ഗാമ വന്നു
കസേരയും പട്ടാളവും വന്നു.
സെക്രത്തരിയും കുമ്പസാരവും വന്നു.
പറങ്കിമാവും
പറങ്കിപ്പുണ്ണും വന്നു.
പലതും വന്നു.
വന്നതൊന്നും പോയില്ല.
ജ്ഞാനേന്ദ്രിയങ്ങളിൽ തമ്പടിച്ചു.
വൈസ്രോയി വന്നു
അംഗ്രേസി വന്നു,
ഷേക്സ്‌പിയർ ഷെല്ലി കീറ്റ്‌സ് വന്നു.
കോളർ വന്നു ഡിഗ്രി വന്നു
ജാലിയൻ വാലാബാഗ് വന്നു
നവഖലി വന്നു
പലതും വന്നു.
പോവാനായിരുന്നില്ല പല വരവും.
കാഴ്ച കേൾവി ബോധരാശികളിൽ
തളിരിട്ടു.
മെട്രോ വന്നു,
ടോക്യോ വന്നു.
കവബാത്ത വന്നു
കുറോസാവ വന്നു
ഉദയസൂര്യസൗമ്യത വന്നു
പലതും വന്നു.
വന്നതൊക്കെ തീക്ഷ്ണമായി.
ഫാർ ഈസ്റ്റേൺ പത്രിക വന്നു
എച്ച്.എസ്.ബി.സി വന്നു.
ഹോങ്കോങും സിംഗപ്പൂരും വന്നു.
അർത്ഥത്തിന്റെ കിഴക്കൻ കൊമ്പ് വളർന്നു.
റൂസ്സോ വന്നു
ബോദ്‌ലേർ വന്നു
ഫ്ലാബേർ വന്നു
പാവങ്ങൾ വന്നു
സാർത്ര് വന്നു
അസ്തിത്വവാദം വന്നു
ഇസനഗരങ്ങൾ വന്നു
പലതും വന്നു.
ദാന്തേ വന്നു
വെർജിൽ വന്നു
ഡിസീക്ക വന്നു
മുസ്സോളിനി വന്നു
ചരിഞ്ഞഗോപുരം വന്നു
പിസ വന്നു,
റോം വന്നു.
പലതും വന്നു.
ഹ്യൂൻ സാങ് വന്നു
മാവോ വന്നു
നക്‌സൽബാരി വന്നു
സ്വീറ്റ് ആൻഡ് സോർ വിപ്ലവം വന്നു,
വിഭവത്തിലെല്ലാം
രാഷ്ട്രീയ അജിനോമോട്ടോ വന്നു,
മക് മഹോൻ
ബീജിംഗ് വന്നു.
വന്നതോരോന്നും
ഓരോ അതിർത്തി കടന്നു.
ഓരോ കൊടി നട്ടു.
നിറം, രൂപം, മൊഴി, രുചി നട്ടു.
വരവോരോന്നിനും പിന്നിലും മുന്നിലും
ഓരോ വിളിയും വിളയും വന്നു;
വാഗ്‌സൈന്യം വന്നു.
വിതയ്ക്കുന്ന അർത്ഥമല്ല വിളയുന്ന അർത്ഥം
അതല്ല കൊയ്യുന്ന അർത്ഥം
എന്നറിയാതെ തടിച്ചു നിഘണ്ടു.
സ്വാതന്ത്ര്യം പോയി
സ്വത്ത് പോയി
സ്വത്വം മാറി.
വേറേ ഏതെല്ലാം കോഹിനൂർ
പോയെന്നെഴുതിയ
ഓലയും പോയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates