കടുകും കടലും

കടുകും കടലും

ന്നെ ആരും ശ്രദ്ധിക്കുന്നില്ല
എന്ന തോന്നലായിരുന്നു ആദ്യമൊക്കെ
വഴിനടക്കുമ്പോള്‍ എതിരെ വരുന്നവരെയോ
അകലെ പോകുന്നവരെയോ പരിഗണിച്ചിരുന്നില്ല
ആദ്യമായ് മഴ നനഞ്ഞതെന്നെന്നോ
സൂര്യനെ നോക്കി കണ്ണുകലങ്ങി
കുഴഞ്ഞുവീണതെന്നെന്നോ അറിയില്ല.

മഴയും ചൂടും ഇന്നെന്നെ ഒരുപോലെ ഭയപ്പെടുത്തുന്നു
ബാല്യത്തില്‍ മഴയുടെ കൗതുകത്തില്‍ നനഞ്ഞു
കുളിക്കുന്നത് എത്ര രസകരമായിരുന്നു
വെയിലില്‍ വിയര്‍ത്തുകുളിക്കുന്നത്
ആരോഗ്യത്തിന്റെ പര്യായമായിരുന്നു
ഇന്ന് മഴ യാത്ര മുടക്കുന്നു
വെള്ളപ്പൊക്കത്തിന്റെ കലങ്ങലില്‍
എന്തെല്ലാം ഒലിച്ചുപോകുന്നു
ജീവന്‍ പണയം വയ്ക്കുന്നതിനു മുന്‍പേ
ഒരു തേങ്ങല്‍ വന്ന് നമ്മെ മൂടുന്നു
ചൂടില്‍ അരി തിളയ്ക്കുന്നു
ജീവന്‍ ആവിയാകുന്നു
വരും തലമുറയ്ക്ക് കാത്തുവയ്ക്കാനെന്തുണ്ട്
അവശേഷിക്കുന്ന തുമ്പപ്പൂവിന്റെ നീറ്റല്‍.

മാനത്ത് മേഘങ്ങള്‍ ഉരുണ്ടുകൂടുന്നോ?
ശ്രദ്ധ കൂടുന്നതുകൊണ്ട് ഇരിക്കപ്പൊറുതിയില്ല
ഇങ്ങനെയൊക്കെയാണെങ്കിലും
ചെമ്പരത്തിയുടെ ചുവപ്പില്‍ ഒരു കണ്ണുണ്ട്
ചെവിയില്‍ തിരുകാന്‍ സമയമായിട്ടില്ല
അല്ലെങ്കില്‍ ഞാനെന്തിന് തിരുകണം
ഞാനിപ്പോള്‍ തിരുമലയ്ക്കടുത്താണ്
ഞാന്‍ അങ്ങോട്ടു പോയില്ലെങ്കിലും
കടലിന് എപ്പോ വേണമെങ്കിലും ഇങ്ങോട്ടുവരാം
കടുകുപാടങ്ങള്‍ സ്വപ്നം കണ്ട്
കടുകിനകത്ത് ഒളിക്കാമെന്നോ!
നോഹയുടെ പേടകത്തില്‍ ഒളിച്ചിരുന്നാലും
ഒരിക്കല്‍ സൂര്യന്‍ വന്ന് കൊണ്ടുപോകും
ഇതൊക്കെ പുതിയ കഥകള്‍

ഞാനിന്ന് ഉപ്പിനു പോകണ വഴി തിരയുന്നു
രുചിഭേദങ്ങളിലേക്ക് നാക്കുനീട്ടുന്നു
ആരൊക്കെയോ എന്നെ ശ്രദ്ധിക്കുന്നു
ആരൊക്കെയോ നേരേ വരുന്നു

ഞാന്‍ വേറൊരു വഴി വെട്ടുന്നു.

ഈ കവിത കൂടി വായിക്കാം
വേതാളപാത
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com