തിരുവനന്തപുരത്ത്, ഏറെ തിരക്കുള്ള ഓവര്‍ ബ്രിഡ്ജിനും പവര്‍ ഹൗസ് ജംഗ്ഷനും ഇടയിലെ ഇടുങ്ങിയ വഴിയില്‍ 'അന്‍പഴകം' എന്ന വീട്ടില്‍ മനോഹര്‍ നരസിംഹ കെസ്‌കര്‍ എന്ന ഹിന്ദുസ്ഥാനി സംഗീജ്ഞനുണ്ട്, എണ്‍പതുകള്‍ മുതല്‍ക്ക്. ഈ ഇടവഴിയിലൂടെ നടന്നുപോകുന്ന ഒരാള്‍ക്ക് മിക്കപ്പോഴും ഷഡ്ജപഞ്ചമങ്ങള്‍ അനുരണനം ചെയ്യുന്നത് കേള്‍ക്കാനാകും. തബലയിലോ വായ്പാട്ടിലോ ക്ലാസ്സുകള്‍ നടക്കുന്നുണ്ടാകാം അന്‍പഴകത്തില്‍. അവിടെ നിറയെ സംഗീതഗ്രന്ഥങ്ങള്‍ക്കരികെ കെസ്‌കര്‍ജി ഇരിക്കുന്നുണ്ടാകാം. കേരളത്തിനകത്തും പുറത്തുമുള്ള ഹിന്ദുസ്ഥാനി സംഗീത വിദ്യാര്‍ത്ഥികള്‍ ഏറെ ബഹുമാനിക്കുന്ന ഗുരുവാണ് അദ്ദേഹം. 1991 മുതല്‍ 'താന്‍സന്‍ സുര്‍സംഗം' എന്ന പേരില്‍ ഹിന്ദുസ്ഥാനി സംഗീത വിദ്യാലയം അവിടെ പ്രവര്‍ത്തിക്കുന്നു. അഖില ഭാരതീയ ഗന്ധര്‍വ്വ മഹാവിദ്യാലയ് മണ്ഡലിന്റെ കേന്ദ്രം കൂടിയാണ് താന്‍സന്‍ സുര്‍സംഗം. പണ്ഡിറ്റ് വിഷ്ണുദിഗംബര്‍ പലുസ്‌ക്കര്‍ സ്ഥാപിച്ച മണ്ഡല്‍ ഇപ്പോള്‍ ഒരു കല്പിത സര്‍വ്വകലാശാലയാണ്. കെസ്‌കര്‍ജി മണ്ഡലിന്റെ ദേശീയ നിര്‍വ്വാഹക സമിതിയംഗമായി നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. താന്‍സന്‍ സുര്‍സംഗത്തില്‍ തബലയിലും വായ്പാട്ടിലും മണ്ഡലിന്റെ പ്രഥമ മുതല്‍ സംഗീത വിശാരദ് വരെ പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ അഭ്യസിപ്പിക്കുന്നുണ്ട്. തബലയിലും വായ്പാട്ടിലും പ്രാവീണ്യമുള്ള കെസ്‌കര്‍ജിയാണ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴവും വിസ്തൃതിയും അവരിലെത്തിക്കുന്നത്.
മഹാരാഷ്ട്രയിലെ സോളാപ്പൂരില്‍ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു മനോഹര്‍ കെസ്‌കറുടെ ജനനം. പൊലീസ് ട്രെയിനിംഗ് കോളേജില്‍ നിയമ അധ്യാപകനായിരുന്ന അച്ഛനും അമ്മയും ഹിന്ദുസ്ഥാനി സംഗീതജ്ഞരായിരുന്നു. അവരുടെ മറാഠി ഗാനങ്ങള്‍ എച്ച്.എം.വി. റെക്കോഡുകളായി പുറത്തുവന്നിട്ടുണ്ട്. മുതിര്‍ന്ന സഹോദരി മൃണാളിനി ഹിന്ദുസ്ഥാനി സംഗീതത്തില്‍ ആകാശവാണി (മുംബൈ) ബി ഹൈ വോക്കലിസ്റ്റ് ആയിരുന്നു. സംഗീതസാന്ദ്രമായ ഗൃഹാന്തരീക്ഷത്തില്‍ കെസ്‌കര്‍ജിക്ക് വോക്കല്‍ സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അനൗപചാരികമായി ലഭിച്ചു. തബലയില്‍ ആദ്യഗുരു പണ്ഡിറ്റ് ദിഗംബര്‍ ബുവ ആയിരുന്നു. പണ്ഡിറ്റ് പ്രഭാകര്‍ദേവ്, പണ്ഡിറ്റ് ബാല്‍ ഗോഖലെ എന്നിവരില്‍നിന്ന് വിളംബിത് ശൈലിയുടെ പാഠങ്ങളും ഉസ്താദ് അല്ലാരാഖയുടെ ശിഷ്യനായ നരേന്ദ്രഖോതില്‍നിന്ന് പഞ്ചാബ് ഘരാനയുടെ സവിശേഷതകളും പഠിച്ചതോടെ അദ്ദേഹം കച്ചേരികളില്‍ അരങ്ങേറാന്‍ തുടങ്ങി.
ഇതോടൊപ്പം നാസിക് കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ. ഓണേഴ്‌സും മുംബൈ സര്‍വ്വകലാശാലയില്‍നിന്ന് എം.എയും കരസ്ഥമാക്കിയ മനോഹര്‍ കെസ്‌കര്‍ ആറ് വര്‍ഷം അധ്യാപകനായി മുംബൈയിലും മൂന്ന് വര്‍ഷം ടാന്‍സാനിയയിലും പ്രവര്‍ത്തിച്ചു. എം.എയ്ക്ക് ഒപ്പം പഠിച്ച തിരുവനന്തപുരത്തുകാരിയായ  ഗായത്രിദേവിയെ ജീവിതപങ്കാളിയായി സ്വീകരിച്ചു. പിന്നീട് കുടുംബസമേതം തിരുവനന്തപുരത്ത്  സ്ഥിരതാമസമാക്കി.
അന്‍പഴകത്തില്‍ താമസം തുടങ്ങിയ കാലം കൂടുതല്‍ ആഴത്തിലുള്ള സംഗീതപഠനത്തിന്റെ നാളുകളായിരുന്നു. അഞ്ഞൂറിലേറെ സംഗീതഗ്രന്ഥങ്ങള്‍ അദ്ദേഹം സമാഹരിച്ചു; അതോടൊപ്പം നിരവധി റെക്കോഡുകളും കാസറ്റുകളും വാങ്ങി. ആസ്വാദനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അദ്ദേഹം കച്ചേരികള്‍ കേള്‍ക്കാനുള്ള അവസരം നഷ്ടമാക്കിയില്ല. സംഗീതം ഏതു തരത്തിലുള്ളതും കേള്‍ക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. പണ്ഡിറ്റ് വിഷ്ണുനാരായണ്‍ ഭാത്ഖണ്ഡേ, പണ്ഡിറ്റ് ബി.ആര്‍. ദേവ്ധര്‍ എന്നിവരുടെ ഗ്രന്ഥങ്ങള്‍ ഗൗരവമായ പഠനത്തിനു സഹായകമായി. ഗുരുവില്‍നിന്നു പഠിക്കുന്നതിലേറെ നേടാനുണ്ട് അനുഭവത്തിലൂടെ കലാകാരന്. ഉല്‍കൃഷ്ട ഗായകന്‍ ഗുരുമുഖത്തുനിന്ന് ആര്‍ജ്ജിക്കുന്നതിനു പുറമെ മറ്റു സമ്പ്രദായത്തിലെ ഗായകരെക്കൂടി കേട്ട് തന്റേതായ കൂട്ടിച്ചേര്‍ക്കലുകളോടെ ആലാപനം ചെയ്യുന്നുവെന്ന് പണ്ഡിറ്റ് ബി.ആര്‍. ദേവ്‌സര്‍ പ്രസ്താവിക്കുന്നുണ്ട്.
പ്രശസ്തിക്കുവേണ്ടി തന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കെസ്‌കര്‍ജി വിളിച്ചുകൂവിയിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്വരം സംഗീതത്തെ ഗൗരവമായി ശ്രദ്ധിക്കുന്ന കുറേപ്പേരിലേ ചെന്നെത്തിയുള്ളൂ. ശുദ്ധ സംഗീതത്തെ മുന്നോട്ടുവയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ആസ്വാദനത്തെ രൂപപ്പെടുന്നതിന്റെ ആവശ്യം മുന്‍നിര്‍ത്തിയുള്ള സംഗീതപരിപാടികള്‍ അദ്ദേഹം ആവിഷ്‌കരിച്ചു. താന്‍സന്‍ സുര്‍സംഗം ഇരുന്നൂറിലേറെ പരിപാടികള്‍ നടത്തി. പലതിലും കെസ്‌കര്‍ജി തന്നെ തബല വായിച്ചു. കേരളത്തില്‍ നടക്കുന്ന ഹിന്ദുസ്ഥാനി കച്ചേരികള്‍ പലപ്പോഴും ഏറ്റവും പ്രശസ്തരുടേതായിരുന്നു. വ്യത്യസ്തരായവരെ കൊണ്ടുവരാനാണ് കെസ്‌കര്‍ജി ശ്രമിച്ചത്. ഋഷിതുല്യനായ പുട്ടരാജ് ഗവായിയെ തിരുവനന്തപുരത്ത് കൊണ്ടുവന്നു. ഗ്വാളിയോര്‍, കിരാന പാരമ്പര്യമുള്ള ഗവായ് ഇപ്പോഴത്തെ മുന്‍നിരക്കാരനായ പണ്ഡിറ്റ് വെങ്കിടേഷ് കുമാറിന്റെ ഗുരുവാണ്. അതേപോലെ പണ്ഡിറ്റ് വിനായക് തോര്‍വി, വിദുഷ് അല്‍ക്കാദേവി മാരുലിക്കര്‍, അരവിന്ദ് ഗജേന്ദ്രഗഡ്കര്‍, എന്‍.വി. ഗോപിനാഥ്, ഡോ. സുധീര്‍ പോട്ടെ എന്നിവര്‍ തിരുവനന്തപുരത്ത് കച്ചേരികള്‍ നടത്തിയതും കെസ്‌കര്‍ജിയുടെ ശ്രമത്താലാണ്. ഏതാനും വര്‍ഷം മുന്‍പ് ഡോ. സുധീര്‍ പോട്ടെ കേരള സര്‍വ്വകലാശാലയിലെ സംഗീത വിഭാഗത്തില്‍ 'തോഡി കെ പ്രകാര്‍' എന്ന വിഷയത്തില്‍ സോദാഹരണം പ്രഭാഷണം നടത്തി. (ശ്രീ മനോഹര്‍ കെസ്‌കര്‍ജി ഇവിടെ ഗസ്റ്റ് ലക്ചററായി പ്രവര്‍ത്തിക്കുന്നുണ്ട്.) ജയ്പൂര്‍ ശൈലിയില്‍ പാടുന്ന ഡോ. സുധീര്‍ പോട്ടെ, സായാഹ്നരാഗങ്ങളില്‍ കച്ചേരിയും അവതരിപ്പിച്ചിരുന്നു. പണ്ഡിറ്റ് ദേബു ചക്രവര്‍ത്തിയുടെ ശിഷ്യനും ഗണിത ശാസ്ത്രജ്ഞനുമായ ഡോ. ജനാര്‍ദ്ദനന്റെ സിതാര്‍ കച്ചേരി സുര്‍സംഗത്തില്‍ അരങ്ങേറിയിരുന്നു. സുര്‍സംഗത്തിലെ പല കച്ചേരികളിലും ഹാര്‍മ്മോണിയം വായിച്ചിരുന്നത് കോട്ടയ്ക്കകത്തെ നാരായണ റാവുവാണ്. ഈ പരിപാടികള്‍ യാഥാര്‍ത്ഥ്യമായത് കെസ്‌കര്‍ജിയടെ അനുപമമായ സംഘടനാ പാടവത്താലാണ്.
ഖയാല്‍ സംഗീതത്തിന് ഏറ്റവും ഇണങ്ങുന്ന പക്കവാദ്യമാണ് തബല. പഖാവജ് ധ്രുപദ് സംഗീതത്തിനാണ് യോജിക്കുക. പഖാവജിന് ഗംഭീരമായ നാദമാണുള്ളത്. മൃദംഗത്തെപ്പോലെ രണ്ടു വശങ്ങളിലാണ് പഖാവജില്‍ നാദം സൃഷ്ടിക്കുന്നത്. തബലയില്‍ കൈവിരലുകള്‍ മുകളില്‍നിന്നാണ് പ്രയോഗിക്കുക. ഖയാല്‍ സംഗീതത്തിനു യോജിച്ച മധുരനാദം (melodious tone) തബലയില്‍ സാധ്യമാണ്. തോലിലെ സ്വരസ്ഥാനങ്ങള്‍ കലാകാരന്‍ അറിയണം. മൃതമായ തോലാണ് തബലയില്‍; അതില്‍ ജീവനുള്ള നാദം സൃഷ്ടിക്കുന്നത് കലാകാരന്റെ മികവാണ്. സാധനകൊണ്ടും സ്വാനുഭവം കൊണ്ടും അയാള്‍ ഈ മികവ് നേടേണ്ടതുണ്ട്. ഈ ഉള്‍ക്കാഴ്ചയോടെയാണ് കെസ്‌കര്‍ജിയുടെ സംഗീതാധ്യാപനം. നൂറുകണക്കിന് ശിഷ്യരുണ്ട് അദ്ദേഹത്തിന്റെ കീഴില്‍ തബലയും വായ്പാട്ടും അഭ്യസിച്ചവരായി. വായ്പാട്ടില്‍ കെ. മനോജ് കുമാര്‍, നേഹ ശശികുമാര്‍ എന്നിവരും തബലയില്‍ സതീഷ് ബാബു, മഹേഷ്മണി, രത്‌നശ്രീ അയ്യര്‍, പ്രശാന്ത്, മോഹന്‍ദാസ് എന്നിവരും അരങ്ങുകളില്‍ ശോഭിക്കുന്നുണ്ട്.
സഹധര്‍മ്മിണി ഗായത്രിദേവി നല്ല അധ്യാപികയാണ്; തമിഴ്, മറാഠി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ നല്ല പരിജ്ഞാനമുണ്ട്. ചെറുപ്പത്തില്‍ വീണയും കര്‍ണാടക സംഗീതവും അഭ്യസിച്ച ഗായത്രിദേവി ഹിന്ദുസ്ഥാനി സംഗീതത്തിന്റെ നല്ല ആസ്വാദകയുമാണ്. കുടുംബത്തിലെ എല്ലാവരിലും സംഗീതധ്വനി സൃഷ്ടിക്കാന്‍ കെസ്‌കര്‍ജിക്കു കഴിഞ്ഞു. ആര്‍മി ഓഫീസറായ മൂത്തമകന്‍ ശ്രീപദും മകള്‍ ശുഭലക്ഷ്മിയും തബല വായിക്കും. മറ്റൊരു മകന്‍ ശിവകുമാര്‍ ഫ്‌ലൂട്ടും മൃദംഗവും അഭ്യസിച്ചിട്ടുണ്ട്.
കേരളത്തിലെ ഹിന്ദുസ്ഥാനി സംഗീതാസ്വാദകര്‍ ചിലപ്പോള്‍ ചലച്ചിത്രഗാനങ്ങളിലൂടെ രാഗങ്ങളെ പരിചയപ്പെട്ടവരാകാം. ഗസല്‍ വഴിയും ബാബുരാജ് പോലുള്ള സംഗീത സംവിധായകരുടെ ഗാനങ്ങള്‍ വഴിയും ഹിന്ദുസ്ഥാനി സംഗീതത്തെ അറിയുന്നവരുണ്ട്. ശാസ്ത്രീയ സംഗീതത്തിന്റെ ആസ്വാദകര്‍ ന്യൂനപക്ഷമാണ്. ഹിന്ദുസ്ഥാനി സംഗീതം പഠിക്കാനെത്തുന്നവരില്‍ അധികം പേരും കര്‍ണാടക സംഗീതത്തില്‍ പ്രാഥമിക അറിവ് നേടിയവരാകും. പലര്‍ക്കും ഹിന്ദുസ്ഥാനി കച്ചേരികള്‍ അവതരിപ്പിക്കുന്നതിലേക്ക് എത്താനുള്ള താല്പര്യമുണ്ടാവില്ല. ഓരോരുത്തരുടേയും താല്പര്യങ്ങള്‍ തിരിച്ചറിയാന്‍ നല്ല ബദ്ധപ്പാടുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് മിക്കപ്പോഴും കെസ്‌കര്‍ജി. ഇതിനിടയില്‍ ഒരിക്കല്‍ അദ്ദേഹത്തിനു ചലച്ചിത്ര സംഗീതസംവിധായകനായ ജി. ദേവരാജനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ക്ഷണം കിട്ടി. പലപ്പോഴും പെട്ടെന്നായിരിക്കും സ്റ്റുഡിയോയിലെത്താനുള്ള നിര്‍ദ്ദേശം വരിക. അവിടെ കാത്തുനില്‍പ്പിനും കുറേ സമയം വേണ്ടിവരും. നാലു ഗാനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. തന്റേതായ തിരക്കുകളിലേക്ക് മടങ്ങേണ്ടിവന്നു കെസ്‌കര്‍ജിക്ക്. പിന്നെയുമുണ്ട് ഒരു സിനിമാബന്ധം. ആര്‍. ശരത്തിന്റെ 'ചാപ്ലിനും ബുദ്ധനും ചിരിക്കുന്നു' എന്ന സിനിമയില്‍ കഥക് തബലിസ്റ്റായി 'അഭിനയിച്ചു' അദ്ദേഹം. ആര്‍. ശരത്തിന്റെ സംവിധാനത്തില്‍ വിവിധ നൃത്തരൂപങ്ങളെ കോര്‍ത്തിണക്കി ആവിഷ്‌കരിച്ച Dancing Domsels എന്ന നൃത്തരൂപത്തിനുവേണ്ടിയും മനോഹര്‍ കെസ്‌കര്‍ പ്രവര്‍ത്തിച്ചു.
അന്‍പഴകത്തില്‍ കര്‍മ്മനിരതനാണ്, പ്രൊഫ. മനോഹര്‍ കെസ്‌കര്‍ എഴുപത്തിയാറാം വയസ്സിലും. ഹിന്ദുസ്ഥാനി സംഗീതത്തിലെ അഭംഗുരമായ ശ്രുതിപോലെ, താളത്തിന്റെ സുഭഗമായ ആവര്‍ത്തനംപോലെ അദ്ദേഹത്തിന്റെ ഒറ്റയാള്‍ ശ്രമങ്ങള്‍ തുടരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates