ചിത്രശലഭങ്ങളുടെ മനുഷ്യജീവിതം
'ഈ വല്ലിയില്‍ നിന്നു ചെമ്മേ
പൂക്കള്‍ പോകുന്നിതാ പറന്നമ്മേ'
നളിനി, കവിത വായിക്കുന്നു
പുസ്തകം പകുക്കുന്നപോലെ
കാലുകള്‍ ഇളക്കിയിളക്കി
പോയകാലം നോക്കി
നാലുമണി പൂക്കളുടെ നേരത്ത്
അങ്ങനെ അവളെക്കണ്ടാല്‍
ചിറകിളക്കി തേന്‍ കുടിക്കുന്ന
ചിത്രശലഭമാണെന്നേ തോന്നൂ
ഒരു നിമിഷനേരത്തില്‍ ദിവാകരന്റെ മനസ്സ്
റോഡില്‍ പാറിക്കളിക്കുന്ന പൂമ്പാറ്റകള്‍
വണ്ടി മുട്ടി കൊല്ലപ്പെടുന്നതില്‍ ചെന്നിരുന്നു
അവയെക്കുറിച്ചെഴുതിയ പ്രരോദനങ്ങള്‍
കുട്ടിത്തമായിത്തോന്നി കീറിക്കളഞ്ഞു.
എന്നാലാ കീറത്തുണ്ടുകള്‍ മഞ്ഞവെയിലില്‍
പൂമ്പാറ്റകളായ് പറന്നു തിളങ്ങി.
ആ കാഴ്ച
നിഷ്‌കളങ്കത എന്ന ഭാഷ
എത്ര ലളിതമാണെന്ന ചിന്തയെ വെളിപ്പെടുത്തി.
ആ ഭാഷയുടെ രഹസ്യം
തന്നിലേക്കെത്തുമ്പോള്‍
കഠിനമായിരിക്കുന്നതെന്ത്?
അങ്ങനെ കുഴങ്ങുന്നതിനിടെ
അപ്പോള്‍ വീണ പൂ പോലെ
മരിച്ചുകിടന്ന പക്കിയെ
ഉറുമ്പുകള്‍ എടുത്തുപോകുന്നതു കണ്ടു.
ലാളിത്യവും എത്ര സങ്കീര്‍ണ്ണമാണ്,
പൂവെന്നു വിചാരിച്ച പുണ്ണുപോലെ.
ചിന്താവിഷ്ടനായി അപ്പടി മുഷിഞ്ഞു
പഴയ വിരക്തിയുടെ മഞ്ഞളിപ്പോടിയ
ആ മുഷിച്ചിലില്‍
മനസ്സ് ചിറകിളക്കി ചെന്നിരുന്നതോ
പൂമ്പാറ്റകള്‍ നിത്യവും വന്നു
തേന്‍ കുടിച്ചിരുന്ന
കമ്മല്‍ പൂക്കളുടെയും
കൊങ്ങിണിച്ചെടികളുടെയും
നന്ത്യാര്‍വട്ടത്തിന്റെയും
ഉന്മാദിയായ ഒരു പകല്‍മുറ്റത്തെ മാന്തണലില്‍.
അവിടെയിരിക്കുന്നതാണ്
നുണകളുടെ വീട്,
പ്യൂപ്പക്കൂട് എന്നു പേരിട്ടത്.
ആ വീട്ടിലങ്ങനെ പാര്‍ത്തുപാര്‍ത്ത്
താനെങ്ങാനുമൊരു
പാപ്പാത്തിയായി മാറിയേക്കുമോ
ഒരു മഞ്ഞപ്പാപ്പാത്തി?
ആ ചിന്തയില്‍ ദിവാകരന് രസം കയറി,
അന്തിനേരത്തെ ആ സൂര്യനെ
ഒരു ശലഭമായി വരയ്ക്കാന്‍ കഴിയുമോ,
രാത്രിയും പകലും
ഏതു പൂമ്പാറ്റച്ചിറകുകളാണ്,
അതേതു പൂവിന്‍ തേന്‍ കുടിക്കുന്നതാണ്
അന്തിവെയില്‍ മോന്തിപ്പറന്ന് അയാള്‍
ചിന്തയാം മണിമന്ദിരത്തില്‍ ചെന്നിരുന്നു
അപ്പോള്‍
വെളിച്ചത്തില്‍ പടര്‍ന്നുനിന്നത്
വ്യക്തമല്ലാത്തൊരു സങ്കടത്തിന്റെ രക്തമാണെന്നും
കുട്ടിക്കാലത്തു പൊട്ടിച്ച ശലഭപ്പുഴുവിന്റെ
മണമാണ് മണക്കുന്നതെന്നും തോന്നി
അന്നേരം
കവിതയിലായിരുന്ന നളിനിയെ
സെല്‍ഫോണില്‍ 'ക്ണിങ്' എന്നു ചാടിവന്ന
വാര്‍ത്ത എവിടെയോ കൊല്ലപ്പെട്ട
ഉമ്പിടിക്കുഞ്ഞിന്റെ വാര്‍ത്ത
വലിച്ചെടുത്ത്
ഒരാന്തലിലേക്കിട്ടുകളഞ്ഞു
കലങ്ങിപ്പോയ കുഞ്ഞിന്നോര്‍മ്മയാണ്
ആ കലക്കമെന്നു കണ്ട്
കരുണ തോന്നിയ ദിവാകരന്‍
നളിനിയുടെ ചെമ്പകനെറ്റിയില്‍
ഒന്നു ചുംബിക്കാന്‍ തോന്നി,
സമയം തീര്‍ന്നുപോയേക്കുമോ
എന്നു പേടിച്ചപോലെ
തിടുക്കത്തില്‍ ഒരു ശലഭമായി പറന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates