''അവിടെ വല്ല അധോലോക സംഘത്തിലും ചേരും സാര്‍''

പൊലീസുദ്യോഗസ്ഥര്‍ക്ക്  പലപ്പോഴും ഇടപെടേണ്ടിവരുന്നത് സംഘര്‍ഷാത്മകമായ സാമൂഹ്യസന്ദര്‍ഭങ്ങളിലാണ്. അത്തരം ഇടപെടലുകളില്‍ സുഖകരമല്ലാത്ത പ്രതികരണങ്ങളും പൊലീസിനു നേര്‍ക്കുണ്ടാകാം
''അവിടെ വല്ല അധോലോക സംഘത്തിലും ചേരും സാര്‍''

ര്‍ഷം 2012, സ്ഥലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് (IIM) ക്യാമ്പസ് അഹമ്മദാബാദ്. അവിടെവച്ചാണ് അപ്രതീക്ഷിതമായ ആ സംഭവം. തികച്ചും അവിചാരിതമായ ഒരു കണ്ടുമുട്ടല്‍. അതിനു സാക്ഷിയായി സുഹൃത്ത് രാജേഷ് ദിവാന്‍ ഐ.പി.എസും എന്നോടൊപ്പം ഉണ്ടായിരുന്നു. എന്റെ പൊലീസ് ജീവിതത്തിന്റെ ആരംഭഘട്ടത്തില്‍, പത്തിരുപത്തഞ്ച് വര്‍ഷം മുന്‍പ് പൊലീസ് സ്റ്റേഷനില്‍വെച്ച് കണ്ട ഒരാളെ വീണ്ടും കാണുവാനിടയായി. അയാളെ നമുക്ക് മുകുന്ദന്‍ എന്നു വിളിക്കാം.

അഹമ്മദാബാദില്‍ ഏതാനും ദിവസത്തെ പരിശീലനത്തിന്  എത്തിയ എന്നെയും രാജേഷ് ദിവാനേയും, അവിടെത്തന്നെ കേന്ദ്രസേനയില്‍ ഡെപ്യൂട്ടേഷനില്‍ ഐ.ജിയായി ജോലിനോക്കിയിരുന്ന സുഹൃത്ത് വീട്ടില്‍ ഡിന്നറിനു ക്ഷണിച്ചു. അതനുസരിച്ച് ഞങ്ങളെ കൊണ്ടു പോകാന്‍ വേണ്ടി എത്തിയതായിരുന്നു അതേ സേനയില്‍ ഡെപ്യൂട്ടി കമാന്റന്റ് ആയിരുന്ന മുകുന്ദന്‍. ഞങ്ങളെ അഭിവാദ്യം ചെയ്ത് പരിചയപ്പെടുത്തിയ ശേഷം അയാള്‍ എന്നോടായി ഒരു ചെറുചിരിയോടെ ''സാറെന്നെ ഓര്‍ക്കുന്നില്ലേ'' എന്ന് ചോദിച്ചു. ''ഇല്ലല്ലോ'' എന്ന് ഞാന്‍. കോടതിയില്‍ സാക്ഷിയുടെ ഓര്‍മ്മ പുതുക്കാന്‍ ശ്രമിക്കുന്ന അഡ്വക്കേറ്റിനെപ്പോലെ മുഖത്തെ ചിരി മായാതെ മുകുന്ദന്‍ വീണ്ടും പറഞ്ഞു: ''സൂക്ഷിച്ചു നോക്കണം സര്‍, സാറെന്ന ഓര്‍ക്കും.'' എന്തു പറയണമെന്നറിയാതെ നില്‍ക്കുമ്പോള്‍, മുകുന്ദന്‍ തന്നെ ക്വിസ് മാസ്റ്റര്‍ ക്ലൂ നല്‍കുന്നതുപോലെ പറഞ്ഞു. ''വടകര പൊലീസ് സ്റ്റേഷനില്‍വെച്ചാണ് സര്‍ എന്നെ കണ്ടത്.'' സംഭവത്തിന്റെ സസ്പെന്‍സ് അല്പം കുറഞ്ഞെങ്കിലും ഉല്‍ക്കണ്ഠ വര്‍ദ്ധിച്ചു എന്നതാണ് സത്യം. ഐ.പി.എസ് പരിശീലനത്തിന്റെ ഭാഗമായി വടകര പൊലീസ് സ്റ്റേഷനില്‍ എസ്.എച്ച്.ഒ ആയി ജോലി നോക്കിയിട്ടുണ്ട്, ഒരു മൂന്ന് മാസക്കാലം. പൊലീസ് സ്റ്റേഷനിലെ 'ആദ്യ സമാഗമം' എന്നു പറയുമ്പോള്‍ അതിനെന്തൊക്കെ സാദ്ധ്യതകളുണ്ട്? വല്ല ദുരനുഭവമായിരിക്കുമോ? എങ്കിലും ജീവിതത്തില്‍ ഞാനാരേയും കൈവെച്ചിട്ടില്ലല്ലോ. പലരോടും ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരാളോടും സഭ്യേതരമായി ഒരു വാക്കും പറഞ്ഞിട്ടില്ലല്ലോ. ഇങ്ങനെയൊക്കെ പോയി എന്റെ ചിന്തകള്‍. അപ്പോള്‍ മുകുന്ദന്‍ തന്നെ സംഭവം വിവരിച്ച് എന്റെ ഓര്‍മ്മകളെ ഉണര്‍ത്തി.

ലേഖകന്‍
ലേഖകന്‍

അയാളുടെ കോളേജ് വിദ്യാഭ്യാസകാലം. കുറച്ച് സ്പോര്‍ട്‌സും വലിയ സുഹൃദ്സംഘവുമൊക്കെ മുകുന്ദനുണ്ടായിരുന്നു. കോളേജ് നല്‍കുന്ന സ്വാതന്ത്ര്യത്തില്‍ ഇത്തരം കൂട്ടായ്മകള്‍ക്കു ക്രിയാത്മകമായ ഒരു വശമുണ്ട്. എന്നാല്‍, ചിലപ്പോള്‍ അത് പ്രശ്‌നങ്ങളിലേയ്ക്കും വലിയ പ്രത്യാഘാതങ്ങളിലേയ്ക്കും നീങ്ങാം. അതാണ് ഇവിടെയും സംഭവിച്ചത്. സൗഹൃദക്കൂട്ടായ്മയുടെ  ആഘോഷവുമായി മുകുന്ദനും സുഹൃത്തുക്കളും ടൗണിലെത്തി. സിനിമയും മറ്റുചില കലാപരിപാടികളുമായി ആഘോഷം മുന്നേറി, വിജയകരമായിത്തന്നെ. തികച്ചും നിരുപദ്രവമായി തുടങ്ങിയ കൂട്ടായ്മയുടെ ലഹരിയില്‍ എപ്പോഴാണ് കാര്യങ്ങള്‍ നിയന്ത്രണം വിടുക എന്നത് മുന്‍കൂട്ടി അറിയാന്‍ കഴിയില്ലല്ലോ. അവിടെയും അതുതന്നെ സംഭവിച്ചു. അവര്‍ എന്തോ നിസ്സാര കാര്യങ്ങളെച്ചൊല്ലി നാട്ടുകാരുമായി തര്‍ക്കമായി; വഴക്കായി. ചുരുക്കത്തില്‍ അതൊരു ജനകീയ പ്രശ്‌നമായി. അവരുടെ ദൗര്‍ഭാഗ്യത്തിന്, അതോ ഭാഗ്യത്തിനോ, ഈ സമയം ബീറ്റ് ഡ്യൂട്ടിക്കാരായിരുന്ന 2 പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ അവിടെ പ്രത്യക്ഷപ്പെട്ടു. പൊലീസുകാര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ സുഹൃദ്സംഘം അവരുടെ നേരെയും തട്ടിക്കയറി- 'പൊലീസ് ഞങ്ങള്‍ക്ക് പുല്ലാണേ സ്‌റ്റൈലില്‍' നാട്ടുകാരുമായി വഴക്കിട്ട ശേഷം സ്ഥലത്തെത്തുന്ന പൊലീസിനോട് 'പരാക്രമ'ത്തിനു മുതിരുന്നത്  ഒട്ടും വിവേകപൂര്‍ണ്ണമല്ല എന്ന മൗലികമായ പാഠം അവര്‍ മനസ്സിലാക്കിയിരുന്നില്ല. കൗമാരക്കൂട്ടായ്മയുടെ ആഘോഷലഹരിയില്‍ അത്തരം ചിന്തകള്‍ മനസ്സില്‍നിന്നും വിദൂരമാണല്ലോ. സംഭവഗതി സ്വാഭാവികമായിത്തന്നെ 'പുരോഗമിച്ചു.' അധികം കഴിയും മുന്‍പ് മുകുന്ദനും സംഘവും വടകര പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലെത്തി. പൊലീസുകാര്‍ക്കും ജോലിസംതൃപ്തി. കുഴപ്പക്കാരെ കൈയോടെ പിടിച്ചതില്‍. അവരെന്നോട് സംഭവം വിവരിച്ചു. പൊതുസ്ഥലത്തുവെച്ചുള്ള അവരുടെ പെരുമാറ്റത്തില്‍ പൊലീസുകാര്‍ പ്രകോപിതരായിരുന്നു. പൊലീസുകാരുടെ വിവരണത്തില്‍, 'മദ്യപിച്ച് മദോന്മത്തരായി', 'ഡ്യൂട്ടിയെ തടസ്സപ്പെടുത്തി', 'ന്യായമായ നിര്‍ദ്ദേശം ധിക്കരിച്ചു'  തുടങ്ങിയ പദപ്രയോഗങ്ങള്‍ അനുസ്യൂതം പ്രവഹിച്ചു. പീനല്‍കോഡിന്റെ കര്‍ത്താവ് മെക്കാളെയുടെ പദാവലി അവര്‍ നന്നേ ഹൃദിസ്ഥമാക്കിയിരുന്നു. 

കേസ്‌കെട്ട് കൂടുതല്‍ കൂടുതല്‍ ഗൗരവമായിക്കൊണ്ടിരുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു: ''അവര്‍ നിങ്ങളെ അടിച്ചോ?'' മറുപടി പെട്ടെന്നായിരുന്നു. ''അടിച്ചില്ല സാര്‍ എങ്കിലും...'' പിന്നെയും മെക്കാളെ പ്രഭുവിന്റെ വാക്കുകള്‍ നാവിന്‍തുമ്പില്‍ നര്‍ത്തനം ചെയ്തു. ''റിപ്പോര്‍ട്ട് എഴുതട്ടേ സാര്‍'' എന്നായി പൊലീസുകാര്‍. അവരോട് 'പറയാം, തല്‍ക്കാലം നില്‍ക്കൂ' എന്ന് നിര്‍ദ്ദേശിച്ച ശേഷം 'അക്രമികളെ' ഹാജരാക്കാന്‍ പറഞ്ഞു. അക്രമികളെ കണ്ട ഞാന്‍ അത്ഭുതപ്പെട്ടു. മൂന്ന് അനാഗതശ്മശ്രുക്കള്‍ ഭയന്നു വിറച്ചുനില്‍ക്കുന്നു. അവരുടെ പരിവര്‍ത്തനം അത്ഭുതകരമായിരുന്നു. അല്പം മുന്‍പ് തെരുവിലെ സ്വാതന്ത്ര്യത്തില്‍ നടത്തിയ വീരപരാക്രമമെവിടെ? ഇപ്പോഴത്തെ പൊലീസ് സ്റ്റേഷനിലെ 'ശാന്തം, പാവം' അവസ്ഥ എവിടെ? എത്ര പെട്ടെന്നാണവര്‍ക്ക് ജ്ഞാനോദയം ഉണ്ടായത്. സിദ്ധാര്‍ത്ഥ രാജകുമാരനില്‍നിന്ന് ശ്രീബുദ്ധനിലേയ്ക്കുള്ള ദീര്‍ഘയാത്രയൊന്നും കൂടാതെ. അവരോട് പൊലീസ് സ്റ്റേഷനില്‍ എത്താനിടയാക്കിയ പരാക്രമം എന്തായിരുന്നുവെന്ന് ചോദിച്ചു. തങ്ങള്‍ മനപ്പൂര്‍വ്വം ഒന്നും ചെയ്തില്ലെന്നും നാട്ടുകാരില്‍ ചിലരാണ് നിസ്സാര കാര്യത്തിന് വഴക്കുണ്ടാക്കാന്‍ വന്നതെന്നും മറ്റും അവര്‍ പറഞ്ഞു. പൊലീസുകാര്‍ വന്നപ്പോള്‍, വെപ്രാളത്തില്‍ സംസാരിച്ചതാണെന്നും അബദ്ധം പറ്റിപ്പോയതാണെന്നും ജീവിതത്തില്‍ ആദ്യത്തെ സംഭവമാണെന്നും മറ്റും വിശദീകരിച്ചു. അവര്‍ കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നു. രക്ഷപ്പെടാനാവാതെ ഒരു വലിയ കുറ്റത്തില്‍പ്പെട്ടുപോയ അവസ്ഥയിലായിരുന്നു മുകുന്ദനും കൂട്ടുകാരും. കൂടുതല്‍ ചോദിച്ചതില്‍ മുന്‍പ് യാതൊരുവിധ തെറ്റും ചെയ്തിട്ടില്ലെന്നും ആദ്യമായാണ് പൊലീസ് സ്റ്റേഷനില്‍ എത്തുന്നതെന്നും അവര്‍ ആവര്‍ത്തിച്ചു. എ.എസ്.പി. ട്രെയിനി, അതായത് ഈ ഞാന്‍ അവരോട് നിയമത്തിന്റെ ഭാഷയില്‍ മാത്രം സംസാരിച്ചു. നാട്ടുകാരോടും പൊലീസുകാരോടുമുള്ള പ്രവൃത്തികള്‍ ഇന്ത്യന്‍ പീനല്‍കോഡ് പ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്നും അവരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കാന്‍ പോവുകയാണെന്നും ജാമ്യം ലഭിക്കാതെ ജയിലില്‍ പോകുമെന്നും വിശദീകരിച്ചു. നിയമത്തിന്റെ ഭാഷ മുകുന്ദന്റേയും കൂട്ടുകാരുടേയും ഭയാശങ്കകള്‍ വര്‍ദ്ധിപ്പിച്ചു. ക്രമേണ അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചപോലെ തോന്നി. തികഞ്ഞ ഗൗരവത്തോടെ നിയമത്തിന്റേയും നടപടിക്രമങ്ങളുടേയും സാങ്കേതികത്വത്തിലൂന്നിയുള്ള എന്റെ സംഭാഷണം പതുക്കെ നിന്നു. ആ കുട്ടികളുടെ അവസ്ഥ എന്നെയും സ്വാധീനിക്കുന്നുണ്ടായിരുന്നിരിക്കണം. നിയമവും നടപടിക്രമവും ആവശ്യപ്പെടാത്ത ചില ചോദ്യങ്ങള്‍ ഞാനവരോടുന്നയിച്ചു. മുകുന്ദനാണ് മറുപടി പറഞ്ഞത്.

''കേസും കോടതിയും ജാമ്യവുമൊക്കെ കഴിഞ്ഞാല്‍ പിന്നെന്താ പരിപാടി?''
''കോളേജ് അതോടെ തീര്‍ന്നു സാര്‍'' എന്ന് മുകുന്ദന്‍.
''അതെന്താ?''
''അതങ്ങനയാ സാര്‍. ഇനി എന്നെ കോളേജിലയയ്ക്കില്ല.''
''അപ്പോള്‍ പിന്നെ താനെന്ത് ചെയ്യും?''
''ഞാന്‍ ബോംബെയ്ക്ക് വണ്ടികയറും സാര്‍.''
''അവിടെ എന്തുചെയ്യും?''
''അവിടെ വല്ല അധോലോക സംഘത്തിലും ചേരും സാര്‍.''
''അധോലോക സംഘത്തെക്കുറിച്ച് തനിക്കറിയാമോ?''
''ഹാജി മസ്താനെന്നൊക്കെ കേട്ടിട്ടുണ്ട് സാര്‍.''  

ഏതാണ്ട് മരവിച്ച് ശൂന്യമായ മനസ്സിന്റെ പ്രതികരണങ്ങളായിരുന്നു അയാളുടേത്. ദസ്തേവ്സ്‌കിയുടെ വിഖ്യാതമായ 'കുറ്റവും ശിക്ഷയും' എന്ന കൃതിയിലെ മുഖ്യകഥാപാത്രം നിയമവിദ്യാര്‍ത്ഥിയായ റാസ്‌കോള്‍ നിക്കോവ് ആദ്യം പൊലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍, പൊലീസ് ഉദ്യോഗസ്ഥരുമായുള്ള സംഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ ഏതാണ്ട് ഇത്തരം മാനസികാവസ്ഥയിലാവുന്നുണ്ട്. 19-ാം നൂറ്റാണ്ടിലെ റഷ്യ ആയാലും 21-ാം നൂറ്റാണ്ടിലെ ഇന്ത്യ ആയാലും പൊലീസ് സ്റ്റേഷന്‍, കോടതി, ജയില്‍ ഇവ സംബന്ധിച്ച് ഒരു കാര്യം ശരിയാണെന്ന് തോന്നുന്നു. ജീവിതപാതയില്‍ ഒരു വ്യക്തി ഏതെങ്കിലും ഘട്ടത്തില്‍ നിയമത്തിന്റെ കുരുക്കില്‍പ്പെട്ടാല്‍ അയാള്‍ എത്തിപ്പെട്ടുനില്‍ക്കുന്ന ബിന്ദുവിന്റെ ചുറ്റുവട്ടത്തില്‍ മാത്രം നിയമത്തിന്റെ ടോര്‍ച്ച് തെളിക്കുന്നു. അയാളെങ്ങനെ അവിടെ എത്തി എന്നതിന് നിയമത്തിനു വലിയ താല്പര്യം ഇല്ല. അവിടെനിന്ന് ഏത് പടുകുഴിയിലേയ്ക്ക് അയാള്‍ പോയാലും അക്കാര്യം നിയമപാലനത്തിന്റെ ഉല്‍ക്കണ്ഠയ്ക്ക് പുറത്താണ്. 

നിയമം ആവശ്യപ്പെടാത്ത 'അനാവശ്യ സംഭാഷണം' കഴിഞ്ഞപ്പോള്‍ അധികാരത്തിന്റെ തൊപ്പി എന്റെ തലയില്‍നിന്നും താഴെ വീണു. യുവ 'കുറ്റവാളികളെ' മാറ്റിനിര്‍ത്തിയശേഷം സഹപ്രവര്‍ത്തകരായ പൊലീസുകാരുമായി സംസാരിച്ചു. നാട്ടുകാര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളെന്ന പരിഗണനയില്‍ അല്പം വിട്ടുവീഴ്ച ആയിക്കൂടെ എന്ന് അവരോട് ചോദിച്ചു. അവര്‍ക്കെന്നോട് യോജിപ്പുണ്ടായിരുന്നില്ല. പൊതുസ്ഥലത്ത് വച്ച് പൊലീസിനെ 'കൊച്ചാക്കുന്ന' രീതിയിലാണ് പെരുമാറ്റം എന്നും തീരെ പേടിയില്ലാത്ത അവസ്ഥ ശരിയല്ലെന്നും മറ്റുമായിരുന്നു അവരുടെ വാദം. മാത്രവുമല്ല, വെറുതെ വിട്ടാല്‍ പൊലീസിനെതിരെ ആരോപണവുമായി അവര്‍ പരാതി കൊടുത്താലോ എന്ന ഉല്‍ക്കണ്ഠയും ഉന്നയിച്ചു. അവഗണിക്കാനാവാത്ത വസ്തുതകള്‍ അവര്‍ പറഞ്ഞതിലുമുണ്ടായിരുന്നു. എന്നിരുന്നാലും കുട്ടികള്‍ കേസില്‍ പെട്ടാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ പൊലീസുകാര്‍ അവസാനം എന്നോട് യോജിച്ചു. ചെറുപ്രായത്തില്‍, ചിലപ്പോള്‍ ചില അവിവേകങ്ങള്‍ സംഭവിക്കാം എന്ന പൊതുബോധം അവരും പങ്കുവെച്ചു. തികച്ചും സ്വതന്ത്രമായ ആശയവിനിമയമാണ് ഞങ്ങള്‍ നടത്തിയത്. ഒടുവില്‍ ആ വിദ്യാര്‍ത്ഥികളെ താക്കീത് നല്‍കി വിട്ടയയ്ക്കാമെന്ന് ഞങ്ങള്‍ ഒരുമിച്ചു തീരുമാനിച്ചു. കേന്ദ്രസേനയില്‍ ഉന്നതപദവിയിലെത്തിയ അതിലൊരാളാണ് കാല്‍നൂറ്റാണ്ടിനുശേഷം ഈ സംഭവം എന്റെ ഓര്‍മ്മയില്‍ വീണ്ടും ഉണര്‍ത്തിയത്. അത്തരമൊരു അനുഭവം നല്‍കുന്നതിനു സഹായകരായ വടകരയിലെ നല്ലവരായ പ്രിയ സഹപ്രവര്‍ത്തകരേ, നിങ്ങള്‍ക്കു നന്ദി. 

ഈ കുറിപ്പ് അവസാനിപ്പിക്കും മുന്‍പ് പ്രസക്തമായ ചില വസ്തുതകള്‍ കൂടി സൂചിപ്പിക്കട്ടെ. പൊലീസുദ്യോഗസ്ഥര്‍ക്ക് പലപ്പോഴും ഇടപെടേണ്ടിവരുന്നത് സംഘര്‍ഷാത്മകമായ സാമൂഹ്യസന്ദര്‍ഭങ്ങളിലാണ്. അത്തരം ഇടപെടലുകളില്‍ സുഖകരമല്ലാത്ത പ്രതികരണങ്ങളും പൊലീസിനു നേര്‍ക്കുണ്ടാകാം. അവിടെയെല്ലാം തികച്ചും സങ്കുചിത വീക്ഷണത്തില്‍ മാത്രം നോക്കിക്കണ്ട് നിയമത്തിന്റെ വാളെടുത്ത് വീശുന്നത് സമൂഹത്തിന്റെ നന്മയ്ക്കുതകുന്നതല്ല. ഇത്തരം സന്ദര്‍ഭങ്ങള്‍ ചിലപ്പോഴെങ്കിലും ഇരുപക്ഷവും തമ്മിലുള്ള ego-clash ആയി മാറുകയും വിഷയം 'അഭിമാനപ്രശ്‌ന'മായി പാഠം പഠിപ്പിക്കലിലേയ്ക്കൊക്കെ നീങ്ങാനിടയുള്ളതുമാണ്. ഏത് സന്ദര്‍ഭത്തിലായാലും സ്വകാര്യ വ്യക്തികള്‍ പലപ്പോഴും വൈകാരികമായി മാത്രം പ്രവര്‍ത്തിക്കുന്നതുപോലെ നിയമപാലകരായ പൊലീസും വൈകാരികമായി പ്രതികരിച്ചാല്‍ അത് അധികാര ദുര്‍വിനിയോഗത്തിലേയ്ക്ക് നയിക്കും എന്നതില്‍ സംശയമില്ല. 'When a policeman gets angry, he ceases to be police man' എന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പറഞ്ഞത് ശാശ്വത സത്യമാണ്. ഈ തത്ത്വങ്ങള്‍ പറയാനെളുപ്പമാണെങ്കിലും നിത്യജീവിതത്തില്‍ പ്രായോഗികമാക്കുക വലിയ വെല്ലുവിളിയാണുതാനും. 

കേരള ഗവര്‍ണറായിരുന്ന ബി രാച്ചയ്യയ്ക്കും കുടുംബത്തിനുമൊപ്പം ലേഖകന്‍
കേരള ഗവര്‍ണറായിരുന്ന ബി രാച്ചയ്യയ്ക്കും കുടുംബത്തിനുമൊപ്പം ലേഖകന്‍

ഗതാഗത നിയമലംഘനം കണ്ടുപിടിക്കാനുള്ള വാഹന പരിശോധനയ്ക്കിടയിലും മറ്റും പൊലീസുദ്യോഗസ്ഥര്‍ പൗരന്മാരുമായി വാക്കുതര്‍ക്കങ്ങളുണ്ടാകുകയും അവസാനമത് പൊലീസുദ്യോഗസ്ഥന്റെ ജോലിയെ തടസ്സപ്പെടുത്തി, ഭീഷണിപ്പെടുത്തി എന്നൊക്കെയുള്ള ക്രിമിനല്‍ കേസ്, അറസ്റ്റ് തുടങ്ങിയ നടപടികളിലേയ്ക്ക് നയിക്കുന്നതുമായ സംഭവങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസുദ്യോഗസ്ഥന്‍ ഉറപ്പാക്കിയത് നിയമ പരിപാലനമാണോ അതോ ദുരഭിമാനപ്രചോദിതമായ പകരംവീട്ടലാണോ എന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ചെറിയ തര്‍ക്കത്തിന്റേയോ പ്രകോപനത്തിന്റേയോ പേരില്‍ അതൊരഭിമാനപ്രശ്‌നമാക്കുന്ന ഉദ്യോഗസ്ഥന്‍, രാഷ്ട്രീയമോ മറ്റേതെങ്കിലും നിലയിലോ സ്വാധീനമുണ്ടെന്നു കരുതുന്ന വ്യക്തികളുടെ ഏതു തരത്തിലുള്ള പ്രകോപനത്തിനു മുന്നിലും വിനീതവിധേയനായി നില്‍ക്കുന്നതും അപൂര്‍വ്വമല്ല. നിയമപരമായ അധികാരം കയ്യാളുന്ന ഉദ്യോഗസ്ഥന്‍ നിര്‍ബ്ബന്ധമായും വായിക്കേണ്ടതാണ് എ.ജി. ഗാര്‍ഡനരുടെ A 'All about a dog' എന്ന കഥ. കഥാന്ത്യം അദ്ദേഹം എഴുതുന്നു. 'Some are hard and fast rulers, like the rule of the road, which cannot be broken without danger to life and limb. But some are only rules for your guidance, which you can apply or wink at, as common sense dictates like the rule about the dogs.' SHO ആയും സി.ഐ ആയും മറ്റും ഇതില്‍ മാതൃകാപരമായി എന്നോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പല സഹപ്രവര്‍ത്തകരേയും എനിക്കറിയാം. ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്ന ഒരു ഉദാഹരണം തൃശൂരില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ച പി. രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട സംഭവമാണ്. അദ്ദേഹം കേസുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ അറസ്റ്റ് ചെയ്തു. റിമാന്‍ഡ് റിപ്പോര്‍ട്ടുമായി രാത്രിയില്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുമ്പോള്‍ അവിടെ പ്രതിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു. അദ്ദേഹം സാമാന്യം പ്രബലനായിരുന്നു. ആ സമയം മദ്യലഹരിയിലുമായിരുന്ന അദ്ദേഹം പൊലീസിനെതിരെ ഭീഷണിയും അസഭ്യവും വര്‍ഷിച്ചു കൊണ്ടിരുന്നു. തൊപ്പി തെറിപ്പിക്കും, സ്ഥലം മാറ്റും തുടങ്ങിയ സാധാരണ ഭീഷണികളോടൊപ്പം അനുസ്യൂതമായ അസഭ്യവര്‍ഷം കൂടി കുറെ മുന്നോട്ടു പോയപ്പോള്‍ സി.ഐ ആയിരുന്ന രാധാകൃഷ്ണന്‍ ഇടപെട്ട് പറഞ്ഞു: ''നിങ്ങളുടെ മകന്‍ അറസ്റ്റിലായ വിഷമംകൊണ്ടുള്ള പ്രതികരണമായി ഞാനിതൊക്കെ അവഗണിക്കുന്നു. അതിനപ്പുറമായാല്‍ എന്തുചെയ്യണമെന്ന് എനിക്കറിയാം, അതിനും നിയമമുണ്ട്.'' ഏത് പ്രകോപനത്തിനു മുന്നിലും തികഞ്ഞ ആത്മസംയമനത്തോടെ, ശാന്തമായി, വിവേകപൂര്‍വ്വം പൊതുനന്മ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനമാണ് അഭികാമ്യം. അതുതന്നെയാണ് ജനാധിപത്യത്തില്‍ പൊലീസ് ജോലിയുടെ വെല്ലുവിളിയും.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com