'അപ്രതീക്ഷിത വഴിത്തിരിവുകള്‍ സംഭവിക്കാം എന്ന സന്ദേഹമുണ്ടെങ്കിലും യാത്ര തുടങ്ങുന്നു'

ആദര്‍ശവും യാഥാര്‍ഥ്യവും തമ്മില്‍ പൊരുത്തപ്പെത്തപ്പെടാത്ത നമ്മുടെസാമൂഹികജീവിതം സൃഷ്ടിച്ച തിണര്‍പ്പുകളില്‍നിന്ന് ഹേമചന്ദ്രന്‍ തന്റെ ഔദ്യോഗിക ജീവിതസ്മരണകള്‍ക്ക് തുടക്കമിടുകയാണ്
എ ഹേമചന്ദ്രൻ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
എ ഹേമചന്ദ്രൻ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

'Life is not what one lived, but what one remembers and how one remembers it in order to recount it'  

ബ്രിയല്‍ ഗാര്‍ഷ്യേ മാര്‍ക്വിസിന്റെ ഈ പ്രശസ്തമായ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് തുടങ്ങട്ടെ. ഇന്ത്യന്‍ പൊലീസ് സര്‍വ്വീസില്‍നിന്നും വിരമിക്കുമ്പോള്‍ എന്താണ് ഞാനോര്‍ക്കുന്നത്? അതെങ്ങനെയാണ് അവതരിപ്പിക്കേണ്ടത്? മനസ്സില്‍ ആദ്യം മുന്നോട്ട് വരുന്നത് കുറേ 'ചെറിയ മനുഷ്യ'രാണ്. 'ചെറിയ മനുഷ്യര്‍?' മഹത്തായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയുടെ തിരുമുറ്റത്ത് മഹത്തായ ദേശീയ പതാക സാക്ഷിയാക്കി, മഹത്തായ ഇന്ത്യന്‍ ഭരണഘടനയുടെ പേരില്‍ പ്രതിജ്ഞ ചൊല്ലി ഐ.പി.എസ് ഉദ്യോഗസ്ഥനായി സേവനരംഗത്ത് വന്ന ഞാന്‍ വിടവാങ്ങുമ്പോള്‍ പൗരസമൂഹത്തെ 'ചെറുതും' 'വലുതു'മാക്കി വിവേചിക്കുകയാണോ?

നമുക്ക് ചുറ്റും ചെറിയ മനുഷ്യരും വലിയ മനുഷ്യരും ഉണ്ടോ? ഇല്ല എന്ന് കരുതാനാണ് ഞാനാഗ്രഹിക്കുന്നത്. പക്ഷേ, ആഗ്രഹം വേറെ, യാഥാര്‍ത്ഥ്യം വേറെ-അതാണ് അനുഭവം. 'All animals are equal, but some animals are more equal than other's' എന്ന് 'ആനിമല്‍ ഫാമി'ല്‍ ജോര്‍ജ്ജ് ഓര്‍വെല്‍ എഴുതിയത് മനുഷ്യസമൂഹത്തിന്റെ പൊതുവായ അവസ്ഥയെ സൂചിപ്പിക്കുന്നതു തന്നെയാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള വ്യത്യാസം ചെറുതും വലുതുമായ രൂപത്തില്‍ എവിടെയും പ്രകടമാണ്. പല കാര്യങ്ങളിലും നിത്യാനുഭവമാകുന്നതിനാല്‍ നാമത് ശ്രദ്ധിക്കാറില്ല. പക്ഷേ, ഒരു കൂട്ടര്‍ക്കത് അവഗണിക്കാനാവില്ല-വിവേചനത്തിന്റെ ദോഷഫലം അനുഭവിക്കുന്നവര്‍ക്ക്. അതോ, അവര്‍ക്കും ശീലമാകുമോ?

വലിപ്പച്ചെറുപ്പം അഥവാ അസമത്വം ഒരു ശാശ്വത യാഥാര്‍ത്ഥ്യമായതുകൊണ്ടാകാം ''മാവേലി നാടുവാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ'' എന്ന മനോഹരമായ കപട സങ്കല്പം ഏതോ ഭാവനാശാലിയായ പൂര്‍വ്വികന്‍ സ്വപ്നം കണ്ടത്. മനുഷ്യന് ഈ ജന്മത്തിലും വരും ജന്മങ്ങളിലും (അങ്ങനെയൊന്നുണ്ടെങ്കില്‍) മോക്ഷത്തിന്റേയും സാക്ഷാല്‍ക്കാരത്തിന്റേയും ദിവ്യമാര്‍ഗ്ഗം ദര്‍ശനം നല്‍കുന്ന വിശ്വാസപ്രമാണങ്ങളുടെ ചില വ്യാഖ്യാതാക്കള്‍ അവ മനുഷ്യനെ മാത്രമല്ല, സര്‍വ്വചരാചരങ്ങളേയും ഒന്നായി കാണുന്നതായി ഉദ്‌ഘോഷിക്കുന്നുണ്ട്. ദര്‍ശനമെന്തായാലും വ്യാഖ്യാനമെന്തായാലും അനുഭവയാഥാര്‍ത്ഥ്യം നേരെ വിപരീതമാണ്. ഉദാത്തമെന്ന് വിളിക്കാവുന്ന രാഷ്ട്രീയ തത്ത്വശാസ്ത്രങ്ങള്‍ (വിശ്വാസപ്രമാണങ്ങള്‍) തന്നെ പ്രയോഗതലത്തില്‍ വരുമ്പോള്‍ മനുഷ്യസമൂഹത്തില്‍ പലവിധ വിവേചനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനും സ്ഥായിയായി നിലനിര്‍ത്തുന്നതിനും ഉള്ള ഉപകരണങ്ങളായി പരിണമിക്കുന്നുവെന്നത് ചരിത്രസത്യം മാത്രമല്ല, വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം കൂടിയാണ്.

യാഥാസ്ഥിതിക ശക്തികള്‍ക്കെതിരായ സാമൂഹ്യവും രാഷ്ട്രീയവുമായ സംഘടിത പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളമുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള അന്തരം ഇല്ലായ്മ ചെയ്യുവാനുള്ള പ്രവര്‍ത്തനം മുന്നോട്ടുപോയത്. ഇത്തരം സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ സ്വാതന്ത്ര്യത്തിനു മുന്‍പുതന്നെ തിരുവിതാംകൂറും കൊച്ചിയും മലബാറും അടങ്ങുന്ന ഇന്നത്തെ കേരള സംസ്ഥാനത്ത് ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ഭരണാധികാര പ്രക്രിയയില്‍ ഗുണപരമായ മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം മാറ്റങ്ങള്‍ വളരെ ചെറുതാകാം. ഒരു രീതിയിലുള്ള അസമത്വം കുറയുന്നതായി തോന്നുമ്പോള്‍ പുതിയ രീതിയിലുള്ള അസമത്വം സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നുമുണ്ട്; ജോര്‍ജ്ജ് ഓര്‍വെല്‍ വരച്ചുകാട്ടിയതുപോലെ. ഈ മാറ്റങ്ങളിലൂടെ നമ്മുടെ ഔപചാരിക ഭരണസംവിധാനത്തില്‍ തങ്ങളുടെ ന്യായമായ പരാതി പരിഹരിക്കുന്നതിന് ഇന്നലെവരെ കാര്യമായ പരിഗണന ലഭിക്കാതിരുന്ന സാധാരണക്കാര്‍ക്കും, സമൂഹത്തിന്റെ അരികുപറ്റി കഴിഞ്ഞിരുന്നവര്‍ക്കും കുറേക്കൂടി മെച്ചപ്പെട്ട പരിഗണന ലഭ്യമാകുന്ന സാഹചര്യമുണ്ടായി. പരിമിതമായ ഈ മുന്നേറ്റത്തിന് ആക്കം നല്‍കിയ സംഗതികളാണ് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യവും തുടര്‍ന്നു നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയും.  1950 ജനുവരി 26-ന് നമ്മുടെ രാജ്യം ഒരു സ്വതന്ത്ര ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായി നിലവില്‍വന്നു. സമത്വം എന്ന ജനാധിപത്യ മൂല്യത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്ന ഭരണഘടനയുടെ ആമുഖത്തില്‍ത്തന്നെ 'Equaltiy of satus and of opportuntiy' എന്നത് മുഴുവന്‍ പൗരന്മാര്‍ക്കും സാധിതമാക്കും എന്ന് പ്രഖ്യാപിക്കുന്നു. മാത്രമല്ല, പൗരന്മാര്‍ക്ക് 'fraterntiy assuring digntiy of the individual' എന്ന പ്രഖ്യാപനവുമുണ്ട് ആമുഖത്തില്‍ത്തന്നെ. മഹത്തായ വാഗ്ദാനങ്ങളാണിവ. തുടര്‍ന്ന് ഭരണഘടനയുടെ 3-ാം ഭാഗത്ത് മൗലികാവകാശങ്ങള്‍ ഓരോ പൗരനും ഉറപ്പാക്കുന്നു. അവിടെ അൃശേരഹല 14ല്‍ 'Equaltiy before Law' സ്റ്റേറ്റിന് ഓരോ പൗരനോടുമുള്ള ഉത്തരവാദിത്വമായി പ്രഖ്യാപനം ചെയ്യുന്നു.

അങ്ങനെ ഭരണഘടന അനുസരിച്ച് നാമെല്ലാം സമന്മാരായ പൗരന്മാരാണ്. പൗരന്മാരുടെ നിയമപരമായ അധികാരാവകാശങ്ങളില്‍ വലിപ്പച്ചെറുപ്പമില്ല. ചെറിയ പൗരനും വലിയ പൗരനുമില്ല. അതുകൊണ്ടുതന്നെ ചെറിയ മനുഷ്യനുമില്ല, വലിയ മനുഷ്യനുമില്ല. അത് ഭരണഘടന, അത് നിയമം, പക്ഷേ, ദൈനംദിന ജീവിതത്തില്‍ മനുഷ്യര്‍ തമ്മിലുള്ള പല വിനിമയങ്ങളിലും നമ്മുടെ നാട്ടില്‍ ഒരാള്‍ വലുതും മറ്റേയാള്‍ ചെറുതുമാകുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം വലിപ്പച്ചെറുപ്പത്തിലൂടെ നഷ്ടമാകുന്ന ഒന്നാണ് മനുഷ്യന്റെ അന്തസ്സ്. അവിടെ ഭരണഘടനയിലെ ആമുഖത്തില്‍ ഉദ്‌ഘോഷിക്കുന്ന 'fraterntiy assuring digntiy of the individual' എന്ന വാഗ്ദാനം അര്‍ത്ഥശൂന്യമായ പൊള്ളയായ വാക്കുകള്‍ മാത്രമാകുന്നു.

പൊലീസുദ്യോഗസ്ഥനാകുന്നതിന് തൊട്ടുമുന്‍പുള്ള ഒരനുഭവം മനസ്സില്‍ നിത്യഹരിതമാണ്. വര്‍ഷം 1984. അക്കാലത്ത് എനിക്ക് വിശാഖപട്ടണത്ത് ജോലിയാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ വിശാഖ് റിഫൈനറിയില്‍ പ്രോസസ്സ് എന്‍ജിനീയര്‍. സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷയുടെ കേന്ദ്രം ഒറീസ്സയിലെ കട്ടക്ക് ആയിരുന്നു. ഞാനാദ്യമായി പരീക്ഷ എഴുതാന്‍ ട്രെയിനില്‍ കട്ടക്ക് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ സമയം രാത്രി ഒരു മണി കഴിഞ്ഞിരുന്നു. പുസ്തകങ്ങള്‍ നിറച്ച നല്ല ഭാരമുള്ള ഒരു പെട്ടി മാത്രമായിരുന്നു ലഗ്ഗേജ്. പ്ലാറ്റ്‌ഫോമില്‍നിന്ന് പുറത്തേയ്ക്ക് കടക്കുമ്പോള്‍, പെട്ടിക്ക് ഭാരമുണ്ടെങ്കിലും ഹോട്ടലിലേയ്ക്ക് നടക്കാനുള്ള മനസ്സുണ്ടായിരുന്നു ആദ്യം. അസമയത്തായതുകൊണ്ടും പരിചയമില്ലാത്ത സ്ഥലമായതുകൊണ്ടും വേഗം  ആ ചിന്ത ഉപേക്ഷിച്ചു. പ്ലാറ്റ്‌ഫോമിനു  പുറത്തുകടന്നപ്പോള്‍ മുന്നില്‍ കുറെ സൈക്കിള്‍ റിക്ഷക്കാരായിരുന്നു. എന്റെ തന്നെ പ്രായം ഉണ്ടെന്നു തോന്നിയ ചെറുപ്പക്കാരന്‍ റിക്ഷയുമായി അടുത്തു വന്നു. സൈക്കിള്‍ റിക്ഷയോട് ഒരു വല്ലായ്മ തോന്നി. ഞാന്‍ ചുമക്കേണ്ടതും എനിക്ക് സാദ്ധ്യമായതുമായ ഭാരം മറ്റൊരാളുടെ ചുമലിലാക്കുന്ന ഏര്‍പ്പാടിനോട് പൊരുത്തപ്പെടുന്നതിന്റെ നേരിയ ഒരസ്വസ്ഥത. പരിചയമില്ലാത്ത സ്ഥലം, അസമയം, സുരക്ഷ തുടങ്ങിയ ചിന്തകള്‍ക്ക് മുന്‍തൂക്കം വന്നപ്പോള്‍ അടുത്ത നിമിഷം റിക്ഷയില്‍ കയറാന്‍ തീരുമാനിച്ചു. അപ്പോഴാണ് കേരളത്തില്‍ ഓട്ടോറിക്ഷാ യാത്രയിലുണ്ടെന്ന് ധാരാളം കേട്ടിട്ടുള്ളതും ഒരിക്കല്‍ അനുഭവിച്ചിട്ടുള്ളതുമായ അമിതകൂലിയേയും അനുബന്ധ പ്രശ്‌നങ്ങളേയും കുറിച്ചുള്ള ഉല്‍ക്കണ്ഠ ഉടലെടുത്തത്. ഉടന്‍ 'ഹോട്ടല്‍ വിജയ്' എന്നു പറഞ്ഞ ശേഷം എന്നെക്കൊണ്ടു സാധ്യമാകുന്ന ഗൗരവഭാവം നടിച്ച് ശബ്ദമുയര്‍ത്തി ''കിത്തന റുപ്പയ ചാഹിയേ'' (എത്ര രൂപ വേണം?) എന്നു ചോദിച്ചു. ആ ചെറുപ്പക്കാരന്‍ അറച്ചറച്ച്  ദൈന്യമായി പറഞ്ഞു: ''ദോ റുപ്പയാ ദീജിയേ സാബ്'' - രണ്ടു രൂപ തന്നാലും സാര്‍ എന്ന്. ആ മറുപടി എന്നില്‍ വല്ലാത്ത കുറ്റബോധം സൃഷ്ടിച്ചു. സ്വയം ചെറുതായതായി എനിക്കനുഭവപ്പെട്ടു. ഇത്ര പാവപ്പെട്ട ഒരു മനുഷ്യനോടാണ് പരുഷമായി കൂലിയുടെ കാര്യം സംസാരിച്ചത്. തുച്ഛമായ രണ്ടു രൂപയാണ് പ്രതീക്ഷച്ചതെന്നതിലുപരി അയാളുടെ ദൈന്യഭാവമാണെന്നെ സ്പര്‍ശിച്ചത്. ഏതാണ്ട് 5 മിനിട്ട് ആ സൈക്കിള്‍ റിക്ഷയില്‍ യാത്രചെയ്തിട്ടുണ്ടാകും. മുഴുവന്‍ സമയവും ഒരുതരം ആത്മനിന്ദയുടെ മൗനത്തില്‍ ഞാനിരുന്നു, അവസാനിക്കാത്ത അഞ്ച് മിനിട്ട്.

മനുഷ്യനും മനുഷ്യനും തമ്മിലുള്ള വിനിമയത്തില്‍ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനു മുന്‍പില്‍ നിസ്സഹായനായി ദൈന്യാവസ്ഥയില്‍ വിധേയത്വത്തിലേയ്ക്കും ദാസ്യത്തിലേയ്ക്കും താഴുന്നത് ജനാധിപത്യ സംസ്‌കാരത്തിന്റെ പരമമായ നിഷേധമാണ്. സക്കറിയയുടെ 'ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും' എന്ന കൃതിയിലെ തൊമ്മിയും ഭാസ്‌ക്കരപട്ടേലരും ആ സംസ്‌കാരത്തിനു പുറത്താണ്. വിധേയത്വം, ദാസ്യം എന്നിവ മനുഷ്യന്റെ അന്തസ്സിന് നിരക്കാത്തതും ജനാധിപത്യമൂല്യങ്ങള്‍ക്കു വിരുദ്ധവുമാണല്ലോ? അത് തത്ത്വം. യാഥാര്‍ത്ഥ്യം അതിനു വിപരീതമാണ്, പലപ്പോഴും. സാധാരണ മനുഷ്യര്‍ ഉറങ്ങുന്ന സമയത്തും ഉണര്‍ന്നിരുന്ന് ജോലി ചെയ്യുന്ന റിക്ഷാഡ്രൈവര്‍ ഒരു സേവനമാണ് നല്‍കുന്നത്. അതിന് അര്‍ഹമായ പ്രതിഫലം എന്നത് അയാളുടെ അവകാശമാണ്. ആരുടേയും ഔദാര്യമല്ല. സത്യസന്ധമായി ജോലി ചെയ്ത് സ്വന്തം അദ്ധ്വാനത്തിലൂടെ ജീവിക്കുന്ന ആ മനുഷ്യന്‍ എന്റെ മുന്‍പില്‍ തല കുനിക്കേണ്ടതില്ല. നന്നേ ചെറുപ്പത്തില്‍ത്തന്നെ ജീവിതാനുഭവങ്ങള്‍ അയാളെ അത്തരമൊരവസ്ഥയിലേയ്ക്ക് നയിച്ചതാകാനാണ് സാധ്യത. ആ മനുഷ്യന്‍ എന്റെ മുന്നില്‍ 'ചെറുതായ'പ്പോള്‍ ഞാനും സ്വയം 'ചെറുതായെ'ന്നാണ്  അനുഭവപ്പെട്ടത്. അന്നും ഇന്നും എനിക്കങ്ങനെ തന്നെയാണ്  തോന്നുക. എവിടെയാണ് 'fraterntiy assuring digntiy of the individual?' അധികം വൈകാതെ മറ്റൊരു റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് ഞാന്‍ 'വലുതാ'യത്. സ്ഥലം തിരുവനന്തപുരത്ത് തമ്പാനൂര്‍ സ്റ്റേഷന്‍. ഐ.പി.എസ് കിട്ടി, സംസ്ഥാനതല പരിശീലനത്തിനായി കേരളത്തിലെത്തിയ കാലം. കോഴിക്കോട്ടേയ്ക്ക് ടിക്കറ്റ് റിസര്‍വ്വ് ചെയ്യുന്നതിനായി തമ്പാനൂര്‍ സ്റ്റേഷനില്‍ കൗണ്ടറില്‍ ചെന്നു. റിസര്‍വ്വേഷന്‍ ഫോം പൂരിപ്പിക്കുന്നതിനു മുന്‍പായി ട്രെയിന്‍ സംബന്ധിച്ച സംശയങ്ങള്‍ കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് ചോദിച്ചു. അദ്ദേഹം വളരെ അക്ഷമയോടും നിഷേധാത്മകവുമായ രീതിയിലുമാണ് മറുപടി പറഞ്ഞത്. സാമാന്യ മര്യാദയില്ലാത്ത പെരുമാറ്റം എന്ന് മനസ്സില്‍ തോന്നി. എങ്കിലും ഞാനൊന്നും പറഞ്ഞില്ല. റിസര്‍വ്വേഷനുള്ള അപേക്ഷയില്‍ പേരിനൊപ്പം ഐ.പി.എസ് എന്നുകൂടി എഴുതിച്ചേര്‍ത്തു, മനപ്പൂര്‍വ്വം. അപേക്ഷ കിട്ടിയ അയാളുടെ ഭാവം മാറി. പെട്ടെന്നാമുഖം പ്രസാദിച്ചു. ഇരിപ്പിടത്തില്‍നിന്ന് അല്പമുയര്‍ന്ന് വലിയ സൗഹൃദത്തില്‍ ''സാറിനിത് ആദ്യമേ പറഞ്ഞുകൂടായിരുന്നോ'' എന്നയാള്‍ മൊഴിഞ്ഞു. എന്തൊരു ഭാവമാറ്റം. ആദ്യം ധാര്‍ഷ്ട്യം, പിന്നെ ഭവ്യത-അല്ല, വിധേയത്വം. ഇതു രണ്ടുമല്ലാത്ത മാന്യത അഥവാ അന്തസ്സ് അയാള്‍ക്ക് അന്യമാണോ? ഞാന്‍ പറഞ്ഞു'' ''എനിക്കൊരു  favour ഉം വേണ്ട. customer എന്ന പരിഗണന മാത്രം മതി.''                      

നമ്മുടെ സമൂഹത്തില്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ജനാധിപത്യ സംസ്‌കാരത്തിനു വിരുദ്ധമായ ഈ പ്രവണത കാണാം. പൊലീസ് ഉള്‍പ്പെടുന്ന നീതിന്യായ വ്യവസ്ഥയിലോ? അവിടെ ചെറിയ മനുഷ്യനും വലിയ മനുഷ്യനും ഉണ്ടാകാന്‍ പാടില്ലാത്തതാണല്ലോ. നിയമം നിര്‍വ്വചിക്കുന്ന അധികാര അവകാശങ്ങള്‍ എല്ലാ പൗരന്‍മാര്‍ക്കും തുല്യമാണല്ലോ? നിയമപാലനത്തില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ ഓരോ നടപടിയും നിയതമായ വ്യവസ്ഥകള്‍ക്കു വിധേയമാണല്ലോ. പിന്നെ അവിടെ ചെറിയ മനുഷ്യരും വലിയ മനുഷ്യരും ഉണ്ടാകാന്‍ പാടില്ലാത്തതാണല്ലോ എന്ന് യുക്തിസഹമായി കരുതാവുന്നതാണ്. പക്ഷേ, യാഥാര്‍ത്ഥ്യമതല്ല. ഈ അവസ്ഥ അധികാര പ്രക്രിയയില്‍ കൂടുതല്‍ തീവ്രമാണ് എന്നാണനുഭവം. Majesty of law എന്ന് എഴുതാനും പ്രസംഗിക്കാനുമൊക്കെ നല്ല വിഷയമാണ്. പക്ഷേ, പ്രയോഗത്തില്‍ ഈ majesty വളരെ വിദൂരമാണ്. നിയമം ദുര്‍ബ്ബലനായ മനുഷ്യന്റെ കരുത്താകേണ്ടതാണ്. പക്ഷേ, നിയമപാലനം ദുര്‍ബ്ബലനെ കൂടുതല്‍ നിസ്സഹായനാക്കുകയും  കരുത്തുള്ളവന്റെ അപ്രമാദിത്വം ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും തങ്ങളുടെ ജീവിതാവസ്ഥയിലും ചുറ്റുപാടു സൃഷ്ടിക്കുന്ന നിസ്സഹായതയിലുംപെട്ട് ബുദ്ധിമുട്ടുന്ന, നീതി നിഷേധിക്കപ്പെടുന്ന മനുഷ്യരെ കുറെ കണ്ടുമുട്ടിയിട്ടുണ്ട് ജോലിക്കിടയില്‍. 'ചോദിക്കാനും പറയാനും ആരും ഇല്ലാത്ത' മനുഷ്യരുടെ കാര്യത്തില്‍ ചില ഇടപെടലുകള്‍ നടത്തുവാന്‍ കഴിഞ്ഞിട്ടുള്ള അനുഭവങ്ങളുണ്ട്. അവ ഓര്‍ത്തെടുക്കാനും അതുണ്ടാക്കുന്ന ചിന്തകള്‍ പങ്കുവയ്ക്കാനും ശ്രമിക്കുന്നതിന് സാമൂഹ്യപ്രസക്തിയുണ്ട് എന്ന തോന്നലാണ് ഈ സാഹസത്തിനു പിന്നിലെ പ്രധാന പ്രേരണ. ഒപ്പം അധികാരപ്രക്രിയയില്‍ അസാധാരണത്വമുള്ള ചില അനുഭവങ്ങളും വ്യക്തികളും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. അവ പൊതുസമൂഹവുമായും പൊലീസ് സംവിധാനവുമായും ബന്ധപ്പെട്ടു കിടക്കുന്നു. അത്തരം ഓര്‍മ്മകളും ചിന്തകളും പ്രസക്തമാണ് എന്നൊരു ബോദ്ധ്യവും എന്നെ നയിക്കുന്നുണ്ട്. അത്തരം പരിശ്രമം നടത്തുമ്പോള്‍ ചില കരുതലുകളും ജാഗ്രതയും കൂടിയേ തീരൂ. ആദ്യമായി പരാമര്‍ശവിധേയമാകുന്ന വ്യക്തികളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കേണ്ടതുണ്ട്. അത് ഭരണഘടനയും നിയമവും നിഷ്‌കര്‍ഷിക്കുന്ന ബാധ്യത മാത്രമല്ല, അതിലും വിലമതിക്കുന്ന മാനുഷികമായ ഉത്തരവാദിത്വം കൂടിയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍ സന്ദര്‍ഭവശാല്‍ എന്നോട് സൂചിപ്പിച്ച ഒരു കാര്യം കൂടി ഓര്‍ക്കുന്നു. അദ്ദേഹം പറഞ്ഞു ''സിവില്‍ സെര്‍വന്റ്‌സ് പൊതുവേയും പൊലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേകിച്ചും നേത്രരോഗ വിദഗ്ദ്ധരാണ്.'' അതായത് Eye Specialists കൃത്യമായി പറഞ്ഞാല്‍ I-Specialists. അദ്ദേഹം അര്‍ത്ഥമാക്കിയത്, അവര്‍ പറയുമ്പോഴും എഴുതുമ്പോഴും ഓരോ പ്രവൃത്തി ചെയ്യുമ്പോഴും 'ഞാന്‍', 'ഞാന്‍ മാത്രം' എന്ന മനോനില പ്രകടമാണെന്നാണ്. ഇത്തരം ചില കരുതലോടെയാണ് ക്രമം തെറ്റിയ ഓര്‍മ്മകളും അതുണര്‍ത്തുന്ന ചിന്തകളും പകര്‍ത്താന്‍ ശ്രമിക്കുന്നത്. ദീര്‍ഘയാത്രയ്ക്കിറങ്ങുന്ന മനുഷ്യന്‍ ചില തയ്യാറെടുപ്പുകള്‍ നടത്തും, യാത്രികന്റെ മനസ്സില്‍ ചില മുന്‍നിശ്ചയങ്ങളുമുണ്ടാകും. യാത്രയില്‍ അപ്രതീക്ഷിത വഴിത്തിരിവുകളും സംഭവിക്കാം എന്ന സന്ദേഹമുണ്ടെങ്കിലും യാത്ര തുടങ്ങുന്നു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com