Sketch by Shajith R B
Poems

സച്ചിദാനന്ദന്‍ എഴുതിയ കവിത: കയ്യെഴുത്ത്

സച്ചിദാനന്ദന്‍

ഞാൻ കണ്ടിട്ടുണ്ട് കയ്യെഴുത്തുപ്രതികൾ

പല സ്മാരകങ്ങളിൽ, പല ഭാഷകളിൽ,

ഓലയിലും ഇലച്ചുരുളുകളിലും കടലാസിലും,

കൂർത്തും ഉരുണ്ടും പരന്നുമുള്ള ലിപികളിൽ.

ലക്ഷ്യത്തിലെത്താൻ തിരക്കിട്ട് ഓടുന്ന അക്ഷരങ്ങളും

വിറ്റ പശുവിനെപ്പോലെ തിരിഞ്ഞുനോക്കി

തിരിഞ്ഞുനോക്കി പോകുന്നവയും.

വയലിൽ വിതയ്ക്കപ്പെട്ടവ,

ജയിലിൽ തളയ്ക്കപ്പെട്ടവ

ഉലകം ചുറ്റുന്നവ, വേരാഴ്ത്തി നില്‍ക്കുന്നവ

ആകാശത്തേയ്ക്ക് നോക്കുന്നവ.

ഇപ്പോൾ യന്ത്രങ്ങളിൽനിന്ന്

വാർന്നുവീഴുന്ന അക്ഷരങ്ങളുടെ

വടിവുകൾക്കു മുൻപിൽ

അവ രചിച്ചവർ പകച്ചുനിൽക്കുന്നു: ഇനിയും

ഞങ്ങളുടെ കയ്യക്ഷരങ്ങൾ സ്വന്തം

വിരലടയാളങ്ങൾപോലെ തിരിച്ചറിയപ്പെടുമോ?

അതോ, വെറും കൈ കൊണ്ടെഴുതിയിരുന്ന പ്രാകൃതരുടെ

വന്യമുദ്രകളായി അവ വിസ്മരിക്കപ്പെടുമോ?

സിരകൾപോലുള്ള ഈ അക്ഷരങ്ങളിൽ

ഞങ്ങളുടെ ഹൃദയങ്ങൾ സ്പന്ദിക്കുന്നത്

വരും തലമുറകൾ കേൾക്കുമോ?

അവ ഓലയിലോ കടലാസ്സിലോ

ഉരുവം കൊള്ളുമ്പോഴുള്ള ആനന്ദം,

അവ വെട്ടിയും തിരുത്തിയും സ്വന്തം

സ്വപ്നങ്ങളുടെ ആകാരങ്ങളിൽ

എത്തിക്കുമ്പോഴുള്ള കൃതാർത്ഥത,

നീലയിൽ വാത്സല്യവും കറുപ്പിൽ ദുഃഖവും

പച്ചയിൽ ആഹ്ലാദവും ചുകപ്പിൽ ക്രോധവുമായി

അവ വാർന്നുവീഴുന്ന ജീവിതത്തിന്റെ വടിവുകൾ,

അവയുടെ കോണുകളിലും കുനിപ്പുകളിലും

നിശ്ശബ്ദം നിറയുന്ന ഉല്‍ക്കണ്ഠകൾ,

വെളിച്ചത്തിലേയ്ക്കുള്ള പ്രാണന്റെ കുതിപ്പുകൾ,

ഇന്നും വായിക്കപ്പെടാത്ത രഹസ്യലിപികളുടെ

കാലം മുതൽ അവയിൽ ഉറഞ്ഞുകൂടിയ മനുഷ്യചരിത്രം,

വെട്ടുകളിലും തിരുത്തുകളിലും നിന്ന്

ഉരുത്തിരിയുന്ന വിചിത്രരൂപികളുടെ അപരലോകം...

ആർക്കറിയാം, അടുത്ത പ്രളയമോ തീയോ കഴിഞ്ഞു

വനരാശിയിലും ഗുഹാതമസ്സിലും നിന്ന്

വീണ്ടും പരിണമിച്ചെത്തുന്ന മനുഷ്യർ ഞങ്ങളെ

നവകാലത്തിന്റെ പുതുവെയിലിലേയ്ക്ക് പുനരാനയിച്ചേക്കാം,

മഹാസ്മൃതികളുടെ ഒരു ഭൂഖണ്ഡം

ഹിമവിസ്തൃതിയിൽനിന്ന് വീണ്ടെടുക്കുംപോലെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT