മുസ്‌ലിം വോട്ടില്‍ കണ്ണുവെച്ച് സി.പി.എം നടത്തുന്ന അസംബന്ധ നാടകം
By റാഷീദ് പാനൂര്‍ | Published: 22nd August 2023 02:26 PM |
Last Updated: 06th September 2023 10:04 AM | A+A A- |

തണലോ അഭയമോ നല്‍കാത്ത മണല്‍പരപ്പിന്റേയും സ്ഥിരതയില്ലാത്ത മണല്‍കുന്നുകളുടേയും നാടാണ് അറേബിയ. ചുഴലിക്കാറ്റുകള്‍ക്കൊത്ത് ഉയരുകയും നീങ്ങുകയും പതിക്കുകയും ചെയ്യുന്ന മണല്‍കുന്നുകളില്‍ കാരവനുകളും മുഴുവന്‍ സൈന്യങ്ങള്‍ തന്നെയും കുഴിച്ചുമൂടപ്പെട്ടിട്ടുണ്ട്. സ്വപ്നം പോലെ വിലപ്പെട്ടതും പൊരുതിനേടേണ്ടതുമായ വസ്തുവാണ് വെള്ളം. മണലാരണ്യത്തെ ചുറ്റി സമുദ്രത്തോട് ചേര്‍ന്നുകിടക്കുന്ന ഒരു വീതികുറഞ്ഞ നാടമാത്രമായിരുന്നു അവിടെ ജീവിതം. യോഗ്യമായ ഇടം. ഈ പരിതസ്ഥിതിയില്‍ കലയോ നിയമങ്ങളോ ഏല്‍ക്കാതെ പ്രാകൃതരായി ജീവിച്ചുപോന്ന ഒരുകൂട്ടം മനുഷ്യജീവികള്‍. അവരെപ്പോലെ മരുഭൂമിയില്‍ പൊരുതി ജീവിക്കുന്നതിനു പരിചയമാര്‍ജ്ജിച്ച രണ്ടു മൃഗങ്ങളായ ഒട്ടകത്തോടും കുതിരയോടുമൊപ്പം അവയെപ്പോലെ തലമുറകളും യുഗങ്ങള്‍ തന്നെയും നിശ്ശബ്ദം മറവിയിലേക്കു കടന്നുപോകും. അവര്‍ അങ്ങനെത്തന്നെ അവശേഷിക്കും; പുരോഗമിക്കാതെ എന്നപോലെ എണ്ണത്തില്‍ പെരുകാതേയും.' ആനന്ദിന്റെ ഉപന്യാസങ്ങളുടെ കളക്ഷന്‍ 'ജൈവമനുഷ്യന്‍' എന്ന പുസ്തകത്തില്‍ സെമിറ്റിക് മതങ്ങളെ വിശകലനം ചെയ്യുന്ന 'പ്രജ്ഞയും കരുണയും' എന്ന ലേഖനത്തില്‍നിന്നുള്ള ഒരു ഭാഗമാണിത്. തണലോ കുളിരോ നല്‍കാത്ത മണല്‍പരപ്പില്‍ പരിഷ്‌കാരത്തിന്റെ കണികപോലും അവശേഷിക്കാത്ത അറബിഗോത്രങ്ങളെ ഏകീകരിക്കാന്‍ പടച്ചുവിട്ട നിയമങ്ങളാണ് പലപ്പോഴും 'ശരീഅത്ത് നിയമസംഹിത' എന്ന് മുസ്‌ലിം ലോകം പറയുന്നത്. നിയമങ്ങളില്‍നിന്നും വഴക്കങ്ങളില്‍നിന്നും സമൂഹത്തിന്റെ ബാധ്യതകളില്‍നിന്നും സ്വതന്ത്രനായി ജീവിച്ച മനുഷ്യരെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നത് മുഹമ്മദ്‌നബിയുടെ ജീവിതലക്ഷ്യമായിരുന്നു.

ഖുറാന്റെ വിശാലത എവിടെ വരെ?
സെമിറ്റിക് മതങ്ങളെല്ലാം അവരുടെ വിശ്വാസപ്രണാമങ്ങള്‍ മാത്രമാണ് ശരിയെന്നും മറ്റുള്ളവയെല്ലാം കലര്‍പ്പുള്ളതാണെന്നും വിശ്വസിക്കുന്നു. ജൂത, ക്രിസ്ത്യന്‍, ഇസ്‌ലാം മതവിഭാഗങ്ങള്‍ അവരുടെ പ്രവാചകന്മാരായ മോസസിനും ജീസസിനും മുഹമ്മദിനും ദൈവത്തില്‍നിന്നു ലഭിച്ച വെളിപാടുകളാണ് 'ഥോറ'യും, 'ബൈബിളും' 'ഖുര്‍ആനും' എന്നു വിശ്വസിക്കുന്നു. ഈ മതഗ്രന്ഥങ്ങളും ഏറെക്കുറെ ഒന്നു തന്നെയാണ്. പക്ഷേ, ജൂതവിഭാഗം 'Salvation is only through Moses' (മോക്ഷം മോസസിലൂടെ മാത്രം) എന്നും ക്രിസ്ത്യന്‍ വിഭാഗം 'മോക്ഷം ജീസസിലൂടെ മാത്രം' എന്നും മുസ്‌ലിം വിഭാഗങ്ങള്‍ മുഹമ്മദാണ് അവസാനത്തെ പ്രവാചകന്‍ എന്നും ഇനി ദൈവത്തില്‍നിന്ന് ദിവ്യമായ വെളിപാടുകള്‍ ആര്‍ക്കും കിട്ടാനില്ല എന്നും ആരെങ്കിലും അങ്ങനെ അവകാശപ്പെട്ടാല്‍ അവനെ കല്ലെറിയണം എന്നും പറയുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ 'അനല്‍ഹഖ്' എന്ന കഥയില്‍നിന്ന് ഒരു ഭാഗമിതാ, 'അനല്‍ഹഖ്' എന്ന് സാധാരണയായി പറഞ്ഞുവരുന്ന മന്‍സൂര്‍ അല്‍ ഹല്ലാജിനെ ഗവണ്‍മെന്റും അതോട് ചേര്‍ന്നുനില്‍ക്കുന്ന മതപണ്ഡിതന്മാരും കൂടി കൊന്ന് അരിഞ്ഞ് നുറുക്കി ദഹിപ്പിച്ച് യൂഫ്രട്ടീസ് നദിയില്‍ കലക്കിയപ്പോള്‍ ക്ഷോഭിച്ചിളകിയ മഹാസമുദ്രം കണക്കെ യൂഫ്രട്ടീസ് 'അനല്‍ഹഖ്', 'അനല്‍ഹഖ്', 'അനല്‍ഹഖ്' എന്ന് ഗംഭീരമായി ഇരമ്പി. 'അനല്‍ഹഖ്' എന്ന അറബി വാക്ക് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്താല്‍ 'ഞാന്‍ സത്യമാകുന്നു' എന്നാണര്‍ത്ഥം. 'തത്ത്വമസി' എന്ന term ഇതിനു പകരം ഉപയോഗിക്കാം. 'അഹം ബ്രഹ്മാസ്മി' എന്ന ഉപനിഷത്ത് term ഇതിനടുത്ത് വരുന്നു. മന്‍സൂര്‍ എന്ന സൂഫി സന്ന്യാസി പറഞ്ഞത് പേര്‍ഷ്യയില്‍ ആ കാലത്തുള്ള ഇസ്‌ലാമിക പണ്ഡിതന്മാരെ പ്രകോപിപ്പിച്ചു. മന്‍സൂര്‍ പറഞ്ഞു എല്ലാം ഈശ്വരന്റെ അംശമായതുകൊണ്ട് ഈ പ്രപഞ്ചത്തിലുള്ള എല്ലാ ചരാചരങ്ങളും ദൈവത്തിന്റെ ശക്തി വിളിച്ചോതുന്നു. ഹിജ്‌റയ്ക്ക് ശേഷമുള്ള നാലാം ശതകത്തിന്റെ ആരംഭത്തിലാണ് സംഭവം നടന്നത്. 'അനശ്വരമായ സത്യം നീ തന്നെയാണ്' എന്ന തത്ത്വം ഇസ്‌ലാമിക് തിയോളജിക്ക് എതിരാണ്. സൃഷ്ടിയും സ്രഷ്ടാവും ഒന്നുതന്നെയാണ് എന്ന തത്ത്വം അംഗീകരിക്കുന്ന ഓറിയന്റല്‍ മിസ്റ്റിസിസം സൂഫി ദര്‍ശനം തുടങ്ങിയവയെല്ലാം മുസ്‌ലിം രാജ്യങ്ങളില്‍ ബാന്‍ ചെയ്തിരിക്കുന്നു.
മന്‍സൂറിന്റെ ചിന്തകള്‍ ഇങ്ങനെയാണ്: 'മനുഷ്യന്റെ ആശയത്തെ ഒരു കോട്ടയില്‍ ഒതുക്കാവുന്നതല്ല. അങ്ങനെ വിശ്വവ്യാപകമായി, ആകാശത്തേയും ഭേദിച്ച് ലോകാലോകങ്ങളേയും കടന്ന് അത് പാഞ്ഞുപോകും.'
'മന്‍സൂര്‍, ശരീഅത്ത് ലംഘിച്ച് കാഫര്‍ ആയിത്തീര്‍ന്നിരിക്കുന്നു. മരണശിക്ഷയ്ക്ക് അര്‍ഹനാണ്.' കലയും സിനിമയും സാഹിത്യവും ഇസ്‌ലാമിയ ശരീഅത്തിനു പുറത്താണ്. പക്ഷേ, ഇതെല്ലാം തള്ളി കലയേയും സംഗീതത്തേയും പ്രോത്സാഹിപ്പിച്ച അറബികള്‍ പണ്ടും ഇന്നും ലോകത്തുണ്ട്. വിശ്വവിഖ്യാത ലബനോണ്‍ കവിയും ചിന്തകനും ചിത്രകാരനുമായ ഖലീല്‍ ജിബ്രാന്‍ 'The Prophet' എഴുതിയപ്പോള്‍ മുസ്‌ലിം ലോകത്തിന്റെ കോപം ഇരന്നുവാങ്ങി. 'പ്രവാചകന്‍' എന്ന യോഗാതമക കാവ്യം ഓറിയന്റല്‍ മിസ്റ്റിസിസം അടിവരയിടുന്നു. വൈക്കം മുഹമ്മദ് ബഷീറിനേയും പ്രേംനസീറിനേയും അബ്ദുല്‍ കലാമിനേയും സുന്നിവിഭാഗം പണ്ഡിതന്മാര്‍ അംഗീകരിക്കുന്നില്ല.
സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ ഇന്ത്യന്‍ മുസ്‌ലിം നവോത്ഥാനത്തിന്റെ അപ്പോസ്തലനാണ് 'The burning lamp of Indian Muslim Socitey after Independence' സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിം സമുദായത്തിനിടയില്‍ കത്തിക്കൊണ്ടിരുന്ന ഒരു ശരറാന്തലായിരുന്നു അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകന്‍ ഡോ. സര്‍സയ്യിദ് അഹമ്മദ്ഖാന്‍. ശരീയാ നിയമം പരിഷ്‌കരിക്കാനുള്ള ശ്രമത്തിനിടയില്‍ അദ്ദേഹത്തെ ഇന്ത്യയിലെ മഹാഭൂരിപക്ഷം മുസ്‌ലിം വിഭാഗങ്ങള്‍ 'കാഫിര്‍' എന്ന് മുദ്രകുത്തി. 'മുസ്‌ലിം സ്ത്രീകള്‍ ഉയര്‍ന്ന ജോലികളില്‍ ഏര്‍പ്പെടുന്നതും, സാമൂഹ്യനേതൃത്വം ഏറ്റെടുക്കുന്നതും തെറ്റാണ്' എന്ന ഒരു ഹദീസ്സുണ്ട്. ഇത് അബുഹുറൈറ എന്ന സഹാബിയുടേതാണ് എന്നു പറയപ്പെടുന്നു. ദൈവവചനങ്ങള്‍ ആയത്ത് എന്ന പേരിലും മുഹമ്മദ് നബിയുടെ ജീവിതവും ചര്യകളും ഹദീസ്സുകള്‍ എന്ന പേരിലും അറിയപ്പെടുന്നു. ഹദീസ്സുകളില്‍ ധാരാളം വൈരുദ്ധ്യങ്ങളുണ്ട്. രണ്ട് ലക്ഷത്തോളം ഹദീസ്സുകളില്‍ ഏതാണ് ശരിയെന്നതിനെ ചൊല്ലി ധാരാളം തര്‍ക്കങ്ങള്‍ ഇന്ന് നിലവിലുണ്ട്. വ്യത്യസ്ത ആശയങ്ങളുടെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഹദീസ്സിന്റെ ലോകത്ത് പോയാല്‍ സ്ത്രീകള്‍ രണ്ടാംതരക്കാരാണ്. പുരുഷാധിപത്യം ഇസ്‌ലാമിന്റെ അന്തര്‍ധാരയാണ്. ഈ ഡോമിനേഷനെ തകര്‍ക്കാനിറങ്ങിയ അഹമ്മദ്ഖാനെ കാഫിറാക്കി മാറ്റിയതില്‍ അത്ഭുതമില്ല. അഹമ്മദ്ഖാന്റെ അഭിപ്രായത്തില്‍ പല ഹദീസ്സുകളും വ്യാജമാണ്. അബൂഹുറൈറയുടെ ഹസീസ്സുകള്‍ സ്വീകരിക്കുന്നത് ഇസ്‌ലാംമതത്തെ 1400 വര്‍ഷം പിറകോട്ടു നയിക്കലാണ്. കേരളത്തിലെ സുന്നിപണ്ഡിതന്മാരില്‍ ഒരു കൊളോസസ്സ് പോലെ ഉയര്‍ന്നുനില്‍ക്കുന്ന കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ലിംഗസമത്വത്തെ എപ്പോഴും എതിര്‍ക്കുന്നു.
'സ്ത്രീക്കും പുരുഷനും തുല്യത ജോലിയിലും സ്വത്തവകാശത്തിലും നല്‍കുന്നത് പ്രകൃതിവിരുദ്ധമാണ്. പുരുഷന്‍ ചെയ്യുന്നത് ഒന്നും ചെയ്യാന്‍ സ്ത്രീകള്‍ക്കു കഴിയില്ല. കേരളത്തില്‍ എവിടെയെങ്കിലും നിങ്ങള്‍ ഒരു സ്ത്രീ കാര്‍ഡിയോളജിസ്റ്റായി ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ടോ?' കാന്തപുരം എ.പി. അബൂബക്കര്‍ മൗലവിയുടെ ചോദ്യമായിരുന്നു ഇത്. അഞ്ചു വര്‍ഷം മുന്‍പ് ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇത് ചോദിച്ചത്. ഈ അഭിമുഖം പബ്ലിഷ് ചെയ്ത് വന്നതിന്റെ പിറ്റേ ദിവസം തിരുവനന്തപുരത്തുള്ള മൂന്നു സ്ത്രീ കാര്‍ഡിയോളജിസ്റ്റുകളെ ഏഷ്യാനെറ്റ് അവതരിപ്പിച്ചു. 'ഒന്നില്‍ കൂടുതല്‍ കല്യാണം കഴിക്കാന്‍ ഇസ്‌ലാം അനുവദിച്ചത് ഒരു സ്ത്രീ മെന്‍സസ് പിരീഡില്‍ ആയിരിക്കുമ്പോള്‍ പുരുഷന് മറ്റൊരു സ്ത്രീയെ പ്രാപിക്കാനാണ്' എന്ന കാന്തപുരം മൗലവിയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഈ പ്രസ്താവന കേരളത്തിലെ എല്ലാ സാംസ്‌കാരിക നായകന്മാരും ജമാഅത്ത് പണ്ഡിതന്മാരും എതിര്‍ത്തിരുന്നു. ഇതെഴുതുന്ന ഞാന്‍ മരിച്ചുപോകുന്ന ഘട്ടത്തില്‍ എന്റെ ഉപ്പ ജീവനോടെ ഉണ്ടെങ്കില്‍ എന്റെ പെണ്‍കുട്ടികള്‍ക്ക് എന്റെ സ്വത്ത് കിട്ടില്ല. അത് ഉപ്പയുടെ ഇഷ്ടപ്രകാരം ആര്‍ക്കുവേണമെങ്കിലും കൊടുക്കാം. ഒരു പുരുഷന് നാലു സ്ത്രീകളെ കല്യാണം കഴിക്കാം എന്ന് ഇസ്‌ലാം അടിവരയിടുന്നു. ഇതിന്റെ വലിയൊരു അപകടം, ഒരു കല്യാണം കഴിച്ച് തൊട്ടടുത്ത വര്‍ഷം വേണമെങ്കില്‍ എനിക്ക് വേറെ ഒരു കല്യാണം ആദ്യ ഭാര്യ അറിയാതെ കഴിക്കാം. ഇസ്‌ലാമിക നിയമമനുസരിച്ച് രണ്ടും മൂന്നും നാലും കല്യാണങ്ങള്‍ നടത്തുമ്പോള്‍ മറ്റ് ഭാര്യമാരുടെ സമ്മതം ആവശ്യമില്ല. അവരെ പിന്നീട് അറിയിച്ചാല്‍ മതി. കേരളത്തിലെ അറിയപ്പെടുന്ന ഒരു മുജാഹിദ് പണ്ഡിതനും 'നിച്ച് ഓഫ് ട്രൂത്ത്' എന്ന സംഘടനയുടെ വക്താവും പ്രയോക്താവുമായ ഒരു വ്യക്തി തന്റെ ആദ്യ ഭാര്യ അറിയാതെ മറ്റൊരു കല്യാണം കഴിച്ചത് വിവാദമായപ്പോള്‍ ആദ്യ ഭാര്യ തന്റെ നിസ്സഹായത അറിയിച്ചു. കല്യാണം ഭാര്യ അറിയാതെ കഴിച്ച പണ്ഡിതന്റെ മറുപടി 'ഞാന്‍ ഇസ്‌ലാം പഠിപ്പിച്ചത് ചെയ്തു' എന്നാണ്.
സ്ത്രീകളുടെ ചേലാകര്‍മ്മം മുസ്‌ലിം സമുദായത്തിലും ആഫ്രിക്കയിലെ ക്രിസ്ത്യന്‍ സമുദായത്തിലും നിലനില്‍ക്കുന്നു. ഇസ്‌ലാമില്‍ ഷതിയാ നിയമപ്രകാരം ഇത് ആവശ്യമാണെങ്കില്‍ ചെയ്യാം. ഇന്ത്യയില്‍ സുന്നി വിഭാഗം ഫോളോ ചെയ്യുന്ന ആത്മീയ ഗ്രന്ഥമായ 'ഫത്തഹുല്‍ മുഹീ'നില്‍ ഇത് ചെയ്യുന്നത് നല്ലതാണ് എന്നു പറയുന്നു. ഈജിപ്റ്റിലും ലബനോനിലും മിഡിലീസ്റ്റിലും ഇത് സാധാരണ ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായി രംഗത്തുവന്ന ഇസ്‌ലാമിക പണ്ഡിതനായിരുന്നു യൂസുഫുല്‍ ഖര്‍ദാവി. സൗദി അറേബ്യയില്‍ 2012ലാണ് ഇത് നിയമംമൂലം നിരോധിച്ചത്. പാകിസ്താനിലും നോര്‍ത്തിന്ത്യയിലും ഇത് വ്യാപകമായിരുന്നു. കേരളത്തില്‍ കോഴിക്കോട്ടുള്ള ഒരു ആശുപത്രിയില്‍ ഇത് ചെയ്യുന്നുണ്ട് എന്ന വിവരം കിട്ടിയപ്പോള്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ആ ഹോസ്പിറ്റല്‍ ഭാഗികമായി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. കേരളത്തിലെ സുന്നിവിഭാഗം ഇതിനെ എതിര്‍ക്കുന്നില്ല.
കേരളത്തിലെ ഹിന്ദു മുസ്‌ലിം സൗഹാര്‍ദ്ദത്തിന്റെ എല്ലുറപ്പ് വര്‍ദ്ധിപ്പിക്കുന്നതാണ് എരുമേലി പേട്ടതുള്ളല്‍. ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാര്‍ അവരുടെ യാത്രയില്‍ ആധ്യാത്മിക ചൈതന്യത്തിന്റെ ഭാഗമായി ആദ്യം വാവരുടെ മക്ബറ സന്ദര്‍ശിച്ച് അവിടെ പ്രാര്‍ത്ഥന നടത്തിയാണ് സന്നിധാനത്തിലേക്ക് നീങ്ങുന്നത്. ആയിരക്കണക്കിന് മുസ്‌ലിം വിശ്വാസികള്‍ അയ്യപ്പഭക്തന്മാരുടെ കൂടെ ചേര്‍ന്ന് വാവരുടെ ദര്‍ഗ(മക്ബറ)യിലേക്ക് നീങ്ങുന്നു. രണ്ട് മതവിഭാഗങ്ങളും ആത്മജ്ഞാനത്തിന്റെ വഴികള്‍ തേടുന്ന ഈ അപൂര്‍വ്വ കാഴ്ച കേരളം ലോകത്തിനു നല്‍കുന്ന അത്യപൂര്‍വ്വമായ ഒരു ആത്മീയ വെളിച്ചമാണ്. ആത്മീയതയുടെ ബഹുസ്വരതയെ എതിര്‍ക്കുന്ന ചില തീവ്ര മുജാഹിദ് വിഭാഗം ഇപ്പോള്‍ ഇത് ശരീഅത്ത് വിരുദ്ധമാണെന്നു പറഞ്ഞ് രംഗത്തുവന്നത് കേരളത്തിലെ ഹിന്ദു മുസ്‌ലിം സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കാനിടവരുത്തും എന്ന് ചില മുസ്‌ലിം പണ്ഡിതന്മാര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നു. ആദ്ധ്യാത്മിക സിദ്ധിയുള്ളവര്‍ അന്ത്യവിശ്രമം കൊള്ളുന്ന മക്ബറകള്‍ (Shrines) സന്ദര്‍ശിക്കുന്നത് ശരീഅത്തിനെതിരാണെന്ന് ഇസ്‌ലാം മതത്തിലെ സലഫീ വിഭാഗം വാദിക്കുന്നു.
'ഭാരതമാതാകീ ജയ്' എന്ന് പറയുന്നതും ദേശീയഗാനം ആലപിക്കുന്നതും നിലവിളക്ക് കൊളുത്തുന്നതും Antisharia (ശരീഅത്ത് വിരുദ്ധം) ആണെന്ന് കേരളത്തിലെ തീവ്ര മുജാഹിദ് വിഭാഗവും അതിന്റെ മറ്റൊരു രൂപമായ സലഫികളും വാദിക്കുന്നു. 'ഹിന്ദുസ്ഥാന്‍ സബ് സേ ബഡേ സാരെ ജഹാന്‍സേ' എഴുതിയ വിഖ്യാത ഉറുദു കവി ഒടുവില്‍ പ്രത്യേക മുസ്‌ലിം രാജ്യത്തിന്റെ വക്താവായി മാറി. മുഹമ്മദ് അലി ജിന്നയുടെ ബുദ്ധി ഉപദേഷ്ടാക്കളില്‍ ഒരാള്‍ ഇഖ്ബാല്‍ ആയിരുന്നു. ഇസ്‌ലാമില്‍ അതിന്റെ തുടക്കം തൊട്ടുതന്നെ സെക്ടേറിയനിസത്തില്‍ ചോരപ്പാടുകള്‍ ഉണ്ടായിരുന്നു. അതിന്നും ലോകമെമ്പാടും തുടരുന്നു. ഇന്ത്യ പോലുള്ള ഒരു ഡമോക്രാറ്റിക് സെക്കുലറിസ്റ്റ് രാജ്യത്ത് മുസ്‌ലിം തത്ത്വശാസ്ത്രത്തിനു വിജയം നേടാന്‍ ആദ്യം അത് ഓറലായി പ്രചരിപ്പിക്കുക, മാറാന്‍ മടിച്ചുനില്‍ക്കുന്നവരെ ഏതറ്റം വരെ പോയാലും ഇസ്‌ലാമിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഷരീയാ നിയമമാണെന്നു വാദിക്കുന്ന തീവ്ര വിഭാഗം ഇന്ത്യന്‍ മുസ്‌ലിം ജനജീവിതത്തെ ശാന്തതയില്‍നിന്ന് നരകത്തിന്റെ അടിത്തട്ടിലേക്ക് എറിയുകയാണ് ചെയ്യുന്നത്.

വഴിത്തിരിവ് ഷാബാനു ബീഗം കേസ്
കല്യാണം കഴിക്കുക (പെണ്ണ് കെട്ടുക) ഏതാനും മാസങ്ങള്‍ കഴിഞ്ഞ്, അല്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് പെണ്‍കുട്ടിയെ മൊഴിചൊല്ലുക (Divorce) എന്നത് ഇസ്‌ലാമില്‍ പുരുഷവിഭാഗത്തിന് ദൈവം നല്‍കിയ അനുഗ്രഹമാണെന്നു വാദിക്കുന്ന ധാരാളം പണ്ഡിതന്മാര്‍ ഇന്ന് ഇന്ത്യയിലും പാകിസ്താനിലുമുണ്ട്. കെട്ടിയ പെണ്ണിനെ ഒഴിവാക്കുന്നതിനു തക്കതായ കാരണം വേണം എന്നു വാദിക്കുന്ന പണ്ഡിതവിഭാഗവും ഉണ്ട്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജീവിച്ച ഷാബാനു ബീഗം എന്ന മധ്യവയസ്‌കയെ ഭര്‍ത്താവ് അകാരണമായി മൊഴി ചൊല്ലി. 1978ല്‍ നടന്ന ഈ സംഭവം അനേകം വര്‍ഷങ്ങളോളം ചര്‍ച്ച ചെയ്യാന്‍ കാരണം, ഈ തലാഖിലുള്ള മനുഷ്യത്വഹീനതയാണ്. മുഹമ്മദ് അഹമ്മദ്ഖാന്‍ എന്ന തന്റെ ഭര്‍ത്താവുമൊത്ത് 43 വര്‍ഷം ജീവിച്ചു. അവര്‍ക്ക് 5 കുട്ടികളും ഉണ്ടായിരുന്നു. 58കാരിയായ ഷാബാനു ബീഗത്തെ മനസ്സില്‍നിന്ന് പറിച്ചെറിഞ്ഞ് ഒരു ചെറുപ്പക്കാരിയെ കല്യാണം കഴിക്കാന്‍ അഹമ്മദ്ഖാന്‍ തീരുമാനിച്ചു. വീടും സ്ഥലവും മുഴുവന്‍ അഹമ്മദ്ഖാന്റെ പേരിലായിരുന്നു. മുത്തലാഖ് ചൊല്ലി ഷാബാനു ബീഗത്തെ ഉപേക്ഷിക്കുമ്പോള്‍ ഒരു നയാപൈസപോലും ഭര്‍ത്താവ് നല്‍കിയില്ല. 'ജീവനാംശം' ഇസ്‌ലാമിക ശരീഅത്തില്‍ ഇല്ല. ഈ സ്ത്രീയുടെ ജീവിതത്തില്‍ ഉണ്ടായ ദുരന്തം കണ്ട അയല്‍ക്കാരും ബന്ധുക്കളും കീഴ്‌കോടതിയെ സമീപിച്ചു. കീഴ്‌കോടതി അഹമ്മദ്ഖാന്‍ തന്റെ മുന്‍ഭാര്യയ്ക്ക് ജീവനാംശം കൊടുക്കണം എന്നു വിധിച്ചു. മധ്യപ്രദേശിലെ സുന്നിവിഭാഗം പണ്ഡിതന്മാര്‍ കോപം കൊണ്ട് വിറച്ചു. അവര്‍ പ്രഖ്യാപിച്ചത് തലാഖിനു ശേഷം (After Divorce) ഒഴിവാക്കിയ ഭാര്യയുടെ സംരക്ഷണം ഏറ്റെടുക്കുന്ന രീതി ഇസ്‌ലാമിക് ശരീഅത്തില്‍ ഇല്ല എന്നാണ്. 'ദൈവത്തില്‍നിന്ന് വന്ന നിയമങ്ങളെ ഭൂമിയിലുള്ള മനുഷ്യര്‍ക്ക് തിരുത്താന്‍ അധികാരമില്ല' എന്ന് പണ്ഡിതവിഭാഗം വിശ്വസിക്കുന്നു. കേസ് പതുക്കെ ഹൈക്കോടതിയില്‍ എത്തി. അവിടെ ഷാബാനു എന്ന ഒറ്റപ്പെട്ടുപോയ സ്ത്രീക്ക് അനുകൂലമായ വിധിയുണ്ടായി. വീണ്ടും നോര്‍ത്തിന്ത്യന്‍ സുന്നി പണ്ഡിതന്മാര്‍ ഹൈക്കോടതി വിധിക്കെതിരെ രംഗത്തുവന്നു.
ഷാബാനുവും അവരെ പിന്തുണച്ച മനുഷ്യസ്‌നേഹികളും ഈ കേസ് സുപ്രീംകോടതിയില്‍ എത്തിച്ചു. ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കിയ വിധി വീണ്ടും ഷാബാനു ബീഗത്തിന് അനുകൂലമായി വന്നപ്പോള്‍ പണ്ഡിതവിഭാഗം രോഷം കൊണ്ട് വിറച്ചു. 'ഷാബാനുവിന്റെ സംരക്ഷണച്ചുതമല ആദ്യ ഭര്‍ത്താവ് ഏറ്റെടുക്കണം, അല്ലെങ്കില്‍ ജീവനാംശം കൊടുക്കണം എന്നതു തന്നെ സുപ്രീംകോടതിയും പറഞ്ഞപ്പോള്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇസ്‌ലാമിക് ശരീഅത്ത് പ്രൊട്ടക്ഷന്‍ ആവശ്യമാണ് എന്നു പറഞ്ഞ് പണ്ഡിതവിഭാഗം പ്രത്യേക സംഘടനകള്‍ ഉണ്ടാക്കി. കേരളത്തിലെ സുന്നിവിഭാഗം മാത്രമല്ല, മറ്റെല്ലാ വിഭാഗം പണ്ഡിതന്മാരും മുസ്‌ലിം സംഘടനയിലെ വ്യത്യസ്ത വീക്ഷണമുള്ളവരും സുപ്രീംകോടതി വിധിക്കെതിരെ രംഗത്തുവന്നു.

രാജീവ് ഗാന്ധിയും ഇ.എം.എസ്സും
ഷാബാനു ബീഗത്തിന് ജീവനാംശം കൊടുക്കണം എന്ന സുപ്രീംകോടതി വിധി വന്നപ്പോള്‍ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ആഹ്ലാദതിമര്‍പ്പോടെ അതിനെ സ്വാഗതം ചെയ്തു. സോഷ്യലിസ്റ്റ് ബുദ്ധിജീവി മധുലിമായെ ഇതിനെ അനുകൂലിച്ച് 'The Sunday' എന്ന ഇംഗ്ലീഷ് വാരികയില്‍ ലേഖനമെഴുതി. കേരളത്തില്‍ ഇ.എം.എസ് ഇസ്‌ലാമിക് ശരീഅത്ത് നിയമത്തിലെ അശാസ്ത്രീയമായ കാര്യങ്ങള്‍ നീക്കം ചെയ്യണം എന്ന് ഉറക്കെ വിളിച്ചുപറഞ്ഞപ്പോള്‍ കേരളത്തിലെ സുന്നിവിഭാഗങ്ങളും മുജാഹിദും ജമാഅത്ത് ഇസ്‌ലാമിയും ഇ.എം.എസ്സിന്റെ സ്‌റ്റെയ്റ്റ്‌മെന്റിനെതിരെ രംഗത്തുവന്നു. സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ കൂടെ അധികാരം പങ്കിട്ട അഖിലേന്ത്യാ ലീഗ് മുന്നണിവിട്ട് സി.എച്ച്. മുഹമ്മദ് കോയാ ലീഗുമായി ചേര്‍ന്ന് യു.ഡി.എഫിന്റെ ഭാഗമായി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഈ കാര്യത്തില്‍ മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തത്.
ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള മുസ്‌ലിം പണ്ഡിതന്മാര്‍ സുപ്രീംകോടതി വിധി മരവിപ്പിക്കാന്‍ പാര്‍ലമെന്റില്‍ പുതിയ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടു. മുസ്‌ലിം വോട്ട് ബാങ്കില്‍ കണ്ണുനട്ട് രാജീവ് ഗാന്ധി തന്റെ ബ്രൂട്ട് മെജോറിറ്റി ഉപയോഗപ്പെടുത്തി സുപ്രീംകോടതിയുടെ ഈ വിധിയെ മരവിപ്പിച്ചു. രാജീവിന്റെ ഈ നടപടിയെ Quite Irresponsible എന്നു പറഞ്ഞ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച ആരിഫ്ഖാന്‍ ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അദ്ദേഹം കോഴിക്കോട് എത്തിയത് രാജീവ് ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയതിനുശേഷമാണ്. ഇ.എം.എസ്, അരങ്ങില്‍ ശ്രീധരന്‍, ഇ.കെ. ഇമ്പിച്ചിബാവ ഉള്‍പ്പടെയുള്ള നേതാക്കള്‍ അദ്ദേഹത്തിന്റെ രാജിയെ സ്വാഗതം ചെയ്തു. 'ഇന്ത്യന്‍ മുസ്‌ലിം നവോത്ഥാനത്തിന്റെ ആധുനിക കാലത്തെ രക്ഷകന്‍' എന്ന് ആ കാലഘട്ടത്തില്‍ ഇടതുപക്ഷ മാധ്യമങ്ങള്‍ ആരിഫ്ഖാനെ വിളിച്ചിരുന്നു. പിന്നീട് അദ്ദേഹം പാര്‍ട്ടികള്‍ പലതും മാറി ഒടുവില്‍ ബി.ജെ.പിയിലെത്തി.
ഇന്ന് ബി.ജെ.പി ഒരു രാഷ്ട്രീയ ആയുധമായി ഏകീകൃത സിവില്‍കോഡിനെ ഉപയോഗിക്കുമ്പോള്‍ കേരളത്തിലെ സി.പി.എം ഓര്‍ക്കേണ്ടത് ഏകീകൃത സിവില്‍കോഡ് വഴി മാത്രമേ ഇന്ത്യയിലെ മുസ്‌ലിം ശരീഅത്തിനെ നവീകരിക്കാന്‍ കഴിയൂ എന്ന് വാദിച്ച കേരളത്തിലെ ഇന്നത്തെ ഗവര്‍ണര്‍ ആരിഫ്ഖാന്റെ നിലപാട് ശരിയാണെന്ന് അടിവരയിട്ട ഇ.എം.എസ് എന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവിനെയാണ്. ഇ.എം.എസ് ഏകീകൃത സിവില്‍കോഡിന്റെ ആവശ്യകത പറയാന്‍ തുടങ്ങിയത് ഷാബാനു ബീഗത്തിന്റെ ദുരന്തജീവിതവും. അനുകൂലമായ കോടതിവിധികളും പഠിച്ചതിനുശേഷമാണ് ഇസ്‌ലാമിക ശരീഅത്തിന്റെ പോരായ്മ ഒരു സ്ത്രീയെ തലാക്ക് ചൊല്ലുമ്പോള്‍ 'മതാഹ്' കൊടുത്താല്‍ മതി എന്നുള്ളതാണ്. 'മതാഹ്' പുരുഷന്‍ തീരുമാനിക്കുന്ന തുകയാണ്. അത് എത്ര കുറവായാലും മൊഴിചൊല്ലിയ സ്ത്രീ അത് അംഗീകരിക്കണം.
ഈ പുരുഷഗര്‍ജ്ജനത്തെയാണ് സുപ്രീംകോടതി എതിര്‍ത്തത്. ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചാല്‍ ജീവനാംശം നല്‍കണം എന്ന സാമാന്യ മര്യാദയെ എന്തിന് ഇന്ത്യയിലെ വലിയൊരു വിഭാഗം ഇസ്‌ലാമിക പണ്ഡിതന്മാര്‍ എതിര്‍ക്കുന്നു എന്ന് ഇ.എം.എസ്സും സോഷ്യലിസ്റ്റ് ചിന്തകന്‍ മധുലിമായെയും ചോദിച്ചിരുന്നു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതവിഭാഗത്തെ സപ്പോര്‍ട്ട് ചെയ്തതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച ആരിഫ്ഖാനെ കോഴിക്കോട് കടപ്പുറത്ത് സ്വീകരിക്കാനുള്ള ആത്മധൈര്യം കാണിച്ച സി.പി.എം എന്ന ഇടതുപക്ഷ പ്രസ്ഥാനം ഇന്ന് മുസ്‌ലിം വോട്ടില്‍ കണ്ണുവെച്ച് നടത്തുന്നത് അസംബന്ധ നാടകമാണ്.
ഈ ലേഖനം കൂടി വായിക്കൂ
അയ്യന്‍കാളിയിലും അംബേദ്കറിലും കണ്ട അതേ അഗ്‌നിയാണ് ഗദ്ദറിലും ആളിയത്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ