ജീവിച്ചിരുന്നെങ്കില്‍ ഫെബ്രുവരി 11-ന് ജിഷ്ണു പ്രണോയിക്ക് 20 വയസ്സ് തികയുമായിരുന്നു. കോഴിക്കോട് വടയത്തെ വീട്ടില്‍ അമ്മ മഹിജ മകന് പിറന്നാള്‍ മധുരം നല്‍കുമായിരുന്നു. സഹോദരി അവിഷ്ണ ഒരു വര്‍ഷത്തെ തന്റെ ചെറുസമ്പാദ്യമെല്ലാം ചേര്‍ത്തുവെച്ച് ഏട്ടന് പിറന്നാള്‍ സമ്മാനം ഒരുക്കുമായിരുന്നു. പതിവ് തെറ്റാതെയുള്ള ഈ ചെറിയ ആഘോഷത്തിലേക്കുള്ള കാത്തിരിപ്പിനിടയിലാണ് രണ്ടു വര്‍ഷം മുന്‍പ് ചേതനയറ്റ ശരീരമായി ജിഷ്ണു തിരിച്ചെത്തുന്നത്. 2016 ജനുവരി ആറിനാണ് പാമ്പാടി നെഹ്രു കോളേജിലെ ഒന്നാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയി മരണപ്പെടുന്നത്.
കേരളത്തിലെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ ലോബി കൊമ്പും നഖവുമുള്ളവരാണെന്ന് നാം തിരിച്ചറിഞ്ഞു തുടങ്ങിയത് അന്നുമുതലാണ്. എതിര്‍ശബ്ദങ്ങളില്ലാതാക്കാന്‍ കാമ്പസുകളില്‍ ഇടിമുറികള്‍ സ്ഥാപിക്കപ്പെടുന്നിടത്തോളമെത്തി വിദ്യാഭ്യാസക്കച്ചവടത്തിന്റെ പൈശാചികമുഖമെന്ന് പൊതുസമൂഹം അറിയുന്നത് ജിഷ്ണുവിന്റെ മരണത്തോടെയാണ്. അന്നേവരെ എല്ലാം സഹിച്ച് നിശ്ശബ്ദരായിക്കഴിഞ്ഞിരുന്ന നെഹ്രു കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍, തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് രംഗത്തുവരികയും ജിഷ്ണുവിന്റേത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ ആണെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ വിദ്യാഭ്യാസത്തിന്റെ മറവില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കഥകള്‍ ഓരോന്നായി പുറത്തുവരാന്‍ തുടങ്ങി.
ഈ വെളിപ്പെടുത്തലുകള്‍ക്ക് മാധ്യമ പിന്തുണകൂടി ലഭിച്ചപ്പോള്‍ നെഹ്രു കോളേജ് കൂടാതെ മാള മെറ്റ്സ് കോളേജ്, കോട്ടയം ടോംസ് കോളേജ്, തിരുവനന്തപുരം ലോ അക്കാദമി തുടങ്ങി വലുതും ചെറുതുമായ സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ സമരരംഗത്തിറങ്ങി. മകന്റെ ചേതനയറ്റ ശരീരം കെട്ടിപ്പിടിച്ച് അലറിക്കരയുക മാത്രം ചെയ്യാതെ, നീതി തേടി തെരുവിലിറങ്ങാന്‍ തയ്യാറായ ജിഷ്ണുവിന്റെ അമ്മ മഹിജ ഈ സമരങ്ങളുടെയെല്ലാം പ്രതീകമായി കേരള മനസ്സില്‍ ഇടംപിടിച്ചു. ഇനിയൊരു ജിഷ്ണു ആവര്‍ത്തിക്കരുത് എന്ന ആത്മാര്‍ത്ഥവും പരിശുദ്ധവുമായ വികാരവുമായി അമ്മ മഹിജയും മകള്‍ അവിഷ്ണയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ സമരമുഖം ജനാധിപത്യ മനസ്സാക്ഷി ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, പോരാടി നേടിയ ഡിമാന്റുകളെഴുതിയ വെള്ളക്കടലാസ്സുപോലും നല്‍കാത്ത കാട്ടുനീതിയുമായി ആ അമ്മയെ തലസ്ഥാനം തിരിച്ചയച്ചു. പ്രതിചേര്‍ക്കപ്പെട്ടവര്‍ ആരും ശിക്ഷിക്കപ്പെട്ടില്ല. മതിയായ തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം നീണ്ടുനീണ്ടു പോകുന്നു. എന്നാല്‍, സമരം ചെയ്തവരും സത്യം പറഞ്ഞവരും നിരന്തരം വേട്ടയാടപ്പെടുന്നുണ്ട്. കോളേജ് മാനേജ്മെന്റിന് എതിരായി മൊഴികൊടുത്ത വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ തോല്പിച്ചുവെന്നും പിന്നീട് സര്‍വ്വകലാശാല നടത്തിയ പുന:പരീക്ഷയില്‍ മെച്ചപ്പെട്ട മാര്‍ക്ക് വാങ്ങി ഈ വിദ്യാര്‍ത്ഥികള്‍ വിജയിച്ചുമെന്നുമുള്ള വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നത്. മാത്രമല്ല, കോളേജ് മാനേജ്മെന്റിനെതിരായി സമരം നടത്തിയ വിദ്യാര്‍ത്ഥികളെ കള്ളക്കേസ്സുകളില്‍ കുടുക്കാനും കാമ്പസ് അടിച്ചുതകര്‍ത്തുവെന്നതുപോലെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി നഷ്ടപരിഹാരം ഈടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു തുടങ്ങിയ വാര്‍ത്തകളും അറിയുന്നു. എന്താണ് ഈ വാര്‍ത്തകള്‍ നല്‍കുന്ന അപായ സൂചന?
ജിഷ്ണു പ്രണോയിയുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് പിന്നീടങ്ങോട്ട് പുറത്തുവന്ന പല വാര്‍ത്തകളും തെളിയിച്ചു. നെഹ്രു കോളേജിലെ തന്നെ ഷഹീര്‍ ഷൗക്കത്തലിയുടെ കേസുള്‍പ്പെടെ സ്വാശ്രയ കോളേജുകളിലെ പീഡനങ്ങളുടെ പട്ടിക വളരെ വലുതാണ്. എന്നാല്‍, വ്യക്തമായ തെളിവുകളും മൊഴികളുമുണ്ടായിട്ടും ഒരൊറ്റ പ്രതിപോലും ശിക്ഷിക്കപ്പെട്ടില്ല. എന്തിന് അറസ്റ്റ് ചെയ്യപ്പെടുകപോലുമുണ്ടായിട്ടില്ല. കോപ്പിയടി പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന കോളേജ് മാനേജ്മന്റിന്റെ വാദം കപടമായിരുന്നുവെന്നും ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന സഹപാഠികളുടേയും കുടുംബത്തിന്റേയും ഭാഷ്യമായിരുന്നു ശരിയെന്ന വിധത്തില്‍ സി.ബി.ഐ റിപ്പോര്‍ട്ട് വന്നതും ജിഷ്ണുവിന്റെ രണ്ടാം ചരമവാര്‍ഷികത്തിലാണ്. ഇവ്വിധത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജിനെതിരെ യാതൊരു നടപടിയും ഇന്നുവരെയുണ്ടായിട്ടില്ല. മാത്രമല്ല, നെഹ്രു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി നിലനിന്നിരുന്ന വിലക്ക്, സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച അയഞ്ഞ സമീപനം മൂലം പിന്‍വലിക്കപ്പെട്ടു. (അതിന് തൊട്ടടുത്ത ദിവസമാണ് നെഹ്രു കോളേജില്‍ സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ തോല്പിക്കപ്പെട്ടത്). ഇവ്വിധത്തില്‍ പീഡിപ്പിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുകയാണ്. സ്വാശ്രയ കോളേജുകളുടെ പരിധിവിട്ട് സ്വയംഭരണ കോളേജിലെ രാഖികൃഷ്ണ വരെയെത്തി ഈ പരമ്പര. നമ്മുടെ വിദ്യാഭ്യാസമേഖലയിലെ ഈ മാറ്റത്തെ സംബന്ധിച്ച ഒരു പരിചിന്തനം അനിവാര്യമായിരിക്കുന്നുവെന്നല്ലേ ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
അച്ചടക്കത്തിന്റെ പറുദീസകള്‍
ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിഹത്യകളെല്ലാം സംഭവിച്ചിരിക്കുന്നത് അച്ചടക്കത്തിനു പേരുകേട്ട സ്വാശ്രയ സ്വയംഭരണ കോളേജുകളിലോ സ്വകാര്യ വിദ്യാലയങ്ങളിലോ ആണ്. സമരമില്ലാത്ത, വിദ്യാര്‍ത്ഥി സംഘടനയില്ലാത്ത, പഠിപ്പ് മുടക്കോ പണിമുടക്കോ ഇല്ലാത്ത സ്ഥാപനങ്ങളാണിവ. എന്തിന്, ഈ സ്ഥാപനങ്ങളില്‍ സൗഹൃദത്തിന്റെ പേരില്‍ ഉഴപ്പാന്‍ അനുവദിക്കില്ല, പ്രണയവിവാഹംപോലെയുള്ള തലവേദനകള്‍ ഉണ്ടാകാതിരിക്കാന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം സംസാരിക്കാന്‍പോലും അനുവദിക്കില്ല. കൊടുക്കുന്ന പണത്തിനു ഗാരന്റി നല്‍കുന്ന ഈ കാമ്പസ് അച്ചടക്കമാണ് സ്വാശ്രയസ്ഥാപനങ്ങളുടെ പൊതുസ്വാഭാവം.
നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ വെളിപ്പെടുത്തല്‍ പ്രകാരം ആ കാമ്പസില്‍ ദിനവും ഷേവ് ചെയ്തിട്ടുണ്ടോയെന്ന് വിദ്യാര്‍ത്ഥികളുടെ മുഖത്ത് തൊട്ടുനോക്കി ബോധ്യപ്പെടാനും ഇല്ലാത്തപക്ഷം ഫൈനീടാക്കാനും വരെ സ്റ്റാഫിനെ നിയോഗിച്ചിരുന്നു. രാഖികൃഷ്ണ പഠിച്ചിരുന്ന കൊല്ലം ഫാത്തിമ മാതാ ഓട്ടോണമസ് കോളേജിലേയും അവസ്ഥ വ്യത്യസ്തമല്ല. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തമ്മിലുള്ള സൗഹൃദസംഭാഷണങ്ങള്‍ക്കുപോലും അവിടെ വിലക്കുണ്ട്. ക്ലാസ്സ് നടക്കാത്ത അവസരത്തില്‍, പെണ്‍കുട്ടികള്‍ക്ക് ക്ലാസ്സിലിരിക്കാന്‍ അവകാശമില്ല. മറിച്ച് ക്വാഡ്രാങ്കിള്‍ എന്നു വിളിക്കുന്ന മറ്റൊരിടത്താണവര്‍ ഇരിക്കേണ്ടത്. മാനേജ്മെന്റിന് അനഭിമതരായവര്‍ക്ക് മാര്‍ക്ക് നല്‍കുന്നതില്‍പ്പോലും അധ്യാപകര്‍ക്ക് നിയന്ത്രണമുണ്ടത്രേ. കാമ്പസിലെ ജനാധിപത്യലംഘനങ്ങള്‍ക്കെതിരെ ഏതാനും വര്‍ഷം മുന്‍പുണ്ടായ വിദ്യാര്‍ത്ഥിസമരം ഈ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചിരുന്നു.
പൊതുശ്രദ്ധ ആകര്‍ഷിച്ച ചില സംഭവങ്ങളുണ്ടായി എന്നതുകൊണ്ട് ഈ സ്ഥാപനങ്ങളിലെ സാഹചര്യം കുറച്ചൊക്കെ പുറത്തുവന്നുവെന്നേയുള്ളൂ. സമാനമായ സാഹചര്യമാണ് ഒട്ടുമിക്ക കലാലയങ്ങളിലും. മാനേജ്മെന്റിന്റേയും പ്രിന്‍സിപ്പാലിന്റേയും മനോധര്‍മ്മവും ചാതുര്യവുമനുസരിച്ച് ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാമെന്ന് മാത്രം. ഡിസിപ്ലിനറി കമ്മിറ്റി/ഓഫീസര്‍ എന്ന തസ്തിക മാനേജ്മെന്റ് കല്പിക്കുന്ന അച്ചടക്കത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ വിദ്യാര്‍ത്ഥികളെ തളച്ചിടാന്‍ വേണ്ടിയുള്ളതാണ്. വിദ്യാര്‍ത്ഥികളെ, ഒരു പരിധിവരെ അധ്യാപകരേയും നിരന്തരം നിരീക്ഷിക്കാനും ഡിസിപ്ലിന്റെ പേരുപറഞ്ഞ് വേട്ടയാടാനുമാണിവര്‍ നിയോഗിക്കപ്പെടുന്നത്. മാനേജ്മെന്റ് നിഷ്‌കര്‍ഷിക്കുന്ന അച്ചടക്കത്തിന്റെ സീമകള്‍ക്കുള്ളില്‍ നില്‍ക്കുന്നതിനനുസരിച്ചാണ് ഹാജര്‍ ശതമാനവും ഇന്റേണല്‍ മാര്‍ക്കുമെല്ലാം തീരുമാനിക്കപ്പെടുക.
വിദ്യാഭ്യാസത്തിന്റേതല്ല, കച്ചവടത്തിന്റെ രീതിശാസ്ത്രമാണ് സ്വാശ്രയസ്ഥാപനങ്ങളുടെ അടിത്തറ എന്നതിനാല്‍ സ്വാഭാവികമായിത്തന്നെ ജനാധിപത്യമൂല്യങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. വിദ്യാര്‍ത്ഥി സംഘടനകളെ പടിക്കു പുറത്തു നിര്‍ത്താനുള്ള സംവിധാനം ഇതിനോടകം കോടതിവിധികളിലൂടെയും സര്‍ക്കാര്‍ നയങ്ങളിലൂടേയും ഇവര്‍ സമ്പാദിച്ചുകഴിഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയം പോലെയുള്ള അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ അക്കാദമിക ഭാരം വര്‍ദ്ധിപ്പിക്കണമെന്ന പ്രൊഫ. എന്‍.ആര്‍. മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഈ സ്ഥാപനങ്ങള്‍ക്ക് ആശ്രയമാണ്. ഇന്റേണല്‍ മാര്‍ക്കിന്റെ ചൂരല്‍വടിയും സെമസ്റ്റര്‍ സൃഷ്ടിക്കുന്ന സമയമില്ലായ്മയും കൂടിയാകുമ്പോള്‍ സ്വാശ്രയസ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥിപീഡനശാലകളാകാനുള്ള ഭൗതിക സാഹചര്യവുമായി. എതിര്‍ശബ്ദങ്ങളെ ഇടിമുറിയിലൂടെ പോലും കൈകാര്യം ചെയ്യാമെന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടത് ഇത്തരത്തിലാണ്.
ഇത്തരത്തിലുള്ള സ്ഥാപനങ്ങളില്‍ ശരിതെറ്റുകള്‍ ചൂണ്ടിക്കാണിച്ച് വിദ്യാര്‍ത്ഥിയെ മുന്നോട്ട് നയിക്കുകയെന്നതല്ല അധ്യാപക ധര്‍മ്മം. മറിച്ച്, തെറ്റുകള്‍ കണ്ടുപിടിക്കുകയും ആ തെറ്റുകളുടെ പേരില്‍ വിദ്യാര്‍ത്ഥികളെ നിരന്തരം വേട്ടയാടുകയുമാണ്. സമീപകാലത്ത് പ്രവര്‍ത്തനം ആരംഭിച്ച ആലപ്പുഴ ജില്ലയിലെ ഒരു സ്വകാര്യ കോളേജില്‍ സമീപ ബ്ലോക്കുകളിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ അനുവാദമില്ല. അത്തരമെന്തെങ്കിലും നിയമലംഘനങ്ങള്‍ക്ക് ഹാജര്‍ ശതമാനം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികളുള്ളതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. താരതമ്യേന നല്ലവിധത്തില്‍ പോകുന്നതെന്ന് പേരുകേട്ട ചങ്ങനാശ്ശേരിയിലെ സ്വയംഭരണ കോളേജില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഒരിക്കല്‍ പ്രസ്തുത കുറ്റം ചെയ്ത വിദ്യാര്‍ത്ഥിയെ ഒരു അധ്യാപകന്‍ കയ്യോടെ പിടിക്കുകയും പ്രിന്‍സിപ്പല്‍ നിശ്ചയിച്ച ഫൈനിനെക്കാള്‍ കുറഞ്ഞ തുക കൈമടക്ക് വാങ്ങി ഫോണ്‍ തിരികെ കൊടുക്കുകയുമുണ്ടായി. അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിന് എന്ത് അന്തസ്സത്തയാണ് ഈ അച്ചടക്കത്തിന്റെ പറുദീസകള്‍ നല്‍കുന്നതെന്ന് ഓര്‍ക്കണം.
അധ്യാപകരും രക്ഷിതാക്കളും ഇരകള്‍
ഭൂരിപക്ഷം അധ്യാപകരുടേയും സ്ഥിതി വ്യത്യസ്തമല്ല. ഉന്നത വിദ്യാഭ്യാസരംഗത്ത് ഇന്ന് പൊതുവെ സ്ഥിരാധ്യാപകര്‍ വളരെ കുറവാണ്. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ തൊഴിലെടുക്കാന്‍ വിധിക്കപ്പെട്ട അധ്യാപകരെ സംബന്ധിച്ചിടത്തോളം മാനേജ്മെന്റിന്റെ ശാസനകള്‍ക്കു വിനീതവിധേയരായി കഴിയണം. ഒട്ടുമിക്ക മാനേജ്മെന്റുകളും കൃത്യസമയത്ത് ഇവര്‍ക്ക് വേതനം നല്‍കാറില്ല. പലപ്പോഴും കോണ്‍ട്രാക്ട് കാലാവധി കഴിഞ്ഞ് മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞാണ് ഇവര്‍ക്ക് കൂലി ലഭിക്കാറുള്ളതെന്നതിനാല്‍ നിശ്ശബ്ദമായി കല്പിക്കുന്ന പണിയെടുക്കുകയെന്നതു മാത്രമാണ് ഇവരുടെ വിധി.
ഒരായുസ്സുകൊണ്ട് നേടിയതെല്ലാം മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ചെലവഴിക്കുന്ന രക്ഷിതാക്കളാണ് ഈ കച്ചവടവിദ്യാഭ്യാസത്തിന്റെ അടുത്ത ഇര. ഇക്കാലമത്രയും ഈ പീഡനങ്ങള്‍ നിങ്ങള്‍ എന്തിന് സഹിച്ചുവെന്ന ചോദ്യത്തിന് ജിഷ്ണുവിന്റെ പല സഹപാഠികളും മറുപടി പറഞ്ഞത് വായ്പകളുടെ ഭാരത്തിന്റെ കഥയാണ്. കിടപ്പാടംപോലും പണയംവെച്ച് പഠിക്കാനയച്ച രക്ഷിതാക്കളുടെ പ്രതീക്ഷകള്‍ മറന്നു പ്രതികരിക്കാന്‍ അവര്‍ക്കാവുമായിരുന്നില്ല. എങ്ങനേയും ഒരു സര്‍ട്ടിഫിക്കറ്റ് നേടി, കുടുംബത്തിന് ഒരു ഭാരമായി മാറാതിരിക്കാനുള്ള പരിശ്രമമാണ് പല വിദ്യാര്‍ത്ഥികളേയും ഈ പീഡനങ്ങള്‍ സഹിക്കാന്‍ നിര്‍ബ്ബന്ധിതമാക്കുന്നത്. ഇതിനോടകം കേരളത്തില്‍ മുപ്പതോളം രക്ഷിതാക്കള്‍ വിദ്യാഭ്യാസ വായ്പാക്കെണിയിലകപ്പെട്ട് ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന വസ്തുത ചിത്രം കുറച്ചുകൂടി വ്യക്തമാക്കും.
ദിനേശന്‍ കമ്മിറ്റി റിപ്പോര്‍ട്ട്
ജിഷ്ണുവിന്റെ മരണത്തിനുശേഷം കേരളമെമ്പാടും ആളിപ്പടര്‍ന്ന വിദ്യാര്‍ത്ഥിസമരങ്ങളും ജനരോഷവും സ്വാശ്രയ വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ ഒട്ടൊക്കെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. കോളേജ് മാനേജ്മെന്റുകളുടെ എല്ലാ വിലക്കുകളും ഭീഷണികളും അതിജീവിച്ചുകൊണ്ട്, വിദ്യാഭ്യാസ സ്‌നേഹികളുടേയും പൊതുസമൂഹത്തിന്റേയും പിന്തുണയോടെ വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ച നെഹ്രു കോളേജ് സ്റ്റുഡന്റസ് അസോസിയേഷന്‍, മെറ്റ്സ് കോളേജ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ ഉയര്‍ത്തിയ ഡിമാന്റുകളില്‍ പലതും പൊതുസ്വഭാവം പുലര്‍ത്തിയത് ആകസ്മികമായിരുന്നില്ല. സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലയെന്നും അവയുടെ മൂലകാരണം നമ്മുടെ വിദ്യാഭ്യാസ നയങ്ങളാണെന്നും വെളിവാക്കുന്നതായിരുന്നു അതെല്ലാം. വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും സംഘടനാസ്വാതന്ത്ര്യം, പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്, ജനാധിപത്യരീതിയിലുള്ള പി.ടി.എ രൂപീകരണം, സര്‍വ്വകലാശാല ഗ്രീവന്‍സ് സെല്ലിന്റെ രൂപീകരണം, ഓംബുഡ്സ്മാന്റെ രൂപീകരണം, സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വ്വകലാശാല വെരിഫിക്കേഷനുശേഷം എത്രയും വേഗം തിരിച്ചുനല്‍കുക (കോളേജുകള്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കുന്ന രീതി അവസാനിപ്പിക്കുക), ഇന്റേണല്‍ അസെസ്മെന്റ് സുതാര്യമാക്കുക, സെമസ്റ്റര്‍ ഫീസ് മുന്‍കൂറായി ഈടാക്കുന്നത് തടയുക, കോഴ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കോഷന്‍ ഡിപ്പോസിറ്റ് തിരികെ നല്‍കുക, യൂണിവേഴ്സിറ്റി അംഗീകാരമില്ലാത്ത എല്ലാ ഫൈനും നിര്‍ത്തലാക്കുക തുടങ്ങി പ്രവേശനത്തിലും അധ്യാപക നിയമനത്തിലുമുണ്ടാകേണ്ട മേല്‍നോട്ടം വരെ ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിനേയും സര്‍വ്വകലാശാലയേയുമെല്ലാം വിദ്യാര്‍ത്ഥികള്‍ സമീപിച്ചിരുന്നു. സ്വാശ്രയമേഖലയിലെ ജനാധിപത്യവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന വിധത്തില്‍ ജിഷ്ണു ആക്ടെന്ന പേരില്‍ സമഗ്രമായ നിയമനിര്‍മ്മാണം നടത്തുകയെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. അമ്മ മഹിജയുടെ സമരവും ജിഷ്ണു ആക്ട് രൂപീകരിക്കുകയെന്ന ഡിമാന്റുയര്‍ത്തിയിരുന്നു. ഈ സമരങ്ങളുടെയെല്ലാം ഫലമായി രൂപീകൃതമായ ദിനേശന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഈ വികാരത്തോടും ആവശ്യങ്ങളോടും ഒട്ടൊക്കെ നീതി പുലര്‍ത്തുന്നതായിരുന്നു.
2018 ഫെബ്രുവരിയില്‍ കേരള മന്ത്രിസഭ അംഗീകരിച്ച ജസ്റ്റിസ് കെ.കെ. ദിനേശന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, എല്ലാ കോളേജുകളിലേയും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സംഘടിക്കാനും യോഗം ചേരാനും നിയമപരമായ അവകാശമുണ്ടെന്നതിനാല്‍ അത്തരം അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലയെന്ന് ഉറപ്പ് വരുത്താന്‍ ശുപാര്‍ശ ചെയ്യുന്നു. മാത്രമല്ല, എല്ലാ കോളേജുകളിലും ജനാധിപത്യപരമായ വിധത്തില്‍ തെരഞ്ഞെടുപ്പ് നടത്താനും പ്രസ്തുത വിധത്തില്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥി പ്രതിനിധികളെ സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല, സെമസ്റ്റര്‍ ഫീസ് മുന്‍കൂറായി വാങ്ങുന്ന പ്രവണത നിയമം മൂലം നിരോധിക്കണമെന്നും സ്വാശ്രയസ്ഥാപനങ്ങളിലെ അധ്യാപകരുടേയും അനധ്യാപകരുടേയും വേതനവും ജോലിസമയവും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേതിനു തുല്യമായി ഏകീകരിക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതുപോലെ തന്നെ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളേജുകള്‍ ഘട്ടംഘട്ടമായി സര്‍ക്കാര്‍ ഏറ്റെടുക്കാനും സംയോജനത്തിനുള്ള നിയമനിര്‍മ്മാണാവകാശം സര്‍ക്കാരിനായിരിക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, വിദ്യാര്‍ത്ഥികളും മാനേജ്മെന്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ- സംസ്ഥാനതലങ്ങളില്‍ ഓംബുഡ്സ്മാന്‍ രൂപീകരണം, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ നടക്കുന്ന അനഭിമതമായ വിഷയങ്ങള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ മാര്‍ക്കിലെ മിനിമം സ്‌കോര്‍ എടുത്തുകളഞ്ഞുകൊണ്ട് അവസാന പരീക്ഷയും ഇന്റേണല്‍ മാര്‍ക്കും സംയോജിപ്പിച്ചുകൊണ്ടുള്ള മിനിമം സ്‌കോര്‍ നിഷ്‌കര്‍ഷിക്കുക എന്നീ ശുപാര്‍ശകളും കമ്മിഷന്‍ അവതരിപ്പിച്ചു. ഈ റിപ്പോര്‍ട്ടിന് മന്ത്രിസഭാ അംഗീകാരം ലഭിച്ചെങ്കിലും എത്രത്തോളം പ്രായോഗികമായി നടപ്പിലാക്കിയെന്ന് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു. ഫലപ്രദമായ വിധത്തില്‍ ഈ ശുപാര്‍ശകളെങ്കിലും നടപ്പിലായിരുന്നുവെങ്കില്‍ ജിഷ്ണുവിന് നീതി തേടി സമരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ വീണ്ടും പ്രതികാര നടപടികള്‍ക്കു വിധേയരാകില്ലായിരുന്നു.
മാത്രമല്ല, ഇപ്പോഴും എന്‍ജിനീയറിംഗ് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ സമരരംഗത്താണെന്നത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെന്നാണ് വ്യക്തമാക്കുന്നത്.
ടെക്നിക്കല്‍ വിദ്യാഭ്യാസരംഗത്തെ കോളിളക്കങ്ങള്‍
ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് കേരളത്തിലെ എന്‍ജിനീയറിംഗ് മേഖലയിലുണ്ടായ പ്രക്ഷോഭങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല. മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുടങ്ങി സിലബസ്സിലേയും പരീക്ഷകളിലേയും അശാസ്ത്രീയതകള്‍ വരെ ഈ പൊട്ടിത്തെറികള്‍ക്ക് കാരണമായി. 2017 ഒക്ടോബറില്‍ ഓള്‍ കേരളാ കെ.ടി.യു സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന സമരം ഏകദേശം ഒരാഴ്ചയോളം ടെക്നിക്കല്‍ വിദ്യാഭ്യാസരംഗം സ്തംഭിപ്പിച്ചു. ടെക്നിക്കല്‍ സര്‍വ്വകലാശാല കേവലം കച്ചവട വിദ്യാഭ്യാസസ്ഥാപനമാണെന്നും വിദ്യാഭ്യാസത്തിന്റേയോ വിദ്യാര്‍ത്ഥികളുടേയോ താല്പര്യങ്ങള്‍ തീര്‍ത്തും പരിഗണിക്കാത്ത വിധത്തിലാണ് ഈ സ്ഥാപനം നിലനില്‍ക്കുന്നതെന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും അന്ന് ഒരേ ശബ്ദത്തില്‍ അഭിപ്രായപ്പെട്ടു. സെനറ്റ്, സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍ തുടങ്ങി സര്‍വ്വകലാ വിദ്യാഭ്യാസത്തിന്റെ നടത്തിപ്പിനാവശ്യമായ യാതൊരു സംവിധാനങ്ങളും പ്രവര്‍ത്തിക്കാത്ത ഈ സര്‍വ്വകലാശാല തന്നെയാണ് ടെക്നിക്കല്‍ വിദ്യാഭ്യാസരംഗത്തെ നിലവാരത്തകര്‍ച്ചയ്ക്കും കോളേജ് മാനേജ്മെന്റുകളുടെ ഏകാധിപത്യ പ്രവണതയ്ക്കും കാരണമെന്ന് അന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ചു.
പൂര്‍ണ്ണമായും വിശ്വാസ്യത നഷ്ടപ്പെട്ട അന്നത്തെ കെ.ടി.യു വൈസ്ചാന്‍സലര്‍ ഡോ. കുഞ്ചറിയ ഐസക് രാജിവെയ്‌ക്കേണ്ട സാഹചര്യംപോലും സൃഷ്ടിക്കപ്പെട്ടു. പിന്നീട് കുസാറ്റ് വിസിയുടെ താല്‍ക്കാലിക ചുമതലയില്‍ കെ.ടി.യു പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഉഷാ ടൈറ്റസാണ് കെ.ടി.യു വി.സി. വി.സിമാര്‍ മാറി വന്നിട്ടും ടെക്നിക്കല്‍ വിദ്യാഭ്യാസത്തിന് ശാപമോക്ഷമൊന്നുമായിട്ടില്ലയെന്ന് ഇന്നും തുടരുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ വ്യക്തമാക്കുന്നു. മാനേജ്മെന്റുകള്‍ക്കു വേണ്ടി പ്രവേശനമാനദണ്ഡം എന്‍ട്രന്‍സിലെ 10 മാര്‍ക്കാക്കിയതാണ് നിലവാരത്തകര്‍ച്ചയ്ക്ക് കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ ആക്ഷേപിക്കുന്നു. (എന്‍.ആര്‍.ഐ സീറ്റുകളില്‍ എന്‍ട്രന്‍സ് എഴുതാത്തവരെ പോലും പരിഗണിക്കാറുണ്ടത്രേ.)
വിദ്യാഭ്യാസത്തിനല്ല, മറിച്ച് സ്വാശ്രയ കോളേജുകളിലെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാതിരിക്കാനാണ് ഇവ്വിധത്തില്‍ പ്രവേശന മാനദണ്ഡത്തില്‍ വെള്ളം ചേര്‍ക്കുന്നതെന്ന് വ്യക്തം. ഇത്തരത്തില്‍ കച്ചവടത്തിനു കൂട്ടുനില്‍ക്കുന്ന സര്‍വ്വകലാശാല സംവിധാനത്തിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്. ഇത്രത്തോളം കോളിളക്കമുണ്ടായ ജിഷ്ണു പ്രണോയി കേസില്‍ എന്ത് വിശദീകരണമാണ് സര്‍വ്വകലാശാല കോളേജിനോട് തേടിയിട്ടുള്ളത്. ജിഷ്ണു കോപ്പിയടിച്ചില്ലെന്ന സി.ബി.ഐ റിപ്പോര്‍ട്ട് വന്നതിനു ശേഷമെങ്കിലും എന്താണവിടെ സംഭവിച്ചതെന്ന വിശദീകരണം ആവശ്യപ്പെട്ടോ? അന്നവിടെ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെമേല്‍ ശിക്ഷാനടപടികള്‍ കൈക്കോണ്ടോ? മനുഷ്യാവകാശ ധ്വംസനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഏതെങ്കിലും ഒരു കോളേജിനെതിരെ സ്വന്തം നിലയില്‍ ഒരു നടപടി കെ.ടി.യു സ്വീകരിച്ചിട്ടുണ്ടോ? പേരിനെങ്കിലും ഒരു നടപടി കെ.ടി.യുവിന്റെ ഭാഗത്തുനിന്നുമുണ്ടായിരുന്നുവെങ്കില്‍ ജിഷ്ണുവിനുവേണ്ടി സംസാരിച്ച വിദ്യാര്‍ത്ഥികളെ ഇന്നും തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ നെഹ്രു കോളേജ് മാനേജ്മെന്റിനാകില്ലായിരുന്നു
ജിഷ്ണുവിന് നീതി തേടുന്ന പോരാട്ടം ഉത്തരമില്ലാതെ നില്‍ക്കുന്ന ഈ രണ്ടാം വര്‍ഷത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തിന്റെ അവസ്ഥയിതാണ്. ഇനിയൊരു ജിഷ്ണു ആവര്‍ത്തിക്കില്ലായെന്ന ഉറപ്പ് നല്‍കാന്‍ സര്‍ക്കാരിനോ സര്‍വ്വകലാശാലകള്‍ക്കോ സാധിച്ചിട്ടില്ല. ഇന്റേണല്‍ മാര്‍ക്ക്, ഹാജര്‍ ശതമാനം, ഫീസ് പിരിവ് തുടങ്ങിയ ഏതാനും അധികാരങ്ങള്‍ മാത്രം കൈവശമുണ്ടായിരുന്ന സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് കീഴിലാണ് ജിഷ്ണു പ്രണോയി സംഭവിച്ചത്. ഈയൊരു സന്ദര്‍ഭത്തില്‍ സിലബസ് നിര്‍ണ്ണയം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ കോളേജുകളുടെ അവകാശമായി മാറുന്ന നിലയിലേക്ക് ഉന്നതവിദ്യാഭ്യാസരംഗം മാറ്റുന്ന പരിഷ്‌കാരങ്ങള്‍ പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്. ജിഷ്ണുവിന്റെ കൊലയാളികള്‍ സ്വതന്ത്രരായി വിഹരിക്കുന്ന നാട്ടില്‍ എല്ലാ വിദ്യാഭ്യാസ നടത്തിപ്പിന്റെ എല്ലാ അധികാരവും മാനേജ്മെന്റുകള്‍ക്കു വെച്ചുനീട്ടുന്ന ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ അഭിലഷണീയമല്ല. വിദ്യാര്‍ത്ഥികളുടെ ജീവനും മാനത്തിനും സുരക്ഷ നല്‍കുന്ന ഒരു സംവിധാനവുമിവിടെ ഉണ്ടായിട്ടില്ല. ഏറെ പ്രതീക്ഷ നല്‍കിയ, വാഗ്ദത്ത ജിഷ്ണു ആക്ട് പോലും കേവലം പ്രഖ്യാപനത്തിലൊതുങ്ങി. പകരം രാഖികൃഷ്ണയുടെ മരണവും ജിഷ്ണുവിന്റെ സഹപാഠികളെ വേട്ടയാടുന്നതുമെല്ലാം കണേണ്ടതായും വന്നു. അതിനാല്‍ ഇനിയും അമ്മ മഹിജയുടെ നെഞ്ചിലെരിയുന്ന കനലുകള്‍ ഏറ്റെടുക്കാന്‍ കേരളസമൂഹം മടിക്കേണ്ടതില്ല. ഇടിമുറികള്‍ ചുട്ടെരിക്കാനുള്ള അഗ്‌നി പടര്‍ത്താന്‍ ആ കനലുകള്‍ക്കേ സാധിക്കൂ.
(ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഗവേഷകയാണ് ലേഖിക)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates