കശ്മീരിന്റെ പ്രത്യേകപദവി നീക്കം ചെയ്തതിനെ പിന്തുണച്ച് മധുരം വിതരണം ചെയ്യുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ 
Articles

അമിത്ഷായുടെ കശ്മീര്‍ ദൗത്യവും ഇന്ത്യന്‍ ജനാധിപത്യവും 

സങ്കീര്‍ണ്ണമായ മറ്റൊരു നിയമപ്രശ്‌നം പൊതുസമൂഹത്തിനു മുന്‍പാകെ ഉയര്‍ത്തിക്കൊണ്ടാണ് സംസ്ഥാന പുന:സംഘടനയ്ക്കുള്ള നീക്കങ്ങള്‍ യൂണിയന്‍ ഗവണ്‍മെന്റ് നടത്തിയിരിക്കുന്നത്.

സതീശ് സൂര്യന്‍

രു ദേശരാഷ്ട്രമെന്ന നിലയില്‍ നമ്മുടെ രാജ്യത്ത് ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കാവുന്ന രണ്ടു പ്രമേയങ്ങളും ജമ്മു-കശ്മീര്‍ പുന:സംഘടനാ ബില്‍ എന്ന പേരില്‍ ഒരു ബില്ലുമാണ് ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ജമ്മു-കശ്മീര്‍ എന്ന സംസ്ഥാനവും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ മാത്രമല്ല, ഫെഡറലിസം എന്ന തത്ത്വത്തെ അടിസ്ഥാനമാക്കി വിവിധ സംസ്ഥാനങ്ങളുടെ ഒരു യൂണിയന്‍ എന്ന നിലയില്‍ വിഭാവനം ചെയ്യപ്പെട്ട ഇന്ത്യ എന്ന ദേശരാഷ്ട്രം ഇനി മുതല്‍ അങ്ങനെയായിരിക്കണമെന്നില്ല എന്നു കരുതാന്‍ പോരുന്ന തരത്തിലുള്ള ശക്തമായ സൂചനകള്‍ കൂടിയാണ് അതു നല്‍കുന്നത്. ജനാധിപത്യം എന്ന മൂല്യത്തെക്കുറിച്ച് ഏറെ വേവലാതിപ്പെടേണ്ട എന്നു കരുതുന്നവര്‍ക്കു തീര്‍ച്ചയായും രാഷ്ട്രീയമായ ഇച്ഛാശക്തിയുടെ ധീരമായ ചുവടുവെയ്പായും സുപ്രധാനമായ നടപടിയായും യൂണിയന്‍ ഗവണ്‍മെന്റിന്റെ നീക്കത്തെ വിലയിരുത്താം. 

കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370, 35 എ വകുപ്പുകള്‍ മുഖാന്തരം നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനും ജമ്മു-കശ്മീര്‍ എന്ന സംസ്ഥാനത്തെ രണ്ടായി വിഭജിച്ച് നിയമസഭയോടുകൂടിയതും അല്ലാത്തതുമായ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. 

ഈ നീക്കങ്ങള്‍ വിലയിരുത്തുമ്പോള്‍ ആ സംസ്ഥാനത്തിന്റെ, ഇന്ത്യയുടെ ഭാഗമായി ഇപ്പോള്‍ നിലകൊള്ളുന്ന പ്രദേശങ്ങളില്‍ അവ ഉടനടി ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും പ്രതിഷേധങ്ങളും സംബന്ധിച്ച് ഇന്ത്യാഗവണ്‍മെന്റിനു നല്ല ധാരണയുണ്ടായിരുന്നു എന്നുവേണം കരുതാന്‍. കാരണം ഈ നീക്കങ്ങള്‍ക്കു മുന്നോടിയായി, ദിവസങ്ങള്‍ക്കു മുന്‍പേ സംസ്ഥാനത്ത് വന്‍തോതില്‍ സൈനികവിന്യാസം നടത്തിയിരുന്നു. തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും മറ്റ് ഇന്ത്യന്‍ പ്രദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളോടും അവിടെനിന്നു മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിര്‍ണ്ണായകമായ രാഷ്ട്രീയനീക്കം നടത്തുന്നതിനു തലേദിവസം തന്നെ ബി.ജെ.പിയൊഴികെയുള്ള മുഖ്യധാരാ പാര്‍ട്ടികളുടെ, മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും സംസ്ഥാനത്തെ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. 

കരുതല്‍ തടങ്കലിലായ
ജനാധിപത്യം 

രാജ്യത്തെ സംബന്ധിച്ച് സുപ്രധാനമായ ഒരു തീരുമാനമെടുക്കുന്ന സന്ദര്‍ഭത്തില്‍, ചുരുങ്ങിയത് പ്രധാന പ്രതിപക്ഷകക്ഷികളൊടെങ്കിലും കൂടിയാലോചനയ്ക്ക് മുതിരാനോ, അവരെ വിശ്വാസത്തിലെടുക്കാനോ തയ്യാറാകാതിരുന്ന യൂണിയന്‍ ഗവണ്‍മെന്റിനു തങ്ങളുടെ ഇംഗിതം ഏകപക്ഷീയമായി നടപ്പാക്കുന്നതിനു കടമ്പകളേറെ കടക്കേണ്ടിവന്നിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം ജമ്മു-കശ്മീര്‍ എന്ന സംസ്ഥാനത്തിനു നല്‍കിയ പ്രത്യേക അവകാശങ്ങള്‍ നീക്കം ചെയ്തുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെക്കൊണ്ട് പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ പുറപ്പെടുവിക്കുകയായിരുന്നു ഇതിന്റെ ഭാഗമായി ആദ്യം ചെയ്തത്. ഇന്ത്യാ ഗവണ്‍മെന്റ് സംസ്ഥാനത്തെ ഗവര്‍ണറായി നിയോഗിക്കുന്നയാള്‍ക്കു ഭാവികാര്യങ്ങള്‍ തീരുമാനിക്കുന്നതിനു തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനേക്കാള്‍ അധികാരം നല്‍കിക്കൊണ്ട് ആര്‍ട്ടിക്കിള്‍ 367 ഭേദഗതി ചെയ്യുകയും ചെയ്തു. ഇത്തരത്തില്‍ ഒരു പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ വഴി ഭരണഘടനാഭേദഗതി സാധ്യമാണോ എന്ന മൗലികമായ ചോദ്യവും അതുയര്‍ത്തുന്നുണ്ട്.   

ഒമര്‍ അബ്ദുള്ള

370-ാം വകുപ്പ് അനുശാസിക്കുന്ന പ്രത്യേക അവകാശങ്ങള്‍ നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവു പുറപ്പെടുവിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ച പ്രമേയത്തോടെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഒന്നുമാത്രമായിരിക്കുന്നു ജമ്മു-കശ്മീര്‍ എന്ന ഭൂപ്രദേശം.  

സങ്കീര്‍ണ്ണമായ മറ്റൊരു നിയമപ്രശ്‌നം പൊതുസമൂഹത്തിനു മുന്‍പാകെ ഉയര്‍ത്തിക്കൊണ്ടാണ് സംസ്ഥാന പുന:സംഘടനയ്ക്കുള്ള നീക്കങ്ങള്‍ യൂണിയന്‍ ഗവണ്‍മെന്റ് നടത്തിയിരിക്കുന്നത്. സാധാരണഗതിയില്‍ ഇത്തരം പുന:സംഘടനകള്‍ക്കു ശിപാര്‍ശ ചെയ്യേണ്ടുന്നത് അതത് സംസ്ഥാനത്തെ നിയമസഭകളാണ്. സംസ്ഥാനത്താകട്ടെ, ഇപ്പോള്‍ നിലവിലുള്ളത് രാഷ്ട്രപതിഭരണവും. ഭരണപരവും രാഷ്ട്രീയവുമായ ഈയൊരു സാഹചര്യത്തില്‍ 'സംസ്ഥാന നിയമസഭയ്ക്കായിട്ട്' എന്ന പേരില്‍ പാര്‍ലമെന്റാണ് രാഷ്ട്രപതിയുടെ മുന്‍പാകെ 370-ാം വകുപ്പ് മുഖാന്തരമുള്ള പ്രത്യേക പദവി റദ്ദ് ചെയ്യാനും സംസ്ഥാനത്തെ ജമ്മു-കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് യൂണിയന്‍ ടെറിട്ടറികളായി (യു.ടി അഥവാ കേന്ദ്രഭരണപ്രദേശം) വിഭജിക്കാനും അഭ്യര്‍ത്ഥിക്കുന്നത്. 

ജമ്മു-കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കാനാകില്ല എന്നാണ് പൊതുവേയുള്ള ധാരണ. ജമ്മു-കശ്മീരിലെ ഭരണഘടനാസഭ (Constituent Assembly)യുടെ അനുമതിയോടെ മാത്രമേ ഈ വകുപ്പ് പിന്‍വലിക്കാനാകൂ എന്നു വ്യവസ്ഥയുള്ളതാണ് കാരണം. എന്നാല്‍, ജമ്മു-കശ്മീര്‍ ഭരണഘടനയ്ക്ക രൂപം നല്‍കിയതോടെ ആ സംവിധാനം 1956-ല്‍ ഇല്ലാതായി. ബ്രിട്ടീഷ് ഭരണകാലത്ത് പുത്രികാരാജ്യപദവിയുണ്ടായിരുന്ന ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് എന്നു പ്രഖ്യാപിക്കുന്നതായിരുന്നു ആ ഭരണഘടന. അതേസമയം 370-ാം വകുപ്പ് നിലനിര്‍ത്തണോ എന്നതു സംബന്ധിച്ച് ഒരു തീരുമാനവും കൈക്കൊള്ളാതെ ഭരണഘടനാസഭ ഇല്ലാതാകുകയും ചെയ്തു. 

എന്തായാലും ഈ നീക്കങ്ങള്‍ നിയമവൃത്തങ്ങളില്‍ ഇതു സംബന്ധിച്ച ചൂടേറിയ ചര്‍ച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്. ''ജമ്മു-കശ്മീര്‍ വിഭജിക്കുന്നതിനു സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സഭയുടെ സമ്മതം ആവശ്യമാണ്. 370-ാം വകുപ്പിലെ ഭേദഗതി മുഖാന്തരം യൂണിയന്‍ ഗവണ്‍മെന്റിന് ഇടപെടാവുന്ന വിഷയങ്ങളില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ജമ്മു-കശ്മീര്‍ അസംബ്ലിയുടെ സമ്മതം ആവശ്യമാണ്. രാഷ്ട്രപതിയുടേയും ഗവര്‍ണറുടേയും മാത്രം സമ്മതം പോരാ. ഇതു ഭരണഘടനാവിരുദ്ധമാണ്,'' -പ്രഗത്ഭ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.

നിയമത്തിലെ ഒരുഗ്രന്‍ പഴുതുപയോഗിച്ചാണ് യൂണിയന്‍ ഗവണ്‍മെന്റ് ഇതു സാധ്യമാക്കിയത് എന്നു സുപ്രീംകോടതി അഭിഭാഷകനായ അനസ് തന്‍വീര്‍ ചുണ്ടിക്കാട്ടുന്നു. 370(1) വകുപ്പ് നല്‍കുന്ന അധികാരം ഉപയോഗിച്ച് ഗവണ്‍മെന്റ് 367-ാം വകുപ്പ് ഭേദഗതി ചെയ്യുകയായിരുന്നു. 367-ാം വകുപ്പില്‍ ജമ്മു-കശ്മീര്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട് ഒരു വാക്യം കൂട്ടിച്ചേര്‍ത്തിരുന്നു. പുതിയ ഭേദഗതിയോടെ ജമ്മു-കശ്മീരിലെ ഗവണ്‍മെന്റ് ആ സംസ്ഥാനത്തെ ഗവര്‍ണര്‍ക്ക് തുല്യമാണെന്നും സദര്‍ ഇ റിയാസത്ത് (തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ തലവന്‍) ഗവര്‍ണര്‍ക്ക് തുല്യമാണെന്നും ഭരണഘടനാ അസംബ്ലി നിയമസഭയ്ക്ക് തുല്യമാണെന്നും വന്നു. 
എന്തായാലും യൂണിയന്‍ ഗവണ്‍മെന്റിന്റെ നടപടികള്‍ നിയമപരമായ കുരുക്കുകളിലകപ്പെടാനും കോടതിയിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടാനുമുള്ള സാധ്യതകള്‍ ഏറെയാണ്.

പ്രതിപക്ഷത്തിന്റെ പരാജയവും
ബിജെപിയുടെ രാഷ്ട്രീയ കൗശലവും 

ഹിന്ദുത്വരാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അത് ഇത്രയും കാലം ഇക്കാര്യത്തില്‍ ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ ഭരണവ്യവസ്ഥയുടെ ഭാഗമാക്കി മാറ്റാന്‍ കഴിയുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ജമ്മു-കശ്മീര്‍ പ്രദേശങ്ങളില്‍ സ്വാതന്ത്ര്യപൂര്‍വ്വ കാലത്തും സ്വാതന്ത്ര്യാനന്തര കാലത്തും ഹിന്ദുത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച, ദോഗ്ര ഭൂപ്രമാണിമാരുടെ കക്ഷിയായ പ്രജാപരിഷത്തിന്റെ മുഖ്യ ആദര്‍ശമായ ഹിന്ദുത്വത്തില്‍ വിശ്വസിച്ചിരുന്നവര്‍ ''ഒരു ഭരണഘടന, ഒരു കൊടി, ഒരു നേതാവ'' എന്ന മുദ്രാവാക്യമുയര്‍ത്തിപ്പോന്നിട്ടുണ്ട്. ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു-കശ്മീര്‍ ഇന്ത്യയുടെ സവിശേഷാധികാരങ്ങളൊന്നുമില്ലാത്ത ഭാഗമായി തുടരണമെന്ന ആവശ്യമുന്നയിച്ച് പ്രക്ഷോഭങ്ങളുയര്‍ത്തി. ദോഗ്ര രാജാവ് എന്തു നിലപാടെടുക്കുന്നുവോ ആ നിലപാടിനൊപ്പം എന്നായിരുന്നു രാജാധികാരകാലത്ത് പ്രജാപരിഷത്തിന്റെ കാഴ്ചപ്പാട്. എന്നാല്‍, രാജാധികാരം പോകുകയും ഷേഖ് അബ്ദുള്ള നയിച്ച നാഷണല്‍ കോണ്‍ഫറന്‍സ് ഭൂവുടമ ബന്ധങ്ങളില്‍ സാരമായ മാറ്റം വരുത്തുന്ന നിയമപരിഷ്‌കാരങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്തതോടെ പ്രജാപരിഷത്ത് പ്രകോപിതമാകുകയും സവിശേഷാധികാരങ്ങളൊന്നുമില്ലാത്ത ഒരു ഇന്ത്യന്‍ സംസ്ഥാനം മാത്രമായിരിക്കണം കശ്മീര്‍ എന്ന ശാഠ്യം ശക്തിപ്പെടുത്തുകയും ചെയ്തു. കമ്യൂണിസ്റ്റ് സ്വാധീനത്തിലുളള ഇന്ത്യാവിരുദ്ധ ഭരണം എന്നായിരുന്നു ജനസംഘം നേതാവായ ബല്‍രാജ് മധോക്ക് ഷേഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ഭരണത്തെ വിശേഷിപ്പിച്ചത്. ആദ്യകാലത്ത് ജനസംഘത്തിന്റെ ഭാഗമായിത്തീര്‍ന്ന പ്രജാപരിഷത്ത് പൊതുവേ കശ്മീരികളായ പണ്ഡിറ്റുകളുടേയോ ലഡാക്കിലെ ബുദ്ധമതക്കാരുടേയോ പ്രശ്‌നങ്ങളെ അവഗണിച്ചിരുന്നു. 

പ്രജാപരിഷത്ത് പിന്നീട് ജനസംഘത്തിന്റെ ഭാഗമായിത്തീരുകയും ജനസംഘം ജനതാപാര്‍ട്ടിയും പിന്നീട് ജനതാപാര്‍ട്ടിയെ പിളര്‍ത്തി ബി.ജെ.പിയുമായി തീര്‍ന്നപ്പോഴും കശ്മീരിനെ സംബന്ധിച്ച നിലപാടുകളില്‍നിന്ന് അവര്‍ കടുകിട വ്യതിചലിച്ചില്ല. കശ്മീരിലേക്കു കടക്കാന്‍ ശ്രമിക്കവേ അറസ്റ്റിലാകുകയും തടങ്കലില്‍വെച്ച് മരിക്കുകയും ചെയ്ത ശ്യാമപ്രസാദ് മുഖര്‍ജിയെ 370-ാം വകുപ്പ് സംബന്ധിച്ച ചര്‍ച്ചകളുടെ മുഹൂര്‍ത്തത്തില്‍ ബലിദാനിയെന്ന നിലയിലാണ് ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ചത് എന്നുകൂടി ശ്രദ്ധേയമാണ്. ജനാധിപത്യവിരുദ്ധമെന്ന് എങ്ങനെ വിലയിരുത്തപ്പെട്ടാലും ശരി അമിത്ഷാ എന്ന ദൃഢചിത്തനായ ഭരണാധികാരിയുടെ മികച്ച നീക്കമായിട്ടാണ് പൊതുവേ കശ്മീര്‍ വിഭജനത്തേയും പ്രത്യേക പദവി ഇല്ലായ്മ ചെയ്യലിനേയും മാധ്യമലോകവും രാഷ്ട്രീയനേതൃത്വങ്ങളും വിലയിരുത്തുന്നത്. 

അതേസമയം പ്രതിപക്ഷത്തിന് ഇക്കാര്യത്തിലും ഐക്യത്തോടെ മുന്നോട്ടു പോകാനായില്ല. അഥവാ ഗവണ്‍മെന്റ് നീക്കത്തിനെ എതിര്‍ത്തുകൊണ്ടുള്ളതോ പൂര്‍ണ്ണമായും എതിര്‍ക്കാത്തതോ വിമര്‍ശനാത്മകമോ ആയ ഏകീകരിച്ച ഒരു നിലപാട് ഇതര പ്രതിപക്ഷ പാര്‍ട്ടികളെക്കൊണ്ട് എടുപ്പിക്കുന്നതില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. ദളിത് രാഷ്ട്രീയത്തിന്റെ മിശിഹയായ മായാവതി നയിക്കുന്ന ബി.എസ്.പിയും ദ്രാവിഡരാഷ്ട്രീയത്തിന്റെ ലേബലില്‍ അറിയപ്പെടുന്ന എ.ഡി.എം.കെയുമെല്ലാം ഹിന്ദുത്വകക്ഷിയോടൊപ്പം ഇക്കാര്യത്തില്‍ കൈകോര്‍ക്കുകയും ചെയ്തു. ഡല്‍ഹിയുടെ കേന്ദ്രഭരണ പദവി നീക്കം ചെയ്യണമെന്നും സ്വതന്ത്ര സംസ്ഥാനമാക്കി മാറ്റണമെന്നും വാദിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തതും കൗതുകകരമായി. ലോകസഭയില്‍ തൃണമൂലും എന്‍.സി.പിയും വിട്ടുനിന്നപ്പോള്‍ ബി.ജെ.ഡിയും ടി.ഡി.പിയും ടി.ആര്‍.എസും സര്‍ക്കാരിനൊപ്പം നിന്നു. 

ശ്രീനഗറില്‍ ഇന്ത്യന്‍ പട്ടാളം പട്രോളിങ്ങിനിടെ

ബില്ലിനെതിരെ പ്രതിഷേധിച്ച് ചില കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ബില്ലിന്റെ കോപ്പി കീറി വലിച്ചെറിഞ്ഞപ്പോള്‍ ബില്ലിനെതിരെയുള്ള കോണ്‍ഗ്രസ്സ് നിലപാടില്‍ പ്രതിഷേധിച്ച് രാജ്യസഭയിലെ ചീഫ് വിപ്പ് ഭുവനേശ്വര്‍ കാലിത എം.പി സ്ഥാനം രാജിവച്ച് പാര്‍ട്ടി വിട്ടതും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജോതിരാദിത്യ സിന്ധ്യ ഗവണ്‍മെന്റ് നീക്കത്തെ അനുകൂലിച്ച് പ്രസ്താവനയിറക്കിയതും ആ പാര്‍ട്ടിയില്‍ ഇതു സംബന്ധിച്ച് വളര്‍ന്നുവന്നിരിക്കുന്ന ഗുരുതരമായ അഭിപ്രായ വ്യത്യാസത്തെ സൂചിപ്പിക്കുന്നു. പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ക്കിടയില്‍ പാര്‍ലമെന്ററി കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കശ്മീര്‍ പ്രശ്‌നം ഒരു അന്താരാഷ്ട്ര പ്രശ്‌നമാണെന്ന പ്രസ്താവന നടത്തിയത് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിനും അങ്കലാപ്പിനുമാണ് വഴിവച്ചത്. 

നീക്കം ചെയ്തത് 
വിഭജനത്തിന്റെ പ്രതീകത്തെ 

രാകേഷ് സിന്‍ഹ 
രാജ്യസഭാ എം.പി., ഹിന്ദുത്വ സൈദ്ധാന്തികന്‍

ശകങ്ങളായി ഇന്ത്യന്‍ മനസ്സുകളെ വിഭജിച്ചുകൊണ്ടിരുന്ന ഒരു ഭരണഘടനാ വകുപ്പാണ് ഇല്ലായ്മ ചെയ്യപ്പെട്ടത് എന്നത് സന്തോഷകരമാണ്. വിഭജനത്തിന്റെ വലിയൊരു പ്രതീകമായിരുന്നു അത്. കശ്മീരിന്റെ വികസനത്തിനും പുരോഗതിക്കും വലിയ തടസ്സമായിരുന്നു ഈ വകുപ്പ് സൃഷ്ടിച്ചിരുന്നത്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് തൊഴിലില്ലായ്മ പെരുകി. ഇങ്ങനെ പെരുകിയ തൊഴിലില്ലായ്മയാണ് ഭീകരവാദത്തിനും സാമൂഹികാതൃപ്തിക്കും വളംവയ്ക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും ഒരു വലിയ വിലങ്ങുതടിയായിരുന്നു കശ്മീരിനു ലഭിച്ച പ്രത്യേക പദവി. വ്യാപകമായി അതു ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നു. പുതിയ മാറ്റങ്ങളോടെ ആ പ്രദേശം സാമ്പത്തികമായി ഒരു കുതിച്ചുചാട്ടത്തിനും വ്യാപാര-വാണിജ്യമേഖലകളില്‍ വളര്‍ച്ചയ്ക്കും വഴിവയ്ക്കും. അതോടെ പ്രദേശത്തെ യുവാക്കള്‍ക്കു പ്രയോജനകരമാകുന്ന രീതിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇനിമുതല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ നിയമങ്ങളൊക്കെയും കശ്മീരിനും ബാധകമാകും. യഥാര്‍ത്ഥത്തില്‍ 370-ാം വകുപ്പ് നീക്കം ചെയ്യുകയല്ല, അതുവഴി ആ സംസ്ഥാനത്തിനു നല്‍കിയ പ്രത്യേക പദവി ഇല്ലാതാക്കുകയും രാജ്യത്തിന് ഒരൊറ്റ ഭരണഘടന ഉണ്ടാക്കുകയുമാണ് ഗവണ്‍മെന്റ് ചെയ്തത്. 

തികച്ചും ജനാധിപത്യപരമായ രീതിയിലാണ് കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യപ്പെട്ടത്. രാജ്യത്തിന്റെ ഇച്ഛയാണ് പാര്‍ലമെന്റില്‍ പ്രകാശിപ്പിക്കപ്പെട്ടത്. രാഷ്ട്രീയലാഭം ലാക്കാക്കിയ ഏതാനും ചില പാര്‍ട്ടികളൊഴികെ ബാക്കിയെല്ലാ കക്ഷികളും രാഷ്ട്രത്തിന്റെ ഉത്തമ താല്‍പ്പര്യം മുന്‍നിര്‍ത്തി ബില്ലിനേയും പ്രമേയങ്ങളേയും പിന്തുണച്ചു. 

കമ്യൂണിസ്റ്റുകള്‍ക്കും കോണ്‍ഗ്രസ്സിനും എല്ലാക്കാലത്തും അവരുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. കോണ്‍ഗ്രസ്സിനാകട്ടെ, ഈ പ്രശ്‌നത്തില്‍ ഒരു യോജിച്ച നിലപാടെടുക്കാന്‍ പോലുമാകുന്നില്ല എന്നത് ആ പാര്‍ട്ടിയുടെ പരിതാപകരമായ അവസ്ഥയെ സൂചിപ്പിക്കുന്നു. 

ഇന്ത്യയില്‍ ഉപദേശീയതകളൊന്നും നിലനില്‍ക്കുന്നില്ല. ഇത് ഒരൊറ്റ രാഷ്ട്രമാണ്. തീര്‍ച്ചയായും ഭാഷാപരവും പ്രാദേശികവുമായ വൈവിധ്യങ്ങളുണ്ട്. അതിനെ ഉപദേശീയതകളായിട്ടൊന്നും വ്യാഖ്യാനിക്കാനാകില്ല. നമ്മള്‍ ഇന്ത്യക്കാര്‍ എന്നൊരു വികാരമേയുള്ളൂ. 

ജനാധിപത്യവിരുദ്ധ നടപടികള്‍ 
ആശങ്കയുണര്‍ത്തുന്നത് 

രാമചന്ദ്ര ഗുഹ  
ചരിത്രകാരന്‍

ന്ന് കശ്മീരിനു സംഭവിച്ചത് നാളെ ഏതു സംസ്ഥാനത്തിനും സംഭവിക്കാം. കശ്മീരിന്റെ മാത്രം പ്രശ്‌നമല്ലിത്. ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്തെ മാത്രമായി മാറ്റിനിര്‍ത്തുന്നതുകൊണ്ട് അവരെ മാത്രം ബാധിക്കുന്ന പ്രശ്‌നവുമല്ല, കശ്മീര്‍ സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ യൂണിയന്‍ ഗവണ്‍മെന്റ് അവലംബിച്ച രീതി. ഇന്നു രാജ്യം ഭരിക്കുന്നവര്‍ ഭരണകൂടാധികാരം ഇഷ്ടംപോലെ ദുര്‍വിനിയോഗം ചെയ്ത രീതിയെക്കുറിച്ച് ഓരോ ഇന്ത്യക്കാരനും കാര്യമായി ആലോചിക്കേണ്ടതാണ്. 12 ദശലക്ഷം വരുന്ന ഒരു ജനതയുടെ ഉത്തമ താല്‍പ്പര്യത്തെ മുന്‍നിര്‍ത്തിയെന്ന് ഇവര്‍ അവകാശപ്പെടുന്ന ഒരു തീരുമാനം ഉണ്ടായത് ആ ജനതയെ പരിപൂര്‍ണ്ണമായും അതു സംബന്ധിച്ച് തികഞ്ഞ അജ്ഞതയില്‍ നിറുത്തിക്കൊണ്ടാണ് എന്നത് എത്ര വിചിത്രമാണ്. ഭരണഘടനയുടെ സംരക്ഷണത്തിനു വേണ്ടത്ര ജാഗ്രത കാട്ടിയില്ലെങ്കില്‍ ഇന്ന് കശ്മീരില്‍ സംഭവിച്ചത് നാളെ നിങ്ങളുടെ സംസ്ഥാനത്തും സംഭവിക്കാം എന്നു മനസ്സിലാക്കേണ്ടതുണ്ട്. 

വളരെ സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നത്തില്‍ ഒരു ഓര്‍ഡറുമായോ നിര്‍ദ്ദേശവുമായോ ഗവണ്‍മെന്റ് സമീപിക്കുമ്പോള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ചെയ്യേണ്ടിയിരുന്നത് പ്രശ്‌നത്തിന്റെ എല്ലാ വശവും പരിശോധിച്ച് അതു മടക്കി അയയ്‌ക്കേണ്ടതായിരുന്നു. വിശേഷിച്ചും കശ്മീരില്‍ ഈ തീരുമാനത്തിനു മുന്നോടിയായി എല്ലാത്തരത്തിലുള്ള വാര്‍ത്താവിനിമയ ബന്ധങ്ങളും വിച്ഛേദിക്കപ്പെടുകയും മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയനേതാക്കളെ തടങ്കലിലാക്കുകയും ചെയ്തുവെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍. ഒട്ടും ബുദ്ധിപൂര്‍വ്വമല്ലാതെ ധൃതിപിടിച്ചാണ് രാഷ്ട്രപതി ഇക്കാര്യത്തില്‍ നടപടികള്‍ കൈക്കൊണ്ടതെന്ന് ഞാന്‍ കരുതുന്നു. 

ഇപ്പോള്‍ പ്രശ്‌നം 370-ാം വകുപ്പ് നീക്കം ചെയ്തതു മാത്രമല്ല, ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് അവലംബിച്ച രീതി കൂടിയാണ്. തീര്‍ച്ചയായും നിയമങ്ങള്‍ കാലഹരണപ്പെടും. ചിലപ്പോള്‍ അവ പരിഷ്‌കരിക്കേണ്ടിവരും. എന്നാല്‍, അതു സംബന്ധിച്ച് സംവാദങ്ങളും ചര്‍ച്ചകളും പാര്‍ലമെന്റിലും പുറത്തും നടക്കണം. സുതാര്യമായ രീതിയിലാകണം കാര്യങ്ങള്‍. 

മൊറാര്‍ജി ദേശായിയുടേയും അടല്‍ ബിഹാരി വാജ്പേയിയുടേയും കാലത്താണ് കശ്മീരില്‍ സ്വതന്ത്രമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍, അവരുടെ വഴി പിന്തുടരാനല്ല ഇക്കാര്യത്തില്‍ മോദി തീരുമാനമെടുത്തത്. മറിച്ച് 1953-ല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നേതൃത്വത്തെ, മുഖ്യമന്ത്രിയായ ഷേഖ് അബ്ദുള്ളയെ നീക്കം ചെയ്യുകയും ജയിലിലടക്കുകയും ചെയ്ത ജവഹര്‍ലാല്‍ നെഹ്റുവിന്റെ മാര്‍ഗ്ഗത്തെ പിന്തുടരാനാണോ മോദി ആഗ്രഹിക്കുന്നത്? ധാര്‍മ്മികതയുടെ പ്രശ്‌നമായിട്ടാണ് യൂണിയന്‍ ഗവണ്‍മെന്റിന്റെ ഈ നടപടികളെ ഞാന്‍ വീക്ഷിക്കുന്നത്. എന്തായിരിക്കും ജമ്മു-കശ്മീരിന്റെ ഭാവിയെന്നു പ്രവചിക്കാന്‍ ഞാന്‍ അശക്തനാണ്. എന്തായാലും രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം നടന്നതൊന്നും നല്ല കാര്യങ്ങളല്ല എന്നേ പറയാനാകൂ. ഇത് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികമാണ്. ഗാന്ധി നമ്മെ പഠിപ്പിച്ചത് ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നില്ല എന്നുതന്നെയാണ്. ഉല്‍ക്കൃഷ്ടമായ ലക്ഷ്യം അധാര്‍മ്മികവും ധാര്‍മ്മികേതരവും ദുഷിച്ചതും ഭരണഘടനാവിരുദ്ധവുമായ മാര്‍ഗ്ഗങ്ങളെ എന്തായാലും നീതീകരിക്കുന്നില്ല.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT