

പ്രശസ്ത ചരിത്രകാരന്‍ ആയിരുന്ന പ്രൊഫ. എ. ശ്രീധരമേനോന്‍ 1998 ഒക്ടോബര്‍ മുതല്‍ 1999 ജനുവരി വരെയുള്ള കാലയളവില്‍ ഒരു വാരികയില്‍ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിന്റെ കാണാപ്പുറങ്ങളും അതിന്റെ വക്താക്കളായിരുന്ന ചിത്തിര തിരുനാള്‍, സര്‍ സി.പി. സേതു പാര്‍വ്വതീബായി തുടങ്ങിയവര്‍ അടങ്ങിയിരുന്ന ത്രികക്ഷി സംഘത്തിന്റെ ലക്ഷ്യങ്ങളും മറ്റും വെളിച്ചത്ത് കൊണ്ടുവന്നത് അന്നു വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചിത്തിര തിരുനാളിന്റെ ഭാഗിനേയി തിരുവനന്തപുരത്ത് വച്ച് ഐ.എ.എസ് പ്രൊബേഷന്‍ ഓഫീസര്‍മാരെ സംബോധന ചെയ്തു സംസാരിച്ച വേളയില്‍ 'സ്വതന്ത്ര തിരുവിതാംകൂര്‍' വാദത്തിനെ സംബന്ധിച്ച് ഒരു ചോദ്യം ഉയര്‍ന്നപ്പോള്‍ അത് സി.പിയുടേത് അല്ല മറിച്ച്, തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആശയമായിരുന്നു എന്ന വെളിപ്പെടുത്തലാണ് അന്ന് ഈ വിവാദങ്ങള്‍ക്കു തിരികൊളുത്തിയത്. ഇതിനെ സംബന്ധിച്ച് പ്രൊഫ. മേനോന്റെ യുക്തിസഹമായ അപഗ്രഥനത്തിലെ ചില വിട്ടുപോയ സംഭവങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നു.
തിരുവിതാംകൂറില്‍ വ്യവസായവല്‍ക്കരണത്തിന്റെ അടിസ്ഥാനം പാകിയ സര്‍ സി.പി. രാമസ്വാമി അയ്യര്‍, മഹാരാജാവിന്റെ ഉപദേശപ്രകാരം സ്വതന്ത്ര തിരുവിതാംകൂര്‍ വാദവുമായി ഇറങ്ങി തിരിച്ചില്ലായിരുന്നുവെങ്കില്‍ സ്വതന്ത്ര ഭാരതത്തില്‍ ഉന്നതസ്ഥാനങ്ങളില്‍ അവരോധിതമായേനെ എന്ന് ഏതൊരു ചരിത്രഗവേഷകനും നിസ്സംശയം പറയാം.
1946 ഒക്ടോബര്‍ 2427 തീയതികളില്‍ പുന്നപ്രവയലാര്‍ സംഘര്‍ഷത്തില്‍ ആയിരക്കണക്കിനു സമരക്കാരെ കൂട്ടക്കൊല ചെയ്ത ചിത്തിര തിരുനാള്‍ ഭരണകൂടത്തിന്റെ മുഖം രക്ഷിക്കാന്‍വേണ്ടി അതേ വര്‍ഷം ഡിസംബറില്‍ സര്‍ സി.പി. രാജിവെച്ച് മദിരാശിയിലേക്കു മടങ്ങിയിരുന്നു. വലിയ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി മഹാരാജാവിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിനെ തിരികെ കൊണ്ടുവന്നത് മറ്റൊരു തെറ്റുകൂടി ചെയ്യിക്കാന്‍ ആണെന്ന് ഒരുപക്ഷേ, സര്‍ സി.പി. ചിന്തിച്ചു കാണുമായിരുന്നില്ല. 1947 ജനുവരിയില്‍ മഹാരാജാവ് അദ്ദേഹത്തെക്കൊണ്ട് ഒരു പുതിയ ഭരണഘടന തട്ടിക്കൂട്ടി തിരുവിതാംകൂര്‍ ഒരു ഹിന്ദു പാകിസ്താന്‍പോലെ നിലയുറപ്പിക്കുമെന്ന സൂചനയും കൊടുത്തിരുന്നു. സാമാന്യം ദീര്‍ഘമേറിയ കടലോരം ഉണ്ടായിരുന്ന തിരുവിതാംകൂറിനു മറ്റു ലോക രാഷ്ട്രങ്ങളുമായി വാണിജ്യബന്ധത്തില്‍ ഏര്‍പ്പെട്ട് ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ തന്നെ മുന്നോട്ടു പോകാം എന്ന ദുര്‍ബ്ബുദ്ധി ശ്രീ ചിത്തിര തിരുനാളിന് ഉപദേശിച്ചു കൊടുത്തത് അദ്ദേഹത്തിന്റെ അമ്മ സേതു പാര്‍വ്വതീബായി ആറ്റിങ്ങല്‍ ഇളയ റാണിയായിരുന്നു. ഇതു നടപ്പിലാക്കാന്‍ ഇരുവരും കണ്ടുപിടിച്ചതോ രാജിവച്ചുപോയ സി.പിയേയും.
ഭക്ഷ്യസുരക്ഷയും കാര്‍ഷിക അഭിവൃദ്ധിയും ഉറപ്പ് വരുത്താന്‍ സാധിക്കാത്ത ചിത്തിര തിരുനാള്‍ ഭരണകൂടം 'സ്വതന്ത്ര തിരുവിതാംകൂര്‍' എന്ന കിട്ടാക്കനിയുമായി രംഗത്തു വന്നത് ദേശീയ നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. പുന്നപ്രയിലേയും വയലാറിലേയും നരഹത്യയുടെ ഞെട്ടല്‍ മാറുന്നതിനു മുന്‍പ് സ്വാതന്ത്ര്യ വാദവുമായി തിരുവിതാംകൂര്‍ രംഗപ്രവേശം ചെയ്തത് പല പ്രമുഖ രാജ ഭക്തന്മാരേയും അങ്കലാപ്പിലാക്കിയിരുന്നു. എന്നാലും തിരുവിതാംകൂറിലെ ഈ ത്രികക്ഷി സംഘത്തിനെ ചോദ്യം ചെയ്യാന്‍ കമ്യൂണിസ്റ്റ്‌കോണ്‍ഗ്രസ് നേതാക്കളല്ലാതെ ആരും ധൈര്യം കാണിച്ചിരുന്നില്ല.
ചിത്തിര തിരുനാള്‍ കാണിച്ച ഒരു സാഹസമായി മാത്രം ഇതിനെ കാണാന്‍ സാധിക്കില്ല. കാരണം മഹാരാജാവിന്റേയും ദിവാന്റേയും അനുഗ്രഹത്തോടെ, ഹൈദരാബാദില്‍ നിസാമും റിസ്വിയും കൂടി ഉണ്ടാക്കിയ ഭീകരസംഘമായ 'റസാര്‍ക്കറി'ന്റെ അതേ മാതൃകയില്‍ 'അഞ്ച് രൂപാ പൊലീസ്' എന്ന ഒരു പ്രബല ഗുണ്ടാസംഘം തിരുവിതാംകൂറില്‍ രൂപീകൃതമാവുകയും അവര്‍ നാട്ടില്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു. ആര്‍തര്‍ സിംസണ്‍ എന്ന ആംഗ്ലോ ഇന്ത്യാക്കാരനായ ഒരു നാഞ്ചിനാട്ടുകാരനായിരുന്നു ഈ തെമ്മാടി സംഘത്തിന്റെ തലവന്‍ എന്നതിനാല്‍ ഇവരെ സിംസണ്‍ പട എന്നും വിളിച്ചിരുന്നു. കാക്കി ഷര്‍ട്ട്, വെള്ളമുണ്ട്, പ്രഹരിക്കാന്‍ ഒരു ഇരുമ്പുവടി ഇതായിരുന്നു ഈ സ്‌റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ഗുണ്ടകളുടെ ഔദ്യോഗിക വേഷം.
'സ്വതന്ത്ര തിരുവിതാംകൂര്‍' വാദത്തിനെ എതിര്‍ത്ത സ്‌റ്റേറ്റ് കോണ്‍ഗ്രസ്, തിരുവിതാംകൂര്‍ യൂത്ത് ലീഗിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ തുടങ്ങിയവരായിരുന്നു കൂടുതലും സിംസണ്‍ പടയാളികളാല്‍ ആക്രമിക്കപ്പെട്ടത്. ആനി മസ്‌ക്രിന്‍, പന്തളം മാധവ വാര്യര്‍, കെ.പി. നീലകണ്ഠപ്പിള്ള തുടങ്ങിയവരെ ഇവര്‍ നിര്‍ദ്ദയം ആക്രമിച്ചപ്പോള്‍ യൂത്ത് ലീഗുകാര്‍ ഇവരുടെ സംരക്ഷണം ഏറ്റെടുത്ത് രംഗത്ത് വരികയായിരുന്നു.
സിംസണ്‍ പട്ടാളത്തില്‍ ഉള്ളവരില്‍ നാനാജാതി മതസ്ഥര്‍ ഉണ്ടായിരുന്നു. ഇവര്‍ ആദ്യം പ്രധാന നേതാക്കളുടെ വീടുകളില്‍ വന്ന് മുന്നറിയിപ്പ് കൊടുക്കുകയും വഴങ്ങാത്തവരെ ക്രൂരമായി ആക്രമിക്കുകയും ചെയ്യുമായിരുന്നു. സ്വതന്ത്ര തിരുവിതാംകൂറിനെ എതിര്‍ത്തവരുടെ വീടുകളിലെ സ്ത്രീകളെ പൊതുജനസമക്ഷം അശ്ലീലവും അസഭ്യവും പറഞ്ഞിരുന്നു. മഹാരാജാവിന്റെ അനുമതിയോടെ 1947 ജൂണ്‍ 13നു നടന്ന പേട്ട വെടിവയ്പില്‍ ഒരു പാവം വിദ്യാര്‍ത്ഥിയായ രാജേന്ദ്രനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടതോടെ രാജഭരണത്തിന്റെ തുടര്‍ച്ച ആഗ്രഹിച്ചിരുന്നവര്‍ മറിച്ചു ചിന്തിക്കാന്‍ തുടങ്ങിയെന്ന് യശശ്ശരീരനായ അഡ്വ. അയ്യപ്പന്‍ പിള്ള പ്രസ്താവിച്ചത് ഇവിടെ സ്മരണീയമാണ്. പേട്ട വെടിവയ്പ് സിംസണ്‍ പട്ടാളത്തിനു പ്രചോദനമേകുകയും തെക്കന്‍ തിരുവിതാംകൂര്‍ മേഖലയില്‍ അവര്‍ അഴിഞ്ഞാട്ടം നടത്തുകയും ചെയ്തിരുന്നു.
നാഗര്‍കോവിലിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ അഡ്വ. എ. ശങ്കരപ്പിള്ളയുടെ വീട് തീ വയ്ക്കാന്‍ വന്ന സിംസണ്‍ പടയുടെ താണ്ഡവം അദ്ദേഹത്തിന്റെ മകള്‍ ബി. ശാന്തകുമാരി ഈയടുത്തകാലത്ത് ദൂരദര്‍ശനിലെ ഒരു പരിപാടിയില്‍ വെളിപ്പെടുത്തുകയുണ്ടായി. ഈ സംഭവത്തില്‍ കത്തിക്കരിഞ്ഞ കോണ്‍ഗ്രസ് പതാകയേന്തിയ കൊടിമരം ഇവരുടെ തറവാട്ടില്‍ ഇന്നും അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. ഏതായാലും ജനങ്ങളുടെ ഇടയില്‍ ഭീതി പരത്താന്‍ സിംസണ്‍ പടയ്ക്കു കഴിഞ്ഞു.
ഇക്കാലത്ത് രാജവംശത്തിലെ തിരുവനന്തപുരത്തുള്ള ശാഖയില്‍ സര്‍ സി.പിക്ക് എതിരെ ഒരു നിശ്ശബ്ദ വിപ്ലവം അരങ്ങേറിയിരുന്നു. ഇതില്‍ കേണല്‍ ഗോദവര്‍മ്മ രാജ, ചിത്തിര തിരുനാളിന്റെ അച്ഛന്‍ രവിവര്‍മ്മ, സേതുപാര്‍വ്വതീബായിയുടെ സഹോദരീഭര്‍ത്താവ് രാമവര്‍മ്മ (ആലക്കോട് രാജ എന്ന് പിന്നീട് അറിയപ്പെട്ട വ്യക്തി) മുതലായവരായിരുന്നു ഈ 'വിപ്ലവ'ത്തിനു കരുക്കള്‍ നീക്കിയത്. രവിവര്‍മ്മ കോയിത്തമ്പുരാന്‍ തന്റെ ഭാര്യയിലുള്ള സര്‍ സി.പിയുടെ സ്വാധീനത്തിന് എതിരെ ശക്തമായി രംഗത്തുവന്നിരുന്നു. 'ഭക്തിവിലാസ'ത്തില്‍ (സര്‍ സി.പിയുടെ ഔദ്യോഗിക വസതി) പോയി പരസ്യമായി ദിവാനെ ഭത്സിച്ച് സംസാരിക്കുമായിരുന്നു. അധികം വൈകാതെ രവിവര്‍മ്മയെ കോട്ടയ്ക്കകത്ത് വടക്കേ കൊട്ടാരത്തില്‍ സി.പിയുടെ നിര്‍ദ്ദേശപ്രകാരം ജൂനിയര്‍ റാണി വീട്ടുതടങ്കലിലാക്കി. വൈകുന്നേരം ഫോര്‍ട്ട് സെനാന മിഷന്‍ സ്‌കൂള്‍ വിട്ടുവരുന്ന വിദ്യാര്‍ത്ഥിനികളെ നോക്കി കൊട്ടാര ജനാലയിലൂടെ വിലപിച്ചിരുന്ന രവിവര്‍മ്മയെപ്പറ്റി ഗോമതി അമ്മാള്‍ തന്റെ 'ജീവിതസ്മരണകളി'ല്‍ പരാമര്‍ശിക്കുന്നുണ്ട്. സഹതാപം തോന്നിയിരുന്ന വിദ്യാര്‍ത്ഥിനികളില്‍ പലരും അദ്ദേഹത്തിനു മിഠായി എറിഞ്ഞുകൊടുക്കുമായിരുന്നു.
ജൂനിയര്‍ റാണിയുടെ സഹോദരിയുടെ നീക്കങ്ങളെ നിരീക്ഷിക്കാന്‍ സി.പി. പ്രത്യേകം ചാരന്മാരെ നിയോഗിച്ചിരുന്നു. ജൂനിയര്‍ റാണിയുടെ മറ്റൊരു സഹോദരി രാജമ്മയുടെ (മാവേലിക്കര ഉത്സവമഠം കൊട്ടാരം) പല പ്രവൃത്തികളും കൊട്ടാരത്തിനു ചില ദുഷ്‌പേര് വരുത്തി വയ്ക്കുകയും ചെയ്തിരുന്നു. തിരുവിതാംകൂറിലെ കായികരംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ കേണല്‍ ഗോദവര്‍മ്മയ്ക്ക് കൊട്ടാരത്തിനു പുറത്തുപോകേണ്ട സാഹചര്യവും വന്നിരുന്നു അക്കാലത്ത്.
ക്ഷേത്രപ്രവേശന വിളംബരം, വ്യവസായവല്‍ക്കരണം, വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍, പ്രായപൂര്‍ത്തി വോട്ടവകാശം എന്നിവ നടത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയ ചിത്തിര തിരുനാള്‍ ഭരണകൂടം തിരുവിതാംകൂറിന്റെ അസ്തമയവേളയില്‍ അനഭിമതനായി മാറിക്കഴിഞ്ഞിരുന്നു എന്നത് ചരിത്രസത്യമാണ്. എന്നാല്‍ തന്റെ മര്‍ദ്ദനനടപടികളില്‍ പ്രജകള്‍ക്കു കടുത്ത അമര്‍ഷമുണ്ടായിരുന്നു എന്ന് സര്‍ സി.പി. മനസ്സിലാക്കിയിരുന്നുവെങ്കിലും ജൂനിയര്‍ റാണി വിരിച്ച വലയില്‍ ബന്ധിതനായിരുന്നു അദ്ദേഹം.
'സ്വതന്ത്ര തിരുവിതാംകൂര്‍' എന്ന ഭരണകൂട ഭീകരതയുടെ മറ്റ് ഇരകളായിരുന്നു പൊന്നറ ശ്രീധര്‍, എന്‍.സി. ശേഖര്‍, കെ. കുമാര്‍ തുടങ്ങിയവര്‍. തിരുവിതാംകൂര്‍ യൂത്ത് ലീഗിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന എന്‍.പി. കുരുക്കള്‍ എന്ന ധീരനേതാവിനെ സിംസണ്‍ പടയാളികള്‍ തല്ലിക്കൊന്ന് തിരുവനന്തപുരത്തെ ചിറ്റല്ലൂര്‍ കുളത്തില്‍ എറിഞ്ഞു. 1946 ഡിസംബര്‍ 21ന് രാത്രിയിലായിരുന്നു ഈ ദാരുണ സംഭവം. സിംസണ്‍ പട്ടാളത്തിന്റെ ഭീകരതയുടെ ഒരു മുഖം മാത്രമായിരുന്നു ഇത്. കാര്യങ്ങള്‍ ഇങ്ങനെ വഷളായതോടെ ഡല്‍ഹിയിലെ ഇടക്കാല ഗവണ്‍മെന്റ് 1947ന്റെ തുടക്കത്തിലേ തന്നെ തിരുവിതാംകൂറിനെ സംശയത്തോടെ തന്നെയാണ് നിരീക്ഷിച്ചിരുന്നത്. 1741ല്‍ വൈദേശിക ശക്തിയായിരുന്ന ഡച്ചുകാരെ കുളച്ചലില്‍ നടന്ന യുദ്ധത്തില്‍ മുട്ടുകുത്തിച്ച തങ്ങള്‍ക്ക് തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യം തുടര്‍ന്നും സംരക്ഷിക്കാന്‍ കഴിയും എന്നു വീമ്പിളക്കിയ ചിത്തിര തിരുനാള്‍ ഭരണകൂടത്തിനെ വരുതിയിലാക്കാന്‍ വി.പി. മേനോന്‍ അപ്പോഴേക്കും രംഗപ്രവേശം ചെയ്തു കഴിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി മേനോന്‍ മഹാരാജാവുമായി കൂടിക്കാഴ്ച നടത്താന്‍ കവടിയാര്‍ കൊട്ടാരത്തില്‍ വരുമ്പോഴൊക്കെ തനിക്ക് ക്ഷേത്രദര്‍ശനം നടത്തണമെന്നു പറഞ്ഞ് ചിത്തിര തിരുനാള്‍ ഒഴിഞ്ഞുമാറുമായിരുന്നു. അവസാനം സഹികെട്ട് മേനോന്‍ തിരുവിതാംകൂറിനെതിരെ നടപടിയുണ്ടാവുമെന്ന ഭീഷണിയില്‍ മാത്രമാണ് മഹാരാജാവ് ചര്‍ച്ചകള്‍ക്കുപോലും സമ്മതിച്ചതുതന്നെ.
സ്വതന്ത്ര തിരുവിതാംകൂറിന്റെ സാക്ഷാല്‍ക്കാരത്തിന് ചിത്തിരസി.പി.ജൂനിയര്‍ റാണി അച്ചുതണ്ട് പാകിസ്താന്‍ വാദികളുമായി രഹസ്യ ചര്‍ച്ചകള്‍ക്കു തുനിഞ്ഞതാണ് ഡല്‍ഹിയെ ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ചത്. പഴയ ദിവാനായിരുന്ന ഹബീബുള്ളയെ കറാച്ചിയിലേക്ക് ട്രേഡ് കമ്മിഷണറായി നിയമിച്ചത് നെഹ്രു, പട്ടേല്‍ അടക്കമുള്ള ദേശീയ നേതാക്കളെ ചൊടിപ്പിച്ചു. കശ്മീര്‍ രാജാവ് ഹരിസിംഗിന്റെ നിസ്സംഗതയല്ല ശ്രീ ചിത്തിര തിരുനാള്‍ എന്ന ഹിന്ദു രാജാവില്‍ കാണാന്‍ കഴിഞ്ഞത് മറിച്ചുതന്നെ രക്ഷിക്കാന്‍ സി.പി. ഉണ്ടാവും എന്ന അമിത വിശ്വാസം ആയിരുന്നു. കറാച്ചിയില്‍നിന്നും ഭക്ഷ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാനായിരുന്നു ഈ നീക്കമെന്നൊക്കെ പിന്നീട് രാജഭക്തര്‍ പറഞ്ഞിരുന്നത് വെള്ളപൂശല്‍ മാത്രമായിരുന്നു. കാരണം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിലേക്ക് പാകിസ്താന്‍ നാവികപ്പട വരികയാണെങ്കില്‍ തങ്ങള്‍ക്കു ഗുണം ചെയ്യും എന്നുവരെ തിരുവിതാംകൂര്‍ ഭരണകൂടം കണക്കുകൂട്ടി. ആലപ്പുഴയും കൊല്ലവും വിഴിഞ്ഞവും അടങ്ങുന്ന തുറമുഖങ്ങള്‍ ഉണ്ടായിരുന്ന തിരുവിതാംകൂര്‍ ഏതറ്റംവരെയും വിലപേശുമെന്ന കാര്യം ഇതിനകം ദേശീയ നേതാക്കള്‍ മനസ്സിലാക്കിയിരുന്നു. കേരളകൗമുദി, മലയാള മനോരമ മുതലായ മാധ്യമങ്ങളും തിരുവിതാംകൂര്‍ ഭരണത്തിന്റെ ഭീകരതയുടെ ഇരകള്‍ ആയിരുന്നു.
സര്‍ സി.പി. എന്ന അതിവാചാലനും സമര്‍ത്ഥനുമായ വക്കീല്‍ ഈ 'കേസ്' ജയിപ്പിക്കും എന്ന ആത്മവിശ്വാസത്തില്‍ ഒരു ന്യൂനപക്ഷം വിശ്വസിച്ചിരുന്ന വേളയില്‍ ആയിരുന്നു ജൂലായ് 25ന് സ്വാതി തിരുനാള്‍ സംഗീത കോളേജിലെ പരിപാടിയില്‍ തമിഴ് ബ്രാഹ്മണനായ ആര്‍ എസ്.പി. നേതാവ് ദിവാനെ മുഖത്തു വെട്ടി പരിക്കേല്പിച്ചത്. ഈ വധശ്രമത്തോടെ പിറ്റേ ദിവസം സി.പി. സ്ഥലം വിട്ടു എന്നും മറ്റും രാജവൃത്തങ്ങള്‍ പറഞ്ഞു പ്രചരിപ്പിച്ചത് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കു വേണ്ടി മാത്രമായിരുന്നു. പിന്നീടുള്ള 25 ദിവസങ്ങള്‍ തന്റെ യജമാനന്‍ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ മുഖം രക്ഷിക്കലിനുവേണ്ടിയുള്ള ഉദ്യമങ്ങള്‍ക്കു ചികിത്സയിലിരുന്നുകൊണ്ട് ചുക്കാന്‍ പിടിക്കാന്‍ സി.പിക്കു കഴിഞ്ഞത് നിസ്സാര കാര്യമല്ല.
ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയില്‍ ഈ ദുസ്സാഹസത്തിനെ നിര്‍ജ്ജീവമാക്കാന്‍ 1947 ആഗസ്റ്റ് ആറിനു തന്റെ വിശ്വസ്തനായ ജി. പരമേശ്വരന്‍ പിള്ളയെ അദ്ദേഹം ഡല്‍ഹിയിലേക്ക് അയച്ചു. ഇതേ മാസം 10നു നാട്ടുരാജ്യ മന്ത്രാലയത്തിലെ അഡി. സെക്രട്ടറി സി.സി. ദേശായിയുമായി പരമേശ്വരന്‍പിള്ള നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു കത്ത് ദേശായി സി.പിക്കു കൊടുത്തയച്ചപ്പോള്‍ മാത്രമാണ് ചിത്തിര തിരുനാള്‍ അസ്വസ്ഥനായത്. പിന്നീട് ആഗസ്റ്റ് 19നു രാജിവെച്ച് സി.പി. മദിരാശിയിലേക്കു പോയതോടെ ശ്രീ ചിത്തിര തിരുനാള്‍ കരയില്‍ വീണ മത്സ്യത്തെപ്പോലെയായെങ്കിലും ഓഫീഷിയേറ്റിംഗ് ദിവാനായി പി.ജി.എന്‍. ഉണ്ണിത്താന്റെ വരവ് അദ്ദേഹത്തിനു രക്ഷാകവചമൊരുക്കി. തിരുകൊച്ചി സംയോജന വേളയില്‍ ചിത്തിര തിരുനാള്‍ കൊച്ചിയിലേക്കു പോകാന്‍ കൂട്ടാക്കാത്തതും തനിക്ക് പഴയ ചേരമാന്‍ പെരുമാളിന്റേതുപോലെ 'പെരുമാള്‍' പദവി നല്‍കണമെന്നും മറ്റുമുള്ള ബാലിശമായ ആവശ്യങ്ങള്‍ വി.പി. മേനോന്റെ സമക്ഷം അവതരിപ്പിച്ചത് ഉണ്ണിത്താനായിരുന്നു. എ.ഡി 17391756 കാലഘട്ടത്തില്‍ തിരുവിതാംകൂറിന്റെ പ്രധാനമന്ത്രിയായിരുന്ന രാമയ്യന്‍ ദളവയുടെ രണ്ടാം ഭാര്യയുടെ (കാര്‍ത്ത്യായനിപ്പിള്ള) ഗൃഹത്തിലെ അംഗമായിരുന്നു പി.ജി.എന്‍. ഉണ്ണിത്താന്‍ എന്നത് യാദൃച്ഛികം മാത്രം. 'പെരുമാള്‍' എന്ന സ്ഥാനമൊന്നും നല്‍കാന്‍ പറ്റില്ല എന്നു തീര്‍ത്തുപറഞ്ഞ വി.പി. മേനോന്‍ ആദ്യം കൊച്ചിയിലെ രാജാവിനെ തിരുകൊച്ചിയുടെ രാജപ്രമുഖ് ആക്കാന്‍ തീരുമാനിച്ചത് ചിത്തിര തിരുനാള്‍ ശക്തമായി എതിര്‍ത്തു. ഈ ആവശ്യം അനുവദിച്ചു കൊടുത്ത മേനോന്‍ പിന്നീട് കൊച്ചി രാജാവിനെ ഉപരാജ്യ പ്രമുഖ് ആക്കുകയായിരുന്നു 'രാജപ്രമുഖ് ഫോര്‍ ലൈഫ്' അതായത് മരണം വരെ ചിത്തിര തിരുനാളിനെ രാജപ്രമുഖ് ആക്കാന്‍ ഇന്ത്യന്‍ യൂണിയന്‍ ഉറപ്പു നല്‍കിയിരുന്നു എന്ന് മഹാരാജാവിന്റെ ചില ബന്ധുക്കള്‍ ഇയ്യിടെ പ്രസ്താവിച്ചത് വസ്തുതാവിരുദ്ധമാണ്. സര്‍ദാര്‍ പട്ടേലിന്റെ ഉദാരമനസ്‌കത കൊണ്ടുമാത്രമാണ് മഹാരാജാവിനെതിരെ കൂടുതല്‍ നടപടികള്‍ക്കു മുതിരാതിരുന്നത്.
സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തോടൊപ്പം സി.പിയും രാഷ്ട്രീയ രംഗത്തുനിന്നും തിരോധാനം ചെയ്‌തെങ്കിലും സിംസണ്‍ പടയുടെ തലവനായ ആര്‍തര്‍ സിംസണ് നാഞ്ചിനാട്ടില്‍ മൂവായിരം ഏക്കറോളം വരുന്ന ഭൂമി മഹാരാജാവ് പതിച്ചുനല്‍കിയിരുന്നു. 'ബ്ലാക്ക് റോക്ക്' എസ്‌റ്റേറ്റ് എന്നാണ് ഈ ഭൂമി പിന്നീട് അറിഞ്ഞുവന്നത്. സര്‍ സി.പിയുടെ ഇടപെടല്‍കൊണ്ട് മാത്രമാണ് ചിത്തിര തിരുനാള്‍ വിപത്തുകളില്‍നിന്നും രക്ഷപ്പെട്ടത് എന്ന് അദ്ദേഹത്തിന്റെ ചെറുമകള്‍ നന്ദിതാ കൃഷ്ണ അഭിപ്രായപ്പെട്ടിരുന്നത് ശരിയല്ല. കാരണം, മഹാരാജാവിനേയും ദിവാനേയും നിയന്ത്രിച്ച് യഥാര്‍ത്ഥ നയചാതുര്യം കാണിച്ചത് ആറ്റിങ്ങല്‍ ഇളയ റാണിയായ സേതു പാര്‍വ്വതീബായി തന്നെയായിരുന്നു. സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന അവസാനത്തെ അസ്ത്രം ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെങ്കിലും ഉദ്ദേശിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ അമ്മ മഹാറാണിക്കു സാധിച്ചിരുന്നു. ദിവാനേയും മകനായ രാജാവിനേയും ഇരുകൈകളിലിട്ട് അമ്മാനമാടിയ റാണിയുടെ ഇംഗിതത്തിനുവേണ്ടി സി.പി. എന്ന കുശാഗ്രബുദ്ധിക്കാരനായ അഭിഭാഷകന്‍ ഒരുപക്ഷേ, അറിഞ്ഞുകൊണ്ട് തോറ്റ ഒരു കേസായിരിക്കാം 'സ്വതന്ത്ര തിരുവിതാംകൂര്‍.'
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates