വേതാളപാത

By പി.എം. ഗോവിന്ദനുണ്ണി  |   Published: 25th October 2023 10:37 AM  |  

Last Updated: 25th October 2023 10:39 AM  |   A+A-   |  

 
നിങ്ങൾ ശവത്തെ ചുമക്കുന്നു
കാണുന്നവരോട് പറയുന്നു:
ഇതെന്റെ ശരീരം
വെയിൽ കറുങ്ങലിക്കുന്നു
കാറ്റ് ഊത്തു നിർത്തുന്നു
മറികടന്ന വനം പിന്നാലെ വരുന്നു
ശവം കഥ പറയുന്നു
നിങ്ങൾ മൂളുന്നു
അവസാനത്തെ മൗനത്തോടൊപ്പം ദിവസം പൊട്ടിത്തെറിക്കുന്നു
നിങ്ങൾ ശവമിറക്കി
ഇരുട്ടിൽ ശയിക്കുന്നു
തണുപ്പുവിടാത്ത ശരീരത്തെ
നിർവ്വികാരം തലോടുന്നു
ഉണർന്നു നിൽക്കുന്ന ആകാശത്തോട് പറയുന്നു
ഇതെന്റെ ശവം
സപ്തർഷികൾ
അരുന്ധതി
ധ്രുവൻ
എല്ലാവരും ചിരിക്കുന്നു
കണ്ണിറുക്കി അടച്ചു തുറന്ന്
ഉണ്ടാക്കിത്തീർത്ത പ്രഭാതത്തിലേക്ക്
നിങ്ങൾ ശവം ചുമക്കുന്നു
എത്രവർഷങ്ങളെ ഹോമിച്ചാലാണ്
നമുക്കൊരു ജീവിതം കിട്ടുക
നിങ്ങളും ശവവും ചോദിക്കുന്നു
പരസ്പരം.