട്ടേശ്വര്‍ റാവു എന്ന അന്നത്തെ അറിയപ്പെടുന്ന റെക്കോര്‍ഡിസ്റ്റാണ് റെക്കോര്‍ഡ് ചെയ്തത്. 

കൂടുതല്‍ പാട്ടുകള്‍ വന്നതോടെ സ്ഥിരമായി ചെന്നൈയില്‍ പോകാന്‍ തുടങ്ങി. 1984-ലാണ് രാജ സാറിനുവേണ്ടി ആദ്യമായി പാടുന്നത്. അതിന് കാരണം ഫാസില്‍ സാറാണ്. 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന സിനിമയിലെ 'ആയിരം കണ്ണുമായി', 'കിളിയേ കിളിയേ' എന്ന പാട്ട് കേട്ടപ്പോള്‍ ചിത്രത്തില്‍ അഭിനയിച്ച നദിയാ മൊയ്തുവിന്റെ ശബ്ദത്തിന് എന്റെ ശബ്ദം ചേരുന്നുണ്ട് എന്ന് തോന്നിയതിനാലാവാം രാജ സാര്‍ ചോദിച്ചു, ഈ പുതിയ ശബ്ദം ആരുടേതാണെന്ന്. തിരുവനന്തപുരത്തുള്ള കുട്ടിയാണെന്ന് പറഞ്ഞു. അങ്ങനെയാണ് വോയ്‌സ് ടെസ്റ്റിന് വരാന്‍ വേണ്ടി പറഞ്ഞത്. ഇനി ചെന്നൈയില്‍ പോകുമ്പോള്‍ രാജ സാറിനെ ചെന്ന് കാണണമെന്ന് ഫാസില്‍ സാര്‍ പറഞ്ഞു. ആദ്യം കരുതിയത് കളിയാക്കിയതാണെന്നാണ്. രാജ സാര്‍  എന്നെ വിളിക്കാനോ, അങ്ങനെയാണ് വിചാരിച്ചത്. തമാശയല്ല കാര്യമായി പറഞ്ഞതാണെന്ന് ഫാസില്‍ സാര്‍ പറഞ്ഞപ്പോള്‍ ചെന്നൈയില്‍ പോയ സമയത്ത് രാജ സാറിനെ കാണുകയായിരുന്നു. അന്ന് ദാസേട്ടന്റെ മാനേജര്‍ കുഞ്ഞുണ്ണി ചേട്ടനുണ്ട്. അദ്ദേഹമാണ് എന്നെ രാജ സാറിന്റെ അടുത്തേക്ക് കൊണ്ടുപോയത്. 

എആർ റഹ്മാൻ
എആർ റഹ്മാൻ

ജീവിതത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഏറെ ചിന്തിക്കുന്ന വ്യക്തിയാണോ?

എനിക്ക് പെട്ടെന്ന് ആളെ മനസ്സിലാക്കാനോ പെട്ടെന്ന് തീരുമാനമെടുക്കാനോ സാമര്‍ത്ഥ്യമുള്ള ഒരാളല്ല. എന്റെ കാര്യങ്ങളെല്ലാം ചെറിയ പ്രായത്തില്‍ അച്ഛനാണ് തീരുമാനിച്ചിരുന്നത്. അച്ഛന്റെ മരണശേഷം വിജയന്‍ ചേട്ടന്‍ ജീവിതത്തിലേക്ക് വന്നു. പിന്നീട് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് വിജയന്‍ ചേട്ടനാണ്. ഞാന്‍ അന്നും ഇന്നും അനുസരിച്ച് പോകുന്ന കൂട്ടത്തിലാണ്. അതാണ് എന്റെ പ്രകൃതം. തീരുമാനമെടുക്കാനുള്ള ഒരു കഴിവ് ഇല്ല. റിയാലിറ്റി ഷോയിലൊക്കെ ഇരിക്കുമ്പോള്‍ തീരുമാനമെടുക്കുമ്പോള്‍പോലും അതും എല്ലാവരോടും ചോദിച്ചശേഷമാണ് തീരുമാനമെടുക്കാറ്. ഒരിക്കലും ഒരു പിഴവ് വരാന്‍ പാടില്ല എന്ന ഒരു ഭയമാണ് എനിക്ക്. എന്റെ ഒരു തീരുമാനംകൊണ്ട് ഒരാള്‍ക്ക് ഒരു നഷ്ടവും ഉണ്ടാവരുത്. 

എപ്പോഴെങ്കിലും എടുത്ത തീരുമാനം തെറ്റാണെന്നു തോന്നിയിട്ടുണ്ടോ?

അങ്ങനെ തോന്നിയിട്ടില്ല. പലപ്പോഴും പറ്റിക്കപ്പെട്ടിട്ടുണ്ട്. ഒന്നുരണ്ടുവട്ടം അങ്ങനെ സംഭവിച്ചപ്പോഴാണ് വിജയന്‍ ചേട്ടനെ ആശ്രയിച്ചു തുടങ്ങിയത്. ചില തീരുമാനം എടുത്തപ്പോള്‍ ഞാന്‍ വിചാരിച്ച എഫ്ക്ട് അല്ല ഉണ്ടായത്. നമുക്ക് ഇത്തിരി അലിയുന്ന മനസ്സാണെങ്കില്‍ അത് ചൂഷണം ചെയ്യുന്ന ആളുകള്‍ ഉണ്ടല്ലോ. ഒരിക്കല്‍ ഭര്‍ത്താവ് മരിച്ചെന്ന് പറഞ്ഞ് ഒരു സ്ത്രീ വന്നു. ബോഡി എടുക്കാന്‍പോലും പണമില്ലെന്ന് പറഞ്ഞ് പണം കൊടുത്തു. പിന്നീട് രണ്ടാഴ്ച കഴിഞ്ഞ് ഭര്‍ത്താവ് വന്ന് ഭാര്യ മരിച്ചു ബോഡി എടുക്കാന്‍ പണമില്ലെന്ന് പറഞ്ഞ് അങ്ങനെയുള്ള കുറെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നല്ല ഉദ്ദേശ്യത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ പ്രയാസം തോന്നും. പിന്നെ അതൊക്കെ രണ്ട് ദിവസം കൊണ്ട് മറക്കും. 

എം.എ പരീക്ഷയുടെ അന്ന് പാടിയ പാട്ടിന് എന്ത് സംഭവിച്ചു എന്നത് ചരിത്രം. അതിനാണ് കെ.എസ്. ചിത്രയ്ക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ആ പരീക്ഷയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു. 
'സിന്ധു ഭൈരവി'യിലെ പാട്ട് പാടി കഴിഞ്ഞശേഷമാണ് മറ്റുള്ള സംഗീത സംവിധായകര്‍ എം.എസ്.വി സാര്‍, രാജന്‍ നാഗേന്ദ്ര തുടങ്ങി മറ്റ് ഭാഷകളിലുള്ള സംഗീത സംവിധായകര്‍ എന്നെ വിളിക്കാനുള്ള ധൈര്യം കാണിച്ചത്. അതിനുശേഷം കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. പിന്നീട് കോളേജില്‍ പോയിട്ടില്ല. അച്ഛന് കൊടുത്ത വാക്ക് ഞാന്‍ പാലിച്ചിട്ടില്ലെന്നതാണ്. അമ്മയ്ക്ക് ഞാന്‍ പാടുന്നതിനേക്കാള്‍ താല്പര്യം ഒരു സര്‍ക്കാര്‍ ഉദ്യോഗം വാങ്ങണമെന്നതായിരുന്നു. അതിനുകാരണം സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ ഒരു സ്ഥിരവരുമാനമാകുമെന്നതിനാലാണ്. റെക്കോര്‍ഡിങ്ങിനു പോയാല്‍ ഇനിയും അവസരങ്ങള്‍ കിട്ടുമോ എന്നറിയില്ല. ക്ലിക്കാകുമോ എന്ന പേടി. ഇത് ഒരു തൊഴിലാക്കി എടുക്കാന്‍ പറ്റുമെന്ന ഒരു ചിന്തയും അന്ന് ഇല്ല. പരീക്ഷയ്ക്ക് പോകാതെ റോക്കോര്‍ഡിങ്ങിനു പോകുന്നതില്‍ അമ്മയ്ക്ക് താല്പര്യം ഇല്ലായിരുന്നു. അത് അമ്മ അച്ഛനോട് പറയുകയും ചെയ്തു. ഇത്രയും വലിയ ഒരാള്‍ പറയുമ്പോള്‍ അത് വിട്ടിട്ട് വരുമ്പോള്‍ ഭയങ്കരമായ ഗുരുത്വദോഷമായിപ്പോകും. പാടിക്കഴിഞ്ഞ് അവള്‍ വന്ന് പരീക്ഷയെഴുതി എടുത്തോളും എന്ന് പറഞ്ഞു. പിന്നെ പരീക്ഷയെഴുതാന്‍ പറ്റിയില്ല. 

രാജ സാര്‍ അന്നേ തിരിച്ചറിഞ്ഞു?

ആ പാട്ട് ശരിക്കും ഞാന്‍ പാടേണ്ടതായിരുന്നില്ല. വൈരമുത്തു സാറാണ് അക്കാര്യം പറഞ്ഞത്. രാജ സാര്‍ പറഞ്ഞു ശാസ്ത്രീയ സംഗീതം പഠിച്ച കുട്ടിയാണ്. പാടിച്ചു നോക്കാം. നന്നായിട്ടുണ്ടെങ്കില്‍ പാടിക്കാമെന്ന്. ചൈല്‍ഡിഷ് ആയിരുന്നു എന്റെ ശബ്ദം. രാജ സാറിന്റെ ധൈര്യത്തിലാണ് മറ്റുള്ളവര്‍ അത് സമ്മതിച്ചത്. ''ചിന്ന പൊണ്ണാച്ച് ഇങ്ങനത്തെ സോങ്ങ് കൊടുത്താല്‍ എപ്പടി''- ഇങ്ങനത്തെ സംശയമായിരുന്നു അവര്‍ക്ക്. രാജ സാറിനോടുള്ള നന്ദിയും കടപ്പാടും ജീവിതത്തില്‍ തീരില്ല. 

രാജ സാറിന്റെ അടുത്ത് പാടിയ ഓരോ പാട്ടും എനിക്ക് പരീക്ഷ പോലെയായിരുന്നു. ഓരോ അനുഭവങ്ങളായിരുന്നു. വ്യത്യസ്ത തരത്തിലുള്ള പല പല പാട്ടുകള്‍ ഞാന്‍ അദ്ദേഹത്തിനായി പാടിയിട്ടുണ്ട്. ഒരിക്കലും വഴക്കുപറയുകയോ ഒന്നും ചെയ്തിട്ടില്ല. മാസ്മരികഭാവംകൊണ്ട് നമ്മെ സംഗീതത്തിലേക്ക് അടുപ്പിക്കുന്ന ഒരു പ്രഭാവലയം രാജ സാറിന് എപ്പോഴുമുണ്ട്. 

ചെറിയ പ്രായത്തില്‍ പാട്ടുപാടുന്നതിനിടെയാണ് ദിലീപ് എന്ന അത്ഭുതബാലനെ ഇളയരാജയ്‌ക്കൊപ്പം കണ്ടുമുട്ടുന്നത്. സ്വന്തം സംഗീതജീവിതം ഇരുവരും അവിസ്മരണീയമാക്കി. എ.ആര്‍. റഹ്മാനും ചിത്രയും തമ്മിലുള്ള വ്യക്തിജീവിതത്തിലെ സൗഹൃദവും സംഗീതജീവിതത്തിലെ ചര്‍ച്ചകളും എങ്ങനെയുള്ളതാണ്?

സൗഹൃദമാണെന്ന് പറയാമോ എന്നറിയില്ല. അദ്ദേഹം ഒട്ടും സംസാരിക്കുന്ന ആളല്ല. രാജ സാറിന്റെ റെക്കോര്‍ഡിങ്ങിന് പോകുമ്പോഴാണ് ഞാന്‍ ആദ്യമായി ആ കുട്ടിയെ കാണുന്നത്. റക്കോര്‍ഡിങ്ങിന് ശേഷം രണ്ടു കൈയും പോക്കറ്റിലിട്ട് നടന്നുപോവുകയും ചെയ്തു. ഇതാരാണെന്ന് ചോദിച്ചപ്പോള്‍ ദിലീപാണെന്നും ആര്‍.കെ. ശേഖറിന്റെ മകനാണെന്നും പറഞ്ഞു. കീ ബോര്‍ഡ് വായനയില്‍ മിടുമിടുക്കനാണെന്ന് സുന്ദര രാജന്‍ സാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. 'റോജാ' എന്ന സിനിമയുടെ പാട്ടിന് വിളിക്കുമ്പോള്‍ ഈ കുട്ടിയാണോ സിനിമ ചെയ്യുന്നതെന്ന് തോന്നിയിരുന്നു. പഴയ ദിലീപ് ഇപ്പോള്‍ എ.ആര്‍. റഹ്മാനായി; അത് കാലം വരുത്തിയ മാറ്റം. 

അവന്റെ കഴിവുകള്‍ അന്നേ ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. ഞങ്ങള്‍ തമ്മില്‍ വേഗത്തില്‍ പരിചയത്തിലാവുകയും ചെയ്തു. ആ പരിചയം എ.ആര്‍. റഹ്മാന്‍ എന്ന ഞങ്ങളുടെ പഴയ ദിലീപ് ഒരിക്കലും മറന്നിട്ടില്ല. എവിടെ വന്ന് കണ്ടാലും വണക്കം പറയാതെ പോയിട്ടില്ല. 

അദ്ദേഹത്തിന്റെ കൂടെ നിരവധി സിനിമകളില്‍ പാടി. അദ്ദേഹം എപ്പോഴും എന്നോട് പറഞ്ഞിരിക്കുന്നത് ചിത്രയും പതിവ് ശബ്ദത്തില്‍നിന്ന് വ്യത്യസ്തമായത് വേണമെന്നാണ്. റെക്കോര്‍ഡിങ്ങിന് വിളിക്കുമ്പോള്‍ ഇന്ന് ഇത്തിരി ജലദോഷമാണെന്ന് പറഞ്ഞാല്‍ അപ്പോള്‍ തന്നെ വരാന്‍ പറയുമായിരുന്നു. അദ്ദേഹത്തിന്റെ ഒരുപാട് നല്ല പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. ഇപ്പോഴും എന്റെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ തമിഴില്‍ തെരയുമ്പോള്‍ ഏറെയും അദ്ദേഹത്തിന്റേതായിരിക്കും. എപ്പോഴും എവിടെപ്പോയാലും ആളുകള്‍ പറയാന്‍ പാടുന്ന പാട്ടുകളാണ് അവ. സൗഹൃദത്തെക്കാള്‍ ഒരു മ്യൂച്ചല്‍ റെസ്പെക്റ്റ് ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. 

റെക്കോര്‍ഡിങ്ങിന് മറ്റ് സംഗീതസംവിധായകരെക്കാള്‍ കുറച്ച് സ്വാതന്ത്ര്യം തരാറുണ്ട്. ചില പാട്ടുകള്‍ ഇങ്ക ഇഷ്ടത്തോടെ പാടാന്‍ പറയും. ''അഞ്ജലി അഞ്ജലി'' എന്ന പാട്ടില്‍ ഒരു ആലാപ് വരും. അത് ഫിക്സ് ചെയ്തിട്ടുണ്ടായിരുന്നില്ല. അന്ന് മനസ്സില്‍ തോന്നിയത് ഒരു പരീക്ഷണം പോലെ ചെയ്തതായിരുന്നു. അത് വലിയ ഹിറ്റായി. എസ്.പി.ബി സാറിനൊപ്പം ഏത് സ്റ്റേജ്‌ഷോയ്ക്ക് പോയാലും ആ പാട്ട് എല്ലാവരും ആവശ്യപ്പെടുമായിരുന്നു. അദ്ദേഹം എന്നും മിതഭാഷി തന്നെയായിരുന്നു. 

രവീന്ദ്രൻ മാസ്റ്റർ
രവീന്ദ്രൻ മാസ്റ്റർ

ചെന്നൈയിലേക്ക് ആദ്യമായി പോയത് രവീന്ദ്രന്‍ മാഷിനൊപ്പമായിരുന്നു. രവീന്ദ്രന്‍ മാഷുമൊത്തുള്ള ദീര്‍ഘകാലത്തെ സംഗീതജീവിതം എങ്ങനെയായിരുന്നു?

ചെന്നൈയില്‍ ആദ്യമായി കൊണ്ടുപോയത് രവീന്ദ്രന്‍ മാഷാണ്. എന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത് രവീന്ദ്രന്‍ മാസ്റ്ററുടെ സ്വാധീനമാണ്. റെക്കോര്‍ഡിങ്ങ് കഴിഞ്ഞ് അന്ന് ഉച്ചയ്ക്ക് മാഷ് എന്നെയും അച്ഛനേയും വീട്ടില്‍ കൊണ്ടുപോയി. ശോഭചേച്ചി ഉണ്ടാക്കിയ ഭക്ഷണം കഴിപ്പിച്ചു. മദ്രാസിലേക്ക് എന്നെ എത്തിച്ചതിലുള്ള മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിനുള്ളതാണ്. 

മാഷ് ഒരിക്കലും സ്ട്രിക്റ്റായി പെരുമാറിയിട്ടില്ല. എപ്പോഴും മോളേ എന്നല്ലാതെ പേര് പോലും വിളിച്ചിട്ടില്ല. മാഷുടെ പാട്ട് പാടാന്‍ പോകുമ്പോള്‍ എപ്പോഴും ദൈവത്തെ പ്രാര്‍ത്ഥിച്ചിട്ടാണ് പോകുക. പാടാന്‍ പറ്റുന്ന പാട്ടുകളായിരിക്കണമെന്ന്. ചില പാട്ടുകള്‍ വലിയ പ്രയാസമുള്ളതായിരിക്കും. അന്നൊന്നും പാട്ടുകള്‍ നേരത്തെ കിട്ടാറില്ല. അവിടെ ചെല്ലുമ്പോള്‍ മാത്രമേ ഇന്ന് ഏത് പാട്ടാണ് എന്നറിയാന്‍ കഴിയുക. ചില ശ്ലോകമൊക്കെയാണ് പാടുന്നതെങ്കില്‍ അത് ഇന്ന രാഗത്തില്‍ പാടിക്കോ എന്നു പറഞ്ഞ് ധൈര്യം കാണിച്ചയാള്‍ രവീന്ദ്രന്‍ മാഷേ ഉള്ളൂ. എന്നിലുള്ള ഒരു വിശ്വാസംകൊണ്ടായിരിക്കാം മാഷ് അത് കാണിച്ചത്. 

രവീന്ദ്രന്‍ മാഷ് മെലഡിയുടെ രാജകുമാരനായിരുന്നു. രവീന്ദ്രന്‍ മാഷുടെ ഏറ്റവും ഇഷ്ടമുള്ള പാട്ട് പറയാന്‍ പ്രയാസമാണ്. എന്റെ അനുഭവത്തില്‍ മാഷിന് ഞാന്‍ പാടിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ 'മഴ'യിലെ 'വാര്‍മുകിലേ വാനില്‍ നീ' എന്ന പാട്ടാണ്. ആ പാട്ടിന്റെ സമയത്ത് മാഷ് അവിടെ റെക്കോര്‍ഡിങ്ങിന് ഇരുന്നില്ല. പാടിക്കഴിഞ്ഞപ്പോള്‍ മാഷിനെ വിളിച്ചു. ഒന്നു രണ്ട് തെറ്റുകള്‍ അവിടെയിവിടെയായി പറഞ്ഞുതന്നു. രണ്ടാം തവണ പാടിക്കഴിഞ്ഞപ്പോള്‍ യൂസഫലി സാറിനെ ഫോണില്‍ വിളിച്ച് എന്റെ മോള്‍ പാടി പാട്ടു കേള്‍ക്കൂ എന്നു പറഞ്ഞ് ഫോണിലൂടെ കേള്‍പ്പിച്ചുകൊടുത്തു. അന്ന് മാഷിന്റെ പ്രതികരണത്തിലൂടെ അത് എനിക്ക് മനസ്സിലായി. 

എത്രമാത്രം പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ജോണ്‍സണ്‍?

വളരെ സ്ട്രിക്റ്റ് ആയ സംഗീതസംവിധായകനായിരുന്നു ജോണ്‍ മാസ്റ്റര്‍. കൃത്യസമയത്ത് എത്തണം; ട്രാക്ക് പാടാന്‍ അനുവദിക്കില്ല. ലൈവായിത്തന്നെ റെക്കോര്‍ഡ് ചെയ്യണം. മാഷിന്റെ ഏകദേശം എല്ലാ പാട്ടുകളും ലൈവായിട്ടാണ് റെക്കോര്‍ഡ് ചെയ്തിട്ടുള്ളത്. പെട്ടെന്ന് ഇമോഷണലാകുന്ന ഒരാളായിരുന്നു. 'കേള്‍ക്കാത്ത ശബ്ദം' എന്ന സിനിമയിലെ 'മാണിക്യ പുന്നാര പെണ്ണ് വന്ന്' എന്ന പാട്ടിന്റെ റെക്കോര്‍ഡിങ്ങിനാണ് ആദ്യമായി കാണുന്നത്. ആ കാഴ്ച അത്ര സുഖകരമായിരുന്നില്ല. എനിക്കന്ന് 18 വയസ്സാണ്. മൂന്ന് ചരണങ്ങളുള്ള പാട്ടാണ്. ദാസേട്ടന്‍ പാടിയ പാട്ടിന് ഹമ്മിങ്ങ് പാടാനായാണ് എത്തിയത്. ദാസേട്ടന്‍ അന്ന് ലൈവ് നിന്ന് പാടുകയാണ്. ദാസേട്ടന്‍ പാട്ടിന്റെ കുറെഭാഗം പാടിയ ശേഷമാണ് എന്റെ ഭാഗം. പല തവണ മാഷ് പാട്ട് മാസ്റ്റര്‍ പറഞ്ഞുതന്നു. വളരെ വേഗം പാട്ട് ഹൃദിസ്ഥമാകുന്നതുകൊണ്ട് ഞാന്‍ ധൈര്യത്തോടെ ഇരുന്നു. സ്വരമൊക്കെ 

എഴുതിവച്ചിട്ടുണ്ട്. മാഷ് ടേക്ക് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍നിന്ന് സംഗീതം കൈവിട്ടുപോയി. ട്യൂണ്‍ കിട്ടാതെ ഞാന്‍ പലതവണ കുഴങ്ങി. റിഹേഴ്സലില്‍ ഞാന്‍ വളരെ ഭംഗിയായി പാടിയതാണ്. രണ്ടാംവട്ടവും പാടിയപ്പോള്‍ നാക്ക് ചതിച്ചു. മൂന്നാംവട്ടവും അത് ആവര്‍ത്തിച്ചപ്പോള്‍ മാസ്റ്റര്‍ക്ക് ദേഷ്യം സഹിച്ചില്ല. എന്നോട് നേരിട്ട് പരിഭവം പറയാന്‍പോലും അദ്ദേഹം മടിച്ചു. ''ദാസേട്ടാ ആ കുട്ടിയോട് നേരെ പാടാന്‍ പറ.'' അതുകൂടി കേട്ടപ്പോള്‍ ഞാന്‍ തീര്‍ന്നു. ആ സമയം ദാസേട്ടന്‍ ഓടിവന്ന് സഹായിച്ചപ്പോഴാണ് ടേക്ക് ഓക്കെ ആയത്. അത് ഇന്നും ഞാന്‍ മറക്കില്ല. ദാസേട്ടന്‍ അന്ന് സോഫ്റ്റായി നിന്നതുകൊണ്ടാണ് പാടാന്‍ കഴിഞ്ഞത്. ദാസേട്ടന്‍ കൂടി ചൂടായിരുന്നെങ്കില്‍ അവിടെ ഫ്‌ലാറ്റായി വീണുപോയേനെ. 

അവസാനം മകള്‍ മരിച്ച സമയത്ത് വീട്ടില്‍ വന്നിരുന്നു. മാഷ് ആ സമയം വളരെ അപ്സറ്റായിരുന്നു. സഹോദരിയുടെ കഥയെല്ലാം പറഞ്ഞാണ് പോയത്. അന്നുവരെ ഞാന്‍ മാഷെ അങ്ങനെ കണ്ടിട്ടില്ല. എന്നെ കണ്ട് മാഷും കരഞ്ഞു. അന്ന് ഏറെ നേരം വീട്ടില്‍ ഇരുന്നാണ് പോയത്. പോകുന്നതിനിടെ മാഷിന്റെ കാര്‍ വഴിയില്‍ ഇടിച്ചു. അതിനുശേഷം മാഷിന്റെ മരണവാര്‍ത്തയാണ് അറിയുന്നത്. 

പാടാന്‍ അവസരം കിട്ടിയിരുന്നെങ്കിലെന്നു തോന്നിയ മലയാള സംഗീത സംവിധായകരുണ്ടോ?

ബാബുരാജ് മാഷ്. മാഷിന്റെ ഒരു പാട്ട് പോലും ഞാന്‍ പാടിയിട്ടില്ല. കണ്ടിട്ടുപോലുമില്ല. പാടിയിട്ടില്ലെങ്കിലും ഒന്നു കാണണമെന്നുണ്ടായിരുന്നു. എന്നാല്‍, അടുത്തിടെ ഇറങ്ങിയ 'നീലവെളിച്ചം' എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ പേര് എന്റെ പുസ്തകത്തില്‍ എഴുതാന്‍ കഴിഞ്ഞു. ബിജിബാലാണ് അത് ചെയ്തതെങ്കിലും ബാബുക്കയുടെ പേര് എന്റെ ബുക്കില്‍ എഴുതാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം.

സിനിമാമേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന ധാരണ പൊതുവേയുണ്ട്. സംഗീതത്തിന്റെ മേഖലയില്‍ അത് എങ്ങനെയാണെന്നാണ് തോന്നിയിട്ടുള്ളത്?

എനിക്ക് ഒരിക്കലും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഒരിടത്തും ഞാന്‍ ഒറ്റയ്ക്ക് പോകാറില്ല. എപ്പോഴും എന്റെ കൂടെ വിജയന്‍ ചേട്ടന്‍, മാനേജര്‍ ആരെങ്കിലും കൂടെ ഉണ്ടാവും. അത് ഒരു ക്രെഡിറ്റ് അല്ല. മോശം തന്നെയാണ്. എല്ലാവരും ഇന്‍ഡ്‌പെന്‍ഡന്റ് ആവേണ്ടത് തന്നെയാണ്. എന്നെ വളര്‍ത്തിക്കൊണ്ടുവന്നത് അങ്ങനെയായതുകൊണ്ട് ഒരു തുണയില്ലാതെ ഞാന്‍ എങ്ങും പോവുകയില്ല. റെക്കോര്‍ഡിങ്ങിന് പോലും എന്റേതായ ഒരാള്‍ എന്റെ കണ്‍വെട്ടത്ത് ഉണ്ടാവും. അങ്ങനെയാണ് ഇത്രയും വര്‍ഷം ജോലി ചെയ്തുവന്നിട്ടുള്ളത്. എന്നാല്‍, ഇന്നത്തെ കാലത്ത് അങ്ങനെയല്ല. കുട്ടികള്‍ ഒരു ഷോയ്ക്ക് പോയാല്‍ പോലും എസ്‌കോര്‍ട്ട് കൊടുക്കാറില്ല. വളര്‍ന്നുവരുന്ന ചില കുട്ടികള്‍ എന്നോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്, കൂടെ ആരും വരരുതെന്ന് സംഗീത സംവിധായകന്‍ പറഞ്ഞിട്ടുണ്ടെന്ന്. അവരെ ഞാന്‍ ഉപദേശിക്കാറുണ്ട്. എന്റെ കൂടെ ആരും ഇല്ലാതെ ഞാന്‍ പോകില്ല. ഒറ്റയ്ക്ക് ഒരിടത്തുപോയി പെടേണ്ട അനുഭവം എനിക്കുണ്ടായിട്ടില്ല. 

തുടര്‍ച്ചയായി അവാര്‍ഡുകള്‍ ലഭിച്ചുകൊണ്ടിരുന്നപ്പോള്‍ ഏതെങ്കിലും ഒരു തവണ തന്നെക്കാള്‍ അര്‍ഹത മറ്റ് ആര്‍ക്കെങ്കിലും ആയിരുന്നെന്ന് തോന്നിയിട്ടുണ്ടോ?

എനിക്ക് അവാര്‍ഡ് കിട്ടിയ പാട്ടുകള്‍ എല്ലാം മികച്ചതാണെന്ന് ഞാനും വിശ്വസിക്കുന്നില്ല. ഇതിനും അവാര്‍ഡ് എന്ന് തോന്നിയ പാട്ടുകളുമുണ്ട്. അത് വേറെ ഒരാളിന് കിട്ടണമോ എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. നമുക്ക് കിട്ടുന്ന ബഹുമതി വേണ്ടെന്നുവെക്കാനുള്ള ഒരു മനസ്സ് എനിക്കില്ല. അങ്ങനെ ചെയ്യുന്നത് ഒരു മര്യാദകേടാവും എന്ന ചിന്തയാണ് എനിക്കുള്ളത്. 

ചിത്ര/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
ചിത്ര/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

ആത്മീയത ചിത്രയെന്ന ഗായികയില്‍ ചെലുത്തിയ സ്വാധീനം?

പണ്ടുമുതലേ വ്രതങ്ങളൊക്കെ എടുക്കുന്ന ആളായിരുന്നു. ജീവിതത്തില്‍ ഒട്ടും താങ്ങാന്‍പറ്റാത്ത  പ്രതിസന്ധി വരുമ്പോള്‍ പെട്ടെന്ന് അതില്‍നിന്ന് ആരും അകന്നുമാറും. ആ അകല്‍ച്ച എനിക്കും വന്നു. പിന്നീട് പല പല ദൂതന്മാര്‍ വന്ന് എന്നെ തിരിച്ച് ആത്മീയതയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ സര്‍വ്വവും സമര്‍പ്പിച്ചിരിക്കുകയാണ്. ഇനി എന്തുവന്നാലും എനിക്ക് ഒരു പ്രശ്‌നവുമില്ല. നാളെ ഇന്നത് ചെയ്യണമെന്ന ഒരു പ്ലാനേ ജീവിതത്തിലില്ല. എന്തുവന്നാലും അഭിമുഖീകരിക്കാനുള്ള കരുത്ത് തരണേ എന്ന പ്രാര്‍ത്ഥനയേ ഉള്ളൂ. 

'ദൈവം' എന്ന സങ്കല്പവും 'ആള്‍ദൈവ'വും രണ്ട് തലങ്ങളാണ്. ഒരേസമയം ദൈവങ്ങളിലും വിശ്വസിക്കാന്‍ എന്താണ് കാരണം?

ദൈവത്തില്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു. ആള്‍ദൈവങ്ങളില്‍ ഞാന്‍ ആത്മീയ ഗുരുക്കളെയാണ് കാണുന്നത്. നമ്മളില്‍നിന്ന് അവര്‍ അത്രമാത്രം മേലെയാണ്. ആ മേഖലയില്‍ കുറേ കാര്യങ്ങള്‍ പഠിച്ച് ദൈവത്തിന്റെ അടുത്തുള്ള ആളുകളാണ്. അവരില്‍നിന്നുള്ള മന്ത്രദീക്ഷയോ ഉപദേശമോ കിട്ടുന്നത്, നമ്മളെ ശുദ്ധീകരിക്കാന്‍, മെച്ചപ്പെടുത്താന്‍ ഉപകാരപ്പെടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

കെ.എസ്. ചിത്രയെന്ന ഗായികയുടെ വ്യക്തിജീവിതത്തിലെ ദുഃഖം മലയാളി അവരുടെ സ്വകാര്യദുഃഖമായി ഏറ്റെടുത്തിട്ടുണ്ട്. അതുകൂടി ഉള്‍ക്കൊണ്ടാണോ വീണ്ടും പാട്ട് രംഗത്ത് സജീവമായത്?

അങ്ങനെ കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എല്ലാത്തില്‍നിന്നും ഉള്‍വലിഞ്ഞിരിക്കുന്ന സമയത്ത് എന്നെ തിരിച്ചുകൊണ്ടുവരാനായി പല ദൂതന്മാരെ വിട്ടൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് ഇപ്പോഴും. അവര്‍ പറയുന്നത് നല്ല സെന്‍സില്‍ എടുക്കാന്‍ ബുദ്ധി തരണം ആ സമയത്ത്. പരിചയമില്ലാത്ത ഒരുപാട് പേര്‍ വന്ന് അവര്‍ക്കുണ്ടായ ദുഃഖങ്ങള്‍ പറഞ്ഞിട്ടുണ്ട്. എല്ലാം ഉള്‍ക്കൊള്ളാനുള്ള ശക്തി ദൈവം തന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ 

തളര്‍ന്നുപോയാല്‍ എന്റെ കൂടെയുള്ള എല്ലാവരും തകര്‍ന്നുപോകും. എന്റെ ഭര്‍ത്താവ് ജോലി രാജിവെച്ച് എനിക്കൊപ്പം നില്‍ക്കുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ ബാക്കിയുള്ള ജീവിതം ഇനി എന്താവും. അതുപോലെ ഞാന്‍ ഇനി എന്തുചെയ്യും. നമുക്ക് സ്വയം മരിക്കാന്‍ പറ്റില്ലല്ലോ. മരിക്കുന്നതുവരെ ജീവിക്കണം. എനിക്ക് ഒരു സ്റ്റുഡിയോ ഉണ്ട്. അവിടെ കുറെ സ്റ്റാഫ് ഉണ്ട്. പിന്നെ ഞാന്‍ തളര്‍ന്നാല്‍ എല്ലാവരും തകര്‍ന്നില്ലേ. ഞാന്‍ തിരിച്ച് എന്നെ കൊണ്ടുവന്നാലേ അവര്‍ക്ക് ഒരു ജീവിതം ഉള്ളൂ. ദൂതന്മാര്‍ വന്നാണ് ഇതൊക്കെ പറഞ്ഞുതന്നിട്ടുള്ളത്. സ്വയം ഒതുങ്ങിക്കൂടി കൂടെയുള്ളവരുടെ ജീവിതം കൂടി സഫറിങ്ങാക്കിയ കഥകള്‍ പറഞ്ഞുതന്നു. തുടര്‍ച്ചയായ കൗണ്‍സലിങ്ങിലൂടെയും നിരന്തരമായ വീട്ടുകാരുടെ ഇടപെടലിലൂടെയുമാണ് തീര്‍ച്ചയായും തിരിച്ചുവന്നത്. 

യേശുദാസ്
യേശുദാസ്

പാട്ടുകാരിയല്ലാത്ത കെ.എസ്. ചിത്രയെ മറ്റ് ഏതെങ്കിലും ഒരു മേഖലയില്‍ കാണാന്‍ അവസരമുണ്ടാകുമോ?

സംഗീത സംവിധാനമാണ് ഉദ്ദേശിച്ചതെങ്കില്‍ അത് ഞാന്‍ ശ്രമിച്ചിട്ടില്ലെന്നു പറയുന്നില്ല. കൊച്ചു കൊച്ചു ശ്ലോകമോ പ്രാര്‍ത്ഥനയോ ഒക്കെ ചെയ്തുനോക്കിയിട്ടുണ്ട്. ഒരു സിറ്റുവേഷന്‍ പറഞ്ഞുതന്ന് അതിനനുസരിച്ച് ഒരു മ്യൂസിക് ക്രിയേറ്റ് ചെയ്യുവാനുള്ള കഴിവൊന്നും എനിക്കില്ല. പാട്ടുകാരിയായി കാണാനേ നിവൃത്തിയുള്ളൂ. 

രാഷ്ട്രീയ പക്ഷം പിടിക്കുന്ന ചിത്രങ്ങളിലെ നിരവധി പാട്ടുകളും കെ.എസ്. ചിത്രയെന്ന ഗായിക പാടിയിട്ടുണ്ട്. എന്നെങ്കിലും ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് ചായ്വ് തോന്നിയിട്ടുണ്ടോ?

എനിക്ക് രാഷ്ട്രീയവുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല. അതിനെ ഫോളോ ചെയ്യുന്ന ഒരാളുമല്ല. സത്യം പറയുകയാണേല്‍ എനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ല. പിന്നെ ഒരു നാട് ഒക്കെ ഭരിക്കണമെങ്കില്‍ നമുക്ക് കുറെ അറിവ് വേണ്ടേ. അത്രയ്ക്കുള്ള വിവരം എനിക്കില്ല. 

തിരക്ക്, പണം, പ്രശസ്തി എന്നിങ്ങനെയുള്ള സങ്കീര്‍ണ്ണതകളില്‍ വ്യത്യസ്തമാണല്ലോ ഒരു സിനിമാ ഗായികയുടെ ജീവിതം. സംഗീതവും സ്വകാര്യ ജീവിതത്തിലെ സന്തോഷവും ഒന്നിച്ച് കൊണ്ടുപോകാന്‍ ഭര്‍ത്താവിന്റെ സഹായം എത്രത്തോളം ഉണ്ടായിരുന്നു?

എനിക്ക് വളരാന്‍ വേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ അറിഞ്ഞുതന്നത് വിജയന്‍ എന്ന എന്റെ ഭര്‍ത്താവാണ്. ഒരുപാട് പേരോട് നോ പറയാന്‍ മടിവരുമ്പോള്‍, അത് എങ്ങനെ പറയുമെന്ന് പേടി തോന്നുമ്പോള്‍ വിജയന്‍ ചേട്ടനെപ്പോലെ ഒരാള്‍ തന്നെ വേണം എനിക്കു വേണ്ടി ചീത്തയാവാന്‍. 'നേരേ വാ നേരേ പോ' സ്വഭാവക്കാരനാണ് അദ്ദേഹം. എന്നാല്‍, എത്രത്തോളം സഹകരിക്കാമോ അത്രത്തോളം വിട്ടുവീഴ്ചയും ചെയ്യും. ഓഡിയോ ട്രാക്സ്, കൃഷ്ണ ഡിജി ഡിസൈന്‍ സ്റ്റുഡിയോ ഒക്കെ തുടങ്ങിയത് വിജയന്‍ ചേട്ടന്റെ സ്വന്തം തീരുമാനത്തിലാണ്. 

കല്യാണം കഴിക്കുമ്പോള്‍ വിജയന്‍ ചേട്ടന്‍ അലിന്‍ഡ് എന്ന സ്ഥാപനത്തില്‍ എന്‍ജിനീയറാണ്. അച്ഛന്റെ രോഗം വല്ലാതെ മൂര്‍ച്ഛിച്ച് വരുന്ന സമയമായിരുന്നു. എന്റെ കല്യാണം അച്ഛന്റെ സ്വപ്നമായിരുന്നു. കല്യാണം ഉറപ്പിച്ച് 5-ാം ദിവസം അച്ഛന്‍ മരിച്ചു. പിന്നെ എന്നെ കൈപിടിച്ച് നടത്തിയത് അദ്ദേഹമാണ്. എനിക്കുവേണ്ടി ജോലിപോലും ഉപേക്ഷിച്ച് കൂടെ നിന്നു. എനിക്കുവേണ്ടി ഒരു സ്റ്റുഡിയോ വേണമെന്ന് പറഞ്ഞത് അദ്ദേഹമാണ്. മദ്രാസില്‍ ഒരു സ്റ്റുഡിയോ വേണമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും ചിന്തിച്ചിരുന്നില്ല. ഇന്ന് കയറിയ ഈ പടവുകളെല്ലാം അദ്ദേഹം ഒപ്പം ഉണ്ടായതുകൊണ്ടു മാത്രമാണ്. 

മലയാളത്തില്‍ ദാസേട്ടനൊപ്പമാണെങ്കില്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയത് എസ്.പി.ബിക്കൊപ്പമാണ്. മറ്റുള്ള ഗായകരില്‍നിന്ന് എസ്.പി.ബിയെ വ്യത്യസ്തനാക്കുന്നത് എന്താണ്?

ഏറ്റവും കൂടുതല്‍ ഡ്യുയറ്റ് പാടിയത് എസ്.പി.ബി സാറിനൊപ്പമാണ്. എപ്പോഴും ബോള്‍ഡ്ലിയാണ്. ഒരു റൊക്കോര്‍ഡിങ്ങ് സമയത്തുപോലും മൂഡ് ഓഫായി കണ്ടിട്ടില്ല. പാട്ടില്‍ എനിക്ക് ഒരു കൊച്ചു പാഠപുസ്തകം തന്നെയായിരുന്നു. എല്ലാവരേയും എപ്പോഴും സന്തോഷിപ്പിക്കുന്ന പ്രകൃതം. ഒരു കോണ്‍ഫിഡന്‍സ് ഇല്ലാത്ത ദിവസമാണ് സ്റ്റേജ് ഷോയ്ക്ക് പോവുന്നതെങ്കില്‍ കൂടെനിന്ന് നമുക്ക് ആത്മവിശ്വാസം നല്‍കും. അദ്ദേഹം കൂടെയുള്ളപ്പോള്‍ ഒരപരിചിതത്വം തോന്നുകയേ ഇല്ല. ഞങ്ങള്‍ ഒപ്പമുള്ള ഗാനമേളകളൊക്കെ വളരെ രസമാണ്. സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ വെറുതെ അതുമിതും പറഞ്ഞ് കളിയാക്കും. എല്ലാം മധുരമുള്ള കളിയാക്കലുകള്‍. ഒരിക്കല്‍ സ്റ്റേജ് ഷോയ്ക്കിടെ 'കളഭം തരാം' എന്ന പാട്ടു പാടിയപ്പോള്‍ അതൊന്ന് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്താന്‍ പറഞ്ഞപ്പോള്‍ പെട്ടെന്ന് എനിക്ക് 'കളഭം' എന്ന വാക്കിന്റെ ഇംഗ്ലീഷ് കിട്ടാതെ കുഴങ്ങിയിരുന്നു. അങ്ങനെ ഒരാളിനെ ഞാന്‍ വേറെ കണ്ടിട്ടില്ല. ഇത് എന്റെ അനുഭവം മാത്രമല്ല. ഏത് പാട്ടുകാരോട് ചോദിച്ചാലും ഇതുതന്നെ പറയും. ജീവിതത്തില്‍ തളര്‍ന്നിരിക്കുന്നവരെ വീട്ടില്‍പോയി വിളിച്ചുകൊണ്ടുവന്ന് അവരെ ഇന്‍സ്ട്രുമെന്റിന്റെ മുന്നില്‍ ഇരുത്തുമായിരുന്നു. സംഗീതത്തില്‍ അദ്ദേഹത്തിനുള്ള 'ടീം സ്പിരിറ്റ്' മാത്രം മതി പാട്ട് കൂടെ പാടുന്നവര്‍ക്കും രസകരമായ അനുഭവമാക്കി മാറ്റാന്‍.

കെ.എസ്. ചിത്രയുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ ആള്‍ ആരാണ്?

എന്റെ സംഗീത ജീവിതത്തിന് ഊടും പാവും നല്‍കിയത് അച്ഛനാണ്. കുട്ടിക്കാലം മുതല്‍ ഞാന്‍ പാടണമെന്ന് എന്നെക്കാള്‍ ആഗ്രഹിച്ചത് അച്ഛനാണ്. അച്ഛന്‍ റേഡിയോയില്‍ ലളിതഗാനമൊക്കെ പാടുമായിരുന്നു. ഇടപ്പള്ളിയുടെ 'മണിമുഴക്കം' എന്ന കവിത പാടിനടക്കുന്നതുകൊണ്ട് 'മണിമുഴക്കം കൃഷ്ണന്‍നായര്‍' എന്നായിരുന്നു അച്ഛനെ നാട്ടുകാര്‍ വിളിച്ചിരുന്നത്. ജോലികഴിഞ്ഞ് പലപ്പോഴും വൈകിയാണ് അച്ഛന്‍ വീട്ടില്‍ എത്തിയിരുന്നത്. അച്ഛന്‍ എപ്പോഴും ഞങ്ങളെ പ്രോത്സാഹിപ്പിക്കുമായിരുന്നു. അച്ഛന്റെ മൂത്ത സഹോദരിയും നന്നായി പാടുമായിരുന്നു. അവധിക്കാലത്ത് എന്നെ അവിടേക്ക് കൊണ്ടുപോയി. അവിടെ അമ്മായി കുട്ടികള്‍ക്ക് സംഗീതക്ലാസ്സ് എടുക്കാറുണ്ടായിരുന്നു. അന്ന് ഞാന്‍ അമ്മായിയുടെ ക്ലാസ്സിലെ ഒരു വിദ്യാര്‍ത്ഥിനിയാകും. കാര്യമായി ഒന്നും അറിയില്ലാതിരുന്ന ഞാന്‍ അവിടെയിരുന്ന് കേട്ട് പഠിച്ചത് മുഴുവന്‍ അടിസ്ഥാന പാഠങ്ങളായിരുന്നു. സംഗീതത്തില്‍ താല്പര്യം വര്‍ദ്ധിക്കുന്നതില്‍ രാജമ്മ അമ്മായി വഹിച്ച പങ്ക് മറക്കുക വയ്യ.

ഓറല്‍ കാന്‍സര്‍ വന്നാണ് അച്ഛന്‍ മരിച്ചത്. വേദനയുള്ള സമയത്തുപോലും അച്ഛന്‍ എന്റെ കൂടെ റെക്കോര്‍ഡിങ്ങിന് വരുമായിരുന്നു. 'അനുരാഗി' എന്ന ചിത്രത്തിന്റെ പാട്ട് റെക്കോര്‍ഡിങ്ങിനിടെ വോയ്‌സ് റൂമില്‍ എന്റെ തൊട്ടുപിന്നാലെ കസേരയില്‍ അച്ഛന്‍ ഇരിപ്പുണ്ട്. അര്‍ബ്ബുദത്തിന്റെ ഘോരവേദന മാറ്റാന്‍ വേദനാസംഹാരികളൊക്കെ കഴിച്ചാണ് ഇരിപ്പ്. 

ഇടയ്ക്ക് ഒന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ അച്ഛന്റെ കണ്ണില്‍നിന്ന് കണ്ണീര്‍ ധാരയായി ഒഴുകുകയാണ്. എനിക്കത് സഹിക്കാന്‍ പറ്റിയില്ല. അച്ഛന്‍ ഇത്രയും വേദന സഹിച്ചിട്ട് എനിക്ക് പാടേണ്ട. അതുമതി നമുക്ക് പോകാം. അപ്പോഴും തന്റെ വേദന കടിച്ചമര്‍ത്തി പാട്ട് മുഴുമിപ്പിച്ചുകൊണ്ടാണ് അച്ഛന്‍ ഞാനുമായി തിരികെ പോന്നത്. അതിനുശേഷം അച്ഛന്‍ എന്റെ കൂടെ വന്നിട്ടില്ല. അച്ഛന്റെ ഒരു ത്യാഗമാണ് ദൈവം ഞാന്‍ അര്‍ഹിക്കുന്നതില്‍ എന്തെങ്കിലും കൂടുതല്‍ തന്നിട്ടുണ്ടെങ്കില്‍. 

എസ്പി ബാലസുബ്രഹ്മണ്യം
എസ്പി ബാലസുബ്രഹ്മണ്യം

ഇന്ന് പാട്ടുകള്‍ എല്ലാം പെര്‍ഫോമന്‍സായി മാറിയിരിക്കുന്നു. പാട്ട് മാത്രം ശ്രദ്ധിച്ച് പാടിയിരുന്ന ഒരു വലിയ ഗായകനിര നമുക്ക് ഉണ്ടായിരുന്നു. അക്കാലം തിരിച്ചുവരുമോ?

ഇനി അങ്ങനെ ഉണ്ടാവുമെന്ന് തോന്നുന്നില്ല. വിഷ്വല്‍മീഡിയ അത്രമാത്രം വ്യാപകമായി. പണ്ടൊക്കെ റേഡിയോ മാത്രമാണ് ആശ്രയിച്ചിരുന്നത്. ലളിതസംഗീത പാഠം റേഡിയോയിലൂടെ കേട്ട് എഴുതിയെടുത്താണ് പഠിച്ചത്. അത്രയും ശ്രദ്ധിച്ചാലേ അത് പഠിക്കാന്‍ കഴിയൂ. അരമണിക്കൂര്‍കൊണ്ട് ആ പാട്ട് കഴിയും. ആ നേരത്തിനുള്ളില്‍ ലളിതഗാനം പഠിക്കുകയാണ്. ആ സമയത്ത് വിഷ്വലി നമുക്ക് വേറെ ഡൈവേര്‍ഷന്‍ ഒന്നുമില്ല പാട്ട് മാത്രം ശ്രദ്ധിക്കും. 

ഇന്നത്തെ കാലത്ത് കുട്ടികള്‍ പാട്ട് പഠിക്കുമ്പോള്‍ അതിനൊപ്പം വിഷ്വല്‍ കൂടെ വരികയാണ്. ശ്രദ്ധ പകുതി അതിലോട്ട് പോകും. അതുകൊണ്ടാണ് ചില കാര്യങ്ങള്‍ വിട്ടുപോകുന്നത്. ഇനി അങ്ങനെ ഒരുകാലം ഉണ്ടാവില്ല. 

ഇനിയൊരു ജന്മമുണ്ടെങ്കില്‍ ആരായി ജനിക്കണമെന്ന് ലതാ മങ്കേഷ്‌കറിനോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, ഇനിയൊരിക്കലും ലതാ മങ്കേഷ്‌കറായി ജനിക്കേണ്ടതില്ല എന്നാണ്. അതേ ചോദ്യം ചിത്ര എന്ന ഗായികയോട് ചോദിക്കട്ടെ? എന്താണ് ഉത്തരം? 

അങ്ങനെ പറയാന്‍ എന്റെ നാവ് പൊന്തില്ല. ഞാന്‍ അര്‍ഹിക്കുന്നതിലും സ്‌നേഹം എനിക്ക് ജനങ്ങളില്‍നിന്ന് കിട്ടിയിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഒരു മോശപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു അനുഭവം ആര്‍ക്കും ഉണ്ടാവരുത്. എനിക്ക് ഒരു ഗായികയായി ഇരിക്കാനാണ് ആഗ്രഹം. ജീവിതത്തില്‍ ദുഃഖങ്ങളും പരീക്ഷണങ്ങളും ഉണ്ടായിട്ടും അത് തരണം ചെയ്യാന്‍ കഴിഞ്ഞത് സംഗീതരംഗത്തുള്ളതുകൊണ്ട് മാത്രമാണ്. 60-ാം പിറന്നാള്‍ വന്നപ്പോഴാണ് ഇത്രയധികം ആളുകള്‍ തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് അറിയുന്നത്. ഇതിനു കാരണം ഞാന്‍ പാടുന്നതുകൊണ്ട് മാത്രമാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com