അയ്യന്‍കാളിയിലും അംബേദ്കറിലും കണ്ട അതേ അഗ്‌നിയാണ് ഗദ്ദറിലും ആളിയത്
By മധുസൂദന്‍ വി. | Published: 22nd August 2023 02:07 PM |
Last Updated: 06th September 2023 10:04 AM | A+A A- |

സുഖകരവും സുന്ദരവും സുരക്ഷിതവുമായൊരു ജീവിതത്തെ മൊഴിചൊല്ലി ദുരിതം കടഞ്ഞെടുത്ത പടപ്പാട്ടുകളുമായി നാടോടി നടന്നു തണല്‍ തീര്‍ത്ത ഒറ്റമരമായിരുന്നു ഗദ്ദര്‍. ഇനിയില്ല അങ്ങനെയൊരാള്‍, മുന്നിലുള്ള ലക്ഷങ്ങളെ ഒന്നാകെ തന്റെ പാട്ടുകള്‍ക്കൊപ്പം പുതുബോധത്തിലേക്കു ചുവടുവെയ്പിച്ച ഗദ്ദര്‍ സ്വയം ഒരു ബ്രാന്റായിരുന്നു, ഭ്രാന്തമായ ആവേശത്തിലേക്കു തനിക്കു ചുറ്റുമുള്ളവരെ കൊട്ടിക്കയറ്റിയ, കലയും കലഹവും കലാപവും ജീവിതം തന്നെയാക്കിയ സമാനതകളില്ലാത്തൊരാള്‍. അനീതിയോട് സന്ധിയില്ലാസമരം നയിച്ചൊരാള്‍. സംഗീതത്തെ സാമൂഹികനീതിയുടെ കൊടിയടയാളമാക്കിയ ഒരാളാണ് കടന്നുപോയത്.
വിപ്ലവങ്ങളുടെ അനിവാര്യതയെ വാഴ്ത്തുന്ന, മാറ്റത്തിനു മണ്ണൊരുക്കും വേളയിലെ അനിവാര്യമായ അടിവളമാണ് ബോധം വാറ്റിയെടുത്ത വീര്യം നുരയുന്ന വിപ്ലവഗാനങ്ങള്‍, നാടന്‍പാട്ടുകള്‍, ഗാനങ്ങള്‍, കവിതകളും. സംഗീതത്തിന്റെ അനന്തമായ സാധ്യതകളിലൊന്നാണ് കാലദേശരാഷ്ട്രീയജാതിമത ബോധങ്ങള്‍ക്കതീതമായി മനുഷ്യമനസ്സുകളെ ആര്‍ദ്രമാക്കുവാനുള്ള അതിന്റെ കരുത്ത്. അത് ആയുധമാക്കുന്നവരാണ് കലാകാരന്മാര്‍, കല കലഹമായി തുടികൊട്ടുമ്പോള്‍ എങ്ങും ആടിയുലഞ്ഞ് തകര്‍ന്നുവീണതു മാത്രമാണ് സ്വേച്ഛാധിപത്യങ്ങളുടെ ചരിത്രം. കവികളെ, സംഗീതത്തെ, ഗായകരേയും സ്വേച്ഛാധിപതികള്‍ ഭയന്നത് ഒരു അണുവിസ്‌ഫോടനമില്ലാതെ തന്നെ അതിനു ലോകത്തെ പിടിച്ചുലയ്ക്കാനുള്ള കരുത്തു കാരണമാണ്.
പാട്ടും കവിതയും പകരുന്ന ഒരു ഊര്‍ജ്ജമുണ്ട്, അതിജീവനത്തിന്റേയും പോരാട്ടത്തിന്റേയും ഊര്‍ജ്ജം. നാടന്‍പാട്ടുകളിലൂടെ, നാട്ടിപ്പാട്ടിലൂടെ മങ്കമാര്‍ അങ്കം വെട്ടിയത് വെയിലിനോടും വെള്ളത്തോടും ചളിയോടുമാണ്, ജീവിതത്തോടും. ഫ്രാന്‍സിലും റഷ്യയിലും തോക്കുമാത്രമല്ല, പാട്ടു കൂടിയാണ് പടവെട്ടിയത്. 500ലേറെ സന്നദ്ധഭടന്മാരെ ഏകമനസ്സോടെ ചേര്‍ത്തുനിര്‍ത്തി പാരീസിലേക്കു മാര്‍ച്ചു ചെയ്യിച്ച ഗാനമായിരുന്നു 'ലാ മാര്‍സെയിലേ.' പിന്നീടാണ് അതു ഫ്രാന്‍സിന്റെ ദേശീയഗാനമായത്. ലോകത്തിനു പിന്നീട്, ലിബര്‍ട്ടിയും ഇക്വാലിറ്റിയും ഫ്രറ്റേണിറ്റിയും പകര്‍ന്ന ഫ്രെഞ്ചു വിപ്ലവബോധത്തെ ജ്വലിപ്പിച്ചുനിര്‍ത്തിയ, ആളിപ്പടര്‍ത്തിയ ആ ഗാനത്തെ ലോകത്തെ ഏറ്റവും മികച്ച ദേശീയഗാനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. 'ദി ഇന്റര്‍നാഷണല്‍' റഷ്യയുടെ പടപ്പാട്ടായിരുന്നു.
വിയോജിപ്പുകളെ അലിയിച്ചില്ലാതാക്കാനുള്ള സംഗീതത്തിന്റെ ശേഷിയെയാണ് വിപ്ലവ പ്രസ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തിയത്. അവിടെ ആ പാട്ടിന്റെ തന്നെ പ്രതിരൂപമായവര്‍, ഗദ്ദര്‍ തുടികൊട്ടി പാടുമ്പോള്‍, അതു സൃഷ്ടിച്ചെടുക്കുന്നത് അനീതിക്ക് എതിരെയുള്ള ഒരു പൊതുബോധമാണ്, സാമൂഹികനീതിക്കായുള്ള കൂടിച്ചേരലാണ്. ഗദ്ദറിന്റെ താളം അവതാളത്തിലാക്കിയത് ജനതയെ ഭിന്നിപ്പിച്ചു ഭരിക്കുന്നവരുടെ തന്ത്രങ്ങളെയാണ്. ഗദ്ദറിന്റെ താളം തുയിലുണര്‍ത്തിയത് സാമൂഹികനീതിക്കായുള്ള ബോധത്തെയാണ്. തനതായ രൂപഭാവഹാവാദികളിലൂടെ, അചഞ്ചലമായ നിലപാടുകളിലൂടെ സ്വയം ഒരു മിത്തായി വളര്‍ന്ന് ഒരു സമൂഹത്തെ അതിന്റെ പാട്ടിനും കൊട്ടിനും ചുറ്റിലുമായി സദാ ജാഗരൂകരായി വിന്യസിച്ചുനിര്‍ത്താനുള്ള അസാധാരണമായ ആ നാടോടിഗായകന്റെ കഴിവിനെയാണ് ഭരണകൂടങ്ങള്‍ ഭയന്നത്.

ഗുമ്മാഡിയില്‍നിന്നും ഗദ്ദറിലേക്ക്
ഗുമ്മാഡി വിട്ടല്‍ റാവുവില്‍നിന്നും ഗദ്ദറിലേക്ക് അയാള്‍ നടന്നുതീര്‍ത്ത വഴികള്‍ പോരാട്ടത്തിന്റേതു മാത്രമായിരുന്നു. അതില്‍ ആദ്യത്തേത് ഇന്ത്യയില്‍ ഒരു ദളിത് കുടുംബത്തില്‍ ജനിക്കുക എന്നതുതന്നെയാണ്. ജീവിതം തന്നെ സാമൂഹ്യനീതിക്കായുള്ള പോരാട്ടമാക്കിയ അയ്യന്‍കാളിയിലും അംബേദ്കറിലും നമ്മള്‍ കണ്ട അതേ അഗ്‌നിയാണ് ഗദ്ദറിലും ആളിയത്.
1949ല്‍ ഒരു ദളിത് കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ ജീവിതപ്രയാസങ്ങള്‍ ജ്വലിപ്പിച്ചെടുത്തത് സാമൂഹിക പ്രവര്‍ത്തനങ്ങളോടുള്ള അഭിനിവേശത്തെയായിരുന്നു. സമത്വത്തിനും നീതിക്കും വേണ്ടി വാദിക്കുന്ന ഒരു ഗായകനെന്ന നിലയില്‍ അദ്ദേഹം അറിയപ്പെട്ടു. അടിമത്തത്തില്‍നിന്നുള്ള മോചനവും സാമൂഹികനീതിയും സമത്വവും ജനാധിപത്യവും ലക്ഷ്യമാക്കിയുള്ള ഗദര്‍ പാര്‍ട്ടിയുടെ പേരില്‍നിന്നുമാണ് ഗുമ്മാഡി വിട്ടല്‍ റാവു ഗദ്ദറായി ഗാനസ്‌നാനം ചെയ്യുന്നത്. ഗദ്ദര്‍ എന്ന പേര് സ്വീകരിച്ചുകൊണ്ടാണ് തന്റെ വ്യക്തിത്വത്തെ അടയാളപ്പെടുത്തിയ സാമൂഹികനീതിക്കായുള്ള പോരാട്ടങ്ങളുമായി അദ്ദേഹം സ്വയം ബന്ധിപ്പിച്ചത്.
സഹനസമരങ്ങളുടേയും സമരവിജയങ്ങളുടേയും താളൈക്യമായിരുന്നു ഒരര്‍ത്ഥത്തില്‍ നീതിക്കായുള്ള പോരാട്ടത്തിന്റെ മുഖമായ ഗദ്ദറിന്റെ ജീവിതം. ആരോഗ്യപ്രശ്‌നങ്ങള്‍ ആ ജീവിതത്തിനു വിരാമമിട്ടെങ്കിലും ഗദ്ദര്‍ അവശേഷിപ്പിച്ചുപോവുന്ന മണ്ണിന്റെ മണമുള്ള ഈണങ്ങളും ഗാനങ്ങളും തുടരാന്‍ ഏറെപേര്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്ത ആ ശൈലിയും തലമുറകള്‍ക്കു പ്രചോദനമായി തുടരും. അയ്യന്‍കാളിയേയും അംബേദ്കറേയും പെരിയാറേയുംപോലെ ഒരു വഴിവിളക്കായി ഗദ്ദര്‍ പ്രകാശിക്കും.
ഗദ്ദറിന്റെ കവിതകള്‍ ഇംഗ്ലീഷിലേക്കു മൊഴിമാറ്റിയ വസന്ത് കണ്ണാഭിരാമന്‍ ഹിന്ദുവിനു നല്‍കിയ ഒരഭിമുഖത്തില്‍ പറയുന്നത് രാഷ്ട്രീയത്തെ ലളിതസുഭഗമായി കവിതകളിലേക്ക് വിവര്‍ത്തനം ചെയ്യുന്ന അദ്ദേഹത്തിന്റെ അനായാസതയാണ് തന്നെ ആകര്‍ഷിച്ചതെന്നാണ്.
'എ സ്ലേവ് ലൈഫ്' എന്ന അദ്ദേഹത്തിന്റെ കവിത 'ഒരു അടിമ ജീവിതം' ആയി മലയാളത്തിലേക്കു മൊഴിമാറ്റാനുള്ള ഒരു ശ്രമമാണ് താഴെ. വസന്ത് കണ്ണാഭിരാമന്‍ പറയുന്നതുപോലെ ഗദ്ദര്‍ വിവര്‍ത്തനം എളുപ്പമല്ല. താന്‍ അതുവരെ ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടിയതും വെല്ലുവിളികള്‍ നിറഞ്ഞതുമായ ഒന്നായാണ് അവര്‍ അതിനെ കണ്ടത്. കാരണം എഴുതിയ വരികളില്‍ ഒതുങ്ങുന്ന ഒന്നായിരുന്നില്ല ഗദ്ദറിന്റെ കവിതകള്‍. വാക്കുകള്‍, സ്വരങ്ങള്‍, താളങ്ങള്‍, മൊഴികള്‍ക്കിടയിലെ മൗനം, വരികള്‍ക്കിടയിലെ ഇടവേളകള്‍, ഗാനധാരയിലെ മാറിമറിയുന്ന മൃദുവായ പ്രവാഹവും കുത്തിയൊഴുക്കും ഗര്‍ജ്ജനങ്ങള്‍, എന്തിന്, ഒരു ഞരക്കംപോലും അനുവാചകരെ സ്വാധീനിക്കുന്ന ഗാനങ്ങളുടെ മൊഴിമാറ്റം അത്രയെളുപ്പമാവില്ല. അതാവണമെങ്കില്‍, അദ്ദേഹത്തിന്റെ ശബ്ദം വിവര്‍ത്തകരുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കണം. ഞാനിവിടെ നടത്തുന്നത് മൊഴിമാറ്റത്തിന്റെ മൊഴിമാറ്റമാണ്.
ഗദ്ദറിന്റെ ഗാനരചനയും ആലാപനവും ശ്വസനംപോലെ അറിയാതെ, അനായാസേന സംഭവിക്കുന്ന ഒന്നാണ്; പാടുമ്പോള്‍ പരിഷ്‌കരിക്കപ്പെടുന്നതുമാണ് അദ്ദേഹത്തിനു കവിതകള്‍. അദ്ദേഹം തന്നെ ഓര്‍മ്മിക്കാത്ത ആയിരക്കണക്കിനു പാട്ടുകള്‍ ശ്രോതാക്കളുടെ ഹൃദയത്തില്‍ ഉണ്ടാവാം എന്നാണ് വാസന്ത് നിരീക്ഷിക്കുന്നത്. തമിഴ്‌നാട്ടില്‍ നടന്ന ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങളിലെ പ്രതിഷേധമാണ് ഒരു അടിമ ജീവിതം എന്ന കവിത.

ജീവിതം പാട്ടുതന്നെയായപ്പോള്‍
റഷ്യ ഗോര്‍ക്കിയെ സൃഷ്ടിച്ചതുപോലെ ചൈന ലൂ ഷൂനെ (Lu Xun) സൃഷ്ടിച്ചതുപോലെ ഇന്ത്യ ഗദ്ദറെ സൃഷ്ടിച്ചു എന്നാണ് മൈ ലൈഫ് ഈസ് എ സോങ് എന്ന വിപ്ലവഗാനങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തന സമാഹാരത്തിന് എഴുതിയ ആമുഖത്തില്‍ കാഞ്ച ഐലയ്യ എഴുതിയത്.
തെലുങ്കില്‍ ഗുഡുംബ എന്നാല്‍ അനധികൃത മദ്യമാണ്. കവിയും ഗായകനും വിപ്ലവകാരിയുമായി ഗദ്ദര്‍ സാധാരണക്കാര്‍ അതെങ്ങനെ ആസ്വദിക്കുന്നു എന്നു കാണുന്നത് കേവലമൊരു സദാചാരക്കണ്ണിലൂടെയല്ല. സാധാരണക്കാരില്‍ ഒരാശ്വാസമായി നിറയുന്ന ലഹരിയുടെ പാനീയത്തെ അദ്ദേഹം പാട്ടിലേക്ക് ആവാഹിക്കുന്നതു നോക്കൂ.
നീയെന്റെ കൂട്ടരെ കണ്ടുമുട്ടിയത് ഇന്നലെ
മാത്രമാണ്.
അവരുടെ രഹസ്യങ്ങളൊക്കെയും
നീയറിഞ്ഞു വരുന്നുണ്ടാവും
ഇല്ല പെണ്ണേ എനിക്കു നിന്നെ വേണ്ട
അമ്മേ, എനിക്കു നിന്നെ വേണ്ട
ഗുഡുംബാ പെണ്ണേ, എനിക്കു നിന്നെ
വേണ്ട,
ഞാന്‍ രക്തമാണു കുടിക്കുക,
എന്റ രക്തം കുടിക്കുന്നവരുടെ.
ഒരു നഗരത്തില്‍ ഒരു പട്ടികജാതിക്കാരന്‍ കാറില്‍ പോവുന്നതു കണ്ട് അവര്‍ നന്നായെന്നു വിശ്വസിച്ചു സ്വയം വഞ്ചിതരാവുന്ന സമൂഹത്തോട് ഗദ്ദര്‍ പറയുന്നുണ്ട്, ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും യഥേഷ്ടം കാണാവുന്ന അടിമകളെപ്പറ്റി. ഗ്രാമം വൃത്തിയാക്കാന്‍ ചുറ്റിനടന്ന് ഗ്രാമത്തിനു പുറത്തു താമസിക്കാന്‍ വിധിക്കപ്പെട്ട, ഗ്രാമം ഉറങ്ങുമ്പോള്‍ മാത്രം അകത്തു കടക്കാന്‍ കഴിയുന്ന അധഃകൃതരുടെ ഇന്ത്യയിലാണ് താന്‍ ജനിച്ചത്, ജീവിച്ചത് ആ ജീവിതമാണെന്നും അദ്ദേഹം പറയുന്നുണ്ട്. അടിമ അക്ഷരം പഠിപ്പിക്കുമ്പോള്‍ കലാപം ആരംഭിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഗദ്ദറിന്റെ മാതാപിതാക്കള്‍ അംബേദ്കറുമായി സംസാരിക്കാറുണ്ടായിരുന്നു എന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. ഫൂലെയെക്കുറിച്ച് ഒരു മറാത്തി ഗാനത്തിന്റെ മനോഹരമായ വിവര്‍ത്തനം തന്റെ അമ്മ പാടിയത് ഗദ്ദര്‍ ഓര്‍ക്കുന്നതു നോക്കൂ:
ഒരു മുല്ല വളര്‍ന്നിതങ്ങൊരു
ചാണകക്കൂനയില്‍
മണമുള്ള പൂക്കള്‍ വിരിഞ്ഞതില്‍ നിറയെ
ഒരു പുഷ്പമതിന്‍ സുഗന്ധമെങ്ങും പരത്തി
ഗ്രാമത്തെയാകെയും ഉണര്‍ത്തിയതു
നടത്തി
ഗ്രാമമാകെയും പതിയെ ചാണകക്കൂനയി
ലേക്ക് നടന്നു
എങ്ങും സുഗന്ധം പരത്തുന്ന പൂവിന്റെ
പേരതു ചോദിച്ചു
ആ പൂവായിരുന്നു സാവിത്രിഭായി
ആ സുഗന്ധമായിരുന്നു ജോതിബ ഫൂലെ!
ബുള്ളറ്റില്‍നിന്നും ബാലറ്റിലേക്ക്, പിന്നെ നിത്യതയിലേക്ക്
നിരന്തരം മാറുന്ന, പരിഷ്‌കരിക്കപ്പെടുന്ന വരികള്‍പോലെയായിരുന്നു ഗദ്ദറിന്റെ രാഷ്ട്രീയ ശരികളും. അതെന്നും സാമൂഹ്യനീതിക്കുവേണ്ടിയായിരുന്നു. ഒരുകാലത്ത് അണ്ടര്‍ഗ്രൗണ്ട് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാവോയിസത്തിന്റെ ഭാഗമായിരുന്ന ഗദ്ദര്‍ പിന്നീട് തന്റെ കയ്യിലെ വടിയിലെ ചുവപ്പ് റിബണിനൊപ്പം ഒരു നീല റിബണ്‍ ചേര്‍ക്കുന്നുണ്ട്. 2017ഓടെ ഒരു അംബേദ്കറൈറ്റ് ആയി സ്വയം അടയാളപ്പെടുത്തിയ ഗദ്ദര്‍ നീല റിബണിനെ ബാബാ സാഹേബ് അംബേദ്കറുടേയും ജ്യോതിറാവു ഫൂലെയുടേയും ചിന്തകളുടെ പ്രതീകമായാണ് മാവോയിസ്റ്റ് പ്രതീകമായ ചുവന്ന റിബണിനൊപ്പം ചേര്‍ക്കുന്നത്. നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് കാലത്തിന്റെ ആവശ്യമെന്ന തോന്നലാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനത്തിനു പിന്നിലെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
പേരില്ലാത്തവരുടേയും മുഖമില്ലാത്തവരുടേയും സങ്കടങ്ങള്‍ പാടിയും ആടിയുമാണ് അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വിപ്ലവ പാര്‍ട്ടികളിലൊന്നായ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ സാംസ്‌കാരിക മുഖമായി മാറിയത്. അവിടെനിന്നുമാണ് അദ്ദേഹം ആധുനിക ലോക സാമൂഹികക്രമത്തില്‍ ജനാധിപത്യത്തിന്റെ കരുത്ത് തിരിച്ചറിയുന്നതും പണ്ട് തന്നെ തേടിവന്ന ബുള്ളറ്റിന്റെ ഉടമകളോടുള്ള പകപോലും മാറ്റിനിര്‍ത്തി ബാലറ്റിനെ പുല്‍കിയതും. പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ഭയവും ഉല്‍ക്കണ്ഠയും വേവലാതികളും എന്നും നിഴലിച്ചത് അവരുടെ പാട്ടുകളിലും നൃത്തങ്ങളിലുമായിരുന്നു. അത്രമേല്‍ അതിന്റെ സാധ്യതകള്‍ സാമൂഹികനീതിക്കായുള്ള പോരാട്ടത്തിന് ആയുധമാക്കിയ ഗായകാ... പ്രണാമം. ഗദ്ദറിന്റെ അമ്മ പാടിയതുപോലെ സാവിത്രിഭായിയെപ്പോലെ ജ്യോതിബ ഫൂലെയെപ്പോലെ പൂവും സുഗന്ധവുമായി ഗദ്ദറിന്റെ ഓര്‍മ്മകള്‍ എന്നുമുണ്ടാവട്ടെ. ഗദ്ദര്‍ സ്വപ്നംകണ്ട സാമൂഹികനീതിയുടെ സുഗന്ധപൂരിതമായ പുതിയൊരു ലോകം വിരിയട്ടെ, നമ്മള്‍ ഉണരട്ടെ, മാലണ്ണനും മാഡിഗണ്ണനും നിവര്‍ന്നുനടക്കുന്ന ജനാധിപത്യം പുലരട്ടെ.
ഒരു അടിമജീവിതം
ഞാന്‍ നിന്റെ അടിമയാണ്, നിന്റെയടിമ
പ്രഭോ, ഞാന്‍ നിന്റെ അടിമയാണ്.
കാലമെത്ര നീയിങ്ങിനെ കഴിയുമെന്റെ മാലണ്ണാ?
എന്തുകൊണ്ട് തിരിച്ചടിക്കാതെ കഴിയുന്നെന്റെ മാഡിഗണ്ണാ?
അവന് ആരു നിന്‍ പെങ്ങള്‍, നിന്നമ്മയും?
വേശ്യ വെറും കുലടയും!
എന്തിനു ചൂളുന്നു നീ മാഡിഗണ്ണാ?
സിംഹത്തെപ്പോല്‍ നിവരൂ നീ മാലണ്ണാ!
വാനത്തെ പറവകളെന്നപോല്‍
പകല്‍വെളിച്ചത്തിവര്‍
നിന്നാളുകളെ നിറയൊഴിക്കുമ്പോള്‍
തിരിച്ചടിക്കുക, പൊട്ടിത്തെറിക്കുക,
അവരെ വിഴുങ്ങിയേക്കുക.
കരയുന്നെന്തിനു നീ മാലണ്ണാ?
വാള്‍പോലുയരുക, മാഡിഗണ്ണാ!
അവര്‍ നിന്‍ കുടികള്‍ വളയുമ്പോള്‍
വെടിയുണ്ടകള്‍ നിന്‍ മാറു തുളയ്ക്കുമ്പോള്‍
കുഞ്ഞുമക്കളെ, വയസ്സരെയും ചവുട്ടിമെതിക്കുമ്പോള്‍
നിര്‍ദ്ദയമവരെ വലിച്ചിഴക്കുമ്പോള്‍,
നിഷ്‌കരുണമവരെ വെട്ടിനുറുക്കുമ്പോള്‍
എന്തിനു നിലവിളി മാഡിഗണ്ണാ?
കുന്തം പോല്‍ നീ ഉയരുക, നിവരുക മാലണ്ണാ!
കള്ള വാഗ്ദാനങ്ങളുമായി
വോട്ടുതേടിയവന്‍ വരുന്നു.
നിന്റെ കല്ലുബെഞ്ചില്‍ ഇരുന്നവന്‍
നിന്നെ വിളിക്കും സ്‌നേഹത്തോടെ
ചേട്ടാ, അനിയാ, സഹോദരാ...
ഒരു ഗ്ലാസ് വെള്ളമവന്‍ ചോദിക്കുന്നു
കവിള്‍കൊണ്ടവനത് നോക്കുത്തുപ്പുന്നു
നിന്‍ വോട്ടുകള്‍ വാങ്ങിയവന്‍ ജയിച്ചൂ മാലണ്ണാ!
ഒഴിഞ്ഞ കൈകള്‍ കാട്ടി നിന്നെ ചതിച്ചൂ മാഡിഗണ്ണാ!
കണ്ടാലറക്കും മാലകളും മാഡിഗകളും
മുസ്ലീമായെന്നതു കേട്ടപ്പോള്‍,
ഞെട്ടി ശങ്കരാചാര്യര്‍ തമിഴകമണ്ണില്‍
ഞെളിപിരികൊണ്ടയാള്‍ കോപത്താലെ
ഹിന്ദുസമൂഹമൊന്നാകെയന്നങ്ങ്
മന്ത്രമുരുക്കഴിച്ചു 'വന്ദേമാതരം!'
നിനക്കൊരു അടിമയെ വളയ്ക്കാം
മുതുകില്‍ വലിയൊരു പാറവച്ചു വളക്കാം
നിങ്ങള്‍ക്കവനെ ഇടിച്ചിരുത്താം
അവന്റെ നടുവൊടിക്കാം, പക്ഷേ.
അവന്റെ ഹൃദയം കീഴടങ്ങുകയില്ല.
അവനൊരു പറ്റിയ നിമിഷത്തിനായി തിരയും
അവന്റെ നടുനിവര്‍ക്കാന്‍
മുതുകിലെ പാറയിറക്കാന്‍...
ഞാന്‍ നിന്റെ അടിമയാണ്, നിന്റയടിമ.
ഞാന്‍ നിന്റെ ഗുലാം, ദോര!
ഇനിയുമെത്രനാളിങ്ങനെ ജീവിക്കും മാഡിഗണ്ണാ?
എന്നു നീയിനി തിരിച്ചടിക്കും മാലണ്ണാ?
(പ്രധാനമായും ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള പട്ടികജാതി വിഭാഗങ്ങളാണ് മാലയും മാഡിഗയും. 'അണ്ണ' (ജ്യേഷ്ഠന്‍) എന്ന പ്രത്യയം ചേര്‍ത്തുകൊണ്ട് ഗദ്ദര്‍ ഈ പേരുകളെ ബഹുമതികളാക്കി മാറ്റുകയാണ് കവിതയില്‍).
Reference:
https://scroll.in/article/989814/why-do-you-shed-tears-malanna-rise-like-a-sword-madiganna-gaddars-anthems-for-the-revolution
https://www.theweek.in/review/books/2021/04/16/telugu-poet-singer-gaddar-songs-are-now-available-in-english.html
https://www.primepost.in/gaddar-is-a-life-force-says-vasanth/
https://theprint.in/politics/in-telangana-naxal-poet-gaddar-embraces-the-ballot-old-foes-to-fight-fundamentalists/157909/
ഈ ലേഖനം കൂടി വായിക്കൂ
പൂര്‍ണ്ണമായും മാറാനാവാതെ, നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവാതെ പ്രതിസന്ധിയിലകപ്പെട്ടവര്‍
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ