'കാലമെന്ന ആ വലിയ തമാശയ്ക്കിടയില്‍ എല്ലാം മാഞ്ഞുമാഞ്ഞു പോകുന്നു. എന്നാലും വല്ലപ്പോഴുമൊക്കെ ഓര്‍ക്കാതിരുന്നിട്ടില്ല.'' ഉറൂബിന്റെ പ്രശസ്തമായൊരു കഥയിലേതാണ് ഈ വാക്കുകള്‍. വടകര പൊലീസ് സ്റ്റേഷനെക്കുറിച്ച് എനിക്കും സത്യസന്ധമായി പറയാവുന്നതാണ് ഇത്. ഐ.പി.എസ് ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ മൂന്ന് മാസം ജോലിചെയ്ത ആ പൊലീസ് സ്റ്റേഷന്‍ ഞാന്‍ ഓര്‍ക്കാറുണ്ട്, വല്ലപ്പോഴും. ഞനോര്‍ക്കുന്നത് കുറേ മനുഷ്യരെയാണ്. പൊലീസ് സ്റ്റേഷനില്‍ ഇടപഴകി മനസ്സില്‍ പതിഞ്ഞവര്‍. അതില്‍ ഒരാളെ ഞാന്‍ ശബരിമലയില്‍വെച്ച് കണ്ടുമുട്ടി, 30 വര്‍ഷത്തിനുശേഷം തികച്ചും അപ്രതീക്ഷിതമായി. നന്ദി പറയേണ്ടത് കേരള ഹൈക്കോടതിയോടാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ചരിത്രവിധിയെത്തുടര്‍ന്ന് ശബരിമലയില്‍ ചില അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ കേരളാ ഹൈക്കോടതി ആ വിഷയത്തിലിടപെട്ട് ഒരു മൂന്നംഗ നിരീക്ഷണസമിതിയെ നിയോഗിച്ചു. രണ്ട് മുന്‍ ഹൈക്കോടതി ജഡ്ജിമാരോടൊപ്പം ആ സമിതിയില്‍ ഞാനും അംഗമായിരുന്നു. അതിനാല്‍ 2018-'19ലെ മണ്ഡല-മകരവിളക്ക് സീസണില്‍ എനിക്ക് പല പ്രാവശ്യം ശബരിമലയില്‍ പേകേണ്ട സാഹചര്യമുണ്ടായി. അത്തരമൊരു യാത്രയില്‍ ഞാന്‍ നിലയ്ക്കലില്‍നിന്ന് പമ്പയിലെത്തി. അവിടെ ഹില്‍ടോപ്പ് വരെ പോയി നോക്കിയശേഷം തിരികെ വന്ന് പമ്പ പാലത്തിനടുത്തേക്ക് നടക്കുകയായിരുന്നു. പെട്ടെന്ന് ദുര്‍ബ്ബലമായ ശബ്ദത്തില്‍ ''സാര്‍'' എന്നു വിളിച്ചുകൊണ്ട് ശാരീരികാവശതകള്‍ ബാധിച്ച പ്രായമുള്ള ഒരു മനുഷ്യന്‍ മുന്നില്‍. ഒരു കൊച്ചു പെണ്‍കുട്ടിയേയും പിടിച്ചിട്ടുണ്ട്. പിടിത്തം കണ്ടാല്‍ ആര് ആരെ സംരക്ഷിക്കുന്നുവെന്ന് സന്ദേഹിക്കും. രണ്ടുപേരും പരസ്പരം ബലം നല്‍കുന്നുണ്ടാവണം. ഞാന്‍ അദ്ദേഹത്തെ നോക്കി. അവര്‍ അയ്യപ്പദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ''വടകരയിലെ ബാലന്‍ നായര്‍, സാര്‍'' അദ്ദേഹം പറഞ്ഞു.
സ്വിച്ചിട്ടപോലെ എന്റെ ഓര്‍മ്മ 30 വര്‍ഷം പിന്നോട്ട് പോയി. അപ്പോള്‍ ഞങ്ങളോടുകയാണ് വടകര ബീച്ചിലൂടെ, യൂണിഫോമില്‍. ഞങ്ങളുടെ ലക്ഷ്യം അവിടെ മയക്കുമരുന്ന് വലിയതോതില്‍ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതുന്ന ഒരു വീട്ടിന്റെ പിന്‍ഭാഗത്ത് എത്തുക എന്നതായിരുന്നു. ബീച്ചിലെ മണലില്‍ ഓടാന്‍ എളുപ്പമല്ല. പക്ഷേ, അദ്ദേഹത്തിന്റെ വേഗം എന്നെ അതിശയിപ്പിച്ചു. അന്ന് ബാലന്‍ നായര്‍ക്ക് 54 വയസ്സുണ്ടാകും. എനിക്ക് 27, നേര്‍പകുതി. ഞാനാണെങ്കില്‍ നാഷണല്‍ പൊലീസ് അക്കാദമിയിലെ മികച്ച പരിശീലനം കഴിഞ്ഞെത്തിയിട്ടേയുള്ളു. ഏതാണ്ട് എന്റെ ഒപ്പത്തിനൊപ്പം ആ മനുഷ്യനുമുണ്ടായിരുന്നു. ഓടാനും വീടിന്റെ പിന്നിലെ മതില്‍ ചാടി അകത്തുകടക്കാനും. അസാമാന്യമായ കായികക്ഷമത മാത്രമായിരുന്നില്ല ബാലന്‍ നായര്‍ എന്ന ഹെഡ് കോണ്‍സ്റ്റബിള്‍. ഏതാനും ദിവസം മുന്‍പ് തപാലില്‍ എനിക്കു ലഭിച്ച ബ്രൗണ്‍ ഷുഗര്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ശേഖരം സംബന്ധിച്ച ഒരു കത്ത് രഹസ്യാന്വേഷണത്തിന് ഞാന്‍ അദ്ദേഹത്തെ ഏല്പിച്ചു. മുഴുവന്‍ അന്വേഷണവും നടത്തി ആ വീട് കണ്ടെത്തിയതും അവിടെ എത്താനും അവിടുന്ന് രക്ഷപ്പെടാനുമുള്ള വഴികളും ഇടപാടുകാരനെ സംബന്ധിച്ച വിവരങ്ങളുമെല്ലാം ശേഖരിച്ചത് ആ ഹെഡ് കോണ്‍സ്റ്റബിള്‍ തന്നെയാണ്. വളരെപ്പെട്ടെന്നുതന്നെ കുറേയേറെ പ്രയോജനകരമായ വിവരങ്ങള്‍ ശേഖരിച്ച് അദ്ദേഹം എന്നെ അറിയിച്ചു. അധികം താമസിയാതെ സ്ഥലം റെയ്ഡ് ചെയ്ത് മയക്കുമരുന്ന് കണ്ടെടുക്കണമെന്നും കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നും ഞങ്ങള്‍ തീരുമാനിച്ചു. റെയ്ഡ് എപ്പോള്‍ എങ്ങനെ നടത്തണമെന്നും അദ്ദേഹം തന്നെ പ്ലാന്‍ ചെയ്തു. റെയ്ഡിന് ഫീല്‍ഡ് വര്‍ക്കില്‍ സാമര്‍ത്ഥ്യമുണ്ടായിരുന്ന ശങ്കരന്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളിനെക്കൂടി കൂട്ടാമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു. ശങ്കരന്‍ കൂടി മതി, ഇനി മറ്റാരും ഇതില്‍ വേണ്ടയെന്നും മറ്റാരും ഇത് അറിയേണ്ടയെന്നും ഉപദേശിച്ചത് ബാലന്‍ നായര്‍ തന്നെയായിരുന്നു. സംഭവദിവസം എ.ആര്‍. ക്യാമ്പില്‍നിന്നുള്ള ഏതാനും പൊലീസുകാരെ മാത്രം കൂടുതലായെടുത്തു. ചുറ്റുമതിലിനുള്ളില്‍ സാമാന്യം വലിയ വീടായിരുന്നു അത്. ഒരേ സമയം വീടിന്റെ മുന്നില്‍നിന്നും പിന്നില്‍നിന്നും അകത്തുകടക്കാനായിരുന്നു പ്ലാന്‍. അങ്ങനെ തന്നെ നടന്നു. രഹസ്യമായി സൂക്ഷിച്ചിരുന്ന ബ്രൗണ്‍ ഷുഗര്‍, ഹഷീഷ് മുതലായവയും അവ വിവിധ അളവില്‍ പാക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക്ക് കവറുകളും മറ്റും പിടിച്ചെടുത്തു. അവിടുത്തെ ഫര്‍ണിച്ചറുകളിലും മറ്റും പല രഹസ്യ അറകളുണ്ടായിരുന്നുവെന്നും ഓര്‍ക്കുന്നു. പൊലീസ് നടപടികളെല്ലാം പൂര്‍ത്തിയാക്കി പ്രതിയുമായി ആ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ അയാളുടെ ഭാര്യ എന്റെ അടുത്തു വന്നു ഒരഭ്യര്‍ത്ഥന നടത്തി: ''സാറേ, ദേഹോപദ്രവമൊന്നും ഏല്പിക്കല്ലേ.'' അവരുടെ ദൈന്യാവസ്ഥയില്‍ എനിക്ക് വല്ലായ്മ തോന്നി. ''ഇല്ല, അതൊന്നുമുണ്ടാകില്ല.'' ഞാനുറപ്പുനല്‍കി. ആ വാക്ക് പാലിക്കുകയും ചെയ്തു. പ്രമാദമായ കേസിലെ പ്രതിയാകുമ്പോള്‍ അല്പം 'ധാര്‍മ്മികരോഷം' അയാളുടെമേല്‍ പ്രകടിപ്പിക്കുകയായിരുന്നു പൊലീസ് സ്റ്റേഷനിലെ നാട്ടുനടപ്പ്. അതിനു തയ്യാറായി ചിലരൊക്കെ ''കറങ്ങിനിന്നെങ്കിലും സാറിന്റെ നിലപാടുമൂലം അത് നടന്നില്ല'' എന്ന് അഡിഷണല്‍ എസ്.ഐ. രവി പറഞ്ഞത് ഞാനോര്‍ക്കുന്നു. അല്പം 'ധാര്‍മ്മികരോഷം' ഞാന്‍ പ്രകടിപ്പിക്കാതിരുന്നില്ല, വാക്കുകളിലൂടെ. ''നിങ്ങള്‍ കരുതും, പണം കൊണ്ട് നിങ്ങള്‍ക്ക് രക്ഷപ്പെടാമെന്ന്; പക്ഷേ, ഇത്തവണ നിങ്ങള്‍ പെട്ടു'' എന്ന് സംസാരിച്ചു. അതുതന്നെ സംഭവിക്കുകയും ചെയ്തു. ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞ് വിചാരണക്കോടതിയില്‍ മൊഴി നല്‍കാന്‍ വന്നപ്പോള്‍ പ്രഗത്ഭനായ ഒരു അഡ്വക്കേറ്റ് മണിക്കൂറുകളോളം എന്നെ cross-examine ചെയ്തു. പക്ഷേ, പ്രതി ശിക്ഷിക്കപ്പെട്ടു. 20 വര്‍ഷം കഴിഞ്ഞ് കണ്ണൂരില്‍ ഞാന്‍ ഐ.ജി. ആയി എത്തുമ്പോള്‍ ആ മനുഷ്യന്‍ അവിടെ അപ്പോഴും തടവുശിക്ഷ അനുഭവിക്കുകയായിരുന്നു.
ഈ കേസ് പത്രഭാഷയില്‍, പരിശീലനകാലത്തെ എന്റെ തൊപ്പിയിലെ തൂവലായിരുന്നു. ഐ.പി.എസ് തൊപ്പിയിലെ തൂവലുകള്‍ മിക്കവയും ഇങ്ങനെ അറിയപ്പെടാത്ത സഹപ്രവര്‍ത്തകരുടെ സംഭാവനയാണ്. അങ്ങനെയുള്ള മനുഷ്യനാണ് ശബരിമല സന്നിധാനത്തിലേക്കുള്ള എന്റെ വഴിയില്‍ കൊച്ചുമകളേയും പിടിച്ചുകൊണ്ട് നില്‍ക്കുന്നത്, സ്‌നേഹപൂര്‍വ്വം. ശബരിമലയില്‍ എനിക്ക് മറ്റൊരു ദര്‍ശന പുണ്യം.
അല്പം കഴിഞ്ഞ് ഞങ്ങള്‍ എതിര്‍ദിശയില്‍ മുന്നോട്ട് നീങ്ങി. വടകര കടപ്പുറത്ത് എന്നെ അതിശയിപ്പിക്കുന്ന വേഗത്തിലോടിയ ആ മനുഷ്യനാണോ ഇപ്പോള്‍ ഓരോ ചുവടുവെയ്പിലും കിതച്ചുകൊണ്ട് നില്‍ക്കുന്നത്. ''കാലമെന്ന ക്രൂരമായ തമാശതന്നെ.'' മല കയറുമ്പോഴും വടകര പൊലീസ് സ്റ്റേഷന്‍ ഓര്‍മ്മകള്‍ എന്നെ പിന്തുടര്‍ന്നു - മനസ്സിന്റെ മറ്റൊരു തീര്‍ത്ഥയാത്ര.
ഐ.പി.എസ് പരിവേഷം കാരണം മനസ്സില്‍ അങ്കുരിക്കാവുന്ന അഹന്തയെ മുളയിലെ നുള്ളാന്‍ സഹായിച്ച ചില അനുഭവങ്ങളാണ് ഓര്‍മ്മവന്നത്. ഒരു മരണം ഓര്‍മ്മയിലെത്തി. തികച്ചും സാധാരണമായ ഒരു പ്രകൃതി പ്രതിഭാസമാണല്ലോ മരണം. എന്നാല്‍, അത് സ്വാഭാവികമായി സംഭവിക്കുമ്പോള്‍ വ്യത്യസ്തമായ ഒരു മാനം കൈവരുന്നു. അസ്വാഭാവികമെന്നാല്‍ അപകടമാകാം, ആത്മഹത്യയാകാം, കൊലപാതകമോ മറ്റേതെങ്കിലും ദുരൂഹതയോ ഒക്കെ ആകാം. അത്തരം സംഭവങ്ങള്‍ പൊലീസിനു വലിയ വെല്ലുവിളിയാണ്. കഷ്ടിച്ച് 18 വയസ്സായ അവിവാഹിതയായ ഒരു പെണ്‍കുട്ടിയുടെ തൂങ്ങിമരണ വിവരം പൊലീസ് സ്റ്റേഷനില്‍ കിട്ടുമ്പോള്‍ മാറ്റിവെയ്ക്കാനാകാത്ത പുതിയ ഒരു ജോലിഭാരം കൂടി വന്നുവല്ലോ എന്ന ചിന്തയാണ് പൊലീസ് സ്റ്റേഷനില്‍. ഞാന്‍ പങ്കാളിയാകുന്ന ആദ്യ അന്വേഷണമായിരുന്നു ഈ പെണ്‍കുട്ടിയുടെ മരണം. മുഹമ്മദ് എന്നു പേരുള്ള ഹെഡ് കോണ്‍സ്റ്റബിളായിരുന്നു എന്റെ സഹായി. അദ്ദേഹം പ്രാപ്തനും പരിചയസമ്പന്നനുമായിരുന്നു. അന്വേഷണത്തിനായി ഞങ്ങള്‍ ആ വീട്ടിലെത്തി. വീട്ടിലേക്കുള്ള യാത്രയില്‍ സംഭവസ്ഥലത്തെത്തിയാല്‍ ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ച് പൊലീസ് അക്കാദമിയില്‍ പഠിച്ച കാര്യങ്ങളും അതില്‍ വീഴ്ചയുണ്ടായാലുള്ള ഭവിഷ്യത്തുകളുമെല്ലാം ഓര്‍ത്തു. പക്ഷേ, സംഭവസ്ഥലത്തെത്തിയപ്പോള്‍ അതൊക്കെ ഏതാണ്ട് മറന്നു. കരച്ചിലും നിലവിളിയുമെല്ലാംകൊണ്ട് സാന്ദ്രമായ ഒരിടമായി മാറിയിരുന്നു ആ വീട്. നിയമാനുസരണമുള്ള അന്വേഷണപ്രക്രിയ വസ്തുനിഷ്ഠമായിരിക്കേണ്ടതാണ്. അവിടെ വൈകാരികതയ്ക്ക് സ്ഥാനമില്ല. ഹെഡ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് തന്നെ നടപടികള്‍ മുന്നോട്ടു നീക്കി. മൃതദേഹം പരിശോധിക്കുമ്പോള്‍ കുട്ടിയുടെ ഒരു കയ്യില്‍ മുട്ടിനു താഴെ നീളത്തില്‍ പാതിയുണങ്ങിയ മുറിവിന്റെ ചെറിയ പാടുകള്‍ കണ്ടു. അക്കാര്യം പ്രത്യേകം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്താന്‍ ഞാന്‍ നിര്‍ദ്ദേശം നല്‍കി. അതെന്തിന് എന്ന ഭാവത്തില്‍ മുഹമ്മദ് എന്നെ നോക്കിയെങ്കിലും അദ്ദേഹം അത് രേഖപ്പെടുത്തി. റിപ്പോര്‍ട്ട് പൂര്‍ത്തിയാകാന്‍ 3 മണിക്കൂറോളം എടുത്തു. അതിനുശേഷം വീട്ടിനകവും പരിസരവും പരിശോധിച്ചപ്പോള്‍ ഒരു പെട്ടിയില്‍നിന്നും മരണപ്പെട്ട പെണ്‍കുട്ടി എഴുതിയ ഒരു കത്ത് കണ്ടെടുത്തു. കത്ത് വായിച്ചുനോക്കുമ്പോള്‍ അതില്‍ കയ്യിലെ പാതിയുണങ്ങിയ മുറിപ്പാടുകള്‍ ഒരു മാറാരോഗമാണെന്നും അതിനാല്‍ തന്റെ വിവാഹം നടക്കില്ലെന്നും അതുകൊണ്ട് താന്‍ ആത്മഹത്യ ചെയ്യുന്നുവെന്നും എഴുതിയിരുന്നു. അപ്പോള്‍ ഞാന്‍ മുഹമ്മദിനെ നോക്കി; ചെറിയൊരു superiority complex ഓടെ. അദ്ദേഹത്തിന് ഭാവമാറ്റം ഒന്നും ഉണ്ടായില്ല. ഞങ്ങള്‍ പെട്ടെന്ന് പരിശോധനയെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കാന്‍ ഏര്‍പ്പാടാക്കിയ ശേഷം പുറത്തുകടന്നു. ദുഃഖകരമായ അന്തരീക്ഷത്തില്‍നിന്ന് രക്ഷപ്പെട്ട് ജീപ്പില്‍ കയറി തിരികെ സ്റ്റേഷനിലേക്ക് പോകുമ്പോള്‍ ഞങ്ങള്‍ ആ മരണത്തെക്കുറിച്ചുതന്നെയാണ് സംസാരിച്ചത്. അതൊരു ആത്മഹത്യ തന്നെയാകാനാണ് സാദ്ധ്യത എന്ന് വ്യക്തമായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ പ്രകടമായൊരു കാരണവും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നല്ലോ. മിതഭാഷിയായ ഹെഡ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് 'കുട്ടിയുടെ വയറ് അല്പം വീര്‍ത്തിട്ടുണ്ട്' എന്നുമാത്രം പറഞ്ഞു. എനിക്ക് അതത്ര ബോദ്ധ്യമായില്ല. എങ്കിലും ഞാന്‍ കൂടുതലായൊന്നും പറഞ്ഞില്ല. ഏതാനും ദിവസം കഴിഞ്ഞ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ അവിവാഹിതയായിരുന്ന ആ കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന കണ്ടെത്തല്‍ അതില്‍ രേഖപ്പെടുത്തിയിരുന്നു. മുഹമ്മദിന്റെ സംശയത്തിന് അടിസ്ഥാനമുണ്ടായിരുന്നു. ആത്മഹത്യാക്കുറിപ്പിലെ ത്വക്ക്രോഗവും ആ സാദ്ധ്യത അടിസ്ഥാനമാക്കിയുള്ള എന്റെ ചിന്തകളും തെറ്റായ ദിശയിലായിരുന്നു. സാധാരണയായി ആത്മഹത്യചെയ്യുന്ന വ്യക്തികളുടെ കുറിപ്പുകള്‍ സത്യസന്ധമാണ്. Truth sits on the lips of the dying person എന്നൊരു സിദ്ധാന്തമുണ്ട് പക്ഷേ, എല്ലായ്‌പ്പോഴും അങ്ങനെ ആയിക്കൊള്ളണമെന്നില്ല. വ്യക്തിപരമായി അങ്ങേയറ്റം അപമാനകരമാണെന്നു കരുതുന്ന ഒരു കാര്യം ആത്മഹത്യയിലേക്ക് നയിക്കുകയാണെങ്കില്‍ അക്കാര്യം മറച്ചുവെയ്ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ആത്മഹത്യചെയ്യുന്ന വ്യക്തി നടത്താവുന്ന ഉദാഹരണങ്ങളുമുണ്ടായിട്ടുണ്ട്. സര്‍വ്വീസിന്റെ തുടക്കത്തിലുണ്ടായ ഈ സംഭവം ഞാനോര്‍ക്കുന്നത് ആദ്യം അല്പം അഹംഭാവത്തോടെ എന്നെ നയിച്ച ചിന്തകള്‍ എത്ര വലിയ അബദ്ധമായിരുന്നുവെന്ന് വേഗം മനസ്സിലാക്കിയതില്‍നിന്നും ലഭിച്ച ഉള്‍ക്കാഴ്ചകൊണ്ടുമാത്രമാണ്. അത്തരമൊരു ജാഗ്രത സര്‍വ്വീസിലുടനീളം ആവശ്യമാണെന്ന് പില്‍ക്കാല അനുഭവങ്ങളും എന്നെ പഠിപ്പിച്ചു.
ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെയേറെ യാത്രാപ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളുമുണ്ടായിരുന്ന അവസ്ഥയായിരുന്നു അന്ന് അവിടെയുണ്ടായിരുന്നത്. യാത്രയ്ക്കായി സാധാരണക്കാര്‍ സ്വകാര്യ ബസുകളെയാണ് മുഖ്യമായും ആശ്രയിച്ചിരുന്നത്. പ്രൈവറ്റ് ബസുകള്‍ സര്‍വ്വീസ് നടത്തുന്നതിലെ അപാകതകളെക്കുറിച്ച് ധാരാളം പരാതികള്‍ ജനങ്ങള്‍ക്കുണ്ടായിരുന്നു. ലാഭകരമല്ലാത്ത ചില ട്രിപ്പുകള്‍ കട്ട് ചെയ്യുക, സമയക്രമം പാലിക്കാതിരിക്കുക തുടങ്ങിയവയായിരുന്നു മുഖ്യ ആക്ഷേപങ്ങള്‍. സ്വാഭാവികമായും പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എനിക്ക് ഈ പ്രശ്‌നത്തില്‍ ഇടപെടേണ്ടിവന്നു. വടകര പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോകുമ്പോഴും തിരിച്ചുവരുമ്പോഴും പട്രോളിങ്ങിന് ഇടയിലുമെല്ലാം ഇടയ്ക്കിടെ പ്രൈവറ്റ് ബസ്സ്റ്റാന്റില്‍ കയറി വാഹനങ്ങള്‍ സമയക്രമം പാലിക്കുന്നുണ്ടോ എന്നും മറ്റും നേരിട്ട് പരിശോധിക്കുന്നത് ഒരു ശീലമായി. വീഴ്ചവരുത്തിയതിന് ആദ്യമാദ്യം കുറേപ്പേര്‍ ഫൈന്‍ അടച്ചു. പിന്നീട് സംഘടിതമായി പല രീതിയിലും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ തുടങ്ങി. ചില പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യങ്ങളില്‍ ശുപാര്‍ശയുമായി വരുന്ന അനുഭവമുണ്ടായി. കഴിയുന്നത്ര സൗഹാര്‍ദ്ദമായി അവരോട് ഇടപെട്ടുവെങ്കിലും ഒരിക്കല്‍ പോലും അവരുടെ ആവശ്യം അനുവദിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
എന്റെ നടപടികള്‍ നിര്‍ബാധം തുടര്‍ന്നപ്പോള്‍ അതിനോടുള്ള എതിര്‍പ്പും കൂടുതല്‍ ശക്തമായതായി എനിക്ക് അനുഭവപ്പെട്ടു. ഒരു സന്ദര്‍ഭത്തില്‍ അവിടുത്തെ ഒരു ട്രേഡ് യൂണിയന്‍ നേതാവ് എന്നെ ഞാന്‍ താമസിച്ചിരുന്ന റസ്റ്റ് ഹൗസില്‍ വച്ച് കണ്ടപ്പോള്‍ ബസ് ഉടമകള്‍ അവരെ സമീപിച്ചിരുന്നതായും എന്റെ നടപടികള്‍ക്കെതിരെ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ബസ് തൊഴിലാളികള്‍ പണിമുടക്കണമെന്ന് ആവശ്യപ്പെട്ടതായും പറഞ്ഞു. എന്നാല്‍ ധാരാളമായി പെര്‍മിറ്റ് ലംഘനത്തിനെതിരെയും മറ്റും പൊലീസ് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ഒരിക്കല്‍പോലും പൊലീസിന്റെ ഭാഗത്തുനിന്ന് തൊഴിലാളികളോട് മോശമായ പെരുമാറ്റമുണ്ടായിട്ടില്ലെന്നും അതിനാല്‍ ട്രേഡ് യൂണിയനുകള്‍ എനിക്കെതിരെ സമരത്തിന് പുറപ്പെടില്ലെന്നും എന്നെ അറിയിച്ചു. എങ്കിലും എന്നോട് ശക്തമായ എതിര്‍പ്പ് ബസ് ഉടമകള്‍ക്കുണ്ടെന്നും പലരീതിയിലും അവര്‍ ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചേക്കുമെന്നും സ്‌നേഹരൂപേണ എന്നെ അറിയിച്ചു.
ഈ സംഭവം കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസത്തിനുശേഷം ഒരു ദിവസം രാത്രിയില്‍ ഞാന്‍ പട്രോളിംഗ് കഴിഞ്ഞ് പൊലീസ് സ്റ്റേഷനില്‍ എത്തി കസേരയില്‍ ഇരുന്ന ഉടന്‍, സ്റ്റേഷന്‍ റൈറ്റര്‍ മൊയ്തു എന്റെ അടുത്തുവന്ന് ഒരു കടലാസ് എന്റെ നേരെ നീട്ടി. മൊയ്തുവിന്റെ മുഖത്ത് അസാധാരണമായ ഒരു സംഘര്‍ഷം ഉള്ളതായി എനിക്കു തോന്നി. വിറയ്ക്കുന്ന കൈകളോടെ മൊയ്തു നീട്ടിയ കടലാസ് ഞാന്‍ വാങ്ങി നോക്കുമ്പോള്‍ അതൊരു മെമ്മോ ആയിരുന്നു. അനധികൃതമായി ഒരു ബസ് ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണെന്നും രാത്രി 12 മണിക്കു മുന്‍പു തന്നെ വിശദീകരണം രേഖാമൂലം നല്‍കണമെന്നും കാണിച്ച് അവിടുത്തെ ഡി.വൈ.എസ്.പി എനിക്ക് നല്‍കിയ മെമ്മോ ആയിരുന്നു അത്. മൊയ്തുവില്‍നിന്നും ഞാനതു വാങ്ങി വായിച്ചു. യാതൊരു ഭാവഭേദവുമില്ലാതെ അത് ചുരുട്ടിക്കൂട്ടി അടുത്തുണ്ടായിരുന്ന വേസ്റ്റ് ബോക്സില്‍ ഇട്ടു. വലിയ സംഘര്‍ഷത്തോടെ വന്ന മൊയ്തു ഏതാണ്ട് അത്ഭുതത്തോടെ തിരിച്ചുപോയി. പൊലീസ് സ്റ്റേഷന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനോട് സബ് ഡിവിഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് മെമ്മോയിലൂടെ വിശദീകരണം തേടുന്നത് സാങ്കേതികമായി ന്യായീകരിക്കാമെങ്കിലും ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥനോട് ഡി.വൈ.എസ്.പി വിശദീകരണം തേടുന്ന അസാധാരണത്വം അതിലുണ്ടായിരുന്നു.
ഈ വിശദീകരണം തേടലും എന്നെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമായാണ് ഞാന്‍ കണ്ടതും ആ രീതിയിലാണ് പ്രതികരിച്ചതും. പക്ഷേ, ഒറ്റപ്പെട്ട ഇക്കാര്യം ഞങ്ങളുടെ നല്ല ബന്ധത്തെ അല്പം പോലും ദോഷകരമായി ബാധിച്ചില്ല. അതിലെനിക്ക് സന്തോഷമുണ്ട്. കാരണം, നിസ്സാരമോ ബാലിശമോ ആയ കാര്യങ്ങളിലുണ്ടാകുന്ന തെറ്റിദ്ധാരണകള്‍ കടുത്ത പകയായും ശാശ്വതമായ ശത്രുതയായും വളര്‍ന്ന് സര്‍വ്വീസ് ജീവിതത്തിനപ്പുറവും കൊണ്ടുപോകുന്ന ധാരാളം ഉദാഹരണങ്ങള്‍ പൊലീസിലും ഇതര സിവില്‍ സര്‍വ്വീസിലും തുടക്കം മുതല്‍ കണ്ടിട്ടുണ്ട്. ''അവനെ ഞാനൊരു പാഠം പഠിപ്പിക്കും'' എന്നു തുടങ്ങിയ ഡയലോഗുകള്‍ എ.എസ്.പി ആയിരുന്ന കാലം മുതല്‍ കേട്ടിട്ടുമുണ്ട്. ആരെന്തു പാഠമാണ് പഠിച്ചതെന്നു മാത്രം റിട്ടയര്‍ ചെയ്യുമ്പോഴും എനിക്കറിയില്ല.
തൊട്ടടുത്ത ദിവസം ഉച്ചകഴിഞ്ഞ് ഞാന്‍ പൊലീസ് സ്റ്റേഷനിലെത്തുമ്പോള്‍ വടകര താലൂക്കില്‍ എന്റെ നടപടികളില്‍ പ്രതിഷേധിച്ച് ബസ് ഉടമകള്‍ സ്വകാര്യ ബസ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നെ അറിയിച്ചു. ഈ വിവരം അറിഞ്ഞപ്പോള്‍ മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത രീതിയിലുള്ള മാനസികസംഘര്‍ഷം എനിക്ക് അനുഭവപ്പെട്ടു. അധിക സമയം കഴിയുന്നതിനു മുന്‍പുതന്നെ ''അനധികൃതവും ധിക്കാരപരവുമായ എ.എസ്.പിയുടെ കിരാത നടപടികളില്‍ പ്രതിഷേധിച്ച് വടകര താലൂക്കില്‍ വമ്പിച്ച ബസ് പണിമുടക്ക്'' തുടങ്ങിയ പ്രഖ്യാപനങ്ങളുമായി പ്രചരണ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞു. നിയമപരമായും സാങ്കേതികമായും എന്തെല്ലാം ന്യായീകരണങ്ങള്‍ ഉണ്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഞാന്‍ സ്വീകരിച്ച നടപടികള്‍ മൂലമാണ് പൊതുജനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ സമരം എന്ന രീതിയിലായിരുന്നു ഞാന്‍ അന്ന് ചിന്തിച്ചത്. കാര്യമായ അനുഭവസമ്പത്തില്ലാതിരുന്ന ആ അവസ്ഥയില്‍ അതെന്നെ വളരെ അസ്വസ്ഥനാക്കി. ഞാന്‍ ഉടനെ തന്നെ ജില്ലാ പൊലീസ് സൂപ്രണ്ട് പ്രഭാകരന്‍ നമ്പ്യാരെ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ ധരിപ്പിച്ചു. എന്റെ വാക്കുകള്‍ വളരെ ശ്രദ്ധയോടും ക്ഷമയോടും കൂടി കേട്ട അദ്ദേഹം എന്നോട് പറഞ്ഞു: ''അവര്‍ സമരം ചെയ്തുകൊള്ളട്ടെ. ഹേമചന്ദ്രന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, ധൈര്യമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതുപോലെതന്നെ മുന്നോട്ട് പൊയ്‌ക്കൊള്ളുക.'' ആ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് നല്‍കിയ ആശ്വാസം വിവരണാതീതമാണ്. എന്റെ മാനസികാവസ്ഥ കൃത്യമായി വായിച്ചെടുത്തപോലെയായിരുന്നു പരിചയസമ്പന്നനായ എസ്.പി. എന്നോട് സംസാരിച്ചത്.
പ്രതീക്ഷിച്ചതുപോലെ തൊട്ടടുത്ത ദിവസം പ്രൈവറ്റ് ബസ് സമരം നടന്നു. എന്നാല്‍ അപ്രതീക്ഷിതമായി നഗരത്തില്‍ ചില സ്ഥലങ്ങളില്‍ കൈകൊണ്ടെഴുതിയ കുറേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി കാണപ്പെട്ടു. സി.പി.ഐ.എം.എല്‍ എന്ന സംഘടനയുടെ പേരിലായിരുന്നു അത്. ''ബസ് മുതലാളിമാരുടെ മുന്നില്‍ മുട്ടുമടക്കാത്ത എ.എസ്.പിക്ക് അഭിനന്ദനങ്ങള്‍'' എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരുന്നത്. തികച്ചും അപ്രതീക്ഷിതമായി കാണപ്പെട്ട ഈ പോസ്റ്ററുകള്‍ അന്നത്തെ അവസ്ഥയില്‍ എനിക്ക് വലിയ ആഹ്ലാദവും ആവേശവും പകര്‍ന്നു. അന്ന് വൈകുന്നേരം ജില്ലാ പൊലീസ് സൂപ്രണ്ട് പ്രഭാകരന്‍ നമ്പ്യാര്‍ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ വന്നു. ഞാനും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. കൂട്ടത്തില്‍ ഞാന്‍ വളരെ സന്തോഷത്തോടെ ടൗണില്‍ കാണപ്പെട്ട പോസ്റ്ററുകളുടെ കാര്യം പറഞ്ഞു. അതുകേട്ട് പ്രഭാകരന്‍ നമ്പ്യാര്‍ വളരെ സാധാരണ മട്ടില്‍ ഇങ്ങനെ പറഞ്ഞു: ''ഹേമചന്ദ്രന്‍, നമ്മുടെ ജോലിയില്‍ ചിലപ്പോള്‍ ആളുകള്‍ പൊലീസിനെ പ്രശംസിക്കും, ചിലപ്പോള്‍ പൊലീസിനെ ആക്ഷേപിക്കും; ഇത് രണ്ടും നമ്മള്‍ ഒരുപോലെ കണ്ടാല്‍മതി.'' തലേന്ന് സമരവാര്‍ത്ത കേട്ടപ്പോള്‍ ഉണ്ടായ സംഘര്‍ഷം മറന്ന് അഭിനന്ദന പോസ്റ്ററുകള്‍ പകര്‍ന്നുതന്ന ആവേശത്തിലായിരുന്ന എന്റെ മനസ്സിനെ ഈ വാക്കുകള്‍ വളരെ പെട്ടെന്ന് സാധാരണ നിലയിലേക്ക് കൊണ്ടുവന്നു.
പ്രഭാകരന്‍ നമ്പ്യാരുടെ വാക്കുകള്‍ എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. സുദീര്‍ഘമായ അനുഭവസമ്പത്തിലൂടെ വളര്‍ന്ന് വികസിച്ച് സ്ഥിതപ്രജ്ഞ നേടിയ മനസ്സിന്റെ ഉടമയായ ഒരു പൊലീസ് ഉദ്യോഗസ്ഥനു മാത്രമേ സന്ദര്‍ഭോചിതമായി ഇങ്ങനെ പറയാന്‍ കഴിയൂ എന്ന് ഞാന്‍ കരുതുന്നു. ഔദ്യോഗിക ജീവിതത്തില്‍ എനിക്ക് ലഭിച്ച ഏറ്റവും വലിയ പാഠമായിരുന്നു അത്. ഒരു പക്ഷേ, കാലാതീതമായ പാഠം.
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates