കുമളിയില്‍നിന്നും പതിനഞ്ചു കിലോമീറ്റര്‍ മാറി വണ്ണാത്തിപ്പാറ എന്ന പുല്‍മേട്ടിലാണ് പ്രാചീന മന്ദിരമായ മംഗളാദേവിക്കോട്ടം അഥവാ മംഗളമാഡന്‍തായ്ക്കോട്ടം സ്ഥിതിചെയ്യുന്നത്. ചരിത്ര പുരാവസ്തു പ്രാധാന്യമുള്ള ഈ വാസ്തുശില്പ നിര്‍മ്മിതി പാരിസ്ഥിതിക പ്രാധാന്യമുള്ള പെരിയാര്‍ കടുവാസങ്കേതത്തിനുള്ളിലാണ്. തെന്നിന്ത്യയിലെ ഏറ്റവും വലിയ നദികളിലൊന്നായ പെരിയാറിന്റെ ഉല്‍ഭവവും വൃഷ്ടിപ്രദേശവുമാണ് ഈ മേഖല. സമുദ്രനിരപ്പില്‍ നിന്നും 1337 മീറ്റര്‍ ഉയരത്തിലുള്ള പശ്ചിമഘട്ട പുല്‍മേടുകളും ചോലകളുമാണ് വണ്ണാത്തിപ്പാറയുടെ ജൈവ പരിസ്ഥിതി. കിഴക്കു താഴെയായി മേഘമലയും കമ്പം താഴ്വരയും. വടക്കോട്ടു മാറിയാണ് ബോധി മലനിരകളും ബോധിമേടും ബോധിനായകനൂരും. പ്രാചീന ബൗദ്ധ വാസ്തുശില്പമായ സ്തൂപം അഥവാ മുട്ടത്തെ/വട്ടത്തെ സൂചിപ്പിക്കുന്ന കുംഭം എന്ന പദത്തില്‍നിന്നാണ് കുമ്പം അഥവാ കമ്പം എന്ന സ്ഥലപ്പേരുണ്ടാകുന്നത്. കുമളി അഥവാ കുമിളിയുടെ സൂചനയും കുമിളപോലുള്ള സ്തൂപാകൃതിയാണ്. കോട്ടം, വട്ടം, മുട്ടം, കുറ്റി എന്നീ വാസ്തുശില്പ സൂചനകളുള്ള സ്ഥലനാമങ്ങളും ബൗദ്ധമായ സ്തൂപത്തേയും ചൈത്യവിഹാരങ്ങളേയും കുറിക്കുന്നു. സ്തൂപങ്ങളും പഗോഡകളുമുണ്ടായിരുന്ന സ്ഥലങ്ങള്‍ക്കാണ് കോട്ടവും വട്ടവും കുറ്റിയും മുട്ടവും ചേരുന്ന പേരുകളുള്ളത്. കുടം ചേരുന്ന സ്ഥലനാമങ്ങള്‍ പോലെതന്നെ കുമിളിയും തികച്ചും ബൗദ്ധമായ സ്തൂപസൂചനയാണ്. മഹാമംഗളസൂത്രം തികച്ചും ബൗദ്ധമാണ്. ആദിയില്‍ മഹാമായയേയും പിന്നീട് താരാദേവിയേയുമാണ് മംഗളാദേവിയായി ആരാധിച്ചു പോന്നത്. ബുദ്ധമാതാവായ മഹാമായയെന്ന മംഗളാദേവിയില്‍നിന്നാണ് തെന്നിന്ത്യയിലെ നൂറുകണക്കിനു സ്ഥലങ്ങള്‍ക്ക് മംഗലം ചേരുന്ന നാമങ്ങളുണ്ടായത്. നേര്യമംഗലവും കോതമംഗലവും കുട്ടമംഗലവും കൊറമംഗലവും മംഗലാപുരവുമെല്ലാം ഉദാഹരണങ്ങളാണ്. മംഗലാപുരത്തിന്റെ ബൗദ്ധചരിത്രത്തെക്കുറിച്ച് ഇളംകുളം തന്നെ തുളുനാടും കേരളവും എന്ന ദീര്‍ഘമായ പഠനത്തില്‍ വിസ്തരിച്ചു വിവരിച്ചിട്ടുണ്ട്.
എട്ടും ഒന്‍പതും നൂറ്റാണ്ടു മുതല്‍ തമിഴകത്തു പ്രമാദമായ ശൈവമതലഹരിയിലാണ് ബൗദ്ധമായ കന്യാമഠങ്ങളും കാവുകളും ചൈത്യവിഹാരങ്ങളും കോട്ടങ്ങളും ശൈവഹൈന്ദവമാക്കപ്പെട്ടത്. ഇന്ത്യയുടെ സാമൂഹ്യചരിത്രമെഴുതിയ എസ്.എന്‍. സദാശിവനും കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രമെഴുതിയ പി.കെ. ഗോപാലകൃഷ്ണനും മദുരൈ കേന്ദ്രീകരിച്ച് അരങ്ങേറിയ ചമണമതഹിംസനവും ശൈവമതാധിനിവേശങ്ങളും വ്യക്തമായി ചരിത്രവല്‍ക്കരിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. ജൈനത്തില്‍നിന്നും ശൈവത്തിലേക്കു മാറിയ അപ്പരും സംബന്ധമൂര്‍ത്തിയും കൂടി നടത്തിയ കൊടിയ ഹിംസാധിനിവേശങ്ങളിലാണ് കുഭം താഴ്വരയും കുമിളിചുരവും വണ്ണാത്തിപ്പാറയിലെ തായ്ചോലയിലുള്ള ബൗദ്ധ കന്യാമഠമായിരുന്ന മംഗളാദേവിക്കോട്ടവുമെല്ലാം ഒന്‍പതാം നൂറ്റാണ്ടില്‍ ശൈവക്ഷേത്രമായി മാറിയത്. സംഘാരാമങ്ങളായ കാവുകളും കന്യാമഠങ്ങളും ആക്രമിച്ചു മതം മാറ്റാനുള്ള ഒരു പ്രത്യേക നരമേധകസംഘം തന്നെ സംബന്ധമൂര്‍ത്തിയുടെ ചൊല്‍പ്പടിയിലുണ്ടായിരുന്നതായി എസ്.എന്‍. സദാശിവന്‍ എഴുതുന്നു. ചേര്‍ത്തലയിലും കൊടുങ്ങല്ലൂരിലും ഇന്നും അരങ്ങേറുന്ന, സഹോദരന്റെ ഭാഷയില്‍ കേരളമാകെ ചോരയും കള്ളും തെറിയും കോരിയൊഴിക്കുന്ന കാവുതീണ്ടല്‍ പോലുള്ള ഹിംസാത്മകമായ ക്ഷുദ്രകോമരങ്ങളെയിറക്കിയുള്ള കാപാലിക കാര്യപരിപാടിയിലൂടെയാണ് മംഗളാദേവിക്കോട്ടവും പിടിച്ചു മദുരൈ മീനാച്ചിയമ്മന്‍ കോവിലില്‍ നടന്നപോലെ ഭിക്കുകളെ കഴുവേറ്റിയതും ഭിക്കുനികളെ മാനഭംഗം ചെയ്തു ദേവദാസിമാരാക്കിയതും.
മദുരയില്‍ നിന്നെത്തിയ കണ്ണകി
സംഘസാഹിത്യ സൂചനകളും ചിലപ്പതികാരവും മണിമേഖലയും തരുന്ന പരാമര്‍ശങ്ങളും മഹാവംശത്തിലേയും ദ്വീപവംശത്തിലേയും താരതമ്യ വിവക്ഷകളും വച്ചു നോക്കുമ്പോള്‍ ക്രിസ്തുവര്‍ഷം രണ്ടാം ദശകത്തിലാണ് നെടുംചേരലാതന്റെ മകനും ഇളങ്കോ അടികളുടെ മൂത്തസോദരനുമായിരുന്ന ചേരമൂപ്പന്‍ ചേരന്‍ ചെങ്കുട്ടുവന്‍ പത്തിനി രൂപത്തിലുള്ള കണ്ണകിയുടെ പ്രതിഷ്ഠ കുമിളിയിലെ വണ്ണാത്തിപ്പാറയില്‍ നിര്‍വ്വഹിക്കുന്നത്. മദുരൈയെരിച്ച കണ്ണകി വൈഗാതീരത്തുകൂടി മേക്കോട്ടുകയറി കുമിളിയിലെ പുത്തകന്യാമഠത്തിലെത്തി ഭിക്കുനിയായി, പിന്നീട് മഹാമായയില്‍ വിലയം പ്രാപിച്ചതായി വിശ്വസിക്കപ്പെടുന്നു. കരുമാടിയിലേതുപോലെ കുട്ടനെന്നു വിളിക്കപ്പെട്ട ബാലബുദ്ധന്റെ നാടായ കുട്ടനാടിന്റെ അധിപനായതുകൊണ്ടാണ് കുട്ടുവന്‍ എന്ന സ്ഥാനപ്പേരിനും ചേരന്‍ അര്‍ഹനായത്. ആദിചേരന്‍മാര്‍ ആതന്‍ എന്ന ബൗദ്ധമായ അര്‍ഹത സ്ഥാനപ്പേരിലാണറിയപ്പെട്ടിരുന്നത്. ചെങ്കുട്ടുവന്റെ രണ്ടാം പ്രതിഷ്ഠ കൊടുങ്ങല്ലൂരും മൂന്നാം പ്രതിഷ്ഠ ആറ്റുകാലിലുമായിരുന്നു. ഇവിടങ്ങളിലെല്ലാം പുത്തന്‍ ഭിക്കുനിമാരെ സ്വീകരിച്ചാദരിക്കുന്ന കുംഭത്തിലുള്ള അഥവാ മണ്‍കലത്തിലുള്ള പുത്തപ്രിയമായ പാല്‍ക്കഞ്ഞി കാച്ചലാണ് പൊങ്കാലയായി മാറിയത്. കരുമാടിക്കുട്ടനാദിയിലിരുന്ന അമ്പലപ്പുഴയിലെ പാല്‍പ്പായസത്തിനും ബൗദ്ധവംശാവലിയാണുള്ളത്. ശ്രീലങ്കന്‍ രാജാവായിരുന്ന ഗജബാഹു ഒന്നാമന്‍ ഈ പ്രതിഷ്ഠാപനങ്ങളില്‍ സന്നിഹിതനായിരുന്നു. മഹാവംശത്തില്‍നിന്നും അദ്ദേഹത്തിന്റെ ഭരണകാല നിര്‍ണ്ണയം നടത്തിയാണ് മംഗളാദേവിക്കോട്ടത്തിന്റെ ആദ്യപ്രതിഷ്ഠയുടെ കാലഗണന ചരിത്രഗവേഷകര്‍ നടത്തുന്നത്. എ.ഡി. രണ്ടാം നൂറ്റാണ്ടിലാണിത്. പിന്നീട് ഏഴാം നൂറ്റാണ്ടോടെ താന്ത്രിക ബുദ്ധമതധാരയായ വജ്രയാനത്തിന്റെ വരവോടെ മഹാമായാ സങ്കല്പം നിറഞ്ഞ മംഗളാദേവി താരാദേവിയെന്ന ബോധിസത്വസങ്കല്‍പ്പത്തിലേക്കു പരിവര്‍ത്തിക്കയും ഒന്‍പതാം നൂറ്റാണ്ടില്‍ നടന്ന ശൈവാധിനിവേശത്തില്‍ പാര്‍വ്വതിയമ്മനായി മാറ്റപ്പെടുകയുമാണ് ഉണ്ടായത്. എന്നാലും മംഗളാദേവിക്കോട്ടം എന്ന പേര് ബഹുജനങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്നു. പുത്തരുടെ കോവിലാണ് അഥവാ പാലിഭാഷയില്‍ പറഞ്ഞാല്‍ ബൗദ്ധപ്പള്ളിയാണ് ശിവനും ഗണപതിയും പ്രതിഷ്ഠിക്കപ്പെട്ട ശൈവക്ഷേത്രമായി മാറ്റപ്പെട്ടത്. എന്നാലും വാസ്തുശില്പത്തില്‍ പാണ്ഡ്യശൈലിയില്‍ത്തന്നെ ലയിച്ചുചേരുന്ന ആഗോള ബൗദ്ധബിംബങ്ങളായ സിംഹഗജങ്ങളും വ്യാളികളും എല്ലാം ഇന്നും കരിങ്കല്ലടിത്തറയില്‍ കാര്യമായി അവശേഷിക്കുന്നു.
ഏതായാലും ഇന്നും കുമ്പം താഴ്വരയില്‍ നിന്നുമുള്ള ആയിരക്കണക്കിന് ബഹുജനങ്ങളും സ്ത്രീകളും ബോധോദയ പ്രതീകമായ മഞ്ഞയുടുത്ത് ചിത്രപൗര്‍ണ്ണമിയെന്ന ബുദ്ധപൗര്‍ണ്ണമിയില്‍ വൈശാഖ മാസത്തില്‍ മലകയറി വന്നു മംഗളാദേവിയെ വണങ്ങുന്നു. ആനകള്‍ കല്‍വട്ടത്തെ വട്ടംചുറ്റുന്ന കൊട്ടിയൂരെ വൈശാഘോല്‍സവവും യഥാര്‍ത്ഥത്തില്‍ മധ്യകാലം വരെ ബൗദ്ധമായിരുന്നു. പുത്തരുടെ ജന്മമാസമാണല്ലോ വൈശാഖം. കണ്ണകിയായും പത്തിനിയായും മഹാമായയായും താരയായും പാര്‍വ്വതിയായും തായ്ചോലയിലെ ആ തായ അവര്‍ണ്ണരായ ശരണാഗതര്‍ക്ക് അഭയവും ആശ്വാസവും പകരുന്നു. അപൂര്‍വ്വമായ പാരിസ്ഥിതിക ജൈവ പ്രാധാന്യമുള്ള ഈ തായ്ചോലയെ മറ്റൊരു ശബരിമലയാക്കാനുള്ള ഗൂഢപദ്ധതികള്‍ക്ക് പരിവാരവും ബ്രാഹ്മണിക ഹൈന്ദവശക്തികളും വളരെക്കാലമായി കോപ്പുകൂട്ടുന്നു. എവിടെ ബഹുജനങ്ങളുടെ അധ്വാനഫലമായ മൂലധനം വരുന്നുവോ അവിടം ബ്രാഹ്മണ പൗരോഹിത്യവും പാദജരായ ശൂദ്രരും കൂടി കോളനീകരിക്കുന്നു. ദേവസ്വംബോഡിലെ സാമൂഹ്യ പ്രാതിനിധ്യവും അടങ്ങാത്ത സാമ്പത്തിക സംവരണവാദവും നമുക്കറിവുള്ളതല്ലോ. ശബരിമല, തിരുപ്പതി, ഗുരുവായൂര്‍, പളനി തുടങ്ങിയ മഹായാന ബൗദ്ധകേന്ദ്രങ്ങളെ മധ്യകാലത്തുതന്നെ ബ്രാഹ്മണ്യം ഇങ്ങനെ ഹൈന്ദവീകരിച്ചെടുത്തു കുത്തകയാക്കി. വാഗമണ്ണിലെ പള്ളിക്കാനത്തും ഇത്തരം ക്ഷേത്രപ്രതിഷ്ഠാപന ശ്രമങ്ങള്‍ കഴിഞ്ഞ ഒരു ദശകമായി നടന്നുവരികയാണ്. വണ്ണാത്തിപ്പാറയില്‍ ഹിന്ദുക്ഷേത്രപ്രതിഷ്ഠ അനുവദിച്ചാല്‍ പാരിസ്ഥിതികവും സാമൂഹ്യവുമായ സര്‍വ്വനാശമായിരിക്കും അത്. വംശഹത്യയില്‍ എത്തിനില്‍ക്കുന്ന ഹിന്ദുത്വ ഫാസിസത്തിനുള്ള ഒരു പാദസേവനം. ചരിത്രനിരാസവും സംസ്‌കാരാഭാസവും രാഷ്ട്രീയ ദുരന്തവും. പുല്ലുമേടു ദുരന്തമടക്കമുള്ള നിരവധി പാതകങ്ങള്‍ ആവര്‍ത്തിക്കേണ്ടിവരാം. ഫലം അതിലും മാരകവും തിരുത്താനാവാത്തതുമാകാം. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലാണ് ഇതെന്നോര്‍ക്കണം. എല്ലാ മാസവും ശബരിമല-ഗുരുവായൂര്‍ മോഡലിലുള്ള ദര്‍ശനപൂജകള്‍ വന്യജീവിശരണാലയത്തിനുള്ളില്‍ പാടുള്ളതല്ല. പാരിസ്ഥിതികവും സാംസ്‌ക്കാരികവും ചരിത്രപുരാവസ്തുപരവുമായ ആഗോള പ്രാധാന്യമുള്ള മംഗളാദേവിക്കോട്ടത്തെ ലോകപൈതൃകമായി യുനെസ്‌കോ തന്നെ ഏറ്റെടുത്തു സംരക്ഷിക്കേണ്ടതുണ്ട്. ചുരുങ്ങിയത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോ കേരള പുരാവസ്തു വകുപ്പോ അതു ചെയ്യേണ്ടതുണ്ട്.
ഹൈന്ദവ ഫാസിസം
ഇന്നും കണ്ണകീക്കോവിലില്‍ തമിഴ് സ്ത്രീകളാണ് കാര്‍മ്മികര്‍. 2013-ലെ ബുദ്ധപൂര്‍ണ്ണിമയില്‍ ലേഖകന്‍ അവിടം സന്ദര്‍ശിച്ചപ്പോഴും അതു നേരില്‍ കണ്ടതാണ്. ശിവക്ഷേത്രം കേരള ബ്രാഹ്മണ പുരുഷ തന്ത്രിമാരും കീഴ്ശാന്തിക്കാരും കയ്യടക്കിക്കഴിഞ്ഞു. മംഗലാപുരത്തെ കുദ്രോളിയില്‍ കേരളപുത്തരായ നാണുവാശാന്‍ സ്ഥാപിച്ച അമ്പലത്തില്‍ രണ്ടു വിധവകളായ ദളിത് സ്ത്രീകളാണ് കാര്‍മ്മികര്‍ എന്ന വസ്തുത നാമിവിടെ ഓര്‍ക്കണം. ഒരു കാരണവശാലും ബുദ്ധപൂര്‍ണ്ണിമയിലുള്ള തമിഴ് അവര്‍ണ്ണ വനിതകളുടെ മഹനീയവും മാതൃകാപരവും മാനുഷികവും ലിംഗനീതിയുടെ സൂചകവുമായ ആരാധന മാറ്റാന്‍ ബഹുജനങ്ങളും ജനകീയ സര്‍ക്കാരുകളും അനുവദിക്കരുത്. ലിംഗ, ജാതി ഉച്ചനീചത്വമില്ലാത്ത പ്രബുദ്ധ സംസ്‌ക്കാരത്തില്‍ മാത്രമേ ഇതു സാധ്യമാകൂ. മംഗളാദേവിക്കോട്ടം ശബരിമലപോലെ ബൗദ്ധമാണെന്നതിന്റെ തെളിവാണിത്. ബ്രാഹ്മണികമായ ഹൈന്ദവ ക്ഷേത്രമായിരുന്നെങ്കില്‍ ഇതൊരിക്കലും നടപ്പിലാവുകയില്ലായിരുന്നു. ബൗദ്ധമായ ഭൂതകാലത്തിന്റെ മായാത്ത സമഭാവനയുടെ അടയാളവുമാണിത്. ഇതിനെയെല്ലാം മാറ്റിമറിക്കുന്ന പുനഃപ്രതിഷ്ഠയും പുനഃക്രമീകരണങ്ങളും ഹൈന്ദവമായി നടപ്പാക്കുന്നത് ഫാസിസം അനുദിനം ഹൈന്ദവീകരണത്തിലൂടെ വിഴുങ്ങുന്ന കേരളത്തില്‍ മാരകമാകും. അതുപോലെ പ്രാചീന ചരിത്രപുരാവസ്തുവായ മംഗളാദേവിക്കോട്ടത്തെ പുതുക്കിപ്പണിയുന്നത് അതീവ ജാഗ്രതയോടെ വേണം. എ.എസ്.ഐയുടേയും യുനെസ്‌കോയുടെയുമെല്ലാം മേല്‍നോട്ടത്തില്‍ തെന്നിന്ത്യയിലെ തന്നെ കുറ്റാലം പോലുള്ള പൈതൃക ഇടങ്ങളിലെ വലിയ നിര്‍മ്മിതികളുമായി താരതമ്യം ചെയ്തു പഠിച്ചുവേണം സൂക്ഷ്മശ്രദ്ധയോടെ ഇതു നിര്‍വ്വഹിക്കാന്‍. പ്രാചീന കേരള-തമിഴക സംസ്‌ക്കാരധാരകളുടെ മര്‍മ്മമറിഞ്ഞ ചരിത്രപുരാവസ്തു വാസ്തുശില്പവിദഗ്ദ്ധരുടെ സമഗ്ര വീക്ഷണത്തിലും മുന്‍നോട്ടത്തിലും വേണം ആ ചരിത്രഭൂമികയില്‍ ഇടപെടാന്‍.
അതുപോലെതന്നെ പാരിസ്ഥിതിക ചരിത്ര സാംസ്‌ക്കാരികാവബോധമുള്ള ശാസ്ത്രഗവേഷകരുടേയും സ്ഥാപനങ്ങളുടേയും നിരീക്ഷണങ്ങളും നിര്‍ണ്ണായകമാകും. റീലോഡു ചെയ്ത ശൈവഭക്തിയുടെ പാക്കേജ് ടൂറിസ്റ്റ് സൈറ്റും മേല്‍കീഴ്ശാന്തിമാരുടേയും തന്ത്രിമാരുടേയും കാണിക്ക-കയ്മടക്കുകേന്ദ്രവുമായ മറ്റൊരു പാരിസ്ഥിതിക ദുരന്തമായി അഭിനവ ശബരിമലയും തിരുപ്പതിയുമായി മംഗളാദേവിക്കോട്ടത്തെ മാറ്റാനുള്ള ഗൂഢനീക്കങ്ങള്‍ക്ക് ജനകീയ സര്‍ക്കാരുകള്‍ ലൈസന്‍സ് കൊടുക്കരുത്. കുമിളിച്ചുരത്തിനു വടക്കുള്ള ബോധിമേടു ചുരത്തിനു തൊട്ടുവടക്കു ബോധിമലകളിലെ അന്‍പരശന്‍ മുടി തുരന്നു നടത്തുന്ന അണുപരീക്ഷണ പരിപാടിയും പാരിസ്ഥിതികവും പ്രാദേശിക സംസ്‌ക്കാരപരവുമായി അടിയന്തര ശ്രദ്ധ വേണ്ടതാണ്. പള്ളിവാസലിനും ചക്രമുടിക്കും കിഴക്ക് നാഗമലയും ബോധിമലനിരകളും ബോധിമേടും ത്രിപാദമലയുമെല്ലാം ചേരുന്ന തികച്ചും ചരിത്ര പ്രാധാന്യവും പാരിസ്ഥിതികമായി നിര്‍ണ്ണായകവുമായ പശ്ചിമഘട്ട ജൈവവൈവിധ്യമേഖലയേയും ജനവാസ, തോട്ടം മേഖലയേയും എന്നെന്നേക്കുമായി ആണവ വികിരണത്തിന്റെ ചുടുകാടും തരിശുമാക്കാനുള്ള ന്യൂക്ലിയര്‍ മാലിന്യനിര്‍മ്മാര്‍ജ്ജന ഗൂഢപരിപാടിയാണിത്. ബോധിമലകളിലെ അന്‍പരശന്‍മുടി അന്‍പിന്റെ അരശനായ പുത്തരെ സൂചിപ്പിക്കുന്നതാണ്. കുഭം താഴ്വരയിലെ ബോധിനായകനൂരോ തേവാരത്തോ നിന്നു നോക്കുമ്പോള്‍ അന്‍പരശന്റെ അഥവാ മഹാകാരുണികനായ പുത്തരുടെ തിരുമുടിക്കെട്ടുപോലെ സ്തൂപാകൃതിയില്‍ കാണപ്പെടുന്ന സവിശേഷ ഭൗമരൂപീകരണവും ജൈവദൃശ്യവുമാണ് അന്‍പരശന്‍മുടി. ലോകപൈതൃകമാണിത്. അശോകന്‍ ഗജോത്തമനായി ആദിയില്‍ പ്രതിനിധാനം ചെയ്ത പുത്തരെ ഭൗമികമായി സൂചിപ്പിക്കുന്ന ആനമുടിയും ധമ്മചക്രം പ്രതിഷ്ഠിച്ച ചക്രമുടിയും അങ്ങനെ തന്നെ. പള്ളിയെ പിള്ളിയും പുള്ളിയും വള്ളിയുമാക്കുന്ന പോലെ ബോധിമലകളേയും മേടുകളേയും ബോഡിമെട്ടായും ബോധിനായകന്റെ ഊരിനെ ബോഡിനായ്ക്കന്റെ ഊരാക്കിയും സ്ഥലനാമ അട്ടിമറികള്‍ നടത്തിയാണ് അധീശത്വം ചരിത്രത്തെ മായ്ക്കുന്നതും മറയ്ക്കുന്നതും. പ്രബുദ്ധകേരളം ഉണരട്ടെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates