'ദേ പോയി, ദാ വന്നു'' എന്നു പറയാവുന്നത്ര വേഗത്തിലാണ് കണ്ണൂര്‍ റേഞ്ചില്‍ ഞാന്‍ പോയതും തിരുവനന്തപുരത്ത് തിരികെ എത്തിയതും. അന്നുവരെ ഉണ്ടായതില്‍ ഏറ്റവും വേഗത്തിലുള്ള സ്ഥാനചലനം. വ്യക്തിപരമായി മാത്രം നോക്കിയാല്‍ എനിക്കത് സൗകര്യപ്രദമായിരുന്നു. എങ്കിലും അങ്ങനെ കാണാന്‍ കഴിഞ്ഞില്ല. പൊലീസിലെ 'കണ്ണൂര്‍ ചിട്ടകള്‍' ഞാന്‍ ലംഘിക്കുന്നുണ്ടായിരുന്നു. അതിലെ പ്രധാന ഐറ്റം രാഷ്ട്രീയ കൊലപാതകം നടന്നാല്‍ അന്വേഷണം പാര്‍ട്ടിക്കാര്‍ നല്‍കുന്ന പ്രതികളുടെ ലിസ്റ്റനുസരിച്ചാകണം എന്നതായിരുന്നു. അക്കാര്യത്തില്‍ ഏതാണ്ട് എല്ലാ കക്ഷികളും ഒരേ തൂവല്‍പക്ഷികള്‍ തന്നെയായിരുന്നു. പൊലീസിനും അത് സൗകര്യമായിരുന്നു. അതിനെ എതിര്‍ത്ത എന്റെ സാന്നിധ്യം വലിയ അസൗകര്യം ആയിരുന്നിരിക്കണം. വയനാട്ടില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ തലസ്ഥാനത്തുനിന്ന് ഒരു ഐ.ജി എന്നെ വിളിച്ചു. അദ്ദേഹത്തോട് കണ്ണൂരില്‍ പോകാമോ എന്ന് ഡി.ജി.പി ചോദിച്ചതായും അദ്ദേഹം സമ്മതം നല്‍കിയില്ലെന്നും പറഞ്ഞു. പല ഉദ്യോഗസ്ഥരോടും സമ്മതം ചോദിക്കുന്നതായും അറിയിച്ചു. അവിടെ തുടരാന്‍ സമ്മതമല്ല എന്ന് ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. കണ്ണൂരിലെ പ്രശ്‌നങ്ങള്‍ ഒരു മാനുഷിക ദുരന്തം എന്ന നിലയില്‍ക്കൂടി എങ്ങനെ പരിഹരിക്കാം, നിയമവഴിയില്‍ പൊലീസ് നടപടി എങ്ങനെ ശക്തിപ്പെടുത്താം തുടങ്ങിയ ചോദ്യങ്ങളായിരുന്നു മനസ്സ് നിറയെ. വയനാട്ടില്‍നിന്ന് കണ്ണൂരില്‍ എത്തുമ്പോഴേയ്ക്കും ആ ചോദ്യങ്ങളില്‍നിന്ന് എന്നെയും ഞാനെന്ന അസൗകര്യത്തില്‍നിന്ന് കണ്ണൂരിനേയും മോചിപ്പിച്ചുകൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവ് പുറത്തുവന്നിരുന്നു. അതുകൊണ്ട് പ്രശ്‌നങ്ങള്‍ തീരില്ലല്ലോ എന്നു തോന്നിയെങ്കിലും ചിലപ്പോള്‍ സാഹചര്യം മെച്ചപ്പെടുമായിരിക്കും എന്ന് ആശ്വസിക്കാന്‍ ശ്രമിച്ചു. സാഹചര്യം വഷളാകും എന്നായിരുന്നു ചില സഹപ്രവര്‍ത്തകരുടെ നിലപാട്. അവരായിരുന്നു ശരിയെന്നു വേഗം മനസ്സിലായി. ഏതാനും ആഴ്ചകള്‍ക്കുശേഷം തലശ്ശേരിയിലും പരിസരത്തും രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പര തന്നെ അരങ്ങേറി. പ്രശ്‌നം ഹൈക്കോടതിയിലുമെത്തി. തലശ്ശേരിയില്‍ സമാധാനപാലനത്തിനു കേന്ദ്രസേനയെ വിളിക്കേണ്ടിവരുമെന്നു തുടങ്ങി രൂക്ഷവിമര്‍ശനം ജൂഡിഷ്യറിയുടെ ഭാഗത്തുനിന്നുമുണ്ടായി.
രാഷ്ട്രീയത്തിന്റെ പേരില്‍ കണ്ണൂരില്‍ പല കാലങ്ങളിലും കൊലപാതകങ്ങള്‍ അരങ്ങേറിയപ്പോള്‍ മാധ്യമങ്ങള്‍ അതിന്റെ മാനുഷിക ദുരന്തം തീവ്രതയോടെ ചിത്രീകരിച്ചിട്ടുണ്ട്. യുവാക്കളായ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണുനീര്‍ പത്രത്താളുകളും വാര്‍ത്താചാനലുകളും നിറഞ്ഞുനിന്നിട്ടുണ്ട്. മറ്റിടങ്ങളില്‍ ജോലി ചെയ്യുന്ന സന്ദര്‍ഭങ്ങളിലും കണ്ണൂരിലെ മാനുഷിക ദുരന്തം സഹപ്രവര്‍ത്തകരുമായി ഞാന്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. വിന്‍സന്‍ പോള്‍ സാറുമായി സംസാരിച്ച കാര്യങ്ങള്‍ കൃത്യമായി ഓര്‍ക്കുന്നു. കണ്ണൂര്‍ അക്രമത്തിനു പിന്നില്‍ പൊലീസിന്റെ നിയന്ത്രണത്തിനപ്പുറമുള്ള പല ഘടകങ്ങളുമുണ്ട്. പക്ഷേ, രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി തെറ്റായ നടപടികള്‍ക്കു കൂട്ടുനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഈ ദുരന്തത്തില്‍ പങ്കുണ്ട്. എല്ലാം രാഷ്ട്രീയം എന്നു പറഞ്ഞ് നിയമപരമായ അധികാരവും ചുമതലയുമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്, പ്രത്യേകിച്ച് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക്, കൈ കഴുകാനാകില്ല. അങ്ങനെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും അവിടുത്തെ അമ്മമാരുടെ കണ്ണീരില്‍ പങ്കുണ്ട്. എന്ത് തന്നെ സംഭവിച്ചാലും പൊലീസ് ഉദ്യോഗസ്ഥന്‍ ഒരിക്കലും അതിനു കൂട്ടുനില്‍ക്കരുത് എന്നായിരുന്നു ഞങ്ങളുടെ കാഴ്ചപ്പാട്. കണ്ണൂരില്‍ അധികാര കസേരയില്‍ ഇരുന്നപ്പോള്‍ അത് മറന്നില്ല എന്നാണെന്റെ തോന്നല്‍. എല്ലാ വൃത്തികേടുകള്‍ക്കും കൂട്ടുനിന്നശേഷം കൊലപാതകമുണ്ടാകുമ്പോള്‍ സ്ഥലസന്ദര്‍ശനം നടത്തി, അമ്മമാരെ കെട്ടിപ്പിടിച്ച് കണ്ണീര്‍ തുടയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരേയും കണ്ടിട്ടുണ്ട്. ഒരു വശത്ത് സന്ദര്‍ശനം, കണ്ണീര്‍ തുടയ്ക്കല്‍ തുടങ്ങിയ പരിപാടികളൊക്കെ ഏതാണ്ടൊരനുഷ്ഠാനം പോലെ നിര്‍വ്വഹിക്കും. മറുവശത്ത് രാഷ്ട്രീയ വിധേയത്വത്തില്‍ ഗുരുതരമായ തെറ്റുകള്‍ക്കു കൂട്ടുനില്‍ക്കുകയും ചെയ്യും. സര്‍വ്വീസില്‍നിന്നു വിരമിച്ചാലും 'സേവന'ത്തിനുള്ള അവസരം പിന്നെയും തേടിയെത്തുന്ന ചില ഉദ്യോഗസ്ഥരുടെ എങ്കിലും രാഷ്ട്രീയ സ്വാധീനത്തിന്റെ അടിത്തറ കെട്ടിപ്പടുത്തിട്ടുള്ളത് ഇങ്ങനെയുള്ള മാനുഷിക ദുരന്തങ്ങളിലും കൂടിയാണ്. തകര്‍ക്കാനാകാത്ത വിശ്വാസമാണത്.
പൊലീസ് ആസ്ഥാനത്ത്
സാന്ദര്‍ഭികമായി പറയട്ടെ, ഏതു കേസായാലും പൊലീസ് ഉദ്യോഗസ്ഥന്‍ ഇരയോട് അനുതാപം പ്രകടിപ്പിക്കുകയും ഇരയുടെ ഉല്‍ക്കണ്ഠകള്‍ക്കു പരമാവധി പരിഗണന നല്‍കുകയും വേണം എന്നതില്‍ സംശയമില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലണ്ടില്‍ ഒരു പരിശീലനത്തിനെത്തിയപ്പോള്‍ കൊലപാതക കേസുകളുടെ അന്വേഷണം സംബന്ധിച്ച് പ്രസിദ്ധമായ സ്‌കോട്ട്ലാന്റ്യാര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്‍ ക്ലാസ്സെടുത്തത് ഓര്‍ക്കുന്നു. ഇരയുടെ താല്പര്യം സംരക്ഷിക്കുന്നതിന് അവര്‍ സ്വീകരിക്കുന്ന വ്യത്യസ്തമായ ചില നടപടികള്‍ എന്നെ ആകര്‍ഷിച്ചു. മടങ്ങിവന്നപ്പോള്‍ സമാനമായ രീതി നമുക്കും നടപ്പാക്കുന്നതിന് ഒരു കുറിപ്പ് ഡി.ജി.പിയ്ക്ക് നല്‍കുകയും അതിനെ ആധാരമാക്കി ഒരു വകുപ്പുതല സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്തു. ഇരയുടെ ഉത്തമ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രൊഫഷണലായ നടപടികള്‍ക്കപ്പുറമുള്ള 'കണ്ണീര്‍ തുടയ്ക്കലും കെട്ടിപ്പിടിക്കലും' എല്ലാം അല്പം അരോചകമായിട്ടേ എനിക്കു തോന്നിയിട്ടുള്ളു. ആ തോന്നല്‍ മാത്രമാണ് ശരി എന്ന വാദം എനിക്കില്ല.
പൊലീസ് ആസ്ഥാനത്തെത്തിയ ശേഷം കണ്ണൂരിലെ ഈവക പ്രശ്‌നങ്ങളില്‍ നിന്നൊക്കെ മോചനം കിട്ടി. കണ്ണൂരിലെ ക്രമസമാധാന പാലനത്തിനു ഞാനത്ര പറ്റിയ ആളായിരുന്നില്ലെങ്കിലും പത്രഭാഷയില്‍ എന്നെ 'ഒതുക്കി'യില്ല. പൊലീസ് ആസ്ഥാനത്ത് എന്നെ നിയോഗിച്ചത് ഐ.ജി അഡ്മിനിസ്ട്രേഷന്‍ ആയാണ്. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എനിക്ക് നല്ല പരിഗണനയാണ് നല്‍കിയത്. ചാര്‍ജ്ജെടുത്ത ശേഷം അദ്ദേഹത്തെ കണ്ടപ്പോള്‍ ദീര്‍ഘമായി ഞങ്ങള്‍ സംസാരിച്ചു. അദ്ദേഹത്തിന് പൊലീസിലെ ഓരോ പോസ്റ്റിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരുന്നു. ''അഡ്മിനിസ്ട്രേഷനില്‍, ഇരുന്ന് പണിയെടുത്തെങ്കിലേ പറ്റൂ. പലര്‍ക്കും ചുറ്റിക്കറങ്ങി നടക്കാനാണ് താല്പര്യം'' എന്നാണ് എന്റെ പോസ്റ്റിനെപ്പറ്റി അദ്ദേഹം പറഞ്ഞത്. ഡി.ഐ.ജിയായി 7 വര്‍ഷം മുന്‍പ് ഞാന്‍ നിര്‍വ്വഹിച്ചതിനു സമാനമായ ചുമതലതന്നെ ആയിരുന്നു വീണ്ടും എന്റേത്. ഒരു വ്യത്യാസം പ്രകടമായിരുന്നു. അധികാര ദല്ലാളുകള്‍ എന്നു വിളിക്കാവുന്ന വിഭാഗത്തിന്റെ സാമീപ്യവും സ്വാധീനവും അവിടെ വല്ലാതെ വര്‍ദ്ധിച്ചിരുന്നു. സമ്പൂര്‍ണ്ണ ദല്ലാള്‍ മുതല്‍ ആത്മീയം, മാധ്യമം, സാമൂഹ്യപ്രവര്‍ത്തനം തുടങ്ങി പല മേഖലകളിലുമുള്ള പലരും പല വിഷയങ്ങളിലും ഇടനിലക്കാരാവുന്നപോലെ അനുഭവപ്പെട്ടു.
അക്കാലത്ത് പൊലീസ് ആസ്ഥാനത്തുതന്നെ തെരഞ്ഞെടുത്ത കേസുകളുടെ അന്വേഷണത്തിന് ഒരു ചെറിയ വിഭാഗം ഉണ്ടായിരുന്നു. അതിന്റെ ചുമതലക്കാരന്‍ നാലഞ്ച് തടിച്ച വാല്യങ്ങളടങ്ങിയ ഒരു ഫയല്‍ നേരിട്ട് കൊണ്ടുവന്നു. എറണാകുളത്തെ ഒരു വ്യവസായിക്കെതിരായ കേസായിരുന്നു അത്. രേഖകളില്‍ കൃത്രിമം കാണിച്ച് അതിലൂടെ വന്‍തുക തട്ടിയെടുത്തു എന്നതായിരുന്നു ആരോപണം. അന്വേഷണത്തിന്റെ സംക്ഷിപ്ത വിവരം എന്നെ ധരിപ്പിച്ചിട്ട് അന്നുതന്നെ ഫയല്‍ മുകളിലോട്ട് അംഗീകാരത്തിന് അയക്കണമെന്ന് പറഞ്ഞു. കേസ് നിലനില്‍ക്കുന്നതല്ലെന്നായിരുന്നു അന്വേഷിച്ച ഉദ്യോഗസ്ഥന്റെ കണ്ടെത്തല്‍. അപ്പോള്‍ പിന്നെ എന്തിന് ധൃതി എന്ന് എനിക്കു മനസ്സിലായില്ല. മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥനും ഫയല്‍ ഉടനെ അയക്കണമെന്നു പറഞ്ഞു. കുറ്റാന്വേഷണ ഫയലുകള്‍ വായിച്ച് വിലയിരുത്തി സ്വന്തം അഭിപ്രായം രേഖപ്പെടുത്തണം. വെറുതെ ഒരു പോസ്റ്റ്ഓഫീസുപോലെ അയയ്ക്കാനാണെങ്കില്‍ പിന്നെ ഐ.ജി എന്തിന്? പലേടത്തുനിന്നും ധൃതികൂട്ടിയപ്പോള്‍ എന്റെ ജാഗ്രത വര്‍ദ്ധിച്ചു. ഫയല്‍ മുഴുവന്‍ പരിശോധിച്ചു. അത് എളുപ്പമായിരുന്നു. വലിപ്പം ഒരുപാടുണ്ടായിരുന്നുവെങ്കിലും ഉള്ളടക്കത്തില്‍ പലതും വസ്തുക്കളുടെ പ്രമാണങ്ങളും ചില ചിത്രങ്ങളുമൊക്കെയായിരുന്നു. അതുകൊണ്ട് 'കന'പ്പെട്ട ഫയല്‍ പഠിക്കാന്‍ അധികസമയം വേണ്ടിവന്നില്ല. രേഖകളിലെ കൃത്രിമം വിലയിരുത്താന്‍ അടിസ്ഥാന ശാസ്ത്രീയ പരീക്ഷകള്‍ പോലും നടത്തിയിരുന്നില്ല. പ്രതിക്കു വേണ്ടി മുന്‍വിധിയോടെ നടത്തിയ അന്വേഷണം പോലെ തോന്നി. തോന്നല്‍ ഫയലില്‍ എഴുതിയില്ല. ഫയലിലെ കുറിപ്പ് വസ്തുനിഷ്ഠം ആകണമല്ലോ. അടിസ്ഥാന ശാസ്ത്രീയ പരിശോധനകള്‍ പോലും നടത്തിയിട്ടില്ലെന്നും അന്വേഷണം അപൂര്‍ണ്ണമാണെന്നും അതുകൊണ്ട് പ്രതിയെ കുറ്റവിമുക്തനാക്കിയത് അപക്വമാണെന്നും സംക്ഷിപ്തമായി കുറിച്ചു. മുകളിലോട്ട് പോയ ഫയല്‍ ഒപ്പോടെ വേഗം മടങ്ങിവന്നു. അതിനര്‍ത്ഥം എന്റെ അഭിപ്രായം 'മുകളിലും' അംഗീകരിച്ചു എന്നാണ്. പക്ഷേ, മണിക്കൂറുകള്‍ക്കകം ഫയല്‍ തിരികെ വിളിച്ചു. എന്നോട്, 'അത് വലിയ പ്രശ്‌നമായിരിക്കുകയാണെ'ന്നും എന്റെ പേരിലും അതില്‍ 'ആരോപണമുണ്ടെ'ന്നും 'മുകളില്‍' നിന്ന് പറഞ്ഞു. എന്റെ പേരില്‍ ആരോപണമുണ്ടെങ്കില്‍ അത് ഞാന്‍ നേരിട്ടുകൊള്ളാം എന്ന് സൗമ്യമായി മറുപടിയും നല്‍കി. ഫയല്‍ തിരികെ വാങ്ങി കുറ്റാരോപിതന് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണം അവസാനിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനം അംഗീകരിച്ചു. പെട്ടെന്ന് മുകളില്‍ സംഭവിച്ച ഈ മാറ്റത്തിനു പിന്നില്‍ സമര്‍ത്ഥനായ ഒരധികാര ദല്ലാളിന്റെ വിരട്ടല്‍ ഉണ്ടായി എന്നാണറിഞ്ഞത്. ഇങ്ങനെ കുറെ ഞാണിന്മേല്‍ കളികള്‍ അക്കാലത്ത് ഞാന്‍ കണ്ടു. ഒറ്റക്കാര്യം കൂടി പറഞ്ഞുകൊണ്ട് തന്ത്രകുതന്ത്രങ്ങള്‍ ഒരുപാട് കണ്ട ആ ലോകത്തുനിന്ന് പുറത്തുകടക്കാം.
പൊലീസ് വകുപ്പില്‍ ആധുനിക ഉപകരണങ്ങള്‍ അന്ന് ധാരാളം വാങ്ങുന്നുണ്ടായിരുന്നു. അത് ആവശ്യവും ആയിരുന്നു. അതിന്റെ ചുമതല എനിക്കായിരുന്നില്ലെങ്കിലും അതിന്മേല്‍ സര്‍ക്കാര്‍ തലത്തിലെ പല മീറ്റിങ്ങുകളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ആഭ്യന്തരവകുപ്പ് സെക്രട്ടറി ആയിരുന്ന കെ.ജെ. മാത്യു ഐ.എ.എസ് ആധുനികവല്‍ക്കരണത്തെ പിന്തുണച്ചപ്പോള്‍ പര്‍ച്ചേസ് മാന്വല്‍ ലംഘിച്ച് സുതാര്യത ഇല്ലാതെയാണ് പലതും ചെയ്യുന്നത് എന്ന് ഉദാഹരണസഹിതം വിമര്‍ശിച്ചു. അഴിമതി എന്ന് അദ്ദേഹം പറഞ്ഞില്ല; പക്ഷേ, ധ്വനി അതായിരുന്നു. ഈ പശ്ചാത്തലത്തില്‍, പൊലീസ് ആസ്ഥാനത്തെ മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെ സ്ഥലംമാറ്റം പരിഗണിച്ചപ്പോള്‍ സ്ഥിരമായി പര്‍ച്ചേസില്‍ മാത്രം ഇരിക്കുന്നവരേയും മാറ്റുന്നതാണ് ഉചിതം എന്ന് ഞാന്‍ കരുതി. പര്‍ച്ചേസില്‍ സ്ഥിരം കുറ്റി ആയിരുന്ന ഒരു സൂപ്രണ്ടിനെ ഞാന്‍ പരിശീലനത്തിലേയ്ക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. പര്‍ച്ചേസിന്റെ ചുമതലയുണ്ടായിരുന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍, അയാളെ പര്‍ച്ചേസില്‍ നിലനിര്‍ത്തണമെന്നത് രാഷ്ട്രീയ ആവശ്യമാണ് എന്ന നിലയില്‍ എന്നോട് സംസാരിച്ചു. സ്ഥിരമായി ഒരു സെക്ഷനില്‍ ഇരിക്കുന്നവരെ മാറ്റുക എന്ന പൊതുതത്ത്വത്തോട് സഹകരിക്കാന്‍ ഞാന്‍ പറഞ്ഞു. അതിനിടെ ഭരണ അനുകൂല സംഘടനയുടെ സെക്രട്ടറി എന്നെ കണ്ടപ്പോള്‍ ഇക്കാര്യം ഞാന്‍ ആ ഉദ്യോഗസ്ഥനോട് ചോദിച്ചു. ''സാര്‍, നിര്‍ബ്ബന്ധമായും മാറ്റണമെന്നാണ് സംഘടനയുടെ അഭിപ്രായം'' എന്നാണയാള്‍ പറഞ്ഞത്. ഉദ്യോഗസ്ഥരുടെ സംഘടനകളും ആഭ്യന്തരമന്ത്രിയുടെ ഓഫീസും ഒന്നും അതില്‍ ഇടപെട്ടില്ല എന്നതാണ് സത്യം. എന്നിട്ടും പര്‍ച്ചേസ് സൂപ്രണ്ടിന്റെ ഫയല്‍ ഡി.ജി.പിക്ക് അയച്ചപ്പോള്‍ അദ്ദേഹം എന്നോടും മാറ്റത്തെ എതിര്‍ത്ത മുതിര്‍ന്ന ഉദ്യോഗസ്ഥനോടും 'discuss' (ചര്‍ച്ച ചെയ്യുക) എന്നെഴുതി തിരികെ വിട്ടു. അധികം താമസിയാതെ തന്നെ കാര്യം തീരുമാനിക്കാന്‍ ഞങ്ങളെ രണ്ടുപേരെയും വിളിച്ചു. ധാരാളം കാര്യങ്ങള്‍ സംസാരിച്ചുവെങ്കിലും, ഈ ചര്‍ച്ചയിലേയ്ക്ക് വന്നില്ല. അവസാനം ഡി.ജി.പി, ''നിങ്ങള്‍ ആ സ്ഥലംമാറ്റം ചര്‍ച്ച ചെയ്യൂ'' എന്നു പറഞ്ഞിട്ട് എഴുന്നേറ്റ് ശുചിമുറിയിലേക്ക് പോയി. പൊതുമാനദണ്ഡം അനുസരിച്ച് ഞാന്‍ നല്‍കിയ പ്രൊപ്പോസല്‍ അംഗീകരിക്കാന്‍ വീണ്ടും അഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം പിന്നെ എതിര്‍ത്തില്ല. ഡി.ജി.പി തിരികെ എത്തുമ്പോള്‍ തീരുമാനം റെഡി.
ഇതുപോലുള്ള 'തമാശകള്‍'ക്കിടയിലും രണ്ട് സുപ്രധാന സംരംഭങ്ങള്‍ക്ക് അന്ന് തുടക്കം കുറിച്ചു. രണ്ടിന്റേയും ആവിഷ്‌കരണത്തിലും നടത്തിപ്പിലും തുടക്കം മുതല്‍ പങ്കാളിയാകാന്‍ എനിക്കും കഴിഞ്ഞു. ഒന്ന്, ജനമൈത്രി സുരക്ഷാ പദ്ധതി എന്ന കേരളത്തിന്റെ കമ്യൂണിറ്റി പൊലീസിംഗ് പ്രോജക്ട്. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍വെച്ച് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും പങ്കെടുത്ത ആ ചടങ്ങില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനുവേണ്ടി മലയാളത്തില്‍ പ്രസംഗം തയ്യാറാക്കേണ്ട ജോലി എനിക്കായിരുന്നു. പ്രസംഗം വായിച്ചുകേട്ട ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു: ''ഇത് കേരളാ പൊലീസിന്റെ നാശത്തിലേ കലാശിക്കൂ.'' ആ അഭിപ്രായം എന്നെ വലുതായി അത്ഭുതപ്പെടുത്തിയില്ല. കമ്യൂണിറ്റി പൊലീസ് സമ്പ്രദായത്തെക്കുറിച്ച് പല ഉദ്യോഗസ്ഥരുടേയും ഉള്ളിലിരുപ്പ് അതായിരുന്നു. അദ്ദേഹം തെളിച്ചു പറഞ്ഞുവെന്നേയുള്ളു. പൊലീസും ജനങ്ങളും കൂടുതല്‍ അടുക്കുന്നത് പല പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമായിരുന്നു. അക്കൂട്ടത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.ജി.പിവരെയുള്ളവരുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്. എങ്കിലും അന്ന് തുടക്കം കുറിച്ച കമ്യൂണിറ്റി പൊലീസിംഗ് പദ്ധതി, തട്ടിയും മുട്ടിയും ഇന്നും മുന്നോട്ടു പോകുന്നുണ്ട്.
കേരളത്തിലെ തീരപ്രദേശത്തെ ജനങ്ങളെ പൊലീസുമായും രാജ്യസുരക്ഷയുമായും ക്രിയാത്മകമായി ബന്ധിപ്പിക്കുന്ന ഒരു സംരംഭത്തിനും അന്ന് തുടക്കം കുറിച്ചു. അതാണ് കടലോര ജാഗ്രതാസമിതി. ഈ പദ്ധതി ആവിഷ്‌കരിക്കുന്ന ഘട്ടത്തില്‍ത്തന്നെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റേയും പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി എസ്. ശര്‍മ്മയും ഇക്കാര്യത്തില്‍ നന്നായി സഹകരിച്ചു. കടലോരത്തെ ജനങ്ങളേയും പൊലീസിനേയും സുരക്ഷയ്ക്കായി ഒരുമിപ്പിക്കുന്ന ഈ പദ്ധതി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചയ്ക്ക് മലയാളത്തില്‍ ഒരു കുറിപ്പ് തയ്യാറാക്കാന്‍ ഇന്റലിജെന്‍സ് മേധാവി ജേക്കബ്ബ് പുന്നൂസ് എന്നെ ചുമതലപ്പെടുത്തുകയും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ദേശീയ സുരക്ഷയില്‍ തീരദേശ സുരക്ഷയ്ക്ക് സവിശേഷ പ്രാധാന്യം കൈവന്ന കാലഘട്ടം കൂടിയായിരുന്നു അത്. അതിനു കാരണമായത് 2008 നവംബറിലെ മുംബൈ ഭീകരാക്രമണമായിരുന്നു. കടല്‍മാര്‍ഗ്ഗം നമ്മുടെ തീരപ്രദേശത്ത് സുഗമമായി എത്തിച്ചേരുന്നതിന് ഭീകരര്‍ക്ക് ഒരു തടസ്സവും നേരിട്ടില്ലല്ലോ. 1993-ല്‍ ബോംബെയിലെ ഭീകരാക്രമണത്തിന് ആര്‍.ഡി.എക്സ് പോലുള്ള സ്‌ഫോടകവസ്തുക്കള്‍ എത്തിയതും കടല്‍മാര്‍ഗ്ഗം തന്നെ ആയിരുന്നു. കേരളത്തിലാകട്ടെ, തീരപ്രദേശത്ത് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 74 പൊലീസ് സ്റ്റേഷനുകളുണ്ടായിരുന്നു. പക്ഷേ, പൊലീസും തീരപ്രദേശത്തെ പാവപ്പെട്ട ജനങ്ങളും തമ്മിലുള്ള ബന്ധം ആശാവഹമായിരുന്നില്ല. അപകടം പിടിച്ച ഒരു പ്രവര്‍ത്തനമേഖല ആയാണ് പല ഉദ്യോഗസ്ഥരും തീരപ്രദേശങ്ങളെ കണ്ടിരുന്നത്. എന്നാല്‍, ചിലേടങ്ങളില്‍ ഒറ്റപ്പെട്ട ജനവിശ്വാസമാര്‍ജ്ജിച്ച മികച്ച പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. വിഴിഞ്ഞം, പൂന്തുറ, നീണ്ടകര, ആലപ്പുഴ, ചാവക്കാട്, മാറാട് തുടങ്ങി പല സ്ഥലങ്ങളും സംഘര്‍ഷങ്ങളുടേയും പൊലീസ് വെടിവെയ്പിന്റേയുമൊക്കെ പേരിലാണ് വാര്‍ത്തയില്‍ ഇടം പിടിച്ചത്. മത്സ്യബന്ധനത്തിനു കടലില്‍ പോകുന്ന തീരദേശ ജനങ്ങളെ സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന്റെ നേട്ടം വലുതായിരുന്നു. കടലിലെ ഏത് സംശയകരമായ നീക്കവും അവരുടെ കണ്ണില്‍പ്പെടും. ഒപ്പം പൊലീസുമായുള്ള നിരന്തര സമ്പര്‍ക്കം പുലര്‍ത്തുക വഴി, പഴയ സംശയത്തിന്റേയും ഭയത്തിന്റേയും അന്തരീക്ഷം മാറി സൗഹൃദത്തിലൂന്നിയ നല്ല ബന്ധം ഉണ്ടാകുകയും ചെയ്തു. അത്തരം അനവധി ബോധവല്‍ക്കരണ ക്ലാസ്സുകളില്‍ ഞാനും പങ്കെടുത്തു. തീരദേശ സുരക്ഷയില്‍ വന്‍തുക ചെലവഴിച്ച് നടപ്പാക്കിയ പല പദ്ധതികളേക്കാളും പ്രയോജനകരമായ നല്ല സംരംഭമാണ് കടലോര ജാഗ്രതാസമിതി. രാജ്യസുരക്ഷ എന്നാല്‍ ആയുധങ്ങളും ഏറ്റുമുട്ടലുകളും മാത്രമല്ല, സാധാരണ പൗരന്റെ ജാഗ്രതയും അവര്‍ക്ക് പൊലീസിലും സുരക്ഷാ ഏജന്‍സികളിലും ഉള്ള വിശ്വാസവും സഹകരണവും കൂടിയാണ്.
അധികം വൈകാതെ ഞാന്‍ തിരുവനന്തപുരം റേഞ്ചില്‍ ക്രമസമാധാന ചുമതലയില്‍ എത്തിയപ്പോഴും തീരദേശ സുരക്ഷാപ്രശ്‌നം മറ്റൊരു തലത്തില്‍ ഉയര്‍ന്നുവന്നു. അതില്‍ നിര്‍ണ്ണായക സഹായവും പിന്തുണയും ലഭിച്ചത് കേന്ദ്ര ഇന്റലിജെന്‍സില്‍ നിന്നാണ്. ആ ഉദ്യോഗസ്ഥരുമായുള്ള തൊഴില്‍പരമായ പരസ്പര ബഹുമാനം, വ്യക്തിബന്ധം, വിശ്വാസം ഇതെല്ലാം ഗുണകരമായി. ശ്രീലങ്കയില്‍നിന്നുള്ള തമിഴ് അഭയാര്‍ത്ഥികള്‍ ലോകത്തിന്റെ പല കോണുകളിലേയ്ക്കും പലായനം ചെയ്യുന്ന അവസ്ഥ അന്നുണ്ടായിരുന്നു. അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ മുഖേനയുള്ള നിയമവിരുദ്ധ പലായനം ദുഷ്‌കരമായപ്പോള്‍ അവര്‍ കണ്ടെത്തിയത് കടല്‍മാര്‍ഗ്ഗമായിരുന്നു. ആസ്ട്രേലിയയുടെ അധീനതയിലുള്ള ക്രിസ്തുമസ് ദ്വീപ് ആയിരുന്നു അന്ന് അഭയാര്‍ത്ഥികളുടെ സ്വപ്നഭൂമിയായി അറിയപ്പെട്ടിരുന്നത്. സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ കണ്ടെത്തിയ വഴി അതിസാഹസികമായിരുന്നു. ആ വഴി പലരേയും മരണത്തിലേയ്ക്കും നയിച്ചിട്ടുണ്ട്. സമാനതയില്ലാത്ത മാനുഷികദുരന്തം, ദേശീയ സുരക്ഷ, അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നായിരുന്നു ആ രക്ഷാമാര്‍ഗ്ഗം. അഭയാര്‍ത്ഥി പ്രശ്നം ലോകത്തെവിടെയും അങ്ങനെയാണല്ലോ. ആദ്യം തമിഴ്നാട് തീരം കേന്ദ്രീകരിച്ചായിരുന്നു ശ്രീലങ്കന്‍ തമിഴ്വംശജരുടെ മനുഷ്യക്കടത്ത്. തമിഴ്നാട് തീരം വഴിയുള്ള പലായനം കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആ മാര്‍ഗ്ഗം തല്‍ക്കാലം അടഞ്ഞു. അപ്പോഴാണ് മനുഷ്യക്കടത്തുകാര്‍ കേരളതീരം ലക്ഷ്യം വച്ചത്. ആദ്യം അഭയാര്‍ത്ഥികളെ തമിഴ്നാട്ടിലെ ക്യാമ്പുകളില്‍നിന്നും കേരളത്തിലെത്തിക്കുക. പിന്നീട് മുന്‍ പദ്ധതി പ്രകാരമുള്ള തീരപ്രദേശത്ത് നിശ്ചിത സമയത്ത് അവരെ എത്തിക്കും. അതിനുശേഷം അതീവ രഹസ്യമായി ബോട്ടില്‍ കയറ്റി അവരെ പുറംകടലിലേയ്ക്ക് കൊണ്ടുപോകും. അവിടെവച്ചാണ് ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള കപ്പലില്‍ കയറുക. അഭയാര്‍ത്ഥികള്‍ കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ മനുഷ്യക്കടത്തിന്റെ പ്രധാന ഘട്ടം കഴിയും. അനധികൃത ബോട്ട് നിര്‍മ്മാണം കൊച്ചി കേന്ദ്രീകരിച്ചു നടക്കുന്നുണ്ടെന്ന സൂചനകള്‍ ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. എന്നാല്‍, തമിഴ്നാട്ടില്‍നിന്ന് അഭയാര്‍ത്ഥികളെ കേരളത്തിലെത്തിച്ച് ഇവിടെനിന്നുള്ള ഓപ്പറേഷന്റെ സൂചന കൃത്യമായി ലഭിച്ചത് കേന്ദ്ര ഏജന്‍സിക്കാണ്. ഞങ്ങള്‍ ഒരുമയോടെ മുന്നോട്ടു നീങ്ങി. മനുഷ്യക്കടത്തുകാരുടെ ാീറൗ െീുലൃമിറശ (പ്രവര്‍ത്തന രീതി) വ്യക്തമായപ്പോള്‍ പൊലീസ് ഓപ്പറേഷന്‍ എങ്ങനെ ആയിരിക്കണം എന്ന ആലോചന തുടങ്ങി. കേന്ദ്ര ഏജന്‍സിയുടെ ഉന്നതങ്ങളില്‍നിന്ന് ആദ്യം വന്ന നിര്‍ദ്ദേശം അതിസാഹസികമായിരുന്നു. അഭയാര്‍ത്ഥികളെ രഹസ്യമായി ബോട്ടില്‍ പിന്തുടര്‍ന്ന് പൊലീസ് സംഘവും കടലിലേയ്ക്ക് നീങ്ങണമെന്നും അവസാന നിമിഷം പുറംകടലിലെ കപ്പലില്‍ കയറുന്ന സമയം പൊലീസ് ആക്ഷന്‍ നടത്തി എല്ലാപേരെയും പിടിക്കണം എന്നുമായിരുന്നു അവരുടെ ചിന്ത. ആലോചിച്ചപ്പോള്‍ ഏതാണ്ടൊരു ജയിംസ് ബോണ്ട് സിനിമാരംഗം പോലെ തോന്നി. പുറംകടലില്‍ കപ്പലും ബോട്ടും ഒക്കെ ഉള്‍പ്പെടുന്ന പൊലീസ് നടപടി എങ്ങനെയും കലാശിക്കാം. ധാരാളം മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നതിനു പോലും അത് ഇടയാക്കും. മയക്കുമരുന്ന് കച്ചവടം പിടിക്കുന്നതുപോലെ മനുഷ്യക്കടത്ത് പിടിക്കാന്‍ ശ്രമിക്കരുതെന്നു തോന്നി. മനുഷ്യക്കടത്ത് തടയുകയും കുറ്റവാളികളെ അറസ്റ്റുചെയ്യുകയുമാണല്ലോ ലക്ഷ്യം. അഭയാര്‍ത്ഥികള്‍ ബോട്ടിലേയ്ക്ക് നീങ്ങുന്നതിനു മുന്‍പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും കേസെടുത്ത് അന്വേഷിക്കുകയും ചെയ്താല്‍ മനുഷ്യക്കടത്തിന്റെ ഏജന്റുമാരേയും പിന്നിലും മുന്നിലും പ്രവര്‍ത്തിക്കുന്നവരേയും നിയമത്തിന്റെ വലയില്‍ കുരുക്കാനാകും എന്നായിരുന്നു എന്റെ നിലപാട്. ഹീറോയിസം കൂടാതെ കാര്യം നടക്കുകയും ചെയ്യും. ഭാഗ്യവശാല്‍ കേന്ദ്ര ഏജന്‍സിയുടെ ഉന്നതതലത്തിലും അതിനോട് യോജിപ്പുണ്ടായി. അങ്ങനെ ആഴ്ചകളോളം നടന്ന രഹസ്യാന്വേഷണത്തിനും വിവരശേഖരണത്തിനും ഒടുവില്‍, നാല്‍പ്പതോളം അഭയാര്‍ത്ഥികളെ കൊല്ലത്തൊരു ഹോട്ടലില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടടുത്ത ദിവസം ബോട്ടില്‍ യാത്ര തുടങ്ങാം എന്ന പ്രതീക്ഷയിലായിരുന്നു അവര്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടുംബസമേതം വന്നവരായിരുന്നു പലരും. ലക്ഷക്കണക്കിന് രൂപ ഏജന്റുമാര്‍ കൈക്കലാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച പല കണ്ണികളേയും തമിഴ്നാട്ടില്‍നിന്ന് അറസ്റ്റുചെയ്യാന്‍ കഴിഞ്ഞു. അഭയാര്‍ത്ഥികളുടെ അവസ്ഥ ചൂഷണം ചെയ്ത് മനുഷ്യക്കടത്തില്‍ ഏതെങ്കിലും തരത്തില്‍ പങ്കാളികളായ മുഴുവന്‍ ആളുകളും പ്രതികളായപ്പോള്‍, അഭയാര്‍ത്ഥികളെ പ്രതികളാക്കിയില്ല. സ്വന്തം ജീവിതസമ്പാദ്യം മുഴുവന്‍ വിറ്റ് കുടുംബസമേതം അഭയം തേടിയുള്ള യാത്രയ്ക്കിറങ്ങിയ അവരെ ഇരകളായാണ് ഞാന്‍ കണ്ടത്. വേണമെങ്കില്‍ എല്‍.ടി.ടി.ഇ ബന്ധം സംശയിക്കുന്നുവെന്നൊക്കെ രണ്ടുവരി കേസ് ഡയറിയില്‍ എഴുതിച്ചേര്‍ത്ത് വലിയൊരു സംഘത്തെ അറസ്റ്റു ചെയ്ത് അത് കേരളാ പൊലീസിന്റെ തൊപ്പിയിലെ തൂവല്‍ ആക്കാമായിരുന്നു. ഭാഗ്യത്തിന്, തൂവലുകള്‍ എന്നെ ഭ്രമിപ്പിച്ചില്ല. കുറേ പാവം മനുഷ്യരുടെ ദുരന്തജീവിതത്തില്‍ കൂടുതല്‍ ദുരിതം വിതറിയില്ല എന്ന ചെറിയ സന്തോഷം ബാക്കിയാണ്.
(തുടരും)
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates