ജ്വലന ശേഷിയുള്ള പ്രസ്ഥാനങ്ങളും നേതാക്കളും

By ഷാജു വി. ജോസഫ്  |   Published: 26th August 2023 01:28 PM  |  

Last Updated: 06th September 2023 10:03 AM  |   A+A-   |  

dalit

 

ഹാരാഷ്ട്രയിലെ കൊങ്കണില്‍ വളര്‍ന്നുവന്നിരുന്ന അടിസ്ഥാന ജന ഉണര്‍വ്വിന്റെ ഒരു ജൈവപരമായ വികസിത രൂപമായിരുന്നു അംബേദ്കര്‍ പ്രസ്ഥാനം. അംബേദ്കറേയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും അടുത്തറിയുവാന്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ കൊങ്കണ്‍ സാമൂഹ്യസാമ്പത്തികരാഷ്ട്രീയ ജീവിതം  മനസ്സിലാക്കേണ്ടതുണ്ട്. അംബേദ്കര്‍ പ്രസ്ഥാനത്തിനു മുന്നോടിയായി കൊങ്കണില്‍ വളര്‍ന്നുവന്ന ചില അടിസ്ഥാന ജന സാമൂഹ്യരാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയ്ക്കു നേതൃത്വം കൊടുത്ത മഹാശയരും അതുപോലെത്തന്നെ പ്രധാനമാണ്. 

ഫുലെ പ്രസ്ഥാനത്തെ ഇവിടെ വിസ്മരിക്കുന്നില്ല. എന്നാല്‍, ഫൂലെ അയിത്തജാതിക്കാരന്‍ ആയിരുന്നില്ല. അത് ഒരു ന്യൂനതയായി പരിഗണിക്കുന്നില്ല. അംബേദ്കര്‍ പ്രസ്ഥാനത്തിനു ഭൂമിക തീര്‍ക്കുവാന്‍ ഫൂലെ പ്രസ്ഥാനം നല്‍കിയ സംഭാവനകള്‍ ചെറുതല്ല. അത് അംഗീകരിക്കുന്നതിനോടൊപ്പം അയിത്തജാതിയില്‍പ്പെട്ട ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടാതെപോയ ചില പ്രസ്ഥാനങ്ങളേയും അവയുടെ നേതാക്കളേയും അവതരിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.  ഇവര്‍ എല്ലാവരും തന്നെ ഫുലെയുടെ പ്രസ്ഥാനവുമായി സഹകരിച്ചവരും അദ്ദേഹത്തിന്റെ സമകാലികരുമായിരുന്നു. അവരുടെ പ്രസ്ഥാനവും ഫുലെയുടെ പ്രസ്ഥാനവും പരസ്പരപൂരകവും അന്യോന്യം പിന്തുണച്ചുമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ ചെറുപൂരങ്ങളുടെ പരിസമാപ്തിയായിരുന്നു അംബേദ്കര്‍ പ്രസ്ഥാനമെന്ന മഹാപൂരം. അംബേദ്കര്‍ പ്രസ്ഥാനത്തിനു മുന്നോടിയായി വന്ന പ്രധാന പ്രസ്ഥാനങ്ങളേയും അവയുടെ നേതാക്കളേയും പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തില്‍.

1927ലെ മഹദ് സത്യാഗ്രഹമാണ് ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട അയിത്തജാതിക്കാരുടെ ആദ്യത്തെ പൊതു അവകാശ സംരക്ഷണ സമരം. ആ സമരത്തിലൂടെയും അതിനുശേഷമുള്ള നിരന്തര ഇടപെടലുകളിലൂടെയും അയിത്തജാതിക്കാരുടെ അവകാശ സംരക്ഷണ പ്രസ്ഥാനം ദേശീയ ശ്രദ്ധ ആകര്‍ഷിച്ച ഒന്നാക്കി മാറ്റുവാന്‍ അംബേദ്കര്‍ക്കു കഴിഞ്ഞു. അംബേദ്കറുടെ പ്രഥമ പ്രക്ഷോഭണ സമരത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് 2023ല്‍ നൂറു വര്‍ഷം തികഞ്ഞു. 1923 ഓഗസ്റ്റ് മാസം 4നു ബോംബെ പ്രവിശ്യാ നിയമനിര്‍മ്മാണ സമിതി അംഗീകരിച്ച ബോലെ പ്രഖ്യാപനം എന്നറിയപ്പെടുന്ന നിയമമാണ് ബോംബെ പ്രവിശ്യയില്‍ അയിത്തജാതിക്കാരുടെ അവകാശ സംരക്ഷണ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചതും അതിനു പിന്നാലെ പരമ്പരയായി സംഭവവികാസങ്ങള്‍ വളര്‍ന്നുവന്നതിനു നിമിത്തമായതും. ബോംബെ പ്രവിശ്യാ നിയമനിര്‍മ്മാണ സമിതിയിലെ അബ്രാഹ്മണ വിഭാഗ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ട സീതാറാം കേശവ് ബോലെ അവതരിപ്പിച്ച പ്രമേയം സമിതി അംഗീകരിക്കുകയായിരുന്നു. ബോംബെ പ്രവിശ്യയിലെ പൊതു കുടിവെള്ള സ്രോതസ്സുകളും ധര്‍മ്മശാലകളും പൊതുസ്ഥാപനങ്ങളും അയിത്തജാതിക്കാര്‍ക്ക് നിയമം മൂലം തുറന്നുകൊടുത്ത പ്രമേയമാണ് ബോലെ അവതരിപ്പിച്ചതും സമിതി അംഗീകരിച്ചതും. ജ്യോതിറാവു ഫുലെയുടെ സത്യ ശോധക് സാമാജിന്റെ അനുഭാവിയായ ബോലെ അവതരിപ്പിച്ച പ്രമേയം അന്നത്തെ ബോംബെ പ്രവിശ്യയില്‍ അയിത്തജാതിക്കാരുടെ  സംഘടിത അവകാശ  സംരക്ഷണ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു. അതിന്റെ നൂറാം വാര്‍ഷികത്തിലെത്തിനില്‍ക്കുമ്പോള്‍  അംബേദ്കറുടെ രംഗപ്രവേശനത്തിനു മുന്‍പ് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍, പ്രധാനമായി കൊങ്കണ്‍ മേഖലയില്‍, അയിത്തജാതിക്കാരുടെ ഇടയില്‍നിന്ന് വളര്‍ന്നുവന്ന ചില പ്രസ്ഥാനങ്ങളേയും അതിന്റെ നേതാക്കളേയും പരിചയപ്പെടുത്തുന്നു ഇവിടെ.  

അംബേദ്കർ ജയന്തിയോടനുബന്ധിച്ചു ജാർഖണ്ഡ് ഹൈക്കോടതിക്കു മുന്നിലുള്ള പ്രതിമ ശുചിയാക്കുന്നു

മുമ്പേ നടന്ന വലംഗ്കര്‍ 

ഗോപാല്‍ ബാബു വലംഗ്കര്‍ (1840  1900) 1886ല്‍ (അയ്യന്‍കാളിയുടെ  സാധുജന പരിപാലന സംഘത്തിന് 20 വര്‍ഷം  മുന്‍പ്) സ്ഥാപിച്ച 'അനാര്യ ദോഷ് പരിഹാരക് മണ്ഡല്‍' ആണ് മഹാരാഷ്ട്രയിലെ ആദ്യത്തെ അടിസ്ഥാന ജനവിമോചന പ്രസ്ഥാനം. (ഇത് 1890ലാണ് സ്ഥാപിക്കപ്പെട്ടതെന്ന വാദവും നിലവിലുണ്ട്). അന്നത്തെ ഇന്ത്യയിലെ ആദ്യത്തെ അടിസ്ഥാന ജനവിമോചന പ്രസ്ഥാനം 1850നോട് അടുത്ത് ബംഗാളില്‍ ഹരിചന്ദ്ര താക്കൂര്‍ സ്ഥാപിച്ച മതുവാ പ്രസ്ഥാനമാണ്. അതിന്റെ സ്ഥാപക പ്രദേശം ഇന്ന് ബംഗ്ലാദേശില്‍ ആയതിനാല്‍ ഇന്നത്തെ ഇന്ത്യയിലെ ആദ്യത്തെ അടിസ്ഥാന ജനവിമോചന പ്രസ്ഥാനമായി അനാര്യ ദോഷ്  പരിഹാരക് മണ്ഡലിനെ പരിഗണിക്കാം.  

1840ല്‍ മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലെ മഹദ് താലൂക്കില്‍പ്പെട്ട വലംഗ് ഗ്രാമത്തില്‍ ഒരു മഹര്‍ കുടുംബത്തില്‍ ജനിച്ച ഗോപാല്‍ ബാബു വലംഗ്കര്‍, 1860നോട് അടുത്ത് ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്നു. അന്നത്തെ പതിവ് അനുസരിച്ച് ബ്രിട്ടീഷ് സൈന്യത്തില്‍ ചേരുന്ന അയിത്തജാതിക്കാര്‍ക്ക് ആദ്യം പൊതു പ്രാഥമിക വിദ്യാഭ്യാസം നല്‍കിയതിനു ശേഷമാണ് അവരെ ജോലിക്കു നിയോഗിക്കുന്നത്. സൈനിക സേവനത്തിലിരിക്കെ വലംഗ്കര്‍ മട്രിക്കുലേഷനു തത്തുല്യമായ അദ്ധ്യാപക പരിശീലന പരീക്ഷയില്‍ വിജയം നേടിയ ശേഷം സൈനിക സേവനം തുടര്‍ന്നു. 

സൈനിക സേവനത്തില്‍ തുടരുമ്പോള്‍തന്നെ അവധിക്കു സ്വന്തം ഗ്രാമത്തില്‍ എത്തിയിരുന്ന അദ്ദേഹം ഗ്രാമത്തിലെ അയിത്തജാതി കുട്ടികളെ സൗജന്യമായി പഠിപ്പിച്ചിരുന്നു. അതുപോലെ തന്നെ, തങ്ങളുടെ സൈനികേതര സഹോദരങ്ങളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ സൈന്യത്തിലെ അടിസ്ഥാന ജന ജീവനക്കാരെ  അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. 

അയിത്തജാതിക്കാരുടെ അന്നത്തെ സാമൂഹ്യ ദുഃസ്ഥിതിക്കു കാരണം തെരഞ്ഞ് അദ്ദേഹം ഹിന്ദുമത ഗ്രന്ഥങ്ങള്‍ പഠിച്ചു. മുന്‍ജന്മ പാപമാണ് അയിത്തജാതിക്കാരുടെ ദുഃസ്ഥിതിക്കു കാരണമെന്ന ഹിന്ദുമത ഗ്രന്ഥങ്ങളിലെ വിശദീകരണം അദ്ദേഹത്തെ നിരാശനും കോപാകുലനുമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി വലംഗ്കര്‍ പൂനയിലെത്തി ജ്യോതിറാവു ഫുലെയെ സന്ദര്‍ശിച്ച് സംഭാഷണം നടത്തി.  അതിനുശേഷം അദ്ദേഹം സ്വന്തം ആശയസംഹിതയുണ്ടാക്കി. ഇന്ത്യയിലെ അയിത്തജാതിക്കാര്‍ അനാര്യരായ തദ്ദേശീയ ജനസമൂഹമാണെന്നും മറ്റെല്ലാവരും ആര്യന്‍ വംശജരോ ആര്യന്മാരുടേയും ഇതര വംശങ്ങളുടേയും സങ്കരവിഭാഗങ്ങളോ  ആണെന്നും അദ്ദേഹം സിദ്ധാന്തിച്ചു. ഉദാഹരണമായി മറത്തകള്‍ തുര്‍ക്കി വംശജരുടെ പിന്തുടര്‍ച്ചക്കാരാണെന്നും കൊങ്കണിലെ ചിത്പവന്‍ ബ്രാഹ്മണര്‍ യഹൂദരുടെ പിന്തുടര്‍ച്ചക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ തനി തദ്ദേശീയരായ  അനാര്യ ജനസമൂഹത്തിന്റെ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിന്റെ സംഘടന യത്‌നിക്കുന്നതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.    

വലംഗ്കര്‍

1886ല്‍ സൈനിക സേവനത്തില്‍നിന്നു വിരമിച്ച അദ്ദേഹം മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ തന്നെയുള്ള രത്‌നഗിരി ജില്ലയിലെ ദാപോളിയിലെ സൈനിക ക്യാമ്പിനു സമീപം താമസമാക്കി. ആ സമയത്താണ് ഇദ്ദേഹം മേല്‍പ്പറഞ്ഞ സംഘടന ആരംഭിച്ചത്. അയിത്ത ജാതിക്കാര്‍ നേരിട്ടിരുന്ന സാമൂഹ്യ അസമത്വം ഉന്മൂലനം ചെയ്യുക, അവരുടെ ജീവിതരീതികള്‍ പരിഷ്‌കരിക്കുക, അവരും ഇതര സമുദായങ്ങളുമായി സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ യത്‌നിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടിയാണ് അദ്ദേഹം അനാര്യ ദോഷ് പരിഹാരക് മണ്ഡല്‍ സംഘടിപ്പിച്ചത്. സര്‍ക്കാരിനു നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുക, അയിത്തജാതിക്കാര്‍ക്കിടയില്‍ അവബോധം വളര്‍ത്തിയെടുക്കുക,  അവരുടെ ഇടയില്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക,  അവരുടെ ജീവിതശൈലി പരിഷ്‌കരിക്കാന്‍ വ്യാപകമായ ആശയപ്രചാരണം നടത്തുക എന്നിവയായിരുന്നു അനാര്യ ദോഷ് പരിഹാരക് മണ്ഡലിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആ സംഘടന സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍.

'ബ്രാഹ്മണിക്കല്‍ അയിത്താചരണ വിനാശിനി' എന്ന പ്രസിദ്ധീകരണം അദ്ദേഹം 1888ല്‍ ആരംഭിച്ചു. ഇന്ത്യയില്‍ അയിത്തജാതിക്കാരെ  അഭിസംബോധന ചെയ്ത ആദ്യത്തെ പ്രസിദ്ധീകരണം ഇതാണ്.  ഈ പ്രസിദ്ധീകരണത്തില്‍ എഴുതുന്നതിനു പുറമെ 'സുധാരക്', 'ദീനബന്ധു' എന്നീ മറാത്തി പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം എഴുതിയിരുന്നു. ഒപ്പം മറാത്തിയില്‍ ഈരടികളും അദ്ദേഹം രചിച്ചു. ഇവയെല്ലാം അയിത്തജാതിക്കാരെ പ്രചോദിപ്പിക്കാന്‍ വേണ്ടിയായിരുന്നു. 'അയിത്താചരണ ഉന്മൂലനം' എന്ന തലക്കെട്ടില്‍ 1889ല്‍ അദ്ദേഹം  ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ രചനകളുടെ ഉള്ളടക്കം അയിത്തജാതിക്കാരുടെ അന്നത്തെ സാമൂഹ്യപദവിയില്‍ പ്രതിഷേധിക്കുന്നതും അയിത്തജാതിക്കാര്‍ ആ ദുഃസ്ഥിതിയില്‍നിന്ന് കരകയറാന്‍  എന്തുചെയ്യണമെന്ന് നിര്‍ദ്ദേശിക്കാന്‍ ലക്ഷ്യംവച്ചുകൊണ്ടുള്ളതുമായിരുന്നു. ഒപ്പം മഹാരാഷ്ട്രയിലെ വരേണ്യവിഭാഗത്തിന്റെ മനഃപരിവര്‍ത്തനവും അദ്ദേഹത്തിന്റെ ലഘുലേഖ ലക്ഷ്യം വച്ചിരുന്നു. 

ജാതിവ്യവസ്ഥയ്‌ക്കെതിരായ അതിരൂക്ഷ വിമര്‍ശനം അദ്ദേഹം ഉയര്‍ത്തിയപ്പോഴും മഹാരാഷ്ട്ര സമൂഹത്തിലെ  വരേണ്യവിഭാഗത്തിന്റെ ചിന്താഗതിയില്‍ മാറ്റമുണ്ടാക്കാന്‍ സഹായിക്കും വിധമായിരുന്നു അദ്ദേഹത്തിന്റെ ആശയാവതരണം രൂപകല്പന ചെയ്തത്. അതോടൊപ്പം അയിത്തജാതിക്കാരുടെ സാമൂഹ്യസ്ഥിതി മെച്ചപ്പെടാത്ത പക്ഷം അവര്‍ ഇന്ത്യ വിട്ടുപോകുന്ന കാര്യം പരിഗണിക്കണമെന്ന് അദ്ദേഹം അയിത്തജാതിക്കാരെ ഉദ്‌ബോധിപ്പിച്ചു. 1894ല്‍ ഹിന്ദുധര്‍മ്മ ദര്‍പ്പണം എന്ന മറ്റൊരു ഗ്രന്ഥം അദ്ദേഹം രചിച്ചു. 

ബ്രാഹ്മണ പുരോഹിതരുടെ മേധാവിത്വവും അവര്‍ക്കു മഹര്‍ ജനസാമാന്യത്തിലുണ്ടായിരുന്ന സ്വാധീനവും തിരിച്ച് മഹര്‍ ജനസാമാന്യത്തിന് ബ്രാഹ്മണ പുരോഹിതന്മാരിലുള്ള ആശ്രിതത്വവും  നിയന്ത്രിക്കാന്‍ അദ്ദേഹം ഒരു  കൂട്ടം മഹര്‍ ജ്യോതിഷികളെ സംഘടിപ്പിച്ചു.  കാരണം, ശുഭമുഹൂര്‍ത്തങ്ങള്‍ നിശ്ചയിക്കാന്‍ മഹര്‍ ജനസാമാന്യം ബ്രാഹ്മണ പുരോഹിതരെ ആശ്രയിച്ചിരുന്നു. പരസ്യമായ അയിത്താചരണത്തിനെതിരെ അദ്ദേഹം പരസ്യമായിത്തന്നെ പ്രതികരിക്കുകയും അവയെ പ്രതിരോധിക്കുകയും ചെയ്തു. 

1750 മുതല്‍ തുടര്‍ച്ചയായി ബ്രിട്ടീഷ് സൈനിക സേവനത്തില്‍ ചേര്‍ത്തിരുന്ന മഹറുകളേയും മറ്റു അയിത്തജാതിക്കാരേയും സൈനിക സേവനത്തില്‍നിന്നും ഒഴിവാക്കാന്‍ നയപരമായ കാരണങ്ങളാല്‍ 1890ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. മഹറുകളുടെ സാമൂഹ്യ സാമ്പത്തിക പുരോഗതിക്ക് ഒരു കാരണം അവരില്‍ പലര്‍ക്കും സൈനിക സേവനത്തിനുള്ള അവസരം കിട്ടുന്നതാണ്. പുതിയ തീരുമാനത്തോടെ അതിനുള്ള സാദ്ധ്യത എന്നെന്നേയ്ക്കുമായി അവസാനിക്കുമെന്ന് ഉറപ്പായി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആ തീരുമാനത്തിന് എതിരായി മഹറുകളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. അവര്‍ സര്‍ക്കാരിനു നിവേദനങ്ങള്‍ സമര്‍പ്പിച്ചു. മറ്റു പലരോടൊപ്പം ചേര്‍ന്ന് വലംഗ്കറും പുതിയ തീരുമാനത്തില്‍നിന്നു പിന്മാറുവാന്‍ ആവശ്യപ്പെട്ടുള്ള നിവേദനം സര്‍ക്കാരിനു സമര്‍പ്പിച്ചു. മഹറുകളുടെ പ്രതിഷേധത്തെ അവഗണിച്ച് അവരുടെ ഇടയില്‍നിന്നുള്ള പുതിയ പട്ടാളനിയമനം നിര്‍ത്തലാക്കിക്കൊണ്ടും നിലവില്‍ ജോലിയിലുണ്ടായിരുന്നവരെ ഘട്ടം ഘട്ടമായി പിരിച്ചുവിടാന്‍ തീരുമാനിച്ചുകൊണ്ടുമുള്ള സര്‍ക്കാര്‍ തീരുമാനം 1893ല്‍ നിലവില്‍ വന്നു.    
  
അദ്ദേഹത്തിന്റെ സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങളെ ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ചു. മഹദ് മുനിസിപ്പല്‍ സമിതിയിലെ അയിത്തജാതിക്കാരുടെ പ്രതിനിധിയായി ബോംബെ സര്‍ക്കാര്‍ അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തു. 1900ല്‍ കര്‍മ്മനിരതനായ  ആ മഹാന്‍ വിടവാങ്ങി.             

ഇന്ത്യയിലെ ആദ്യത്തെ ധിഷണാശാലിയായ നിഷേധിയായിരുന്നു വലംഗ്കര്‍ എന്നതില്‍ സംശയമില്ല. കേവല വൈകാരികതയാല്‍ നയിക്കപ്പെടാതെ, യുക്തിസഹമായി അന്വേഷണ പഠനങ്ങളിലൂടെ അയിത്തവും ജാതിയുമെന്ന ഇരട്ട പ്രശ്‌നങ്ങളെ അദ്ദേഹം മനസ്സിലാക്കി. ഇവയെപ്പറ്റി തന്റേതായ ഒരു സിദ്ധാന്തവും അദ്ദേഹം മെനഞ്ഞെടുത്തു. ഇത്തരം വിഷയങ്ങള്‍ പൊതുമണ്ഡലത്തില്‍ അവതരിപ്പിക്കാന്‍ പ്രസിദ്ധീകരണങ്ങള്‍ ഉപയോഗിച്ചു; സ്വന്തമായും മറ്റുള്ളവര്‍ നടത്തിയിടുന്നവയും. കൂടാതെ ഈ വിഷയത്തെ അധികരിച്ച് ഗ്രന്ഥരചനയും നിര്‍വ്വഹിച്ചു. ഒപ്പം ജാതിക്കും അയിത്താചരണത്തിനും എതിരായ പ്രത്യക്ഷ പ്രതിരോധ പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തി. ഇവ്വിധമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സമുദായ സൗഹാര്‍ദ്ദം അപാകത്തിലാകാത്തവിധം ആയിരിക്കുവാന്‍ അദ്ദേഹം ശ്രദ്ധ വച്ചിരുന്നു. 

ശിവറാം ജാന്‍ബാ കാംബ്ലെ

വഴിത്തിരിവായ ശിവറാം കാംബ്ലെ     
                                                                          
1875ല്‍ പൂനയില്‍ ജനിച്ച ശിവറാം ജാന്‍ബാ കാംബ്ലെ ഔപചാരിക വിദ്യാഭ്യാസം നേടിയ വ്യക്തിയായിരുന്നില്ല. പൂനയിലെ ഒരു യൂറോപ്യന്‍ കുടുംബത്തിലെ ചെറുജോലികള്‍ ചെയ്ത് ബാല്യകാലം കഴിച്ചുകൂട്ടി. കൂടെ ജോലി ചെയ്തിരുന്ന ഒരു സഹജീവനക്കാരനില്‍നിന്ന് മറാത്തി അക്ഷരലിപികള്‍ പഠിച്ചു. പിന്നീട് അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പത്രങ്ങളും മാസികകളും വായിക്കാന്‍ മറ്റാരുടേയും സഹായം കൂടാതെ അഭ്യസിച്ചു. തുടര്‍ന്ന് പുസ്തകങ്ങള്‍ വായിക്കാനും കഴിവ് നേടി. അക്കാലത്തെ പ്രശസ്ത സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരായിരുന്ന രാജാറാം ശാസ്ത്രി, ഗോപാല്‍ ഹരി  ദേശ്മുഖ് (ലോക് ഹിത്‌വാദി), ബാബ പദ്മന്‍ജി, ഗോപാല്‍ ഗണേഷ് അഗര്‍ക്കാര്‍, ജ്യോതിറാവു ഫുലേ എന്നിവരെ അവരുടെ എഴുത്തുകളിലൂടെ കാംബ്ലെ പരിചയപ്പെട്ടു. പൂനാ സ്വദേശിയായിരുന്നതുകൊണ്ട് പൂനയില്‍തന്നെ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ഫൂലെയും അഗര്‍ക്കറുമായി  അദ്ദേഹം ബന്ധം സ്ഥാപിക്കുകയും ഇരുവരുടേയും ഉപദേശങ്ങള്‍ സ്വാംശീകരിക്കുകയും ചെയ്തിരുന്നു.   

ഫൂലെയുടെ സത്യ ശോധക് സാമാജിന്റെ മുഖപത്രം എന്ന നിലയില്‍ വര്‍ത്തിച്ചിരുന്ന 'ദീനബന്ധു'വില്‍ 1902ല്‍ പ്രസിദ്ധീകൃതമായ കാംബ്ലെയുടെ ഒരു ലേഖനമാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയത്. ഔപചാരിക വിദ്യാഭ്യാസം ഇല്ലാതിരുന്ന, സ്വയം എഴുതാനും വായിക്കാനും അഭ്യസിച്ച, അദ്ദേഹത്തിന്റെ ലേഖനം ദീനബന്ധു പോലെയുള്ള പത്രത്തില്‍ അച്ചടിച്ചു വന്നത് അദ്ദേഹത്തെ അത്യന്തം ആവേശഭരിതനാക്കി. തുടര്‍ന്ന് അയിത്ത ജാതിക്കാരുടെ പുരോഗതിയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ ബാലഗംഗാധരതിലകിന്റെ 'കേസരി' ഒഴികെയുള്ള വിവിധ പ്രസിദ്ധീകരണങ്ങളിലേക്ക് അദ്ദേഹം നല്‍കിത്തുടങ്ങി. 

പൂനയിലെ സാസ്വഡില്‍ 1902 നവംബര്‍ 25ന് അയിത്തജാതിക്കാരുടെ ഒരു യോഗം കാംബ്ലെ വിളിച്ചുചേര്‍ത്തു. സമീപത്തുള്ള 51 ഗ്രാമങ്ങളിലെ 1500ലേറെ അയിത്തജാതിക്കാര്‍ ആ യോഗത്തില്‍ സംബന്ധിച്ചു. അയിത്തജാതിക്കാരുടെ ദുഃസ്ഥിതിയെപ്പറ്റിയും ജാതിഹിന്ദുക്കള്‍ അയിത്തജാതിക്കാര്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളെപ്പറ്റിയും അദ്ദേഹം ആ യോഗത്തില്‍ വിശദമായി സംസാരിച്ചു. അദ്ദേഹം മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന നിവേദനത്തിന് അവിടെ പങ്കെടുത്തിരുന്ന 1588 വ്യക്തികളുടെ കയ്യൊപ്പോ വിരലടയാളമോ ചേര്‍ത്ത് അംഗീകാരം നേടിയെടുത്തു. ഇന്ത്യയില്‍ അയിത്തജാതി ജനസാമാന്യം  എഴുതി തയ്യാറാക്കിയ ആദ്യത്തെ നിവേദനം ഇതായിരിക്കാം.  

ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയ മഹറുകളുടെ സൈനിക നിയമനം പുനരാരംഭിക്കുക, മഹറുകള്‍ക്കു പൊലീസില്‍ ജോലി നല്‍കുക, അയിത്തജാതി കുട്ടികളുടെ വിദ്യാഭ്യാസ ചുമതല സര്‍ക്കാര്‍ ഏറ്റെടുത്ത് അവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുക എന്നീ ആവശ്യങ്ങള്‍ അടങ്ങിയ ആ നിവേദനം ഇന്ത്യയിലെ ബ്രിട്ടീഷ് സര്‍ക്കാരിനും ബ്രിട്ടീഷ് പാര്‍ലമെന്റിനും പത്രങ്ങള്‍ക്കും രാജ്യത്തെ പ്രമുഖ വ്യക്തികള്‍ക്കും കാംബ്ലെ അയച്ചുകൊടുത്തു. ആരും കാംബ്ലെ അയച്ചുകൊടുത്ത നിവേദനം കാര്യമായി എടുത്തില്ല. അപ്പോള്‍ കാംബ്ലെ  ഗോപാല്‍ ഗണേഷ് അഗര്‍ക്കറെ  നേരില്‍ കണ്ട് നിവേദനത്തിന്റെ കാര്യവും അതിനു കിട്ടിയ അവഗണനയും ധരിപ്പിച്ചു. ഈ വിഷയത്തില്‍ അഗര്‍ക്കറുടെ പത്രാധിപത്യത്തില്‍ നടന്നിരുന്ന 'സുധാരക്' എന്ന ആനുകാലികത്തില്‍ ലേഖനം പ്രസിദ്ധീകരിക്കാമെന്ന് അഗര്‍ക്കര്‍ സമ്മതിച്ചു. 

(ബാലഗംഗാധരതിലകിനോടൊപ്പം പൊതു പ്രവര്‍ത്തനം തുടങ്ങിയ അഗര്‍ക്കര്‍ തിലകിന്റെ 'കേസരി'യുടെ പത്രാധിപരായിരുന്നു. സാമൂഹ്യ പരിഷ്‌കരണമാണ് രാഷ്ട്രീയ പരിഷ്‌കരണത്തിനു മുന്‍പ് നടക്കേണ്ടതെന്ന അഗര്‍ക്കറുടെ  നിലപാടിന് കടകവിരുദ്ധ നിലപാടെടുത്ത തിലകുമായി തെറ്റിപ്പിരിഞ്ഞ അഗര്‍ക്കര്‍ തുടങ്ങിയ പത്രമാണ് 'സുധാരക്'). 'മഹറുകളുടെ നിവേദനം: സര്‍ക്കാരും ഞങ്ങളുടെ സമൂഹവും' എന്ന തലക്കെട്ടില്‍ വന്ന ആ ലേഖനം ബഹുജനശ്രദ്ധ ആകര്‍ഷിച്ചു. തിലകിന്റെ 'കേസരി' ഒഴികെയുള്ള എല്ലാ പത്രങ്ങളും സര്‍ക്കാര്‍ സമീപനത്തെ വിമര്‍ശിച്ച് നിലപാടെടുത്തു.
ഈ സമയത്ത്, 1902ല്‍ ഒരു മഹര്‍ ജാതിക്കാരന്‍  പൊതുകുളത്തില്‍നിന്ന് പരസ്യമായി വെള്ളം കോരി കുടിച്ചു. വാര്‍ത്ത അറിഞ്ഞ യാഥാസ്ഥിതികര്‍ വെള്ളം കുടിച്ച വ്യക്തിക്കെതിരെ കേസു കൊടുത്തു. ഈ വാര്‍ത്ത മഹാരാഷ്ട്രയിലെങ്ങും പടര്‍ന്നു. മഹാരാഷ്ട്രയിലെ അയിത്തജാതിക്കാര്‍ വെള്ളം കുടിച്ച മഹറിന്റെ പ്രവൃത്തിയെ പിന്തുണച്ചു. വിഷയത്തില്‍ ഇടപെടുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് അവര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് അപേക്ഷ നല്‍കി. എന്നാല്‍, ജാതിഹിന്ദുക്കളുടെ എതിര്‍പ്പ് വിളിച്ചുവരുത്താന്‍ തയ്യാറാകാതിരുന്ന സര്‍ക്കാര്‍ അവരുടെ അപേക്ഷകള്‍ അവഗണിച്ചു. അപ്പോള്‍ അയിത്തജാതിക്കാര്‍ പണം പിരിച്ച് കേസു നടത്താന്‍ തീരുമാനിച്ചു. എന്നാല്‍, അഹമ്മദ് നഗര്‍ ജില്ലാ കോടതിയിലെ ബാപ്പു ഹരി ഗോഡ്‌ബോലെ (ജാതി ഹിന്ദു) ജഡ്ജി കുറ്റാരോപിതന് രണ്ടാഴ്ചത്തെ തടവും എട്ടു രൂപ പിഴയും വിധിച്ചു. അഹമ്മദ് നഗര്‍ ജില്ലയിലെ ബ്രിട്ടീഷുകാരനായ  കളക്ടര്‍ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ബോംബെ ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു.  

ജ്യോതിറാവു ഫുലേ

ഇതോടെ ഒരു സംഘടനയുടെ അനിവാര്യത ബോദ്ധ്യപ്പെട്ട കാംബ്ലെ 1904ല്‍ 'ശ്രീ ശങ്കര്‍ പ്രസാദിക് സോമവന്‍ശീയ ഹിത ചിന്തക് മിത്ര സമാജ്' എന്ന സംഘടനയ്ക്ക് രൂപം നല്‍കി. അയ്യന്‍കാളിയുടെ സാധുജന പരിപാലന സംഘത്തിന് മൂന്ന് വര്‍ഷം മുന്‍പ്.  സംഘടനയുടെ പേരില്‍ നിവേദനങ്ങള്‍ കൊടുക്കുക, പൊതു പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക, വിദ്യാലയങ്ങളും വായനശാലയും തുറക്കുക എന്നിവയായിരുന്നു സംഘടനയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പുരോഗമനവാദികളായ ജാതിഹിന്ദുക്കള്‍ നടത്തുന്ന അയിത്തവിരുദ്ധ,  ജാതിവിരുദ്ധ പ്രക്ഷോഭണങ്ങളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. 1929ല്‍ നടന്ന പൂനയിലെ പാര്‍വ്വതി ക്ഷേത്ര പ്രവേശന സമരത്തില്‍ അദ്ദേഹം പങ്കുചേര്‍ന്നത് ഇതിന് ഉദാഹരണമാണ്. 'സച്ചിദാനന്ദ വചന്‍ഗ്രിഹ്' എന്ന പേരില്‍ ഒരു ലൈബ്രറി കാംബ്ലെ തുറന്നു. കൂടാതെ നിശാപാഠശാലകളും അദ്ദേഹം നടത്തി. 1908 ജൂലൈ 1ന് 'സോമവന്‍ശീയ മിത്ര' എന്ന പേരില്‍ ഒരു പത്രവും അദ്ദേഹം തുടങ്ങി.

അയിത്തജാതിക്കാരുടെ ആഭ്യന്തര പരിഷ്‌കരണത്തില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. അയിത്തജാതി കുട്ടികളെ ചെറുപ്പത്തില്‍തന്നെ ക്ഷേത്രങ്ങള്‍ക്കു സമര്‍പ്പിക്കുന്ന ആചാരം അന്ന് അയിത്തജാതിക്കാരുടെ ഇടയില്‍  നിലവിലുണ്ടായിരുന്നു. ആ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ക്ഷേത്രങ്ങളിലെ ദേവദാസി, പോത്തുരാജ് നര്‍ത്തകരായി മാറുന്നു. ഈ ആചാരത്തിനെതിരായി കാംബ്ലെ പൊരുതി. അതിന്റെ സ്വാധീനത്തില്‍നിന്ന് അയിത്തജാതിക്കാരെ ഒട്ടൊക്കെ മോചിപ്പിക്കാന്‍  അദ്ദേഹത്തിനു കഴിഞ്ഞു. നിശാപാഠശാലകള്‍ തുറന്ന് അവരുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് അയിത്തജാതിക്കാരുടെ ഇടയിലെ ഉപജാതി ചിന്തയേയും അവര്‍ക്കിടയില്‍ കര്‍ക്കശമായി പാലിച്ചിരുന്ന അയിത്താചരണത്തേയും അദ്ദേഹം ചോദ്യം ചെയ്തു. അന്നും ജാതിഹിന്ദു സംസ്‌കാരത്തിന് വെളിയില്‍ വരാതിരുന്ന അയിത്തജാതിക്കാര്‍ പാലിച്ചുപോന്നിരുന്ന അയിത്താചരണത്തെ യുക്തിസഹമായി നേരിടുവാന്‍ പാകമാകാതിരുന്ന അയിത്തജാതി മനസ്സുകള്‍ക്ക്  ഉപജാതി ചിന്തയ്ക്കും അയിത്തജാതിക്കാര്‍ക്കിടയിലെ അയിത്താചരണത്തിനുമെതിരായും കാംബ്ലെ നടത്തിയ നിശിതവിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പ്രസ്ഥാനം ക്ഷയിച്ചു. ലൈബ്രറി പൂട്ടിക്കെട്ടി.  1940ല്‍ അദ്ദേഹം ദിവംഗതനായി.      

അംബേദ്കര്‍ പ്രസ്ഥാനത്തിന്റെ പൊതുപരിസരം സൃഷ്ടിച്ചവരില്‍ പ്രധാനി ആയിരുന്നു  ശിവറാം ജാന്‍ബാ കാംബ്ലെ. പില്‍ക്കാലത്ത് അദ്ദേഹം ഡോക്ടര്‍ അംബേദ്കറോടൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോലാപ്പൂരിലെ രാജാവ് കാംബ്ലെയുടെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പുണ്ടായി അദ്ദേഹത്തെ കോലാപ്പൂരിലേക്കു ക്ഷണിച്ചിരുന്നു. ഔപചാരിക വിദ്യാഭ്യാസം നേടാതെ അന്നത്തെ പ്രധാനപ്പെട്ട ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതിയിരുന്ന കാംബ്ലെ ഒരു അത്ഭുത പ്രതിഭാസമാണ്. യുക്തിചിന്തയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിച്ച കാംബ്ലെ അയിത്തജാതിക്കാരുടെ ആത്മാഭിമാനബോധം വളര്‍ന്നുവരുന്നതില്‍  നിര്‍ണ്ണായക പങ്ക്‌വഹിച്ച ഒരു മഹത് വ്യക്തിത്വമാണ്.   
                                                
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ദളിത് മജിസ്‌ട്രേറ്റ്

മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലുള്ള റായ്ഗഡ് ജില്ലയിലെ സുബേദാര്‍ ബഹാദൂര്‍ ഗംഗാറാം കൃഷ്ണാജി ഭടന്‍കര്‍ ആയിരുന്നു ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ദളിത് മജിസ്‌ട്രേറ്റ്.  ബ്രിട്ടീഷ് സൈന്യത്തിലെ ഉന്നതപദവിയില്‍ വിരമിച്ച ഭടന്‍കര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ ഒരു പദവിയായിരുന്നു അത്. മഹര്‍ ജാതിയില്‍ ജനിച്ച ഭടന്‍കര്‍ ബോംബെ പ്രവിശ്യയിലെ ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്നു. ശിവാജിയുടെ സൈനിക സേവനത്തില്‍ മഹറുകള്‍ ഉണ്ടായിരുന്നതായി ചരിത്രത്തില്‍ പരാമര്‍ശങ്ങള്‍ ഉണ്ട്.  മഹറുകളും മറ്റ് അയിത്തജാതിക്കാരും 1750 മുതല്‍ ബോംബെ പ്രവിശ്യയിലെ ബ്രിട്ടീഷ് കാലാള്‍പടയില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 1818ലെ ഭീമാകോരേഗാവ് യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ പേഷ്വാ സൈന്യത്തെ കീഴടക്കിയത് മഹര്‍ സൈനികരുടെ ധീരതകൊണ്ടാണെന്ന് ചരിത്രം രേഖപ്പെടുത്തിയതാണ്. ബോംബെ പ്രവിശ്യാ ബ്രിട്ടീഷ് കാലാള്‍പടയില്‍ 25 ശതമാനത്തോളം മഹറുകളായിരുന്നു. രണ്ടാം ആംഗ്ലോമാറാത്ത, മൂന്നാം ആംഗ്ലോമാറാത്ത, രണ്ടാം ആംഗ്ലോസിഖ്, രണ്ടാം അഫ്ഘാന്‍ യുദ്ധങ്ങളില്‍ മഹറുകള്‍ പങ്കെടുത്തിട്ടുണ്ട്. ഇവര്‍ ബ്രിട്ടീഷ് നാവികസേനയിലും അംഗങ്ങളായിരുന്നു.  

ഇന്ത്യയില്‍ പൊതുവിദ്യാഭ്യാസം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുന്നതിനു മുന്‍പുതന്നെ മട്രിക്കുലേഷന്‍ വരെയുള്ള വിദ്യാഭ്യാസം ബ്രിട്ടീഷ് സൈനികസേവനത്തിനു ചേരുന്ന ഇന്ത്യക്കാര്‍ക്ക് ജാതിമതഭേദമന്യേ നിര്‍ബ്ബന്ധിതമായി നല്‍കിയിരുന്നു. അതുപോലെത്തന്നെ അവരുടെ കുട്ടികള്‍ക്കും മറ്റ് ആശ്രിതര്‍ക്കും ലിംഗഭേദമില്ലാതെ വിദ്യാഭ്യാസവും സൈനിക ക്യാമ്പുകളില്‍ ഒരുക്കിയിരുന്നു. സ്ഥിരമായ വരുമാനം, അന്തസ്സും ആത്മാഭിമാനവും ഉറപ്പുള്ള ജീവിതം, യോഗ്യതയ്ക്കും കഴിവിനും അനുസരിച്ചുള്ള ഉദ്യോഗക്കയറ്റം എന്നിങ്ങനെ സൈനികസേവനത്തില്‍ എത്തിയ അയിത്തജാതിക്കാര്‍ക്ക് അനവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. അന്ന് ബ്രിട്ടീഷ് സൈന്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കുമായിരുന്ന ഏറ്റവും ഉന്നതപദവി സുബേദാര്‍ മേജര്‍ ആയിരുന്നു. ആ  പദവിയില്‍ എത്തിയ അയിത്തജാതിക്കാര്‍ അനവധി ഉണ്ടായിരുന്നു. ബ്രിട്ടീഷ് സൈന്യത്തില്‍ അഞ്ച് തലമുറയായി സേവനം അനുഷ്ഠിച്ച കുടുംബത്തിലായിരുന്നു ഗംഗാറാം കൃഷ്ണാജി ഭടന്‍കര്‍ ജനിച്ചത് (സത്യേന്ദ്ര മോറെ എഴുതിയ രാമചന്ദ്ര മോറെയുടെ ജീവചരിത്രത്തില്‍ ഉള്‍പ്പെടുത്തിയ ബ്രിട്ടീഷ് സര്‍ക്കാരിനു സമര്‍പ്പിച്ച നിവേദനത്തിന്റെ പകര്‍പ്പ്).            

മഹറുകളേയും മറ്റ് അയിത്തജാതിക്കാരേയും  ബ്രിട്ടീഷ് സൈന്യത്തില്‍നിന്നു പിരിച്ചുവിടാനുള്ള  1892ലെ തീരുമാനം അനുസരിച്ച് ഭടന്‍കര്‍ക്ക് 1895 ഡിസംബര്‍ മാസം 7ന്  നിര്‍ബ്ബന്ധിത വിരമിക്കല്‍ നല്‍കി. രണ്ടാം അഫ്ഘാന്‍ യുദ്ധത്തിലെ (1878  1880) ധീരോദാത്തമായ സേവനത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ  1901 ഡിസംബര്‍ മാസം 20ന്  സുബേദാര്‍ ബഹാദൂര്‍ എന്ന പദവി നല്‍കി ആദരിച്ചു. മൂന്ന് തലമുറയ്ക്ക് അവകാശമായി കൈമാറുവാന്‍ അനുവദിച്ച നല്ലൊരു തുക പെന്‍ഷനു  പുറമെ, കൃഷിഭൂമിയും വീട് വയ്ക്കാനുള്ള സ്ഥലവും ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിനു വിരമിക്കല്‍ ആനുകൂല്യമായി നല്‍കി. ബ്രിട്ടീഷ് സൈന്യത്തില്‍നിന്നു വിരമിച്ച അനവധി പേര്‍ക്ക് വീട് വയ്ക്കാനുള്ള സ്ഥലം ബ്രിട്ടീഷ് സര്‍ക്കാരില്‍ അദ്ദേഹത്തിനുള്ള സ്വാധീനം ഉപയോഗിച്ച്  നേടിക്കൊടുത്തു. അങ്ങനെ അത് പന്‍വേലിലുള്ള സൈനിക കോളനിയായി മാറി. ഇന്നും ആ സ്ഥലം ഭടന്‍കറേ അനുസ്മരിപ്പിക്കുന്ന 'സുബേദാര്‍ കോളനി' എന്നറിയപ്പെടുന്നു. ഡോക്ടര്‍ അംബേദ്കറുടെ മാതുലന്‍ മുര്‍ബദ്കര്‍ ആ കോളനി നിവാസിയായിരുന്നു. അംബേദ്കറും സൈനികസേവന പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സുബേദാര്‍ ആയിരുന്നു; സൈനിക വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകനും.      

സൈനികസേവനത്തില്‍നിന്നു വിരമിച്ച ശേഷം 1900 മാര്‍ച്ച് മാസം 27ന് ഗംഗാറാം കൃഷ്ണാജി ഭടന്‍കറേ ക്ഷാമ ദുരിതാശ്വാസ ചുമതലയുള്ള തഹസില്‍ദാറായി ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമിച്ചു. പന്‍വേല്‍ താലൂക്ക രണ്ടാം ക്ലാസ്സ് ഹോണററി മജിസ്‌ട്രേറ്റായി 1901 ജൂണ്‍ 8 മുതല്‍ 1914 ജനുവരി 29 വരെ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ നിയമിച്ചു. അതേ കാലഘട്ടത്തില്‍തന്നെ അദ്ദേഹം പന്‍വേല്‍ നഗരസഭാസമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. വിരമിക്കലിനു ശേഷം ലഭിച്ചിരുന്ന ഇത്തരം ഉയര്‍ന്ന പൊതു (സിവില്‍) പദവികളും അയിത്തജാതി ആത്മാഭിമാന പ്രസ്ഥാനത്തിനു പ്രേരകമായി.
     
പന്‍വേല്‍ മാമേല്‍ദാര്‍ (തഹസില്‍ദാര്‍ക്ക് സമമായ പദവി) ഓഫീസ് അഥവാ താലൂക്ക്  ഓഫീസില്‍ എല്ലാ ചൊവ്വാഴ്ചയുമായിരുന്നു അദ്ദേഹം പരാതി കേട്ടിരുന്നത്. ഒരു അയിത്ത ജാതിക്കാരനെ മജിസ്‌ട്രേറ്റ് ആക്കിയതില്‍ അദ്ദേഹത്തിന്റെ ഓഫീസിലെ ജാതിഹിന്ദുക്കളായ എല്ലാ ജീവനക്കാര്‍ക്കും അതൃപ്തി ഉണ്ടായിരുന്നു. അദ്ദേഹം ആദ്യം ജോലിക്കെത്തിയ ദിവസം ഓഫീസില്‍ വിരിച്ചിരുന്ന പരവതാനി അടുത്ത ദിവസം വന്നപ്പോള്‍ ജീവനക്കാര്‍ എടുത്തുമാറ്റി.  അയിത്തം കാരണമാണെന്നു മനസ്സിലാക്കിയ ഭടന്‍കര്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറോട് പരാതിപ്പെട്ടു, എല്ലാ ജീവനക്കാരുടേയും പേരില്‍ നടപടി എടുപ്പിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ ഓഫീസില്‍ പരസ്യമായ അയിത്താചരണം നടന്നിരുന്നില്ലെങ്കിലും എല്ലാ ജീവനക്കാരും കോടതിയില്‍നിന്ന് വീട്ടില്‍ എത്തുമ്പോള്‍ കുളിച്ചു വസ്ത്രം മാറി ശുദ്ധി വരുത്തിയിരുന്നു. മറ്റു പൊതുസ്ഥലങ്ങളിലെ പരസ്യമായ അയിത്താചരണം അദ്ദേഹം പരസ്യമായിത്തന്നെ എതിര്‍ത്ത് തോല്‍പ്പിച്ചു. മജിസ്‌ട്രേറ്റ് എന്ന അധികാരവും ബ്രിട്ടീഷ് സൈന്യത്തിലെ മുന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന പദവിയും സര്‍വ്വോപരി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വ്യക്തി എന്ന അംഗീകാരവും അദ്ദേഹത്തിന്റെ അയിത്തവിരുദ്ധ പോരാട്ടങ്ങള്‍ക്കു കരുത്തേകി.  

കൊങ്കണ്‍ മേഖലയിലെ അയിത്തജാതിക്കാരുടെ പുരോഗതിക്കായി പ്രവര്‍ത്തിച്ച മറ്റൊരു സൈനിക ഉദ്യോഗസ്ഥന്‍ ഗോപാല്‍ ബാബ വലംഗറുടെ സ്വാധീനത്താല്‍ ഭടന്‍കര്‍ അയിത്തജാതിക്കാരുടെ പുരോഗതിക്കായി പ്രവര്‍ത്തിച്ചു. അവരില്‍ ആത്മാഭിമാനം വളര്‍ത്തി അസമത്വത്തിനെതിരെ പോരാടുവാന്‍ അദ്ദേഹം അവരെ പഠിപ്പിച്ചു. ഒപ്പം അയിത്തജാതി സമൂഹത്തിന്റെ ആഭ്യന്തര പരിഷ്‌കരണത്തിനായും അദ്ദേഹം പ്രവര്‍ത്തിച്ചു. അതുപോലെത്തന്നെ സൈനികസേവനത്തില്‍നിന്ന് മഹറുകളേയും മറ്റ് അയിത്തജാതിക്കാരേയും ഒഴിവാക്കിയ ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടിക്കെതിരായി മഹാരാഷ്ട്രയില്‍, പ്രത്യേകിച്ച് കൊങ്കണ്‍ മേഖലയില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പലരും ബ്രിട്ടീഷ് സര്‍ക്കാരിനു നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു.  ഭടന്‍കറും അവരോടൊപ്പം കൂടി. 1910ല്‍ പൂനയിലെ ജേജുറിയില്‍ ശിവറാം ജന്‍ബാ  കാംബ്ലെ  സംഘടിപ്പിച്ച സോമവംശീയ സമിതിയുടെ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. അന്ന് ആ യോഗം അംഗീകരിച്ച  പ്രമേയങ്ങളില്‍ ഒന്ന് മഹറുകളേയും മറ്റ് അയിത്തജാതിക്കാരേയും സൈന്യത്തില്‍ വീണ്ടും പ്രവേശിപ്പിക്കണമെന്നതായിരുന്നു. ആ പ്രമേയത്തിന് അനുബന്ധമായി കൊടുത്ത പട്ടികയില്‍ ബോംബെ പ്രവിശ്യാ ബ്രിട്ടീഷ് സൈന്യം ആരംഭിച്ചത് മുതല്‍ 1892 വരെ ബ്രിട്ടീഷ് സൈന്യത്തില്‍ സേവനം ചെയ്ത മഹര്‍ വിഭാഗത്തില്‍പ്പെട്ട ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ വിവരണമുണ്ട്. ആ നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ഒരു ആവശ്യം ശ്രദ്ധേയമാണ്. ജാതിഹിന്ദുക്കളെ എതിര്‍ക്കുന്ന പക്ഷം അയിത്തജാതിക്കാരുടെ പ്രത്യേക റെജിമെന്റ് സംഘടിപ്പിക്കുകയോ അയിത്തം ആചരിക്കാത്ത മുസ്‌ലിം സൈനികരുള്‍പ്പെടുന്ന റെജിമെന്റില്‍ അയിത്തജാതിക്കാരെ ചേര്‍ക്കുകയോ ചെയ്യണമെന്നതായിരുന്നു അത്. (സത്യേന്ദ്ര മോറെയുടെ മേല്‍പ്പറഞ്ഞ പുസ്തകം).

ഈ ലേഖനം കൂടി വായിക്കൂ

ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു? 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ