ഒരിക്കല്‍ വി.എം. നായര്‍ പഴയകാലത്തെ പ്രശസ്തനും പ്രതാപിയുമായ ഒരു ഉദ്യോഗസ്ഥന്റെ കഥ പറഞ്ഞു. ജോലിചെയ്ത സ്ഥലങ്ങളിലൊക്കെ ആ ഉദ്യോഗസ്ഥന്‍ ഓരോ സംബന്ധവും ശരിപ്പെടുത്തിയിരുന്നു. അങ്ങനെ ഒരിടത്തെ ബന്ധത്തിലുണ്ടായ മകന്‍ വളര്‍ന്നു പഠിച്ച് വലുതായി. ചെറിയ ഉദ്യോഗവുമായി ദല്‍ഹിയിലെത്തി. അച്ഛനാണെന്നു കേട്ടറിവുള്ള ആള്‍ വലിയ സ്ഥാനത്തിരിക്കുന്നു. ഒരു രസത്തിനുവേണ്ടി മകന്‍ അച്ഛനെ കാണാന്‍ ആപ്പീസിലെത്തി. നാട്ടില്‍നിന്നു വന്ന ആളാണെന്നു പറഞ്ഞപ്പോള്‍ ചപ്രാസി മുറിയില്‍ കയറാന്‍ അനുവദിച്ചു.
''എന്താ കാര്യം?''
''ഒന്നൂല്യ, വെറുതെ ഒന്നു കാണാന്‍.''
''എന്താ, എന്നെക്കൊണ്ട് വല്ല കാര്യവും?''
തന്റേടമുള്ള മകന്‍ പറഞ്ഞു:
''ഒന്നൂല്യ, വെറുതെ കാണണംച്ചിട്ട് വന്നു. ഞാന്‍ ഇവിടത്തെ മകനാണ്.''
ഉദ്യോഗസ്ഥന് ഭാവഭേദമോ നടുക്കമോ ഉണ്ടായില്ല. താല്പര്യത്തോടെ നോക്കി ചോദിച്ചു:
''എന്റെ മകനാണോ? എവിടെയാ നാട് ?''
ചെറുപ്പക്കാരന്‍ ഗ്രാമപ്പേര് പറഞ്ഞു.
''ഓ, അപ്പോള്‍ ആയിരിക്കും. ഞാന്‍ ഒറ്റപ്പാലത്ത് സബ്ബ് കലക്ടറായി ഇരുന്നിട്ടുണ്ട് മുന്‍പ്.''
കഥ പറഞ്ഞ് വി.എം. നായര്‍ അടക്കിച്ചിരിക്കും.
ഇത് പിന്നീട് എനിക്ക് ഒരു കഥയെഴുതാന്‍ പ്രേരണയായിത്തീര്‍ന്നു.''
എം.ടി. വാസുദേവന്‍ നായര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സബ്ബ് എഡിറ്ററായിരുന്ന ആദ്യഘട്ടത്തില്‍ മാനേജിംഗ് എഡിറ്ററായിരുന്നു വി.എം. നായര്‍. മാനേജ്മെന്റ് വിദഗ്ദ്ധനായിരുന്ന അദ്ദേഹം സാഹിത്യത്തേയും കലയേയും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്ന സംസ്‌കൃതചിത്തനായിരുന്നു. ഭാര്യ ബാലാമണിയമ്മയും മകള്‍ മാധവിക്കുട്ടിയും എഴുത്തുകാരായിരുന്നതുകൊണ്ട് മാത്രമല്ല അത്. മനുഷ്യരെ വലിയവനെന്നോ ചെറിയവനെന്നോ നോക്കാതെ മനുഷ്യരായിത്തന്നെ കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഓഫീസിലുള്ളവരോട് വലിപ്പച്ചെറുപ്പം കൂടാതെ പെരുമാറിയിരുന്ന വി.എം. നായര്‍ അന്ന് സബ്ബ് എഡിറ്റര്‍ മാത്രമായിരുന്ന, പ്രായത്തില്‍ വളരെ ഇളയവനായ എം.ടിയുടെ ഇരിപ്പിടത്തിനടുത്തുചെന്ന് സംസാരിക്കുമായിരുന്നു. എം.ടിയുടെ അടുത്തുനിന്ന് സിഗരറ്റ് വാങ്ങി വലിക്കുമായിരുന്നു.
അങ്ങനെയൊരു സന്ദര്‍ഭത്തില്‍ വി.എം. നായര്‍ ഫലിതം പോലെ പറഞ്ഞ കഥ ഒരു രക്ഷിതാവിന്റെ ഓര്‍മ്മയ്ക്ക് എന്ന ലേഖനത്തില്‍ എം.ടി. രേഖപ്പെടുത്തിയതാണ് തുടക്കത്തില്‍ ചേര്‍ത്തത്. ആ ഫലിതകഥയുടെ ഒടുവില്‍, ''ഇത് പിന്നീട് എനിക്ക് ഒരു കഥയെഴുതാന്‍ പ്രേരണയായിത്തീര്‍ന്നു'' എന്നു വായിച്ചപ്പോള്‍ എന്റെ ജിജ്ഞാസ ഉണര്‍ന്നു. വി.എം. നായര്‍ പറഞ്ഞ ഈ ഫലിതകഥ എം.ടിയുടെ ഏതു ചെറുകഥയ്ക്കാവാം രചനാപ്രേരണയായി ഭവിച്ചത്?
എം.ടി. വാസുദേവന്‍ നായരുടെ പ്രധാനപ്പെട്ട ചെറുകഥകള്‍ പലതും കഥാകാരന് നേരിട്ട് അനുഭവമുള്ള സംഭവങ്ങളേയും പരിചിതരായ വ്യക്തികളേയും സ്ഥലപശ്ചാത്തലങ്ങളേയും ആധാരമാക്കി രചിച്ചിട്ടുള്ളവയാണ്. അങ്ങനെയുള്ള കഥകള്‍ക്ക് ആധാരമായിത്തീര്‍ന്ന സംഭവങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമൊക്കെ ചില ലേഖനങ്ങളിലും അഭിമുഖങ്ങളിലും കഥാകാരന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പലപ്പോഴും വ്യക്തികളുടെ പേരുപോലും മാറ്റാതെയാണ് തനിക്കു പരിചിതരായ യഥാര്‍ത്ഥ വ്യക്തികളെ കഥയിലേക്ക് കൊണ്ടുവരുന്നത്. ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നിന്റെ ഓര്‍മ്മയ്ക്ക്, കര്‍ക്കിടകം തുടങ്ങിയ കഥകളില്‍ ഇങ്ങനെ യഥാര്‍ത്ഥത്തിലുള്ള വ്യക്തികളും അവരോട് ബന്ധപ്പെട്ട് തനിക്ക് അനുഭവബോധ്യമുള്ള സംഭവങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്.
എന്നാല്‍, മേലുദ്ധരിച്ച വി.എം. നായര്‍ പറഞ്ഞ കഥ എം.ടി. ഏതു ചെറുകഥയിലാണ് ഉപയുക്തമാക്കിയിട്ടുള്ളത്? ആ അന്വേഷണം എത്തിച്ചേര്‍ന്നത് അത്രയൊന്നും പ്രസിദ്ധമല്ലാത്ത ഒരു ചെറുകഥയിലാണ്. 'കരിയിലകള്‍ മൂടിയ വഴിത്താരകള്‍'. ആ കഥയിലും ഒരു യുവാവ് തന്റെ പിതാവിനെ ആദ്യമായി കാണാന്‍ പോവുകയാണ്. ഒന്നിനുവേണ്ടിയുമല്ല, ഒന്നു കാണാന്‍ വേണ്ടി മാത്രം. അയാള്‍ പിതാവിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു കാണുന്നു, താനാരാണ് എന്നു പറയുന്നു, ഇത്തിരി നേരം വര്‍ത്തമാനം പറയുന്നു, മടങ്ങുന്നു. അത്രേയുള്ളൂ ഇതിവൃത്തം.
പക്ഷേ, വി.എം. നായര്‍ പറഞ്ഞ കഥയുടേതില്‍നിന്ന് പാടേ ഭിന്നമായ പശ്ചാത്തലവും ജീവിതാന്തരീക്ഷവും ഭാവവുമാണ് അതിലുള്ളത്. പഴയകാലത്തെ നമ്പൂതിരിസംബന്ധം എന്ന അസംബന്ധത്തോടുള്ള വൈകാരികവിമര്‍ശനത്തിന്റെ ഛായ പകരുന്ന ചെറുകഥയാണത്.
രാഘവന്‍ എന്ന ഇരുപത്തിയഞ്ചുകാരന്‍ യുവാവ് നഗരത്തില്‍ ജോലി ചെയ്യുകയാണ്. നാട്ടിന്‍പുറത്തെ വീട്ടില്‍ അമ്മ മാത്രമേയുള്ളൂ. ഏതാനും ദിവസത്തെ അവധിക്കു വീട്ടില്‍ വന്ന അയാള്‍ക്ക് തിരക്കില്ലാതെ വിശ്രമിക്കാന്‍ കിട്ടുന്ന നാളുകള്‍ അതുമാത്രം. അകാലത്തില്‍ വാര്‍ദ്ധക്യം ബാധിച്ച അമ്മയ്ക്ക്, മകന്‍ അവധിയിലുള്ള ദിവസങ്ങളില്‍ മുഴുവന്‍ സമയവും അടുത്തുതന്നെയുണ്ടാകണം എന്നാണ് ആഗ്രഹം. ഒരു സന്ധ്യയില്‍ വീട്ടുമുറ്റത്ത് ഉലാത്തിക്കൊണ്ടിരുന്നപ്പോള്‍ അയാള്‍ക്ക് പെട്ടെന്നൊരു തോന്നലുണ്ടായി. അച്ഛനെ പോയി കാണണം. അവന്‍ അച്ഛനെ കണ്ടിട്ടേയില്ല. വരുതീക്കര മനയിലെ അഫ്ന്‍ നമ്പൂതിരിയാണ് തന്റെ അച്ഛന്‍ എന്ന് പറഞ്ഞുകേട്ടിട്ടേ ഉള്ളൂ. പിറ്റേന്നു രാവിലെ എങ്ങോട്ടെന്നു് അമ്മയോട് പറയാതെ ഇരുപത്തൊന്നു നാഴിക മാത്രം അകലെ ഒരു കുഗ്രാമത്തിലുള്ള അച്ഛന്റെ ഇല്ലത്തേക്ക് അയാള്‍ പുറപ്പെട്ടു. ബസില്‍ യാത്രചെയ്ത് ആ ഗ്രാമത്തില്‍ ഇറങ്ങുന്ന സമയം മുതലുള്ള ആ യുവാവിന്റെ അനുഭവങ്ങളും മനോവികാരങ്ങളും ആവിഷ്‌കരിക്കുന്ന മട്ടിലാണ് കഥയുടെ ആഖ്യാനസ്വരൂപം.
പലരോടും വഴി ചോദിച്ച് ദുര്‍ഘടമായ ഒറ്റയടിപ്പാതകളിലൂടെയും ഊടുവഴികളിലൂടെയും പാടവരമ്പുകളിലൂടെയും ഏറെ നടന്ന് അയാള്‍ വരുതീക്കര മനയിലെത്തി. കഥയിലെ ആഖ്യാനത്തിന്റെ ഒരു പ്രധാനഭാഗം അച്ഛന്റെ മനയിലെത്തുന്നതുവരെയുള്ള വഴിയുടെ വിവരണമാണ്. പലവിധ പ്രതിബന്ധങ്ങളെ നേരിട്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന നാട്ടുമൊഴിക്കഥകളിലെ നായകന്റെ യാത്രപോലെയാണതെന്ന്, വേണമെങ്കില്‍ പറയാം. വഴി പറഞ്ഞുകൊടുത്തവര്‍ പഴയകാലത്തെ ഗ്രാമീണരുടെ സഹജമായ രീതിയില്‍ യാത്രികനോട് വേണ്ടതും വേണ്ടാത്തതുമായ പലതും ചോദിക്കുന്നു. അതുപോലെ ചോദിക്കാതെത്തന്നെ പലതും പറഞ്ഞുകൊടുക്കുന്നു. അങ്ങനെ അവരില്‍നിന്ന് ഇല്ലത്തിന്റെ തകര്‍ച്ചയുടെ ചിത്രം അയാള്‍ക്കു ലഭിച്ചു. മനഃസാക്ഷിയില്ലാത്തവനും ക്രൂരനുമായിരുന്ന മൂത്ത നമ്പൂതിരി രണ്ടു വേളി കഴിച്ചെങ്കിലും മക്കളില്ലാതെ മരിച്ചു. വൃദ്ധനായ അഫ്ന്‍ നമ്പൂതിരി പൊളിഞ്ഞുവീഴാറായ ആ പഴയ മനയില്‍ ഒറ്റയ്ക്ക് കഴിയുന്നു. നിലംപൊത്തിക്കിടക്കുന്ന പടിപ്പുര കടന്ന് അയാള്‍ ഉള്ളിലേക്ക് കടന്നു. യുവാവ് ഗ്രാമത്തില്‍ ബസിറങ്ങിയതു മുതല്‍ ഇല്ലത്തെത്തുന്നതുവരെയുള്ള വഴിയുടെ വിവരണം പോലെ, മനുഷ്യര്‍ പെരുമാറുന്നതിന്റെ അടയാളങ്ങളില്ലാത്ത പഴമ പുതച്ചുനില്‍ക്കുന്ന ഇല്ലപ്പറമ്പിന്റെ വിവരണവും കഥയുടെ അന്തരീക്ഷസൃഷ്ടിയില്‍ നിര്‍ണ്ണായകമാണ്.
''ഊരിയെടുക്കാവുന്ന വണ്ണന്മുളകള്‍ കൊണ്ടുണ്ടാക്കിയ കടമ്പ കടന്നപ്പോള്‍ എന്തോ അയാളുടെ മനസ്സ് അസ്വസ്ഥമായി. അയാള്‍ സ്വയം ആശ്വസിപ്പിക്കാന്‍ വീണ്ടും വീണ്ടും ഓര്‍ത്തു:
''ഇതൊരു തമാശയായെടുത്താല്‍ മതി... തമാശ.''
വിശാലമാണ് ആ പറമ്പ്. മാവുകളും ഞാവലും പടുമരങ്ങളും വളര്‍ന്നു മുറ്റിനില്‍ക്കുകയാണ്. ആ കൂറ്റന്‍ വൃക്ഷങ്ങളുടെ ഇടതൂര്‍ന്ന ശിരസ്സുകളില്‍ നട്ടുച്ചയ്ക്കും രാവുകള്‍ പതിയിരിക്കുന്നുണ്ടെന്നു തോന്നും. താഴെ ഇടതൂര്‍ന്ന കൂരിപ്പൊന്തകളും പുല്ലാനിപ്പടര്‍പ്പുകളും. അതിരില്‍ മുളങ്കൂട്ടങ്ങള്‍. ആ അന്തരീക്ഷത്തിലാകെ ഇരുണ്ട നിശ്ശബ്ദതയുണ്ട്. വൃക്ഷക്കൂട്ടങ്ങള്‍ക്കിടയിലൂടെ മങ്ങിയ മണ്‍ചുമരുകളും കരുവാളിച്ച ഓടുകള്‍ മേഞ്ഞ മേല്‍പ്പുരയുമുള്ള ആ കെട്ടിടം കാണാം.
സാമൂഹിക വ്യവസ്ഥയുടെ ഇരകള്‍
കാലം ആ അതിരുകള്‍ക്കകത്ത് ഒരു തടവുകാരനായിരുന്നു.
''അറിയാതെ അയാളുടെ കാല്‍വെയ്പുകളുടെ വേഗത ചുരുങ്ങി. ഉണങ്ങിയ കുരുമുളകുവള്ളികള്‍ പറ്റിനില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ കരിയിലകള്‍ വീണുകിടക്കുന്ന ആ വഴി മനയുടെ മുറ്റത്തേക്കിറങ്ങുന്നു. തല പോയ തെങ്ങുകള്‍ക്കിടയില്‍ മഞ്ഞളിച്ച വാഴക്കൂട്ടങ്ങള്‍. ദൂരെ വടക്കുവശത്ത് പൊളിഞ്ഞുകിടക്കുന്ന ബ്രഹ്മരക്ഷസ്സിന്റെ തറകള്‍. അതിരില്‍ മുളങ്കൂട്ടത്തിനു താഴെ വള്ളികള്‍ മൂടി കൂരിരുട്ടിനെ ഹൃദയത്തിലൊളിപ്പിച്ചു നിര്‍ത്തുന്ന ഒരു സര്‍പ്പക്കാവ്. കാല്‍ക്കീഴില്‍ കരിയിലകള്‍ ഞെരിഞ്ഞു. അയാള്‍ മുറ്റത്തേക്കിറങ്ങി.''
അയാള്‍ ഒച്ചയനക്കിയെങ്കിലും ആരും പുറത്തുവരികയോ വിളികേള്‍ക്കുകയോ ചെയ്തില്ല. 'ആരുമില്ലേ' എന്ന് അയാള്‍ കുറച്ചുകൂടി ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു. അപ്പോഴും മറുപടിയില്ല. വീണ്ടും ഉച്ചത്തില്‍ അയാള്‍ ചോദിച്ചപ്പോള്‍ പൂമുഖത്തേക്കുള്ള കതക് അല്പം തുറന്ന് ഒരു വൃദ്ധന്‍ നരച്ച ശിരസ്സ് പുറത്തേക്കിട്ട് ആരാ എന്ന് അന്വേഷിച്ചു.
അയാളുടെ നാക്കിന്‍തുമ്പത്ത് വാക്കുകള്‍ വരളുന്നതുപോലെ തോന്നി. പ്രയാസപ്പെട്ട് അയാള്‍ പറഞ്ഞൊപ്പിച്ചു.
''വിടത്തെ തിരുമേന്യേ ഒന്നു കാണണം.''
അക്ഷമയും അസുഖവും നിറഞ്ഞ സ്വരത്തില്‍ വാതില്‍ക്കല്‍നിന്നു കേട്ടു.
''അതന്യാ ചോദിച്ച് ആരാ?''
അയാള്‍ പതുക്കെ ഉമ്മറത്തേക്കു കയറി. ആ വാതില്‍പ്പലക ഒന്നുകൂടി നീങ്ങി. നരച്ച താടി വളര്‍ന്ന നിര്‍ജ്ജീവമായ ഒരു മുഖം അയാള്‍ കണ്ടു
''എന്നെ അറിയുകയുണ്ടാവില്ല.''
അപ്പോള്‍ അയാളുടെ ശബ്ദം പതറിയിരുന്നു.
''എവ്ട്ന്നാ?''
''ഞാന്‍...ത്ത്ന്നാ. ജാനകിയുടെ മകന്‍ രാഘവന്‍.''
വാതില്‍പ്പലകകള്‍ പൂര്‍ണ്ണമായി അകന്നു. ആ ദുര്‍ബ്ബലമായ രൂപം ഉമ്മറപ്പടിക്കപ്പുറത്തേക്കു കടന്നു. മങ്ങിയ മഞ്ഞനിറത്തിലുള്ള കണ്ണുകള്‍ അയാളുടെ മേല്‍ പലവട്ടം സഞ്ചരിച്ചു. അപ്പോള്‍ നിമിഷങ്ങള്‍ക്കു കനമുണ്ടായിരുന്നു. രണ്ടു പേര്‍ക്കും ഒന്നും പറയാന്‍ കഴിഞ്ഞില്ല. അയാളുടെ മനസ്സിലൂടെ പലതും കടന്നുപോയി. എതിരേ തായ്പുരയുടെ തടിച്ച തൂണിന്റെ മുന്‍പില്‍ ആ വൃദ്ധന്‍ നില്‍ക്കുന്നു. അയാള്‍ വീണ്ടും വീണ്ടും നോക്കി.
അപ്പോള്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു, ഇത് എന്റെ അച്ഛനാണ്.
അയാള്‍ കണ്ടിട്ടില്ല. മുന്‍പ് കാണാനാഗ്രഹിച്ചിട്ടുമില്ല.
അപ്പോള്‍ ആദ്യമായി മുന്നില്‍ കാണുകയാണ്.
ആ നിമിഷത്തിലാണ് ഇങ്ങനെയൊരു സന്ദര്‍ശനത്തിന് രാഘവന്‍ തയ്യാറായതിന്റെ പിന്നിലെ മാനസികാവസ്ഥയെക്കുറിച്ച് കഥയില്‍ പരാമര്‍ശം വരുന്നത്. തലേദിവസം സന്ധ്യയ്ക്ക് അയാള്‍ മുറ്റത്തുനടക്കുമ്പോള്‍ അമ്മ കൂവളത്തറയില്‍ തിരിവെയ്ക്കുകയായിരുന്നു. അപ്പോള്‍ അമ്മയെപ്പറ്റി ആലോചിച്ചുപോയതാണ്. പിന്നീട് നിലവിളക്കിന്റെ പ്രകാശത്തില്‍ കണ്ണുകളടച്ചിരുന്നു പ്രാര്‍ത്ഥിക്കുന്ന അകാലവാര്‍ദ്ധക്യം ബാധിച്ച അമ്മയെ കണ്ടപ്പോള്‍ അജ്ഞാതമായ വിഷാദം അയാളുടെ ഹൃദയത്തില്‍ ഉറന്നുവന്നു.
ആ കാഴ്ചയില്‍നിന്നുള്ള ഓര്‍മ്മകളും ചിന്തകളുമാണ് അയാളെ വൃദ്ധന്റെ അടുത്തെത്തിച്ചത്. ആ രാത്രിയില്‍ ഉറക്കം വരാതെ കിടന്നപ്പോള്‍ അയാളുടെ ചിന്തകള്‍ അച്ഛനില്‍ ചെന്നുമുട്ടി. അച്ഛനില്ലാത്ത കുഞ്ഞുങ്ങളെക്കുറിച്ചുള്ള കഥകള്‍ വായിച്ചിട്ടുണ്ട്. ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് രസം തോന്നി. തനിക്കൊരച്ഛനുണ്ട്. ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛന്‍. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്, ഇരുപത്തിയൊന്നു നാഴിക ദൂരെ. രാത്രിയില്‍ ഇരുട്ടില്‍ കണ്ണുതുറന്നു കിടന്നുകൊണ്ട് അയാള്‍ ആലോചിച്ചു, ജോലിസ്ഥലത്തേക്ക് തിരിച്ചുപോകുന്നതിനു മുന്‍പ് ഒന്നുപോയാലോ എന്ന്.
രാഘവന്റെ മനസ്സ് ആ ചിന്തകളില്‍ മുഴുകിയതിനിടയില്‍ വൃദ്ധന്‍ ചോദിച്ചു:
''ഇപ്പോ രാഘവന്....ഇരുപത്തഞ്ച്. അല്ലേ?''
''അതേ.''
''ഒക്കെ നിക്ക് രൂപംണ്ട്. ഒരുനൂറ്റാറിലാ...ത്ത് വന്നത്. പോരുമ്പോ നീന്തണ പ്രായം.''
ഒരിഴജീവിയെപ്പോലെ നിസ്സഹായനായിരുന്ന ആ കുഞ്ഞ് വളര്‍ന്നിരിക്കുന്നു.
അപ്പോള്‍ രാഘവന്റെ മനസ്സിലേക്ക് കടന്നുവന്നത് മറ്റൊരു ചിത്രമാണ്. നിലവിളക്കിന്റെ വെളിച്ചത്തില്‍ കണ്ണടച്ച് പ്രാര്‍ത്ഥിച്ചിരിക്കുന്ന ഒരു ശോഷിച്ച സ്ത്രീ. ഒരിക്കലും അമ്മ അച്ഛനെപ്പറ്റി സംസാരിച്ചിട്ടില്ല. അമ്മയ്ക്കറിയാം ഇരുപത്തൊന്നു നാഴിക അകലെ അദ്ദേഹം ജീവിക്കുന്നു. അത് അവന്റെ മനസ്സിന്റെ ഒരു കോണില്‍ ഉറങ്ങിക്കിടന്നു.
വൃദ്ധന്‍ രാഘവനെ അകത്തേക്ക് വിളിച്ചു. നിശ്ശബ്ദമായ ആ നിമിഷങ്ങള്‍ക്കിടയില്‍ ആ യുവാവിന്റെ മനസ്സിലൂടെ ചില ചിത്രങ്ങള്‍ ഓടിപ്പോയി. നാട്ടിന്‍പുറത്തെ ക്ഷേത്രത്തില്‍ ശന്തിക്കാരനായെത്തിയ അഫ്ന്‍ നമ്പൂതിരി അടുത്തുള്ള നായര്‍ തറവാട്ടിലെ പതിനാറുകാരിയെ കണ്ട് താല്പര്യം തോന്നിയപ്പോള്‍ അവളുടെ കാരണവരോടാവശ്യപ്പെട്ട് സംബന്ധം നടത്തിയതും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇല്ലത്ത് ജ്യേഷ്ഠന്‍ നമ്പൂതിരി മരിച്ചതുകൊണ്ട്, അതിനകം അമ്മയായിക്കഴിഞ്ഞിരുന്ന അവളോട് ഒരു വാക്കുപോലും പറയാതെ വിട്ടുപോയതുമായ ജീവിതരംഗങ്ങള്‍.
അതിനിടയിലുണ്ടായ അല്പമാത്രമായ സംഭാഷണത്തില്‍നിന്ന് വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. രാഘവന് ഇളയ സഹോദരങ്ങളുണ്ടോ എന്ന് വൃദ്ധന്‍ ചോദിക്കുന്നു. ഇല്ല എന്ന ഉത്തരം കേള്‍ക്കുമ്പോള്‍ പിന്നീട് ജാനകിക്ക് ആരും വന്നില്ലേ എന്ന ചോദ്യം കൂടി വൃദ്ധന്റെ വായില്‍നിന്നും ഉതിരുന്നു. അതിനും ഇല്ല എന്നായിരുന്നു ഉത്തരം. സഹായത്തിനാരുമില്ലാതെ ഒറ്റയ്ക്കു കഴിയുന്ന വൃദ്ധന്‍ മൗനിയായി.
വികാരം കനത്തുനിന്ന അവസ്ഥയില്‍ യുവാവ് അസ്വസ്ഥനായി. ബസിന് സമയമായി എന്നു പറഞ്ഞ് അയാള്‍ വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷത്തില്‍നിന്ന് വെമ്പലോടെ പുറത്തുകടന്നു. അപ്പോള്‍ വൃദ്ധന്‍ പറഞ്ഞു, അവള്‍ക്ക് രാഘവന്‍ തന്നേള്ളൂ. ഒപ്പം നന്നായി വരും എന്ന് അവനോട് ഒരു അനുഗ്രഹവും. ഒന്നും പ്രതികരിക്കാതെ അയാള്‍ നടന്നു, കറുത്ത നിഴല്‍പ്പാടുകളിലൂടെ കരിയിലകള്‍ അടിഞ്ഞുകൂടിക്കിടക്കുന്ന വഴിയിലൂടെ.
വി.എം. നായര്‍ പറഞ്ഞ ഒരു ഫലിതകഥയുടെ സംഭവാംശത്തില്‍നിന്നാണ് ഈ ചെറുകഥ രൂപംകൊണ്ടത് എന്നുവേണം കരുതാന്‍. പക്ഷേ, എം.ടി. എഴുതിയ കരിയില മൂടിയ വഴിത്താരകള്‍ എന്ന ചെറുകഥയുടെ ഇതിവൃത്തസ്വഭാവവും ആഖ്യാനത്തിന്റെ സ്വരഘടനയും രചനയുടെ ഭാവാന്തരീക്ഷവുമൊക്കെ എത്രയോ ഭിന്നമായിരിക്കുന്നു. വി.എം. നായര്‍ പറഞ്ഞ കഥയുടെ മട്ടും മാതിരിയുമൊക്കെ ഒരു വി.കെ.എന്‍. കഥയെ അനുസ്മരിപ്പിക്കുന്നതാണ്. മറിച്ച് എം.ടി. എഴുതിയ കരിയില മൂടിയ വഴിത്താരകള്‍ ലിറിക്കല്‍ റിയലിസ്റ്റ് സങ്കേതം അവലംബിച്ച് എഴുതിയ അന്തരീക്ഷപ്രധാനവും ഭാവാത്മകവും വിഷാദച്ഛായയുള്ളതുമായ ഒരു രചനയാണ്. മുഖ്യകഥാപാത്രത്തിന്റെ മാനസികലോകത്തിന്റെ ആലേഖനത്തിനും അന്തരീക്ഷസൃഷ്ടിക്കുതകുന്ന സ്ഥലപശ്ചാത്തലത്തിന്റെ ചിത്രീകരണത്തിനുമാണ് എം.ടിയുടെ കഥയില്‍ പ്രാധാന്യം.
കേരളത്തിന്റെ സാമൂഹികചരിത്രത്തിലെ ഒരു സവിശേഷഘട്ടത്തോട് ബന്ധിപ്പിച്ചാണ് ഈ ചെറുകഥയ്ക്ക് മൂര്‍ത്തത നല്‍കിയിയിരിക്കുന്നത്. സ്ത്രീയെ ഗര്‍ഭിണിയാക്കിയിട്ട് കുട്ടിയുടെ കാര്യത്തില്‍ ഉത്തരവാദിത്വമില്ലാതെ വിട്ടുപോകുന്ന പുരുഷന്മാരുടെ കഥകള്‍ പലതുമുണ്ട്. അവിടെ വ്യക്തികളുടെ സ്വഭാവമാണ് ദുരന്തസൃഷ്ടിക്ക് ആധാരമാകുന്നത്. എന്നാല്‍, 'കരിയില മൂടിയ വഴിത്താരകളി'ലെ കഥാപാത്രങ്ങളെല്ലാം ഒരു സവിശേഷ സാമൂഹികവ്യവസ്ഥയുടെ ഇരകളാണ്. കഥയിലെ സംഭവപരിണാമങ്ങള്‍ക്കെല്ലാം ഒരര്‍ത്ഥത്തില്‍ ആ വ്യവസ്ഥ തന്നെയാണ് കാരണം. ആ നിലയില്‍ അഫ്ന്‍ നമ്പൂതിരിയും ജാനകിയുമൊക്കെ അനുഭവിക്കുന്ന ദുരന്തത്തിനു കാരണം വലിയരളവോളം ആ വ്യവസ്ഥിതി തന്നെയാണ്.
കഥകളില്‍ അസാന്നിധ്യമാകുന്ന അച്ഛന്‍
വികാരപ്രധാനമായ കഥയില്‍ ആനുഷംഗികമായ ഒരു സൂചനയിലൂടെ കഥയിലെ സംഭവങ്ങള്‍ നടക്കുന്ന കാലം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജാനകിയുടെ തറവാടിനടുത്തുള്ള ക്ഷേത്രത്തില്‍ അഫ്ന്‍ നമ്പൂതിരി ശാന്തിക്കാരനായെത്തിയ വര്‍ഷം അദ്ദേഹം തന്നെ ഓര്‍ത്തുപറയുന്നുണ്ട്, ഒരുനൂറ്റാണ്ടില്‍ എന്ന്. അതായത് കൊല്ലവര്‍ഷം 1106. അതിനു തുല്യമായി വരുന്ന ക്രിസ്തുവര്‍ഷം 1931 ആണ്. രാഘവനോട് സംസാരിക്കുമ്പോള്‍ അഫ്ന്‍ നമ്പൂതിരി അവന്റെ പ്രായം ചോദിക്കുന്നുണ്ട്. ഇരുപത്തഞ്ച് വയസ്സ് എന്നാണ് മറുപടി. അപ്പോള്‍ കഥയിലെ പ്രധാന സംഭവമായ രാഘവനും അഫ്ന്‍ നമ്പൂതിരിയും തമ്മിലുള്ള അഭിമുഖീകരണം നടക്കുന്നത്, 1956-ലാണ്. 1931-നും 1956-നും ഇടയിലുള്ള കാല്‍നൂറ്റാണ്ട് കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ വലിയ മാറ്റങ്ങളുണ്ടായ കാലമാണ്. ഈ കഥയിലെ തറവാട്ടുകാരണവര്‍ തന്റെ പതിനാറുകാരിയായ അനന്തരവളെ ക്ഷേത്രത്തില്‍ പൂജാരിയായി വന്ന മദ്ധ്യവയസ്‌കന്‍ നമ്പൂതിരി സംബന്ധം ചെയ്യുന്നതില്‍ അഭിമാനം കൊള്ളുന്നു. കാരണവരുടെ സഹോദരിയായ അമ്മയ്ക്കോ അനന്തരവളായ മകള്‍ക്കോ സംബന്ധക്കാര്യത്തില്‍ ഒരഭിപ്രായവും പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുന്നില്ല. അവരുടെ അനിഷ്ടം കഥയുടെ ആഖ്യാനത്തില്‍ വരികള്‍ക്കിടയില്‍ക്കൂടി വ്യക്തമാകുന്നുണ്ട്. സംബന്ധക്കാര്യത്തെക്കുറിച്ച് മെല്ലെ പെങ്ങള്‍ അഭിപ്രായം പറയാന്‍ തുടങ്ങുമ്പോള്‍ത്തന്നെ കാരണവര്‍ പറയുന്നു.
''അതൊക്കെ എനിക്കറിയാം. അദ്ദേം വരുതീക്കര അഫ്ന്‍ ആണ്. എവ്ടത്ത്യായാലും ബ്രാഹ്മണനാ. തറവാട്ടിലേക്ക് അതൊരു സുകൃതാ.''
പെങ്ങള്‍ക്കൊന്നും പറയാനില്ല.
''മറ്റെന്നാ പൊടവ കൊടുക്കാന്‍ മുഹൂര്‍ത്തംണ്ട്.''
''ഓപ്പ മെതിയടി ശബ്ദിപ്പിച്ചുകൊണ്ട് മുറ്റത്തിറങ്ങി കുളത്തിലേക്ക് നടന്നപ്പോള്‍ പെങ്ങള്‍ കണ്ണുകള്‍ തുടച്ചു. നടുമുറ്റത്തെ തൂണിനപ്പുറത്തെ അന്ധകാരത്തില്‍ ഒരു നിശ്വാസം അലിഞ്ഞു ചേര്‍ന്നു.''
മദ്ധ്യവയസ്‌കന്‍ നമ്പൂതിരിയുടെ അന്തിക്കൂട്ടിനുള്ള ഉപകരണം മാത്രമായി നിയോഗിക്കപ്പെടുന്ന കൗമാരക്കാരിക്കോ തറവാട്ടമ്മയായ അമ്മയ്ക്കോ കാരണവരുടെ തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കിലും ഒരഭിപ്രായവും പറയാനിട കിട്ടുന്നില്ല. അന്നത്തെ വ്യവസ്ഥയില്‍ ആ അഭിപ്രായത്തിന് ഒരു വിലയുമില്ല. പെങ്ങളോടോ അനന്തരവളോടോ ഉള്ള കാരണവരുടെ ഇഷ്ടക്കുറവല്ല, അവരുടെ താല്പര്യത്തെക്കാളും ജീവിതസൗഖ്യത്തെക്കാളും പ്രധാനം ബ്രാഹ്മണസംബന്ധത്തിലൂടെ കൈവരുന്ന തറവാടിന്റെ സുകൃതമാണ് എന്ന വിശ്വാസമാണ് അയാളെ മനുഷ്യത്വരഹിതമായ തീരുമാനത്തിലേക്കു നയിക്കുന്നത്.
ഒരു കൊല്ലത്തിനുള്ളില്‍ ജാനകി ഒരു കുഞ്ഞിന്റെ അമ്മയായി. ജ്യേഷ്ഠന്‍ മരിച്ച കാരണത്താല്‍ അഫ്ന്‍ നമ്പൂതിരി അമ്പലത്തിലെ ശാന്തിപ്പണി വിട്ട് ഇല്ലത്തേക്കു മടങ്ങുമ്പോള്‍ തനിക്ക് ശയ്യാസുഖം നല്‍കിയ ആ യുവതിയേയും താന്‍ ജന്മം നല്‍കിയ ആ കുഞ്ഞിനേയും ഒന്നു കാണാന്‍ പോലും തയ്യാറാകുന്നില്ല. നമ്പൂതിരി ഇല്ലത്തേക്കു മടങ്ങിയെന്ന വാര്‍ത്ത സാധാരണമായ ഒരു കാര്യം പോലെ നിസ്സംഗമായി കാരണവര്‍ സഹോദരിയോട് പറയുന്നു:
''ഓപ്പ വിളിച്ചോ?''
''ഉം. ഒരു കാര്യം പറയാനേ. അദ്ദേഹം പോയി.''
''ആര്?''
''തിരുമേനി.''
പെങ്ങള്‍ ശബ്ദിച്ചില്ല.
''വല്യതിരുമേനി തീപ്പെട്ടൂത്രേ. ശാന്തി മത്യാക്കി.''
പെങ്ങള്‍ വാതിലിന്റെ മറവിലേക്ക് മാറിനിന്ന് കോന്തലകൊണ്ട് കണ്ണു തുടച്ചു. പതിനാറു കൊല്ലങ്ങള്‍ക്കപ്പുറത്തെ ഒരു സന്ധ്യ അവര്‍ക്ക് ഓര്‍മ്മയുണ്ട്. അകത്തെ അന്ധകാരത്തിലെവിടെയോ ഒരു തേങ്ങല്‍ അലിഞ്ഞുചേര്‍ന്നു. മൂകമായ ആ ഗൃഹത്തിന്റെ അന്തരീക്ഷത്തെ അസ്വസ്ഥമാക്കിക്കൊണ്ട് വടക്കേ അകത്തുനിന്ന് ഒരു ചോരക്കുഞ്ഞ് ഉണര്‍ന്നു കരഞ്ഞു. മകള്‍ക്കു മാത്രമല്ല, ഇതുപോലെയുള്ള അനുഭവം അമ്മയ്ക്കും ഉണ്ടായിട്ടുണ്ട് എന്നാണ് പതിനാറു കൊല്ലങ്ങള്‍ക്കപ്പുറത്തുള്ള സന്ധ്യയെക്കുറിച്ചുള്ള പരാമര്‍ശത്തിലൂടെ വ്യക്തമാകുന്നത്.
എം.ടിയുടെ മിക്ക കൃതികളിലും അച്ഛന്‍ ഒരസാന്നിദ്ധ്യമോ അഭാവമോ ആണ്. നോവലുകളില്‍ അത് വളരെ പ്രകടമാണ്. നാലുകെട്ടിന്റെ കഥാകാലത്തില്‍ അപ്പുണ്ണിയുടെ പിതാവ് മരിച്ചുപോയിരിക്കുന്നു. അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടിയുടെ പിതാവും ജീവിച്ചിരിപ്പില്ല. മഞ്ഞിലെ വിമലയുടെ പിതാവും കാലത്തിലെ സേതുവിന്റെ അച്ഛനും കഥയില്‍ സന്നിഹിതരാണെങ്കിലും അവരോടുള്ള മുഖ്യകഥാപാത്രങ്ങളുടെ ബന്ധം ഒട്ടും ഗാഢതയുള്ളതല്ല. വിലാപയാത്രയില്‍ പിതാവിന്റെ മരണാനന്തരകര്‍മ്മങ്ങള്‍ക്ക് ഒത്തുകൂടിയ മക്കള്‍ ഒട്ടും ദയവില്ലാതെ അച്ഛനെ വിമര്‍ശനപരമായി വിലയിരുത്തുന്നതു കാണാം. 'രണ്ടാമൂഴ'ത്തിലെ ഭീമന്‍ തന്റെ പിതാവ് ആരാണെന്നറിയാതെ സ്വത്വപ്രതിസന്ധി അനുഭവിക്കുന്നവനാണ്. വാസ്തവത്തില്‍ ആ നോവലിന്റെ പ്രമേയകേന്ദ്രം അതാണ്. വാരാണസിയില്‍ സുധാകരന് മക്കളോടുള്ളത് വിച്ഛിന്നബന്ധമാണ്. ഇത്തരത്തിലൊരു ബന്ധമാണ് പെരുമഴയുടെ പിറ്റേന്ന് എന്ന കഥയിലെ ചിത്രകാരന് മകനോടുള്ളത്.
ജീവിതത്തില്‍ അതുവരെ അസാന്നിദ്ധ്യമായിരുന്ന അച്ഛനെ രാഘവന്‍ അഭിമുഖീകരിക്കുന്ന സന്ദര്‍ഭത്തെ കേന്ദ്രീകരിച്ചഴുതിയ ചെറുകഥയാണ് 'കരിയിലകള്‍ മൂടിയ വഴിത്താരകള്‍.' മറ്റുള്ളവര്‍ പറഞ്ഞുമാത്രം അറിയാവുന്ന അച്ഛനെ ഇരുപത്തഞ്ചാം വയസ്സില്‍ ആദ്യമായി കാണാന്‍ പോകുന്ന മകന്റെ ചിത്തവൃത്തികളും അനുഭവങ്ങളുമാണ് ഈ കഥയുടെ ആഖ്യാനതലം. ഒരുകാലത്ത് നായര്‍ സമുദായത്തില്‍ പ്രബലമായിരുന്ന നമ്പൂതിരിസംബന്ധത്തിന്റെ ദുരന്തം ചിത്രീകരിക്കുന്നു എന്നതാണ് ഈ കഥയിലെ സാമൂഹിക യാഥാര്‍ത്ഥ്യം. അന്ന് ശക്തമായിരുന്ന കീഴ്വഴക്കങ്ങളെ നേരിടാനുള്ള ഉള്‍ക്കരുത്ത് പ്രകടിപ്പിക്കാത്തതുകൊണ്ട് അച്ഛനും അമ്മയും ഒരുപോലെ ദുരന്തകഥാപാത്രങ്ങളായിത്തീരുന്നു. സവിശേഷ ജീവിതവ്യവസ്ഥയുടെ ഇരകളായ മനുഷ്യരാണവര്‍. അതുകൊണ്ട് ഒരു വ്യക്തിയില്‍ മാത്രം കുറ്റം ആരോപിക്കാനാവില്ല. ലാഘവത്തോടെ അച്ഛനെ കാണാന്‍ പോയ രാഘവന്‍ അസ്വസ്ഥമായ മനസ്സോടെ തിരിച്ചുപോരുന്നത് കൂടിക്കാഴ്ചയില്‍ ആ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നതുകൊണ്ടാണ്. നേരില്‍ കാണുന്നതുവരെ അമ്മയുടെ ജീവിതം നിത്യദുരിതമാക്കിയ ആള്‍ എന്ന വിശ്വാസമായിരുന്നു രാഘവന് അച്ഛനെക്കുറിച്ചുണ്ടായിരുന്നത്. എന്നാല്‍, വൃദ്ധപിതാവിന്റെ അവസ്ഥ നേരിട്ടറിയുകയും മാനസികാവസ്ഥ ഒട്ടൊന്ന് മനസ്സിലാക്കുകയും ചെയ്തതോടെ അച്ഛനും ആ വ്യവസ്ഥയുടെ ഇരയാണെന്ന് അയാള്‍ക്കു മനസ്സിലാകുന്നു.
വിഷാദഭാവത്തിനു പ്രാമുഖ്യമുള്ള രചനയാണ് 'കരിയിലകള്‍ മൂടിയ വഴിത്താരകള്‍' എന്ന ചെറുകഥ. ആഖ്യാനത്തിനിടയില്‍ ഒരിക്കല്‍ മാത്രം നര്‍മ്മത്തിന്റെ ഒരു തരി പ്രകാശിക്കുന്നതു കാണാം. വെയിലത്ത് വെള്ളശീലയിട്ട കുടപിടിച്ച് വന്ന ഒരു കാരണവരോട് രാഘവന്‍ വഴി ചോദിച്ചപ്പോള്‍ മറുപടി പറയാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അദ്ദേഹം വലത്തെ ചുമലില്‍നിന്ന് വെണ്‍കൊറ്റക്കുട ഇടത്തെ ചുമലിലേക്ക് മാറ്റി എന്നു പറയുന്നിടത്താണതുള്ളത്. അതൊഴിച്ചാല്‍ ഈ ചെറുകഥയില്‍ എവിടെയും ഇരുണ്ട വിഷാദത്തിന്റെ നിഴലുകളാണുള്ളത്. ചെറുകഥയുടെ ഭാവതലവുമായി യാതൊരു ബന്ധവുമില്ലാത്ത ഹാസ്യഛായയുള്ള ഫലിതകഥയാണ് രചനയുടെ അടിസ്ഥാനരൂപം എന്നത് കൗതുകകരമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates