'ഞാനിപ്പോള്‍ രണ്ടു മാസം ഗര്‍ഭിണിയാണ്'- അടുത്ത വാക്യം വായിച്ചപ്പോള്‍ ഞെട്ടി

ഔദ്യോഗിക ജീവിതത്തിന്റെ ആദ്യനാളുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
'ഞാനിപ്പോള്‍ രണ്ടു മാസം ഗര്‍ഭിണിയാണ്'- അടുത്ത വാക്യം വായിച്ചപ്പോള്‍ ഞെട്ടി

ക്കാലത്ത് ഞാന്‍ വടകര പൊലീസ് സ്റ്റേഷന്റെ സ്വതന്ത്ര ചുമതല വഹിക്കുകയായിരുന്നു. അറിയാതെ തന്നെ അധികാര പ്രക്രിയകളുടെ സങ്കീര്‍ണ്ണതയിലേക്ക് പിച്ചവെയ്ക്കാന്‍ തുടങ്ങുകയാണ്. അതെ, ശരിക്കും പിച്ചവെയ്പ് തന്നെയാണ്. ഐ.പി.എസ് എന്നൊരു ലേബല്‍ എന്റെ മേല്‍ ഒട്ടിച്ചിരിക്കുന്നു എന്നു മാത്രമേയുള്ളു. പൊലീസുമായി ബന്ധപ്പെട്ട കുറെ നിയമങ്ങളും ശാസ്ത്രങ്ങളും താത്ത്വികമായി പഠിച്ചിട്ടുണ്ട്. അത്രമാത്രം. അതിനപ്പുറം എനിക്കൊന്നുമറിയില്ല. ഒരു ചുക്കുമറിയില്ലെന്നുവരെ പറഞ്ഞാലും തെറ്റില്ല. പിച്ചവെയ്ക്കുന്ന എന്നെ പിടിച്ചുനടത്തേണ്ടത് സഹപ്രവര്‍ത്തകരായ അവിടുത്തെ പൊലീസുകാരാണ്. അവര്‍ക്ക് വേണമെങ്കിലെന്നെ തള്ളി താഴെയിടാം, കാലുവാരുകയുമാകാം. അവരതൊന്നും ചെയ്തില്ല. അവരെന്നെ സ്‌നേഹിച്ചു, സഹായിച്ചു, സഹകരിച്ചു. വല്ലാത്തൊരു ആത്മബന്ധം അവിടെ മൂന്നു മാസംകൊണ്ട് എനിക്കുണ്ടായി എന്നതാണ് സത്യം. അഡീഷണല്‍ എസ്.ഐ ആയിരുന്ന രവി, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായിരുന്ന മുഹമ്മദ്, ബാലന്‍ നായര്‍, ശങ്കരന്‍, റൈറ്റര്‍ മൈതീന്‍, അയാളുടെ സഹായി ചന്ദ്രന്‍, രണ്ടു ബാലകൃഷ്ണന്‍മാര്‍, ഗോപാലന്‍, ഡ്രൈവര്‍ വിദ്യാധരന്‍, എല്ലാത്തിനും സഹായിയായിരുന്ന ഹാജിയാര്‍ തുടങ്ങി എത്രയോ പേരെ ഞാന്‍ ഓര്‍ക്കുന്നു. പിന്നെ ആംഡ് റിസര്‍വ്വ് ക്യാമ്പില്‍നിന്നും വന്ന ഏതാണ്ട് സമപ്രായക്കാരായ കുറെ പൊലീസുകാരും. ഇത്രയും എഴുതിയപ്പോള്‍ അതില്‍ ആരെങ്കിലുമായി സംസാരിച്ചാലോ എന്നൊരു തോന്നല്‍. ബാലകൃഷ്ണന്മാരില്‍ ഒരാളെ അന്വേഷിച്ചു. അയാള്‍ ഒരു വര്‍ഷം മുന്‍പ് കാന്‍സര്‍ വന്ന് മരിച്ചുവെന്ന് വിവരം കിട്ടി. വേണ്ട, ഇനി ആരെയും അന്വേഷിക്കേണ്ടതില്ല. എല്ലാവരും എന്റെ മനസ്സില്‍, ഓര്‍മ്മയില്‍ സജീവമായി വിഹരിക്കട്ടെ. 

നഗരമദ്ധ്യത്തില്‍ തന്നെയുള്ള പഴയ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസായിരുന്നു എന്റെ ആസ്ഥാനം. കുമാരേട്ടന്‍ എന്ന് മറ്റുള്ളവരും ഞാനും വിളിച്ചിരുന്ന സ്‌നേഹനിധിയായ ഒരു മുതിര്‍ന്ന പൗരനായിരുന്നു എന്റെ അന്നദാതാവ്. എല്ലാ ദിവസവും രാവിലെ ഏഴ് മണിയോടെ ഡ്രൈവര്‍ വിദ്യാധരന്‍ പൊലീസ് ജീപ്പുമായി വരും. യൂണിഫോമില്‍ ഞാന്‍ അതില്‍ കയറി സ്റ്റേഷനിലേക്ക് പോകും. അങ്ങനെയാണ് ദിവസം ആരംഭിച്ചത്. ഒരു ദിവസം പതിവു സമയത്ത് വിദ്യാധരനെത്തിയില്ല. അദ്ദേഹം അല്പം പ്രായമുള്ള മനുഷ്യനായിരുന്നു. പാവത്തിനെന്തെങ്കിലും പ്രശ്‌നം കാണും എന്നു വിചാരിച്ച് ഞാന്‍ സ്റ്റേഷനിലേക്ക് നടന്നു. സ്റ്റേഷന്‍ അടുത്തായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തി കസേരയിലിരുന്നു. അന്നത്തെ പ്രധാന ജോലികള്‍ എന്തൊക്കെയാണെന്നു മനസ്സിലാക്കാന്‍ തുടങ്ങിയതേയുള്ളു. ഹെഡ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് കടന്നുവന്ന് സല്യൂട്ട് ചെയ്തു നിന്നു. എന്താ കാര്യമെന്ന നിലയില്‍ ഞാന്‍ നോക്കി. ''സാര്‍ വരാന്‍ പറഞ്ഞ ആട്ടോ ഡ്രൈവര്‍ വന്നിട്ടുണ്ട്, സാര്‍, വിളിക്കട്ടോ സാര്‍.''  ബഹുമാന്യനായ എന്റെ മലയാളം അദ്ധ്യാപകന്‍ പ്രൊഫസര്‍ ആദിനാട് ഗോപി സാര്‍ ശിവഗിരി ശ്രീനാരായണാ കോളേജിലെ പ്രീഡിഗ്രി മലയാളം ക്ലാസ്സില്‍ പറഞ്ഞ തമാശ ഞാനോര്‍ത്തു. ഒരു സ്‌കൂളില്‍ പുതിയൊരു അദ്ധ്യാപകന്‍ വന്നപ്പോള്‍, അദ്ദേഹത്തിന്റെ ആദ്യ ക്ലാസ്സില്‍ ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റുനിന്ന് ചോദിച്ചുവത്രേ ''സാറേ ഇവിടുന്ന് മാറിപ്പോയ ലക്ഷ്മിക്കുട്ടിയമ്മ സാറിന് പകരം വന്ന സാറ് സാറാണോ സാറേ?'' ഒരുതരം കൗതുകമായിട്ട് മാത്രമാണ് ഇടതടവില്ലാതുള്ള 'സര്‍' പ്രയോഗത്തെ ഞാന്‍ കണ്ടത്. തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ. ''മുഹമ്മദേ, ആട്ടോ ഡ്രൈവറോ? എന്തിന്? ഞാനാരേയും വരാന്‍ പറഞ്ഞിട്ടില്ലല്ലോ?'' എന്ന് ഞാന്‍ പറഞ്ഞു. ഏതായാലും വന്നയാളെ വിളിക്കാന്‍ പറഞ്ഞു. ആട്ടോ ഡ്രൈവറുടേതുപോലെ കാക്കി ഷര്‍ട്ട് ധരിച്ച ഒരു ചെറുപ്പക്കാരന്‍. അങ്ങേയറ്റത്തെ ഭവ്യതയോടെ മുന്നില്‍ വന്നുനിന്നു. 
    
''എന്താണ് നിങ്ങള്‍ വന്നത്?'' എന്ന് ഞാന്‍.
''സാറെന്നെ  വരാന്‍ പറഞ്ഞു.'' 
''ഞാന്‍ നിങ്ങളെ കണ്ടുപോലുമില്ലല്ലോ?''
''അല്ല, സാര്‍ നടന്നുവരുമ്പോള്‍, വടികൊണ്ട് എന്നോട് അങ്ങനെ കാണിച്ചപോലാ എനിക്ക് തോന്നിയത്.''

എനിക്ക് ചിരിവന്നു. റസ്റ്റ്ഹൗസില്‍നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ കൈയില്‍ ഐ.പി.എസ് ബാറ്റണ്‍ ഉണ്ടായിരുന്നു. സാധാരണയായി ഞാനല്പം വേഗത്തിലാണ് നടക്കാറുണ്ടായിരുന്നത്. അപ്പോള്‍ കയ്യിലുണ്ടായിരുന്ന ബാറ്റണ് സ്വാഭാവികമായുണ്ടാകുന്ന ചലനം കൂടാതെ വയ്യല്ലോ. എന്റെ ഓരോ ചലനവും ചുറ്റുപാടുമുള്ള മനുഷ്യര്‍ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നിരിക്കണം. അത്തരം ഏതോ ഒരു ചലനമാണ് ഉടന്‍ പൊലീസ് സ്റ്റേഷനിലെത്താനുള്ള 'ആജ്ഞ'യായി പാവം ആട്ടോ ഡ്രൈവര്‍ വ്യാഖ്യാനിച്ചത്. ഞാനങ്ങനെയൊന്നും ഉദ്ദേശിച്ചില്ലെന്നു പറഞ്ഞ് സൗഹൃദമായിത്തന്നെ ആട്ടോ ഡ്രൈവറെ പറഞ്ഞയച്ചു. അയാളുടെ പ്രവര്‍ത്തിക്കു പിന്നിലെ മുഖ്യ ചോതോവികാരം പൊലീസിനോടുള്ള ഭയം തന്നെയായിരുന്നിരിക്കണം. അയാള്‍ക്കോ കൂട്ടുകാര്‍ക്കോ മുന്‍കാല ദുരനുഭവങ്ങളുണ്ടായിരുന്നിരിക്കാം. പൊലീസ് സ്റ്റേഷനില്‍ പുതിയ അധികാരി വരുമ്പോള്‍ 'വരവറിയിക്കുന്നത്' പലപ്പോഴും ആട്ടോ ഡ്രൈവര്‍മാരിലൂടെയാണല്ലോ. അകാരണമായ ഭയം സാധാരണ പൗരനില്‍ ജനിപ്പിക്കുന്നത് ഒരു ഏജന്‍സിക്കും, പ്രത്യേകിച്ച് പൊലീസിനു ഭൂഷണമല്ല എന്നുതന്നെയായിരുന്നു എന്റെ ധാരണ, അന്നും. പൊലീസുദ്യോഗസ്ഥന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അയാള്‍ അതീവ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ അത് അധികാര ദുര്‍വിനിയോഗവും പൗരന് വലിയ ദുരിതവുമായി മാറുകയും ചെയ്യും. പൊലീസ് സ്റ്റേഷനിലെ മറ്റൊരു ഉദാഹരണം ഓര്‍മ്മയിലോടിയെത്തുന്നു. 

പരാതി അന്വേഷണമാണ് പൊലീസ് സ്റ്റേഷനിലെ ഒരു പ്രധാന ജോലി. ടൗണ്‍ പരിസരത്തെ ഒരു സ്‌കൂളിന്റെ ഹെഡ്മാസ്റ്ററും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് ഒരു പരാതി തന്നു. ഏതോ ചില സാമൂഹ്യവിരുദ്ധര്‍ രാത്രിസമയത്ത് സ്‌കൂളില്‍ കടന്ന് ഫര്‍ണിച്ചറുകളും മറ്റും മറിച്ചിട്ടുവെന്നും ചില്ലറ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നും മറ്റുമൊക്കെയായിരുന്നു പരാതി. അന്വേഷണത്തില്‍ സ്‌കൂളിനടുത്തൊരു വീട്ടില്‍ കുറെയാളുകള്‍ പങ്കെടുത്ത ഏതോ ആഘോഷം ഉണ്ടായിരുന്നുവെന്നും അവിടെ വന്നവരില്‍ ചിലര്‍ ചില്ലറ വിരോധത്തിന്റെ പേരില്‍ കാട്ടിക്കൂട്ടിയ വിക്രിയയാണ് സ്‌കൂളിലുണ്ടായതെന്നും ഏതാണ്ട് വ്യക്തമായിരുന്നു. വീട്ടുകാര്‍ക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്നും മനസ്സിലായി. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെക്കുറിച്ച് അറിയാമെന്ന് കരുതിയ നാലഞ്ചുപേരെ സ്റ്റേഷനില്‍ വിളിപ്പിച്ചു. രാവിലെ ഒന്‍പത് മണിയോടെയാണ് അവര്‍ എത്തിയത്. അവരോട് ഞാന്‍ സംഭവത്തെപ്പറ്റി ചോദിച്ചു. ഏതാണ്ട് അരമണിക്കൂര്‍ നേരത്തെ സംഭാഷണത്തില്‍ സ്‌കൂളില്‍ ശല്യം ചെയ്തവരെക്കുറിച്ച് അവര്‍ക്കറിയാമെന്നും എന്തോ ചില കാരണങ്ങളാല്‍ അവരുടെ പേര് വെളിപ്പെടുത്തുന്നതില്‍ ചെറിയൊരു വിമുഖതയുണ്ടെന്നും എനിക്ക് തോന്നി. കുറച്ചുകഴിഞ്ഞ് അല്പം കൂടി നിര്‍ബ്ബന്ധിച്ചാല്‍ അവരില്‍നിന്നുതന്നെ വിവരം കിട്ടും എന്ന ധാരണയില്‍ അവരോട് പുറത്ത് wait ചെയ്യാന്‍ പറഞ്ഞു. പിന്നീട് മറ്റ് ജോലികളില്‍ മുഴുകി. ഇതിനിടയ്ക്ക് ഞാന്‍ സ്റ്റേഷനില്‍നിന്നു പുറത്തുപോകുകയുമൊക്കെ ചെയ്തു. പൊലീസ് സ്റ്റേഷനില്‍ സാധാരണപോലെ തിരക്കുള്ള ദിവസമായിരുന്നു അന്നും. എവിടെയൊക്കെയോ ചുറ്റിക്കറങ്ങി റസ്റ്റ് ഹൗസില്‍ തിരിച്ചെത്തിയപ്പോള്‍ രാത്രി 11.30 കഴിഞ്ഞിരുന്നു. 

അല്പം കഴിഞ്ഞ് സ്റ്റേഷനില്‍ നിന്ന് ജി.ഡി ചാര്‍ജിന്റെ (സ്റ്റേഷന്‍ ചുമതലക്കാരന്‍) ഫോണ്‍. അറച്ചറച്ചാണ് അദ്ദേഹം സംസാരിച്ചത്. ''സാര്‍ രാവിലെ വന്നവരെ എന്തു ചെയ്യണം?'' ''രാവിലെ വന്നവരോ? എന്തിന്?'' എന്ന് ഞാന്‍. ''അല്ല, സാര്‍ wait ചെയ്യാന്‍ പറഞ്ഞവര്‍.'' സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. മറ്റൊന്നും ആലോചിക്കാതെ അടുത്ത ക്ഷണം, അവരോട് ഉടന്‍ പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ എന്താണുണ്ടായത് ? ഏതാണ്ട് അരദിവസത്തിനപ്പുറം അവര്‍ പൊലീസ് സ്റ്റേഷനില്‍ ചെലവിട്ടു കഴിഞ്ഞിരുന്നു. wait ചെയ്യൂ എന്ന് രാവിലെ നിര്‍ദ്ദേശിക്കുമ്പോള്‍ ഇത്തരം ഒരവസ്ഥ വിദൂരമായിപ്പോലും ഉദ്ദേശിച്ചിരുന്നില്ല. ഏറിയാല്‍ ഒരു മണിക്കൂറിനകം പറഞ്ഞയയ്ക്കാം എന്നേ മനസ്സിലുണ്ടായിരുന്നുള്ളു. പൊലീസ് സ്റ്റേഷന്‍ കേന്ദ്രമായുള്ള അധികാര പ്രക്രിയയുടെ സ്വഭാവം വെളിപ്പെടുത്തുന്നതാണ് ഈ സംഭവം. അവിടെ അധികാരം കേന്ദ്രീകരിച്ചിരിക്കുന്ന ഉദ്യോഗസ്ഥന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ്. ആ ഉദ്യോഗസ്ഥന്‍ നല്‍കുന്ന നിര്‍ദ്ദേശത്തെ മറികടന്ന് മറ്റുള്ളവര്‍ക്ക് തീരുമാനമെടുക്കുക അസാദ്ധ്യമാണെന്നുതന്നെ പറയാം. ഇവിടെ സംഭവിച്ച ഒരു നല്ലകാര്യം അര്‍ദ്ധരാത്രിയോടടുത്തെങ്കിലും ജി.ഡി ചാര്‍ജുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ കാര്യം എന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള 'ധൈര്യം' കാണിച്ചുവെന്നതാണ്. അതേ, 'ധൈര്യം' എന്നതു തന്നെയാണ് ശരിയായ പ്രയോഗമെന്നു തോന്നുന്നു. കാരണം, പൊലീസ് പോലെ കര്‍ശന അധികാരശ്രേണിയുള്ള സംവിധാനത്തില്‍ ഇത്തരം ആശയവിനിമയം സുഗമമല്ല. പൊലീസിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനു തടസ്സം നില്‍ക്കുന്ന ഒരു പ്രധാന ഘടകമാണ് ആശയവിനിമയത്തിലെ ഈ പ്രശ്‌നമെന്ന് ക്രമേണ കൂടുതല്‍ ബോധ്യപ്പെട്ടു. 

പൊലീസ് സ്റ്റേഷനില്‍ കേന്ദ്രീകൃതമായ അധികാരത്തിന്റെ ബലതന്ത്രം നേരിയ തോതിലെങ്കിലും വെളിവാകുന്ന രണ്ട് സംഭവങ്ങളാണ് ഇവിടെ വിവരിച്ചത്. ഈ രണ്ട് സംഭവങ്ങളിലും ബോധപൂര്‍വ്വമായ അധികാര ദുര്‍വിനിയോഗത്തിനുള്ള ശ്രമം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. പൊലീസ് സ്റ്റേഷനില്‍ നിയമപരമായി നിക്ഷിപ്തമായിട്ടുള്ള ധാരാളം അധികാരങ്ങളുണ്ട്. അതെങ്ങനെ വിനിയോഗിക്കണമെന്നതിനു നിയതമായ വ്യവസ്ഥകളുമുണ്ട്. പക്ഷേ, സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയാണോ അധികാരം  വിനിയോഗിക്കുന്നത് എന്നതില്‍ സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ നിയമത്തോടുള്ള ബഹുമാനവും നീതിബോധവും പ്രധാനമാണ്. 

ലേഖകൻ ഒരു പൊതുപരിപാടിയിൽ
ലേഖകൻ ഒരു പൊതുപരിപാടിയിൽ

ഞാന്‍ അഭിമുഖീകരിച്ചൊരു പ്രശ്‌നം, ധാരാളമായി പൊലീസ് സ്റ്റേഷനില്‍ വന്നിരുന്ന പല പരാതികളും നിയമപരമായി പൊലീസിന് ഒരധികാരവും ഇല്ലാത്തതായിരുന്നു എന്നതാണ്. സൂര്യനു താഴെയുള്ള എന്തിനും പരിഹാരം തേടുന്ന ഒരിടമായിരുന്നു പൊലീസ് സ്റ്റേഷന്‍, അക്കാലത്ത്. ഇന്നും വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. എന്റെ മുന്നില്‍ വന്ന ഒരു പരാതി ഇങ്ങനെ പോയി. നാട്ടിന്‍ പുറത്തെ ഹൈസ്‌കൂളില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയാണെന്നു തോന്നി പരാതിക്കാരി. എഴുതി തയ്യാറാക്കിയ പരാതിയുമായാണ് വന്നത്. ''ഇപ്പ ശരിയാക്കിത്തരാം എന്ന ഭാവത്തിലാണ് ഞാനതു വാങ്ങി വായിക്കാന്‍ തുടങ്ങിയത്. ''പത്താം ക്ലാസ്സുവരെ പഠിച്ച ഞാനിപ്പോള്‍ അച്ഛനമ്മമാരോടും സഹോദരങ്ങളോടും സ്വസ്ഥമായി താമസിച്ചുവരികയാണ്. എനിക്കിപ്പോള്‍ 18 വയസ്സ് പ്രായമുണ്ട്.'' അടുത്ത വാക്യം വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടി. ''ഞാനിപ്പോള്‍ രണ്ടു മാസം ഗര്‍ഭിണിയാണ്.'' ദീര്‍ഘമായ കഥനം ചുരുക്കിയാല്‍, അയല്‍ക്കാരനായ കാമുകന്‍ ഇപ്പോള്‍ രക്ഷിതാക്കളുടെ സമര്‍ദ്ദത്തില്‍ കയ്യൊഴിഞ്ഞു. പൊലീസ് ഇടപെട്ട് അയാളേയും വീട്ടുകാരേയും വരുത്തി ഞങ്ങളെ യോജിപ്പിച്ച് ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണം. ഇതാണ് ആവശ്യം. ഞാന്‍ പഠിച്ച ഭരണഘടനയോ നിയമപുസ്തകങ്ങളോ അതിനധികാരം എനിക്കു നല്‍കുന്നില്ല. അതു പറഞ്ഞു കൈമലര്‍ത്താവുന്ന മാനുഷികാവസ്ഥയല്ല മുന്നില്‍. നിയമം നിയമത്തിന്റെ വഴിക്കു പോയതുകൊണ്ടുമാത്രം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമില്ല. പൊലീസില്‍ നിക്ഷിപ്തമല്ലാത്ത അധികാരം ഉപയോഗിച്ച് പരിഹാരമാര്‍ഗ്ഗം തേടുമ്പോള്‍ പ്രശ്‌നത്തിലുള്‍പ്പെട്ട കക്ഷികളുടെ സ്വാധീനമനുസരിച്ച് അത് മറ്റു പല അനുബന്ധ പ്രശ്‌നങ്ങളുമുണ്ടാക്കാം. ഈ പരാതിയില്‍ത്തന്നെ എതിര്‍കക്ഷിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ചില നടപടികള്‍ സ്വീകരിച്ചപ്പോള്‍ അത് പൊലീസ് സ്റ്റേഷന്‍ സെര്‍ച്ച് ചെയ്യാനുള്ള കോടതി  വാറണ്ടിലേക്കു നയിച്ചത് ഓര്‍ക്കുന്നു. എങ്കിലും ഇരുപക്ഷത്തുനിന്നുമുള്ള ചില നല്ലവരായ മദ്ധ്യസ്ഥരുടെ  സഹകരണത്തോടെ യോജിച്ച തീരുമാനത്തിലെത്താന്‍ കഴിഞ്ഞു. 

ഇത്തരത്തിലുള്ള ചെറുതും വലുതുമായ പല പ്രശ്‌നങ്ങളും പൊലീസ് സ്റ്റേഷനിലൂടെ പരിഹരിക്കുന്നത് യാന്ത്രികമായ നിയമനിര്‍വ്വഹണത്തിന്റെ വഴിയിലൂടെയല്ല എന്ന യാഥാര്‍ത്ഥ്യം അനുഭവത്തിലൂടെ മനസ്സിലാക്കി. പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ നീതിബോധത്തില്‍ ആളുകള്‍ക്ക് പൊതുബോധ്യമുണ്ടെങ്കില്‍ അത് പ്രശ്‌നപരിഹാരത്തിനു സഹായകമാണ്. മറിച്ചായാല്‍ അയാളും കൂടി പ്രശ്നത്തിന്റെ ഭാഗമാകും.  പൊലീസ് സംവിധാനത്തിന്റെ സാമൂഹ്യമായ വിശ്വാസ്യത ഒരു ഘടകം തന്നെയാണ്. എന്നാല്‍ അതിനപ്പുറം ഓരോ പ്രദേശത്തും നിലനില്‍ക്കുന്ന അധികാരഘടനയിലെ പങ്കാളികളും ഈ പ്രക്രിയയില്‍ ഇടപെടുന്നുണ്ട്. അതില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുണ്ട്, ചെറുതും വലുതുമായ സാമൂഹ്യ സംഘടനകളുണ്ട്, വിവിധ വിഭാഗങ്ങളുടെ താല്പര്യസംരക്ഷണത്തിനുള്ള പ്രസ്ഥാനങ്ങളുണ്ട്, പലപ്പോഴും അധികാര ദല്ലാളന്മാരും ഉണ്ട്. പൊലീസ് നിയമപരമായ അധികാരം വിനിയോഗിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, ഇത്തരത്തിലുള്ള ശക്തികളുമായുള്ള മുഖാമുഖം അവിടെ നിരന്തരമുണ്ടാകുന്നുണ്ട്. ഈ മുഖാമുഖം പലപ്പോഴും സംഘര്‍ഷപൂരിതമാകാം. ഇത്തരമൊരു പ്രക്രിയ പൊലീസ് സ്റ്റേഷന്‍ തലത്തില്‍ പ്രകടമാണ് എന്നു ഞാന്‍ കണ്ടു. ആ പ്രക്രിയയുടെ ബലതന്ത്രം കൂടി മനസ്സിലാക്കി തികഞ്ഞ നീതി ബോധത്തോടെ നിയമത്തിന്റെ വഴിയിലൂടെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകാനുള്ള ആത്മവീര്യം പൊലീസ് സ്റ്റേഷന്‍ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനുണ്ടാകണം. അതൊരു വലിയ വെല്ലുവിളി തന്നെയാണ്.

ഈ അധികാര ബലതന്ത്രം സൃഷ്ടിച്ച ചില സംഘര്‍ഷങ്ങള്‍ പൊലീസ് സ്റ്റേഷന്‍ ട്രെയിനിങ്ങ് സ്മരണീയമാക്കി. തികച്ചും ബാലിശമെന്നു തോന്നിയ ചെറിയൊരു വഴിപ്രശ്‌നമായിരുന്നു വിഷയം. വഴി ആവശ്യമായിരുന്ന ഒരു വീട്ടുകാരായിരുന്നു ഒരു കക്ഷി. അതിനെ എതിര്‍ത്തിരുന്ന കക്ഷികള്‍ക്ക് ചെറിയ രാഷ്ട്രീയപ്പാര്‍ട്ടിയുടെ പിന്തുണയുണ്ടായിരുന്നു. ആ പാര്‍ട്ടിയാകട്ടെ, അധികാരത്തിലിരുന്ന രാഷ്ട്രീയ മുന്നണിയുടെ ഘടകകക്ഷി ആയിരുന്നുതാനും. വഴി ഉപയോഗിക്കുന്നതില്‍നിന്ന് ആദ്യ കക്ഷിയെ തടയുന്നതിന് കോടതി ഉത്തരവുകളോ ഒന്നുമുണ്ടായിരുന്നില്ല. അവരെ എതിര്‍ക്കുന്നവര്‍ രാഷ്ട്രീയ സ്വാധീനമുള്ളവരായിരുന്നു എന്നതായിരുന്നു ഒരു പ്രധാന ഘടകം. ഈ തര്‍ക്കത്തിന്മേല്‍ ചില്ലറ ക്രിമിനല്‍ കേസുകള്‍ നേരത്തേതന്നെ നിലവിലുണ്ടായിരുന്നു. ഇടയ്ക്കിടെ ചില്ലറ തര്‍ക്കങ്ങളും വഴക്കും ഒക്കെ സാധാരണയായിരുന്നു. പൊലീസ് സ്റ്റേഷന്‍ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ഈ വിഷയം എന്റെ മുന്നില്‍ വന്നു. പൊലീസിനെ ഉപയോഗിച്ച് വഴി തടയിക്കാന്‍ ശ്രമമുണ്ടായെങ്കിലും നിയമത്തിന്റെ പിന്തുണയില്ലാതെ അതിന് കൂട്ടുനില്‍ക്കാനാവില്ല എന്ന നിലപാട് ഞാനെടുത്തു. പ്രബലവിഭാഗത്തിന് അതില്‍ എതിര്‍പ്പുണ്ടായിരുന്നു. നിയമം എന്തായാലും തങ്ങളെ അവഗണിച്ച് അവിടെ വഴിപ്രശ്‌നം തീരുമാനിക്കാനാവില്ല എന്നവര്‍ വിശ്വസിച്ചിരുന്നതായി തോന്നി. നാട്ടിലെ സമാധാനഭഞ്ജനം, വലിയ അനന്തരഫലങ്ങള്‍ എന്നിങ്ങനെ ചില ഒളിഞ്ഞ ഭീഷണികളും ഉണ്ടായി. തങ്ങള്‍ക്കുണ്ടെന്നു ധരിച്ചുവശായ ശക്തിയുടെ ധാര്‍ഷ്ട്യം. അങ്ങനെ വന്നാല്‍ നിയമം നിസ്സഹായമൊന്നുമല്ലെന്ന് ഞാനും സൗമ്യമായി സൂചിപ്പിച്ചു. നീതിക്കും നിയമത്തിനും വേണ്ടി ദുര്‍ബ്ബലന്റെ ഭാഗത്ത് നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്തിന് പൊലീസ്? പിന്നെന്ത് ഐ.പി.എസ്? അക്കാര്യത്തില്‍ അശേഷം സംശയമുണ്ടായില്ല.

വഴിത്തര്‍ക്കമുണ്ടായിരുന്നിടത്ത് എന്തോ അക്രമം നടക്കുന്നുവെന്ന് ഏതാനും ദിവസം കഴിയുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ വിവരം കിട്ടി. അവിടുണ്ടായിരുന്ന പൊലീസുകാരേയും കൂട്ടി ഉടനെ ജീപ്പില്‍ അങ്ങോട്ട് തിരിച്ചു. അവിടെത്തുമ്പോള്‍ അക്രമമെല്ലാം കഴിഞ്ഞിട്ടുണ്ട്. വഴിക്കുള്ള അവകാശമുന്നയിച്ചിരുന്നവര്‍ താമസിച്ചിരുന്ന വീട്ടിന്റെ ഗ്ലാസ്സ് ചില്ലുകളെല്ലാം തകര്‍ത്തിരിക്കുന്നു. ഉള്ളില്‍ ഫര്‍ണിച്ചറുകളുമൊക്കെ അടിച്ചു നശിപ്പിച്ചിരിക്കുകയാണ്. വീട്ടുകാരേയും അവിടെ കണ്ടില്ല. അന്വേഷിച്ചതില്‍ അക്രമമുണ്ടായപ്പോള്‍ ഭയന്ന് അവരെല്ലാം വീട്വിട്ടോടിയെന്നും മറ്റൊരിടത്ത് ബന്ധുവീട്ടില്‍ അവര്‍ അഭയം തേടിയിരിക്കുകയാണെന്നും അറിഞ്ഞു. കോളേജിലോ മറ്റോ പോയ ഒരു പെണ്‍കുട്ടി മാത്രം ഇതൊന്നുമറിയാതെ അവിടെ എത്തി ഭയന്നുവിറച്ച് നില്‍ക്കുന്നുണ്ടായിരുന്നു. ഇന്നലെവരെ സുരക്ഷിതമായി ജീവിച്ചിരുന്ന വീട്ടില്‍നിന്ന് അക്രമത്തെ തുടര്‍ന്ന് പലായനം ചെയ്യേണ്ടിവന്ന അവസ്ഥയും സ്ഥലത്തുണ്ടായിരുന്ന പെണ്‍കുട്ടിയുടെ നിസ്സഹായാവസ്ഥയും എല്ലാം വളരെ ഗൗരവമായിട്ടാണ് ഞാന്‍ കണ്ടത്. അക്രമികള്‍ പരിസരത്തുള്ള ചില വീടുകളിലുള്ളവരാണെന്നു മനസ്സിലാക്കി, കൂടെയുണ്ടായിരുന്നവരോട് അവിടെയെല്ലാം കയറി അവരെ പിടിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അതു കേള്‍ക്കേണ്ട താമസം എ.ആര്‍. ക്യാമ്പില്‍നിന്നും വന്നിരുന്ന ചെറുപ്പക്കാരായ പൊലീസുകാര്‍ വലിയ ഊര്‍ജ്ജസ്വലതയോടെ തെരയാന്‍ തുടങ്ങി. ഉടന്‍ തന്നെ പല വീടുകളില്‍നിന്നും ചെറുപ്പക്കാര്‍ ഇറങ്ങിയോടി. പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടി. വലിയ ആവേശത്തോടെയുള്ള യുവ പൊലീസുകാരുടെ പ്രവര്‍ത്തനം എനിക്കിഷ്ടമായെങ്കിലും അവരെ നിയന്ത്രിച്ചില്ലെങ്കില്‍ അമിതാവേശത്തില്‍ പൊലീസ് നടപടി അതിരുവിടുമോ എന്ന ഉല്‍ക്കണ്ഠയും എനിക്കുണ്ടായി. അല്പം പണിപ്പെട്ട് പൊലീസുകാരെയെല്ലാം തിരികെ കൂട്ടി കസ്റ്റഡിയിലെടുത്തവരുമായി പൊലീസ് സ്റ്റേഷനിലേക്ക് പോയി. ലോക്കപ്പില്ലാത്തതിനാല്‍, സാധാരണ തടവുകാരെ സൂക്ഷിക്കുന്ന മുറിയില്‍ കസ്റ്റഡിയിലെടുത്തവരെ സൂക്ഷിച്ചു. അവരെല്ലാം തന്നെ ഏതാണ്ട് 20 വയസ്സില്‍ താഴെയുള്ളവരായിരുന്നു. കര്‍ശനമായ നിയമനടപടി സ്വീകരിക്കാമെന്നും എന്നാല്‍ ഒരു കാരണവശാലും അവരെ മര്‍ദ്ദിക്കരുതെന്നും ഞാന്‍ നിര്‍ദ്ദേശം നല്‍കി. 

അടുത്ത ദിവസം രാവിലെ ഒരു പ്രാദേശിക നേതാവ് അറസ്റ്റിലായവരുടെ ജാമ്യം ആവശ്യപ്പെട്ടു വന്നു. ഞാന്‍ വഴങ്ങിയില്ല. അവരുടെ നടപടി നിയമത്തോടുള്ള വെല്ലുവിളിയാണെന്നും അത് ഗൗരവമായി കാണുന്നുവെന്നും പറഞ്ഞു. അവസാനം അദ്ദേഹം അല്പം ഗൗരവഭാവത്തില്‍ ''ഇപ്പോഴിവിടെ ഇത്രയേ ഉണ്ടായിട്ടുള്ളു; ഇനി അവിടെ കൊലപാതകമുണ്ടാകും'' എന്നു പറഞ്ഞിട്ട് ഇറങ്ങിപ്പോയി. ഇറങ്ങിയ ഉടനെ, അഡീഷണല്‍ എസ്.ഐ. രവി, അയാള്‍ പറഞ്ഞത് പൊലീസ് സ്റ്റേഷനിലെ ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്താമെന്ന് പറഞ്ഞു. അതൊരു നല്ല ആശയമാണെന്ന് എനിക്കും തോന്നി. ഞാന്‍ തന്നെ ജനറല്‍ ഡയറിയില്‍ എന്റെ കയ്യക്ഷരത്തില്‍ അയാള്‍ പറഞ്ഞതു മുഴുവന്‍ രേഖപ്പെടുത്തി. എന്റെ സഹപ്രവര്‍ത്തകര്‍ക്ക് അത് വളരെ ഇഷ്ടപ്പെട്ടു. ഇനി അവിടെ എന്തെങ്കിലും അക്രമമുണ്ടായാല്‍ ഒന്നാം പ്രതി നേതാവു തന്നെ - പൊലീസുകാര്‍ പറഞ്ഞു. പബ്ലിസിറ്റി കിട്ടിയെന്നു തോന്നുന്നു. അതെന്തായാലും എന്റെ പൊലീസ് സ്റ്റേഷന്‍ ചുമതല കഴിഞ്ഞു പോകും വരെ അവിടെ കൊലപാതകമെന്നല്ല ഒരു പെറ്റിക്കേസ് പോലുമുണ്ടായില്ല.

ഇതോടനുബന്ധിച്ച് കൗതുകകരമെന്നു തോന്നിയ ചില സംഭവങ്ങള്‍ കൂടിയുണ്ടായി. ഒന്ന് ഒരു മാസ്സ് പെറ്റീഷന്‍- 'ക്രൂരനായ എ.എസ്.പി' (അതെ, ഞാന്‍ തന്നെ)യുടെ കിരാത പ്രവൃത്തികളായിരുന്നു വിഷയം. മറ്റൊന്ന് 'ആ ക്രൂര'നെതിരായ ഒരു പൊതുയോഗമായിരുന്നു. യോഗസമയമടുത്തപ്പോള്‍ ഞാന്‍ ഡ്രൈവര്‍ വിദ്യാധരനോട് പറഞ്ഞു: ''നമുക്കാ യോഗസ്ഥലത്തു പോകാം.'' എനിക്കെതിരെ വലിയ വൃത്തികേടുകളൊക്കെ പറയുമെന്നെല്ലാം പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാന്‍ വിദ്യാധരന്‍ ശ്രമിച്ചു. നിര്‍ബ്ബന്ധിച്ചപ്പോള്‍ വിദ്യാധരന്‍ വഴങ്ങി. യോഗസ്ഥലത്തിനടുത്ത് ജീപ്പിലിരുന്നു പ്രസംഗങ്ങളെല്ലാം കേട്ടു. വിദ്യാധരന്‍ ഭയന്നതുപോലെ എന്നെ കാര്യമായി ആക്രമിക്കുകയോ ആക്ഷേപിക്കുകയോ ഒന്നുമുണ്ടായില്ല. അവര്‍ ഊന്നല്‍ നല്‍കിയത് എ.എസ്.പിയുടെ മറവില്‍ ചില പൊലീസുകാര്‍ നിലമറന്നു പ്രവര്‍ത്തിക്കുന്നുവെന്നും എ.എസ്.പി മൂന്ന് മാസം കഴിഞ്ഞ് സ്ഥലം കാലിയാക്കുമെന്നും അത് കഴിഞ്ഞും നമുക്ക് കാണേണ്ടിവരും എന്നൊക്കെയായിരുന്നു. എന്നെ ആക്ഷേപത്തില്‍നിന്ന് ഒഴിവാക്കിയതില്‍ ഡ്രൈവര്‍ വിദ്യാധരന്‍ സന്തോഷിച്ചു. 

എന്തുകൊണ്ടെന്നറിയില്ല, സംഘര്‍ഷം നിറഞ്ഞ ജോലിക്കിടയില്‍ ഈ കലാപരിപാടിയൊക്കെ ഏതാണ്ടൊരു കൗതുകകരമായ അനുഭവമായേ തോന്നിയുള്ളു. ഇങ്ങനെ കുറെ വ്യത്യസ്ത അനുഭവങ്ങളുണ്ടായപ്പോള്‍ ഒരു കാര്യം മനസ്സിലായി. ധീരോദാത്തത നടിക്കുകയും പറയുകയും ഒക്കെ ചെയ്യുന്നവരില്‍ ഭൂരിപക്ഷവും ഭീരുക്കളാണ്. ഒ. ഹെന്റി (വിഖ്യാത അമേരിക്കന്‍ ചെറുകഥാ കൃത്ത്)യുടെ  Holding up a train (തീവണ്ടിക്കൊള്ള) എന്ന കഥയിലെ ഒരു വാചകമുണ്ട്  'If you want to find out what cowards the majority of men are, all you have to do is to rob a passenger train' (ലോകത്തിലെ ഭൂരിപക്ഷം ആണുങ്ങളും എത്രത്തോളം ഭീരുക്കളാണെന്നറിയാന്‍ ഒരു പാസ്സഞ്ചര്‍ തീവണ്ടി കൊള്ളയടിക്കുക മാത്രം ചെയ്താല്‍ മതി). അത്രയ്ക്ക് ബുദ്ധിമുട്ടാതെ തന്നെ നമുക്ക് 'ധീരോദാത്തന്മാരെ' തിരിച്ചറിയാം, കുറച്ചുനാള്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്താല്‍.

പൊലീസ് സ്റ്റേഷന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അധികാരത്തിന്റെ ബലതന്ത്രം അവിടെ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നുവെന്ന് എനിക്ക് കുറേയേറെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്താന്‍ നിര്‍ണ്ണായക പങ്ക് വഹിക്കേണ്ടുന്ന ഉദ്യോഗസ്ഥനാണ് പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (SHO). നമ്മുടെ ഭരണഘടന പൗരന് (Citizen) ധാരാളം അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ട്. കുറ്റകൃത്യത്തിനിരയാകുന്ന പൗരന് നിയമത്തിന്റെ വഴിയിലൂടെ നീതി ഉറപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കേണ്ടത് എസ്.എച്ച്.ഒ ആണ്. ആ ഉദ്യോഗസ്ഥന് അത് നിര്‍വ്വഹിക്കാന്‍ നിയമം നല്‍കുന്ന അധികാരമുണ്ട്, ചുമതലയുമുണ്ട്. എന്നാല്‍ പൗരനും എസ്.എച്ച്.ഒയ്ക്കും ഇടയില്‍ mediate ചെയ്യുന്ന കുറേ ശക്തികളുണ്ട്. രാഷ്ട്രീയം, ജാതി, മതം, തൊഴില്‍, പ്രദേശം, ഭാഷ, സാമ്പത്തികാവസ്ഥ തുടങ്ങി പല ഘടകങ്ങളില്‍നിന്നുറകൊള്ളുന്ന സ്വാധീനങ്ങള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ശക്തികള്‍ നിയമത്തിനും നീതിക്കും അനുകൂലമാകാം, പ്രതികൂലമാകാം. പ്രതികൂല ശക്തികള്‍ നീതിന്യായ പ്രക്രിയയ്ക്ക് തടസ്സം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിനെ നേരിടുവാനുള്ള കരുത്തും ആദര്‍ശനിഷ്ഠയും എസ്.എച്ച്.ഒയ്ക്ക് കൂടിയേ തീരൂ.

സര്‍വ്വീസില്‍നിന്നു വിരമിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് ഒരു ഉദ്യോഗസ്ഥന്‍ എന്നെ സന്ദര്‍ശിക്കുകയുണ്ടായി. അയാള്‍ ഒരു ചെറിയ പൊലീസ് സ്റ്റേഷനില്‍ സി.ഐ റാങ്കില്‍ എസ്.എച്ച്.ഒയുടെ ചുമതല വഹിക്കുകയാണിപ്പോള്‍. 15 വര്‍ഷം മുന്‍പ് എസ്.ഐ റാങ്കില്‍ ഇതിനേക്കാള്‍ വലിയയൊരു പൊലീസ് സ്റ്റേഷനില്‍ എസ്.എച്ച്.ഒ ആയിരുന്നു. എനിക്ക് ഈ ഉദ്യോഗസ്ഥനെ അന്നേ അറിയാം. ഫലത്തില്‍ ഒന്നര ദശകത്തിനിടയില്‍ അയാളുടെ ജോലിയില്‍ ഗുണപരമായ ഒരു പുരോഗതിയുമുണ്ടായിട്ടില്ല. ഇപ്പോള്‍ അയാള്‍ നിരാശാഭരിതനാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമായിരുന്നു. കൂടുതല്‍ സംസാരിക്കുന്തോറും ആ ഉദ്യോഗസ്ഥന്റെ അസംതൃപ്തിയുടെ ആഴം കൂടുതല്‍ വെളിവായി. സര്‍വ്വീസിന്റെ ആരംഭകാലത്ത് യൗവ്വന തീക്ഷ്ണതയില്‍ നീതിബോധത്തിന്റേയും ആദര്‍ശാത്മകതയുടേയും ചെറിയൊരു തീപ്പൊരി ഉള്ളില്‍ സൂക്ഷിക്കുന്ന ഊര്‍ജ്ജസ്വലനായ ഒരു ഉദ്യോഗസ്ഥനെയാണ് ഞാന്‍ 15 വര്‍ഷം മുന്‍പ് അയാളില്‍ കണ്ടത്.  ഇപ്പോള്‍ അതെല്ലാം  അപ്രത്യക്ഷമായതുപോലെ തോന്നി. നീതി നടപ്പാക്കുന്നതില്‍ 15 വര്‍ഷം മുന്‍പ് ആ 'അപക്വ' യുവാവിനുണ്ടായിരുന്ന ആത്മധൈര്യം നിരാശാഭരിതനായ 'പക്വമതി'യില്‍ എനിക്ക് കാണാനായില്ല. പൊലീസ് സ്റ്റേഷനിലെ അധികാരത്തിന്റെ ബലതന്ത്രത്തില്‍ നീതിക്കുവേണ്ടി പോരാടാന്‍ ഈ 'പക്വമതി'ക്ക് എത്ര ത്രാണിയുണ്ടാകും? ഒരു ഉദ്യോഗസ്ഥന്റെ മാത്രം ഒറ്റപ്പെട്ട സ്ഥിതിവിശേഷമാണോ ഇതെന്ന് എനിക്കറിയില്ല. അതിനപ്പുറം നമ്മുടെ എസ്.എച്ച്.ഒമാരില്‍ ഇത്തരമൊരു മാനസികാവസ്ഥ സംജാതമായിട്ടുണ്ടെങ്കില്‍ അത് ഗൗരവമുള്ള ഒരു സാമൂഹ്യപ്രശ്‌നമാണ് എന്നാണ് ഞാന്‍ പഠിച്ച പാഠങ്ങള്‍ എന്നോട് പറയുന്നത്.    

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com