ഇതോ ഗുണ്ട! എനിക്ക് അത്ഭുതവും വിഷമവും തോന്നി...

ദാരിദ്ര്യവും കുറ്റകൃത്യവും  തമ്മില്‍ ബന്ധമുണ്ടോ? പ്രസക്തമായ ചില അനുഭവങ്ങള്‍
എ ഹേമചന്ദ്രൻ സർവീസ് നാളുകളുടെ തുടക്കത്തിൽ
എ ഹേമചന്ദ്രൻ സർവീസ് നാളുകളുടെ തുടക്കത്തിൽ

പൊലീസ് സ്റ്റേഷന്‍ ഒരു പാഠശാലയാണ്. ജീവിതത്തില്‍ മറ്റൊരിടത്തും ലഭിക്കാത്ത തീവ്രമായ അനുഭവങ്ങളിലൂടെ നിങ്ങള്‍ക്ക് മനുഷ്യാവസ്ഥകളെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമൊക്കെ വിലപ്പെട്ട പാഠങ്ങള്‍ നല്‍കുന്ന കലാശാല. ഒരു പൊലീസുദ്യോഗസ്ഥന് ലോകത്തൊരു പരിശീലനക്കളരിയും അതിനു പകരമാകില്ല; പഠിക്കാന്‍ മനസ്സുണ്ടെങ്കില്‍.

മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന പൊലീസ് പരിശീലനകാലത്തെ ഒരനുഭവം ഇവിടെ കുറിക്കട്ടെ. 1987-ല്‍, ഞാനന്ന് വടകര പൊലീസ് സ്റ്റേഷന്റെ ചുമതല വഹിക്കുന്നു. കുറച്ചെങ്കിലും ഉത്തരവാദിത്വവും സാമൂഹ്യബോധവുമുള്ള ഏതു മനുഷ്യനും താങ്ങാനാവാത്ത ഭാരമാണ് ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വഹിക്കേണ്ടത് എന്ന് മനസ്സിലാക്കിത്തുടങ്ങി വരുന്ന കാലം. ഒരു ദിവസം തപാലില്‍ ഒരു പരാതി കിട്ടി. പരാതിക്കാര്‍ നാട്ടുകാരായിരുന്നു. വടകര റെയില്‍വേ സ്റ്റേഷന്റെ സമീപത്ത് പുറമ്പോക്കില്‍ തമ്പടിച്ചിരുന്ന നാടോടികളുണ്ടാക്കുന്ന പ്രശ്നങ്ങളായിരുന്നു വിഷയം. ഈ നാടോടികള്‍ സാമൂഹ്യവിരുദ്ധരാണ്, പലരും മോഷണസ്വഭാവമുള്ളവരാണ്, വൃത്തികെട്ട ജീവിതം നയിക്കുന്നവരാണ്, ഞങ്ങളുടെ പ്രദേശത്തെ സൈ്വരജീവിതത്തിന് ഈ 'അശ്രീകരങ്ങള്‍' ഭംഗം വരുത്തുന്നു- അങ്ങനെപോയി ആവലാതികള്‍. പൊലീസ് സ്റ്റേഷനിലെ തിരക്കില്‍ ഞാനതു വായിച്ച് മാറ്റിവെച്ചു. പിന്നെ മറന്നു.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് ആ പ്രദേശത്തുനിന്നും കുറേ ആളുകള്‍, മിക്കവാറും മദ്ധ്യവയസ്‌കര്‍, നേരിട്ട് പൊലീസ് സ്റ്റേഷനില്‍ വന്ന് എന്നെ കണ്ടു. വിഷയം നാടോടിപ്രശ്‌നം തന്നെ. അവരുടെ ആശങ്കകളും ഉല്‍ക്കണ്ഠകളും സവിസ്തരം അവതരിപ്പിച്ചു. എന്തിനേറെ, നാടോടികളുടെ സാന്നിദ്ധ്യം ആ പ്രദേശത്തിനുണ്ടാക്കിയ ദുഷ്പേര് മൂലം അവിടുത്തെ പെണ്‍കുട്ടികളെ വിവാഹം കഴിച്ചയയ്ക്കാന്‍ വരെ ബുദ്ധിമുട്ടനുഭവപ്പെടുന്നു എന്നാണവര്‍ പറഞ്ഞവസാനിപ്പിച്ചത്. അത്തരം ഒരു മോശം സ്ഥലത്തുനിന്നു കല്യാണം കഴിക്കാന്‍ മാന്യന്മാരുടെ കുടുംബങ്ങള്‍ക്കൊന്നും സമ്മതമല്ലത്രെ.

അങ്ങനെ ആ ജനകീയ പ്രശ്‌നം പൊലീസ് പ്രശ്‌നമായി മാറി. ഞാനെന്റെ സഹപ്രവര്‍ത്തകരായിരുന്ന പൊലീസുകാരുമായി വിഷയം ചര്‍ച്ച ചെയ്തു. ''ഇവറ്റകള്‍ക്ക് നല്ല അടി കൊടുത്താല്‍ ഇവിടെനിന്ന് പൊയ്ക്കൊള്ളും. പിന്നെ കുറേക്കാലത്തേയ്ക്ക് ഇങ്ങോട്ട് വരത്തില്ല''- ഒരു നിര്‍ദ്ദേശം വന്നു. ''അപ്പോളവരെവിടെ പോകും?'' എന്ന് ഞാന്‍. ''അതൊന്നും നമ്മള് നോക്കണ്ട സാറെ, നമ്മുടെ സ്റ്റേഷന്‍ അതിര്‍ത്തി ക്ലീന്‍ ക്ലീന്‍ ആകും'' എന്ന് മറുപടി. എന്തോ, എനിക്കതത്ര ബോദ്ധ്യം വന്നില്ലെന്നവര്‍ക്കു തോന്നി. ''അടിക്കാനൊന്നും പോണ്ട സാറേ, നമ്മളെല്ലാം കൂടെ ചെന്ന് അവിടെ കുറച്ച് ബഹളമൊക്കെ ഉണ്ടാക്കിയാല്‍ മതി, അവര്‍ സ്ഥലം വിട്ടു പൊയ്ക്കൊള്ളും. കുറേ നാളത്തേയ്ക്ക് പിന്നെ ശല്യമുണ്ടാവില്ല.'' ഈ വിഷയത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള നിയമപ്രശ്‌നങ്ങളോ, മനുഷ്യാവകാശ വിഷയങ്ങളോ ഒന്നും ആ സന്ദര്‍ഭത്തില്‍ എന്റെ മനസ്സില്‍ തോന്നിയില്ല. പൊലീസ് സ്റ്റേഷനിലെ സ്ഥിരം ഉത്രാടപ്പാച്ചിലിനിടയില്‍ എവിടെ അതിനൊക്കെ നേരം?

ഏതായാലും വിവിധ അഭിപ്രായങ്ങളില്‍നിന്നും 'ആക്ഷന്‍ പ്ലാന്‍' തയ്യാറായി. ഒരു ദിവസം രാത്രിയില്‍ അധികം വൈകാത്തതും എന്നാല്‍ അധികം ആള്‍പ്പെരുമാറ്റമില്ലാത്തതുമായ സമയം നോക്കി പരിശീലനത്തിലുള്ള എ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം, ജീപ്പ് ഇരമ്പിച്ച് വലിയ ശബ്ദത്തോടെ രംഗത്തെത്തുന്നു. പൊലീസുകാര്‍ വലിയ കോലാഹലത്തോടെ ലാത്തിയുമായി ചാടിയിറങ്ങി നാടോടി ക്യാമ്പിലേയ്ക്കടുക്കുന്നു. അവിടെയും ഇവിടെയും ഒക്കെ ലാത്തികൊണ്ടടിച്ച് 'ഭീകരാന്തരീക്ഷം' സൃഷ്ടിക്കുന്നു. ആളുകളെ തല്ലുമെന്ന പ്രതീതി ജനിപ്പിക്കുകയേ പാടുള്ളു, ഒരാളുടേയും ദേഹത്ത് സ്പര്‍ശിക്കരുത് എന്ന് ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. അതായിരുന്നു പ്ലാന്‍.

ആ ദിവസം സമാഗതം ആയി. ദോഷം പറയരുതല്ലോ. പ്ലാന്‍ അനുസരിച്ചുതന്നെ ആക്ഷന്‍ മുന്നേറി. പാവം നാടോടികള്‍ മേല്‍ക്കൂരയാക്കിയിരുന്ന പ്ലാസ്റ്റിക്ക് ഷീറ്റുകളും വലിച്ചുവാരി പല ഭാഗത്തേയ്ക്കും ഓടി. എല്ലാം അരണ്ടവെളിച്ചത്തിലാണ് നടന്നത്. ആക്ഷന്‍ വിജയിച്ചുവെന്ന് എനിക്കു തോന്നി.

പെട്ടെന്ന് നാടോടിക്കൂട്ടത്തില്‍ ഒരാള്‍ മാത്രം ഓടിപ്പോകാതെ മരച്ചുവട്ടില്‍ ഇരിക്കുന്നതായി കണ്ടു. കൃത്രിമമായ അക്ഷമയോടെ, ''എന്താണ് പോകാത്തത്?'' എന്ന് അല്പം ഉച്ചത്തില്‍ ചോദിച്ചുകൊണ്ട് ഞാന്‍ പാഞ്ഞു ചെന്നു. അടുത്തെത്തിയപ്പോള്‍ അതൊരു സ്ത്രീയാണെന്ന് മനസ്സിലായി. പെട്ടെന്ന് അവര്‍ ഇരുകയ്യിലും തുണിയില്‍ പൊതിഞ്ഞ എന്തോ അല്പം ഉയര്‍ത്തി ''ഇന്നലെ പെറ്റതാണ് സാറെ'' എന്നു പറഞ്ഞു. ശരിക്കും ഒരു ചോരക്കുഞ്ഞ്. ഒരു നിമിഷം ഞാന്‍ പകച്ചുനിന്നു. പിന്നെ അതിവേഗം പിന്‍തിരിഞ്ഞു. മുഴുവന്‍ പൊലീസുകാരേയും ജീപ്പില്‍ കയറ്റി പെട്ടെന്ന് സ്ഥലം കാലിയാക്കി. പിന്നീട് ആ ഭാഗത്തേയ്ക്ക് ഒരിക്കലും പോയിട്ടില്ല.

തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ നടപടി കടന്നകൈ തന്നെയായിരുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. അതിലേയ്ക്ക് നയിച്ച സാമൂഹ്യസമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നത് ശരിതന്നെ. ഇത്തരം ചെറുതും വലുതുമായ സാമൂഹ്യ സമ്മര്‍ദ്ദങ്ങള്‍ പൊലീസ് പ്രവര്‍ത്തനങ്ങളില്‍ പലതരത്തിലുള്ള കുറുക്കുവഴികളും തേടുവാന്‍ ഇടവരുത്തുന്നുവെന്ന വസ്തുത നിഷേധിക്കാവുന്നതല്ല. തെറ്റായ പ്രവൃത്തികളെ, നിയമപരമായി സാധൂകരണമില്ലാത്ത കാര്യങ്ങളെ ഏത് സമ്മര്‍ദ്ദത്തിന്റെ പേരിലായാലും ന്യായീകരിക്കാനാകില്ല എന്ന തിരിച്ചറിവ് പൊലീസുദ്യോഗസ്ഥരെ സംബന്ധിച്ച് പ്രധാനമാണ്.

മരച്ചുവട്ടില്‍ കണ്ട ആ അമ്മയും കുഞ്ഞും മനസ്സില്‍ നിന്നൊരിക്കലും മാഞ്ഞുപോയില്ല. ഞാന്‍ ഔദ്യോഗിക ജീവിതത്തിന്റെ ഓരോ പടവുകള്‍ കയറുമ്പോഴും അവന് (എന്തോ കാരണത്താല്‍ ആ കുഞ്ഞിനെ ആണ്‍കുട്ടിയായിട്ടാണ് മനസ്സ് സങ്കല്പിച്ചത്) എന്ത് സംഭവിച്ചിരിക്കും എന്ന ചിന്ത ഉണ്ടാകാറുണ്ട്. സമൂഹം ഗുണ്ടയെന്നോ മാഫിയയെന്നോ ഒക്കെ മുദ്രചാര്‍ത്തി നല്‍കുന്ന ചില മനുഷ്യജീവികളെപ്പറ്റി കേള്‍ക്കുമ്പോള്‍ അതവനായിരിക്കുമോ എന്ന് തോന്നിയിട്ടുമുണ്ട്.

സർദാർ വല്ലഭായ് പട്ടേലനെ അനുസ്മരിക്കുന്ന പ്രഭാഷണ പരിപാടിക്ക് എത്തിയ എപിജെ അബ്​ദുൽ കലാമിനെ സ്വീകരിക്കുന്ന ലേഖകൻ
സർദാർ വല്ലഭായ് പട്ടേലനെ അനുസ്മരിക്കുന്ന പ്രഭാഷണ പരിപാടിക്ക് എത്തിയ എപിജെ അബ്​ദുൽ കലാമിനെ സ്വീകരിക്കുന്ന ലേഖകൻ

നമ്മുടെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുള്‍ കലാം ഒരു പ്രസംഗത്തിനിടയില്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ച ഒരു കാര്യം ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. കൃത്യമായി പറഞ്ഞാല്‍ 2005 ഒക്ടോബര്‍ 15-നായിരുന്നു ആ പ്രസംഗം, ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍വെച്ച്. ഞാനന്നവിടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. നാഷണല്‍ പൊലീസ് അക്കാദമി സ്ഥാപിക്കുന്നതിനു നേതൃത്വം നല്‍കിയ, ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രി കൂടിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ അനുസ്മരിക്കുന്ന ഒരു പ്രഭാഷണപരിപാടി എല്ലാ വര്‍ഷവും അവിടെയുണ്ടായിരുന്നു. 2005-ല്‍ അനുസ്മരണ പ്രഭാഷണം നടത്തിയത് ഇന്ത്യയുടെ പ്രസിഡന്റായിരുന്ന ഡോക്ടര്‍ എ.പി.ജെ അബ്ദുള്‍ കലാം ആയിരുന്നു. National development: Police a partner എന്നതായിരുന്നു വിഷയം. എഴുതി തയ്യാറാക്കിയ പ്രസംഗം അദ്ദേഹം വായിക്കുകയാണുണ്ടായത്. അതിനിടയില്‍ കുറ്റകൃത്യങ്ങളേയും കുറ്റവാളികളേയും കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം ഉണ്ടായിരുന്നു. ആ ഭാഗം വായിക്കുന്നതിനിടയില്‍ എഴുതി തയ്യറാക്കിയ പ്രസംഗത്തില്‍നിന്നു പുറത്തുകടന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''As president, I keep getting representations from convicted persons seeking pardon, regularly. Invarialbly, they are all poor people; the rich guys don't commit any crime. Is it? പ്രസിഡന്റിന്റെ പ്രഭാഷണത്തില്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ഭാഗം അതാണ്. ദാരിദ്ര്യവും കുറ്റകൃത്യവും തമ്മില്‍ ബന്ധമുണ്ടോ? ഏറെ പഠനവിധേയമായിട്ടുള്ളതും മലയാളത്തിലും വിശ്വസാഹിത്യത്തിലും അനവധി വിഖ്യാത കൃതികള്‍ക്ക് വിഷയീഭവിച്ചിട്ടുള്ളതുമായ ഇതിനെക്കുറിച്ച് അക്കാദമിക്ക് ആയ വിശകലനം ഇവിടെ പ്രസക്തമല്ല. എന്നാല്‍ പ്രസക്തമായ ചില അനുഭവങ്ങള്‍കൂടി കുറിച്ചുകൊള്ളട്ടെ.

തിരുവനന്തപുരത്ത് ഡെപ്യൂട്ടി പൊലീസ് കമ്മിഷണറായി ജോലിനോക്കുമ്പോള്‍ തലസ്ഥാന നഗരത്തിലെ ഗുണ്ടാപ്രശ്‌നം നേരിടുന്നതിന് സ്വീകരിച്ച ഒരു നടപടിയായിരുന്നു Combing operation എന്നറിയപ്പെടുന്ന പരിപാടി. നഗരത്തിലെ മുഴുവന്‍ പൊലീസുദ്യോഗസ്ഥരും ഒരു രാത്രി മുഴുവന്‍ ഉണര്‍ന്ന് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുറ്റവാളികളെ അറസ്റ്റുചെയ്യുന്നതിനും വേണ്ടി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഡി.സി.പിയും മറ്റ് ഉദ്യോഗസ്ഥരും വയര്‍ലെസ്സ് സംവിധാനത്തിലൂടെ സമ്പര്‍ക്കം പുലര്‍ത്തി പൊലീസ് നടപടികള്‍ നിയന്ത്രിക്കും. അതിനിടെ ശ്രദ്ധേയമായ അറസ്റ്റോ മറ്റ് വിവരങ്ങളോ ഉണ്ടെങ്കില്‍ മനസ്സിലാക്കാനാകും. വെളുപ്പിന് രണ്ടു മണി കഴിഞ്ഞപ്പോള്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഒരു ഗുണ്ടയെ അറസ്റ്റ് ചെയ്തതായി അറിഞ്ഞു. ഉടനെ അയാളെ ചോദ്യം ചെയ്യാമെന്ന ഉദ്ദേശ്യത്തോടെ ഞാനങ്ങോട്ട് പോയി. അവിടെ എത്തിയിരുന്ന എസ്.ഐ അഭിമാനപൂര്‍വ്വം ഗുണ്ടയെ മുന്നില്‍ ഹാജരാക്കി. ഇതോ ഗുണ്ട! എനിക്ക് അത്ഭുതവും വിഷമവും തോന്നി. നിഷ്‌കളങ്ക മുഖവുമായി ഒരു കൗമാരപ്രായക്കാരന്‍ കുട്ടി. കറുത്ത് മെലിഞ്ഞ ദേഹവും തിളങ്ങുന്ന മുഖവും. രാത്രിയുടെ മറവില്‍ മോഷണമുതലുമായി പിടിക്കപ്പെട്ട്, പൊലീസ് സ്റ്റേഷനില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മുഖമായിരുന്നില്ല അത്. ഇത്തരം ചിന്തകള്‍ക്ക് യുക്തിയില്ലായിരിക്കാം. പക്ഷേ, മനുഷ്യന്റെ മനസ്സിലുണരുന്ന ചിന്തകള്‍ എല്ലായ്‌പ്പോഴും യുക്തിസഹമല്ലല്ലോ. ഒരു ദൈവത്തിന്റെ പേരായിരുന്നു അവന്റേത്. പ്രതീക്ഷയോടെ അവന്റെ അമ്മ വിളിച്ചതായിരിക്കണം ആ പേര്. അവനച്ഛനില്ലായിരുന്നു, അല്ലെങ്കില്‍ അച്ഛനെ അവനറിയില്ലായിരുന്നു. അക്കാലത്ത് നഗരപ്രാന്തത്തില്‍ അവനും അമ്മയും മറ്റൊരാളും കൂടിയായിരുന്നു താമസം. ആ മറ്റൊരാള്‍, മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ ഒരുകാലത്ത് 'നഗരത്തെ കിടുകിടാ വിറപ്പിച്ച' ഗുണ്ടാത്തലവനായിരുന്നു. അത് പഴയ കഥ. ഇപ്പോള്‍ അയാള്‍ കൈകാലുകള്‍ നഷ്ടപ്പെട്ട് നിസ്സഹായാവസ്ഥയിലാണ്. അംഗഭംഗം സംഭവിച്ചത് മറ്റൊരു സംഘത്തിന്റെ ആക്രമണത്തില്‍. ആ അവസ്ഥയിലും അയാള്‍ ആ വീട്ടില്‍ തന്റെ പഴയ ബന്ധങ്ങള്‍ ഉപയോഗിച്ച് അല്പം വ്യാജമദ്യ വില്‍പ്പന നടത്തിയിരുന്നു. മരുന്നിനും ചികിത്സയ്ക്കും മറ്റും ധാരാളം ചെലവുണ്ടായിരുന്നു. അവരുടെ വരുമാനം തുച്ഛമായിരുന്നു. അതായിരുന്നു മുന്നിലുണ്ടായിരുന്ന ദൈവനാമധാരിയുടെ അവസ്ഥ. ഇത്തരം ദൈവപുത്രന്മാര്‍ ഇങ്ങനെയൊക്കെയല്ലാതെ ആയെങ്കിലല്ലേ അത്ഭുതമുള്ളു?

കുറ്റവാളികള്‍ എല്ലാക്കാലത്തുമുണ്ടായിരുന്നുവെങ്കിലും ഗുണ്ട എന്ന സംജ്ഞ താരതമ്യേന പുതിയതായിരുന്നുവെന്നു തോന്നുന്നു. പഴയകാലത്തെ ഊച്ചാളി, തല്ലിപ്പൊളി, റൗഡി, കേഡി തുടങ്ങിവരൊക്കെ രംഗത്തുനിന്ന് നിഷ്‌ക്കാസിതരാകുകയും അവരുടെ സ്ഥാനത്ത് ഗുണ്ടകള്‍ കുറ്റകൃത്യ സിംഹാസനം കയ്യടക്കുകയും ചെയ്തു. എന്നു മാത്രമല്ല, പണ്ടത്തേതിനെക്കാള്‍ വലിയ ഗ്ലാമര്‍ പരിവേഷം ഇന്നത്തെ ഗുണ്ടയ്ക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്. ഈ പരിണാമത്തില്‍ പൊലീസുദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും കൂട്ടുത്തരവാദിത്വമുണ്ട്. അടിപിടി കേസിലെ പ്രതിയെ പൊലിസ് കോണ്‍സ്റ്റബിളോ എസ്.ഐയോ അറസ്റ്റ് ചെയ്യുന്നതിന് വാര്‍ത്താ പ്രാധാന്യമില്ല. അതേകാര്യം, 'കുപ്രസിദ്ധ ഗുണ്ടയെ ഡി.സി.പിയുടെ സ്പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു' എന്നാകുമ്പോള്‍ പത്രത്തിനതൊരു വലിയ വാര്‍ത്ത. പൊലീസിന്റെ പ്രതിച്ഛായ ഉയരുന്നു. ഒപ്പം ചെറിയൊരു തല്ലുകേസ് പ്രതിക്ക് പുതിയൊരു പരിവേഷം കൈവരുന്നു. അതിന്റെ സാമൂഹ്യ  പ്രത്യാഘാതമൊന്നും ആരുടേയും ഉല്‍ക്കണ്ഠയല്ല. അതവിടെ നില്‍ക്കട്ടെ.

തലസ്ഥാന നഗരത്തില്‍ ഡി.സി.പി ആയി ജോലിനോക്കുന്ന കാലത്ത് നഗരത്തിലെ ഗുണ്ടാശല്യം ചര്‍ച്ച ചെയ്യാന്‍ ഒരു ചെറുയോഗം വെള്ളയമ്പലത്ത് ആനിമേഷന്‍ സെന്ററിന്റെ ഹാളില്‍വെച്ച് നടന്നു. രാഷ്ട്രീയ നേതാക്കളും സാമൂഹ്യസംഘടനാ നേതാക്കളും ഉദ്യോഗസ്ഥരുമെല്ലാം ഉണ്ടായിരുന്നു. അതില്‍ പങ്കെടുത്ത ബഹുമാന്യരും അഭിവന്ദ്യരുമെല്ലാം ഗുണ്ടകളെ പൊലീസ് അടിച്ചമര്‍ത്തേണ്ടതിന്റെ ആവശ്യകതയില്‍ ഏതാണ്ട് സമാന മനസ്‌കരായിരുന്നു. സമര്‍ത്ഥരായ പൊലീസ് ഉണ്ടെങ്കില്‍ ഗുണ്ടകളെ നിഷ്പ്രയാസം ഇല്ലാതാക്കാം എന്നതില്‍ ആര്‍ക്കും സംശയമില്ല. ഈ രീതിയില്‍ ചര്‍ച്ച ഏറെ മുന്നേറി. ചര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ എന്റെ ഊഴം വന്നപ്പോള്‍ ഞാന്‍ പറഞ്ഞു. ''നമ്മളീ എ.സി. ഹാളില്‍ ചര്‍ച്ച നടത്തുന്ന സമയത്തും നഗരത്തില്‍ പലയിടങ്ങളിലും മറ്റും സ്വയം വില്‍പ്പനച്ചരക്കാകുന്ന സ്ത്രീകളുണ്ട്. അവരില്‍ ചിലരുടെ ഒക്കത്ത് കുട്ടിയുമുണ്ടാകും. ചിലരുടേത് കുടിലുകളില്‍. ഇത്തരം കുട്ടികളൊന്നും ഭാവിയില്‍ അദ്ധ്യാപകനോ പൊലീസോ ഒക്കെ ആകാന്‍ സാദ്ധ്യത കുറവാണ്. കുറ്റവാളിയാകാനാണ് സാദ്ധ്യത കൂടുതലും. ഈ സാഹചര്യം കൂടിയാണ് നാളത്തെ ഗുണ്ടയെ സൃഷ്ടിക്കുന്നത്. ഗുണ്ടാപ്രശ്‌നം ശാശ്വതമായി പരിഹരിക്കണമെങ്കില്‍ ഇത്തരത്തിലുള്ള സാമൂഹ്യാവസ്ഥയ്ക്കുള്ള പരിഹാരത്തെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ട്'' അല്പം തീവ്രതയോടെയാണ് ഞാനിത് പറഞ്ഞതെന്ന് തോന്നുന്നു. ആരും എതിര്‍ത്തൊന്നും പറഞ്ഞില്ല. 'മാതൃകാ പൊലീസി'നെ സൃഷ്ടിച്ചതുകൊണ്ടോ അടിച്ചമര്‍ത്തലിലൂടെയോ ഗുണ്ടാപ്രശ്‌നമോ കുറ്റകൃത്യത്തിന്റെ പ്രശ്‌നമോ പരിഹരിക്കാനാകുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ ആ മാര്‍ഗ്ഗത്തിലൂടെ പ്രശ്‌നം പരിഹരിച്ചുവെന്ന് അവകാശപ്പെടുന്ന പല പൊലീസ് ഉദ്യോഗസ്ഥരേയും കണ്ടിട്ടുണ്ട്. സാമൂഹ്യബോധം കുറഞ്ഞുവരുന്നതും സ്വാര്‍ത്ഥത വളര്‍ന്നുവരുന്നതുമായ മധ്യവര്‍ഗ്ഗത്തിന്റെ അലസചിന്ത മാത്രമാണ് അത്തരം ലളിതസുന്ദര പരിഹാരമാര്‍ഗ്ഗങ്ങള്‍.

സുരക്ഷിതമായ, സമാധാനപൂര്‍ണ്ണമായ ജീവിതം ഏതു പൗരന്റേയും ന്യായമായ അവകാശമാണ്, തര്‍ക്കമില്ല. പൗരന് അതുറപ്പുവരുത്തുന്ന സമൂഹത്തിന്റെ സൃഷ്ടിയില്‍ ഉത്തമമായ പൊലീസ് സംവിധാനവും ഒരു പ്രധാന ഘടകം തന്നെയാണ്. പൊലീസ് സംവിധാനത്തില്‍ മെച്ചപ്പെടേണ്ടതായ ധാരാളം ഘടകങ്ങളുണ്ട് എന്നതും വസ്തുതയാണ്. എന്നാല്‍, സമൂഹത്തില്‍ വിവിധതരം അസന്തുലിതാവസ്ഥകളും സംഘര്‍ഷങ്ങളും വര്‍ദ്ധിക്കുകയും കുറ്റകൃത്യങ്ങളിലേയ്ക്ക് നയിക്കുകയും പൗരജീവിതത്തിന്റെ സ്വസ്ഥത ഇല്ലാതാകുകയും ചെയ്യുമ്പോള്‍, സ്വാഭാവികമായും അത് ഉത്തരവാദപ്പെട്ട ഓരോ പൗരന്റേയും ഉല്‍ക്കണ്ഠ വര്‍ദ്ധിപ്പിക്കുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പൗരസമൂഹത്തില്‍നിന്നുയരുന്ന മുറവിളി 'ശക്തമായ' പൊലീസ് നടപടി എന്നതാണ്. 'ശക്തമായ' നടപടി എന്നതിനര്‍ത്ഥം നിയമപരമായ നടപടി എന്നല്ല. പലപ്പോഴും 'ശക്തമായ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിയമങ്ങളും ചട്ടങ്ങളുമൊക്കെ മറികടന്ന് തട്ടുപൊളിപ്പന്‍ സിനിമകളിലെ പൊലീസ് നായകന്റെ മാതൃകയാകാം. ഇതില്‍ അഭിരമിക്കുന്ന പൊലീസുദ്യോഗസ്ഥരും വിരളമല്ല. നമ്മുടെ രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ വലിയ കുറ്റകൃത്യങ്ങളുണ്ടാകുമ്പോള്‍ അറസ്റ്റ്, കോടതി വിചാരണ, കോടതിവിധി, അപ്പീല്‍ തുടങ്ങിയ നീണ്ട നടപടിക്രമങ്ങളൊന്നും വേണ്ട, പൊലീസ് തന്നെ കുറ്റാരോപിതരെ 'എന്‍കൗണ്ടര്‍' ചെയ്താല്‍ മതിയെന്ന ആവശ്യങ്ങളും ഉണ്ടാകുന്നുണ്ട്.

ഞാന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാകും മുന്‍പ്, സിവില്‍ സര്‍വ്വീസിനു പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കണ്ട 'The World This Week' എന്ന അക്കാലത്തെ ശ്രദ്ധേമായിരുന്ന ഒരു ടി.വി ഷോയില്‍ അപ്പന്‍ മേനോന്‍ എന്ന പ്രശസ്ത പത്രപ്രവര്‍ത്തകന്‍, (അദ്ദേഹമിന്ന് ജീവിച്ചിരിപ്പില്ല) അവതരിപ്പിച്ച ഒരു വാര്‍ത്ത അനുസ്മരിക്കട്ടെ. സംഭവം ബ്രസീലിലായിരുന്നു. അവിടെ കുറ്റകൃത്യം തടയാന്‍ പൊലീസ് സ്വീകരിച്ച നടപടിയുടെ ക്രൂരത നമ്മുടെ സങ്കല്പത്തിനപ്പുറമായിരുന്നു. രാത്രികാലത്ത് തെരുവില്‍ അന്തിയുറങ്ങുന്ന കുട്ടികളെ പൊലീസ് പിടിച്ചുകൊണ്ടുപോയി വെടിവെച്ചു കൊല്ലുകയാണ് ചെയ്തിരുന്നത്. പരിധികളില്ലാത്ത നിയമവിരുദ്ധമായ അധികാരം ഉപേയാഗിക്കാന്‍ പൊലീസിനു സാമൂഹ്യ അംഗീകാരം കിട്ടിയാല്‍ അത് എവിടെവരെ പോകാം എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. അവസാനം തെരുവില്‍ പിറന്നു എന്നതുതന്നെ വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമായി മാറുന്നു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com