മലയാളത്തിലെ ചലച്ചിത്ര വിമര്‍ശന ചരിത്രത്തിനു ദീര്‍ഘമായ പാരമ്പര്യമില്ല. എഴുപതുകളോടെയാണ് അതു സജീവമായി തുടങ്ങിയത്. മലയാളത്തിലെ സമാന്തര ചലച്ചിത്ര നിര്‍മ്മിതിയോടൊപ്പമാണ് ചലച്ചിത്ര വിമര്‍ശനവും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ആനുകാലികങ്ങളിലെ ചലച്ചിത്രാസ്വാദന പംക്തികള്‍ക്കപ്പുറത്തേയ്ക്ക് വിമര്‍ശനം വളര്‍ന്നത് ഇക്കാലത്താണ്. ഫിലിം സൊസൈറ്റികളുടെ ആവിര്‍ഭാവവും വ്യാപനവും വിമര്‍ശനമേഖലയെ സജീവമാക്കി. ചലച്ചിത്രാസ്വാദനം എന്നതിലുപരി അതിന്റെ ചരിത്രപരത, സൗന്ദര്യവിചാരങ്ങള്‍ ആവിഷ്‌കാര വ്യത്യസ്തത തുടങ്ങിയവ ചര്‍ച്ച ചെയ്യപ്പെട്ടു. ഇക്കാലത്താണ് വിജയകൃഷ്ണന്‍, എം.എഫ്. തോമസ്, വി. രാജകൃഷ്ണന്‍, വി.കെ. ജോസഫ്, നീലന്‍, ഐ. ഷണ്‍മുഖദാസ് തുടങ്ങിയവര്‍ ചലച്ചിത്ര വിമര്‍ശനത്തില്‍ സജീവമാകുന്നത്. മലയാള സിനിമാ ആസ്വാദനലോകത്ത് പുതിയ ഭാവുകത്വത്തിന്റെ വെളിച്ചം അവര്‍ പരത്തി.
എം.എഫ്. തോമസ് ചലച്ചിത്ര വിമര്‍ശനത്തിന്റെ നാല് പതിറ്റാണ്ടുകള്‍ പിന്നിടുകയാണ്. മലയാളത്തിലെ നവ സിനിമ കടന്നുപോയ കാലത്തോടൊപ്പം സഞ്ചരിക്കാന്‍ തോമസിനു കഴിഞ്ഞു. അതിന്റെ അടയാളങ്ങള്‍ പകര്‍ത്താനും സാധിച്ചു. മലയാള സിനിമയുടെ ചരിത്രവും സംസ്‌കാരവും ആവിഷ്‌കരണ തന്ത്രങ്ങളും വിശകലനം ചെയ്യുന്ന നിരവധി ലേഖനങ്ങള്‍ എഴുതി. അടൂര്‍ ഗോപാലകൃഷ്ണനെപ്പോലുള്ള ചലച്ചിത്ര പ്രതിഭകളുടെ കലാപ്രപഞ്ചത്തിന്റെ ആന്തരിക സൗന്ദര്യങ്ങള്‍ അവതരിപ്പിച്ചു.
സൃഷ്ടികള്‍ക്കും ആസ്വാദകര്‍ക്കുമിടയില്‍ സംവേദനത്തിന്റെ സുതാര്യ സാധ്യതകള്‍ സൃഷ്ടിച്ചു. അടൂരിന്റെ ചലച്ചിത്ര യാത്രകള്‍, മറക്കാത്ത ചിത്രം മായാത്ത ദൃശ്യം, ഇന്ത്യന്‍ സിനിമ, സിനിമയെ കണ്ടെത്തല്‍, സിനിമയുടെ ആത്മാവ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചു. ഫിലിം സൊസൈറ്റി പ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ആര്‍. ബിജു എം.എഫ്. തോമസിനെക്കുറിച്ച് 'നല്ല സിനിമയും ഒരു നല്ല മനുഷ്യനും' എന്ന ചിത്രം ഈയിടെ നിര്‍മ്മിച്ചു. ഒരു ചലച്ചിത്ര വിമര്‍ശകനെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ ചലച്ചിത്രമാണത്. എം.എഫ്. തോമസ് തന്റെ ചലച്ചിത്രവിമര്‍ശന ജീവിതത്തെക്കുറിച്ചു സംസാരിക്കുന്നു.
സിനിമയോടുള്ള താല്പര്യം തുടങ്ങിയത് എങ്ങനെയാണ്? ആദ്യം കണ്ട സിനിമകള്‍ ഓര്‍ക്കുന്നുണ്ടോ?
സാഹിത്യ വായനയില്‍നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. സാഹിത്യമെന്നാല്‍ നോവല്‍ വായന. കിട്ടുന്ന എല്ലാ നോവലുകളും വായിക്കും. ഒരു നോവലിസ്റ്റിന്റെ തന്നെ എല്ലാ നോവലുകളും തേടിപ്പിടിച്ചു വായിക്കാന്‍ ശ്രമിക്കും. കേശവദേവിന്റെ എല്ലാ നോവലുകളും കണ്ടെത്തി വായിച്ചു. അതുപോലെ പാറപ്പുറത്തിന്റെ രചനകള്‍. ഈ നോവലിസ്റ്റുകളൊന്നും ഞങ്ങളുടെ നാട്ടില്‍-തൃശൂരില്‍ അത്ര പ്രസിദ്ധരായിരുന്നില്ല.
പിന്നീടാണ് സിനിമയെക്കുറിച്ചു മനസ്സിലാക്കുന്നത്. ഇത്രയും ശക്തമായ മറ്റൊരു മാധ്യമമില്ലെന്നു തിരിച്ചറിഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ സിനിമയ്ക്കു കഴിയുമെന്ന് അറിഞ്ഞു. അങ്ങനെ താല്പര്യം സിനിമയിലേക്ക് എത്തി. അക്കാലത്ത് തൃശൂരില്‍ ചില പ്രധാനപ്പെട്ട തിയേറ്ററുകള്‍ ഉണ്ടായിരുന്നു. അതിലൊന്നാണ് മാതാ. ജനറല്‍ പിക്‌ചേഴ്‌സിലെ രവീന്ദ്രനാഥന്‍ നായരുടെ ബന്ധു ശങ്കരേട്ടന്‍ എന്നു വിളിക്കുന്ന ശങ്കരന്‍ നായരുടെ ബന്ധുവിന്റെ തിയേറ്റര്‍ ആയിരുന്നു അത്. അവിടെ മോണിംഗ് ഷോ ആയി ക്ലാസ്സിക് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആ തിയേറ്ററില്‍നിന്നാണ് പുതിയ ചിത്രങ്ങള്‍ കണ്ടു തുടങ്ങിയത്. സത്യജിത് റേയുടെ 'അപരാജിത'യൊക്കെ കണ്ടു. അതൊക്കെ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. കാഴ്ചയില്‍നിന്നു മായുന്നതേയില്ല. അതുപോലെ ജോസ് എന്നൊരു തിയേറ്റര്‍ ഉണ്ടായിരുന്നു. അവിടെ മറ്റൊരു തരത്തിലുള്ള ചിത്രങ്ങള്‍ വരും. പോള്‍ മുനി അഭിനയിച്ച 'ഗുഡ് എര്‍ത്തൊ'ക്കെ കണ്ടത് അവിടെ വെച്ചാണ്. അതുപോലെ ഹെമിങ്വേയുടെ 'ഓള്‍ഡ് മാന്‍ ആന്റ് ദ സീ' തുടങ്ങിയവയൊക്കെ. ഈ രണ്ടു തിയേറ്ററുകളിലേയും ചലച്ചിത്രക്കാഴ്ചകളാണ് എന്നിലെ ചലച്ചിത്ര സംസ്‌കാരത്തെ രൂപപ്പെടുത്തിയത്.
അന്നത്തെ സിനിമാ കാണാനുള്ള യാത്രയൊക്കെ സൈക്കിളിലായിരുന്നു. അന്നു സൈക്കിളിനു ലൈസന്‍സ് വേണമായിരുന്നു. ഇല്ലെങ്കില്‍ പൊലീസ് കാറ്റഴിച്ചുവിടും. ഞാന്‍ ഒറ്റയ്ക്കാണ് സിനിമയ്ക്കു പോയിരുന്നത്. ഞായറാഴ്ച തൃശൂര്‍കാര്‍ക്കു വളരെ പ്രധാനപ്പെട്ട ദിവസമാണ്. എല്ലാവരും പള്ളിയില്‍ കുര്‍ബ്ബാനയ്ക്കു പോകും. ഞാന്‍ തിയേറ്ററില്‍ സിനിമയ്ക്കു പോകും. അന്നു പള്ളിയില്‍ പോകാത്തതില്‍ ഇന്നു വിഷമമൊന്നും തോന്നുന്നില്ല. പള്ളിപ്രാര്‍ത്ഥനയെക്കാള്‍ എന്നെ വിമലീകരിച്ചതു സിനിമയാണെന്നു പറയാം. മനുഷ്യനെ കുറേക്കൂടി നല്ലവനാക്കാന്‍ സിനിമയ്ക്കു കഴിയും എന്നു ഞാന്‍ അന്നും ഇന്നും വിശ്വസിക്കുന്നു.
വീട്ടിലെ അന്തരീക്ഷം സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ചലച്ചിത്രക്കാഴ്ചകള്‍ക്കും പ്രോത്സാഹനം നല്‍കുന്നതായിരുന്നോ?
ഞങ്ങളുടേത് ഒരു കമ്യൂണിസ്റ്റ് കുടുംബമായിരുന്നു. അച്ഛന്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. 1948-ല്‍ പാര്‍ട്ടിയുടെ ഭാഗമായ യൂണിവേഴ്‌സല്‍ ബ്രദര്‍ഹുഡ് എന്ന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. സി. അച്യുതമേനോന്‍ പ്രസിഡന്റും അച്ഛന്‍ സെക്രട്ടറിയുമായിരുന്നു. അച്യുതമേനോന്‍, കെ.കെ. വാര്യര്‍, വി. ജനാര്‍ദ്ദനന്‍ തുടങ്ങിയവരോടൊപ്പമാണ് അച്ഛന്‍ പ്രവര്‍ത്തിച്ചത്. അവരുടെയൊക്കെ സ്വാധീനം എനിക്ക് ഉണ്ടായി. എന്റെ സഹോദരന്‍ കറന്റ് ബുക്‌സിലാണ് ജോലി ചെയ്തിരുന്നത്. അമ്മ ചെറുപ്പത്തില്‍ത്തന്നെ മരിച്ചുപോയിരുന്നു. ഞാന്‍ അക്കാലത്ത് തികച്ചും അന്തര്‍മുഖനായിരുന്നു.
വിദ്യാര്‍ത്ഥി ജീവിതകാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നോ?
ഞാന്‍ ഇന്റര്‍മീഡിയറ്റിനും ബിരുദത്തിനും പഠിച്ചത് തൃശൂര്‍ സെന്റ് തോമസ് കോളേജിലാണ്. വി.എം. സുധീരന്‍ എന്റെ ക്ലാസ്സ്മേറ്റാണ്. അതുപോലെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.സി. ജോസഫ്. പിന്നീട് പ്രശസ്ത സംവിധായകനായിത്തീര്‍ന്ന കെ.ആര്‍ മോഹന്‍ അന്നു കോളേജില്‍. ഉണ്ടായിരുന്നു. ഞങ്ങള്‍ നല്ല അടുപ്പത്തിലായിരുന്നു. മോഹന്‍ അന്നു നടന്‍ ജയനെയൊക്കെ അനുകരിച്ചു കാണിക്കുമായിരുന്നു.
അക്കാലത്ത് വീടിനടുത്ത് ചില നാടകങ്ങളൊക്കെ ഞാന്‍ അവതരിപ്പിച്ചിരുന്നു. കെ.ടി. മുഹമ്മദിന്റെ 'ഇതു ഭൂമിയാണ്' തുടങ്ങിയ നാടകങ്ങള്‍. അന്തര്‍മുഖനായിരുന്ന ഞാന്‍ ഇതൊക്കെ എങ്ങനെ ചെയ്തു എന്ന് അറിയില്ല!
വിദ്യാര്‍ത്ഥി ജീവിതത്തിനുശേഷം കുറേക്കാലം പത്രപ്രവര്‍ത്തകനായിരുന്നല്ലോ?
ഞാന്‍ ജനയുഗത്തില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു. കൊല്ലത്തായിരുന്നു അത്. അക്കാലത്ത് വടക്കുഭാഗത്തുനിന്ന് അധികമാരും ജനയുഗത്തില്‍ ഉണ്ടായിരുന്നില്ല. അച്യുതമേനോന്റെ നിര്‍ദ്ദേശപ്രകാരമാണ് ഞാന്‍ അവിടെ തങ്ങിയത്. അന്ന് കാമ്പിശ്ശേരി കരുണാകരന്‍, തെങ്ങമം ബാലകൃഷ്ണന്‍, ആര്യാട് ഗോപി തുടങ്ങിയ പ്രഗല്‍ഭന്മാര്‍ ഉണ്ടായിരുന്നു. കൊയിലോണ്‍ ഫിലിം സൊസൈറ്റി അവിടെ പ്രവര്‍ത്തിച്ചിരുന്നു. ഫാത്തിമാ മാതാ കോളേജിന്റെ വൈസ് പ്രസിഡന്റായിരുന്നു ഫിലിം സൊസൈറ്റിയുടെ പ്രധാന സംഘാടകന്‍. ഈസ്റ്റ് യൂറോപ്പില്‍ നിന്നിറങ്ങിയ ചിത്രങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. കാമ്പിശ്ശേരി ഇവിടെ സിനിമ കാണാന്‍ പോയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഞാന്‍ ജനയുഗത്തില്‍ ഉണ്ടായിരുന്നു.
തിരുവനന്തപുരത്ത് എത്തിയശേഷമുള്ള ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരുന്നു?
1979-ലാണ് ഞാന്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരാനായി തിരുവനന്തപുരത്ത് എത്തുന്നത്. ഇവിടെ വരും മുന്‍പു തന്നെ ഞാന്‍ ചിത്രലേഖ ഫിലിം സൊസൈറ്റിയെക്കുറിച്ചു കേട്ടിരുന്നു. ഒരു ദിവസം കേരള കൗമുദി പത്രത്തില്‍ സത്യജിത് റേയുടെ 'മനാനഗര്‍' എന്ന ചിത്രം ചിത്രലേഖയില്‍ പ്രദര്‍ശിപ്പിച്ചിരുന്നതായി കണ്ടു. ഞാന്‍ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ശാസ്തമംഗലത്തെ ഓഫീസ് തേടിപ്പിടിച്ചു പോയി. പാസ്സ് കിട്ടുമോ എന്ന ആശങ്കയോടെയാണ് ഞാന്‍ പോയത്. അവിടെ ചെന്നപ്പോള്‍ ഒരു മേശപ്പുറത്ത് അടൂര്‍ ഗോപാലകൃഷ്ണന്‍ ഇരിക്കുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടു. പിന്നീട് അതൊരു വലിയ ബന്ധമായി മാറി. തിരുവനന്തപുരത്ത് എത്തിയ ഉടനെ തന്നെ ഞാന്‍ അത്തരം ആളുകളോട് അടുത്തു തുടങ്ങി.
പിന്നീട് ചലച്ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചോ?
അടൂരായിരുന്നു ചിത്രലേഖയുടെ പ്രധാന സംഘാടകന്‍. കുളത്തൂര്‍ ഭാസ്‌കരന്‍ നായരും ഉണ്ടായിരുന്നു. ചിത്രലേഖ വലിയൊരു പ്രസ്ഥാനമായിരുന്നു. ബര്‍ഗ്മാന്‍, കുറസോവ തുടങ്ങിയവരുടെ ചിത്രങ്ങളുടെ പ്രദര്‍ശന പരമ്പരകള്‍ തന്നെ നടന്നു. പ്രൊജക്ടര്‍ ഓപ്പറേറ്ററായി അടൂര്‍ തന്നെ ഉണ്ടായിരുന്നു. വൈ.എം.സി.എയുടെ മുകളില്‍ തുണിയൊക്കെ വലിച്ചുകെട്ടി പ്രദര്‍ശനം നടത്തി. അടൂരായിരുന്നു അതിനു നേതൃത്വം നല്‍കിയത്. അന്ന് ഡോ. കെ.എന്‍. രാജ്, എം.എ.ജി. മേനോന്‍ തുടങ്ങിയവരൊക്കെ സിനിമ കാണാന്‍ വന്നിരുന്നു. കഥാകൃത്ത് എം. സുകുമാരന്‍ നിത്യസന്ദര്‍ശകനായിരുന്നു. സിനിമയോട് വലിയ താല്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. പത്മരാജന്‍, ഗോപി, അരവിന്ദന്‍ തുടങ്ങിയവരൊക്കെ ചിത്രം കാണാന്‍ വന്നിരുന്നു. 'ന്യൂസ്പേപ്പര്‍ ബോയ്' ഒക്കെ കാണിച്ചിരുന്നു. അടൂര്‍ പിന്മാറിയതോടെ വളര്‍ച്ചയുടെ ഘട്ടം കഴിഞ്ഞു. ഞാന്‍ ഒരു കാലഘട്ടത്തില്‍ ചിത്രലേഖയുടെ സെക്രട്ടറിയായിരുന്നു. അടൂരുമായുള്ള അടുപ്പം വര്‍ദ്ധിക്കുന്നത് ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിലൂടെയാണ്.
ചലച്ചിത്ര വിമര്‍ശനങ്ങള്‍ എഴുതിത്തുടങ്ങിയത് എപ്പോഴാണ്?
പഠിക്കുന്ന കാലത്തുതന്നെ എഴുതിയിരുന്നു. തൃശൂരില്‍ ഒരു സായാഹ്ന ദിന പത്രം ഉണ്ടായിരുന്നു, ടെലിഗ്രാഫ്. അതില്‍ എഴുതി. ചെമ്മീന്‍, കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങിയവയെക്കുറിച്ചും എഴുതി. ചെമ്മീനിന്റെ പരസ്യത്തില്‍ ഞാന്‍ എഴുതിയ ലേഖനത്തിന്റെ വരികള്‍ ചേര്‍ത്തിരുന്നു. ജനയുഗത്തില്‍ വന്നശേഷം സിനിമയില്‍ എഴുതി. പുതിയ ജര്‍മന്‍ സിനിമകളെക്കുറിച്ച് എഴുതിയിരുന്നു. അച്യുതമേനോന്‍ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിന്നീട് കലാകൗമുദി ഫിലിം മാഗസിന്‍ തുടങ്ങിയവയില്‍ എഴുതി. ഈ പ്രസിദ്ധീകരണങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും ഒരു എഴുത്തുകാരനാകുമായിരുന്നില്ല.
അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളെക്കുറിച്ചാണല്ലോ ധാരാളം എഴുതിയത്. എന്തുകൊണ്ടാണത്?
ഇന്ത്യയിലെ എറ്റവും വലിയ സംവിധായകന്‍ അദ്ദേഹം ആണെന്നു വിശ്വസിക്കുന്നു. സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം എന്നീ നാല് ചിത്രങ്ങള്‍ മഹത്താണ്. മറ്റു ചിത്രങ്ങളും മോശമല്ല. ആ ചിത്രങ്ങളോടുള്ള താല്പര്യം കൊണ്ടാണ് എഴുതിയത്.
ഇന്ത്യന്‍ സിനിമ നൂറുവര്‍ഷം പിന്നിടുന്ന സമയത്ത് ഞങ്ങള്‍ നാല് സംവിധായകരുടെ നാല് ചിത്രങ്ങള്‍ ഒരുമിച്ച് കണ്ടു. റേയുടെ 'പഥേര്‍ പാഞ്ചാലി' ഋത്വിക് ഘട്ടക്കിന്റെ 'സുവര്‍ണരേഖ', മൃണാള്‍ സെന്നിന്റെ 'ഭുവന്‍ഷോം', അടൂരിന്റെ 'എലിപ്പത്തായം'. ഇതില്‍ ഏറ്റവും മികച്ച ചിത്രം 'എലിപ്പത്തായ'മായിരുന്നു. ക്രാഫ്റ്റില്‍ ഇത്രയേറെ പെര്‍ഫെക്ഷനുള്ള, അടൂരിനെപ്പോലെ മറ്റൊരു ചലച്ചിത്രകാരനില്ല.
അരവിന്ദനും ഇക്കാലത്തു തന്നെ ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നുവല്ലോ? പക്ഷേ, അധികമൊന്നും എഴുതിക്കണ്ടില്ല?
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകന്‍ തന്നെയാണ് അരവിന്ദനും. ഒരു കവിമനസ്സുള്ള ചലച്ചിത്രകാരനാണ് അദ്ദേഹം. അടൂരും അരവിന്ദനും രണ്ടുതരത്തിലാണ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. എസ്തപ്പാനും തമ്പും മികച്ച ചിത്രങ്ങളാണ്. അടൂര്‍ ക്രാഫ്റ്റില്‍ കൃത്യത പുലര്‍ത്തുന്നു. പെര്‍ഫെക്ഷനുവേണ്ടി ശ്രമിക്കുന്നു. അരവിന്ദന്റേത് മറ്റൊരു രീതിയാണ്. അരവിന്ദന്റെ അവസാന സിനിമകളില്‍ ആ കവിമനസ്സ് കാണുന്നുമില്ല.
അടൂരും അരവിന്ദനുമൊക്കെ സൃഷ്ടിച്ച നവ സിനിമാ സംസ്‌കാരം ഏറെയൊന്നും മുന്നോട്ട് പോകാത്തത് എന്തുകൊണ്ട്?
നിരന്തര വിപ്ലവം ഒരിക്കലും സാധ്യമല്ലല്ലോ. നവസിനിമാ സംസ്‌കാരം പിന്നെ പല വഴികളിലേക്കു പോയി. ജോണ്‍ ഏബ്രഹാം നല്ല ചിത്രങ്ങള്‍ എടുത്തല്ലോ! പി.എ. ബക്കര്‍, കെ.ആര്‍. മോഹനന്‍ തുടങ്ങിയവരൊക്കെ ആ സംസ്‌കാരത്തിന്റെ ഭാഗമാണ്.
താങ്കളെപ്പോലുള്ളവര്‍ എഴുതിയ ചലച്ചിത്ര നിരൂപണങ്ങള്‍ക്കു നവ സിനിമയെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?
വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലായിരിക്കാം. എന്നാല്‍, വാണിജ്യ സിനിമകളുടെ അതിപ്രസരം നിലനിന്ന കാലത്ത് ഇത്തരം സിനിമകള്‍ക്കു പ്രചാരം നല്‍കാനും അവയ്ക്ക് ഒരു പ്രസക്തി ഉണ്ടെന്നു പറയാനും തങ്ങള്‍ക്കു കഴിഞ്ഞു. അതു വലിയൊരു കാര്യമാണ്.
താങ്കളെപ്പോലുള്ളവരുടെ നിരൂപണത്തിന്റെ പരിമിതി എന്തായിരുന്നു?
ആസ്വാദനത്തിനാണ് എന്നെപ്പോലുള്ളവര്‍ അന്നു പ്രാധാന്യം നല്‍കിയത്. പ്രധാനമായും സിനിമയെ പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് നിര്‍വ്വഹിച്ചത്. വായനക്കാരെ സിനിമയിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. സിനിമയുടെ സാമൂഹിക വിശകലനത്തിലേക്കോ സൗന്ദര്യവിചാരത്തിലേക്കോ ഒന്നും കടന്നിരുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.
ഇന്നത്തെ ചലച്ചിത്ര നിരൂപണത്തെ എങ്ങനെ വിലയിരുത്തുന്നു?
ഞാന്‍ സിനിമയെക്കുറിച്ച് എഴുതിയത്, അനുഭവിച്ചും ആസ്വദിച്ചുമാണ്. ഇന്നു പലരും ചെയ്യുന്നത് അങ്ങനെയല്ല. ചില സിദ്ധാന്തങ്ങള്‍, രാഷ്ട്രീയ സമീപനങ്ങള്‍ തുടങ്ങിയവ കൊണ്ടാണ് സിനിമയെ സമീപിക്കുന്നത്. ധാരാളം ജാര്‍ഗണുകളും ക്ലീഷേകളും ഉപയോഗിക്കുന്ന ചലച്ചിത്രാസ്വാദനത്തിന് അവര്‍ പ്രാധാന്യം നല്‍കുന്നില്ല. അങ്ങനെയാണ് എനിക്കു തോന്നുന്നത്.
സമകാലിക മലയാള സിനിമയുടെ അവസ്ഥയെ എങ്ങനെ കാണാന്‍ കഴിയും?
ഇന്നു ശക്തിയുള്ള സിനിമകളാണ് പുറത്തുവരുന്നത്. പഴയ ചലച്ചിത്ര സമ്പ്രദായങ്ങളില്‍നിന്നു വലിയ എടുത്തുചാട്ടങ്ങള്‍ ഉണ്ടായി. രീതികളിലും സമീപനങ്ങളിലും വലിയ മാറ്റം വന്നു. സനല്‍കുമാര്‍ ശശിധരന്റെ 'സെക്‌സി ദുര്‍ഗ്ഗ', കെ.ആര്‍. മനോജിന്റെ 'കന്യക ടാക്കീസ്' സജിര്‍ ബാബുവിന്റെ 'അസ്തമയം' വരെ തുടങ്ങിയവ മികച്ച സൃഷ്ടികളാണ്.
അടൂരിന്റെ പാരമ്പര്യത്തില്‍നിന്നൊക്കെ വ്യത്യസ്തമായ സൃഷ്ടികളാണ് ഇപ്പോള്‍ ഉണ്ടാവുന്നത്. വാണിജ്യ സിനിമകളില്‍പ്പോലും ശക്തമായ സിനിമകള്‍ ഉണ്ടാവുന്നുണ്ട്.
ചലച്ചിത്രത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
ഏതു സിനിമയും മനുഷ്യന്റെ നന്മയ്ക്കു വേണ്ടിയാവണം സൃഷ്ടിക്കേണ്ടത് എന്നതാണ് എന്റെ കാഴ്ചപ്പാട്. സിനിമയ്ക്കു മനുഷ്യനെ വിമലീകരിക്കാന്‍ കഴിയണം. ലോകത്തെ മികച്ച സിനിമകള്‍ക്കൊക്കെ അതിനു കഴിയുന്നുണ്ട്. അത്തരം സിനിമകള്‍ക്കേ നിലനില്‍ക്കാന്‍ കഴിയൂ.
ഒരു ചലച്ചിത്ര നിരൂപകനെക്കുറിച്ച് ഒരു ചലച്ചിത്രം നിര്‍മ്മിക്കുക എന്നത് അപൂര്‍വ്വമായ അനുഭവമാണ്. താങ്കളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ഈയിടെ കണ്ടല്ലോ?
എന്നെക്കുറിച്ച് ആര്‍. ബിജു എന്ന ചലച്ചിത്ര പ്രവര്‍ത്തകന്‍ എടുത്ത സിനിമയാണത്. 'നല്ല സിനിമയും ഒരു നല്ല മനുഷ്യനും.' ബിജുവിന്റെ ആത്മാര്‍ത്ഥതയില്‍നിന്ന് ഉണ്ടായ ചിത്രമാണത്. അദ്ദേഹത്തിന്റെ സിനിമയോടുള്ള പ്രതിബദ്ധതയും എന്നോടുള്ള സ്‌നേഹവുമാണ് അതിനു പിന്നിലുള്ളത്. അതുപോലെ സ്‌ക്രിപ്റ്റ് എഴുതിയ സജീവ് സുരേഷും എഡിറ്റ് ചെയ്ത സഞ്ജയ് സുരേഷുമൊക്കെ വളരെ കഷ്ടപ്പെട്ടാണ് ചിത്രം നിര്‍മ്മിച്ചത്. ഇത് ഒരു അടയാളപ്പെടുത്തലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates