അഗാധമായ ചരിത്രാന്വേഷണങ്ങളിലൂടെ, സമ്പന്നമായ ചരിത്രരേഖകളെ മുൻനിർത്തി ചരിത്ര യാഥാർത്ഥ്യങ്ങള്‍ വെളിവാക്കുന്ന അപൂർവ്വ ഗവേഷണ പ്രതിഭയാണ് ചെറായി രാമദാസ്. 2023-ൽ പ്രണത ബുക്സ് പ്രസിദ്ധീകരിച്ച ‘കാലശാസനകൾക്ക് കീഴടങ്ങാത്ത ദാക്ഷായണി വേലായുധൻ’ എന്ന ചെറായി രാമദാസിന്റെ ഗ്രന്ഥം ഇൻഡ്യൻ ഭരണഘടനാ അസംബ്ലിയിൽ അംഗമായിരുന്ന ഏക ദലിത് സ്ത്രീയും അംബേദ്കറോടും നെഹ്രുവിനോടും ധീരമായി വിമർശനം ഉന്നയിച്ച അസാമാന്യയായ പണ്ഡിതയും സാമൂഹ്യനീതിയുടെ പോരാളിയുമായിരുന്ന ദാക്ഷായണി വേലായുധന്റെ അഗ്‌നിസ്ഫുലിംഗങ്ങൾക്കു സമാനമായ ജീവിതചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.
1936-ൽ ക്ഷേത്രപ്രവേശനം വിളംബരം നടന്ന വർഷത്തിൽ ചരിത്രത്തിൽ ദലിത് സമൂഹത്തെ സംബന്ധിച്ച് പ്രചോദനാത്മകമായ ഒരു സംഭവം അരങ്ങേറി. ദാക്ഷായണി വേലായുധന്റെ ബി.എ. വിജയം കൊച്ചി രാജ്യഭരണ റിപ്പോർട്ടിൽ കടന്നുവന്നത് 1936-ലാണ്. പരിമിതമായ സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് മുന്നേറിയ ഈ ദലിത് സ്ത്രീ പ്രതിഭ ‘പ്രമാണിമാരെ’ അതിശയിക്കുന്നവിധത്തിൽ ഇംഗ്ലീഷ് ഭാഷയിൽ രാജ്യത്തോട് സംസാരിച്ചു. ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിലെ ദാക്ഷായണിയുടെ വാദങ്ങൾ ഒരുവേള അംബേദ്കറോടും ഇടഞ്ഞു. ഇന്ത്യയിലെ പട്ടികജാതിക്കാരിൽ ആദ്യം ബിരുദം നേടിയ വ്യക്തിയും പട്ടികജാതിക്കാരിയായ ആദ്യ നിയമസഭാംഗവുമാണ് ദാക്ഷായണി വേലായുധൻ. കൊച്ചി മുളവുകാട് ദ്വീപിലെ ചെളിപ്പാടങ്ങൾ താണ്ടി ഉന്നതവും വിമോചനാത്മകവുമായ അറിവുകൾ നേടി ഇന്ത്യൻ ഭരണഘടനയിൽ ഒപ്പുവച്ച ധീരയും വൈജ്ഞാനിക പ്രതിഭയുമായ ദാക്ഷായണി വേലായുധൻ എന്ന ദലിത് സ്ത്രീയുടെ ചരിത്രജീവിതം ദലിത് സമൂഹത്തിനു മാത്രമല്ല, ഇന്ത്യക്കാകെ പ്രചോദനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates