Poems

വിനീതനായ ഒരു സദാചാരഗുണ്ട പറയുന്നത്

Author : ഹൃഷികേശന്‍ പി.ബി

പെട്ടെന്നു പാമ്പിനെ

ക്കണ്ടു പേടിച്ചൊരെ

ന്നോടിളം പൂമര

ച്ചില്ല : വരൂ തൊട്ടു

നോക്കുക സർപ്പങ്ങൾ

എത്ര സാധുക്കളാ

ണാരെയും ചെയ്യി

ല്ലുപദ്രവം ശത്രുപോൽ

പൂമരത്തിന്റെ കൈ

ത്തണ്ടയിൽ നീളത്തിൽ

നീങ്ങുന്ന പത്തി

വിടർത്തിയ പാമ്പ,തു

കൊത്താതെ പൂമര

ത്തിന്റെ വിരലിനെ,

വായ തൊട്ടാലും

വിഷം വമിയ്ക്കാത്തത്ര

ശ്രദ്ധിച്ച് വേദനി

പ്പിയ്ക്കാതെ മൃദുലമായ്

കുട്ടികളേപ്പോൽ

ചിരിച്ചു കളിച്ചുമായ്

നക്കിത്തുടച്ചുമ്മ

വച്ചും തലോടിയും

പാമ്പും മരച്ചില്ല

യുംകൂടിയുച്ചയ്ക്ക്,

കൺമുമ്പി

ലങ്ങനെ.

പൂമരത്തിന്നുമ്മ

നല്‍കിയൊടുക്കമ

തേതോ വഴിയി

ലിറങ്ങിനടന്നുപോയ്

ഞാനപ്പൊഴും ലജ്ജ

കൊണ്ടു മരവിച്ച

പാറയായ് നിന്നൂ

മരമെന്നടുത്തേയ്ക്കു

വന്നു കാറ്ററിയാതെ,

കാതിൽ പതുക്കനെ.

തോന്നിയതാവു

മിപ്പാമ്പു വെറും കയർ,

ചകിരി പിരിച്ചു

മെടഞ്ഞൊരു ക്രോമസോം.

ഞാനെന്റെ കൺകളെ

വിശ്വസിച്ചീടണോ

പൂമരം ചൊല്ലുന്ന

നുണകൾ കേട്ടീടണോ

അപ്പാമ്പിനോടു നേ-

രിട്ടു ചോദിയ്ക്കണോ

കയറിനെ പാമ്പെന്നു

കരുതണോ, പാമ്പിനെ

കയറെന്നു കരുതാതെ

കണ്ണടച്ചീടണോ,

പാമ്പിനെ

കൊല്ലണോ

കത്തിച്ചുകളയണോ

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

ഈ കവിത കൂടി വായിക്കാം: കടുകും കടലും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT