ഗാര്‍ഗി വാചകന്വിയുടേയും ഗോതമിയുടേയും ഝാന്‍സി റാണിയുടേയും റസിയ സുല്‍ത്താനയുടേയും ഇന്ത്യ ബഹുദൂരം മുന്നോട്ടുപോയി 2023-ല്‍ വോട്ടര്‍മാരില്‍ പകുതിയിലേറെ വരുന്ന വനിതകള്‍ക്ക് കേവലം 33 ശതമാനം സംവരണം നിയമമാക്കി. 2008 മുതലുള്ള ശ്രമത്തിന്റെ അനന്തരഫലമാണ് 2023-ലെ 33 ശതമാനം വനിതാസംവരണം. ആ ബില്ലെഴുതിയ മഷി ഉണങ്ങും മുന്‍പേ നടന്ന തെരഞ്ഞെടുപ്പാണിത്, കേരളത്തില്‍നിന്ന് ഒരു വനിതയേയും നമ്മള്‍ സഭ കാണിച്ചില്ല. ഈ തെരഞ്ഞെടുപ്പില്‍ ആ നിയമം ബാധകമാവുന്നില്ലെന്നു വാദത്തിനു പറയാം, പക്ഷേ, നിയമനിര്‍മ്മാണത്തിനു പിന്നിലുള്ള ബോധമോ?
ആദ്യം പറയട്ടെ, ജെന്‍ഡര്‍ ഇക്വാലിറ്റി/ജെന്‍ഡര്‍ പാരിറ്റി എന്നൊക്കെ പറഞ്ഞാല്‍ മലയാളിയുടെ ലിംഗസമത്വമല്ല. സ്വത്വ-സമത്വ-ബോധം അല്ലെങ്കില്‍ സമ-സ്വത്വ-പരിഗണന എന്നൊക്കെയാണ് സത്യത്തില്‍ വിളിക്കേണ്ടത്. സെക്സും ജെന്‍ഡറും രണ്ടാണ്, ലിംഗത്തിന് അവിടെ വലിയ റോളൊന്നുമില്ല. സമസ്വത്വപരിഗണനയുടെ ലോകത്ത് വനിത എന്ന പ്രയോഗം തന്നെ ഒരശ്ലീലമാണ്. യാചന, ആഗ്രഹം എന്നൊക്കെ അര്‍ത്ഥം വരുന്ന വനി-യില്‍ നിന്നുമാണ് വനിതയുടെ വരവ്. വനിത എന്നാവുമ്പോള്‍ യാചിക്കപ്പെട്ട, സേവിക്കപ്പെട്ട എന്നൊക്കെയാണ് ശബ്ദതാരാവലി വിശദീകരിക്കുന്നത്. ഒരു പടികൂടി മുന്നോട്ടുപോയി പുരുഷനെ വഴിയാംവണ്ണം ആശ്രയിച്ചു നില്‍ക്കുന്നവര്‍, ഭാര്യ, വെപ്പാട്ടി, അധികം അനുരാഗത്തോടുകൂടിയവള്‍ എന്നൊക്കെയും അര്‍ത്ഥം നല്‍കുന്നുമുണ്ട്.
അങ്ങ് ഏതന്‍സ് മുതല്‍ ഇങ്ങ് വൈദേഹം വരെ പരന്നുകിടന്ന സാംസ്‌കാരിക ഭൂമികയില്‍ കാലം ബി.സി. 500-നു മുന്‍പേ അടയാളപ്പെടുത്തപ്പെട്ട പെണ്‍പേരുകളുണ്ട്. സോഫോക്ലിസിന്റെ വിശ്വപ്രസിദ്ധമായ ഒരു നാടകത്തിന്റെ പേരുതന്നെയായ ആന്റിഗണി, പരമ്പരാഗത റോളുകളില്‍ പരിമിതമായ അവകാശങ്ങളുമായി പെണ്‍ലോകം ഒതുങ്ങിയ പുരുഷാധിപത്യ ഏതന്‍സില്‍ ചക്രവര്‍ത്തിയുടെ ശാസനകളെ ലംഘിച്ച് പ്രതിരോധത്തിന്റെ ആള്‍രൂപമായ ആന്റിഗണി, ഈഡിപ്പസിന്റേയും ജോകാസ്റ്റായുടേയും മകള്‍. തന്റെ ധൈര്യവും നിശ്ചയദാര്‍ഢ്യവും ആയുധമാക്കിയ ദൈവികവും മനുഷ്യനിര്‍മ്മിതവുമായ നിയമങ്ങളുടെ പോസ്റ്റുമോര്‍ട്ടങ്ങളിലൂടെ, തന്റെ സഹോദരന്‍ പോളിനീഷ്യസിന്റെ മൃതദേഹം മാന്യമായി സംസ്‌കരിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിലൂടെ, ആണ്‍ലോകത്തിന്റെ അടങ്ങാത്ത യുദ്ധക്കൊതിക്കെതിരെയുളള പോരാട്ടങ്ങളെ ഇന്നും മുന്‍നിരയില്‍നിന്ന് അദൃശ്യമായി നയിക്കുന്നുണ്ട് ആന്റിഗണി. മരിച്ചവനു മാന്യമായ സംസ്‌കാരം ദൈവനീതിയാണെന്നും അതു ജീവിച്ചിരിക്കുന്നവരുടെ കടമയാണെന്നുമുള്ള ബോധവും പ്രതിബദ്ധതയുമാണ് രാജശാസനകളെ വെല്ലുവിളിച്ചും സ്വജീവന്‍ അര്‍പ്പിച്ചും പോളിനീസസിനെ അടക്കം ചെയ്യാനുള്ള തീരുമാനത്തിലേക്ക് ആന്റിഗണിയെ നയിച്ചത്. തന്റെ സഹോദരനോടും കുടുംബത്തോടും സമൂഹത്തോടുമുള്ള കടപ്പാട് ഏതൊരു മനുഷ്യനിയമത്തിനും അപ്പുറമാണെന്ന ബോധ്യം.
ഏതന്‍സിനും മുന്നേ ഇന്ത്യയില്‍ അറിവിന്റെ ആകെത്തുകയായി ആഘോഷിക്കപ്പെട്ട യാജ്ഞവല്ക്യനെ സംവാദത്തില്‍ മുട്ടുകുത്തിച്ച മഹര്‍ഷി ഗാര്‍ഗി വാചകന്വിയുണ്ട് - പൗരാണിക ഇന്ത്യയുടെ ബൗദ്ധികവും ദാര്‍ശനികവുമായ മുന്നേറ്റത്തെ അടയാളപ്പെടുത്തിയ മഹിള. ഇന്ത്യന്‍ ദാര്‍ശനിക പാരമ്പര്യങ്ങളുടെ ആഴത്തിലുള്ള ആത്മീയ ധ്യാനസ്വഭാവത്തെ പ്രതിഫലിപ്പിക്കുന്ന അസ്തിത്വം, ബോധം, പ്രപഞ്ചം എന്നിവയുടെ പ്രകൃതത്തെക്കുറിച്ചുള്ള മെറ്റാഫിസിക്കല്‍ ചോദ്യങ്ങളിലേക്കാണ് ഗാര്‍ഗി കടന്നുചെന്നതും യാജ്ഞവല്ക്യനെ പ്രകോപിപ്പിച്ചതും. സംവാദം അവസാനിക്കുന്നത് ഗാര്‍ഗിയുടെ ഒടുക്കത്തെ ഒരു ചോദ്യത്തിലാണ് - എല്ലാറ്റിന്റേയും അടിസ്ഥാനം എന്തെന്ന ചോദ്യത്തിന് ബ്രഹ്മന്‍ എന്ന ഉത്തരത്തിലേയ്ക്ക് ഒടുവില്‍ യാജ്ഞവല്ക്യന്‍ എത്തിയപ്പോള്‍ ചെന്നു ഗാര്‍ഗിയുടെ അടുത്ത ചോദ്യം, ബ്രഹ്മലോകത്തിന്റെ ഊടും പാവും എവിടെയെന്നായിരുന്നു. യാജ്ഞവല്ക്യന്റെ മരുന്നുതീര്‍ന്ന മറുപടി ഇതിലൊതുങ്ങി - ഗാര്‍ഗീ, നിന്റെ ചോദ്യങ്ങള്‍ അതിരുകടന്നുകഴിഞ്ഞു, ഇനി ചോദ്യങ്ങള്‍ പാടില്ല. സംവാദത്തിനു സുല്ലിട്ടു.
രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ആദ്യ ജാഥ നയിച്ച മഹാപജപതി ഗോതമിയും അഞ്ഞൂറോളം വരുന്ന സ്ത്രീകളുമുണ്ട്. ഇന്ത്യയുടെ പാരമ്പര്യം അതാണ്, ആഘോഷിക്കപ്പെടേണ്ടതും തുടരേണ്ടതും ആ മഹത്തായ ബുദ്ധ-ബൗദ്ധിക പാരമ്പര്യമാണ്. ഭിക്ഷുണികളുടെ സന്ന്യാസ സമൂഹം സ്ഥാപിച്ച ഗോതമിയാണ് അന്നുവരെ ആണിനുമാത്രമായി നിജപ്പെടുത്തിയിരുന്ന ബോധോദയം പെണ്ണിനും സാധ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയത്, ബുദ്ധമതപാരമ്പര്യത്തിലൂടെ അസംഖ്യം സ്ത്രീകള്‍ക്ക് ആത്മീയവിമോചനത്തിലേക്കുള്ള വഴിവെട്ടിയത് ഗോതമിയായിരുന്നു. പ്രബുദ്ധതയുടെ വഴിവിളക്കായി ഗോതമി കാലങ്ങളായി, കാലാതീതമായി ധര്‍മ്മതത്ത്വങ്ങളുടെ പ്രകാശം ചൊരിയുന്നു. ബുദ്ധദര്‍ശനങ്ങളുടെ വ്യാപനത്തില്‍ അവര്‍ വഹിച്ച പങ്ക് അത്ര വലുതാണ്, ലോകമെമ്പാടുമുള്ള ബൗദ്ധര്‍ക്ക് എന്നും പ്രചോദനമാണത്. ഗോതമിയുടേയും അഞ്ഞൂറ് ശിഷ്യന്മാരുടേയും കഥ ബുദ്ധമതത്തിലെ ആത്മീയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റേയും സാമൂഹിക പിന്തുണയുടേയും സ്ത്രീ ശാക്തീകരണത്തിന്റേയും പ്രാധാന്യത്തെയാണ് എടുത്തുകാട്ടുന്നത്. ധര്‍മ്മത്തിന്റെ പരിവര്‍ത്തന ശക്തിയുടേയും സ്ത്രീപുരുഷഭേദമെന്യേ ബോധോദയം നേടുവാനുള്ള സാധ്യതയുടേയും തെളിവും വെളിവുമാണ് ഗോതമി.
നിഷേധത്തിന്റേയും അചഞ്ചലമായ പ്രതിബദ്ധതയുടേയും മഹാസൗന്ദര്യമാണ് ആന്റിഗണിയെ ചെറുത്തുനില്‍പ്പിന്റെ കാലാതീതമായ പ്രതീകവും ധാര്‍മ്മിക സമഗ്രതയുടെ ആദിരൂപവുമാക്കിയത്. പ്രാചീന ഇന്ത്യന്‍ തത്ത്വചിന്തയ്ക്കുള്ള ഗാര്‍ഗിയുടെ സംഭാവനകളും ദാര്‍ശനിക സംവാദങ്ങളിലെ ആ ബൗദ്ധികസാന്നിദ്ധ്യവുമാണ് നമ്മെ ഇന്നും പ്രചോദിപ്പിക്കുന്നത്. വ്യത്യസ്തമായ സാംസ്‌കാരികവും ചരിത്രപരവുമായ സന്ദര്‍ഭങ്ങളില്‍നിന്നുയര്‍ന്ന് രണ്ടു സഹസ്രാബ്ദങ്ങള്‍ മുന്‍പേ ആന്റിഗണിയും ഗാര്‍ഗിയും ഗോതമിയുമൊക്കെ ബോധത്തിന്റെ അതിരുകള്‍ മാറ്റിവരച്ച ലോകത്താണ് ഒരു സ്ത്രീയെപ്പോലും സഭയിലേക്ക് തെരഞ്ഞെടുത്ത് അയക്കാനാവാത്ത നമ്മുടെ ജനാധിപത്യബോധവും സമസ്വത്വപരിഗണനാ ചിന്തകളും ചിതലരിക്കുന്നത്. പുതിയ ചിന്തകളും ബോധവും മുളപൊട്ടുന്ന ബൗദ്ധികമായ സംഭോഗങ്ങളാവണം സമകാലിക സംവാദങ്ങള്‍. ഗര്‍ജ്ജിക്കേണ്ടപ്പോഴൊക്കെയും നാവുതാണുപോവുന്ന ശവപ്പറമ്പുകളാവുകയാണ് നമ്മുടെ സാംസ്‌കാരിക ലോകം.
എന്തിനാണ് സ്ത്രീകള്‍ക്ക് അധികാരം?
ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി സ്ത്രീകളെ എണ്ണത്തില്‍ എടുത്തില്ലെന്നതാണ് സത്യം. അതു സമ്പൂര്‍ണ പുരുഷാധിപത്യമായിരുന്നു. തൊഴിലടിസ്ഥാനത്തിലാണ് വിഭജനമെങ്കില്‍ ബ്രാഹ്മണരില്‍ എത്ര സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരായുണ്ട്? മേല്‍ശാന്തി പോട്ടെ, കീഴ്ശാന്തിക്കാരെങ്കിലും ആയോ? ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയില്‍ ക്ഷത്രിയസ്ത്രീകള്‍ എന്തേ യോദ്ധാക്കളായില്ല? സൈന്യത്തിലൊക്കെ സ്ത്രീകള്‍ കുറച്ചെങ്കിലും കടന്നുവന്നത് അടുത്തകാലത്താണ്, അതൊക്കെയും സ്ത്രീകള്‍ പോരാടി നേടിയത്. സമഗ്രമേഖലകളിലും സംവരണം നമ്മള്‍ കൊണ്ടുവന്നത്, കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടിയാണ്. അവരുടെ എംപവര്‍മെന്റ് അഥവാ ശാക്തീകരണത്തിനു വേണ്ടത് അധികാരത്തിലെ, അതിന്റെ വിനിയോഗത്തിലെ അവരുടെ പ്രാതിനിധ്യമാണ്. അതുകൊണ്ടാണ് സഭയിലും സര്‍ക്കാര്‍ സര്‍വ്വീസിലും സംവരണം ഉണ്ടായത്. പട്ടികജാതി വിഭാഗത്തിന് ഒരു മണ്ഡലം സംവരണം ചെയ്തത്, അതുവഴി ഒരാളെങ്കിലും സഭയില്‍ എത്തുമെന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ്. നമ്മള്‍ ചെയ്യുന്നത് കൃത്യമായി ആ ഒരാള്‍ മാത്രമേ സഭയില്‍ എത്തുന്നുള്ളൂ എന്നുറപ്പിക്കുകയാണ്. അതുവഴി ഭരണഘടനയുടെ അന്തസ്സത്തയെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നവരാണ് നമ്മള്‍. അധികാരത്തിലെ പങ്കാളിത്തമാണ് തുല്യാവസരങ്ങളിലേക്കുള്ള നേര്‍വഴി.
ഡോ. ബാബാസാഹേബ് അംബേദ്കറുടെ സിലക്ടഡ് വര്‍ക്സില്‍ നിന്നുമാണ് - ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ സാനു ഗ്രാമത്തിലാണ് മറ്റൊരു സംഭവം. 1935 നവംബറില്‍ തൊട്ടുകൂടാത്തവരെങ്കിലും സാമ്പത്തികമായി അല്പം ഭേദപ്പെട്ട കുടുംബങ്ങളിലെ ചില സ്ത്രീകള്‍ ലോഹപാത്രങ്ങളില്‍ വെള്ളം കൊണ്ടുവരാന്‍ തുടങ്ങി. തൊട്ടുകൂടാത്തവര്‍ ലോഹപാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഹിന്ദുക്കളുടെ അന്തസ്സിന് അപമാനമായി കണ്ട്, ആ ധിക്കാരത്തിന്റെ പേരില്‍ അവര്‍ ആ തൊട്ടുകൂടാത്ത സ്ത്രീകളെ ആക്രമിക്കുകയും ചെയ്തു. ഇവിടെ രണ്ടു കാരണങ്ങളാലാണ് ആക്രമണം, ഒന്ന് തൊട്ടുകൂടാത്തവരെന്ന പേരില്‍, രണ്ടാമത് പുരുഷശാസനകളെ ലംഘിച്ച സ്ത്രീകള്‍ എന്ന പേരിലും. സവര്‍ണ ഹിന്ദുക്കളിലെ വിവിധ ജാതിശ്രേണികളിലും പെണ്ണ് ആണിനു കീഴ്പെട്ട ജാതിയാണെന്നത് മറ്റൊരു സത്യം. 1935-ലെ ആ സംഭവശേഷം കേവലം 17 വര്‍ഷങ്ങള്‍, 1952-ല്‍ സ്ഥാപിതമായ ആദ്യ ലോക്സഭയില്‍ 4.4 ശതമാനം മാത്രമായിരുന്നു സ്ത്രീകള്‍. ശേഷം വീണ്ടും 72 വര്‍ഷം, 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നമ്മുടെ സഭയിലെ സ്ത്രീപ്രാതിനിധ്യം കേവലം 13.6 ശതമാനമായാണ് ഉയര്‍ന്നത്. 33 ശതമാനം സംവരണം പാസ്സാക്കിയ ശേഷമാണ് സാങ്കേതികതയുടെ മറവില്‍ വെളിവില്ലാത്ത ഈ സ്വത്വവിവേചനം തുടരുന്നത്. ഒരൊറ്റ സ്ത്രീയേയും തെരഞ്ഞെടുക്കാതെ സമ്പൂര്‍ണമായും മനുവിന് ശിഷ്യപ്പെട്ട് നമ്മള്‍ മാതൃകയായെന്നുവേണം കരുതാന്‍.
ജനാധിപത്യത്തിന് അതിലെ സ്ത്രീകള്‍ക്ക് ശബ്ദം നല്‍കാന്‍ കഴിയാത്ത കാലത്തോളം നീതി നല്‍കുകയും സാധ്യമല്ല. എല്ലാ വിഭാഗങ്ങളേയും ചേര്‍ത്തുപിടിക്കുന്ന രാഷ്ട്രീയ സംസ്‌കാരം നമ്മള്‍ അവകാശപ്പെടുമ്പോള്‍, നാനാജാതി മതങ്ങളില്‍ ഉടനീളം പീഡിപ്പിക്കപ്പെട്ട വിഭാഗമാണ് ഇന്ത്യന്‍ സ്ത്രീത്വം. വനിതാസംവരണം വൈകിയെങ്കിലും പാസ്സായത് നല്ലതാണ്, ബോധമില്ലാത്തൊരു സമൂഹത്തെ നേര്‍വഴി നടത്തുക ചട്ടങ്ങളാണ്. അതു കൃത്യമായി തെളിയിക്കുന്നുണ്ട് നമ്മുടെ വനിതാപ്രാതിനിധ്യം. 18-ാം ലോക്സഭയില്‍ 469 പുരുഷന്‍മാര്‍ക്കൊപ്പം ഉണ്ടാവുക 74 സ്ത്രീകളാണ്, അതായത് 13.6 ശതമാനം. 2019 ലേതിനെക്കാള്‍ (14.4 ശതമാനം) കുറവ്.
സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത്
എന്തുകൊണ്ടാവാം മത്സരിക്കുന്ന സ്ത്രീകളുടെ വിജയശതമാനം പുരുഷന്മാരെ അപേക്ഷിച്ച് കുറയുന്നത്? ഇലക്ഷന്‍ കമ്മിഷന്റെ കണക്കുകള്‍ പ്രകാരം, ബി.ജെ.പി 69 വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി, അതില്‍ 30 അല്ലെങ്കില്‍ 43.4 ശതമാനം വിജയിച്ചു. 2019-ല്‍ ബി.ജെ.പി 56 വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി, അതില്‍ 41 അല്ലെങ്കില്‍ 73.2 ശതമാനം വിജയിച്ചു. കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍, 41 വനിതാ സ്ഥാനാര്‍ത്ഥികളില്‍ 13 അല്ലെങ്കില്‍ 34 ശതമാനം 2024 തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 2019-ല്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയ 52 വനിതാ സ്ഥാനാര്‍ത്ഥികളില്‍ ആറ് പേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് (ഹിന്ദുസ്ഥാന്‍ ടൈംസ്, ജൂണ്‍ 6).
തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) ലോക്സഭയില്‍ മാന്യമായ സ്ത്രീ പ്രാതിനിധ്യം നിലനിര്‍ത്തി, 2019-ലെ തെരഞ്ഞെടുപ്പില്‍ ഒന്‍പത് പേര്‍ വിജയിച്ചപ്പോള്‍ ഇത്തവണ 11 വനിതാ എം.പിമാര്‍ വിജയിച്ചു. 2024-ല്‍ 12 വനിതാ എം.പിമാരെയാണ് ടി.എം.സി മത്സരിപ്പിച്ചത്, 12-ല്‍ 11, അഥവാ 91.66 ശതമാനം വിജയം വന്‍നേട്ടമാണ്. കേരളം എത്ര വനിതകളെയാണ് മത്സരിപ്പിച്ചത്, അതും വിജയസാധ്യതയുള്ളിടങ്ങളില്‍ എന്നത് ഒരു വലിയ ചോദ്യമാണ്.
മൊത്തം വനിതാ മത്സരാര്‍ത്ഥികളുടെ എണ്ണം 1957-ല്‍ 45 ആയിരുന്നത് 2024-ല്‍ 797 ആയി ഉയര്‍ന്നു, ഏതാണ്ട് 18 മടങ്ങ് വളര്‍ച്ച. അതേ വര്‍ഷങ്ങളിലെ പുരുഷമത്സരാര്‍ത്ഥികളുടെ ഡാറ്റ നോക്കുമ്പോള്‍, എണ്ണം അഞ്ചിരട്ടി മാത്രമായാണ് വര്‍ദ്ധിച്ചത്. വനിതാസ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിലെ 18 മടങ്ങ് വര്‍ദ്ധന സ്ത്രീകളുടെ രാഷ്ട്രീയ താല്പര്യങ്ങളുടെ, ജനാധിപത്യക്രമത്തിന്റെ, സമസ്വത്വപരിഗണനയുടേയും സൂചകങ്ങളാണ്.
സഭകളിലെ സമസ്വത്വപരിഗണനയെപ്പറ്റി ചിന്തിക്കുമ്പോഴാണ് നമ്മുടെ ബോധം ദാരിദ്ര്യരേഖയ്ക്ക് എത്രകോല്‍ താഴെയാണ് എന്നു തിരിച്ചറിയുക. ജന്‍ഡര്‍ പാരിറ്റി ഉറപ്പാക്കുന്നതു പോവട്ടെ, ആ ഭാഗത്തേക്ക് ഒരടി മുന്നോട്ടുവെയ്ക്കാന്‍ പോലും ആവാത്തതാണ് നമ്മുടെ ദുരവസ്ഥ. നമ്മള്‍ എന്തു നവോത്ഥാനത്തെ കുറിച്ചാണ് പറയുന്നത്? എന്തു സാമൂഹിക പുരോഗതിയെ പറ്റിയാണ് പറയുന്നത്? സഭകളിലെ പെണ്‍പ്രാതിനിധ്യത്തിന്റെ സ്റ്റാറ്റിറ്റിക്സ് മാത്രം മതി നവലോകബോധത്തിന്റെ പുറമ്പോക്കിലാണ് നമ്മുടെ വാസം എന്നറിയാന്‍, അതടിമുടി ആണ്ടുകിടക്കുന്നത് ദ്രവിച്ച മതജാതിബോധങ്ങളുടെ അഴുക്കുചാലുകളിലാണെന്നും.
ഇന്ത്യയെക്കുറിച്ചുള്ള അമര്‍ത്യസെന്നിന്റെ പഠനങ്ങള്‍ സമസ്വത്വപരിഗണനയുടെ അഭാവം തുറന്നുകാട്ടുന്നുണ്ട്, ക്ഷേമാധിഷ്ഠിത ചെലവുകളില്‍ കൂടുതല്‍ ശ്രദ്ധ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതു രണ്ടും നടപ്പിലാവണമെങ്കില്‍ ചുരുങ്ങിയത് ജനസംഖ്യയുടെ പകുതിയായ വനിതകളുടെ മതിയായ പ്രാതിനിധ്യം ഉണ്ടാവണം. ഇതു മനസ്സിലാവണമെങ്കില്‍ ആദിവാസിക്കായി ചെലവാക്കിയതായി പറയപ്പെടുന്നതിന്റേയും അവര്‍ക്കു കിട്ടിയതിന്റേയും ഒരു സോഷ്യല്‍ ഓഡിറ്റ് മതി. തുല്യാവസരങ്ങളാണ് ആധുനികലോകത്തെ വികസനത്തിലേക്കുള്ള വഴി. കാരണം ലളിതമാണ്, ലോകത്ത് സമയത്തിന്റെ വിതരണം തുല്യമായാണ് പ്രകൃതി നടത്തിയത്. എല്ലാവര്‍ക്കും ഇരുപത്തിനാല് മണിക്കൂര്‍ മാത്രം. അവസരങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴാണ് ഒരു വിഭാഗത്തിന് ഉയരാന്‍ കഴിയാത്തത്. അവസരം നിഷേധിക്കുന്നവര്‍ അവര്‍ക്കു നിഷേധിക്കുന്നത് പ്രകൃതി തുല്യമായി വീതിച്ച സമയം കൂടിയാവുന്നു. ഭീകരമായൊരു കുറ്റമാണത്.
33% ഔദാര്യമാവരുത്, 50% അവകാശമാവണം
രാഷ്ട്രീയ അധികാരമാണ് എല്ലാ വിഭാഗങ്ങള്‍ക്കും വിഭവങ്ങളിലേക്കുള്ള വഴിതുറക്കുക, അതുവഴി അതത് വിഭാഗങ്ങളുടെ ശാക്തീകരണത്തിലേക്കും. ഒന്നു ശ്രദ്ധിച്ചാല്‍ അമര്‍ത്യസെന്‍ ചൂണ്ടിയ രണ്ടിലും ഇന്ത്യ പിന്നാക്കമായത് മതിയായ പെണ്‍പ്രാതിനിധ്യം സഭകളില്‍ ഇല്ലാത്തതുകൊണ്ടാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയിലേറെ സ്ത്രീകളാണെങ്കിലും, രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്ന റോളുകളില്‍ അവരുടെ സാന്നിധ്യം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. സ്ത്രീകളുടെ താല്പര്യങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും തുല്യമായ പ്രാതിനിധ്യം ഉറപ്പാക്കിയിരുന്നെങ്കില്‍ അമര്‍ത്യസെന്‍ ചൂണ്ടിക്കാട്ടിയ കുട്ടികളുടെ ദുരവസ്ഥയും സ്വത്വവിവേചനവും സ്ത്രീകളുടെ പിന്നാക്കാവസ്ഥയും ഉണ്ടാകുമായിരുന്നില്ല. സ്വാഭാവികമായും അതൊക്കെയും നടപ്പിലാക്കുവാന്‍, അതേപ്പറ്റിയൊക്കെ ഉച്ചത്തില്‍ ചിന്തിക്കുവാന്‍ സഭകളില്‍ വേണ്ടത് അതേറ്റവും കൂടുതല്‍ ബാധിക്കുന്നവരാണ്. നമ്മുടെ സഭകളില്‍ വേണ്ടത് ജനസംഖ്യാനുപാതികമായ അത്രയും വനിതകളാണ്, ചുരുങ്ങിയത് 50 ശതമാനം.
സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാലും അവര്‍ക്ക് പ്രധാനപ്പെട്ട പോര്‍ട്ട്ഫോളിയോകള്‍ ഒരിക്കലും കിട്ടാറില്ല. നിയമസഭാതലത്തില്‍പോലും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, മത്സ്യബന്ധനം തുടങ്ങിയ മന്ത്രാലയങ്ങളാണ് പരമ്പരാഗതമായി നല്‍കുന്നത്. ആഭ്യന്തരം, സുരക്ഷ, വരുമാനം തുടങ്ങിയ സുപ്രധാന മന്ത്രാലയങ്ങള്‍ പുരുഷന്മാര്‍ക്കായി നീക്കിവച്ചിരിക്കുന്നു. സമസ്വത്വപരിഗണനയിലേക്ക് നയിക്കുക അധികാരത്തിന്റെ തുല്യവിതരണം കൂടിയാണ്. 'വാനം പാതിതാങ്ങുന്ന' വനിതകളുടെ സഭകളിലെ പാതിപ്രാതിനിധ്യം നയപരമായ ഫലങ്ങളെ സ്വാധീനിക്കും, സമസ്വത്വപരിഗണനകളുടെ ലോകം അതു സാധ്യമാക്കും. സ്ത്രീകളുടെ അവകാശങ്ങള്‍, ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസം, സാമ്പത്തിക ശാക്തീകരണം തുടങ്ങിയ പ്രശ്നങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പരിഹരിക്കാന്‍ അതുവഴി കഴിയും. പുതിയ ലോകത്ത്, അക്കാദമികമായും പ്രൊഫഷണലായുമുള്ള വനിതകളുടെ ഉയര്‍ച്ച കൃത്യമായി മനസ്സിലാക്കിയ ബുദ്ധിയുള്ളവര്‍ അവരില്‍ ഭാവി വോട്ട്ബാങ്ക് കാണുന്നു, അല്ലാത്തവര്‍ കടലെടുക്കാനിരിക്കുന്ന പുരുഷാധിപത്യത്തിന്റെ കിണാശ്ശേരിയില്‍ ചൊറികുത്തിയിരിക്കുന്നു. ഇതുവരെയുള്ള അവഗണനയ്ക്ക് ചില്ലറ പരിഹാരമായും മനുവിന്റെ നെഞ്ചത്ത് ഒരു പൊങ്കാലയായും കേരളം വേണ്ടത് ചുരുങ്ങിയത് മാവോ ശൈലിയില്‍ പാതിയാകാശം താങ്ങുന്നവര്‍ക്കായി പാതിസീറ്റുകള്‍ മാറ്റുകയാണ്. മാവോയുടെ ചൈനക്ക് അത് കഴിഞ്ഞിട്ടില്ല. കാരണം ഏകാധിപത്യമാണ്. ഇന്ത്യക്കത് കഴിയും, കാരണം ജനാധിപത്യമാണ്.?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates