'ഐ.ജിക്കു അങ്ങനെയൊക്കെ പറയാം; പക്ഷേ, അതൊന്നും നടക്കില്ല; ഇത് കണ്ണൂരാണ്'

അന്ന് യൂണിവേഴ്സിറ്റി കോളേജിലും കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലും ചില തീക്ഷ്ണസമരങ്ങളുടെ മുന്നില്‍ ഞാന്‍ കണ്ട കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നു തിരികെ എത്തുമ്പോള്‍ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് മന്ത്രി
'ഐ.ജിക്കു അങ്ങനെയൊക്കെ പറയാം; പക്ഷേ, അതൊന്നും നടക്കില്ല; ഇത് കണ്ണൂരാണ്'

തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയായി തെക്കന്‍ കേരളത്തില്‍ ക്രമസമാധാന ചുമതല വഹിക്കുമ്പോഴാണല്ലോ ഒരു മോഹം എന്നെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഹൈദ്രാബാദിലെ നാഷണല്‍ പൊലീസ് അക്കാദമിയില്‍ എത്തിച്ചത്. അന്ന് യൂണിവേഴ്സിറ്റി കോളേജിലും കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലും ചില തീക്ഷ്ണസമരങ്ങളുടെ മുന്നില്‍ ഞാന്‍ കണ്ട കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നു തിരികെ എത്തുമ്പോള്‍ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് മന്ത്രി. സമരരംഗത്ത് പണ്ട് ഞാന്‍ ഇടപഴകിയ നേതാവ് പൊലീസ് മന്ത്രി ആയപ്പോള്‍ എന്നെ കണ്ണൂര്‍ റേഞ്ചില്‍ ക്രമസമാധാനത്തിന്റെ ചുമതലയ്ക്കായി നിയോഗിക്കാനാണ് തീരുമാനിച്ചത്. പൊലീസ് ആസ്ഥാനത്ത് ഡി.ജി.പിയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ''നിങ്ങളെ കണ്ണൂരില്‍ ഐ.ജിയായി പോസ്റ്റ് ചെയ്യും. ആഭ്യന്തരമന്ത്രിയെ കാണുമ്പോള്‍ അദ്ദേഹം അത് പറയും.'' വ്യക്തിപരമായി എനിക്ക് അതൊരല്പം ബുദ്ധിമുട്ടുള്ള ഘട്ടമായിരുന്നു. ഒരു മാസം മുന്‍പ് ഹൈദ്രബാദില്‍നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള കാര്‍ യാത്രയില്‍ ഉണ്ടായ അപകടത്തില്‍ എന്റെ ഭാര്യ അപ്പോഴും വലത് കാല്‍ പ്ലാസ്റ്ററിട്ട അവസ്ഥയിലായിരുന്നു. വീണ്ടും അഞ്ചോ ആറോ ആഴ്ചയ്ക്കകം മറ്റൊരു സര്‍ജറി വേണ്ടിയിരുന്നു. ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം കണ്ണൂര്‍ നിയമനത്തിന്റെ കാര്യം പറഞ്ഞു. കേരളത്തില്‍ തിരിച്ചെത്തിയ ഉടന്‍ ഒരു പ്രധാന ചുമതലയില്‍ നിയമിക്കാന്‍ പരിഗണിച്ചത് സന്തോഷകരമായിരുന്നു. സര്‍ജറി കഴിഞ്ഞ് കണ്ണൂരില്‍ പോകാം എന്നു കരുതി ഏതാനും ആഴ്ച സമയം ചോദിച്ചു. അദ്ദേഹം അതനുവദിക്കുകയും ചെയ്തു.  ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഇങ്ങനെ ഒരു സൗജന്യം തേടേണ്ടിവന്നിട്ടുള്ളു. താല്‍ക്കാലികമായി എന്നെ ഇന്റലിജെന്‍സില്‍ നിയമിച്ചു. അതിന്റെ മേധാവിയായിരുന്ന ജേക്കബ്ബ് പുന്നൂസിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന പുതിയ പൊലീസ് ആക്ട് നിര്‍മ്മാണം, കമ്മ്യൂണിറ്റി പൊലീസ് സമ്പ്രദായം ആവിഷ്‌കരിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ തുടങ്ങിയത് അപ്പോഴാണ്. എന്നെ സംബന്ധിച്ചിടത്തോളം പഴയ പൊലീസ് അക്കാദമി പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചപോലെ അതനുഭവപ്പെട്ടു. 

കോടിയേരി ബാലകൃഷ്ണൻ
കോടിയേരി ബാലകൃഷ്ണൻ

സര്‍ക്കാരിന്റെ പരിപാടിയായി കമ്മ്യൂണിറ്റി പൊലീസ് സമ്പ്രദായം ജനമധ്യത്തില്‍ അവതരിപ്പിച്ചത് അന്നാണ്. ഈ പുതിയ ആശയം എന്ത്? എങ്ങനെ? എന്നതിന്മേല്‍ തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ഒരു സെമിനാര്‍ നടന്നു. ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത സെമിനാറില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ഏതാണ്ട് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളേയും പ്രതിനിധീകരിച്ച് നേതാക്കളും സജീവമായി പങ്കെടുത്തു. സമൂഹത്തിന്റെ ഇതര മേഖലകളിലെ പ്രതിനിധികളും പങ്കെടുത്ത സെമിനാറില്‍ ജസ്റ്റിസ് കെ.ടി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ഐ.ജി. ബി. സന്ധ്യ കരട്രേഖ അവതരിപ്പിക്കുകയും എ.ഡി.ജി.പി ജേക്കബ് പുന്നൂസ് വിഷയം വിശദീകരിക്കുകയും ചെയ്തു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് അവതരിപ്പിക്കേണ്ട ചുമതല എനിക്കായിരുന്നു. പൊതുവേ എല്ലാവരും സ്വാഗതം ചെയ്തെങ്കിലും രണ്ട് കാര്യങ്ങള്‍ പ്രത്യേകം വിശദീകരിക്കേണ്ടിവന്നു. പുതിയ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷന്‍ തലത്തില്‍ രൂപീകരിക്കുന്ന സമിതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അതില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന അവസ്ഥ ഉണ്ടാകരുത് എന്ന് പലരും പറഞ്ഞു. സമിതിയില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടേയും പ്രാദേശിക ഭാരവാഹികളെ ഉള്‍പ്പെടുത്തണം എന്ന അഭിപ്രായം കേരളാകോണ്‍ഗ്രസ്സ് നേതാവ് ടി.എം. ജേക്കബ് മുന്നോട്ടുവച്ചു. ആ സമിതിയില്‍ രാഷ്ട്രീയം കലര്‍ത്താതെ മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, ദളിത് വിഭാഗം, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തുമെന്നു് ഞാന്‍ വിശദീകരിച്ചു. അവര്‍ക്കെല്ലാം അവരുടെ രാഷ്ട്രീയ വിശ്വാസങ്ങള്‍ സ്വാഭാവികമായും ഉണ്ടാകാം. എന്നാല്‍, രാഷ്ട്രീയ പരിഗണനയില്‍ മാത്രം ആരെയും ഉള്‍പ്പെടുത്തുകയുമില്ല; ഒഴിവാക്കുകയുമില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ടി.എം. ജേക്കബ് വീണ്ടും ഇടപെട്ടു. ആ ഘട്ടത്തില്‍ ആഭ്യന്തരവകുപ്പ് മന്ത്രി അദ്ദേഹത്തെ അനുനയിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട, പരിശീലനം നല്‍കിയ, ബീറ്റ് ഓഫീസര്‍ എന്നറിയപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഗൃഹസന്ദര്‍ശനമായിരുന്നു പദ്ധതിയുടെ കാതല്‍. ഈ ഗൃഹസന്ദര്‍ശനം ചില ഉല്‍ക്കണ്ഠകള്‍ ഉയര്‍ത്തി. അത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള അനാവശ്യ കടന്നുകയറ്റമാകരുത് എന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എന്‍. മാധവന്‍കുട്ടി പ്രത്യേകം ഓര്‍മ്മിപ്പിച്ചു. അതുകൂടി ഉള്‍ക്കൊണ്ട് ഗൃഹസന്ദര്‍ശനത്തെപ്പറ്റി ഞാന്‍ നല്‍കിയ വിശദീകരണം സ്വീകരിക്കപ്പെട്ടു. അന്നത്തെ ചര്‍ച്ച ഞങ്ങള്‍ക്കും നല്ലൊരു പാഠമായിരുന്നു. പൊലീസിലെ ഏത് പരിഷ്‌കാരവും സങ്കുചിത രാഷ്ട്രീയ വീക്ഷണത്തില്‍ തട്ടിത്തകരുന്ന കേരളത്തില്‍ ഈ വിഷയത്തില്‍ അതുണ്ടാകാതിരുന്നത് ആഭ്യന്തരമന്ത്രിയുടെ സമീപനംകൊണ്ട് കൂടിയാണ്.  കേരളത്തിലെ പൊലീസ് പ്രവര്‍ത്തനങ്ങളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വാധീനിച്ച ഒരു സംരംഭത്തിന്റെ തുടക്കം അതായിരുന്നു. 

ജേക്കബ് പുന്നൂസ്
ജേക്കബ് പുന്നൂസ്

വ്യക്തിപരമായ എന്റെ അസൗകര്യം നീണ്ടുപോയി. കണ്ണൂര്‍ ഐ.ജി. പോസ്റ്റ് ദീര്‍ഘകാലം അനിശ്ചിതത്വത്തില്‍ നിര്‍ത്താനാകില്ലല്ലോ. അതുകൊണ്ട് മന്ത്രി അനുവദിച്ച സമയം കഴിഞ്ഞപ്പോള്‍ ഞാന്‍ കണ്ണൂരില്‍ പോയി. 

അഞ്ചു വര്‍ഷത്തെ അക്കാദമി ജീവിതം കഴിഞ്ഞ് വീണ്ടും ക്രമസമാധാനപാലന ചുമതലയില്‍ എത്തുമ്പോള്‍ ഒരു സന്ദേഹം മനസ്സിലുണ്ടായി. കഴിഞ്ഞ അഞ്ചു വര്‍ഷം അനുഭവസമ്പന്നവും അര്‍ത്ഥപൂര്‍ണ്ണവും ആയിരുന്നുവെങ്കിലും അതൊരു മൃദുജീവിതമായിരുന്നു. ഫീല്‍ഡ് തല പൊലീസ് പ്രവര്‍ത്തനത്തിന്റെ പരുക്കന്‍ അനുഭവങ്ങളുടെ അവധിക്കാലം കൂടി ആയിരുന്നു പൊലീസ് അക്കാദമിയില്‍ കടന്നുപോയ അഞ്ചു വര്‍ഷങ്ങള്‍. രാഷ്ട്രീയ സാമൂഹ്യസമ്മര്‍ദ്ദങ്ങള്‍ തീരെ ഇല്ലാതിരുന്ന ഒരുകാലം. സമൂഹത്തിലെ സംഘര്‍ഷങ്ങളും അധികാരലോകത്തെ ഇതര ശക്തികളുമായുള്ള നിരന്തരമായ ഏറ്റുമുട്ടലുകളും വടകര പൊലീസ് സ്റ്റേഷന്‍ കാലത്തേ തുടങ്ങിയതാണ്. സംഘര്‍ഷഭരിതമായ സമൂഹത്തില്‍ ഇതൊക്കെ നേരിട്ടുകൊണ്ട് നേരെചൊവ്വെ പ്രവര്‍ത്തിക്കുവാനുമുള്ള പ്രാപ്തി പൊലീസ് ഉദ്യോഗസ്ഥനു പ്രധാനമാണ്. അക്കാദമിയില്‍ പൊലീസ് എത്തിക്സിനെക്കുറിച്ചൊക്കെ ഐ.പി.എസ് പ്രൊബേഷണര്‍മാരുടെ ക്ലാസ്സ് മുറികളിലും പഞ്ചനക്ഷത്ര സൗകര്യമുള്ള സെമിനാര്‍ ഹാളുകളിലും തീവ്രമായ താത്ത്വിക ചര്‍ച്ച ഒരുപാട് നടത്തിയിട്ടുണ്ട്. അതെളുപ്പമായിരുന്നു. പക്ഷേ, പ്രയോഗം അങ്ങനെയല്ലല്ലോ. ക്ലാസ്സ് മുറിയില്‍ ഉണ്ടായിരുന്ന അക്ബര്‍ അന്ന് തലശ്ശേരിയില്‍ എ.എസ്.പി ആയിരുന്നു. സമ്മര്‍ദ്ദത്തിനു വഴങ്ങി തെറ്റായ കാര്യങ്ങള്‍ക്കു കൂട്ടുനിന്നാല്‍ ''സാറിതൊന്നും അല്ലല്ലോ ക്ലാസ്സില്‍ പറഞ്ഞത്'' എന്ന് ചോദിക്കും അക്ബര്‍ എന്നെനിക്കുറപ്പാണ്. തടിതപ്പാന്‍ താത്ത്വിക വിശകലനം വേറെ കണ്ടുപിടിക്കണം, അധികാര സ്ഥാനത്തെത്തുന്ന ചില ബുദ്ധിജീവികളെപ്പോലെ. അതിനും പ്രാപ്തരായ പല മാതൃകകളേയും അക്കാദമിയില്‍ കണ്ടു. ''അദ്ദേഹം ഭഗവദ്ഗീതയെക്കുറിച്ച് മഹത്തായ ഗ്രന്ഥം രചിച്ചിട്ടുണ്ട്; പക്ഷേ, ഒരു ധര്‍മ്മവും സ്വന്തം ജോലിയില്‍ പുലര്‍ത്തിയിട്ടില്ല'', എന്നാണ് ഒരു ഉയര്‍ന്ന ബ്യൂറോക്രാറ്റിനെ മറ്റൊരു സഹപ്രവര്‍ത്തകന്‍ വിവരിച്ചത്. കണ്ണൂരില്‍ എത്തുമ്പോള്‍ ഇത്തരം ഉല്‍ക്കണ്ഠകള്‍ മനസ്സില്‍ ഉണ്ടായിരുന്നു. അത് പരീക്ഷിക്കാനുള്ള അവസരം വൈകിയില്ല. 

ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി

കണ്ണൂരിലെ ആദ്യ പരീക്ഷ

കാസര്‍കോഡും വയനാടും കോഴിക്കോട് സിറ്റിയും റൂറലും എല്ലാം അടങ്ങുന്നതായിരുന്നു ആ റേഞ്ചെങ്കിലും ശ്രദ്ധയാകര്‍ഷിച്ചത് കണ്ണൂരായിരുന്നു. എന്നാല്‍, കാസര്‍കോഡ് ജില്ലയില്‍ ഇടയ്ക്കിടെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ പൊലീസിനു തലവേദന സൃഷ്ടിച്ചിട്ടുണ്ട്. കാഞ്ഞങ്ങാടിനടുത്ത് അങ്ങനെ സമാധാനലംഘനം ഉണ്ടായപ്പോള്‍ ഞാനവിടെ ഓടിപ്പോയിട്ടുമുണ്ട്. ഹിന്ദു-മുസ്ലിം വര്‍ഗ്ഗീയത വളര്‍ത്താന്‍ കാരണം കണ്ടുപിടിച്ച് രാപകലില്ലാതെ അധ്വാനിക്കുന്ന ചില 'മാന്യന്മാര്‍' അവിടെ ഉണ്ടായിരുന്നു. അതിനുള്ള ഒരവസരവും അവര്‍ പാഴാക്കിയില്ല. പക്ഷേ, സാധാരണ ജനങ്ങള്‍  ഇവരെക്കാള്‍ നല്ല മനുഷ്യരാണ്. അതുകൊണ്ടാകണം യഥാസമയം പൊലീസ് ശരിയായ നടപടി സ്വീകരിച്ച സന്ദര്‍ഭങ്ങളില്‍ പ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 

രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഇടയ്ക്കിടെ കണ്ണൂരിലെ ക്രമസമാധാന പാലനത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. പ്രശ്നം ഉണ്ടാകുമ്പോള്‍ അത് സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധയാകര്‍ഷിക്കും. എന്നാല്‍, അതില്ലെങ്കില്‍ കേരളത്തിലെ പല ജില്ലകളേയും അപേക്ഷിച്ച് പ്രശ്നരഹിതമാണുതാനും. രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും സമാധാന ജീവിതത്തെ ഭംഗപ്പെടുത്താതെ എങ്ങനെ മുന്നോട്ടു പോകാം എന്നതായിരുന്നു എന്റെ മനസ്സില്‍ സ്ഥാനം പിടിച്ച മുഖ്യവിഷയം. അവിടുത്തെ സഹപ്രവര്‍ത്തകരും മുന്‍പ് ജോലി ചെയ്തിട്ടുള്ളവരും എല്ലാം പറയുന്ന അഭിപ്രായങ്ങള്‍ ഞാന്‍ സശ്രദ്ധം കേട്ടു. മുന്‍കാല ചരിത്രത്തില്‍നിന്നു കേട്ട ഒരൊറ്റമൂലിപ്രയോഗം ഇതായിരുന്നു. രാഷ്ട്രീയ കൊലപാതകമുണ്ടായാല്‍ ഏത് കക്ഷിയില്‍പ്പെട്ടവരാണ് പ്രതിസ്ഥാനത്ത് എന്നു മനസ്സിലാക്കി ആ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തും. അക്കാര്യത്തില്‍ വേറെ അന്വേഷണമൊന്നുമില്ല; മാരകരോഗത്തിനു മാരകമായ ചികിത്സ. അതിനെക്കാള്‍ വിപ്ലവകരമായിരുന്നു മറ്റൊരു കുറ്റാന്വേഷണ സിദ്ധാന്തം. അത് പറഞ്ഞത് അവിടുത്തെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. ഏതാണ്ടൊരു master stroke (അപാര തന്ത്രം) പോലെയാണത് അവതരിപ്പിച്ചത്. ''സ്റ്റേഷനില്‍ രാഷ്ട്രീയ കൊലപാതകമുണ്ടായപ്പോള്‍ അവര് പറഞ്ഞവരെയെല്ലാം നമ്മള്‍ പ്രതിയാക്കിക്കൊടുത്തു. പിന്നെ അവര്‍ക്കു പരാതിയില്ല. ഒരു പ്രശ്‌നത്തിനും അവര്‍ പോയില്ല. ഒറ്റ സംഭവത്തില്‍ ഒതുങ്ങി. കൗണ്ടര്‍ കൊലപാതകം ഒന്നും ഉണ്ടായില്ല.'' ഇവിടെ 'അവര്‍' എന്നത് കൊലചെയ്യപ്പെട്ട വ്യക്തിയുടെ പാര്‍ട്ടി നേതാക്കള്‍ എന്നും 'നമ്മള്‍' എന്നത് പൊലീസിലെ അന്വേഷണ ഉദ്യോഗസ്ഥനും മേല്‍നോട്ടക്കാരും എന്നാണര്‍ത്ഥം. ഒരിക്കല്‍ സംസ്ഥാനത്തെ മികച്ച കുറ്റാന്വേഷകനുള്ള അവാര്‍ഡ് നേടിയ ഉദ്യോഗസ്ഥനാണ് ഈ സിദ്ധാന്തം അവതരിപ്പിച്ചത്! ഇങ്ങനെ ചില കുറ്റാന്വേഷണ സിദ്ധാന്തങ്ങള്‍ അവിടെ നടപ്പായിരുന്നു. അപ്പോള്‍ പിന്നെ പീനല്‍ക്കോഡ്, ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡ്, തെളിവ് നിയമം തുടങ്ങിയ 'ശല്യ'ങ്ങളെപ്പറ്റിയൊന്നും പൊലീസ് മനസ്സ് വിഷമിപ്പിക്കേണ്ട. 'നിയമവാഴ്ച', 'ഭരണഘടന' എന്നൊക്കെ പറയുന്നത് വേണ്ടേ വേണ്ട. കണ്ണൂരിനെപ്പറ്റി 'വിവര'മില്ലാത്ത പുതിയ ഐ.ജിക്ക് അനുഭവസമ്പന്നരുടെ ബോധവല്‍ക്കരണം ഇങ്ങനെയൊക്കെയായിരുന്നു. 'ചുരുളി ഇഫക്ട്' എന്നു പേരിടാവുന്ന ഒരു പ്രതിഭാസം പോലെ എനിക്കത് അനുഭവപ്പെട്ടു. പാലം കടന്ന് ചുരുളിയില്‍ പ്രവേശിക്കുമ്പോള്‍ അവിടെ വ്യത്യസ്ത സദാചാര നിയമങ്ങളാണ് എന്നാണല്ലോ ചുരുളി സിനിമയുടെ പ്രമേയം. മാഹിപ്പാലം കടന്നാല്‍  കേസന്വേഷണത്തിന്റെ കാര്യത്തില്‍ ഇത് മറ്റൊരു ലോകം  എന്നായിരുന്നു ഉദ്‌ബോധനങ്ങള്‍. അതെനിക്ക് ഉള്‍ക്കൊള്ളാനായില്ല. രാഷ്ട്രീയ കൊലപാതകമായാലും മറ്റെന്തായാലും ആരാണ് കുറ്റവാളികള്‍ എന്ന് കണ്ടെത്തേണ്ട ചുമതല പൊലീസ് ഉദ്യോഗസ്ഥന്റേതു മാത്രമാണ്. ആ ഉത്തരവാദിത്വം പാര്‍ട്ടിനേതാക്കള്‍ക്ക് നല്‍കുന്ന ഏര്‍പ്പാട് ഒരു പരിഷ്‌കൃത ജനാധിപത്യ ലോകത്ത് ചിന്തിക്കാനാവുന്നതല്ല. 

ഐജി ബി സന്ധ്യ
ഐജി ബി സന്ധ്യ

കണ്ണൂരില്‍ പണ്ടേ ഈ ഏര്‍പ്പാടുണ്ടായിരുന്നുവെന്ന്, ഞാനീ വിഷയം ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണനുമായി സംസാരിച്ച അവസരത്തില്‍ അദ്ദേഹവും പറഞ്ഞു. പിണറായി വിജയന്‍ തന്നെ കളവായി ഒരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വിശദാംശങ്ങള്‍ സഹിതം പറഞ്ഞതോര്‍ക്കുന്നു.  'ചുരുളി ഇഫക്ട്' പണ്ടേ തുടങ്ങിയിരുന്നു. പൊലീസ് സ്റ്റേഷന്‍ ചുമതല വഹിക്കുന്ന എസ്.ഐ മുതല്‍ മുകളിലോട്ടുള്ള മുഴുവന്‍ ഉദ്യോഗസ്ഥരുടേയും യോഗം ഞാന്‍ എല്ലാ ജില്ലകളിലും വിളിച്ചിരുന്നു. കണ്ണൂര്‍ എസ്.പിയുടെ ഓഫീസില്‍ വിളിച്ച യോഗത്തില്‍ ഏറെ സമയം ചെലവഴിച്ചത് രാഷ്ട്രീയ സംഘട്ടന കേസുകളുടെ അന്വേഷണം ചര്‍ച്ച ചെയ്യാനാണ്. യഥാര്‍ത്ഥ പ്രതികളെ അല്ലാതെ ഒരാളേയും രാഷ്ട്രീയ നേതാക്കളുടെ ആവശ്യമനുസരിച്ച് കേസിലുള്‍പ്പെടുത്താന്‍ പാടില്ല എന്ന് എടുത്തുപറഞ്ഞു. യാന്ത്രികമായി ഒരു ഉത്തരവിന്റെ സ്വഭാവത്തില്‍ പറയുന്നതിനപ്പുറം അതിന്റെ നിയമപരവും ധാര്‍മ്മികവും പ്രായോഗികവുമായ വശങ്ങള്‍ വിശദീകരിക്കുവാനും ശ്രമിച്ചു. അന്വേഷണം നടത്താതെ ഏതെങ്കിലും നേതാവ് നല്‍കുന്ന ലിസ്റ്റനുസരിച്ച് നിരപരാധിയെ കൊലക്കേസില്‍ പ്രതിയാക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തിയും കൊലപാതകമോ കൊലപാതക ശ്രമമോ തന്നെ എന്നായിരുന്നു എന്റെ പക്ഷം. ഈ അറസ്റ്റിന്റെ തുടര്‍ച്ചയായി 'അന്വേഷണം' പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്ന ചാര്‍ജ്ഷീറ്റ് ആണല്ലോ  പ്രോസിക്യൂഷന്‍ കേസ്. വിചാരണയില്‍ അത് വിജയിച്ചാല്‍ പ്രതിക്ക് ഒന്നുകില്‍ വധശിക്ഷ അല്ലെങ്കില്‍ ജീവപര്യന്തം തടവ് ലഭിക്കും. ആ വധശിക്ഷയും ഫലത്തില്‍ കൊലപാതകം തന്നെ; നിയമവഴിയിലൂടെ സാധ്യമാകുന്ന കൊലപാതകം. നിയമം നിയമത്തിന്റെ വഴിയേ എന്നു പറയുമ്പോള്‍ നിയമത്തെ ഇങ്ങനെയും വഴി നടത്താം. പാവം നിയമത്തിനു സ്വയം സഞ്ചരിക്കാനാകില്ലല്ലോ. പൊലീസും വക്കീലും ജഡ്ജിയും എല്ലാം ചേര്‍ന്ന് നിയമത്തെ പിടിച്ച് നടത്തുകയല്ലേ. നിയമവഴിയില്‍ വെളിച്ചം പകരാന്‍, അതോ ഇരുട്ടില്‍ മൂടാനോ കുറേ കള്ളസാക്ഷികളും ഉണ്ടാകും. പ്രതികളെ കണ്ടെത്താന്‍ കഴിയുന്ന നേതാക്കള്‍ക്ക് സാക്ഷികളെ കണ്ടെത്താന്‍ എന്ത് പ്രയാസം? കള്ളസാക്ഷിയാകുമ്പോള്‍ അയാളെല്ലാം 'കിറുകൃത്യമായി കാണും.' അതുപോലെ മൊഴി കൊടുക്കുകയും ചെയ്യും. എതിര്‍ വിസ്താരത്തില്‍ യഥാര്‍ത്ഥ സാക്ഷികള്‍ക്കു ആശയക്കുഴപ്പം സംഭവിക്കാം; പക്ഷേ, കള്ളസാക്ഷികള്‍ പാറപോലെ ഉറച്ചുനില്‍ക്കും. കത്തിക്കുത്തിലൂടെ ഒരു കുറ്റവാളി ചെയ്യുന്നപോലെ ഹീനമായ പ്രവൃത്തി തന്നെയാണ് നിയമപരമായ അധികാരം ദുരുപയോഗം ചെയ്ത് നിരപരാധിയെ കേസില്‍ പ്രതിയാക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും ചെയ്യുന്നത്. കണ്ണൂരിലെ  യോഗത്തില്‍ ഇക്കാര്യങ്ങള്‍ സംശയത്തിനിടയില്ലാതെ ഞാന്‍ വിശദീകരിച്ചു. മുന്‍പ് ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ സ്വമേധയാ ഞാനതിന്റെ പിറകെ പോകുന്നില്ലെന്നും എന്നാല്‍ മേലില്‍ അങ്ങനെ ഉണ്ടായാല്‍, അതില്‍ ഇടപെടുകതന്നെ ചെയ്യുമെന്നും വ്യക്തമാക്കി. 

ടിഎം ജേക്കബ്
ടിഎം ജേക്കബ്

ഈ സാരോപദേശം കൊണ്ടൊരു പ്രയോജനവും ഇല്ലായെന്നു വെളിവാക്കുന്ന ഒരു സംഭവം എന്റെ മൂക്കിനു താഴെ നടന്നു. വലിയ വാര്‍ത്താപ്രാധാന്യം ഒന്നും ഇല്ലാതിരുന്ന ഒരു തല്ലുകേസായിരുന്നു തുടക്കം. കണ്ണൂര്‍ ടൗണില്‍ തന്നെയാണ് അതുണ്ടായത്. മര്‍ദ്ദനമേറ്റത് സി.പി.എം അനുഭാവിയായ ഒരു ചെറുപ്പക്കാരനായിരുന്നു. വിരോധകാരണമെന്തെന്നോ ആരാണ് തല്ലിയതെന്നോ വ്യക്തമല്ലായിരുന്നു. പ്രകടമായ രാഷ്ട്രീയ വിരോധവും കണ്ടില്ല. പൊലീസ് കൊലപാതക ശ്രമത്തിനു കേസെടുത്തു. എന്നുമാത്രമല്ല, അന്ന് അര്‍ദ്ധരാത്രി തന്നെ കേസില്‍ പ്രതിയെന്നു പറഞ്ഞ് ഒരാളെ അറസ്റ്റു ചെയ്തു. അയാള്‍ കോണ്‍ഗ്രസ് അനുഭാവിയായ ഒരു യുവാവായിരുന്നു. ഈ അറസ്റ്റ് വലിയ പ്രതിഷേധത്തിനിടയാക്കി. സംഭവവുമായി ഒരു ബന്ധവുമില്ലാത്ത, വെറുതെ വീട്ടില്‍ കിടന്നുറങ്ങിയ നിരപരാധിയെ ആണ് അറസ്റ്റ് ചെയ്തതെന്ന് കോണ്‍ഗ്രസ്സുകാര്‍ ആരോപിച്ചു. പൊലീസിനു നേരെ വലിയ വിമര്‍ശനം ഉണ്ടായി. പല നേതാക്കളും എന്റെ ഓഫീസില്‍ വന്ന് നേരിട്ടു പരാതി നല്‍കി. വലിയ ധാര്‍മ്മിക രോഷത്തോടെയാണ് അവര്‍ സംസാരിച്ചത്. പൊലീസിനു തെറ്റു പറ്റിയോ എന്ന് എനിക്കു സംശയം തോന്നി. കെ. സുധാകരന്‍ എന്നെ ഫോണില്‍ വിളിച്ചപ്പോള്‍ ഒരു കാര്യം പറഞ്ഞത് പ്രത്യേകം ഓര്‍ക്കുന്നു. പെരളശ്ശേരിയിലെ വീട്ടില്‍ കിടന്നുറങ്ങുമ്പോഴാണ് ആ യുവാവിനെ അറസ്റ്റ് ചെയ്തത്.  മാര്‍ക്സിസ്റ്റുകാരനെ തല്ലിയ ശേഷം ഒരു കോണ്‍ഗ്രസ്സുകാരനും പെരളശ്ശേരി പോലൊരു സ്ഥലത്ത് സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ ധൈര്യം കാണിക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാര്‍ക്സിസ്റ്റ് ശക്തികേന്ദ്രമായ അവിടെ അയാള്‍ ആക്രമിക്കപ്പെടും എന്നുറപ്പാണത്രെ. പെരളശ്ശേരി എന്ന് ഞാന്‍ പണ്ടേ കേട്ടിട്ടുണ്ട്, വിദ്യാര്‍ത്ഥിയായിരിക്കെ വായിച്ച മഹാനായ എ.കെ.ജിയുടെ ആത്മകഥയില്‍. അറസ്റ്റില്‍ വലിയ ആക്ഷേപമുയര്‍ന്നപ്പോള്‍ അതേപ്പറ്റി ഞാന്‍ നേരിട്ട് അല്പം വിവരം ശേഖരിച്ചു. പരാതിക്ക് അടിസ്ഥാനമുണ്ട് എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. ഡി.വൈ.എസ്.പിയുടെ വാക്കാലുള്ള നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ് നടന്നതെന്നും മറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും കേട്ടു. അതിലൊരാള്‍ നിരപരാധിയെ അറസ്റ്റുചെയ്യരുത് എന്ന് ഐ.ജി പറഞ്ഞതല്ലേ എന്നും ചോദിച്ചു. ''ഐ.ജിക്കു അങ്ങനെയൊക്കെ പറയാം; പക്ഷേ, അതൊന്നും നടക്കില്ല; ഇത് കണ്ണൂരാണ്'' എന്നായിരുന്നുവത്രെ ഡി.വൈ.എസ്.പിയുടെ മറുപടി. 

പിണറായി വിജയൻ 
പിണറായി വിജയൻ 

കണ്ണൂരില്‍ എന്റെ ആദ്യ പരീക്ഷ ഇതായിരുന്നു. അറസ്റ്റിലുള്ള പ്രതിഷേധമൊക്കെ പെട്ടെന്ന് തീരും. കുറേ കഴിയുമ്പോള്‍ കണ്ണൂരല്ലേ, ഭരണകക്ഷിയല്ലേ, പൊലീസല്ലേ, അറസ്റ്റ് ചെയ്യാതെ അവര്‍ക്ക് പറ്റില്ലല്ലോ എന്ന്  പ്രതിഷേധക്കാര്‍ തിരിച്ചറിയും; ''കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ, പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ'' എന്ന് അയ്യപ്പപ്പണിക്കര്‍ സാര്‍ എഴുതിയ പോലെ. പ്രശ്നം പ്രതിഷേധം മാത്രമല്ല. തികച്ചും നിയമപരമായ നിര്‍ദ്ദേശം ഐ.ജി നേരിട്ട് നല്‍കിയിട്ടും അതു് കാര്യകാരണസഹിതം വിശദീകരിച്ചിട്ടും തൊട്ടുപിറകെ അതിന്റെ നഗ്‌നമായ ലംഘനം ഉണ്ടായി. അതും കൂടിയായിരുന്നു എന്റെ പ്രശ്നം. 

കെ സുധാകരൻ
കെ സുധാകരൻ

ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്തിനാണ് താഴോട്ട് ഇറങ്ങി സബ് ഇന്‍സ്പെക്ടറും സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഒക്കെ ചെയ്യേണ്ട കാര്യങ്ങളില്‍ ഇടപെടുന്നത് എന്ന് വേണമെങ്കില്‍ ചിന്തിക്കാം.  നിയമം പൊലീസിനു നല്‍കുന്ന അധികാരം മിക്കവാറും നിക്ഷിപ്തമായിരിക്കുന്നത് പൊലീസ് സ്റ്റേഷനുകളിലാണ്. അത് ദുര്‍വിനിയോഗം ചെയ്യുന്നില്ല എന്നുറപ്പ് വരുത്താനുള്ള ചുമതല ഉയര്‍ന്ന ഉദ്യോഗസ്ഥനുണ്ട്. അതുകൊണ്ട് കൂടിയാണ് ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡില്‍ തന്നെ സ്റ്റേഷന്‍ ചുമതലക്കാരനുള്ള എല്ലാ അധികാരവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരിക്കുന്നത്. എന്നാല്‍, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അധികാരത്തിന്റെ ഏണിപ്പടികള്‍ കയറും തോറും കൂടുതലും നോട്ടം ഉയരങ്ങളിലേക്കാണ്. ഇവിടെ ഉയര്‍ന്ന ഗുരുതരമായ അധികാര ദുര്‍വിനിയോഗത്തില്‍ ഇടപെട്ടേ മതിയാകൂ എന്നെനിക്കു തോന്നി. ഈ ഇടപെടലില്‍ ഒരു പ്രശ്നം ഉണ്ട്. പ്രത്യക്ഷത്തില്‍ അത് ഒരു കീഴുദ്യോഗസ്ഥന് എതിരെ ആണെങ്കിലും ഫലത്തില്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെതിരെ ആകും. കാരണം, ഉദ്യോഗസ്ഥന്റെ തെറ്റായ പ്രവൃത്തി രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമായിരിക്കും. അതുകൊണ്ടാണ് 'ബുദ്ധിമാന്മാരായ' ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കുലറുകളും നിര്‍ദ്ദേശങ്ങളും ധാരാളം പുറപ്പെടുവിച്ച് തൃപ്തി അടയുന്നത്. അത് പാലിക്കുന്നുണ്ടോ എന്ന് നോക്കിയാല്‍ പലപ്പോഴും രാഷ്ട്രീയ സമ്മര്‍ദ്ദത്തെ അഭിമുഖീകരിക്കേണ്ടിവരും.  അറസ്റ്റിനെക്കുറിച്ച് ലഭിച്ച പരാതിയില്‍ സര്‍ക്കാര്‍ കാര്യം മുറപോലെ ശൈലിയില്‍ താഴോട്ടൊരു റിപ്പോര്‍ട്ട് തേടാം. പിന്നെയും പരാതി വരുകയാണെങ്കില്‍ അന്വേഷണത്തിലാണെന്നു പറയാം. അത് അനന്തമായി നീണ്ടുപോകും. ക്രമേണ പരാതിയുടെ തീവ്രത കുറഞ്ഞ് അത് കെട്ടടങ്ങും. 

ഞാന്‍ ജില്ലാ എസ്.പി മാത്യു പോളികാര്‍പ്പിന് വ്യക്തമായ ഒരു അര്‍ദ്ധ ഔദ്യോഗിക കത്തെഴുതി. കേസില്‍ അറസ്റ്റ് ചെയ്ത വ്യക്തിയുടെ പങ്കാളിത്തം സംബന്ധിച്ച് നേരിട്ട് അന്വേഷിക്കുവാന്‍ നിര്‍ദ്ദേശിച്ചു. എസ്.പി നേരിട്ട് തെളിവ് ശേഖരിച്ചു നടത്തുന്ന അന്വേഷണത്തില്‍ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടാല്‍ മാത്രമേ ചാര്‍ജ്ഷീറ്റ് നല്‍കാവൂ എന്നും നിരപരാധിയാണെങ്കില്‍ അയാളെ ഒഴിവാക്കുവാനും ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളില്‍ തന്നെ എനിക്ക് റിപ്പോര്‍ട്ട് ലഭിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ നിരപരാധിയാണെന്നും അയാളെ ഒഴിവാക്കാന്‍ ഡി.വൈ.എസ്.പിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ജില്ലാ എസ്.പി വളരെ സത്യസന്ധമായാണ് പ്രവര്‍ത്തിച്ചത്. ഇക്കാര്യത്തില്‍ തെറ്റായ നിര്‍ദ്ദേശം നല്‍കി നിരപരാധിയെ അറസ്റ്റ് ചെയ്ത ഡി.വൈ.എസ്.പിയെ ഞാനെന്റെ ഓഫീസില്‍ വിളിപ്പിച്ചു. ജീവിതത്തില്‍ വലിയൊരു നഷ്ടം നേരിട്ട് അതില്‍നിന്നും മുക്തനായി വരികയായിരുന്നു അന്ന് അദ്ദേഹം. അത് സൂചിപ്പിച്ചുകൊണ്ട് തന്നെ, ''എന്ത് നേട്ടത്തിനു വേണ്ടിയാണ് നിങ്ങളീ അനീതിക്ക് കൂട്ടുനില്‍ക്കുന്നത്?'' എന്ന് ഞാന്‍ ചോദിച്ചു. ഒരു ന്യായീകരണത്തിനും ഡി.വൈ.എസ്.പി മുതിര്‍ന്നില്ല. സ്വന്തം തെറ്റ് സമ്മതിക്കുകയും മേലില്‍ ആവര്‍ത്തിക്കില്ലെന്ന് വൈകാരികമായി എന്നോട് സമ്മതിക്കുകയും ചെയ്തു. എന്നോട് അദ്ദേഹം വാക്ക് പാലിച്ചു. 

അങ്ങനെ കണ്ണൂരിലെ ആദ്യ പരീക്ഷ ഞാന്‍ വിജയിച്ചു. പക്ഷേ, ജയിക്കാന്‍ ബുദ്ധിമുട്ടായ കഠിന പരീക്ഷകള്‍ പിറകെ വന്നു.

(തുടരും)

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com