ആനമലനിരകളിലെ ത്രിമൂര്‍ത്തി ശൃംഗത്തില്‍നിന്നുത്ഭവിച്ച് അമരാവതിയായും ശോകനാശിനിയായുമൊക്കെ ഒഴുകി തിരുവില്വാമലയും തിരുവഞ്ചിക്കുഴിയും തിരുമിറ്റക്കോടും തൃത്താലയും തിരുനാവായയും ഉള്‍പ്പെടുന്ന പഞ്ചസ്ഥാനഘട്ടങ്ങളിലൂടെ ഒഴുകുന്ന മഹാനദി. മലയാളിയുടെ നിള. പുഴയതിന്റെ സഞ്ചാരപാതയില്‍ ഏറ്റവുമധികം ദൂരമൊഴുകിയ ദേശത്തിന്റെ പേരാണ് എം.ടി. ജലരാശിയില്‍നിന്നൊരു മഹാപ്രവാഹമായുള്ള അതിന്റെ കുതിപ്പില്‍ ജൈവസത്തയാറ്റിക്കുറുക്കിയ എക്കല്‍മണ്ണായിരുന്ന ആ ദേശത്തിനു കഥ. താന്നിക്കുന്നിന്റെ നെറുകയില്‍നിന്നുള്ള കാഴ്ചയില്‍ കൊടുംവേനലിലും വെളിപ്പെടുന്ന നിളയുടെ രജതരേഖപോലെ കഥ. തൂശനിലയില്‍ വിളമ്പിയ നറുനെയ് തൂകിയ ചുടുചോറുപോലെയത് വിശപ്പാറ്റി. വാഴക്കുടപ്പനിലെ തേന്‍പോലെ മധുരം പകര്‍ന്നു.
പിന്നെയൊഴുകിയത് കഥയാണ്. അക്ഷരം പതിഞ്ഞിടത്തൊക്കെയും ഒഴുകിയെത്തിയ കഥ. നിത്യസഞ്ചാരിയായ നിളയായത് പലതലമുറ വായനക്കാരെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചു. പുസ്തകം തുറന്നുവെച്ച് പാസ്പോര്‍ട്ടില്ലാത്ത, ടിക്കറ്റ് വേണ്ടാത്ത, കരയിലൂടെയും ജലത്തിലൂടെയും വായുവിലൂടെയുമല്ലാത്ത മായിക യാത്രകള്‍. വഴികാട്ടിയുടെ സഹായം വേണ്ടാത്ത കന്നിയാത്രയില്‍ താണ്ടിയ കാതങ്ങള്‍. മുന്നൂറില്‍പ്പരം നാഴികയകലെയുള്ള സിലോണിലേക്ക്, മങ്ങിയ ഇളംമഞ്ഞയും ചാരവും കറുപ്പിന്റെ രേഖകളും മാത്രം അവശേഷിപ്പിക്കുന്ന നിറങ്ങളായി ഓര്‍മ്മയില്‍ പതിയുന്ന മഹാനഗരങ്ങളിലേക്ക്, ഇജാത്തില്‍നിന്ന് അല്‍മോറയിലേക്ക് നീളുന്ന ഒറ്റയടിപ്പാതകളിലേക്ക്, നഗാരയുടെ ശബ്ദം മുഴങ്ങുന്ന കൊല്ലൂരിലേക്ക്, നൈനിറ്റാളിലെ മഞ്ഞുറഞ്ഞ തടാകക്കരയിലേക്ക്, ഗംഗയൊഴുകുന്ന വാരണാസിയിലേക്ക്...
ഉച്ചവെയിലൊടുങ്ങിയ നേരങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മായക്കുതിരയുടെ ഉടമസ്ഥനായ രാജകുമാരന്റെ കഥ പറഞ്ഞുകൊടുക്കുന്ന മുത്തശ്ശിമാരെ കണ്ടതും മനുഷ്യര്‍ക്കിടയിലെ ഹൃദയബന്ധത്തിന് മഞ്ഞുപോലെ ഉറയാനും തടാകംപോലെ നിറയാനുമുള്ള ശേഷിയുണ്ടെന്നറിഞ്ഞതും പറയാതെ പോയ വാക്കുകളുടെ തീരാവിലാപം കേട്ടതും ആ യാത്രകളിലാണ്. പലയാത്രകളിലും (ഒരു കഥയില്‍ എം.ടി. എഴുതിയതുപോലെ) ''വഴിവക്കില്‍ പണ്ടുകാണാത്ത ഭംഗികള്‍ പൂത്തുവിരിഞ്ഞു. പിന്നീടൊരിക്കലും കണ്ടെത്താത്ത കോരിത്തരിപ്പുകള്‍.''
56 അക്ഷരങ്ങളിലൂടെ ലോകയാത്ര സമ്മാനിക്കുകയായിരുന്നു എം.ടി. കഥയെന്നത് സൗന്ദര്യത്തിന്റെ ഭൂപടമാണെന്നറിഞ്ഞത് അങ്ങനെയായിരുന്നു. കഥകളുടെ വന്‍കരയിലേക്ക് തുഴവള്ളമിറക്കിയൊരു യാത്ര. ആ യാത്രയില്‍ എം.ടി. ഒരേസമയം അറിയാത്ത അത്ഭുതങ്ങളുടെ മഹാസമുദ്രവും അത്രയടുത്തറിയുന്ന നിളയുമായി മാറി.
ബാലാരിഷ്ടതകളിലുഴറിയ കാലങ്ങളിലാണ് എം.ടിയുടെ അപ്പുണ്ണി വളരും, വളര്‍ന്നുവലുതാകും എന്നുപറഞ്ഞ് സമാശ്വസിപ്പിച്ചത്. പനിക്കുളിരിലും ചെറിയ പിഴവുകള്‍ക്കു സമ്പാദിച്ച വലിയ ശകാരങ്ങളിലും ഭീകരരൂപികളായ കൊല്ലപ്പരീക്ഷകളുടെ മാരകപ്രഹരങ്ങളിലും എം.ടിയെ വായിച്ച് വേദന മായ്ചവരെത്ര. ജീവിതസാരമറിയാനുള്ള ലളിതലിപിയായിരുന്നു ആ കഥകളൊക്കെയും. മരണം, പ്രണയം, അസ്തിത്വം... എല്ലാ സമസ്യകള്‍ക്കുമുള്ള ഔഷധലിപി. അനുവദിക്കപ്പെട്ട ദൂരങ്ങള്‍ക്കപ്പുറം ഭാവനയുടെ അതിരില്ലാ ഭൂമികകളിലേക്ക് രസമറിഞ്ഞു സഞ്ചരിക്കാനുള്ള പ്രേരണകള്‍.
വെയിലാറുന്ന വൈകുന്നേരങ്ങളുടേയും നിലവിളക്കിന്റെ ഇളംതിരിവെളിച്ചം നിറഞ്ഞ ത്രിസന്ധ്യകളുടേയും കുപ്പിവിളക്ക് നക്ഷത്രമായി മാറുന്ന ഇരുള്‍ രാത്രികളുടേയും നിറങ്ങള്‍ കാട്ടിത്തന്നതും എം.ടിയുടെ കഥകളാണ്. ഒറ്റവിളക്കിന്റെ പ്രകാശം നിറഞ്ഞ അങ്ങാടിയിലൂടെ ഒറ്റയ്ക്ക് നടക്കാനിറങ്ങുന്നതിന്റെ രസമറിയിച്ച കഥകള്‍. 'അന്തിവെളിച്ച'ത്തില്‍ പഴയ കാമുകിയുടെ പ്രേമലേഖനങ്ങളെടുത്തു വായിക്കുന്നൊരാളുണ്ട്. അവളുടെ തീ ചിതറുന്ന കണ്ണുകളോര്‍ക്കുമ്പോള്‍ അയാളിലേക്ക് പഴയ താന്‍ തിരികെവരുന്നു. ഗതകാലത്തില്‍നിന്നു വര്‍ത്തമാനത്തിലേക്കുള്ള അയാളുടെ പരിണാമത്തെ എം.ടി വിവരിക്കുന്നത് ആത്മഗതച്ചുവയുള്ള രണ്ടേ രണ്ട് വാചകങ്ങളിലൂടെയാണ്. അതിങ്ങനെയാണ്: ''സ്‌നേഹത്തിനുവേണ്ടി ദാഹിച്ചുനടന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് അതെടുത്ത് തട്ടിക്കളിക്കുക ഒരു രസമായിരുന്നു.'' ഖര ദ്രാവക വാതകാവസ്ഥകളിലേക്ക് പരിണമിക്കുന്ന മറ്റേതൊരു പദാര്‍ത്ഥംപോലയേയുള്ളൂ, മനുഷ്യനെന്ന തിരിച്ചറിവിന്റെ അന്തിവെളിച്ചമായിരുന്നു അത്.
സഹ്യനില്‍ തലചായ്ച്ച സര്‍ഗ്ഗാത്മകതയുടെ സമതലത്തിലേക്ക് ഭാഷയുടെ അതിരുകള്‍ക്കപ്പുറത്തുനിന്ന് മഹാനദികളെ ഒഴുക്കിവിട്ടതും എം.ടിയാണ്. മാര്‍കേസിന്റെ മഗ്ദലേനയേയും മോപ്പസാങ്ങിന്റെ അമ്പിളിവെളിച്ചങ്ങളേയും ഹെമിങ്വേയുടെ ഏകാന്ത ലഹരികളേയും എം.ടി. മലയാളിക്ക് പരിചയപ്പെടുത്തി. അപ്പോഴും എം.ടിയുടെ കഥ ഇതിലൊന്നും കലരാത്ത മലയാളിയുടെ സ്വകാര്യനദിയായി ഒഴുക്ക് തുടര്‍ന്നു. ചങ്ങമ്പുഴയുടെ പദ്യമെന്നപോലെ എം.ടിയുടെ ഗദ്യം മലയാളത്തിനു ചിലങ്കയായി. രമണീയമായിരുന്നു ആ കാലം.
ആ കഥാന്ത്യങ്ങളേയും മറക്കുന്നതെങ്ങനെ? വിരഹനിമിഷങ്ങളുടെ വേദനപേറിയ, കറുത്ത ചന്ദ്രന്റെ പ്രതിരൂപമായ വിരാമചിഹ്നങ്ങള്‍. കടലിനോടിഴുകിയവന്‍ കപ്പല്‍ കരയോടടുക്കുമ്പോളറിഞ്ഞ വേദന പകര്‍ന്ന കഥാന്ത്യനിമിഷങ്ങള്‍. വെളിച്ചപ്പാട് അരമണിയും കാല്‍ച്ചിലമ്പും അഴിച്ചുമാറ്റിയ ആളുകള്‍ പിരിഞ്ഞുതുടങ്ങിയ നിശ്ശബ്ദരാത്രികളായിരുന്നു വിരാമചിഹ്നത്തിനപ്പുറത്തെ ശൂന്യതകള്‍. പുഴവക്കില്‍ ഏകാന്തതയുടെ തീരത്ത്, ഓളങ്ങള്‍ അടിച്ചു കയറുന്നതും പിന്‍വാങ്ങുന്നതും നോക്കിയിരുന്ന ഒരു ബാലനുണ്ട് മുറപ്പെണ്ണില്‍. കഥാന്ത്യത്തിലെ കറുത്ത ചന്ദ്രന്‍ വായനക്കാരനെ ഏകാകിയാക്കുന്ന മഹാവിഷാദിയാണ്. പക്ഷേ, തെല്ലിട നേരത്തിനുള്ളില്‍ മാഞ്ഞുപോകും ആ കറുത്ത ചന്ദ്രന്‍. ഒടുവില്‍ കഥ തൂലികയില്‍നിന്നു വേര്‍പെട്ട് ഒഴുക്ക് തുടരും മലമുകളില്‍നിന്ന് ഉറവപൊട്ടുന്ന പുഴയെന്നപോലെ.
കഥ തീരുന്നില്ല കാലമുള്ള കാലത്തോളം. എല്ലാ സമുദ്രങ്ങളും ഒഴുകിച്ചേരുന്ന കഥയുടെ മഹാസമുദ്രമായി എം.ടി യും തുടരുന്നു. തലമുറകള്‍ തുഴവള്ളമിറക്കുന്ന കഥയുടെ പെരുങ്കടലായും ഒരിക്കലും വെളിച്ചമണയാത്ത വന്‍കരയായും പരിണമിക്കുന്നു. ഭൂമിയുടെ പത്തായക്കുണ്ടുകളില്‍ നിധികുംഭങ്ങള്‍ നിറച്ച ഭഗവതിയെപ്പറ്റി എം.ടി. എഴുതിയിട്ടുണ്ട്. കഥയുടെ നിധികുംഭങ്ങള്‍ മലയാണ്മയുടെ തിരുമുറ്റം നിറയ്ക്കുന്നു. കറുത്ത ചന്ദ്രന്‍ എങ്ങനെ മായ്ക്കും തലമുറകള്‍ക്കായി എം.ടി. വിതച്ചു മുളപ്പിച്ച അക്ഷരഖനികളുടെ അനശ്വര പ്രകാശത്തെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates