Poems

അമൃത എ.എസ് എഴുതിയ കവിത ‘ അറുപതുകളിലെ അച്ഛനെ വരയ്ക്കുമ്പോള്‍’

അമൃത എഎസ്

അറുപതുകളിലച്ഛന്‍ മുപ്പത് മുപ്പത്തിയഞ്ചില്‍

വണ്ടിയോടിച്ചങ്ങനെ പതുക്കെ പോകുന്നു.

അച്ഛന്‍ പണ്ട്,

നടന്ന് തഴകിയ കറുക്കുവഴികളിലൂടങ്ങനെ

പിന്നിലിരിക്കുന്ന എനിക്ക്

എളുപ്പത്തിലെത്തേണ്ട വഴി കാട്ടിത്തരുന്നു.

ഇതിലെയല്ലിതിലെയല്ല അതിലൂടെന്ന് ചൂണ്ടിയാലും

ഇതിലൂടെപോയാലുമെത്തുമെന്നച്ഛന്‍ ശഠിക്കുന്നു.

ഗൂഗിള്‍ മാപ്പു നോക്കി ഞാന്‍ മിണ്ടാതിരിക്കുന്നു.

അറുപതുകളിലച്ഛന്‍ മൂന്നാള് മാത്രമുള്ള വീട്ടിലേക്ക്

റോട്ടരികില്‍ നിരത്തിയ മാങ്ങയൊരു കൊട്ട വാങ്ങുന്നു.

നല്ല മാങ്ങ, നാടനാണ്, ചേലനാണ്

ലാഭമായെന്ന് പത്തുകുറി പറയുന്നു.

വീട്ടിലെത്തി വേഗം

ചെത്തിപ്പൂളിയതിന് പുളിയാണെന്ന് കണ്ട്,

കൊട്ടയൊഴിച്ച് കച്ചോടവും തീര്‍ത്ത് നാടുകടന്ന

കച്ചോടക്കാരനോട് പരാതി പറയാന്‍

പത്തു കിലോമീറ്റര്‍ വണ്ടിയോടിച്ചു പോകാന്‍ തുനിയുന്നു.

കൊട്ടയിലെ മാങ്ങ പാതിയും കെട്ടുതീരുന്നു.

അറുപതുകളിലച്ഛന്‍ പേരമകള്‍ക്കൊപ്പമൊളിച്ചുകളിക്കുന്നു

പിന്നാലെ നടന്ന് ചോറുകൊടുക്കുന്നു.

ഓരോ വരവിലും എനിക്ക് കിട്ടാത്ത മുട്ടായി,

കുപ്പായം, കളിപ്പാട്ടമങ്ങനെ

പലതവള്‍ക്ക് വാങ്ങിനല്‍കുന്നു.

കിട്ടിയില്ല ഞങ്ങള്‍ക്കിതൊക്കെ ഇത്രയൊന്നും

ചെറുപ്പത്തിലെന്ന പരാതിക്ക്

കാലമന്നങ്ങനെയായിരുന്നെന്ന്

കയ്യിലിത്തിരി കാശില്ലായിരുന്നെന്ന്

പണിക്ക് പോകുമ്പോള്‍ തീറ്റാന്‍ നേരമുണ്ടായില്ലെന്ന്

താങ്ങാന്‍ ആളില്ലായിരുന്നെന്നച്ഛന്‍ പറയുന്നു.

അറുപതുകളിലച്ഛന്‍ പതിവുപോലെ

കണ്ണടയുമിട്ട് പറമ്പിലേക്കിറങ്ങുന്നു

ചേമ്പിന്, കിഴങ്ങിന് തടമിട്ട്, കയറിട്ട്, പന്തലിട്ട്

കണ്ണട പേരമരക്കൊമ്പില്‍ മറന്നുവെച്ച് തിരിച്ചുവരുന്നു.

എന്റെ കണ്ണടയെവിടെ, കണ്ണടയെവിടേന്ന്

പേരമരത്തില്‍ തൂങ്ങിക്കിടക്കുന്ന

കണ്ണടയെക്കുറിച്ചറിയാത്ത എന്നോട് ചോദിക്കുന്നു.

കാണില്ലൊരു കാലത്തും വെച്ചിടത്തൊന്നും

പിറുപിറുത്ത് തുടങ്ങിയ തിരച്ചില്‍ പറമ്പിലൊടുങ്ങുന്നു,

അച്ഛന്റെ കണ്ണ് പേരമരത്തില്‍ കൊളുത്തുന്നു.

കിട്ടി കിട്ടിയെന്നച്ഛന്‍ ചിരിക്കുന്നു.

അറുപതുകളിലച്ഛന്‍ പകലോടിനടക്കുന്നു.

നാട്ടാര്‍ക്ക്, കൂട്ടാര്‍ക്ക് കൂട്ടുപോകുന്നു.

രാവിലെയെണീറ്റ് പാലിനു പോകുന്നു,

പത്രം പരതുന്നു, ചായ കുടിക്കുന്നു,

ഉച്ചയ്ക്കു മുന്‍പേ കഞ്ഞി മുക്കി അച്ഛന്റെ മുണ്ടലക്കുന്നു,

ഉണക്കിത്തേച്ചത് അലമാരേല്‍ വെച്ചിട്ടതാ

പഴയ മുണ്ടുടുത്ത്, പിന്നിയ ഷര്‍ട്ടിട്ട് പുറത്തേയ്ക്കിറങ്ങുന്നു.

നല്ലത് തേച്ചുമടക്കി വെച്ചെന്തിനാണീ-

പ്പഴങ്കുപ്പായമിട്ടിറങ്ങുന്നതെന്നു ഞാന്‍

ചോദിക്കുമ്പോ പറയുന്ന അച്ഛന്‍:

“ഒന്ന് പോയെന്റെ മോളേ പഴയത് മതി,

ഞാനും പഴയതല്ലേ.”

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിന്‍വലിക്കാം; മാര്‍ച്ചിന് മുന്‍പ് പരിഷ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

'അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി'; ഇന്ത്യന്‍ ആരാധകര്‍ക്ക് മെസിയുടെ സന്ദേശം, വിഡിയോ

'പക്വതയോടെ എടുത്ത തീരുമാനം, സ്വകാര്യതയെ മാനിക്കണം'; വിവാഹമോചിതനായെന്ന് നടൻ ഷിജു

SCROLL FOR NEXT