Poems

'നദിക്ക് നിറയുന്ന ദിവസം'- ഉണ്ണി ശ്രീദളം എഴുതിയ കവിത

നദിക്ക് നിറയുന്ന ഒരു ദിവസമുണ്ട്രതിപ്പനിയില്‍ കിടുകിടുത്ത് കരയുടെ     ശരീരത്തിലവള്‍ തിരഞ്ഞുനടക്കുന്ന ദിവസംഊറ്റുവേരുകളിലൂടെ തായ്ത്തടിയിലേക്ക്     ആര്‍ത്തിയില്‍ വലിച്ചീമ്പും, ജലമല്ലാത്തതെല്ലാം

ഉണ്ണി ശ്രീദളം

ദിക്ക് നിറയുന്ന ഒരു ദിവസമുണ്ട്
രതിപ്പനിയില്‍ കിടുകിടുത്ത് കരയുടെ 
    ശരീരത്തിലവള്‍ തിരഞ്ഞുനടക്കുന്ന ദിവസം
ഊറ്റുവേരുകളിലൂടെ തായ്ത്തടിയിലേക്ക് 
    ആര്‍ത്തിയില്‍ വലിച്ചീമ്പും, ജലമല്ലാത്തതെല്ലാം

നദി തോന്ന്യവാസം തിരുത്തുന്നു
വെള്ളത്തില്‍ വരഞ്ഞ കര വിരളുന്നു

കടപുഴകിയൊഴുകുന്ന മരങ്ങളില്‍ കയറിയിറങ്ങുന്നു 
    നദിയുടെ പിള്ളേര്‍
കടന്നുചെല്ലാന്‍ കഴിയാത്തിടങ്ങളെ
കഴുത്തിനു പിടിച്ചിറക്കിക്കൊണ്ടു പോകുന്നു 
    നദിയുടെ പൊലീസ്

ജലത്തൊട്ടിലിലെ ജഡം ഒന്നുകൂടി മിനുങ്ങുന്നു
കണ്ടതെല്ലാം കമഴ്ത്തിയിട്ട് തൊട്ടും മണത്തും
ഉലഞ്ഞും ചെരിഞ്ഞും പിടിവാശികളറ്റലിഞ്ഞും
ചിത്രശലഭങ്ങളെ വയറ്റിലേന്തും 
    വെള്ളച്ചാട്ടത്തിനൊപ്പം
തിരക്കിട്ട സഞ്ചാരസമാധി
ഇഴഞ്ഞ് കഴിഞ്ഞവരെല്ലാം നദിക്ക് പറവകള്‍
അവര്‍ക്കാകാശമൊരുക്കി മണ്ണില്‍ ആ ഇഴച്ചില്‍

മഴയുടെ രാത്രിവണ്ടിയില്‍ ഒളിച്ചോടുകയല്ല നദി
വീടുകളിലും തോടുകളിലും ഇടവഴികളിലും 
    ചെന്ന് അവര്‍ ക്ഷണിക്കുന്നു
ഇലകളുടെ ഇരികിട, കലങ്ങിയ നിറപ്പുടവ, 
    അവരിഴ ചേരുന്നു
അവയവങ്ങളെല്ലാം കൃത്യമായി ചലിക്കുന്ന 
    ഒരു കൂറ്റന്‍ യന്ത്രം, ശബ്ദസദ്യ

കരയ്ക്കു പുറത്തേക്ക് തിളച്ചുമറിയുകയാണവള്‍
കണ്ണില്‍ തറയ്ക്കും ജലമണല്‍ക്കാറ്റ്
മഴമലകളുടെ പറക്കമുറ്റല്‍
പേറ്റുനോവൊഴുകും വിയര്‍പ്പു ചാലുകള്‍
മീനുകള്‍ക്കുഷ്ണിക്കുന്നതിനപ്പുറമുള്ളതെല്ലാം 
    അവള്‍ ഒളിപ്പിക്കുന്നു
വീണുപോയ വനങ്ങളുടെ വിറക് 
    ചുവട്ടിലെരിയുന്നുണ്ട്
ജലജനല്‍ശീലകള്‍ മറച്ച നഗരങ്ങളില്‍നിന്നും
നെടുവീര്‍പ്പടക്കിയ നന്നങ്ങാടികളില്‍നിന്നും
ഒളിപ്പിച്ച മനുഷ്യപ്രാണന്‍ കനലുകളിലേക്കൂതുന്നുണ്ട്

അസഹ്യം എന്ന കൊടുമുടിത്തുമ്പ് ഞെരിഞ്ഞ്
സഹ്യനോടവള്‍ പൊട്ടിത്തെറിക്കുന്നു
കാറ്റിന്റെ പാവാടകള്‍ വലിച്ചുകീറി 
    തുടയില്‍ അടിച്ച് വെല്ലുവിളിക്കുന്നു
അവളോട് പിടിക്കാന്‍ ഭയന്ന് മലകള്‍ ചൂളുന്നു
പുളകം കൊണ്ട് എഴുന്നുനില്‍ക്കുന്നു കാട്
പാറത്തുള്ളികളെ ചിതറിത്തെറിപ്പിച്ചിറുമ്മുന്നു

കേള്‍ക്കാം,
അവള്‍ക്കക്കരെ മറ്റൊരു നദിയുണ്ട്
ഒന്ന് നിറഞ്ഞുകവിയുമ്പോള്‍ ഒന്ന് വറ്റിവരളും
കാണാം,
അടിത്തട്ടിലാഴ്ന്നുകിടക്കും കറുപ്പുമെഴുപ്പിലകളില്‍
ഞരമ്പൊഴിച്ചെല്ലാമഴുകുമ്പോള്‍ 
    തെളിഞ്ഞുവരുന്ന ഭൂപടങ്ങള്‍
തൊടാം,
കടന്ന കൈവഴികള്‍, കോര്‍ത്തുനില്‍പ്പുകള്‍, 
    ഉണങ്ങിയ മദച്ചാലുകള്‍,
ചുരുണ്ടുകിടക്കും ആയിരം കാലുള്ള 
    കുഞ്ഞു പ്രപഞ്ചത്തോടുകള്‍

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയ്‌ക്കെതിരെ തരൂരിന്റെ വിമര്‍ശനം, കിഫ്ബിയുടെ പ്രസക്തി ഗൗരവം, 'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായെന്ന് മുഖ്യമന്ത്രി ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

പുതിയ ഓണ്‍ലൈന്‍ ഗെയിമിങ് നിയമം: പതിവ് മത്സരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് സുപ്രീംകോടതി

SCROLL FOR NEXT