വലത്തുനിന്നു ഇടത്തോട്ട് ചരിഞ്ഞ ജോസ് കെ. മാണി ടെലിവിഷന്‍ ചാനലുകള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ തന്റെ പിതാവ് കരിങ്കോഴക്കല്‍ മാണി മാണിയുടെ ഏറ്റവും വലിയ യോഗ്യതകളില്‍ (നേട്ടങ്ങളില്‍) ഒന്നായി എടുത്തുപറയുന്നത്, അദ്ദേഹത്തിന്റെ അന്‍പതാണ്ടിലേറെ നീണ്ടുനിന്ന നിയമസഭാ സാമാജികത്വമാണ്. 1965-ല്‍ നിലവില്‍ വന്ന പാല അസംബ്ലി മണ്ഡലത്തെ, 2019 ഏപ്രിലില്‍ താന്‍ മരിക്കുംവരെ പ്രതിനിധാനം ചെയ്തത് മാണിയായിരുന്നു. അഞ്ചര പതിറ്റാണ്ടോളം കാലം കേരള നിയമസഭയില്‍ എം.എല്‍.എയും മന്ത്രിയുമൊക്കെയായി വാണ മാണി അതിഗംഭീരന്‍ എന്ന ആശയമാണ് ജോസിന്റെ നാവില്‍ വിരിയുന്നത്.
രണ്ടു മാസം മുന്‍പു് ഉമ്മന്‍ ചാണ്ടിയും കൈവരിച്ചു സാമാജികത്വത്തില്‍ റെക്കോര്‍ഡ്. അദ്ദേഹം പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി അന്‍പതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു. പാര്‍ട്ടിക്കാരും പത്രക്കാരുമൊക്കെ അതു സാഹ്ലാദം ആഘോഷിക്കുകയും ചെയ്തു. മാണിക്കും ചാണ്ടിക്കും പുറമെ ഇതേ 'കീര്‍ത്തി'യിലേയ്ക്കുയരാന്‍ നമ്മുടെ സംസ്ഥാനത്ത് വേറെയും ചില സാമാജികര്‍ കാത്തിരിപ്പുണ്ട്. ഭൂമിയോട് വിടചൊല്ലും വരെ അസംബ്ലിയിലോ പാര്‍ലമെന്റിലോ അംഗമായി തുടരാനുള്ള മഹാഭാഗ്യം കൈവരണമേ എന്നത് മാത്രമാണവരുടെ പ്രാര്‍ത്ഥന.
ഈ പ്രാര്‍ത്ഥനയും അരശതകമോ അതില്‍ കൂടുതലോ നീട്ടുന്ന സാമാജികത്വവും ജനാധിപത്യ വ്യവസ്ഥയ്ക്ക് ചേരുന്നതാണോ? പണ്ട് രാജഭരണ വ്യവസ്ഥ നിലനിന്ന കാലത്ത് രാജാവ് മൃതിയടയും വരെയോ അതല്ലെങ്കില്‍ യുദ്ധത്തില്‍ തോല്‍പ്പിക്കപ്പെടുകയോ ശത്രുക്കളാല്‍ വധിക്കപ്പെടുകയോ ചെയ്യും വരെയോ അധികാരത്തില്‍ തുടരുക എന്നതായിരുന്നു രീതി. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ രാജ്യം ഭരിച്ച അശോക ചക്രവര്‍ത്തി 36 വര്‍ഷം (ബി.സി. 268-232) അധികാരത്തിലിരുന്നിട്ടുണ്ട്. മരണം വരെ അദ്ദേഹം ചക്രവര്‍ത്തിയായി തുടര്‍ന്നു. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച ഹര്‍ഷ വര്‍ധനന്‍ പുലികേശി രണ്ടാമനുമായുള്ള യുദ്ധത്തില്‍ തോല്‍പ്പിക്കപ്പെടും വരെ 41 വര്‍ഷക്കാലം (എ.ഡി. 606-647) രാജപദവിയലങ്കരിച്ചു. മുഗള്‍ ചക്രവര്‍ത്തി അക്ബറാവട്ടെ, തന്റെ അന്ത്യശ്വാസം വരെ അന്‍പതോളം വര്‍ഷം (15561605) നാട് ഭരിച്ചു. തന്റെ കണ്ണടയുംവരെ 49 കൊല്ലക്കാലം വാഴ്ചയിലിരുന്ന മറ്റൊരു ചക്രവര്‍ത്തിയത്രേ ഔറംഗസീബ്.
ജനങ്ങളുടെ ഹിതമല്ല, വംശത്തിന്റേയോ കുലത്തിന്റേയോ കുടുംബത്തിന്റേയോ വ്യക്തിയുടേയോ ഹിതമായിരുന്നു രാജവാഴ്ചക്കാലത്ത് ഉയര്‍ത്തിപ്പിടിക്കപ്പെട്ട തത്ത്വം. ഭരണകര്‍ത്താവിന്റെ സ്വേച്ഛാധിപത്യമായിരുന്നു ആ കാലയളവില്‍ നിലനിന്നത്. അവിടെനിന്നു മുന്നോട്ടുള്ള അനുക്രമ പ്രയാണത്തിലൂടെയാണ് ജനാധിപത്യ ഭരണവ്യവസ്ഥ എന്ന നൂതനാശയത്തില്‍ മാനവരാശി എത്തിച്ചേര്‍ന്നത്. ജനങ്ങളുടെ, ജനങ്ങളാലുള്ള, ജനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണം എന്നു പത്തൊന്‍പതാം നൂറ്റാണ്ടില്‍ അബ്രഹാം ലിങ്കണ്‍ നിര്‍വ്വചിച്ച ജനാധിപത്യ ഭരണരീതി സ്വാതന്ത്ര്യാനന്തരം ഇന്ത്യയും സ്വീകരിച്ചു.
ജനാധിപത്യത്തിന്റെ മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു നാം. പക്ഷേ, പുഴുക്കുത്തുകള്‍ ഏറെയാണ് നമ്മുടെ ജനാധിപത്യത്തില്‍. ഡെമോക്രസിയില്‍ വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെ ഡെമോക്രസിക്ക് കടകവിരുദ്ധമായ പ്രവണത പ്രകടിപ്പിച്ചുപോന്നത് കാണാം. 1975-ല്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ മികച്ച ഉദാഹരണമാണ്. രണ്ടു വര്‍ഷത്തോളം കാലം രാജ്യത്ത് ജനാധിപത്യ മൂല്യങ്ങള്‍ ഗളഹസ്തം ചെയ്യപ്പെടുകയും സര്‍വ്വാധിപത്യം കൊടികുത്തി വാഴുകയും ചെയ്തു. പിന്നീട് ജനാധിപത്യത്തിന്റെ പാതയിലേക്ക് തിരിച്ചുപോക്ക് നടത്തിയെങ്കിലും വിത്തബലവും പേശീബലവുമുള്ള ക്രിമിനലുകള്‍ ജനപ്രതിനിധികളായി അരങ്ങുവാഴുന്ന സ്ഥിതിവിശേഷം ജനാധിപത്യ ഇന്ത്യയുടെ ശോഭ കെടുത്തി. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരേയും ശിക്ഷിക്കപ്പെട്ടവരേയും തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കുകയും എം.പിയും എം.എല്‍.എയും മന്ത്രിയുമൊക്കെയാക്കുകയും ചെയ്യുന്ന നീചരീതി വ്യാപകമായി.
സാമാജികത്വത്തിന്റെ പരിധിവിട്ട് സുദീര്‍ഘത
കുറ്റവാളികള്‍ ജനപ്രതിനിധികളാവുക എന്നത് ജനങ്ങളെ അവഹേളിക്കലല്ലാതെ മറ്റൊന്നുമല്ല. മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കളും ക്രിമിനലുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അറപ്പുളവാക്കുന്ന ഈ സ്ഥിതിവിശേഷത്തിനു കാരണം. 2004-ല്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളില്‍ 24 ശതമാനം പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടായിരുന്നു. 2009-ല്‍ അത് 30 ശതമാനമായും 2014-ല്‍ 34 ശതമാനമായും ഉയര്‍ന്നു. 2019-ല്‍ എം.പിമാരായവരില്‍ 43 ശതമാനം പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നു. സുപ്രീംകോടതിയുടെ ഇടപെടലുകളുണ്ടായിട്ടും സ്ഥിതിയില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. 1951-ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിക്കൊണ്ടു മാത്രമേ അങ്ങേയറ്റം അപമാനകരവും അധിക്ഷേപകരവുമായ ഈ ദുഃസ്ഥിതിക്ക് എന്തെങ്കിലും പരിഹാരം കണ്ടെത്താനാവൂ. മുഖ്യധാരാ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ അവലംബിച്ചുപോന്നിട്ടുള്ളത് അക്ഷന്തവ്യമായ അലംഭാവമാണെന്നത് വസ്തുത മാത്രം.
നമ്മുടെ ജനാധിപത്യത്തെ ബാധിച്ച മറ്റൊരു പുഴുക്കുത്തത്രേ ഒരേ വ്യക്തി ദീര്‍ഘകാലം സാമാജികനായിരിക്കുക എന്നത്. അമ്പതോ അതില്‍ കൂടുതലോ വര്‍ഷം ഒരാള്‍ എം.എല്‍.എയോ എം.പിയോ ആയി തുടരുക എന്നതിനര്‍ത്ഥം അയാളുടെ പാര്‍ട്ടിയില്‍ അര്‍ഹരായ ഒട്ടേറെ പേര്‍ക്ക് ജനപ്രതിനിധികളാകാനുള്ള അവസരം നിഷേധിക്കുക എന്നാണ്. കെ.എം. മാണി നയിച്ച കേരള കോണ്‍ഗ്രസ്സില്‍ പാലാ നിയോജകമണ്ഡലത്തില്‍ മത്സരിക്കുകയും വിജയം വരിക്കുകയും ചെയ്യാന്‍ സാധിക്കുമായിരുന്ന ധാരാളം പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുണ്ടായിരുന്നു. പക്ഷേ, അത്തരക്കാരെ അവിടെ മത്സരിക്കാന്‍ അദ്ദേഹം അനുവദിച്ചില്ല എന്നതല്ലേ നേര്? പാല നിയോജകമണ്ഡലത്തെ തന്റെ തറവാട് സ്വത്തായി മാറ്റുകയായിരുന്നു മാണി. തന്റെ കാലശേഷം ആ സ്വത്തിന്റെ പിന്തുടര്‍ച്ചാവകാശി തന്റെ കുടുംബാംഗമായിരിക്കണമെന്ന് അദ്ദേഹം തീവ്രമായി ആഗ്രഹിച്ചിരുന്നില്ലെന്ന് ആര് കണ്ടു!
ഉമ്മന്‍ ചാണ്ടിയിലേക്ക് വരുമ്പോഴും ഏറെയൊന്നും വ്യത്യസ്തമല്ല സ്ഥിതി. അദ്ദേഹം കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ തുടങ്ങിയിട്ട് അരശതകം പിന്നിട്ടിരിക്കുന്നു. തന്റെ പാര്‍ട്ടിയില്‍പ്പെട്ട മറ്റാരും പുതുപ്പള്ളിയില്‍ മത്സരിക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടല്ല അവിടെ ചാണ്ടി തന്നെ ഇടതടവില്ലാതെ മത്സരിച്ചു പോണത്. മാണിയെ ഗ്രസിച്ച 'തറവാട് സിന്‍ഡ്രോം' അദ്ദേഹത്തേയും ഗ്രസിച്ചു എന്നു വിലയിരുത്തുന്നതാവും ശരി. ഫലമെന്താണ്? സര്‍വ്വാധിപതികളായി വാണ പഴയ രാജാക്കന്മാരെപ്പോലും കെ.എം. മാണിയും ഉമ്മന്‍ ചാണ്ടിയും കടത്തിവെട്ടി എന്നതുതന്നെ. തുടക്കത്തില്‍ പരാമര്‍ശിച്ച ചക്രവര്‍ത്തിമാരില്‍ ഏറ്റവും കൂടുതല്‍ കാലം വാഴ്ചയിലിരുന്ന അക്ബറിനുപോലും അന്‍പത് വര്‍ഷം തികയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നോര്‍ക്കാം.
സാമാജികത്വത്തിന്റെ പരിധിവിട്ട സുദീര്‍ഘത ഒരു മേന്മയായി ജനാധിപത്യവാദികള്‍ കണ്ടുകൂടാ. ഒരു വ്യക്തിയുടെ സാമാജികത്വകാലം ഒരുകാരണവശാലും പത്ത് വര്‍ഷത്തിനപ്പുറം പോകരുത്. പഞ്ചാത്തു തൊട്ട് പാര്‍ലമെന്റ് വരെയുള്ള സഭകളില്‍ ഒരു പതിറ്റാണ്ടിലധികം കാലമിരിക്കാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശമോ ഇല്ല എന്നു സംശയത്തിനു വകയില്ലാത്തവിധം തീരുമാനിക്കപ്പെടണം. ജനപ്രതിനിധി എന്ന സ്ഥാനം ഏതാനും പേര്‍ക്ക് ആജീവനാന്തം സംവരണം ചെയ്യപ്പെട്ടതാണെന്ന പിഴച്ച ധാരണ വെച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ നേതാക്കള്‍ പത്താം തവണയും പതിനൊന്നാം തവണയുമൊക്കെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാന്‍ കച്ചകെട്ടുന്ന നിന്ദ്യവും പരിഹാസ്യവും ഗര്‍ഹണീയവുമായ സമ്പ്രദായത്തിന് അറുതിവരുത്താന്‍ അതു കൂടിയേ തീരൂ.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളില്‍ ഒന്നാണ് അമേരിക്ക. അവിടെ ഒരാള്‍ക്ക് പ്രസിഡന്റ് പദവിയിലിരിക്കാന്‍ രണ്ടു തവണ (എട്ട് വര്‍ഷം) മാത്രമേ അവകാശവും അനുവാദവുമുള്ളൂ. മറ്റൊരു പ്രമുഖ ജനാധിപത്യ രാഷ്ട്രമായ ഫ്രാന്‍സിലും ഒരു വ്യക്തിക്ക് രണ്ടു തവണയില്‍ (പത്ത് വര്‍ഷം) കൂടുതല്‍ പ്രസിഡന്റിന്റെ സ്ഥാനമലങ്കരിക്കാന്‍ അനുവാദമില്ല. നമ്മുടെ അയല്‍രാഷ്ട്രമായ ശ്രീലങ്കയിലും മുഖ്യ ഭരണാധികാരിയായ പ്രസിഡന്റിന് അഞ്ചുവര്‍ഷം ദൈര്‍ഘ്യമുള്ള രണ്ടു തവണ മാത്രമേ ആ പദവിയില്‍ തുടരാനാവൂ. നമ്മുടെ നാട്ടിലോ? ഇവിടെ ഒരാള്‍ക്ക് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ സാദാമന്ത്രിയോ ആയി എത്ര വര്‍ഷമിരിക്കാനും നിയമപരമായി തടസ്സങ്ങളൊന്നുമില്ല. പഴയ രാജഭരണവ്യവസ്ഥയുടെ പ്രേതബാധയില്‍നിന്നു നമ്മുടെ ജനാധിപത്യ വ്യവസ്ഥ ഇനിയും മുക്തമായിട്ടില്ല എന്നാണത് സൂചിപ്പിക്കുന്നത്. ജനപ്രതിനിധി എന്നത് രാജാവിന്റേയോ ചക്രവര്‍ത്തിയുടേയോ പര്യായമാണെന്നു ധരിച്ചുവശായവരാണ് നമ്മുടെ എം.എല്‍.എ-എം.പി വര്‍ഗ്ഗത്തില്‍പ്പെട്ടവരില്‍ മിക്കവരും. ജനാധിപത്യ മൂല്യങ്ങളുമായി ഒരുതരത്തിലും പൊരുത്തപ്പെടാത്ത ആ ധാരണ കണിശാര്‍ത്ഥത്തില്‍ തിരുത്തപ്പെടണം. ജനപ്രാതിനിധ്യ നിയമത്തില്‍ ഉചിത ഭേദഗതി വരുത്തി രണ്ടു തവണകള്‍ക്കപ്പുറം ജനപ്രതിനിധിയായിരിക്കാന്‍ ഒരാള്‍ക്കും അവകാശമില്ലെന്ന് അസന്ദിഗ്ദ്ധം വ്യക്തമാക്കേണ്ടിയിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates