ബോധപൂര്‍വ്വമായ ജീവിതത്തിന്റെ ഏറ്റവും വലിയ മാതൃകയാണ് മനോപൂര്‍ണ്ണത (Mindfulness). എല്ലാ മനുഷ്യരിലും ഈ നൈപുണിയുണ്ട്. എന്നാല്‍, നാം ഇതു കാണാതെ പോകുന്നു.
ചിന്ത കുറച്ചുകൊണ്ടും അവബോധം വര്‍ദ്ധിപ്പിച്ചുകൊണ്ടും ഇതു നേടാം.
ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം വായുവിലൂടെയോ അഗ്‌നിക്കു മുകളിലൂടെയോയുള്ള നടത്തമല്ല. ഭൂമിക്കു മുകളിലൂടെ കാലുകളുറപ്പിച്ച് ബോധപൂര്‍വ്വം നടന്നുനീങ്ങുന്നതാണ് യഥാര്‍ത്ഥ അത്ഭുതം. ഇതു നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നേടാന്‍ സാധിക്കും. ഒരാളുടെ യഥാര്‍ത്ഥ വീട് ഓരോ നിമിഷത്തിലും അയാള്‍ തീര്‍ക്കുന്ന ഇടമാണ്.
ആധുനിക സമൂഹത്തെ മനോപൂര്‍ണ്ണതയുടെ ഭവനങ്ങള്‍ പണിയാന്‍ പഠിപ്പിച്ച ആചാര്യനാണ് തിച് നാത് ഹാന്‍.
16-ാം വയസ്സില്‍ ബുദ്ധമത സന്ന്യാസിയായി മാറിയ തിച്ച് നാറ്റ് ഹാന്‍ വിയറ്റ്‌നാം യുദ്ധത്തിന് എതിരെ കര്‍ശനമായ നിലപാട് കൈക്കൊണ്ടു.
ഇതിനെത്തുടര്‍ന്ന് വിയറ്റ്നാം സര്‍ക്കാര്‍ അദ്ദേഹത്തെ 39 വര്‍ഷത്തേയ്ക്ക് നാടുകടത്തി.
1982-ല്‍ കിഴക്ക്-പടിഞ്ഞാറ് ഫ്രാന്‍സില്‍ ചുറ്റും മുന്തിരിത്തോപ്പുകളും ഗോതമ്പ് വയലുകളും സൂര്യകാന്തിപ്പൂക്കളും നിറഞ്ഞ 'പ്ലം ഗ്രാമം' (Plum Village) സ്ഥാപിച്ചു. ബുദ്ധമത സംഹിതയുടെ സത്തയും സൗന്ദര്യവും ഒരു തളികയിലാക്കി ലോകത്തിനു മുന്‍പാകെ ഈ ആഗോള ഗുരു നീട്ടിത്തന്നു. സംഘര്‍ഷഭരിതമായ ലോകത്തെ അദ്ദേഹം ശാന്തിമന്ത്രം പഠിപ്പിച്ചു. ധ്യാനം, മനോപൂര്‍ണ്ണത എന്നീ വിഷയങ്ങളില്‍ നൂറില്‍പ്പരം ഗ്രന്ഥങ്ങള്‍ രചിച്ചുകൊണ്ട് ലോകത്തെ അനുകമ്പയുടെ അകക്കാമ്പിലേക്ക് അദ്ദേഹം ആനയിച്ചു.
മനോപൂര്‍ണ്ണത
ദൈനംദിന ജീവിതം ആരംഭിക്കാനും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വയം ഓര്‍മ്മിപ്പിക്കാനും അനന്തമായ അവസരങ്ങള്‍ പ്രദാനം ചെയ്യാനും സാധിക്കുന്ന വിദ്യയാണിത്.
പൂര്‍ണ്ണമായി ഉണര്‍ന്ന് ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് പഠിപ്പിക്കുന്ന ആചാര്യനാണ് മനോപൂര്‍ണ്ണത.
വര്‍ത്തമാന നിമിഷത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നതിനും ഉണര്‍ന്നിരിക്കുന്നതിനുമുള്ള ഊര്‍ജ്ജമാണ് മനോപൂര്‍ണ്ണത നമുക്കു സമ്മാനിക്കുന്നത്. ദൈനംദിന ജീവിതത്തിലെ ഓരോ നിമിഷത്തിലും ആഴത്തില്‍ സ്പര്‍ശിക്കുന്ന തുടര്‍ച്ചയായ പരിശീലനമാണിത്. ശ്രദ്ധാലുക്കളായിരിക്കുക എന്നത് യഥാര്‍ത്ഥത്തില്‍ ജീവനോടേയും വര്‍ത്തമാനത്തോടേയും നിങ്ങളുടെ ചുറ്റുമുള്ളവരുമായും നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളുമായും ഏകാഗ്രത പുലര്‍ത്തുക എന്നതാണ്.
പാത്രങ്ങള്‍ കഴുകുമ്പോഴോ കാര്‍ ഓടിക്കുമ്പോഴോ രാവിലെ കുളിക്കുമ്പോഴോ നാം നമ്മുടെ ശരീരവും മനസ്സും യോജിപ്പിക്കുന്നു. നടക്കുക, ഇരിക്കുക, ജോലി ചെയ്യുക, ഭക്ഷണം കഴിക്കുക, മുതലായവയെല്ലാം ബോധപൂര്‍വ്വം ചെയ്യാന്‍ പഠിപ്പിക്കുന്ന കലയാണിത്. അടുക്കളയിലും കുളിമുറിയിലും മറ്റു മുറികളിലും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള പാതകളിലും ദിവസത്തിലെ ഓരോ നിമിഷവും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നമ്മെ സഹായിക്കുന്ന അഭ്യാസമാണിത്.
ശരിയോ തെറ്റോ എന്ന് മുന്‍വിധി നടത്താതെ നിങ്ങളുടെ ചിന്തകളേയും വികാരങ്ങളേയും ശ്രദ്ധിക്കുന്ന വിദ്യയാണ് 'മനോപൂര്‍ണ്ണത' (Mindfulness).
ഈ നിമിഷത്തില്‍ മാത്രമാണ് ജീവിതം പ്രാപ്യമാകുന്നത്. നാം ഉറക്കത്തില്‍നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ 24 പുതുപുത്തന്‍ മണിക്കൂറുകളാണ് നമുക്കു മുന്നിലുള്ളത്. ഓരോ നിമിഷവും പൂര്‍ണ്ണതയോടെ ജീവിക്കുമെന്ന് വ്രതമെടുക്കണം. ചെറുനിമിഷങ്ങളാണ് നിങ്ങളില്‍ ആഹ്ലാദം നിറയ്ക്കുന്നത്.
അതുകൊണ്ട്, എഴുന്നേല്‍ക്കുമ്പോള്‍ ശ്വാസം ഉള്ളിലേക്ക് എടുത്തതിനുശേഷം നിങ്ങളോട് പറയുക:
''ഒരു പുത്തന്‍ ദിവസം എനിക്കു കിട്ടിയിരിക്കുകയാണ്. ഞാന്‍ ഓരോ നിമിഷത്തേയും സുന്ദരവും സ്വതന്ത്രവും സാന്ദ്രവുമാക്കി മാറ്റും.''
ഇങ്ങനെ നിങ്ങള്‍ ദൃഢപ്രതിജ്ഞ ചെയ്യുമ്പോള്‍ ജീവിതം സുന്ദരവും ധന്യവും സുരഭിലവുമായി മാറുന്നു.
നിങ്ങളുടെ സാന്നിധ്യം 'ഇവിടെയും ഇപ്പോഴും' (here and now) ആകുന്നത് നിങ്ങള്‍ അറിയുന്നു.
ഇതാണ് മനോപൂര്‍ണ്ണതയുടെ അടിസ്ഥാന പ്രമാണം.
ഊര്‍ജ്ജം നിങ്ങളില്‍ വസിക്കുമ്പോള്‍ നിങ്ങള്‍ പൂര്‍ണ്ണ മനസ്സോടെ ജീവിക്കുന്നു. ജാഗ്രതയുടെ ഊര്‍ജ്ജം നിങ്ങളില്‍ നിറയുമ്പോള്‍ നിങ്ങള്‍ ആന്തരികമായി ഉണരുന്നു.
ആ നിമിഷം മുതല്‍ നിങ്ങള്‍ക്ക് നിങ്ങളെ അറിയാനും സ്‌നേഹിക്കാനും കഴിയുന്നു. സ്‌നേഹത്തിനുവേണ്ട അടിസ്ഥാന ഘടകം നിങ്ങളുടെ സാന്നിധ്യമാണ്.
നിങ്ങളുടെ ശ്വാസത്തിലും പുഞ്ചിരിയിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നിങ്ങളുടെ ശരീരവും മനസ്സും ഒന്നായിത്തീരുകയും നിങ്ങള്‍ ഇവിടെത്തന്നെ ഉണ്ടാവുകയും ചെയ്യുന്നു. അപ്പോള്‍ മുതല്‍ നിങ്ങള്‍ പൂര്‍ണ്ണമായും നിമിഷത്തില്‍ ലയിക്കുകയും ജീവിക്കുകയും ചെയ്യുന്നു.
ജീവിതത്തെ ബോധവുമായി ബന്ധിപ്പിക്കുന്ന പാലമാണ് ശ്വാസം. അത് നിങ്ങളുടെ ശരീരത്തെ ചിന്തയുമായി ബന്ധിപ്പിക്കുന്നു.
അഗാധമായി നോക്കുകയും സ്പര്‍ശിക്കുകയും ചെയ്യുമ്പോള്‍ നാം ഇതിനകം വീടാണെന്നു തിരിച്ചറിയുന്നതാണ് ധ്യാനം.
ഈ നിമിഷത്തില്‍ മാത്രമാണ് ജീവിതം ലഭ്യമാകുന്നത്.
നിങ്ങളുടെ യഥാര്‍ത്ഥ സാന്നിധ്യം ഓരോ നിമിഷത്തിലും അര്‍പ്പിക്കുന്ന നേര്‍ച്ചയാണ് ധ്യാനം.
നാം പൂര്‍ണ്ണമായി ഈ നിമിഷത്തിലല്ലെങ്കില്‍ നമുക്ക് എല്ലാം നഷ്ടപ്പെടുന്നു.
നമ്മുടെ യഥാര്‍ത്ഥ വീട് ഈ നിമിഷമാണ്. ഈ നിമിഷത്തില്‍ ജീവിക്കുക എന്നത് അത്ഭുതകരമാണ്. വെള്ളത്തിലൂടെ നടക്കുന്നതല്ല അത്ഭുതം. മറിച്ച്, പച്ചപ്പു നിറഞ്ഞ ഭൂമിയിലൂടെ ഈ നിമിഷം നടന്ന് ഈ നിമിഷത്തില്‍ ലഭ്യമാകുന്ന ശാന്തിയും സൗന്ദര്യവും ആസ്വദിക്കുക എന്നതാണ് അത്ഭുതം.
മരധ്യാനം
പ്രകൃതി നമ്മുടെ അമ്മയാണ്. ഈ അമ്മയില്‍നിന്നു വേര്‍പെട്ടതുകൊണ്ടാണ് നാം രോഗികളായിത്തീരുന്നത്. ഒറ്റമരം മാത്രം അവശേഷിക്കുന്ന ഒരു നഗരത്തെ ഒരു ദിവസം ഭാവന ചെയ്യുക. കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട അത് ഏകാകിയാണ്.
ആ നഗരത്തിലെ അനേകമാളുകള്‍ രോഗികളായിത്തീര്‍ന്നു.
അവരുടെ രോഗം എങ്ങനെ ശമിപ്പിക്കാമെന്ന് ഭിഷഗ്വരന്മാര്‍ക്ക് അറിയില്ലായിരുന്നു.
എന്നാല്‍, ഈ രോഗത്തിന്റെ കാരണമറിഞ്ഞ ജ്ഞാനിയായ ഒരു ഭിഷഗ്വരന്‍ രോഗികള്‍ക്ക് ഒരു കുറിപ്പടി കൊടുത്തു.
''എല്ലാ ദിവസവും ബസില്‍ കയറി നഗരമദ്ധ്യത്തിലുള്ള മരത്തിന്റെ അടുത്തേക്ക് പോവുക. ആ മരത്തിനോട് അടുക്കുമ്പോള്‍ അകത്തേയ്ക്കും പുറത്തേയ്ക്കും ശ്വസിച്ചുകൊണ്ട് മരത്തെ ആലിംഗനം ചെയ്യുക. ഹരിതാഭമായ ആ മരത്തെ നോക്കിനിന്ന് അതിന്റെ തടി മണക്കുക. അതിന്റെ സുഗന്ധം പറഞ്ഞറിയിക്കാന്‍ പറ്റുകയില്ല. ഇങ്ങനെ നിങ്ങള്‍ ചെയ്താല്‍ ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങളുടെ രോഗം പമ്പകടക്കും.''
ആളുകള്‍ സുഖം പ്രാപിച്ചു തുടങ്ങിയതോടെ അനേകം പേര്‍ ആ മരത്തിന്റെ സമീപത്ത് തടിച്ചുകൂടി. ആളുകളുടെ നീണ്ടനിര കിലോമീറ്ററുകളോളം നീണ്ടു. ക്ഷമയില്ലന്നു തോന്നി. അതുകൊണ്ട് ഓരോരുത്തരും അഞ്ചുമിനിറ്റ് സമയം മാത്രമേ മരത്തെ ആലിംഗനം ചെയ്യാവൂ എന്നൊരു നിയമം കൊണ്ടുവരാന്‍ അവര്‍ പ്രകടനം നടത്തി. രോഗം സുഖപ്പെടാന്‍ താമസം വന്നു.
വൈകാതെ സമയം ഒരു മിനിറ്റാക്കി നിജപ്പെടുത്തിയപ്പോള്‍ അമ്മയുടെ സ്പര്‍ശനമേറ്റ് സുഖപ്പെടാനുള്ള അവസരം നഷ്ടപ്പെട്ടു.
പൂര്‍ണ്ണ ബോധമില്ലെങ്കില്‍ നാമെല്ലാവരും ഈ സ്ഥിതിയിലെത്തും.
ഓരോ കാര്യത്തിലും നാം ശ്രദ്ധിച്ചാല്‍ മാത്രമേ ഭൂമിയേയും നമ്മേയും രക്ഷിക്കാന്‍ കഴിയുകയുള്ളൂ.
ഒരു പഴത്തൊലി നാം വലിച്ചെറിയുമ്പോള്‍ നാം ഒരു പഴത്തൊലി വലിച്ചെറിയുന്നുവെന്നും വൈകാതെ അതൊരു പൂവോ സസ്യമോ ആയി മാറുമെന്നും നമുക്കറിയാം. ഇതാണ് ധ്യാനം.
ഒരു പ്ലാസ്റ്റിക് ബാഗാണ് നാം വലിച്ചെറിയുന്നതെങ്കില്‍ അതൊരു പൂവായിത്തീരാന്‍ ഒരുപാട് നാളെടുക്കും.
ചപ്പുകൂനയിലേക്ക് ഒരു പ്ലാസ്റ്റിക് ബാഗ് വലിച്ചെറിയുമ്പോള്‍ 'ഞാനൊരു പ്ലാസ്റ്റിക് ബാഗാണ് നടുന്നതെന്ന് ഞാനറിയുന്നു.''
നമുക്ക് ഈ അവബോധമുണ്ടെങ്കില്‍ നാം പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുകയും കാലാന്തരം ഇല്ലാതാവുകയും ചെയ്യും.
ടെലഫോണ്‍ ധ്യാനം
ഫോണ്‍ബെല്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ എവിടെയാണോ അവിടെ ഇരിക്കുക. ബോധപൂര്‍വ്വം ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കുക.
''ശ്രദ്ധിക്കൂ, ശ്രദ്ധിക്കൂ'' ഈ അത്ഭുതകരമായ ശബ്ദം എന്നെ എന്റെ യഥാര്‍ത്ഥ സ്വത്വത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നു'' എന്ന് ഉരുവിടുക.
രണ്ടാമത്തെ ബെല്ലില്‍ ഈ വരികള്‍ നിങ്ങള്‍ ആവര്‍ത്തിക്കുക. അപ്പോള്‍ നിങ്ങളുടെ പുഞ്ചിരി കുറേക്കൂടി ശുദ്ധവും ഉറച്ചതുമായിത്തീരുന്നു.
മൂന്നാമത്തെ ബെല്ലടിക്കുമ്പോഴും ശ്വസന-പുഞ്ചിരി പരിശീലനം തുടരുക. നിങ്ങള്‍ ഒരാളെ ഫോണ്‍ ചെയ്യുമ്പോള്‍ മൂന്നുപ്രാവശ്യം അകത്തോട്ടും പുറത്തോട്ടും ശ്വാസം എടുക്കുക.
മൂന്നാമത്തെ ബെല്ലു വരെ ഫോണ്‍ എടുക്കുകയില്ലെന്നും നിങ്ങള്‍ക്കറിയാം. അപ്പോള്‍ നിങ്ങള്‍ നിങ്ങളോട് തന്നെ പറയുക:
''അയാള്‍ വിശ്വസിക്കുകയാണ്. എന്തുകൊണ്ട് എനിക്കും അങ്ങനെ ചെയ്തുകൂടാ?''
സ്‌നേഹഭാഷണം ഭാഷണം ഭക്ഷണമാണ്
നമുക്കു ചുറ്റും നടക്കുന്ന സംഭാഷണങ്ങളും നാം പങ്കുചേരുന്ന സംഭാഷണങ്ങളും ആഹാരം തന്നെ. അതുകൊണ്ട് സ്‌നേഹവും സൗമ്യവുമായ സംഭാഷണമാണ് 'സമീകൃത ഭക്ഷണം' എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിങ്ങള്‍ ഉര്‍വ്വച്ചീര (Lettuce) നടുമ്പോള്‍ അതു നല്ലതുപോലെ വളര്‍ന്നില്ലെങ്കില്‍ നിങ്ങള്‍ അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതു നന്നായി വളരാത്തതിന്റെ കാരണങ്ങള്‍ നോക്കുക. അതിന് ആവശ്യത്തിനു വെള്ളവും കൂടുതല്‍ വളവും കുറച്ചു സൂര്യപ്രകാശവും വേണം.
അതുകൊണ്ട് ഉര്‍വ്വച്ചീരയെ ഒരിക്കലും കുറ്റം പറയരുത്. അതുപോലെ തന്നെയാണ് നിങ്ങളുടെ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ നാം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു.
എന്നാല്‍, അവരെ എങ്ങനെയാണ് പരിചരിക്കേണ്ടതെന്ന് അറിഞ്ഞാല്‍ അവര്‍ ഉര്‍വ്വച്ചീരയെപ്പോലെ നല്ലതുപോലെ വളരും. അധിക്ഷേപത്തിനോ യുക്തിക്കോ തര്‍ക്കത്തിനോ യാതൊരു ക്രിയാത്മകമായ ഫലവും ചെയ്യാന്‍ കഴിയുകയില്ല.
എന്നാല്‍, വെറും ധാരണ മാത്രം മതി. നിങ്ങള്‍ക്ക് ധാരണയുണ്ടെങ്കില്‍, നിങ്ങള്‍ക്ക് സ്‌നേഹിക്കാനും ആ ചുറ്റുപാടിനെ മാറ്റാനും കഴിയുമെന്ന് പാദങ്ങള്‍കൊണ്ട് ഭൂമിയെ ചുംബിക്കാന്‍ പഠിപ്പിക്കുകയും മനോപൂര്‍ണ്ണതയുടെ തളിക മാനവരാശിക്കു മുന്‍പാകെ നീട്ടിത്തരുകയും ചെയ്ത മഹാഗുരു മന്ത്രിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates