സാമൂഹ്യ, രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങളില്‍ സമൂഹത്തിന്റെ ശ്രദ്ധ പതിപ്പിക്കുക: അതിലൂടെ സാമൂഹ്യമാറ്റവും പ്രതിരോധവും തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ സൃഷ്ടിക്കുന്നതാണ് ആക്ടിവിസ്റ്റ് കല അഥവാ രാഷ്ട്രീയ കര്‍മ്മോന്മുഖ കല. സാമൂഹ്യ വിമോചന ചിന്തകളില്‍ ജനങ്ങളെ പങ്കാളികളാക്കി മാറ്റത്തിന്റെ ദൂതന്മാരാകുന്നതിനു പ്രചോദനം നല്‍കാന്‍ ദൃശ്യകലയ്ക്കും പെര്‍ഫോമന്‍സ് കലയ്ക്കും കഴിയും. സമൂഹത്തില്‍ നീതി നിഷേധിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ഇത്തരം കലാപ്രവര്‍ത്തനം പ്രസക്തമാണ്. ഫെമിനിസ്റ്റ് കല, യുദ്ധവിരുദ്ധ കല, പാരിസ്ഥിതിക കല, സ്വത്വ രാഷ്ട്രീയം എന്നിങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ കലയെ സാമൂഹ്യമാറ്റത്തിനുവേണ്ടി ഉപയോഗിക്കുന്നുണ്ട്. അതിന്റെ ലാവണ്യതലം യാഥാസ്ഥിതിക സമൂഹത്തെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായും സംഘര്‍ഷാത്മകമാണ്. ഈ നൂറ്റാണ്ടില്‍ ബാന്‍സ്‌കി, ഐ വെയ്വേയ് (Ei Weiwei) എന്നിവരുടെ സൃഷ്ടികള്‍ അതിലെ സംവാദവും സംഘര്‍ഷവുംകൊണ്ട് ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ട് രാഷ്ട്രീയ പോസ്റ്ററുകള്‍ സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതിന്റേയും കൂടിയായിരുന്നു. റഷ്യന്‍ വിപ്ലവത്തിന്റെ നാളുകളില്‍ എല്‍ ലിസിട്സ്‌കി (El Lissitzky), കസിമിര്‍ മലെവിക് (Kazimir Malevich) എന്നീ കലാകാരന്മാര്‍ ബൊള്‍ഷെവിക് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തങ്ങളുടെ കല ഉപയോഗിച്ചു1. ലിസിട്സ്‌കിയുടെ 'ബീറ്റ് ദി വൈറ്റ്സ് വിത്ത് ദി റെഡ് വേഡ്ജ്' എന്ന ലിത്തോഗ്രാഫ് പോസ്റ്റര്‍ റഷ്യന്‍ ആഭ്യന്തര യുദ്ധത്തിന്റെ പ്രതീകം കൂടിയായി. അമേരിക്കന്‍ എഴുത്തുകാരായ അമിരി ബറാക്ക (Amiri Baraka), നിക്കി ജിയോവനി, സോണിയ സാഞ്ചസ് എന്നിവര്‍ എഴുപതുകളില്‍ വംശീയ വിവേചനം, ദാരിദ്ര്യം, പൊലീസ് ക്രൂരത ഇവയെയൊക്കെ 'ബ്ലാക്ക് ആര്‍ട്സ് മൂവ്മെന്റി'ലൂടെ അഭിസംബോധന ചെയ്തു.
ചരിത്രവും സമകാലികതയും
കലാകാരന്മാരും കരകൗശല വിദഗ്ദ്ധരും രാജാക്കന്മാരുടേയോ പ്രഭുക്കന്മാരുടേയോ രക്ഷാകര്‍ത്തൃത്വത്തില്‍ അവരുടെ കലാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതായിരുന്നു ഇന്ത്യന്‍ കലയുടെ സാമ്പത്തിക ശാസ്ത്രം.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയില്‍ ആധുനികതയ്ക്ക് തുടക്കം കുറിച്ച രാജാരവിവര്‍മ്മ ദീര്‍ഘവീക്ഷണത്തോടെ തന്റെയും സഹോദരന്റേയും ശ്രമഫലമായി കലാവിപണി സൃഷ്ടിച്ചു. ഒലിയോഗ്രാഫ് പ്രിന്റുകളിലൂടെയാണ് ഇന്ത്യയിലാകെ അദ്ദേഹം കലയുടെ വിപണി കണ്ടെത്തിയത്2. താന്‍ പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ രാജാക്കന്മാര്‍ക്കും ദിവാന്മാര്‍ക്കും കൈമാറി പ്രതിഫലം പറ്റുകയും ചെയ്തു. കേരളത്തിലെ ആദ്യത്തെ ഗാലറി തിരുവനന്തപുരം മ്യൂസിയത്തില്‍ തിരുവിതാംകൂര്‍ രാജാവ് സ്ഥാപിക്കുന്നതിനു പിന്നിലും രവിവര്‍മ്മയുടെ സ്വാധീനമുണ്ട്. ഒപ്പം ഇന്ത്യയിലാകെ ഗാലറികളില്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ രവിവര്‍മ്മ താല്പര്യപ്പെട്ടു. രവിവര്‍മ്മയ്ക്കു ശേഷം ഇന്ത്യയിലാകെ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചത് അമൃത ഷെര്‍ഗിലിന്റെ ചിത്രങ്ങള്‍ക്കാണ്. രവിവര്‍മ്മയുടെ ചിത്രങ്ങളുടെ സൗന്ദര്യശാസ്ത്രത്തില്‍നിന്ന് വ്യത്യസ്തമായ മറ്റൊരു ലാവണ്യതലം സൃഷ്ടിച്ചുകൊണ്ടാണ് അമൃത കലയില്‍ ഏര്‍പ്പെട്ടത്.
1906-ല്‍ രവിവര്‍മ്മയുടെ മരണത്തോടെ രവിവര്‍മ്മയുടെ പ്രശസ്തിയും തമസ്‌കരിക്കപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യന്‍ ആധുനികത യാത്ര ചെയ്തത് ദേശീയതയുടെ പുനരുത്ഥാനം എന്ന റിവൈവലിസ(revivalism)ത്തിലേക്കാണ്. എന്നാല്‍, അമൃത റിവൈവലിസത്തിന്റെ ഭാഗമാകാതെ 1930-കളില്‍ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് സാംസ്‌കാരികമായ മറ്റൊരു ആധുനികത അവതരിപ്പിച്ചുകൊണ്ടാണ്, കൊളോണിയലിസ്റ്റ് കല പ്രചരിപ്പിച്ച അക്കാദമിക്ക് റിയലിസത്തിനെതിരെ ആത്മവിശ്വാസത്തോടെ നിലകൊണ്ടത്. ഇത് പിന്നീട് കോളനി അനന്തര കാലഘട്ടത്തില്‍ ശക്തമായി ആധുനികത പ്രസ്ഥാനത്തെ സ്വാധീനിച്ചു. യൂറോപ്പില്‍ പോസ്റ്റ് ഇംപ്രഷനിസത്തെ (post impressionism) തുടര്‍ന്നു കലയില്‍ ഉണ്ടായ ക്യൂബിസം, ദാദായിസം, സര്‍ റിയലിസം തുടങ്ങിയ അവാങ്ഗാര്‍ഡ് പ്രസ്ഥാനങ്ങളുമായി പാരീസിലെ കലാപഠനകാലത്ത് പരിചയപ്പെട്ട അമൃത നിയോ റിയലിസത്തിലൂടെ ഇന്ത്യന്‍ ഗ്രാമജീവിതത്തെ ചിത്രീകരിച്ചുകൊണ്ട് ശക്തമായ ഇന്ത്യന്‍ ആധുനികത സൃഷ്ടിച്ചു.
രാജാരവിവര്‍മ്മയും അമൃത ഷെര്‍ഗിലും
രാജാരവിവര്‍മ്മയും അമൃത ഷെര്‍ഗിലും തമ്മില്‍ ചില താരതമ്യങ്ങള്‍ക്ക് ഇവിടെ സാംഗത്യമുണ്ട്. രവിവര്‍മ്മയെപ്പോലെ അമൃതയും അക്കാദമിക് റിയലിസം പരിശീലിച്ചിരുന്നു. എന്നാല്‍ കുശാന (kushan), അജന്ത, മധ്യകാല മുഗള്‍, രാജ്പുത് കലകളുടെ സൗന്ദര്യപരികല്പനകള്‍ അമൃതയുടെ കലയെ സ്വാധീനിച്ചു. രവിവര്‍മ്മയാകട്ടെ, അക്കാദമിക് റിയലിസത്തിന്റെ സൗന്ദര്യദര്‍ശനം അതേപടി തുടര്‍ന്നു. ഇന്ത്യന്‍ മ്യൂറല്‍ മിനിയേച്ചര്‍ പാരമ്പര്യത്തില്‍ ചിത്രങ്ങള്‍ ഏതെങ്കിലും ഫ്രെയിമിന്റെ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്ന ഒന്നല്ല. എന്നാല്‍, ഇരുവരും ഈസല്‍, കാന്‍വാസ്, ഓയില്‍ പെയിന്റ് എന്നിവ തന്നെ രചനയ്ക്കായി സ്വീകരിച്ചു. ഇരുവരും സ്ത്രീകളുമായി ബന്ധപ്പെട്ട മുഹൂര്‍ത്തങ്ങള്‍ ചിത്രീകരിച്ചു. രവിവര്‍മ്മയ്ക്ക് ഇത് പുരാണ കഥാമുഹൂര്‍ത്തങ്ങള്‍ ആണെങ്കില്‍ അമൃതയില്‍ അത് ഗ്രാമീണ ഇന്ത്യയിലെ സ്ത്രീ ജീവിതങ്ങളാണ്. ഇന്ത്യന്‍ ആധുനികതയുടെ ശക്തമായ രാഷ്ട്രീയ പ്രതിനിധാനമായി രവിവര്‍മ്മയുടെ 'ഗാലക്സി ഓഫ് മ്യൂസിഷ്യന്‍സ്' നിലനിന്നപ്പോള്‍ ഇന്ത്യന്‍ സ്ത്രീയുടെ സ്വാതന്ത്ര്യാഭിവാഞ്ഛകളെ ചിത്രീകരിച്ചുകൊണ്ട് ഇന്ത്യന്‍ ചിത്രകലയെ ആദ്യമായി സ്ത്രീ സ്വഭാവത്തിലേക്ക് എത്തിക്കുകയാണ് അമൃത ചെയ്തത്. 1920-കളില്‍ കലയെ ശക്തമായി സ്വാധീനിച്ച മെക്സിക്കന്‍ മ്യൂറല്‍ ചിത്രങ്ങളും ഫ്രിഡാ കാഹ്ലോയും സ്ത്രീപക്ഷത്തു നില്‍ക്കാന്‍ അമൃതയെ സ്വാധീനിച്ചു. സാധാരണ സ്ത്രീകളും ഫ്യൂഡല്‍ വ്യവസ്ഥയ്ക്കുള്ളില്‍ കഴിയുന്ന സ്ത്രീകളും ചില അലിഖിത നിയമങ്ങളുടെ ശാസനകള്‍ക്കുള്ളില്‍ അനുഭവിച്ചുതീര്‍ക്കുന്ന ജീവിതത്തെ അമൃത ചിത്രീകരിച്ചു. പൗരസ്ത്യ (ഓറിയന്റല്‍) ബിംബങ്ങള്‍ കലയില്‍ ആവിഷ്‌കരിച്ച അമൃത ഇതിനായി ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തു. ആ യാത്രയില്‍ കേരളത്തിലും എത്തി3. പ്രാദേശിക വിഭവങ്ങള്‍ ഉപയോഗിച്ച് ആധുനിക ആശയങ്ങളിലേക്ക് നീങ്ങുന്ന ദേശീയതയോട് ഇങ്ങനെ മാത്രം അനുഭാവം പ്രകടിപ്പിച്ചു. ആനന്ദകുമാരസ്വാമിയും റിവൈവലിസ്റ്റുകളും രാജാരവിവര്‍മ്മയുടെ തമസ്‌കരണത്തിന്റെ ചുമതല നിര്‍വ്വഹിച്ചുവെങ്കിലും വ്യക്തിപരമായ കലാപ്രതിഭ പ്രൊഫഷണല്‍ യുക്തിയിലൂടെ വ്യാഖ്യാനിച്ച് കലാവ്യക്തിത്വത്തിന്റെ സവിശേഷതയാക്കിയ രാജാരവിവര്‍മ്മ ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ പിതാവാണെന്ന് പില്‍കാലത്ത് ഗീത കപൂര്‍ വിശേഷിപ്പിക്കുന്നു4.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ നവോത്ഥാനം ഹിന്ദു സംസ്‌കാരമായി ബന്ധപ്പെട്ടു നിലനിന്നിരുന്നത് രവിവര്‍മ്മയുടെ നറേറ്റിവുകളുടെ രാഷ്ട്രീയം വ്യക്തമാക്കുന്നു. രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും വരേണ്യവര്‍ഗ്ഗത്തിനും പുറമേ സാധാരണക്കാരനും പാവപ്പെട്ടവനും ചിത്രങ്ങള്‍ ലഭ്യമാക്കാന്‍ അവസരം ഒരുക്കിയ ഒലിയോഗ്രാഫ് പ്രിന്റിങ് പ്രസ് എന്നത് ആധുനിക കലയിലെ ആദ്യ ജനകീയവല്‍ക്കരണം കൂടിയായി വിലയിരുത്തപ്പെടുന്നു5.
അന്താരാഷ്ട്ര വാദം
പാശ്ചാത്യ കലാചരിത്രത്തില്‍ 19-ാം നൂറ്റാണ്ടിന്റെ അവസാന കാലത്തും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയും വരെ നിലനിന്ന ഒന്നായാണ് ആധുനികത എന്ന സാംസ്‌കാരിക പദാവലിയെ വിവക്ഷിക്കുന്നത്. ആഗോളപരത - 'ലോകമേ തറവാട്' -ഇതിന്റെ ഒരു പ്രത്യേകതയാണ്. ടഗോറിനേയും ബര്‍ട്രന്റ് റസ്സലിനേയും ഐന്‍സ്റ്റൈനേയും പോലെയുള്ള വിശ്വപൗരന്മാര്‍ ഈ ആധുനികതയെ സ്നേഹിച്ചു. വ്യവസായ വിപ്ലവത്തിലൂടെ ലോകത്തിനു കൈവരിച്ച യാന്ത്രിക പുനരുത്ഥാനം ബൂര്‍ഷ്വാസിയും ചൂഷിത വര്‍ഗ്ഗവും എന്ന വര്‍ഗ്ഗ വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടല്‍ കൂടിയായി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ന്യൂനപക്ഷവും വംശീയ പ്രശ്നങ്ങളും ജാതിയും മതപരമായ വൈരുദ്ധ്യങ്ങളും ഈ വര്‍ഗ്ഗദ്വന്ദത്തിന്റെ പരിഗണനയ്ക്കു പുറത്തായിരുന്നു. മൂന്നാം ലോക രാജ്യങ്ങളിലെല്ലാം വരേണ്യ സാംസ്‌കാരികതയിലൂടെ ആഗോള ആധുനികത പ്രചരിക്കപ്പെട്ടു. യൂറോപ്പില്‍ വംശീയ വൈരുദ്ധ്യങ്ങളും ഇതര പ്രദേശങ്ങളില്‍ മതവെറിയും ഇന്ത്യയില്‍ ജാതിവൈരുദ്ധ്യങ്ങളും അഭിസംബോധന ചെയ്യാന്‍ കഴിയുന്നതായിരുന്നില്ല ആഗോള സാംസ്‌കാരിക ആധുനികത. ഇന്ത്യയിലാകട്ടെ, ദേശീയ ആധുനികതയും വര്‍ഗ്ഗവൈരുദ്ധ്യാധിഷ്ഠിത കാഴ്ചപ്പാടും ഒരേപോലെ ജാതിവൈരുദ്ധ്യവും പാര്‍ശ്വവല്‍ക്കരണവും പരിഹരിക്കുന്നതിനു സജ്ജവുമായിരുന്നില്ല.
സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് റിവൈവലിസ്റ്റ് പ്രസ്ഥാനം രൂപപ്പെട്ടെങ്കിലും അന്താരാഷ്ട്ര വാദത്തിന്റെ ഏഷ്യന്‍ രൂപമായ ജപ്പാന്‍, ചൈന എന്നിവിടങ്ങളിലെ ഓറിയന്റല്‍ കലയുമായുള്ള സംവാദത്തിലൂടെയാണ് ബദല്‍ ദേശീയ സാംസ്‌കാരികത കലയില്‍ രൂപപ്പെട്ടത്. ഗാന്ധിജിയിലൂടെ സാധ്യമായ ഇന്ത്യന്‍ ദേശീയ കാഴ്ചപ്പാടിനുള്ളില്‍നിന്നുകൊണ്ട് അധഃസ്ഥിത ജനതയുടെ പ്രശ്നങ്ങള്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ സംവാദത്തിനു വിധേയമാക്കിയത് സ്ഥാപനവല്‍ക്കരിക്കപ്പെട്ട സാംസ്‌കാരിക സംവാദങ്ങള്‍ക്കുള്ളില്‍ ആദിവാസി (tribal), കര്‍ഷക, വംശീയ, ജാതി, ഉപജാതി മേഖലകളുടെ സാംസ്‌കാരിക മുന്നേറ്റം സാധ്യമാക്കി. 1930-കളുടെ മധ്യത്തോടെ ശാന്തിനികേതനില്‍നിന്നും തന്നെ രാംകിങ്കര്‍ ബെയ്ജ്ജ് ആദിവാസി സംസ്‌കാരത്തിന്റെ ഭാവുകത്വം കലയില്‍ ആവിഷ്‌കരിച്ചു. കല്‍ക്കട്ടയില്‍ ജാമിനി റോയ് പടചിത്രയുടെ ഭാവുകത്വം ആധുനിക ചിത്രകലയിലേക്ക് ചേര്‍ത്തുവച്ചു. അമൃത ഷെര്‍ഗില്‍ ഇന്ത്യന്‍ വരേണ്യ, കാര്‍ഷിക, മധ്യവര്‍ഗ്ഗ സമൂഹത്തെ ചിത്രകലയില്‍ ആവിഷ്‌കരിച്ചതിന്റെ തുടര്‍ച്ചയായി ഇതിനെ കാണാം. ആധുനികതയും അനാഗരികതയും (primitive), കീഴാള സംസ്‌കൃതിയും ഉള്‍പ്പെടുത്തിയുള്ള മുന്നേറ്റമാണിത്.
കലാകാരന്റെ സ്വാതന്ത്ര്യാഭിവാഞ്ഛ
1947-ല്‍ ഇന്ത്യ പുതിയൊരു ദേശീയ വ്യക്തിത്വത്തിന് ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വതന്ത്രമായ കലാരചനയ്ക്കുവേണ്ടി ബോംബെ പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റുകളുടെ ഗ്രൂപ്പ് (PAG) രൂപം കൊണ്ടു. ബംഗാള്‍ സ്‌കൂളിന്റെ കലാപാരമ്പര്യത്തെ നിഷേധിക്കുന്നതിനൊപ്പം വിഭജനവും അതേ തുടര്‍ന്ന് ഇന്ത്യ നേരിടുന്ന രാഷ്ട്രീയ-ആഭ്യന്തര വെല്ലുവിളികളും, ലോകമെങ്ങും സ്വാധീനം ചെലുത്തിയ കലാകാരന്റെ സ്വാതന്ത്ര്യം എന്ന പരികല്പനയും പ്രോഗ്രസീവ് കലാകാരന്മാരെ സ്വാധീനിച്ചു. എഫ്.എന്‍. സൂസ, എം.എഫ്. ഹുസൈന്‍, എസ്.എച്ച്. റസ ഇവയിലടങ്ങിയ ഒരുകൂട്ടം കലാകാരന്മാര്‍ ലോക കലയെ സ്വാധീനിച്ച കലാപ്രസ്ഥാനങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് ഇന്ത്യന്‍ അവാങ്ഗാര്‍ഡിനെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു.
ബറോഡ നരേറ്റീവ്
സമകാലീനതയുടെ ആഖ്യാനവും മനുഷ്യരൂപങ്ങള്‍ക്ക് പ്രാധാന്യവും നല്‍കി സൃഷ്ടി നടത്തുന്ന ഒരു സംഘം കലാകാരന്മാര്‍ ബറോഡയെ ശ്രദ്ധാകേന്ദ്രമാക്കി. വിദേശത്തെ ഉപരിപഠനം പൂര്‍ത്തിയാക്കിയശേഷം വിവാന്‍ സുന്ദരം തിരിച്ചെത്തുമ്പോള്‍ ബറോഡ ഇന്ത്യന്‍ കലയിലെ പ്രാദേശികതയായി മാറിയിരുന്നു. നാടോടി കലാരൂപത്തിനും കരകൗശലത്തിനും തദ്ദേശ സംസ്‌കാരത്തിനും പ്രാമുഖ്യം കൊടുത്തുകൊണ്ട് കെ.ജി. സുബ്രഹ്മണ്യന്‍ ബറോഡയില്‍ സമകാലികവും ആധുനികവുമായ കലയുടെ സവിശേഷതയ്ക്ക് വഴിയൊരുക്കി. അമേരിക്കന്‍ അജണ്ടയായ സാംസ്‌കാരിക സ്വാതന്ത്ര്യത്തിന്റെ കയറ്റുമതിയുമായി ബന്ധപ്പെട്ട് 1967-ല്‍ ക്ലെമന്റ് ഗ്രീന്‍ബര്‍ഗ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുകയും അമേരിക്കന്‍ ആധുനികത പരിചയപ്പെടുത്തിക്കൊണ്ട് അവിടെനിന്നുള്ള കലാകാരന്മാരുടെ പ്രദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ആ സമയത്ത് ഇന്ത്യന്‍ കല ബഹുമുഖമായ കലാപ്രവര്‍ത്തനങ്ങള്‍ നിറഞ്ഞതായിരുന്നു. നരേറ്റീവും ഫിഗറേറ്റീവും പലവിധ അമൂര്‍ത്തതയും നിറഞ്ഞ് ഇന്ത്യന്‍ കലാരംഗം ബഹുസ്വരമായിരുന്നു.
ആഗോള സാംസ്‌കാരികതയെ സ്വാധീനിക്കാനും സാംസ്‌കാരികമായി തങ്ങളാണ് ശരിയെന്ന് സ്ഥാപിക്കാനുമുള്ള പ്രചാരവേല ഇരു സാമ്രാജ്യത്വ ചേരികളും ശക്തമായി മുന്നോട്ടു കൊണ്ടുപോയി. ബ്രിട്ടീഷ് കോളനിഭരണം ഭാരതീയ കലയെ സാധാരണ രീതിയില്‍നിന്നു വ്യതിചലിച്ച(aberrant) ഒന്നായി വിലയിരുത്തിയാണ് ഇന്ത്യയില്‍ പുതിയ കലാ വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയത് 6.
പുതിയ കാലത്തിന്റെ സംസ്‌കാരം ആഖ്യാനത്തിനും ഫിഗറേഷനും സ്ഥാനമില്ലാത്തതാണെന്ന ആഗോള കാഴ്ചപ്പാട് രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള ലോകസാഹചര്യത്തെ ഉപയോഗപ്പെടുത്തി അമേരിക്ക പ്രചരിപ്പിച്ചു. അമൂര്‍ത്ത കല അബ്സ്ട്രാക്ട് എക്സ്പ്രഷനിസം, കളര്‍ ഫീല്‍ഡ്(colour field), പെയിന്റിംഗ് എന്നിവയാണ് അമേരിക്ക പിന്തുണച്ചത്. ഇതിനെതിരെയുള്ള റഷ്യന്‍ സാമ്രാജ്യത്വ ബദലായി കണ്‍സ്ട്രക്ടിവിസം, സോഷ്യല്‍ റിയലിസം, സോഷ്യലിസ്റ്റ് റിയലിസം തുടങ്ങിയവ പ്രചരിപ്പിക്കപ്പെട്ടു. തൊഴിലാളിവര്‍ഗ്ഗത്തിന്റെ ജീവിത സവിശേഷതകള്‍ക്കുള്ളില്‍ പരിമിതപ്പെടുത്തിയ സാംസ്‌കാരിക ഇടപെടലാണ് സോഷ്യലിസ്റ്റ് റിയലിസം. അമേരിക്ക അരാഷ്ട്രീയതയേയും കലാകാരന്റെ സ്വാതന്ത്ര്യവാഞ്ഛയേയും റഷ്യ സോഷ്യലിസ്റ്റ് റിയലിസത്തേയും പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇന്ത്യന്‍ കലാകാരന്മാരില്‍ മെക്സിക്കന്‍ മ്യൂറലിസത്തിന്റെ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. പുതിയ ലോകസാഹചര്യത്തില്‍ രൂപംകൊണ്ട അസ്തിത്വവാദ ദര്‍ശനം തുടങ്ങിയ ചിന്തകളും സ്വാതന്ത്ര്യന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. അടിയന്തരാവസ്ഥയെത്തുടര്‍ന്ന് മനുഷ്യാവകാശവും രാഷ്ട്രീയ പ്രതിപക്ഷവും റദ്ദുചെയ്യപ്പെട്ടത് സാമൂഹികമായി വിധ്വംസകമാക്കപ്പെട്ട ലൈംഗികതയെ (ഭുപന്‍ ഖക്കര്‍) ഉള്‍പ്പെടെ ചിത്രീകരിക്കാന്‍ കലാകാരനു പ്രേരണയായി. സുധീര്‍ പട്വര്‍ധന്‍, ഗുലാം മുഹമ്മദ് ഷേഖ്, ജോഗന്‍ ചൗധരി, ഭുപന്‍ ഖക്കര്‍, നളിനി മലാനി ഇവര്‍ക്കൊപ്പം ചേര്‍ന്ന് 1981-ല്‍ വിവാന്‍ സുന്ദരം, 'എ സ്പേസ് ഫോര്‍ പീപ്പിള്‍' എന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്തു. ആദ്യകാലത്ത് ബറോഡയിലെ കലാകാരന്മാര്‍ക്കൊപ്പം നരേറ്റീവും ഫിഗറേറ്റീവുമായ പെയിന്റിംഗുകള്‍ ചെയ്തു. കലയും ആക്ടിവിസവും തന്റെ ശില്പങ്ങളിലൂടെയും ഇന്‍സ്റ്റലേഷനുകളിലൂടെ വിവാന്‍ ആവിഷ്‌കരിച്ചത് ഇന്‍സ്റ്റലേഷന്‍ കലയുടെ ഇന്ത്യയിലെ പ്രാഥമിക അന്വേഷണങ്ങളുടെ ഭാഗമായി. ബോംബെ കലാപവുമായി ബന്ധപ്പെട്ട് വിവാന്‍ 1993-ല്‍ 'മെമ്മോറിയല്‍' എന്ന പ്രദര്‍ശനം നടത്തിയത് കലാകാരനും ആസ്വാദകനും തമ്മിലുള്ള പങ്കാളിത്തം ഉറപ്പുവരുത്തി. ബാബറിമസ്ജിദ് തകര്‍ച്ചയെത്തുടര്‍ന്ന് മുംബൈയില്‍ ആദ്യം ചെറിയ വ്യാപ്തിയിലുള്ള ഒരു കലാപം നടന്നു - സൗത്ത് മുംബൈയിലെ ഡോംഗ്രിയില്‍ പണ്ടകശാലയിലുറങ്ങിക്കിടന്ന ആറുപേരെ തീകൊളുത്തി കൊന്നതിലൂടെയാണ് തുടക്കം. ഒരു മാസത്തിനുശേഷം ആസൂത്രിതമായതാണ് - മറ്റൊരു കലാപം. ഔദ്യോഗികമായി മരണസംഖ്യ 1200. മുംബൈയില്‍ ഈ നാളുകളില്‍ പത്രപ്രവര്‍ത്തനം എളുപ്പമായിരുന്നില്ല. റിപ്പോര്‍ട്ടിങ്ങിനിടയില്‍ പത്രപ്രവര്‍ത്തകരുടെ ജീവനും യാത്രയും പലപ്പോഴും ഭീഷണിയിലായി.
കലാപത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ വീണുകിടക്കുന്ന മൃതശരീരത്തിന്റെ പത്രഫോട്ടോ കലാപത്തിന്റെതന്നെ നേര്‍ക്കാഴ്ചയായി. ഈ ഫോട്ടോയും മറ്റു പത്രഫോട്ടോകളും ഉപയോഗിച്ചു വിവാന്‍ സുന്ദരം ഡല്‍ഹിയില്‍ ഒരുക്കിയ ഇന്‍സ്റ്റലേഷനാണ് മെമ്മോറിയല്‍. ഒരു പ്രദര്‍ശനം എന്നാല്‍ ഗാലറിയില്‍ പ്രത്യേകം ഒരുക്കിയ വെളിച്ചസംവിധാനത്തില്‍ കാണേണ്ട ഒന്നാണെന്നാണ് യാഥാസ്ഥിതിക ധാരണ. എന്നാല്‍, മെമ്മോറിയല്‍ പ്രദര്‍ശനം ഇരുട്ടിനെക്കൂടി സമൃദ്ധമായി ഉപയോഗിച്ചുകൊണ്ടുള്ള ഒന്നായിരുന്നു. പ്രദര്‍ശനം കണ്ട് മുന്നോട്ടുപോകുന്ന കാഴ്ചക്കാരനെ അത്ര അനായാസം കടന്നുപോകാന്‍ അനുവദിക്കാത്ത തരത്തിലായിരുന്നു ഡിസ്പ്ലേ. അത് പുതിയ ഗാലറി പെരുമാറ്റ അനുഭവം സൃഷ്ടിച്ചു. വലിയ വലുപ്പത്തിലുള്ള ഫോട്ടോ മൊണ്ടാഷുകള്‍ മെമ്മോറിയലിന്റെ ഭാഗമായി. പലതരം ഫോട്ടോകളുടെ പരമ്പര ഉപയോഗിച്ച് മറ്റൊരു രൂപരേഖയില്‍ സൃഷ്ടിക്കുന്ന ഇമേജുകളാണ് ഫോട്ടോ മൊണ്ടാഷുകള്‍. ഇതോടൊപ്പം പൊട്ടിയ ചില്ലുകള്‍, ലോഹക്കഷണങ്ങള്‍, വര്‍ഗ്ഗീയ കലാപത്തിന്റെ പത്രവാര്‍ത്തകള്‍ എന്നിവയിലൂടെ കലാപത്തിന്റെ വേദനിപ്പിക്കുന്ന ഇമേജുകള്‍ പുനഃസൃഷ്ടിച്ചു. ഇന്ത്യയുടെ ചരിത്രത്തിലേക്കും രാഷ്ട്രീയത്തിലേയ്ക്കും വേരൂന്നി ഒരുക്കിയ ഇന്‍സ്റ്റലേഷന്‍ ഇന്ത്യന്‍ കലയിലെ മിനിയേച്ചര്‍ പാരമ്പര്യവും ബോളിവുഡ് സിനിമയിലെ കട്ടൗട്ട് രീതിയും ഒരേപോലെ സന്നിവേശിപ്പിച്ചു. കലയും രാഷ്ട്രീയ മുന്നണി പോരാട്ടവും, സാമൂഹ്യപ്രശ്നങ്ങളില്‍ കലാകാരന്റെ ഇടപെടലും ബോധവല്‍ക്കരണവും, ദൃശ്യഭാഷയിലൂടെ ഉന്നയിക്കുന്ന സാമൂഹ്യാവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങളും എല്ലാം ചേര്‍ന്ന് പുരോഗമന ഇടപെടലുകള്‍ക്ക് അനുരൂപം ആയിരുന്നു 'മെമ്മോറിയല്‍' എന്ന ഇന്‍സ്റ്റലേഷന്‍.
മെമ്മോറിയലിലെ ആക്ടിവിസത്തിന്റെ ഉന്നതാസക്തി (buoyant) അന്നത്തെ ഇന്ത്യന്‍ പരിസരം ആവശ്യപ്പെടുന്നതായിരുന്നു. ഫോട്ടോഗ്രാഫുകള്‍, പെറുക്കിയെടുത്തവ (found objects), വീഡിയോ എന്നിവ ഉപയോഗിച്ച് കലയില്‍ വ്യത്യസ്ത ലാവണ്യതലം സൃഷ്ടിക്കുകയായിരുന്നു വിവാന്‍. അറുപതുകളില്‍ യൂറോപ്പിനെ സ്വാധീനിച്ച സാമ്രാജ്യത്വ വിരുദ്ധത, ഉപഭോഗസംസ്‌കാര വിരുദ്ധത, പൗരാവകാശ പോരാട്ടങ്ങള്‍ ഇവയുടെ സൃഷ്ടിയായിരുന്നു വിവാന്‍ എന്ന ആക്ടിവിസ്റ്റ്. ഇന്ത്യന്‍ കലയില്‍ ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിനെ ആദ്യകാലത്ത് വിവാന്‍ പരിചയപ്പെടുത്തുമ്പോള്‍ അതില്‍ രാഷ്ട്രീയവും ചരിത്രവും ചേര്‍ന്നു സൃഷ്ടിച്ച ലാവണ്യതലം സംവാദയിടങ്ങള്‍ക്കു കരുത്തുപകര്‍ന്നു.
അക്കാലത്ത് മുംബൈയില്‍ പത്രപ്രവര്‍ത്തകനായിരുന്ന ലേഖകന്‍ വലിയ കഷ്ടങ്ങള്‍ സഹിച്ചു കലാപവും തുടര്‍ന്ന് അഭയാര്‍ത്ഥി ക്യാമ്പുകളിലെ മനുഷ്യസഹനങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെമ്മോറിയല്‍ എന്ന പ്രദര്‍ശനം കാണാന്‍ സ്വാഭാവികമായും ആവേശം തോന്നി. അന്ന് ഡല്‍ഹി യാത്ര എനിക്ക് ലക്ഷ്വറിയാണ്. ദീര്‍ഘനാള്‍ വിപ്ലവപ്രസ്ഥാനത്തിലെ സഹയാത്രികനായിരുന്ന ഒരു സുഹൃത്ത് നല്‍കിയ ധനസഹായം സ്വീകരിച്ചാണ് പ്രദര്‍ശനം കാണാന്‍ ഡല്‍ഹിയിലെത്തിയത്.
ചരിത്രവും സ്മരണയും സമകാലിക രാഷ്ട്രീയവും തന്റെ സൃഷ്ടികളില്‍ സന്നിവേശിപ്പിക്കുകയാണ് വിവാന്‍ സുന്ദരം ചെയ്തത്. വിവാന്‍ സുന്ദരം 1943-ല്‍ സാമൂഹ്യമായും സാമ്പത്തികമായും ഉയര്‍ന്ന കുടുംബത്തിലാണ് ജനിച്ചത്. പ്രമുഖ ഇന്ത്യന്‍ കലാകാരി അമൃത ഷെര്‍ഗില്‍ മാതൃസഹോദരിയാണ്. ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയില്‍നിന്നു പെയിന്റിങ്ങില്‍ ബിരുദം നേടിയ വിവാന്‍, ലണ്ടനിലെ സ്ലേഡ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍നിന്നാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്. 1971-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി.
കൊല്‍ക്കത്ത വിക്ടോറിയ മെമ്മോറിയലുമായി ബന്ധപ്പെട്ട ഹിസ്റ്ററി പ്രൊജക്റ്റ്, ഉംറാവു സിങ് ഷെര്‍ഗില്ലിന്റെ ഫോട്ടോഗ്രാഫുകള്‍ അടിസ്ഥാനമാക്കിയുള്ള 'അമൃത', 'ദ് ഷെര്‍ഗില്‍ ആര്‍ക്കൈവ്' തുടങ്ങിയ സൃഷ്ടികള്‍ ഏറെ ശ്രദ്ധ നേടി.
വിവാന്‍ സുന്ദരവും കലാചരിത്രകാരിയും ക്യൂറേറ്ററുമായ ഭാര്യ ഗീത കപൂറും ചേര്‍ന്ന് ഡല്‍ഹിയില്‍ ബിനാലേയ്ക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന അന്നത്തെ ഡല്‍ഹി സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന് ഈ പദ്ധതിയോട് താല്പര്യം ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ സഹായം സ്വീകരിച്ചുകൊണ്ടുള്ള പദ്ധതിയാണ് ഇവര്‍ ആവിഷ്‌കരിച്ചത്. എന്നാല്‍, കേരളത്തില്‍ സ്വകാര്യ ഫൗണ്ടേഷന്‍ രൂപീകരിച്ച് അതിനു സര്‍ക്കാര്‍ ധനസഹായം ഉറപ്പുവരുത്തിക്കൊണ്ടുള്ള കൊച്ചി മുസിരിസ് ബിനാലെ 2012-ല്‍ ആരംഭിച്ചു. പട്ടണം മുസിരിസ് പര്യവേക്ഷണത്തിലൂടെ കണ്ടെടുത്ത പൗരാണിക മണ്‍പാത്ര അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് വിവാന്‍ സുന്ദരം സൃഷ്ടിച്ച 'ബ്ലാക്ക് ഗോള്‍ഡ്' എന്ന ഇന്‍സ്റ്റലേഷന്‍ 2012-ലെ ഒന്നാം ബിനാലെയിലും 'മെക്സിക്കന്‍ യാത്ര', 'മാച്ചുപ്പിച്ചുവിന്റെ ഉയരങ്ങള്‍' എന്നീ ഡ്രോയിങ്ങ് പരമ്പരകളിലുള്‍പ്പെട്ട ആവിഷ്‌കാരങ്ങള്‍ അഞ്ചാം ബിനാലെയിലും (2023) പ്രദര്‍ശിപ്പിച്ചു.
മെക്സിക്കന്‍ നഗരമായ കാന്‍കുണില്‍നിന്ന് തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലേക്ക് വിവാന്‍ സുന്ദരം നടത്തിയ സഞ്ചാരമാണ് 'മെക്സിക്കന്‍ യാത്ര'യുടെ സൃഷ്ടിക്ക് ആധാരം. 'മാച്ചുപ്പിച്ചുവിന്റെ ഉയരങ്ങള്‍' എന്ന പേര് വിഖ്യാത ചിലിയന്‍ കവി പാബ്ലോ നെരൂദയുടെ 1944-ലെ കവിതയുടെ പ്രചോദനമാണ്.
ഉചിതമാക്കപ്പെടുന്ന ജീവിതം
വിവാന്‍ സുന്ദരം ഇന്ത്യയിലെ സാധാരണക്കാരുടെ പ്രശ്നങ്ങളോട് സാമൂഹ്യമായ ഇടപെടലുകളിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അദ്ദേഹം പൊതുസമൂഹത്തില്‍ ലളിത ജീവിതത്തിന്റെ വക്താവായിരുന്നു. ഉപഭോക്തൃ സംസ്‌കാരത്തെ നിരന്തരം കടന്നാക്രമിച്ചു. സൗത്ത് ഡല്‍ഹിയിലെ കലാവസ്തുക്കളുടെ ശേഖരം നിറഞ്ഞ വീട്ടില്‍ പൂര്‍വ്വികമായി കൈമാറപ്പെട്ട അമൃത ഷെര്‍ഗിലിന്റെ രചനകളും ഉണ്ടായിരുന്നു. ഇന്‍സ്റ്റലേഷന്‍ കല അനുവദിക്കുന്നത് പാരസ്പര്യത്തിന്റെ ഇടമാണ് (interactive space). വിവാന്റെ പ്രദര്‍ശനങ്ങളെല്ലാം ഇന്ത്യയിലേയും വിദേശത്തേയും മുന്‍നിര ഗാലറി ഇടങ്ങളിലാണ് നടന്നത്. അത് ബൗദ്ധിക സംവാദത്തിനു വഴിയൊരുക്കി.
1. James Stevens Curl / Architecture And Landscape Architecture.
2. Erwin Neumayer, Christine Schelberger (edited by / Raja Ravi Varma, Portrait Of An Artist, The Diary of C. Raja Raja Varma.
3. Yashodhara Dalmia / Amrita Sher-Gil - A Life.
4. Geeta Kapur / When Was Modernism.
5. Rupika Chawla / Raja Ravi Varma - Painter Of Colonial India.
6. Partha Mitter / Art and Nationalism in Colonial India 1850-þ1922
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates