Articles

ആ പോരിന് തമിഴ്നാട്ടിൽ വീണ്ടും തീ പിടിക്കുമ്പോൾ...

ക്രിസ്തുവിനു മുന്‍പ് മൂന്നാം നൂറ്റാണ്ടിലെ പ്രാകൃതം ഭാഷാ തെളിവുകള്‍ കര്‍ണാടകത്തിലും ആന്ധ്രപ്രദേശിലും കണ്ടെത്തിയിട്ടുണ്ട്. അതേ സമയം ബി.സി. 600-ല്‍ തന്നെ തമിഴ്ഭാഷ നിലനിന്നിരുന്നു

അരവിന്ദ് ഗോപിനാഥ്

ക്രമോത്സുകമായ ഹിന്ദുത്വരാഷ്ട്രീയം ഒരു വശത്ത്. ഡി.എം.കെയുടെ ഭാഷാ-പ്രാദേശിക രാഷ്ട്രീയം മറുവശത്ത്. ഇതിനിടയിലാണ് ദ്രാവിഡ സ്വത്വം വീണ്ടും വിവാദത്തിലാകുന്നത്. തമിഴ്നാട്ടില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടങ്ങിയിട്ട് കുറച്ചേറെക്കാലമായി. ഹിന്ദി ഭാഷാവിവാദത്തിനു ശേഷം തമിഴ്നാട്ടില്‍ ആ പോരിന് തീ പകര്‍ന്നത് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ ഒരു ചോദ്യമാണ്. ആരാണ് ദ്രാവിഡന്‍ എന്നതായിരുന്നു ആ ചോദ്യം. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വിഭജനരാഷ്ട്രീയം കാരണം ദ്രാവിഡ എന്നത് ഒരു തമിഴ് സ്വത്വം മാത്രമായി പരിണമിച്ചെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ദ്രാവിഡ സങ്കല്പം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഴുവന്‍ ജനങ്ങളേയും ഉള്‍ക്കൊള്ളുന്നുവെന്ന പ്രസ്താവനയെ വിപത്തിന്റെ ചുമരെഴുത്തായിട്ടാണ് ഡി.എം.കെ കണ്ടത്. മണിക്കൂറുകള്‍ക്കകം ഗവര്‍ണര്‍ ആര്‍.എസ്.എസ്. ഏജന്റാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതില്ലെന്നും ഡി.എം.കെ വ്യക്തമാക്കി. ബി.ജെ.പിയുടെ ഘടകകക്ഷിയായ എ.ഐ.ഡി.എം.കെയാകട്ടെ, ഗവര്‍ണറുടെ പ്രസ്താവനയെ അനുകൂലിച്ചു.

ഞാന്‍ തമിഴനാണ്, കന്നഡിഗരുടേയും തെലങ്കാനക്കാരുടേയും മലയാളികളുടേയും ഗോത്രം ദ്രാവിഡമാണ് എന്നായിരുന്നു ലീഗല്‍ വിങ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ആര്‍.എം. ബാബു മുരുകവേലിന്റെ വാക്കുകള്‍. അഞ്ചു സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളുന്ന ഭൗമശാസ്ത്രപരമായ നിര്‍മ്മിതി മാത്രമാണ് ദ്രവിഡ സങ്കല്പം എന്നതാണ് ഈ പ്രസ്താവനയില്‍ നിഴലിച്ചത്. ദ്രാവിഡര്‍, ദ്രാവിഡം എന്നീ വാക്കുകളുടെ ഉത്ഭവം തമിഴില്‍ നിന്നല്ലെന്നും പ്രകൃതം ഭാഷയില്‍ നിന്നുമാണെന്ന് ചില ചരിത്രഗവേഷകര്‍ പറയുന്നു. സവര്‍ണ്ണ ഭാഷയായി മാറിയ സംസ്‌കൃതത്തിന്റെ പൂര്‍വ്വ രൂപമാണ് പ്രാകൃതം. ദാമി, ദമേല, ദമേഡ എന്നിങ്ങനെ പരിണാമം സംഭവിച്ച് തമിഴായി മാറിയതാണെന്നും വാദമുയര്‍ന്നു. എന്നാല്‍, അഫ്ഗാന്‍ മുതല്‍ ബംഗ്ലാദേശ് വരെയും ഇന്ത്യയിലും ശ്രീലങ്കയിലും വരെ നിലവിലുണ്ടായിരുന്ന പ്രാകൃതം ഭാഷ തമിഴ്നാട്ടിലുമുണ്ടായിരുന്നുവെന്നതിന് തെളിവൊന്നുമില്ല. അതായത് തമിഴ്നാട് മാത്രം ഇക്കാര്യത്തില്‍ ഒറ്റപ്പെട്ടുനിന്നു. 

ക്രിസ്തുവിനു മുന്‍പ് മൂന്നാം നൂറ്റാണ്ടിലെ പ്രാകൃതം ഭാഷാ തെളിവുകള്‍ കര്‍ണാടകത്തിലും ആന്ധ്രപ്രദേശിലും കണ്ടെത്തിയിട്ടുണ്ട്. അതേ സമയം ബി.സി. 600-ല്‍ തന്നെ തമിഴ്ഭാഷ നിലനിന്നിരുന്നു. മാത്രമല്ല, സംസ്‌കൃതത്തിന്റെ സ്വാധീനത്തില്‍നിന്ന് മുക്തമായിരുന്നു ഈ ഭാഷയും. ശെന്തമിഴില്‍ രചിക്കപ്പെട്ട തൊല്‍ക്കാപ്പിയം പോലും 200 ബിസിക്ക് മുന്‍പ് രചിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. ബി.ജെ.പി രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടി ഉയര്‍ത്തിയതാണെങ്കിലും ദ്രാവിഡത്തിന്റെ ഉറവിടത്തെക്കുറിച്ച് ഇങ്ങനെ പലവഴികളില്‍ വിവാദങ്ങള്‍ കത്തിപ്പടരുന്നു.

സ്റ്റാലിൻ യൗവന കാലത്ത്

ദ്രാവിഡ ചരിതം

സ്വയം മര്യാദൈ ഇയക്കത്തിന്റെ ഗുണപരമായ ആശയങ്ങളെ ഉള്‍ക്കൊണ്ടതാണ് പെരിയാര്‍ ഉണ്ടാക്കിയ ദ്രാവിഡപ്രസ്ഥാനം. സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ദൈവനിഷേധം, ജാതി വിരുദ്ധത, മതവിമര്‍ശനം, ബ്രാഹ്മണ്യത്തോടുള്ള എതിര്‍പ്പ്, വര്‍ഗ്ഗീയവിരുദ്ധത ഇതെല്ലാം മുന്നോട്ടുവച്ചുകൊണ്ടുള്ള മുന്നേറ്റമായിരുന്നു സ്വയം മര്യാദൈ ഇയക്കം. സംഘടനാപരമായ രൂപം ഇതിനുണ്ടായിരുന്നില്ലെന്നു മാത്രം. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രാഹ്മണേതര മുന്നേറ്റമായി രൂപപ്പെട്ട് പിന്നീട് ജസ്റ്റിസ് പാര്‍ട്ടിയെന്ന രാഷ്ട്രീയപ്രസ്ഥാനമായി മാറിയ ശേഷമാണ് പെരിയാറിന്റെ നേതൃത്വത്തിലെ മുന്നേറ്റം ഒരു നവോത്ഥാന പ്രസ്ഥാനമായി മാറിയത്. ജസ്റ്റിസ് പാര്‍ട്ടിയുടെ രാഷ്ട്രീയ സാംസ്‌കാരിക പരിമിതികളെ മറികടന്ന് ദ്രാവിഡ പ്രസ്ഥാനത്തിനു ദാര്‍ശനികതലം നല്‍കിയത് പെരിയാറായിരുന്നു. യുക്തിവാദത്തിന്റേയും ഈശ്വരനിഷേധത്തിന്റേയും അടിസ്ഥാനത്തില്‍ നിശിതമായ മതവിമര്‍ശനവും സാമൂഹ്യ സാംസ്‌കാരിക വിമര്‍ശനവും പെരിയാര്‍ നടത്തുകയും ചെയ്തു. എന്നാല്‍, ഇത് രണ്ടും എളുപ്പത്തില്‍ ജനപിന്തുണ നേടാനായില്ലെന്നതാണ് വാസ്തവം. ദ്രാവിഡര്‍ കഴകം അഞ്ചു വര്‍ഷം പിന്നിട്ടതോടെ ദ്രാവിഡ മുന്നേറ്റ കഴകമായി. ദ്രാവിഡര്‍ കഴകം  ഉയര്‍ത്തിയ ആശയങ്ങള്‍ക്കൊപ്പം ഹിന്ദിവിരുദ്ധ നിലപാടും ശക്തമാക്കിയ ഡി.എം.കെ വൈകാതെ തമിഴകത്ത് ചിരപ്രതിഷ്ഠ നേടി.  

ഈ ചരിത്രത്തെ ചൂണ്ടിക്കാട്ടി ദ്രാവിഡ പാര്‍ട്ടികള്‍ വിശ്വാസത്തിനും മതത്തിനും എതിരാണെന്നു പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ഇപ്പോള്‍ ബി.ജെപി. ഘടകകക്ഷിയായ എ.ഐ.ഡി.എം.കെ ദ്രാവിഡ പാര്‍ട്ടിയെന്ന ലേബല്‍ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുകയും ചെയ്യുന്നു. ഇതിനു മറുപടിയെന്നവണ്ണമാണ് വിശ്വാസത്തിനോ ആത്മീയതയ്ക്കോ ദ്രാവിഡ മാതൃക എതിരല്ലെന്നും വിശ്വാസത്തേയും ആത്മീയതയും വര്‍ഗ്ഗീയ ശക്തികള്‍ ഉപയോഗപ്പെടുത്തുകയുമാണെന്ന് അടുത്തിടെ സ്റ്റാലിന്‍ വ്യക്തമാക്കിയത്. 

ഭാഷയുടെ കാര്യത്തിലാണെങ്കില്‍ പെരിയാറിനു മുന്‍പും സമകാലത്തിലും തമിഴ്നാട്ടില്‍ തനിത്തമിഴ് ഇയക്കം ഉണ്ടായിട്ടുണ്ട്. അതായത് ശുദ്ധതമിഴ് മുന്നേറ്റം. തമിഴില്‍ കലര്‍ന്നിട്ടുള്ള സംസ്‌കൃത ശബ്ദങ്ങള്‍ ഇല്ലായ്മചെയ്ത് ശുദ്ധമായ തമിഴ് രൂപപ്പെടുത്താനുള്ള മുന്നേറ്റമായിരുന്നു അത്. സത്യത്തില്‍ ശുദ്ധതമിഴ് വാദത്തിന് പെരിയാര്‍ എതിരുമായിരുന്നു. തമിഴ്ഭാഷ ഹിന്ദുമതത്തേയും അതിന്റെ പ്രാകൃതമായ ആചാരങ്ങളേയും ഉള്‍ക്കൊള്ളുന്നതാണ്. സംസ്‌കൃത ശബ്ദങ്ങള്‍ മാത്രം നീക്കം ചെയ്ത് ദ്രാവിഡവല്‍ക്കരിച്ചതുകൊണ്ട് അതില്ലാതാകുന്നില്ല- ഇതായിരുന്നു പെരിയാറിന്റെ വാദം. അതായത് പുരുഷാധിപത്യത്തേയും മതാധികാരത്തേയും നിലനിര്‍ത്തുന്ന തരത്തിലുള്ളതാണ് തമിഴ്ഭാഷയെന്നാണ് അദ്ദേഹം പറഞ്ഞത്. സത്യത്തില്‍ ദ്രാവിഡം എന്ന വാദത്തെ ആര്യന്‍, ബ്രാഹ്മണന്‍ എന്നീ വാദങ്ങള്‍ക്ക് ബദലായിട്ടാണ് പെരിയാര്‍ മുന്നോട്ടുവച്ചത്. 

കരുണാനിധി

ബ്രാഹ്മണ്യത്തിനു സ്ഥാനമില്ലാതിരുന്ന ദ്രാവിഡ സങ്കല്പത്തില്‍ പക്ഷേ, ഭാഷാന്യൂനപക്ഷങ്ങളും മതന്യൂനപക്ഷങ്ങളും ഉള്‍പ്പെട്ടിരുന്നു. തെലുങ്ക്, കന്നഡ, മലയാളം എന്നിവയും ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളേയും അത് ഉള്‍ക്കൊണ്ടു. ഇസ്ലാമെന്നത് ദ്രാവിഡത്തിന്റെ അറബി ശബ്ദമാണെന്നു വരെ പെരിയാര്‍ പറഞ്ഞിരുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ വിഭജനം നടന്ന ഘട്ടത്തില്‍ തമിഴ് ദേശീയവാദവും അദ്ദേഹം ഉന്നയിച്ചു. ഹിന്ദുത്വ ആചാരങ്ങള്‍ക്കു പ്രാധാന്യം കല്പിക്കുന്ന ഭരണഘടന നിലനിര്‍ത്തുന്ന ഇന്ത്യന്‍ ദേശീയതയ്ക്ക് എതിരായ രാഷ്ട്രീയബദല്‍ എന്ന നിലയ്ക്കാണ് തമിഴ് ദേശീയതയെ താന്‍ മുന്നോട്ടുവച്ചതെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ബ്രാഹ്മണ്യത്തിനുള്ള പരിഗണനകള്‍ ഒഴിവാക്കിയാല്‍ ഇന്ത്യന്‍ ദേശീയതയെ അംഗീകരിക്കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പെരിയാറും അണ്ണാദുരൈയും

പെരിയാറല്ല അണ്ണാദുരൈ

ദ്രാവിഡ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ പെരിയാറിനു മുന്‍പും ശേഷവും ആരും തന്നെ വിഗ്രഹഭഞ്ജകരോ നാസ്തികരോ ആയിരുന്നില്ല. പെരിയാറുമായി അഭിപ്രായ വ്യത്യാസമുള്ള അണ്ണാദുരൈ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചു. ഡി.എം.കെ രൂപീകരണത്തിനു ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു യോജിച്ച തരത്തില്‍ ജനപ്രീതി നേടാന്‍ വിട്ടുവീഴ്ചകള്‍ അനിവാര്യമായി. 'ഒന്റെ കുലം ഒരു വനേ ദൈവം' എന്നാണ് അണ്ണാദുരൈ പറഞ്ഞത്. 1967-ല്‍ തമിഴ്നാടിന്റെ ആദ്യ മുഖ്യമന്ത്രിയായി അദ്ദേഹം തെരഞ്ഞെടുക്കുമ്പോള്‍ അണ്ണാദുരൈ സ്വീകരിച്ചത് ഒരു മിതനിലപാടായിരുന്നു. വിശ്വാസിയല്ലെങ്കിലും കരുണാനിധിയും അത് തുടര്‍ന്നു. രാമസേതു വിവാദത്തില്‍ കരുണാനിധി നിലപാടില്‍നിന്ന് പിന്നോട്ടു പോയില്ലെങ്കിലും വിശ്വാസികളെ ആശ്വസിപ്പിച്ചു. എന്റെ മനസ്സാക്ഷിയാണ് എന്റെ ദൈവമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളില്‍ വിഗ്രഹാരാധനയെ എതിര്‍ത്ത നേതാക്കള്‍ വിഗ്രഹങ്ങളായി. നേതാക്കളുടെ മുന്നില്‍ സാഷ്ടാംഗം കുമ്പിടുന്ന ശൈലി പ്രോത്സാഹിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാല്‍ പെരിയാറിന്റെ ആശയങ്ങളെല്ലാം തിരസ്‌കരിക്കപ്പെടുമ്പോഴും പാര്‍ട്ടിയുടെ പേരില്‍ ദ്രാവിഡം എന്ന വാക്കിനെ മാറ്റനിര്‍ത്താതെ ദ്രാവിഡപാര്‍ട്ടികള്‍ മുന്നോട്ടുപോയി. എന്നാല്‍ ദ്രാവിഡ പ്രസ്ഥാനത്തിന്റെ അവശേഷിപ്പുകളെങ്കിലുമുള്ളത് ഡി.എം.കെയിലാണെന്നതില്‍ സംശയവുമില്ല.

ആർ എൻ രവി

ദ്രാവിഡ കഴകം ദ്രാവിഡ മുന്നേറ്റ കഴകമായി മാറിയതോടെയാണ് സാമൂഹികമാറ്റത്തിന്റെ വിപ്ലവാംശങ്ങള്‍ പിന്തള്ളപ്പെട്ട് പോയത്. എന്നാല്‍, ഡി.എം.കെ. തമിഴ് വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. പെരിയാര്‍ തന്റെ പ്രവര്‍ത്തനങ്ങളുടെയെല്ലാം കേന്ദ്രസ്ഥാനത്ത് നിര്‍ത്തിയിരുന്നത് യുക്തിവാദത്തെയായിരുന്നു. ജനങ്ങളാകട്ടെ, പെരിയാറിനെ സ്വീകരിച്ചത് പല തലങ്ങളിലായിരുന്നു. ചിലര്‍ അന്ധവിശ്വാസത്തെ എതിര്‍ത്തു. ചിലര്‍ ദൈവനിഷേധത്തേയും. ചിലര്‍ സ്ത്രീപുരുഷ സമത്വ വീക്ഷണം തള്ളികളഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ ദ്രാവിഡ സങ്കല്പം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട മുന്നേറ്റം തുടര്‍ന്നുണ്ടായില്ല. ഡി.എം.കെയാകട്ടെ, അയഞ്ഞ നിലപാട് സ്വീകരിച്ചു. യുക്തിവാദപരമായ വീക്ഷണകോണിലൂടെ വരുംകാല സമൂഹത്തെ വിഭാവനം ചെയ്യാന്‍ അവര്‍ തയ്യാറായില്ല. അതത്ര എളുപ്പവുമല്ലായിരുന്നു. അതിനു ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ നയവും സമൂഹ്യപദ്ധതികളുമൊക്കെ വേണമായിരുന്നു. അതു പെരിയാറിനും ബോധ്യപ്പെട്ടിരുന്നു. മുടിയിഴകൊണ്ട് വലിയ മല ഇളക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ലല്ലോ എന്ന അദ്ദേഹത്തിന്റെ ഉത്തരം അതിനുള്ള മറുപടിയാണ്. പിന്നീട് പല പിളര്‍പ്പുകളുണ്ടായെങ്കിലും ദ്രാവിഡ രാഷ്ട്രീയത്തിന് തമിഴ്നാട്ടില്‍ ഇന്നും ബദലില്ലെന്നാണ് യാഥാര്‍ത്ഥ്യം.

വരുമോ ദ്രാവിഡനാട്

ജൂലൈ മൂന്നിന് നീലഗിരിയിലെ ഡി.എം.കെ എം.പി ആണ്ടിമുത്തുരാജ എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് ദ്രാവിഡനാട് എന്ന ആശയം പുനരവതരിപ്പിക്കാന്‍ ഡി.എം.കെ നിര്‍ബ്ബന്ധിതമാകുന്നുവെന്ന് പ്രഖ്യാപിച്ചത്. അണ്ണായുടെ വഴിയിലാണ് മുഖ്യമന്ത്രി, പെരിയാറിന്റെ വഴി സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിക്കരുത് എന്നായിരുന്നു വാക്കുകള്‍. ദ്രാവിഡനാട് എന്ന ആശയം ഉയര്‍ന്നുവന്നാല്‍ പിന്തുണയ്ക്കുമെന്ന് സ്റ്റാലിന്‍ നേരത്തേയും വ്യക്തമാക്കിയതാണ്. 

കരുണാനിധി പ്രചാരണത്തിനിടെ

ജസ്റ്റിസ് പാര്‍ട്ടി നേതാവായിരുന്ന ഇ.വി. രാമസാമി 1938-ല്‍ തമിഴ്നാട് തമിഴര്‍ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി. തൊട്ടടുത്ത വര്‍ഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പാരമ്പര്യം ഒന്നാണെന്ന പ്രഖ്യാപനത്തോടെ ദ്രാവിഡനാട് എന്ന ആശയം വികസിച്ചു. 1940-ല്‍ കാഞ്ചീപുരത്ത് ദ്രാവിഡനാട് സമ്മേളനവും ഇ.വി.ആര്‍ വിളിച്ചു ചേര്‍ത്തു. അന്ന് സമ്മേളനത്തില്‍ അവതരിപ്പിച്ച ഭൂപടപ്രകാരം കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവയും ബംഗാളിന്റെ ചില ഭാഗങ്ങളും അടങ്ങുന്നതായിരുന്നു ദ്രാവിഡനാട്. ഡി.എം.കെ രൂപീകരിച്ചപ്പോള്‍ പ്രധാന ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചത് ദ്രാവിഡനാട് രൂപീകരണമായിരുന്നു. എന്നാല്‍, ഇന്ത്യ - ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 1963-ല്‍ ഡി.എം.കെ ദ്രാവിഡനാടെന്ന ആശയം ഔദ്യോഗികമായി ഉപേക്ഷിക്കുകയായിരുന്നു. 1965-ല്‍ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിലൂടെ ഡി.എം.കെ അധികാരം പിടിച്ചെടുത്തതിനൊപ്പം ഉത്തരേന്ത്യന്‍ വിരുദ്ധ വികാരവും ശക്തമാക്കി. പിന്നീടങ്ങോട്ട് ദ്രാവിഡ ആശയം തമിഴകത്തിന്റെ മനസ്സായി. ഏറ്റവുമൊടുവില്‍ പാര്‍ട്ടി രൂപീകരിച്ച് കമല്‍ഹാസന്‍ പോലും ദ്രാവിഡ ആശയത്തെക്കുറിച്ച് പറയുന്നതിന്റെ കാരണവും ഇതു തന്നെ.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT