ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു?
By പ്രദീപ് ഗോപാലകൃഷ്ണന്‍ | Published: 25th August 2023 01:19 PM |
Last Updated: 06th September 2023 10:04 AM | A+A A- |

മഹാരാഷ്ട്രയിലെ അമരാവതി, നാഗ്പൂര്‍ ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന, ഭൂമിശാസ്ത്രപരമായി കിഴക്കന്‍ മേഖലയിലുള്ള മഴനിഴല്‍ പ്രദേശമാണ് വിദര്‍ഭ. യാവത് മാള്‍, അമരാവതി, അകോള, വാര്‍ധ, ബുല്‍ധാന, വാഷിം, നാഗ്പൂര്‍, ചന്ദ്രപൂര്‍, ഭണ്ഡാര, ഗോണ്ടിയ, ഗഡ്ചിരോളി ജില്ലകളാണ് വിവിധ കാരണങ്ങളാല്‍ വ്യാവസായികമായും കാര്‍ഷികമായും പിന്നോക്കം നില്‍ക്കുന്ന വിദര്‍ഭ മേഖലയില്‍ ഉള്‍പ്പെടുന്നത്. വിവിധ പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ദളിത് സമുദായങ്ങളില്‍പെടുന്നവരാണ് ഈ മേഖലയിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും. എന്നാല്‍, ഭൂ ഉടമകളില്‍ ഭൂരിഭാഗവും മുന്നോക്ക സമുദായങ്ങളിലും മറ്റു പിന്നോക്ക സമുദായങ്ങളിലും ഉള്‍പ്പെട്ടവരാണ്. അപൂര്‍വ്വമായി പട്ടികജാതി വിഭാഗമായ മഹര്‍ സമുദായത്തില്‍പെടുന്നവരും ഭൂവുടമകളായി ഉണ്ട്. പരമ്പരാഗതമായി, മഹര്‍ സമുദായത്തില്‍പെട്ടവര്‍ ഗ്രാമങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ വസിക്കുകയും ഗ്രാമത്തിനും വേണ്ട നിരവധി ചുമതലകള്‍ നിര്‍വ്വഹിക്കുകയും ചെയ്തു പോന്നിരുന്നു. ഗ്രാമങ്ങളുടെ കാവല്‍, ദൂതന്‍, മതില്‍ പരിപാലനം, തെരുവുകളുടെ ശുചിത്വ പരിപാലനം, മൃഗങ്ങളുടെ ശവങ്ങള്‍ നീക്കം ചെയ്യുക എന്നിവയായിരുന്നു പരമ്പരാഗതമായി അവരുടെ ചുമതലകളില്‍ ഉള്‍പ്പെട്ടിരുന്നത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി പെയ്യുന്ന രണ്ടോ മൂന്നോ മഴയാണ് ഒരു വര്‍ഷത്തില്‍ ഈ മേഖലയില്‍ ലഭിക്കുന്നത്. വിദര്‍ഭയുടെ കറുത്ത മണ്ണില്‍ അവര്‍ കരിമ്പും ഗോതമ്പും സോയാബീനും പയര്‍വര്‍ഗ്ഗങ്ങളും നിലക്കടലയും തുവരപരിപ്പും കൂവരകും ചോളവും സൂര്യകാന്തിയും പരുത്തിയും കൃഷിചെയ്തു വരുന്നു.
ഭണ്ഡാര ജില്ലയിലെ മൊഹാദി താലൂക്കിലെ ഒരു ഗ്രാമമാണ് ഖൈര്‍ലാഞ്ചി. ആകെ ഇരുന്നൂറോളം വീടുകളാണ് ഗ്രാമത്തില്‍. അതില്‍ ഭൂരിപക്ഷവും പിന്നോക്ക സമുദായമായ മറാത്ത കുനാബി, കളര്‍ സമുദായത്തില്‍പെട്ടവരും ഏതാനും ചില വീടുകള്‍ മുന്നോക്ക ജാതികളില്‍പെട്ടവരുടേതും മൂന്നു വീടുകള്‍ മഹറുകളായ ദളിതരുടേതും മറ്റ് ഏതാനും ചില വീടുകള്‍ ആദിവാസി വിഭാഗമായ ഗോണ്ട് സമുദായത്തില്‍പെടുന്നവരുടേതുമാണ്. മഹര്‍ വിഭാഗത്തില്‍പെട്ടവരുടേതായ ഒരു വീട്ടില്‍ ഭയ്യാലാല്‍ ബോധ് മാംഗെയും അയാളുടെ ഭാര്യ സുരേഖ ബോധ് മാംഗെ, ആണ്‍മക്കളായ റോഷന്‍, സുധീര്‍, പ്രിയങ്ക എന്നിവരുമാണ് താമസിച്ചിരുന്നത്. ബോധ് മാംഗെ കുടുംബത്തിനു സ്വന്തമായി അഞ്ചേക്കര്‍ കൃഷിഭൂമി സ്വന്തമായി ഉണ്ടായിരുന്നു; അതുതന്നെയായിരുന്നു അവരെ ഗ്രാമത്തിലെ മറ്റുള്ളവരുടെ കണ്ണിലെ കരടാക്കി മാറ്റിയതും.
17 വര്‍ഷം മുന്‍പ് വരെ ഭയ്യാലാല്‍ താമസിച്ചിരുന്നത് അച്ഛന്റെ നാടായ അംബാഗഡിലായിരുന്നു. ഭയ്യാലാലിന്റെ അമ്മയുടെ അച്ഛന്റെ ഗ്രാമമാണ് ഖൈര്‍ലാഞ്ചി. അതായത് മുത്തച്ഛന്റെ ഗ്രാമം. അംബാഗഡില്‍നിന്ന് ഭയ്യാലാല്‍ ദീര്‍ഘകാലമായി അമ്മയുടെ നാട്ടിലേക്കു തിരികെ വരാതിരുന്നപ്പോള്‍, ഗ്രാമത്തിലെ ഭൂരിപക്ഷം വരുന്ന കുനാബി കളര്‍ സമുദായങ്ങളില്‍പെട്ട പ്രമാണിമാര്‍, സ്വാഭാവികമായും അയാള്‍ ഇനി തിരികെ വരില്ലെന്നു കരുതി അയാളുടെ ഭൂമി കയ്യേറി. ഖൈര്‍ലാഞ്ചിയിലെത്തിയ ഭയ്യാലാല്‍, പ്രമാണിമാര്‍ കയ്യടക്കി വെച്ചിരുന്ന കൃഷിഭൂമി ഭാര്യയുടെ അകന്ന ബന്ധുവും അടുത്ത ഗ്രാമമായ കന്ദ്രിയില്‍ താമസിക്കുന്ന ദളിത് പൊലീസുകാരനായ സിദ്ധാര്‍ത്ഥ് ഗജ്ഭിയേയുടെ സഹായത്തോടെ തിരികെ പിടിക്കുന്നു. ഇതിനെത്തുടര്‍ന്നു ഗ്രാമവാസികളില്‍ ഒരു വിഭാഗത്തിന്, സിദ്ധാര്‍ത്ഥിനോടും ശത്രുതയുണ്ടായി.
ഭയ്യാലാലിന്റെ കുടുംബത്തിന്റെ കൈവശമുള്ള ഭൂമിയിലൂടെ സ്വന്തം ഭൂമിയിലേക്കു പ്രവേശന മാര്‍ഗ്ഗം നേടാന്‍ ആഗ്രഹിച്ച, തൊട്ടടുത്ത ഭൂമിയുടെ ഉടമസ്ഥനും അയാളുടെ പിണിയാളുകളും നിരന്തരം ഭയ്യാലാലിന്റെ കുടുംബവുമായി വഴക്കുണ്ടാക്കിക്കൊണ്ടിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു; പക്ഷേ, അത് അവര്‍ അംഗീകരിച്ചില്ല. തര്‍ക്കത്തിനു മധ്യസ്ഥത വഹിച്ചത് ദളിതന്‍ കൂടിയായ സിദ്ധാര്‍ത്ഥ് ഗജ്ഭിയെ ആയിരുന്നു, ദളിത് വിഭാഗത്തില്‍പെട്ട ആളായിരുന്നുവെങ്കിലും സാമ്പത്തികമായി നല്ല നിലയിലായിരുന്ന അദ്ദേഹം ദളിത് പൊലീസിലെ അംഗം കൂടിയായിരുന്നു. തന്റെ വയലില്‍ ജോലി ചെയ്യാന്‍ കുനാബി കളര്‍ ജാതി വിഭാഗത്തില്‍പെട്ട ആളുകളെ അദ്ദേഹം നിയമിച്ചിരുന്നു. വഴക്ക് അവസാനിക്കുമെങ്കില്‍ റോഡിന് 15 അടി ഭൂമി അനുവദിക്കാമെന്ന് ഭയ്യാലാലിന്റെ കുടുംബം സമ്മതിച്ചെങ്കിലും കളര്‍, പൗവ്വാര്‍, കുന്‍ബി എന്നീ പിന്നോക്ക ജാതി വിഭാഗങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന ഗ്രാമത്തിനു മുഴുവനും ഈ മൂന്ന് ദളിത് കുടുംബങ്ങള്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ വസ്തുതയുമായും സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനുള്ള അവരുടെ തീരുമാനങ്ങളോടും പലപ്പോഴും പൊരുത്തപ്പെടാനും കഴിഞ്ഞില്ല.
ഒരു ദിവസം ഖൈര്‍ലാഞ്ചിയിലെ ഭയ്യാലാലിന്റെ വീട്ടില്‍ വന്നു തിരികെ തന്റെ ഗ്രാമമായ കന്ദ്രിയിലേക്കുള്ള യാത്രയ്ക്കിടെ റോഡില്‍വെച്ച് സിദ്ധാര്‍ത്ഥ് ഗജ്ഭിയെ ചിലര്‍ ചേര്‍ന്നു മര്‍ദ്ദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. അതിനു കാരണമായി അവര്‍ പറയുന്നത് സെപ്തംബര്‍ 13ന്, മഹര്‍ ജാതിയില്‍പെട്ട സിദ്ധാര്‍ത്ഥ് ഗജ്ഭിയെ എന്ന ദളിത് പൊലീസുകാരന്‍, പിന്നീട് കൂട്ടക്കൊലപാതക കേസിലെ പ്രതികളിലൊരാളായ സക്രു ബിഞ്ചേശ്വരനെ തല്ലി എന്നതാണ്. സക്രുവിന് സിദ്ധാര്‍ത്ഥ് ഗജ്ഭിയേ നല്‍കാനുള്ള കൂലിയുടെ ഒരു ഭാഗം നല്‍കാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുള്ള വഴക്കിനെത്തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് സക്രുവിനെ തല്ലിയത് എന്നാണ് പറയപ്പെടുന്നത്. പിന്നീട് ചിലര്‍ സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ചപ്പോള്‍ അതിന് ഭയ്യാലാലിന്റെ ഭാര്യ സുരേഖയും മകള്‍ പ്രിയങ്കയും ദൃക്‌സാക്ഷികളായിരുന്നു. സുരേഖയും പ്രിയങ്കയുമാണ് അന്ന് സിദ്ധാര്‍ത്ഥിനെ രക്ഷിക്കാന്‍ ഇറങ്ങിയത്. രണ്ട് ദിവസത്തിനുശേഷം തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെ സിദ്ധാര്‍ഥ്, മൊഹാദി പൊലീസ് സ്‌റ്റേഷനില്‍ പട്ടികജാതിപട്ടിക വര്‍ഗ്ഗ അതിക്രമം തടയാന്‍ നിയമപ്രകാരം പരാതി നല്‍കാന്‍ പോയെങ്കിലും ആട്ടിയോടിക്കുകയായിരുന്നു. ഒടുവില്‍, ആക്രമണത്തിന് സുരേഖയും പ്രിയങ്കയും സാക്ഷിമൊഴി പറഞ്ഞതിനുശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍പോലും പൊലീസ് തയ്യാറായത്. എന്നാല്‍, സെപ്തംബര്‍ 29നു പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങി. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വടികളുമായി നേരെ പോയത് ഗജ്ഭിയെ കൈകാര്യം ചെയ്യാനായിരുന്നു.
പൊലീസ് കേസെടുക്കുകയും കോടതിയില്‍ അതിന്റെ വിചാരണ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. തങ്ങളുടെ ഭൂമി തിരിച്ചുകിട്ടാനുള്ള പോരാട്ടത്തെ പിന്തുണച്ച തന്റെ ബന്ധുവിനെ ആക്രമിച്ച ഗ്രാമവാസികള്‍ക്കെതിരെ ഭയ്യാലാലിന്റെ ഭാര്യ സുരേഖയും മകള്‍ പ്രിയങ്കയും മൊഴി നല്‍കാന്‍ തീരുമാനിച്ചത് ഗ്രാമവാസികളെ ക്ഷുഭിതരാക്കി. ഒരു പ്രതിസന്ധിഘട്ടത്തില്‍ തങ്ങളെ സഹായിച്ച, ബന്ധുവായ, സിദ്ധാര്‍ത്ഥിനെ ആക്രമിച്ചവര്‍ക്കെതിരെ കോടതിയില്‍ സാക്ഷി പറയാന്‍ ഉറച്ച നിലപാടെടുത്തതാണ് എതിരാളികള്‍ ബോധ്മാംഗെ കുടുംബത്തിനുമേല്‍ കണ്ട കടുത്ത അപരാധം. കോടതിയില്‍ സാക്ഷി പറയുകയാണെങ്കില്‍ ബോധ്മാംഗെ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്ന് അവര്‍ ഭീഷണി മുഴക്കി.
2006 സെപ്റ്റംബര്‍ 29. അന്നായിരുന്നു മൊഹാദിയിലെ കോടതിയില്‍ കേസിന്റെ അവധി. സുരേഖയും മകള്‍ പ്രിയങ്കയും സധൈര്യം കോടതിയില്‍ സാക്ഷി പറഞ്ഞു. സാക്ഷിമൊഴി രേഖപ്പെടുത്തിയ ശേഷം ഉച്ചയോടെ അവര്‍ ഇരുവരും ഗ്രാമത്തില്‍ തിരികെയെത്തി. കേസിലെ പ്രതികളും മറ്റു ഗ്രാമവാസികളും കോടതിയിലെത്തിയിരുന്നു. കോടതിയില്‍നിന്നും അവര്‍ ലാത്തികളുമായി സിദ്ധാര്‍ത്ഥിന്റെ ഗ്രാമമായ കന്ദ്രിയിലേയ്ക്കു പോയി. സിദ്ധാര്‍ത്ഥിനെ വകവരുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. സിദ്ധാര്‍ത്ഥ് അവിടെ ഇല്ലാതിരുന്നതിനാല്‍ അവരുടെ ലക്ഷ്യം നിറവേറ്റാന്‍ സാധിച്ചില്ല. വൈകുന്നേരം അഞ്ചു മണിയോടെ അവര്‍ ഖൈര്‍ലാഞ്ചിയിലേക്കു മടങ്ങിയെത്തി. ഗ്രാമത്തിലേക്കു മടങ്ങിയെത്തിയ ഗ്രാമവാസികള്‍ എം.എല്‍.എയുടേയും എം.പിയുടേയും നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. തങ്ങള്‍ക്കെതിരെ കോടതിയില്‍ സാക്ഷി പറഞ്ഞ ദളിതരായ ഭയ്യാലാലിന്റെ കുടുംബത്തെ വകവരുത്താനുള്ള ഗൂഢാലോചനയായിരുന്നു എം.പിയുടേയും എം.എല്‍.എയുടേയും സാന്നിധ്യത്തില്‍ നടന്നത്.

ബലാല്‍സംഗവും ആള്‍ക്കൂട്ട മര്‍ദനവും
യോഗം പിരിഞ്ഞ ശേഷം അതില്‍ പങ്കെടുത്ത ചിലര്‍ ഭയ്യാലാലിന്റെ കുടിലിനു മുന്‍പിലെത്തി ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും കുടിലിന്റെ വാതില്‍ ചവുട്ടിപ്പൊളിക്കുകയും ചെയ്തു. അവരുടെ കൂടെ വന്ന പിന്നോക്ക കര്‍ഷക കുടുംബങ്ങളില്‍നിന്നുള്ള ചില സ്ത്രീകള്‍ വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി സുരേഖയേയും മകള്‍ പ്രിയങ്കയേയും കുടിലിനു പുറത്തേക്കു വലിച്ചിഴച്ചു. അക്രമികള്‍ അവരെ കഠിനമായി മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തുടര്‍ന്ന് അവരെ നഗ്‌നരാക്കി ഗ്രാമചത്വരത്തിലേക്ക് കൊണ്ടുപോയി ഒരു കാളവണ്ടിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. തങ്ങളുടെ അമ്മയേയും സഹോദരിയേയും മര്‍ദ്ദിക്കുന്നതു കണ്ട് ഓടിവന്ന മൂത്ത മകന്‍ റോഷനേയും ശബ്ദ ബഹളങ്ങള്‍ കേട്ട് തപ്പിത്തടഞ്ഞ് അവിടെ എത്തിയ, കാഴ്ചവൈകല്യമുള്ള രണ്ടാമത്തെ മകന്‍ സുധീറിനേയും അവര്‍ നഗ്‌നരാക്കി. ശേഷം യുവാക്കളായ ആണ്‍മക്കളോട് അമ്മയേയും സഹോദരിയേയും ബലാത്സംഗം ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടു നിര്‍ബ്ബന്ധിച്ചുകൊണ്ട് മര്‍ദ്ദനം തുടര്‍ന്നു. കുറച്ചു ദൂരെനിന്ന്, തന്റെ ഭാര്യയേയും മകളേയും രണ്ട് ആണ്‍മക്കളേയും മര്‍ദ്ദിക്കുന്നത് കണ്ടുകൊണ്ട് ഓടിവരുന്നതിനിടയില്‍, അക്രമികള്‍, 'എവിടെ ഭയ്യാലാല്‍, അവനേയും കൊല്ലണം' എന്ന് ആക്രോശിക്കുന്നതു കേട്ട് ഭയന്ന ഭയ്യാലാല്‍, നിവൃത്തിയില്ലാതെ അടുത്ത് കണ്ട ഒരു പൊന്തക്കാട്ടില്‍ ഒളിച്ചു. സുരേഖയും പ്രിയങ്കയും അവിടെവെച്ച് കൂട്ടബലാത്സംഗത്തിന് ഇരകളായി. ആള്‍കൂട്ടം അടിച്ചും വെട്ടിയും പരിക്കേല്പിച്ചതിന്റെ ഫലമായി അവര്‍ നാല് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. മരിച്ചു എന്ന് ഉറപ്പായ ശേഷം നാല് മൃതദേഹങ്ങളും അക്രമികള്‍ ഒരു മിനിലോറിയില്‍ കയറ്റി സമീപത്തെ ഒരു കനാലില്‍ കൊണ്ടുപോയി തള്ളുകയാണ് ചെയ്തത്. ഇതിനിടയില്‍ കുടുംബനാഥനായ ഭയ്യാലാല്‍ അടുത്ത ഗ്രാമത്തിലെ ആളുകളെ വിവരമറിയിക്കാന്‍ ശ്രമിച്ചെങ്കിലും ആരും രക്ഷിക്കാന്‍ എത്തിയില്ല. എന്താണ് സംഭവിച്ചതെന്ന് ഗ്രാമത്തിലെ മറ്റ് ദളിത് ആദിവാസി കുടുംബങ്ങള്‍ക്കു മനസ്സിലായി എങ്കിലും പക്ഷേ, ഭയപ്പെട്ടുപോയ അവര്‍ ആരും തന്നെ അവരുടെ വീടുകളില്‍നിന്നും പുറത്തു വന്നില്ല.
കനാലില്‍നിന്നും പുറത്തെടുത്ത മൃതദേഹങ്ങള്‍ പിന്നീട് മൊഹാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി പൊലീസ് ആവശ്യപ്പെട്ടതിന്‍ പ്രകാരം ഭയ്യാലാല്‍ ആശുപത്രിയിലെത്തി മൃതദേഹങ്ങള്‍ ഓരോന്നായി ഭയ്യാലാല്‍ തിരിച്ചറിഞ്ഞു. ആദ്യം അയാള്‍ തിരിച്ചറിഞ്ഞത് സ്വന്തം മകളുടേതായിരുന്നു. മകളുടെ ശരീരത്തില്‍ ഒരു തുണിപോലും ഉണ്ടായിരുന്നില്ല. ശരീരത്തില്‍ ധാരാളം മുറിവുകളുണ്ടായിരുന്നു. വല്ലാത്തൊരു ആക്രമണമായിരുന്നു അവള്‍ക്കു നേരിടേണ്ടിവന്നിരിക്കുക. ആ രംഗം അധികനേരം നോക്കിനില്‍ക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. അതുപോലെ സുധീര്‍, റോഷന്‍, സുരേഖ എന്നിവരുടെ ദേഹത്തും മര്‍ദ്ദനമേറ്റ ധാരാളം പാടുകള്‍ ഉണ്ടായിരുന്നു. റോഷനും പൂര്‍ണ്ണ നഗ്‌നനായിരുന്നു. അവന്റെ ശരീരത്തിലും ഒരു തുണിപോലും ഉണ്ടായിരുന്നില്ല. റോഷനും സുധീറിനും സാമാന്യം നല്ല രീതിയില്‍തന്നെ, അതിക്രൂരമായ തരത്തില്‍ മര്‍ദ്ദനമേറ്റിരുന്നു. പക്ഷേ, അവന്റെ ദേഹത്ത് കുറച്ചു തുണിയുണ്ടായിരുന്നു. സുരേഖയുടെ ദേഹത്ത് ഒരു ബ്ലൗസും പെറ്റിക്കോട്ടും എടുത്തിട്ടിരുന്നു. പക്ഷേ, അവയും കീറിയതായിരുന്നു. അവര്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നു. അവരുടെ തലയോട്ടിപോലും തകര്‍ന്നിരുന്നു. അതില്‍നിന്ന് അവരുടെ മസ്തിഷ്‌കം പുറത്തേയ്ക്ക് ഒഴുകുന്നുണ്ടായിരുന്നു. അവള്‍ക്ക് ഒരു കണ്ണുപോലും നഷ്ടപ്പെട്ടിരുന്നു. സ്ത്രീകളുടെ രഹസ്യഭാഗങ്ങളും ആണ്‍കുട്ടികളുടെ ജനനേന്ദ്രിയങ്ങളും അതിക്രൂരമായ മര്‍ദ്ദനത്തിന്റെ ഫലമായി പരിപൂര്‍ണ്ണമായും പരിക്കേറ്റ് തകര്‍ന്നതായിട്ടാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ലോക മനസ്സാക്ഷിയെത്തന്നെ പിടിച്ചുകുലുക്കിയ അത്യന്തം നീചവും ക്രൂരവും മനുഷ്യത്വത്തിനു നിരക്കാത്തതുമായ കൂട്ടബലാത്സംഗവും ആള്‍ക്കൂട്ട കൊലപാതകങ്ങളുമാണ് ഖൈര്‍ലാഞ്ചിയില്‍ നടന്നത്. ആഴ്ചകള്‍ പിന്നിട്ടിട്ടും അതിന് ഉത്തരവാദികളായവരെ അന്വേഷണത്തിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്തു നിയമത്തിനു മുന്‍പില്‍ ഹാജരാക്കുന്നതിനുള്ള ഒരു ശ്രമവും അതിന് ഉത്തരവാദപ്പെട്ട അധികാരികളുടേയോ പൊലീസിന്റേയോ ഭാഗത്തുനിന്നും ഉണ്ടായില്ല. കൂട്ട ബലാത്സംഗത്തിനും കൊലപാതകങ്ങള്‍ക്കും ഉത്തരവാദിത്വം വഹിക്കുന്നവരും അതിനു നേതൃത്വം നല്‍കിയവരുമൊക്കെ ഖൈര്‍ലാഞ്ചിയിലും പരിസരത്തും സര്‍വ്വതന്ത്ര സ്വതന്ത്രരായി സ്വൈര്യവിഹാരം നടത്തുന്നുണ്ടായിരുന്നു. മുഖ്യധാര മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും അത്യന്തം ഗൗരവപരമായ ഈ വിഷയത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാതെ മൂടിവയ്ക്കാനാണ് കൂടുതല്‍ താല്പര്യം കാണിച്ചത്.
പൊലീസിന്റേയും ഭരണകൂടത്തിന്റേയും നിഷ്‌ക്രിയത്വത്തിന് എതിരെ പ്രതികരിക്കുന്നതിനും നിയമപോരാട്ടത്തില്‍ ഭയ്യാലാലിനു പിന്തുണ നല്‍കുന്നതിനും വേണ്ടി രൂപീകരിച്ച 'ഖൈര്‍ലാഞ്ചി ആക്ഷന്‍ കമ്മിറ്റി'യുടെ ആഭിമുഖ്യത്തില്‍, സംഭവം നടന്ന് ഏഴ് ആഴ്ചകള്‍ക്കു ശേഷം, 2006 നവംബര്‍ എട്ടിന് നാഗ്പൂരിലെ തിലക് പത്രകര്‍ ഭവനില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഭയ്യാലാല്‍ ബോധ്മാംഗേ നടത്തിയ വിശദീകരണങ്ങളിലൂടെയാണ് ഖൈര്‍ലാഞ്ചി ഗ്രാമത്തില്‍ നടന്ന, ഒരു ദളിത് കുടുംബത്തിനു നേരെയുള്ള കൂട്ടബലാത്സംഗത്തിന്റേയും ആള്‍കൂട്ട കൊലപാതകങ്ങളുടേയും വിശദമായ വിവരങ്ങള്‍ ലോകം അറിയുന്നത്. ആക്ഷന്‍ കമ്മിറ്റിയുടെ സഹ കണ്‍വീനറായ മിലിന്ദ് ഫുല്‍സെലെ, ആക്ഷന്‍ കമ്മിറ്റിയിലെ അംഗമായ മിലിന്ദ് പഖാലെ, ബന്ധുവായ സിദ്ധാര്‍ത്ഥ് ഗജ്ഭിയേ എന്നിവരോടൊപ്പമാണ് ഭയ്യാലാല്‍ പത്രസമ്മേളനത്തിന് എത്തുന്നത്. മിലിന്ദ് ഫുല്‍സെലെയുടെ ആമുഖത്തിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ ഭയ്യാലാലിനോട് സംസാരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഭയ്യാലിനോട് അവര്‍ ചോദ്യങ്ങള്‍ ചോദിക്കുകയും അദ്ദേഹം ഉത്തരം നല്‍കുകയും ചെയ്തു. ചില ചോദ്യങ്ങള്‍ക്ക് സിദ്ധാര്‍ത്ഥ് ഗജ്ഭിയേയാണ് മറുപടി നല്‍കിയത്. ഖൈര്‍ലാഞ്ചി ആക്ഷന്‍ കമ്മിറ്റിയുടെ ജിഹ്വയായി പ്രവര്‍ത്തിച്ചിരുന്ന 'ദി ബുദ്ധിസ്റ്റ് കമ്മ്യൂണിക്കേറ്റര്‍' എന്ന മാധ്യമമാണ് 2006 ഡിസംബര്‍ ആറിന് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലോകത്തിനു മുന്‍പിലേക്ക് എത്തിച്ചത്.തെറ്റായ വിവരങ്ങളെല്ലാം തുറന്നുകാട്ടുന്നതും.
ഖൈര്‍ലാഞ്ചിയില്‍ നടന്ന സംഭവങ്ങളുടെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് നവംബറില്‍തന്നെ ജനങ്ങളുടെ വലിയ തോതിലുള്ള പ്രതിഷേധം ആരംഭിച്ചു. ദളിത് വനിതാ മുന്നണിയായ 'സമൃദ്ധബൗധ മഹിളാ സംഘടന' മഹാരാഷ്ട്രയില്‍ ഉടനീളം 1000 പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. ഭണ്ഡാരയിലാണ് ആദ്യ പ്രതിഷേധം നടന്നത്. ഖൈര്‍ലാഞ്ചി സംഭവത്തിന്റെ പേരില്‍ ഭണ്ഡാരയിലും നാഗ്പൂര്‍, വാഡി, കാംപ്റ്റി എന്നീ സമീപ ജില്ലകളിലും വ്യാപകമായ തീവയ്പും കലാപവും അരങ്ങേറി. നാഗ്പൂരിലും പരിസരങ്ങളിലുമുള്ള സര്‍ക്കാരിന്റേയും പൊലീസിന്റേയും ചിഹ്നങ്ങള്‍ പതിച്ച വാഹനങ്ങളും സ്ഥാപനങ്ങളും പ്രതിഷേധക്കാരുടെ അക്രമങ്ങള്‍ക്കിരയായി. നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്‌നിക്കിരയായി. ഈ പ്രതിഷേധ സമരങ്ങളുടെയെല്ലാം സവിശേഷത ഇതിനു പിന്നില്‍ ഏതെങ്കിലും സംഘടിത ശക്തികളുടേയും പ്രേരണയോ സമ്മര്‍ദ്ദങ്ങളോ ആഹ്വാനങ്ങളോ ഇല്ലെന്നതായിരുന്നു. രോഷംകൊണ്ട് തിളച്ചുമറിയുന്ന ഒരു ജനസമൂഹത്തിന്റെ വിപ്ലവ സാധ്യതയാണ് സ്വതസിദ്ധമായ ജനകീയ പ്രതിഷേധങ്ങളുടെ രൂപത്തില്‍ ഒന്നിനു പുറകെ ഒന്നായി ഉണ്ടായത്. ഇതോടുകൂടി ഭരണകൂട അടിച്ചമര്‍ത്തല്‍ ശക്തമായി. ഖൈര്‍ലാഞ്ചിയിലേയ്ക്കുള്ള ലോംഗ് മാര്‍ച്ച് പൊലീസ് പരാജയപ്പെടുത്തി. ഊര്‍മിള പൗവ്വറിന്റെ നേതൃത്വത്തില്‍ വിവിധ ദളിത് സംഘടനകളില്‍നിന്നുള്ള 50ഓളം സ്ത്രീകള്‍ നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് അടിച്ചുതകര്‍ത്തു. നവംബര്‍ 14ന് 20,000ത്തോളം ജനങ്ങള്‍ പ്രതിഷേധ ആഹ്വാനത്തോട് പ്രതികരിച്ചുകൊണ്ട് മഹാരാഷ്ട്ര സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ ഒരു ദളിത് യുവാവ് രക്തസാക്ഷിയായി. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി.
2006 നവംബര്‍ 10. സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഖൈര്‍ലാഞ്ചിയില്‍ മടങ്ങിയെത്തിയ ഭയ്യാലാലിനെ കാണാന്‍ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് എത്തി. അദ്ദേഹം നല്‍കാന്‍ ശ്രമിച്ച നഷ്ടപരിഹാര ചെക്കോ വാഗ്ദാനം ചെയ്ത ജോലിയോ സ്വീകരിക്കാന്‍ ഭയ്യാലാല്‍ വിസമ്മതിച്ചു. എനിക്കു വേണ്ടതു നീതിയാണ്, പണവും ജോലിയും വാങ്ങുന്നത് എന്നെ അത്യാഗ്രഹിയാക്കി മാറ്റും. മുഖ്യമന്ത്രിയോട് അദ്ദേഹം പറഞ്ഞു. നവംബര്‍ എട്ടിന് നാഗ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേസില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ അദ്ദേഹം പറഞ്ഞിരുന്നു. അവരില്‍ ബി.ജെ.പിയുടെ നേതാക്കളും എന്‍.സി.പിയുടെ നാനാപഞ്ച്ബുദ്ധേയും ഉള്‍പ്പെട്ടിരുന്നു. പക്ഷേ, പിന്നീട്, ഭയ്യാലാല്‍ ചെക്കും ജോലിയും സ്വീകരിച്ചു, നാനാപഞ്ച്ബുദ്ധേയുടെ പേര് പറയുന്നതു നിര്‍ത്തി.

ജാതീയതയുടെ ക്രൂരതകള്‍
2006 സെപ്തംബര്‍ 29ന് ഖൈര്‍ലാഞ്ചിയില്‍ ദളിത് കൂട്ടക്കൊലപാതകങ്ങള്‍ നടന്ന നാള്‍ മുതല്‍, പ്രബല ജാതിവിഭാഗങ്ങളുടെ നേതൃത്വത്തില്‍ അന്വേഷണത്തെ പലതരത്തില്‍ തടസ്സപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുണ്ടായി. കുറ്റകൃത്യത്തെക്കുറിച്ച് അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ചപ്പോള്‍തന്നെ ഒരു കോണ്‍സ്റ്റബിള്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും അന്വേഷണം ആരംഭിക്കാന്‍ അയാള്‍ തയ്യാറായില്ല. ചുറ്റുമുള്ള ഇരുട്ടിനെയായിരുന്നു അതിന് അയാള്‍ കുറ്റപ്പെടുത്തിയത്. അതു സ്വന്തം ജാതിയെ അടിസ്ഥാനമാക്കിയുള്ള കൊല്ലപ്പെട്ട ദളിത് കുടുംബത്തോടുള്ള അയാളുടെ മുന്‍വിധിയെയാണ് പ്രതിഫലിപ്പിച്ചത്. ഇരകള്‍ ദളിതരാണ് എന്ന ഒറ്റക്കാരണത്താല്‍ മാത്രം, അവിടെ നടന്ന അതിക്രമങ്ങളെക്കുറിച്ചും നിരവധി പേരെ കാണാതായതിനെക്കുറിച്ചുമുള്ള തങ്ങളുടെ പരാതികള്‍ക്കു പൊലീസുകാരിലും പ്രബല ജാതികളില്‍പെട്ടവരിലും ശ്രദ്ധേയമായ പ്രതികരണങ്ങളൊന്നും ഉണ്ടാക്കിയില്ലെന്ന് ദളിത് പ്രവര്‍ത്തകര്‍ പറഞ്ഞു, സംഭവം നടന്നതിനെക്കുറിച്ചുള്ള അറിയിപ്പ് ലഭിച്ചതിനുശേഷം, സമയനഷ്ടം കൂടാതെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കില്‍, പ്രത്യേകിച്ച് ബലാത്സംഗം നടന്നതായി ആരോപിക്കപ്പെടുന്ന സ്ത്രീകളുടെ പോസ്റ്റ്‌മോര്‍ട്ടം, ലബോറട്ടറി പരിശോധനകള്‍ എന്നിവയിലൂടെ, കാര്യങ്ങള്‍ മറ്റൊന്നാകുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. നിരവധിയായ ദളിത് ആക്ടിവിസ്റ്റുകളുടെ പ്രസ്താവനകള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍, സാക്ഷികളുടെ വിവരണങ്ങള്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മാധ്യമ പ്രവര്‍ത്തകരുടേയും സ്വതന്ത്ര നിരീക്ഷകരുടേയും സന്ദര്‍ശകസംഘത്തിന്റേയും കണ്ടെത്തലുകള്‍ എന്നിവയെല്ലാം തന്നെ ദളിതരായ ബോധ്മാംഗെ കുടുംബത്തെ മാരകമായ ആക്രമണത്തിലൂടെ പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി ആസൂത്രണം ചെയ്ത കൂട്ടക്കൊലയുടെ വ്യക്തമായ കേസാണെന്നു വ്യക്തമാക്കുന്നു. ഗ്രാമത്തിലെ പ്രബലരായ ദളിതേതര സമുദായങ്ങളുടെ ജാതി അടിസ്ഥാനത്തിലുള്ള മുന്‍വിധികളായിരുന്നു അതിനു കാരണം.
കാലവിളംബരങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ശേഷം മഹാരാഷ്ട്ര പൊലീസ് പട്ടികജാതിപട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തി 38 പേരെ അറസ്റ്റ് ചെയ്തു. ഭണ്ഡാരയിലെ പ്രത്യേക അതിവേഗ കോടതിയിലാണ് ഈ കേസിന്റെ വിചാരണ നടപടികള്‍ നടന്നത്. 2008ല്‍ ഭണ്ഡാര പ്രത്യേക അതിവേഗ കോടതി ഖൈര്‍ലാഞ്ചി കൂട്ട കൊലപാതക കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചു.
മൊത്തം പ്രതികളില്‍ കുറ്റകൃത്യത്തില്‍ നേരിട്ടുള്ള പങ്ക് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞ എട്ട് പേരെ കുറ്റക്കാരായി കണ്ടെത്തി അവരില്‍ ആറ് പേര്‍ക്ക് വധശിക്ഷയും മറ്റു രണ്ട് പേര്‍ക്ക് ജീവപര്യന്തം കഠിനതടവും കോടതി വിധിച്ചു. പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ 'ജാതിസ്പര്‍ദ്ധ'യാണ് കൊലപാതകങ്ങള്‍ക്കു കാരണമെന്ന വാദം കോടതി അംഗീകരിച്ചില്ല. പകരം ഇത് 'പ്രതികാരവാഞ്ഛ'യാണ് കൊലപാതകങ്ങള്‍ക്കു കാരണം എന്ന നിരീക്ഷണമാണ് കോടതി കണ്ടെത്തിയത്.
വിചാരണ കോടതിയുടെ വിധിക്കെതിരെ, കുറ്റവാളികള്‍ എന്നു കണ്ടെത്തി കോടതി ശിക്ഷിക്കപ്പെട്ടവര്‍ നല്‍കിയ അപ്പീല്‍, 2010 ജൂലൈ 14ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് പരിഗണിക്കുകയും അപ്പീല്‍ വാദികളുടെ വധശിക്ഷ 25 വര്‍ഷത്തില്‍ കുറയാതെയുള്ള ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തു.
ദളിത് കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ഖൈര്‍ലാഞ്ചി കൂട്ടക്കൊല കേസില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ ജൂലൈ 14ലെ വിധി വലിയൊരു വിഭാഗം ദളിതരേയും പ്രത്യേകിച്ചു പ്രവര്‍ത്തകരേയും വല്ലാത്ത നിരാശയിലാഴ്ത്തി. 2008ല്‍ പ്രത്യേക അതിവേഗ വിചാരണ കോടതി ഒരു ദളിത് കുടുംബത്തിലെ ഒരാളെയൊഴികെ എല്ലാവരേയും ക്രൂരമായി തുടച്ചു നീക്കിയ കുറ്റത്തിന്റെ ബാധ്യത സംശയാതീതമായി തെളിയിക്കപ്പെട്ട എട്ട് പ്രതികളില്‍ ആറ് പേര്‍ക്ക് വിധിച്ച വധശിക്ഷ 25 വര്‍ഷത്തെ ജീവപര്യന്തമായി കുറവ് ചെയ്തതിന്റെ മറച്ചുവെയ്ക്കാനാകാത്ത അസംതൃപ്തിയാണിത്. അപ്പീലില്‍, 'അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ല' ഈ കേസ് എന്ന നിരീക്ഷണത്തിന്റെ കാരണത്താലാണ് ഹൈക്കോടതി വധശിക്ഷ ഇളവ് ചെയ്തത്. കീഴ്‌കോടതി വധശിക്ഷ വിധിച്ച ആറ് പേരുടേയും ജീവപര്യന്തം ശിക്ഷ വിധിച്ച മറ്റു രണ്ട് പേരുടേയും ശിക്ഷ 25 വര്‍ഷത്തെ തടവായി പരിഷ്‌കരിച്ച അപ്പീല്‍ കോടതി, ദളിതരാണ് കൊല്ലപ്പെട്ട ഇരകള്‍ എങ്കില്‍കൂടി ഈ കേസില്‍ പട്ടികജാതിപട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിന്റെ പ്രയോഗക്ഷമത തള്ളുകയും ചെയ്തു. അപ്പീല്‍ കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ഖൈര്‍ലാഞ്ചി കൂട്ടക്കൊല പാതകക്കേസിലെ കുറ്റകൃത്യത്തിനു ജാതിസ്പര്‍ദ്ധ വിഷയമാകുന്നില്ലെന്നതിനാല്‍, 1989ലെ പട്ടികജാതിപട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം ബാധകമാകില്ലെന്നാണ് അപ്പീല്‍ പരിഗണിച്ച ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസുമാരായ എ.പി. ലാവെന്‍ഡെ, പി.സി. ചവാന്‍ എന്നിവരുടെ കൂട്ടായ നിരീക്ഷണം. അവരുടെ ധാരണയില്‍ ഭയ്യലാല്‍ ബോധ്മാംഗേയുടെ ഭാര്യ സുരേഖ, രണ്ട് ആണ്‍മക്കളായ റോഷന്‍, കാഴ്ചവൈകല്യമുള്ള യുവാവ് സുധീര്‍, മകള്‍ പ്രിയങ്ക എന്നിവരുടെ ഒന്നിലധികം കൊലപാതകങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചതോ ജാതി മുന്‍വിധികളാല്‍ പ്രചോദിതമോ അല്ല. പൂര്‍ണ്ണമായും അത് 'പ്രതികാര കൊലപാതകം' ആയിരുന്നു. 'സംഭവത്തിന്റെ അടിസ്ഥാന കാരണം ജാതി വിദ്വേഷല്ലെന്നും ദളിത് പൊലീസായ സിദ്ധാര്‍ത്ഥ് ഗജ്ഭിയെ ആക്ര മിച്ച കേസില്‍ സുരേഖയും പ്രിയങ്കയും ചേര്‍ന്ന്, ദളിതരല്ലാത്ത തങ്ങളെ തെറ്റായി പ്രതി ചേര്‍ത്തതായി പ്രതികള്‍ക്കു തോന്നിയതിനാലാണ്. അതുകൊണ്ടുതന്നെ പ്രതികാരം തീര്‍ക്കാനുള്ള വ്യക്തമായ കേസാണിതെ'ന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.
'ഖൈര്‍ലാഞ്ചി കൂട്ടക്കൊലപാതകംപോലെയുള്ള കൃത്യമായ ജാതിസ്പര്‍ദ്ധയുടെ ഫലമായുള്ള, ഒരു ദളിത് കുടുംബത്തിലെ ഒന്നൊഴികെയുള്ള മുഴുവന്‍ അംഗങ്ങളേയും തുടച്ചുനീക്കിയ അതിക്രൂരമായ കൊലപാതകത്തില്‍ ജാതിഘടകം ഉള്‍പ്പെട്ടിട്ടില്ലെന്ന കോടതിയുടെ നിരീക്ഷണം ആ സംവിധാനത്തിന്റെ ഭരണപരവും നിയമപരവുമായ കാര്യക്ഷമതയില്ലായ്മയും സങ്കീര്‍ണ്ണതയും തെളിയിക്കുന്നു എന്നാണ് ഇക്കാര്യത്തില്‍ വ്യാപകമായി അതൃപ്തി നിലനില്‍ക്കുന്ന ദളിത് പ്രവര്‍ത്തകരുടെ നിലപാട്.
എന്നിരുന്നാലും ഈ കേസിന്റെ അവസാന ഘട്ടത്തില്‍, പട്ടികജാതിപട്ടികവര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം പരിഗണിക്കപ്പെട്ടില്ല എന്നതും കേസിന്റെ ഗൗരവ സ്വഭാവം പരിഗണിക്കുമ്പോള്‍ ഇത്രയും നിഷ്ടുരമായ ഒരു കൂട്ടക്കൊലപാതക കേസിലെ എട്ട് പ്രതികള്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ, ഈ കേസിലെ കുറ്റവാളികള്‍ക്കുള്ള മതിയായ ശിക്ഷയല്ല എന്നതും നിരാശയുണ്ടാക്കുമെങ്കിലും അവയ്ക്കുള്ള വിഷമിപ്പിക്കുന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മറ്റെവിടെയെങ്കിലും ഉണ്ടായിരിക്കാം. പൊലീസ് അന്വേഷണത്തിലെ കാലതാമസം, പിഴവുകള്‍, വീഴ്ചകള്‍ ബലാത്സംഗത്തിന് ഇരയായവരുടെ ആവശ്യമായ വൈദ്യപരിശോധനകള്‍ സമയബന്ധിതമായി നടത്തുന്നതില്‍ സംഭവിച്ച മാപ്പര്‍ഹിക്കാത്ത കാലതാമസം, കേസ് ഫലപ്രദമായി അവതരിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടത് എന്നിവയാണ് കേസിനെ ഇത്തരത്തിലുള്ള ഒരു അന്ത്യത്തിലേയ്ക്ക് എത്തിച്ചത്. ദളിതര്‍ക്കെതിരെയുള്ള ആഴത്തില്‍ വേരൂന്നിയ മുന്‍വിധികളും പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരമുള്ള ദളിതര്‍ക്കെതിരായ അതിക്രമങ്ങളുടെ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നതിന്റെ 25 ശതമാനം മാത്രമുള്ള മോശം നിരക്കും കണക്കിലെടുക്കുമ്പോള്‍, നീതി ലഭിക്കാന്‍ ഇനിയും കാത്തിരിക്കണമെന്നതില്‍ ഒട്ടും അതിശയപ്പെടാനില്ല.

ജാതി അടിസ്ഥാനത്തിലുള്ള മുന്‍വിധി
ഭണ്ഡാര ജില്ലയിലെ ഖൈര്‍ലാഞ്ചി ഗ്രാമത്തിന്റെ ജാതിനിലയെക്കുറിച്ച് മനസ്സിലാക്കിയിരിക്കുന്നത് നന്നായിരിക്കും. പിന്നോക്ക ജാതിക്കാരാണ് ഗ്രാമത്തില്‍ ബഹുഭൂരിപക്ഷവും. ചില 'മേല്‍ജാതി' കുമ്പി കുടുംബങ്ങളും ഉണ്ടായിരുന്നു. ഭയ്യാലാലിന്റേത് ഉള്‍പ്പെടെ മൂന്നു കുടുംബങ്ങള്‍ പട്ടികജാതിയില്‍പെട്ട മഹര്‍ ജാതിക്കാരായിരുന്നു. ബാക്കിയുള്ളവര്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങളാണ്. മൂന്ന് മഹര്‍കുടുംബങ്ങളില്‍, ഭയ്യാലാലിന്റെ കുടുംബം ഏറ്റവും ഉറപ്പുള്ള നിലപാടുകള്‍ ഉള്ളവരായിരുന്നു. ദളിതര്‍ക്കെതിരെ ജാതി ഹിന്ദുക്കള്‍ക്കിടയില്‍ വേരൂന്നിയ മുന്‍വിധികള്‍ക്കു പേരു കേട്ടതാണ് ഈ ഗ്രാമം.
2006ല്‍ കൂട്ടക്കൊലപാതകങ്ങള്‍ നടന്ന സമയത്തും പിന്നീട് പ്രത്യേക അതിവേഗ വിചാരണ കോടതി ആറ് പ്രതികള്‍ക്കു വധശിക്ഷ വിധിച്ചപ്പോഴും പ്രസിദ്ധീകരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്ത മാധ്യമ റിപ്പോര്‍ട്ടുകള്‍ ദളിതര്‍ക്കെതിരെയുള്ള ദളിതരല്ലാത്തവരുടെ നീചമായ കുറ്റകൃത്യമായി അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. 1989ലെ പട്ടികജാതിപട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം, ചുരുക്കത്തില്‍ അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരം ഇത് വിചാരണ ചെയ്യപ്പെടേണ്ടതായിരുന്നു. നിയമം അനുശാസിക്കുന്ന പ്രത്യേക കോടതിയുടെ നിയമനവും അന്വേഷണം കേന്ദ്ര അന്വേഷണ എജന്‍സിയായ സി.ബി.ഐ ഏല്പിച്ച സര്‍ക്കാര്‍ നടപടിയും അതിക്രമങ്ങള്‍ തടയല്‍ നിയമം പ്രയോഗിച്ചു എന്ന പ്രതീതി ജനിപ്പിച്ചു. അതുകൊണ്ടാണ് ഖൈര്‍ലാഞ്ചി കൂട്ടക്കൊലയില്‍ അതിക്രമങ്ങള്‍ തടയല്‍ നിയമം ബാധകമല്ലെന്ന കോടതിവിധിയില്‍ രാജ്യത്തെ ദളിതരും ദളിത് ആക്ടിവിസ്റ്റുകളും മാത്രമല്ല, മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകര്‍, രാഷ്ട്രീയ അനുഭാവികള്‍, ഈ കേസില്‍ നീതിക്കുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം നിരാശ അനുഭവപ്പെട്ടത്.
പല്ലുകളുള്ള ഒരു നിയമം, അങ്ങനെയാണ് 1989ലെ പട്ടികജാതിപട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തെ വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയില്‍ ദളിത് ശാക്തീകരണം നേടിയെടുക്കുന്നതിനുള്ള ആദ്യത്തെ പ്രധാന നിയമോപകരണമാണ് ഇത്. ശരിയായ കാഴ്ചപ്പാടില്‍ അതിനെ കാണേണ്ടതുണ്ട്. ഭരണഘടന അനുശാസിക്കുന്ന തൊട്ടുകൂടായ്മ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി കൊണ്ടുവന്ന 1955ലെ പൗരാവകാശ സംരക്ഷണ നിയമത്തിനു പൊതുവെ ജനങ്ങളുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ദളിതരെ 'മേല്‍ജാതി' അതിക്രമങ്ങളില്‍നിന്നു സംരക്ഷിക്കാന്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍നിന്നാണ് ഈയൊരു നിയമത്തിന്റെ ആവശ്യം ഉയര്‍ന്നുവരുന്നത്. 'പല്ലുള്ള ഒരു നിയമം' എന്നു വിശേഷിപ്പിക്കപ്പെടുന്ന 1989ലെ പട്ടികജാതിപട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം സാമൂഹ്യ വിമോചനത്തിനായുള്ള അവരുടെ നീണ്ട പോരാട്ടത്തില്‍ ദളിതുകളെ ശാക്തീകരിക്കുന്നതിനുള്ള ശക്തമായ ഉപകരണമായി ഉയര്‍ന്നുവന്നിരിക്കുന്നു. അതിക്രമങ്ങള്‍ തടയല്‍ നിയമത്തില്‍ ന്യായമായും പരാതിക്കാരിക്കു പ്രതിയേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കൃത്യനിര്‍വ്വഹണത്തില്‍ അലംഭാവം കാണിക്കുന്ന പൊലീസിനെതിരെ കര്‍ശന നടപടികളെടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥകളുണ്ട്. നിയമം കര്‍ശനമായി നടപ്പിലാക്കുന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്കും പൊലീസ് സൂപ്രണ്ടുമാര്‍ക്കും ഉത്തരവാദിത്വമുണ്ട്. പ്രശ്‌നങ്ങളെ ഇരകളുടെ കോണില്‍നിന്നു വീക്ഷിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന വശം. കൂടാതെ, വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയായ ദളിതര്‍ക്കു നഷ്ടപരിഹാരം നല്‍കാനും ഇതു വ്യവസ്ഥ ചെയ്യുന്നു.
ജാതി അടിസ്ഥാനത്തിലുള്ള ആക്രമണവും അധിക്ഷേപവും
ജാതി എന്നത് ഇന്ത്യയില്‍ സജീവമായി തുടരുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. താഴ്ന്ന ജാതികളില്‍ ജനിച്ച ആളുകള്‍ ഈ ദുര്‍വ്വിധിക്കു വിധിക്കപ്പെട്ടവരാണെന്നും സ്വന്തം ജീവിതത്തിനോ ശരീരത്തിനോ ജോലിക്കോ ഒരു കര്‍ത്തൃത്വവുമില്ലെന്ന വിശ്വാസത്തിന്റെ ബലത്തില്‍ അതു മനുഷ്യരെ വിവസ്ത്രരാക്കുന്നു, നഗ്‌നരാക്കി പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു, നിര്‍ബ്ബന്ധിച്ചു മനുഷ്യവിസര്‍ജ്ജ്യങ്ങള്‍ ചുമപ്പിക്കുന്നു, ഭക്ഷിപ്പിക്കുന്നു, മലിനജല ശുചീകരണ ജോലിക്കായി നിയോഗിക്കുന്നു, കൊല്ലുന്നു, കൂട്ടബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു.
അവര്‍ക്കു സംസാരിക്കാനും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തില്‍ വിലപിക്കാനും അവര്‍ നേരിടുന്ന വിവേചനത്തെക്കുറിച്ചു സംസാരിക്കാനും വിദ്യാഭ്യാസം നല്‍കാനും സംഘടിക്കാനും പ്രക്ഷോഭം നടത്താനും തങ്ങള്‍ക്ക് അവകാശപ്പെട്ട തങ്ങളുടേതായത് എടുക്കാനും അവര്‍ക്ക് അനുവാദമില്ല.
ഖൈര്‍ലാഞ്ചിയിലെ കൂട്ടക്കൊല എപ്പോഴും നമ്മുടെ മനസ്സാക്ഷിയെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നുവെന്നും ഡോ. അംബേദ്കറുടെ സാമൂഹ്യനീതി എന്ന സ്വപ്നത്തിനായി തുടര്‍ന്നും പോരാടാനും ജനഹൃദയങ്ങളില്‍ തീ ആളിക്കത്തുന്നത് തുടരുകതന്നെ ചെയ്യും. ഖൈര്‍ലാഞ്ചി കൂട്ടക്കൊല ഇപ്പോഴും ഇന്ത്യയിലെ ബ്രാഹ്മണ ഭരണകൂടങ്ങളെ വേട്ടയാടുന്നത് തുടരുന്നു.
ഖൈര്‍ലാഞ്ചി കൂട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്കു വിചാരണ കോടതി വിധിച്ച വധശിക്ഷയില്‍ ഇളവ് വരുത്തി 25 വര്‍ഷത്തെ ജീവപര്യന്തമാക്കി കുറച്ച ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ വിധി പ്രാദേശിക പട്ടികജാതി സംഘടനകളുടേയും ഭയ്യാലാലിന്റേയും വലിയ പ്രതിഷേധത്തിനു കാരണമായി. കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മരണത്തിന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ട ഭയ്യാലാല്‍ ബോധ്മാംഗെ ശേഷിച്ച കാലം ഭണ്ഡാരയില്‍ സര്‍ക്കാര്‍ അനുവദിച്ച ഒരു വീട്ടില്‍ ഏകാന്ത ജീവിതം നയിച്ചുകൊണ്ട് അവിടെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സെക്യൂരിറ്റിയായി ജോലിചെയ്ത് വരവേ 2017 ജനുവരി 20ന് ഈ ലോകത്തോട് യാത്ര പറഞ്ഞു.
ജാതിയെക്കുറിച്ചുള്ള ചോദ്യത്തിന്റെ സ്ഥാപനപരമായ നിഷേധവും അദൃശ്യവല്‍ക്കരണവും അവസാനിക്കുന്നില്ല. രോഹിത് വെമുലയുടേയോ ഡോ. പായല്‍ തദ്വിയുടേയോ സ്ഥാപനപരമായ കൊലപാതകമാകട്ടെ, ജാതിവിവേചനം താഴ്ന്ന ജാതിക്കാരുടെ വീടുകളിലും ജോലി ചെയ്യുന്ന വയലുകളിലും പഠിക്കാന്‍ പോയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവരുടെ ജീവന്‍ അപഹരിക്കുന്നു എന്ന വസ്തുതയെ ഭരണകൂടം നിരന്തരം നിഷേധിക്കുകയാണ്. ഖൈര്‍ലാഞ്ചി കൂട്ടക്കൊല നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ എവിടെ നില്‍ക്കുമെന്നും ബാബാസാഹെബിന്റെ സാമൂഹ്യനീതി എന്ന സ്വപ്നത്തിനായി തെരുവിലിറങ്ങാനും തുടര്‍ന്നും പോരാടാനും ജനങ്ങളില്‍ തീ ആളിപ്പടരുന്നത് തുടരുകയും ചെയ്യും.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ