പട്ടടയ്ക്കൽ വിരൂപാക്ഷ ക്ഷേത്രം/ ചിത്രങ്ങള്‍ക്ക് കടപ്പാട് : പ്രൊഫ. ടി.ആര്‍. വേണുഗോപാലന്‍  
Articles

വാതാപിയിലെ ശില്പികള്‍ 

ബനവാസി കദംബര്‍, ആദിഗംഗര്‍ എന്നീ രാജവംശങ്ങള്‍ തുടങ്ങിവെച്ച വാസ്തു-ശില്പ സമ്പ്രദായങ്ങള്‍ പൂര്‍ണ്ണതയിലെത്തുന്നത് വാതാപീ ചാലൂക്യരിലാണെന്നു കാണാം

ഡോ. പി.കെ. ശ്രീകുമാര്‍

ല, കലാവിമര്‍ശം ഇവയുടെ പ്രഭവസ്ഥാനം ഒന്നെന്ന നിലപാടില്‍നിന്നുകൊണ്ടാണ് ഈ പ്രബന്ധം വാതാപിയിലും സമീപദേശങ്ങളിലുമുള്ള വാസ്തു-ശില്പ-ചിത്ര-സംഗീതാദി കലകളെ നോക്കിക്കാണാന്‍ ശ്രമിക്കുന്നത്. ചര്‍ച്ചകളും വ്യാഖ്യാനങ്ങളും മാത്രമല്ല, സാമൂഹിക പ്രക്രിയകളിലുണ്ടാകുന്ന മാറ്റങ്ങളും സാംസ്‌കാരിക ബോധത്തെ സ്വാധീനിക്കുന്നു എന്ന പരികല്പന ഏറെ പ്രസ്തുതമാകുന്നതും ഇവിടെയാണ്. അങ്ങനെ വരുമ്പോള്‍ സമഗ്രലാവണ്യ വിമര്‍ശതലം കലാവിചിന്തനത്തിനുണ്ടെന്നു പറയേണ്ടിവരും. അതാകട്ടെ, സൂക്ഷ്മഭേദങ്ങളാല്‍ സമൃദ്ധവുമത്രേ.

ഈ നിലപാടിനുള്ള കാരണങ്ങള്‍ പലതാണ്. പഠിതാക്കള്‍, സ്മാരക ചിഹ്നങ്ങളുടെ പുറകെ പോകുന്നവര്‍, എന്തിനു യാത്രാവിവരണങ്ങളെഴുതുന്നവര്‍ വരെ ചിത്ര-ശില്പ-വാസ്തുവകകളുടെ സ്ഥിതിവിവരക്കണക്കുകള്‍ നിരത്തുന്നതു കാണാം. എന്നാല്‍, ഏതേത് സാംസ്‌കാരിക ഭൂമികയില്‍നിന്നും ഉരുവപ്പെട്ടതാണ് ഇത്തരം രചനകള്‍ എന്ന കാര്യത്തില്‍ മൗനം ദീക്ഷിക്കുക എന്നതാണ് സമാനോദ്യമങ്ങളില്‍ കണ്ടുവരുന്നത്. വൈവിധ്യമാര്‍ന്ന കൂടിച്ചേരലുകള്‍, കൊടുക്കല്‍ വാങ്ങലുകള്‍, ഇഴചേര്‍ന്നും പിരിഞ്ഞുമുള്ള ആവിഷ്‌കരണങ്ങള്‍ - ഒരു സാംസ്‌കാരിക പ്രക്രിയ നിശ്ശബ്ദം സര്‍ഗ്ഗാത്മകമായി സംവദിക്കുന്നത് ഇമ്മട്ടിലാണ്. വാതാപി ചാലൂക്യ കാലഘട്ടത്തിലെ ചിത്രശില്പങ്ങളും ഇപ്പറഞ്ഞതില്‍ നിന്നും ഭിന്നമല്ല.

പ്രദേശം 

പശ്ചിമ ഡക്കാണ്‍, ദക്ഷിണ മഹാരാഷ്ട്രം മുതല്‍ പഴയ മൈസൂര്‍ സംസ്ഥാനം, ഉത്തര കൊങ്കണദേശം, ദക്ഷിണ പശ്ചിമ ആന്ധ്ര ഇത്രയും വ്യാപ്തിയുള്ളതായിരുന്നു ചാലൂക്യരാഷ്ട്രം. അയ്യാവോളെ പ്രശസ്തിയില്‍ അല്പം അതിശയോക്തി കലര്‍ന്ന രവികീര്‍ത്തിയുടെ വിവരണവും കാണാം. ഫലഭൂയിഷ്ഠമായ കൃഷ്ണാഗോദാവരി നദീതടങ്ങളും കൈവഴികളായ മലപ്രഭാ, ഘടപ്രഭാ നദികള്‍ ഇവയുടെ നിയന്ത്രണം ചാലൂക്യാധികാര പരിധിയില്‍ വന്നു. നദീതടങ്ങള്‍ തങ്ങളുടെ അധിനിവേശ പ്രദേശങ്ങളിലൂടെ (ദക്ഷിണാപഥം) കടന്നുപോകുന്ന സാര്‍ത്ഥവാഹക സംഘങ്ങളില്‍നിന്നുള്ള ചുങ്കവും ഇത് വിലയിരുന്നതിയാല്‍ തന്നെ വാതാപീ ചാലൂക്യരുടെ രാജനീതി തെളിമയോടെ മനസ്സിലാക്കാന്‍ കഴിയും. ചാലൂക്യാധിനിവേശ സ്ഥലങ്ങള്‍ക്ക് 'ചക്രവര്‍ത്തിക്ഷേത്ര'മെന്നും വിശേഷണമുണ്ട്. അതെന്തുതന്നെയായാലും ബനവാസി കദംബര്‍, ആദിഗംഗര്‍ എന്നീ രാജവംശങ്ങള്‍ തുടങ്ങിവെച്ച വാസ്തു-ശില്പ സമ്പ്രദായങ്ങള്‍ പൂര്‍ണ്ണതയിലെത്തുന്നത് വാതാപീ ചാലൂക്യരിലാണെന്നു കാണാം. ആറാം ശതകത്തില്‍ തുടങ്ങി എട്ടാം ശതകത്തിലെത്തുമ്പോഴേക്കും ദ്രാവിഡ ശൈലിയുടെ പ്രബല വക്താക്കളായി അവര്‍ മാറുന്നു. ദ്രാവിഡ വാസ്തുവൃത്തിയുടെ ആദ്യ പ്രതിനിധാനം അയ്യാവോളെയില്‍ സ്ഥിതിചെയ്യുന്ന ജൈനക്ഷേത്രമത്രേ!

ബദാമി ​ഗുഹയിലെ ശില്പം

തെളിവു സാമഗ്രികള്‍ 

ശില്പികള്‍, ചിത്രകാരന്മാര്‍, മുദ്രാകാരന്മാര്‍ എന്നിങ്ങനെ വിവിധ തുറകളിലുള്ള തൊഴില്‍കുലങ്ങള്‍ ചാലൂക്യ ശാസനങ്ങളില്‍ പരാമര്‍ശവിധേയമാകുന്നു. രാജാക്കന്മാര്‍, സാമന്തര്‍, കച്ചവട ശ്രേഷ്ഠര്‍ തുടങ്ങിയവരിറക്കുന്ന ദാനപത്രങ്ങളില്‍ വിദഗ്ദ്ധശില്പികള്‍ക്കു നല്‍കുന്ന വസ്തുവകകളുടേയും ബിരുദങ്ങളുടേയും വിശദാംശങ്ങളുണ്ട്. വാസ്തുശില്പ ചിത്ര സംഗീതാദികള്‍ പഠന മനനത്തിനു വിധേയമാക്കുമ്പോള്‍ അതു വിവരണം, അപഗ്രഥനം, താരതമ്യം, വിധിപ്രസ്താവം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലൂടെ കടന്നു പോകുന്നത് സ്വാഭാവികം. ഈ ഉദ്യമങ്ങളാകട്ടെ, കാഴ്ചയുടെ സിദ്ധാന്തവല്‍ക്കരണമായും സാമൂഹിക പ്രക്രിയയിലേക്കുമുള്ള പ്രയാണമായും തീരുന്നു. ശില്പം, ചിത്രം, വാസ്തു, സംഗീതം ഏതുമാകട്ടെ, സര്‍ഗ്ഗസൃഷ്ടിയെന്നാല്‍ ഒരു ഭാഷ, ഘടന, വ്യവസ്ഥ, ആവിഷ്‌കാരം, അനുഭവം എന്നിങ്ങനെ സാമൂഹിക പ്രക്രിയാ ധര്‍മ്മം നിറവേറ്റുന്ന ഒന്നായിത്തീരുന്നു എന്നതും കാണാതിരുന്നുകൂടാ. 

പൊതുവര്‍ഷം ഏഴാം ശതകത്തോടെ വാതാപി, അയ്യാവോളെ, പട്ടടക്കല്‍, മഹാകൂടം, ആലംപൂര്‍ എന്നിവിടങ്ങളില്‍ ഉരുവപ്പെട്ട ചാലൂക്യവാസ്തു സമ്പ്രദായം ദക്ഷിണേന്ത്യയില്‍ മാത്രമല്ല, ശ്രീലങ്ക, കംബോഡിയ എന്നീ സ്ഥലങ്ങളിലും പ്രചാരമാര്‍ജ്ജിക്കുകയുണ്ടായി. അധികാരക്രമങ്ങള്‍, സാമൂഹിക സാമ്പത്തിക പ്രചലനങ്ങള്‍ മതാവബോധം ഇതെല്ലാം ഇത്തരം രചനകള്‍ക്ക് പ്രേരകമായിരുന്നിരിക്കണം.

ശിലയില്‍ രൂപങ്ങള്‍ കൊത്തുന്നതിനും മുന്നേ ദാരുശില്പങ്ങള്‍ മെനഞ്ഞിരുന്നു എന്ന ഒരു സാമാന്യ ധാരണ കലാചരിത്രകാരന്മാരില്‍ നിലനില്‍ക്കുന്നു. ഈ വാദത്തെ സാധൂകരിക്കാന്‍ സാഞ്ചി തോരണങ്ങളെയാണ് അവര്‍ ആധാരമാക്കുന്നത്. മരത്തില്‍ കടഞ്ഞെടുത്ത പ്രവേശനദ്വാര മാതൃകയാണ് സാഞ്ചി കവാടമെന്നവര്‍ സമര്‍ത്ഥിക്കുന്നു. ലോഹത്തേയും ശിലയേയും അപേക്ഷിച്ച് മരം പൊടിഞ്ഞും മറ്റും നശിക്കുന്നു. അതുകൊണ്ടു തന്നെ, ശില്പികളേയും ചിത്രകാരന്മാരേയും സ്വാധീനിച്ചിരിക്കാന്‍ സാധ്യതയുള്ള ഉത്തമ സൃഷ്ടികളോ കര്‍മ്മകാരാഗ്രണികളുടെ കരവിരുതോ നഷ്ടപ്പെട്ടിരിക്കാനാണ് സാധ്യത. അതെന്തുതന്നെയായാലും ആറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ തുടങ്ങി ഒന്‍പതാം നൂറ്റാണ്ടാവുമ്പോഴേക്കും വാസ്തു-ശില്പ-ചിത്ര നിര്‍മ്മിതിയില്‍ തികച്ചും പരിപാകമാര്‍ജ്ജിച്ച ഒരു ശൈലി വാതാപി ആസ്ഥാനമാക്കി രൂപപ്പെട്ടിരുന്നു. എന്നു മാത്രമല്ല, പല ദിക്കിലേക്കുമുള്ള ഈ ശൈലിയുടെ വ്യാപനമാണ് പുരാരേഖകളില്‍നിന്നും പുരാവസ്തു സൂക്ഷിപ്പുകളില്‍നിന്നും വ്യക്തമാകുന്നത്.

വാതാപി, അയ്യാവോളെ, പട്ടടക്കല്‍, മഹാകൂടം എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ് ചാലൂക്യ വാസ്തുശില്പങ്ങളും ക്ഷേത്രങ്ങളും. ജൈന, ബൗദ്ധ, ശൈവ, വൈഷ്ണവ സമ്പ്രദായങ്ങളുടെ കൂടിക്കലരലും ഇഴപിരിയലും ഈ സാംസ്‌കാരിക ഭൂമികയെ അടയാളപ്പെടുത്തുന്നു. പ്രാചീന മധ്യകാലങ്ങളില്‍ ചിത്രങ്ങളും ശില്പങ്ങളും വാസ്തുവില്‍നിന്നന്യമല്ലാതെയാണ് നിലനിന്നുപോന്നിരുന്നത്. അതുകൊണ്ടുതന്നെ ശില്പ ചിത്ര ചാരുതയുടെ വിദഗ്ദ്ധത കാഴ്ചയുടെ സമഗ്രതയിലൂന്നി വേണം വിലയിരുത്താന്‍.

ഗുഹാക്ഷേത്രങ്ങള്‍, ക്ഷേത്ര സമുച്ചയങ്ങള്‍ 

ചാലൂക്യ വാസ്തു നിര്‍മ്മാണ കൗശലത്തെ ഗുഹകള്‍, ക്ഷേത്രങ്ങള്‍ എന്നിങ്ങനെ രണ്ടു ഗണങ്ങളായി തിരിച്ചിരിക്കുന്നു. ഏറ്റവും പഴക്കമേറിയതെന്ന് കരുതുന്ന ഗുഹകള്‍ രാവണ്‍ഫാടിയിലും അയ്യാവോളെയിലുമാണ്. ആറാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഗുഹാക്ഷേത്ര നിര്‍മ്മിതി പൂര്‍ത്തീകരിച്ചിരിക്കാനാണ് സാധ്യത. ക്ഷേത്രങ്ങളാകട്ടെ, വാതാപി, പട്ടടക്കല്‍, അയ്യാവോളെ, മഹാകൂടം, നാഗരാള്‍ ഈ സ്ഥലങ്ങളിലും. ആന്ധ്രയിലെ ആലംപൂര്‍, സത്യവോളു, മഹാനന്ദി എന്നിവിടങ്ങളില്‍ സമാനരീതിയില്‍ പണിത ആരാധനാലയങ്ങളുണ്ട്. റെയ്ച്ചൂരില്‍നിന്നും ഉത്ഖനനത്തിലൂടെ കണ്ടെത്തിയ മേല്‍വാതില്‍പ്പടിയോടുകൂടിയ ഒരു കവാടം ഏതാണ്ടിതേ കാലത്തേതാണെന്നു പറയപ്പെടുന്നു. ഈ കവാടവും വാതാപി ശില്പചാരുതയെ അനുസ്മരിപ്പിക്കുന്നു.

അശോകമൗര്യന്റെ കാലത്തുതന്നെ പ്രചാരത്തിലുണ്ടായിരുന്നുവെന്നു കരുതുന്ന നിര്‍മ്മിതികള്‍ പാറതുരന്നും ഇഷ്ടിക, തടി ഇവ ഉപയോഗിച്ചുമുള്ള വാസ്തുവിദ്യ പ്രചാരത്തിലിരുന്നുവെന്നുള്ള ഒരാശയം ചരിത്രകാരന്മാര്‍ക്കിടയിലുണ്ട്. മൗര്യശൈലി ഭാരതമെമ്പാടും പ്രചരിച്ചിരുന്നു എന്നതിന് പുരാവസ്തു ലക്ഷ്യങ്ങള്‍ ധാരാളം. എന്നാല്‍, ഓരോരോ ദേശങ്ങളിലും താന്താങ്ങളുടെ പ്രാദേശിക മാര്‍ഗ്ഗങ്ങള്‍ക്കനുസൃതമായി വാസ്തുസമ്പ്രദായം നവീകരിക്കുകയുണ്ടായി. പശ്ചിമ ഡക്കാനില്‍ BCE 200 CE 200-നും മദ്ധ്യേ ഇത്തരം നിര്‍മ്മിതികള്‍ ഉരുവപ്പെട്ടുവന്നു. ജൈനബൗദ്ധ വാസ്തു നിര്‍മ്മാണ കൗശലമാകട്ടെ ചൈത്യങ്ങള്‍, സ്തൂപങ്ങള്‍, വിഹാരങ്ങള്‍ ഇവയെ പ്രതിനിധാനം ചെയ്യുന്നു. പില്‍ക്കാലത്ത് ജൈനബൗദ്ധ വാസ്തു പലരീതിയിലുള്ള മാറ്റങ്ങള്‍ക്കു വിധേയമാകുകയുണ്ടായി. ശൈലി, സാങ്കേതികജ്ഞാനം, പ്രയോഗം തുടങ്ങിയ വിഷയങ്ങളില്‍ പ്രാദേശിക പ്രഭാവങ്ങളാര്‍ജ്ജിക്കുക മാത്രമല്ല, മറ്റു പലയിടങ്ങളിലേക്കും അതാത് ദേശങ്ങള്‍ക്കനുയോജ്യമായി വികാസം പ്രാപിക്കുന്നതും പുരാരേഖകളില്‍നിന്നും വായിച്ചെടുക്കാം.

വ്യത്യസ്ത വാസ്തുശില്പ സമ്പ്രദായങ്ങളാല്‍ സമ്പന്നമാണ് ചാലൂക്യ ക്ഷേത്ര സമുച്ചയങ്ങളും ഗുഹാക്ഷേത്രങ്ങളും. സ്ഥപതികളുടെ നിര്‍മ്മാണകൗശല തന്ത്രങ്ങളാകട്ടെ, ശ്രദ്ധേയവുമാണ്. ദക്ഷിണോത്തര പദ്ധതികളുടെ സംയോഗവും ഒരു പ്രാദേശിക വ്യവഹാര വാസ്തുശില്പവിദ്യയുടെ ഉദയവും ഇവിടെ ഉയര്‍ന്നു. ഇത് പിന്നീട് 'കര്‍ണ്ണാടക സരണി', 'മലപ്രഭാ സമ്പ്രദായം' എന്നുള്ള പേരുകളില്‍ പ്രസിദ്ധമായി.

പാറ തുരന്ന് വലിയ ആരാധനാമണ്ഡപങ്ങളും ഭിത്തിയിലാകട്ടെ, ശില്പങ്ങളും ഇടംപിടിക്കുന്നു. കൊത്തുപണികളോടുകൂടിയ ഗുഹാക്ഷേത്രങ്ങള്‍ ആറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ വാതാപി, അയ്യാവോളെ എന്നിവിടങ്ങളില്‍ വ്യാപകമാകുന്നു. ജൈന, വൈഷ്ണവ, ശൈവ ഗുഹകള്‍ ഇമ്മട്ടിലുള്ള വാസ്തുമാര്‍ഗ്ഗമവലംബിക്കുന്നത് കാണാം. ഏകശിലാസ്തംഭങ്ങള്‍, ദ്വാരങ്ങളോടുകൂടിയ നീണ്ട ദണ്ഡുകള്‍, തലയിണകളെ ഓര്‍മ്മിപ്പിക്കുന്ന ശില്പഭാഗങ്ങള്‍ എന്നിങ്ങനെ സവിശേഷമായ ഒരു വാസ്തുപദ്ധതിയുടെ വികാസം രൂപമെടുക്കുന്നു. മാറ്റത്തിന്റേയും നൈരന്തര്യത്തിന്റേയും കൊത്തുപണികള്‍ക്ക് ആരംഭം കുറിക്കുകയായി.

ഗുഹാക്ഷേത്രങ്ങള്‍ക്കുള്ളില്‍ വിസ്തീര്‍ണ്ണമേറിയ മണ്ഡപങ്ങളും ഉള്‍ച്ചുവരുകളില്‍ മഹാകായരൂപത്തിലുള്ള ശില്പാവിഷ്‌കാരങ്ങളുമാണ് അജന്താ, എലിഫന്റോ ബൗദ്ധശൈവ ഗുഹകളില്‍നിന്നും വിടുതല്‍ പ്രാപിച്ച സ്വതന്ത്ര വാസ്തുശില്പ സരണി തന്നെ വാതാപിയില്‍ ദൃശ്യമാകുന്നു. ഗുഹാക്ഷേത്രങ്ങളില്‍നിന്നും ക്ഷേത്ര സമുച്ചയങ്ങളിലേക്ക് ചുവടുമാറ്റം നടത്തുമ്പോള്‍ ദ്രാവിഡശൈലി വഴക്കത്തിന് ആക്കം കൂടി ഉല്‍കൃഷ്ട വാസ്തു വൃത്തിയായി പരിണമിക്കുന്നു.

ഇതിവൃത്തങ്ങള്‍ 

പുരാണങ്ങള്‍, ഭാഗവതം, ജൈന കൃതികള്‍, ഇതിഹാസങ്ങള്‍, പഞ്ചതന്ത്രം, പ്രാദേശിക പുരാവൃത്തങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഇതിവൃത്തങ്ങള്‍ ഗുഹാഭിത്തികള്‍, ക്ഷേത്രച്ചുവരുകള്‍, സ്തംഭങ്ങള്‍ ഇവയില്‍ ഇടം പിടിച്ചിരിക്കുന്നു. വാതാപിയിലെ ശില്പികള്‍ വ്യവസ്ഥാപിത സമ്പ്രദായങ്ങള്‍ക്കൊപ്പം മനോധര്‍മ്മ പ്രയോഗങ്ങള്‍ക്കും സ്ഥലം കണ്ടെത്തുന്നുണ്ട്. ഭൂരിഭാഗം ഇതിവൃത്തങ്ങളും ധര്‍മ്മപരതയിലധിഷ്ഠിതമാണ്. ഭാഗവതത്തിലെ പാലാഴിമഥനവും പാരിജാതാപഹരണവും വാതാപീഗുഹ 2, 3-ല്‍ മുദ്രണം ചെയ്തിരിക്കുന്നു. വരാന്തയ്ക്ക് തൊട്ടുമുകളില്‍ മേല്‍വാതില്‍പ്പടിയിലാണ് ഇത് കൊത്തിയിരിക്കുന്നത്. പട്ടടക്കലില്‍ പുരാണകഥകളും പഞ്ചതന്ത്ര കഥകളും. രണ്ടു പഞ്ചതന്ത്രകഥകള്‍ കുരങ്ങനും മുതലയും, കുരങ്ങനും ആപ്പും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. സാരോപദേശ രൂപത്തിലുള്ള ഇതിവൃത്തങ്ങള്‍ രാജനീതിജ്ഞര്‍ക്കുള്ള മുന്നറിയിപ്പുകളായിരുന്നുവോ? തീര്‍ച്ചയില്ല.

ലൗകിക ഇതിവൃത്തങ്ങളും ആദിചാലൂക്യ ശില്പങ്ങളെ സമ്പന്നമാക്കുന്നു. പരിമിതികള്‍ക്കിടയിലും തനിക്കു കിട്ടിയ ഇടത്തില്‍ നിശബ്ദവും സര്‍ഗ്ഗാത്മകവുമായ പ്രതികരണങ്ങള്‍ അപൂര്‍വ്വമായെങ്കിലും അവധാനപൂര്‍വ്വം കോറിയിടുന്നുണ്ട്. തങ്ങളുടെ നിരീക്ഷണപരിധിയില്‍ വരുന്ന ദൈനംദിന ജീവിതചിത്രങ്ങള്‍ ശില്പങ്ങളായും ചിത്രങ്ങളായും പരിണമിക്കുന്നു. ഒരു ഗുരുകുല ശില്പം ഇതിനുദാഹരണമത്രേ. പര്‍ണ്ണശാലയും പരിസരവും വിശദാംശങ്ങളോടെ ചിത്രീകരിച്ചിരിക്കുന്നു. മറ്റൊന്നില്‍ ഭാര്യ ഭര്‍ത്താവിനെ പ്രഹരിക്കുന്നതും ഭര്‍ത്താവ് തിരിച്ചു തല്ലുന്നതുമാണ്. പശ്ചാത്താപ വിവശനായ കാന്തന്‍, പത്‌നിയെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നതും കൊത്തിയിരിക്കുന്നു. മിഥുനങ്ങളുടെ വ്യത്യസ്ത നില്‍പ്പിലും നിലയിലുമുള്ള പാനലുകളും ധാരാളം. കൂട്ടുകാരിക്ക് മോതിരമണിയിക്കുന്ന കാമുകന്‍, ശിവപാര്‍വ്വതിമാരുടെ പ്രണയം, പറക്കുന്ന ആകാശചാരികള്‍ ഇങ്ങനെ പോകുന്നു.

ധര്‍മ്മപരതയിലൂന്നിയുള്ള ഇതിവൃത്തങ്ങളാണധികവും. അതിലേറ്റവും പ്രധാനം ശിവന്റെ വൈവിധ്യമാര്‍ന്ന പ്രതിനിധാനങ്ങളാണ്. നടരാജന്‍, വൃഷഭവാഹനന്‍, തൃപുരാന്തകന്‍, ഗംഗാധരന്‍, ഹരിഹരന്‍ എന്നുതുടങ്ങി വിരൂപാക്ഷനില്‍ വരെ എത്തിനില്‍ക്കുന്നു. വിഷ്ണുവിന്റെ അവതാരങ്ങള്‍ വാതാപി ഗുഹാക്ഷേത്രങ്ങളില്‍ തുടങ്ങി മറ്റു പലയിടങ്ങളിലും കാണാം. ഭൂദേവിയെ മടിയിലിരുത്തിയ വരാഹമൂര്‍ത്തിയുടെ ശില്പം പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. വാതാപി ചാലൂക്യരുടെ വംശമുദ്ര തന്നെ വരാഹമാണല്ലോ. ഇതുകൂടാതെ ഗണപതി, കാര്‍ത്തികേയന്‍, ബ്രഹ്മാവ്, ദുര്‍ഗ്ഗാ, സപ്തമാതാക്കള്‍, അഷ്ടദിക്പാലകര്‍ എന്നിങ്ങനെ ശില്പചാതുരി വിളിച്ചോതുന്ന സൃഷ്ടികളും ഏറെയാണ്.

ശിലയിലും പിച്ചളയിലുമുള്ള പാര്‍ശ്വനാഥ വിഗ്രഹങ്ങള്‍ കര്‍ണ്ണാടകത്തിലെമ്പാടും കണ്ടുവരുന്നു. വാതാപി, അയ്യാവോളെ എന്നിവിടങ്ങളിലെ ജൈനഗുഹകളിലാണ് ഏറ്റവും പഴക്കമേറിയതെന്ന് കരുതുന്ന മൂര്‍ത്തികളുള്ളത്. കായോത്സര്‍ഗ്ഗരൂപത്തില്‍ കൊത്തിയ പാര്‍ശ്വനാഥനെ വാതാപി ഗുഹ നാലില്‍ കാണാം. ഇടതുഭാഗത്ത് ധരണേന്ദ്രന്‍ ഇരിക്കുന്ന നിലയിലും വലത്ത് പദ്മാവതീദേവിയേയും കാണാം. പാര്‍ശ്വനാഥന്റെ ഒരു റിലീഫ് ശില്പം അയ്യാവോളെ ഗുഹയിലും കാണാം. ഗുഹാക്ഷേത്രങ്ങള്‍ കൂടാതെ പുലിഗറെ(ഗദഗ് ജില്ല)യില്‍ ഒരു സംഘ ജിനാലയവും ചാലൂക്യര്‍ സ്ഥാപിക്കുകയുണ്ടായി. പട്ട ജിനാലയമെന്നും ഇതിനു പേരുണ്ട്. ചാലൂക്യരുടെ രാജകീയ ദേവാലയമായതിനാലാകാം ഇങ്ങനെ അറിയപ്പെടുന്നത്.

ചാലൂക്യ  ശില്പ ചാരുത

ശില്പ സവിശേഷതകള്‍ 

പ്രധാന ദേവത ബൃഹദാകാരം പൂണ്ടിരിക്കുന്നതായി കാണാം. ഉപദേവതകള്‍, മനുഷ്യരൂപങ്ങള്‍ - അവയാകട്ടെ, ചെറുരൂപങ്ങളായിട്ടും കൊത്തിയിരിക്കുന്നു. ചാലൂക്യ ശില്പങ്ങളിലെ മനുഷ്യരൂപങ്ങള്‍ക്ക് വട്ടമുഖം, തടിച്ചുരുണ്ട കവിളുകള്‍, മീന്‍ കണ്ണുകള്‍, മൃദുസ്മിതം തൂകുന്ന തടിച്ച ചുണ്ടുകള്‍, വിരിഞ്ഞ മാറിടം, പരിമിതമായ ആഭരണങ്ങളും വേഷഭൂഷാദികളും ഇങ്ങനെ പോകുന്നു. ഗുപ്തശൈലി സ്വാധീനം ഇതില്‍ പ്രകടമാണ്.

ചിത്രങ്ങള്‍ 

വാതാപി ഗുഹ മൂന്നിലാണ് ചിത്രങ്ങളുള്ളത്. ആകെ നാല് പാനലുകള്‍. പലതും നിറം മങ്ങിയ നിലയിലാണ്. ഒന്നാമത്തെ പാനല്‍ ഒരു കൊട്ടാരദൃശ്യമാണ്. ഒറ്റനോട്ടത്തില്‍ ഒരു പ്രഭുവെന്ന് തോന്നിപ്പിക്കുന്ന വ്യക്തിയുടെ വിശദാംശങ്ങള്‍ വരഞ്ഞിട്ടുണ്ട്. ചുറ്റിനും പരിചാരകവൃന്ദത്തേയും കാണാം. സംഗീതജ്ഞര്‍, വാദ്യകാരന്മാര്‍, നര്‍ത്തകര്‍ എന്നിവരേയും ചിത്രീകരിച്ചിരിക്കുന്നു. ചിത്രങ്ങള്‍ ചലിക്കുന്നുവോ എന്നു തോന്നിപ്പിക്കും വിധത്തിലാണ് ചെയ്തിരിക്കുന്നത്. രണ്ടാമത്തെ പാനലിലും രാജസദസ്സ് തന്നെ വിഷയം. ഇതില്‍ കാണുന്ന പുരുഷരൂപം കീര്‍ത്തിവര്‍മ്മന്‍ ഒന്നാമന്റേതാണ് എന്ന് ഒരു പക്ഷമുണ്ട്. ഉയര്‍ന്ന ഇരിപ്പിടത്തില്‍ ഒരു പാദമുയര്‍ത്തിയും മറുപാദം പാദതുല്പത്തിലൂന്നിയുമാണ് ഇരിപ്പ്. വലതുവശത്ത് തലയിണയിലേക്ക് ഒട്ടൊന്ന് ചരിഞ്ഞു പട്ടമഹിഷി(?) ഇരിക്കുന്നു. മഞ്ഞയും കാവിയും ചേര്‍ത്ത വര്‍ണ്ണക്കൂട്ടാണ് രാജ്ഞിയുടെ ചിത്രത്തിനുപയോഗിച്ചിരിക്കുന്നത്. പിന്നില്‍ വെണ്‍ചാമരം വീശിനില്‍ക്കുന്ന അപ്സരസ്സും സമീപത്ത് ഉത്തരവ് കാത്തുനില്‍ക്കുന്ന പരിചാരികയും. കിരീടധാരികളായ രാജകുമാരന്മാര്‍ രാജാവിനെ ചൂഴ്ന്നുനില്‍ക്കുന്നു.

മറ്റു പാനലുകളുടെ സവിശേഷത കാഴ്ചയിലുണ്ടാക്കുന്ന അനുഭൂതി തന്നെ. നമുക്കു മുന്നില്‍ രൂപങ്ങള്‍, അത് ചിത്രമായാലും ശില്പമായാലും തെന്നിച്ചലിക്കുന്നതായി തോന്നും. ഗഗനചാരികളായ വിദ്യാധരന്മാര്‍, ഗന്ധര്‍വന്മാര്‍, അപ്സരസ്സുകള്‍ ഇവര്‍ കാഴ്ചക്കാരില്‍ ആകാശഗമനാനുഭവം സൃഷ്ടിക്കുന്നു. ഇതവരുടെ സര്‍ഗ്ഗവൈഭവത്തിനുള്ള ഉത്തമോദാഹരണം തന്നെ. പുരുഷ വിദ്യാധരനെ പാടലവര്‍ണ്ണത്തിലും സ്ത്രീയെ പച്ചകലര്‍ന്ന നീലനിറത്തിലും ആവിഷ്‌കരിച്ചിരിക്കുന്നു. മറ്റൊരു ദിക്കില്‍ വീണാവാദകനായ വിദ്യാധരനേയും കാണാം.

വായ്പ്പാട്ടുകാര്‍, വാദ്യകാരന്മാര്‍, ഇവര്‍ ചിത്രങ്ങളിലും ശില്പങ്ങളിലും പ്രത്യക്ഷപ്പെടുന്നു. സംഗീതജ്ഞരുടെ കൂട്ടായ്മ വാതാപിയിലും പരിസരത്തും ഉണ്ടായിരുന്നുവോ? വാതാപി ഗണപതിയെ സ്തുതിച്ചു ഹംസധ്വനിയില്‍ മുത്തുസ്വാമിദീക്ഷിതര്‍ ചിട്ടപ്പെടുത്തിയ കൃതി വളരെ പ്രസിദ്ധവുമാണ്. ഇപ്പോള്‍ സംഗീത കുലങ്ങള്‍ വാതാപിയില്‍ കുറവാണ്. എന്നാല്‍, അടുത്ത പ്രദേശങ്ങളായ ധാര്‍വാഡ്, ഗദഗ്, ഗുല്‍ബര്‍ഗ തുടങ്ങിയ സ്ഥലങ്ങള്‍ ഇന്നും സംഗീത സമ്പ്രദായങ്ങള്‍ക്ക് പുകള്‍പെറ്റതാണ്.

സംഗീതജ്ഞരുടെ പ്രകടനങ്ങള്‍ പലപ്പോഴും രാജസദസ്സിലും ക്ഷേത്രങ്ങളിലുമായി ചുരുങ്ങിയിരിക്കാനാണ് സാധ്യത. ഉത്സവവേളകള്‍ സംഗീതവിദ്വാന്മാര്‍ക്കും വാദ്യകലാകാരന്മാര്‍ക്കും വേദികള്‍ ഒരുക്കിയിട്ടുണ്ടാകാം. ദേവദാസികള്‍ പ്രബലമായ ഒരു വിഭാഗമായിത്തന്നെ ഇക്കാലയളവില്‍ ഉയര്‍ന്നുവരുന്നു. നര്‍ത്തകര്‍, സംഗീതജ്ഞര്‍ എന്നിവര്‍ക്കൊപ്പം മാല കെട്ടുന്നവര്‍, ഗന്ധികന്മാര്‍ (സുഗന്ധദ്രവ്യങ്ങള്‍ വില്‍ക്കുന്നവര്‍), എണ്ണവ്യാപാരികള്‍ എന്നിങ്ങനെയുള്ള സാമൂഹിക കൂട്ടങ്ങളെക്കുറിച്ചും ചാലൂക്യശാസനങ്ങളില്‍ ധാരാളം പരാമര്‍ശമുണ്ട്. ക്ഷേത്രങ്ങള്‍ക്കുള്ള ദാനശാസനങ്ങളില്‍ നൃത്തം, സംഗീതം എന്നിവയ്ക്കുള്ള 'ഉപഹാരവും' വകയിരുത്തിയിരിക്കുന്നു. 

ശില്പികള്‍ 

പട്ടടക്കല്‍ വിരൂപാക്ഷ ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തില്‍ കന്നഡ ഭാഷയില്‍ കൊത്തിയ രണ്ടു ശിലാശാസനങ്ങള്‍ കാണാം. വിക്രമാദിത്യന്‍ രണ്ടാമന്റെ കാലത്തേതാണ് ക്ഷേത്രം. രാജാവിന്റെ പട്ടമഹിഷിയായ ലോകമഹാദേവിക്ക് ദേവാലയം സമര്‍പ്പിച്ചിരിക്കുന്നുവെന്ന് ലിഖിതത്തില്‍നിന്നും വ്യക്തമാകുന്നു. 'സൂത്രധാരി'യായ ഗുണ്ട അനിവരീതി ആചാരിയാണ് ക്ഷേത്ര നിര്‍മ്മാണത്തിനു മേല്‍നോട്ടം വഹിച്ചതെന്നും അദ്ദേഹം മൂന്നുവട്ടം അഭിഷിക്തനായെന്നും ത്രിഭുവനാചാരിയെന്ന ബിരുദം അദ്ദേഹത്തിനു ചാര്‍ത്തികൊടുത്തുവെന്നും ദാനപത്രത്തില്‍ പറയുന്നു. മാത്രമല്ല, പ്രശസ്തരായ സ്ഥപതികളേയും കുടുംബത്തേയും തൊഴില്‍ക്കരത്തില്‍നിന്നും ഒഴിവാക്കിയതായും പ്രസ്താവമുണ്ട്. കൊട്ടാരങ്ങള്‍, വാസസ്ഥലങ്ങള്‍, രഥങ്ങള്‍, സിംഹാസനങ്ങള്‍ ഇങ്ങനെ വാസ്തുശില്പ അഗ്രഗണ്യനായിരുന്നു ഗുണ്ട അനവരീതിയെന്ന ഈ രാജശില്പി. ഇതേ ദേവാലയത്തിന്റെ തെക്കുഭാഗം നിര്‍മ്മിച്ച സൂത്രധാരിയാണ് സര്‍വ്വസിദ്ധി ആചാരി അദ്ദേഹത്തേയും ആദരിക്കുന്നതായി ലിഖിതത്തില്‍ പരാമര്‍ശിക്കുന്നു. ഇദ്ദേഹം രൂപത്തിലും (പ്രതിമനിര്‍മ്മാണ വിദ്യ), വാസ്തുവിലും (കെട്ടിടനിര്‍മ്മാണം), അദ്വിതീയനാണെന്നും പ്രസ്താവിക്കുന്നു. കീര്‍ത്തിവര്‍മ്മന്‍ രണ്ടാമന്റെ അണ്ണിഗേരി ശാസനത്തില്‍ ഒരു ചൈത്യാലയം സ്ഥാപിച്ചതിനെപ്പറ്റി പറയുന്നു. ലിഖിതമെഴുതിയത് ദിശാപാലനെന്ന മുദ്രകാരനാണെന്നും സൂചനയുണ്ട്. യുവരാജ ഇന്ദ്രവര്‍മ്മന്റെ ഗോവാദാനശാസനത്തില്‍ കൊത്തുപണിക്കാരന്റെ പേര് എടുത്തു പറഞ്ഞിരിക്കുന്നു.

സ്ഥപതികളും മുദ്രാകാരന്മാരും മാത്രമല്ല, സാധാരണക്കാരായ തൊഴിലാളികളുടെ പേരുകളും വാതാപി ചാലൂക്യരുടെ ശിലാ താമ്രരേഖകളില്‍ കാണുന്നുണ്ട്. ഇന്ത്യന്‍ കലാകാരന്മാരുടെ പേരുകളോ/ഹസ്താക്ഷരങ്ങളോ അവരുടെ കലാസൃഷ്ടികളില്‍ ഇല്ലെന്നുള്ളത് ഒരു ന്യൂനതയായി കലാവിമര്‍ശകര്‍ എല്ലാക്കാലത്തും നിരീക്ഷിച്ചിട്ടുള്ളതാണ്. എന്നാല്‍, ഈയൊരഭിമതം അടിസ്ഥാനരഹിതമാണെന്ന് ചാലൂക്യ വാസ്തുശില്പങ്ങളില്‍നിന്നുള്ള നാമാക്ഷരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

മലേഗട്ടി ശിവാലയത്തിന്റെ സ്ഥപതി ആര്യമാഞ്ചി ഉപാധ്യായനാണെന്ന് കാണുന്നു. നരസോബ്ബയെന്ന പ്രശസ്ത വാസ്തുകാരനാണ് ഹുച്ചപ്പയ്യ ദേവസ്ഥാന സ്ഥപതി പട്ടടക്കല്‍ വിരൂപക്ഷാക്ഷേത്രത്തിന്റെ കിഴക്കേ മുഖമണ്ഡപത്തില്‍ സ്ഥാപിച്ചിട്ടുള്ള സ്തംഭലിഖിതത്തില്‍ ദേവാലയ മേല്‍ത്തട്ടില്‍ സൂര്യദേവ ശില്പം കൊത്തിയത് ദേവപുത്രനെന്ന ശില്പിയാണ്. വാതാപി ഗുഹ ഒന്നില്‍ പ്രവേശനദ്വാരത്തിനു തൊട്ടുമുകളിലായി കല്‍പ്പണിക്കാരുടെ പേരുകള്‍ കൊത്തിയിട്ടുണ്ട്. വിവിധ തൊഴില്‍കുലങ്ങളില്‍പ്പെട്ടവര്‍ സൈനിക സേവനത്തിലേര്‍പ്പെട്ടിരുന്നുവെന്നും സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ അവരുടെ പേരുകള്‍ രണപരാക്രമത്തെ വെളിപ്പെടുത്തുന്നു. തച്ചന്മാര്‍, രഥകാരന്മാര്‍, കല്‍പ്പണിക്കാര്‍ എന്നു തുടങ്ങി വിദഗ്ദ്ധ തൊഴിലുകള്‍ ചെയ്തവര്‍ വരെ യുദ്ധത്തില്‍ പങ്കെടുത്തിരുന്നുവെന്നു പില്‍ക്കാലത്തു ലഭിച്ച വീരകല്ലുകളില്‍നിന്നും വായിച്ചെടുക്കാം. വാതാപി ജംബുലിംഗ ക്ഷേത്രത്തിലെ സ്തംഭലിഖിതത്തില്‍നിന്നും വാതാപിയിലേതു കല്‍പ്പണിക്കാര്‍ അടക്കേണ്ട നികുതി (തൊഴില്‍ കരം), അവിടുത്തെ മഹാചതുര്‍വിദ്യാ സമുദായംഗങ്ങള്‍ ഒടുക്കിയതായി പറയുന്നു. എട്ടാം നൂറ്റാണ്ടിലെ മഹാകൂടസ്തംഭശാസനത്തില്‍ ശംങ്കടി എന്നു വാദ്യകാരനെപ്പറ്റി സൂചനയുണ്ട്. സൊന്തൂര്‍ ലിഖിതത്തില്‍ ജിനാലയന്‍ എന്ന ശില്പിയുടെ പേര് കാണാം. അയ്യാവോളെ ദുര്‍ഗ്ഗാക്ഷേത്രത്തില്‍ വീണ്ടും ഈ പേര് കൊത്തിയിരിക്കുന്നു. എഴുത്തുകാര്‍ പല ശാസനങ്ങളിലും പ്രത്യക്ഷപ്പെടുന്നു. വാതാപി വൈഷ്ണവ ഗുഹയിലെ മനോഹരമായ ഗരുഡ ശില്പം നിര്‍മ്മിച്ച നെല്‍വള്‍ക്കെയുടെ നാമം ശില്പത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. CE 578-ല്‍ ശില്പം പൂര്‍ത്തീകരിച്ചതായി ശിലാലിഖിതത്തില്‍നിന്നും വായിച്ചെടുക്കാം.

ബദാമി ​ഗുഹാക്ഷേത്രത്തിലെ വിഷ്ണുത്രിവിക്രമ ശില്പം

കര്‍മ്മകാരന്മാര്‍ 

നിരവധി ശാസനങ്ങളില്‍ പേരിനോട് അനുബന്ധമായി 'കല്‍കുട്ടി' എന്നു കാണാം. ഇവര്‍ കല്ലാശാരിമാരാണ്. 'ബെന്നെയാര ചാലുഗേശി കല്‍ കുട്ടി ഡോണ്‍' എന്നു ലിഖിതത്തില്‍ എഴുതിയിരിക്കുന്നു. കല്ല് വെട്ടിയൊരുക്കി ശില്പരചന നടത്തിയ ആളുടെ പേരാണ് ലിഖിതത്തില്‍. ഐക സ്വാമി കാറ്റാടി, ഓജ അഥവാ ഓവജ, വിജയ ഓവജന്‍ ഇങ്ങനെ നിരവധി കല്ലാശാരിമാരുടെ പേരുകള്‍ ശിലകളില്‍ കൊത്തിയിട്ടുണ്ട്. നിര്‍മ്മിതികളില്‍ ഉപയോഗിച്ചിട്ടുള്ള മനുഷ്യാദ്ധ്വാനത്തിന്റെ തോത് എത്രയെന്ന് ഊഹിക്കാന്‍പോലും കഴിയുന്നതിനപ്പുറത്താണ്. വാതാപി കോട്ട പണിയുന്ന സമയത്ത് കല്ലേറ്റിക്കൊണ്ടുപോയ തൊഴിലാളിയുടെ പേരും കൊത്തിയിരിക്കുന്നു. (കല്ലേറ്റിടുവോന്‍) ബ്രഹ്മചാരികളായ ലോഹപ്പണിക്കാരും കര്‍മ്മകാര കുലങ്ങളും ശാസനങ്ങളില്‍ പരാമര്‍ശവിധേയരാകാറുണ്ട്. അഞ്ച് കുലങ്ങളായി തൊഴില്‍ ചെയ്തു ജീവിക്കുന്നവര്‍ സ്വര്‍ണ്ണപ്പണിക്കാര്‍, തച്ചന്മാര്‍, കൊല്ലന്മാര്‍, മൂശാരിമാര്‍, കല്ലാശാരിമാര്‍ ഇവര്‍ 'പാഞ്ചാലന്മാര്‍' (ഐങ്കുടികമ്മാളര്‍?) എന്നറിയപ്പെട്ടുവന്നു.

വാതാപി ചാലൂക്യരുടെ ഭൗതികാവശേഷിപ്പുകളേക്കാള്‍ എത്രയോ മടങ്ങ് വിശാലവും നാനാവിധത്വമാര്‍ജ്ജിച്ചതുമായിരുന്നു അവരുടെ നിര്‍മ്മാണ രചനകള്‍. അധിനിവേശ മേഖലകളിലും അതിനു പുറത്തും തങ്ങളുടേതായ കയ്യൊപ്പ് പതിപ്പിക്കാന്‍ അവര്‍ സദാ ജാഗരൂകരായിരുന്നുവെന്നു തെളിവുസാമഗ്രികള്‍ സംവദിക്കുന്നു. സര്‍ഗ്ഗസൃഷ്ടികള്‍ നടത്തുന്നവരുടേതുകൂടിയാണ് ചരിത്രം എന്ന് ഇതു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ചരിത്രമെഴുത്തുകാരുടെ പുനരാഖ്യാനങ്ങളിലൂടെ ഇമ്മാതിരി രചനകള്‍ പുനരുജ്ജീവനം കൊള്ളുന്നുവെന്നും തിരിച്ചറിയേണ്ടതുണ്ട്.

**********************************

ദി ചാലൂക്യരുടെ രാജസ്ഥാനങ്ങളിലൊന്നായ പട്ടടക്കല്‍ വിരൂപാക്ഷക്ഷേത്രം ശില്പചാതുരിയാല്‍ പ്രസിദ്ധമാണ്. വിരൂപാക്ഷന്‍ ശിവനാണ് എന്നാണ് പൊതുവിലുള്ള വിവക്ഷ. വിരൂപാക്ഷാരാധന കര്‍ണ്ണാടകത്തിലെ സവിശേഷതയാണ്. തമിഴകം, കേരളം, ആന്ധ്രാ ഇവിടെയൊന്നും വിരൂപാക്ഷ ക്ഷേത്രങ്ങളോ ആരാധനയോ പ്രചാരത്തിലില്ല. വിജയനഗര കാലത്തും ഹംപിയിലെ വിരൂപാക്ഷക്ഷേത്രം പ്രശസ്തിയാര്‍ജ്ജിക്കുകയുണ്ടായി. 'ഏകാദശ രുദ്ര'ന്മാരില്‍ ഒന്നാണ് വിരൂപാക്ഷനെന്ന് വിഷ്ണുപുരാണം, ഒന്നാം അംഗം, 15-ാം അദ്ധ്യായത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. വിക്രമാദിത്യന്റെ ബന്നിക്കോപ്പ ശാസനത്തില്‍ ഉത്തരദേശത്തുനിന്നു വന്ന് നന്ദീശ്വരബിംബം പ്രതിഷ്ഠാപനം നടത്തുന്നതായി പറയുന്നു. കീര്‍ത്തിവര്‍മ്മന്‍ രണ്ടാമന്റെ പട്ടടക്കല്‍ സ്തംഭശാസനത്തില്‍ ഗംഗക്ക് വടക്കുനിന്നും എത്തിയ ജ്ഞാനശിവാചാര്യന്‍ പട്ടടക്കല്‍ വിജയേശ്വര ക്ഷേത്രത്തില്‍ ത്രിശൂലം കൊത്തിയ ഒരു സ്തംഭം നാട്ടിയതായി പരാമര്‍ശമുണ്ട്. ശൈവരുടെ കുടിയേറ്റം എട്ടാം നൂറ്റാണ്ടായപ്പോഴേക്കും ഉത്തര കര്‍ണ്ണാടകത്തില്‍ ഏതാണ്ട് പൂര്‍ണ്ണമായിരുന്നു. രാജാക്കന്മാര്‍, സാമന്തര്‍, കച്ചവട സംഘങ്ങള്‍ ഇവരില്‍നിന്നുള്ള പിന്തുണയും ശൈവര്‍ക്ക് ലഭിക്കുന്നതായി ലിഖിതങ്ങള്‍ സൂചിപ്പിക്കുന്നു. വിരൂപാക്ഷാരാധനയെക്കുറിച്ചും പാശുപത കാളമുഖ മാര്‍ഗ്ഗികളുടെ വളര്‍ച്ചയെക്കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT