

തൃശൂര്‍: തൃശൂര്‍ ശ്രീ കേരളവര്‍മ കോളജ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെതിരെ കെഎസ് യു ഹൈക്കോടതിയെ സമീപിക്കും. എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി കെഎസ് യു നേതാക്കള്‍ ആരോപിച്ചു. രാത്രി വൈകിയും റീ കൗണ്ടിങ്ങ് നടത്തി. അട്ടിമറി നടത്തിയത് ഉന്നത നിര്‍ദേശ പ്രകാരമാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നല്‍കിയതെന്നും കെഎസ് യു നേതാക്കള്‍ ആരോപിച്ചു.
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ ജില്ലകളിലെ കലാലയങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കെഎസ് യുവിന് മികച്ച വിജയം നേടാനായി എന്നും ഇതില്‍ എസ്എഫ്‌ഐ വിറളി പൂണ്ടിരിക്കുകയാണെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. എസ്എഫ്‌ഐയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതാണ് സമീപകാല കോളജ് തെരഞ്ഞെടുപ്പുകളില്‍ കാണുന്നത്.
കേരളവര്‍മയില്‍ 32 വര്‍ഷത്തിന് ശേഷമാണ് കെഎസ് യു ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. കോളജ് കാമ്പസിലാകമാനം കെഎസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന് അനുകൂലമായ തരംഗം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റ എസ്എഫ്‌ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടത് ജനാധിപത്യപരമായ നടപടിയാണ്. എന്നാല്‍ റീ കൗണ്ടിങ്ങ് നടത്തിയ രീതിയോടാണ് കെഎസ് യുവിന് എതിര്‍പ്പുള്ളത്.
രാത്രി എട്ടേമുക്കാലിന് ശേഷവും റീ കൗണ്ടിങ് തുടര്‍ന്നപ്പോള്‍ ശ്രീക്കുട്ടന്‍ പകല്‍ വെളിച്ചത്തില്‍ റീ കൗ ണ്ടിങ് നടത്തണമെന്ന് രേഖാമൂലം റിട്ടേണിങ് ഓഫീസര്‍ക്ക് കത്തു നല്‍കി. എന്നാല്‍ അതു ഉള്‍ക്കൊള്ളാതെ റീ കൗണ്ടിങ്ങിന് തിടുക്കം കാട്ടുകയായിരുന്നു. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ റീ കൗണ്ടിങ്ങ് മാറ്റിവെക്കാമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍, അതു വകവെക്കാതെ റിട്ടേണിങ് ഓഫീസര്‍ റീ കൗണ്ടിങ്ങുമായി മുന്നോട്ടു പോകുകയായിരുന്നുവെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
റീ കൗണ്ടിങ് ആരംഭിച്ച് രണ്ടു തവണയായി ഒന്നര മണിക്കൂറോളം വൈദ്യുതി പോയിരുന്നു. ഇതില്‍ അട്ടിമറിയുണ്ടെന്ന് കെഎസ് യു സംശയിക്കുന്നു. റീ കൗണ്ടിങ് തുടങ്ങിയ ശേഷം ബാലറ്റ് പേപ്പറുകളുടെ എണ്ണം കൂടി. അസാധു വോട്ടുകളെല്ലാം എസ്എഫ്‌ഐക്ക് അനുകൂലമായി വിധിക്കുന്നു. ഇതില്‍ ഗൂഢാലോചനയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി റീ കൗണ്ടിങ്ങ് കെഎസ് യു ബഹിഷ്‌കരിച്ചു. ഇതിനു പിന്നാലെയാണ് എസ്എഫ്‌ഐ വിജയിച്ചതായി പ്രഖ്യാപിച്ചതെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എവിടെ നിന്നോ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന നടപടിയാണുണ്ടായത് എന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി.
കെഎസ് യു വിന് പൂർണ പിന്തുണ: കെ സുധാകരൻ
അതേസമയം കേരള വര്‍മ കോളജ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെതിരെ കെഎസ് യു കോടതിയെ സമീപിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. കേരള വര്‍മ കോളജില്‍ കെഎസ് യു ജയിച്ചു നിന്നപ്പോള്‍ എസ്എഫ്‌ഐ റീ കൗണ്ടിങ് വേണമെന്ന് ആവശ്യപ്പെട്ടു. നാലോ അഞ്ചോ തവണ റീ കൗണ്ടിങ് നടത്തി. അങ്ങനെയൊരു റീ കൗണ്ടിങ്ങ് ഉണ്ടോ. ഇതിനിടയ്ക്ക് വൈദ്യുതി പോകുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
റീ കൗണ്ടിങ്ങ് നടത്തുന്നത് തെറ്റല്ല, പക്ഷെ നാലും അഞ്ചും തവണ റീ കൗണ്ടിങ്ങ് നടത്താറുണ്ടോ. അതിനിടയ്ക്ക് ലൈറ്റും പോയി. ലൈറ്റ് പോകണമെങ്കില്‍ അതിനിടയ്ക്ക് എന്തെങ്കിലുമൊക്കെ നടക്കുകയില്ലേ. ഒരു വോട്ടിന് ജയിച്ചു എന്നു പറഞ്ഞ സ്ഥലത്ത് പിന്നീട് എസ്എഫ്‌ഐ ഏഴു വോട്ടിന് ജയിച്ചു എന്നു പറയുന്നത് അംഗീകരിക്കാനും ഉള്‍ക്കൊള്ളാനുമാവില്ല. അതുകൊണ്ടു തന്നെ നിയമവശങ്ങളിലൂടെ പരിഹാരത്തിനുള്ള ശ്രമം കെഎസ് യു നടത്തും. കെപിസിസി അതിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
എസ്എഫ്‌ഐക്കാര്‍ കോളജുകളില്‍ നടത്തുന്ന ഗുണ്ടായിസം കേരളത്തില്‍ അങ്ങാടിപ്പാട്ടാണ്. എവിടെയാണ് കെഎസ് യു അത്തരത്തില്‍ ഗുണ്ടായിസം കാണിക്കുന്നത്. നിങ്ങള്‍ താരതമ്യം ചെയ്തു നോക്ക്. എന്തും ചെയ്യാന്‍ മനസ്സു കാണിക്കുന്നവരാണ് എസ്എഫ്‌ഐക്കാര്‍. അവരെ സപ്പോര്‍ട്ട് ചെയ്യുന്ന അധ്യാപകന്മാരുടെ രാഷ്ട്രീയമാണ് ഏറ്റവും വലിയ അപകടകരമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
