Poems

എൻ. പ്രഭാകരൻ എഴുതിയ രണ്ടു കവിതകൾ

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

എന്‍. പ്രഭാകരന്‍

ഇവിടെയുണ്ടിവർ

ബൃഹദാഖ്യാനങ്ങളുടെ തകർച്ചയുടെ ഫലങ്ങൾ

ബഹുവിതാനങ്ങളിൽ തിരയുകയാണൊരാൾ

മാർക്സിസത്തിന് ലെനിൻ നൽകിയ സംഭാവനകളുടെ

മഹത്വവും പരിമിതികളും തുലനം ചെയ്തുചെയ്ത്

തളരുകയാണ് മറ്റൊരാൾ

അതിതീവ്ര ഫെമിനിസ്റ്റാശയങ്ങൾ

അതിരുകളിലുള്ള ജീവിതങ്ങളെ

തുണയ്ക്കുന്നതെങ്ങനെയെന്നു വിസ്തരിക്കുന്ന

പ്രബന്ധം തയ്യാറാക്കുന്ന തിരിക്കിലാണൊരു യുവതി

മഴവെള്ളം വാഴത്തോപ്പിനെ വിഴുങ്ങുമ്പോൾ

അലമുറയിട്ടു പായുകയാണ് ഒരു പാവം കർഷകൻ

കിടപ്പിലായ ഭർത്താവിന്റെ ശരീരം നനച്ചു തുടക്കാനുള്ള

വെള്ളം ചൂടാക്കാൻ അടുപ്പിലൂതി പുകയുകയാണ്

അയാളുടെ വൃദ്ധയായ ഭാര്യ

അധൈര്യം പകർന്ന നേർത്ത വിറയലോടെ

‘ചിന്തയാം മണിമന്ദിരത്തിൽ’ എന്ന പ്രാർത്ഥന ചൊല്ലുന്നു

മൂന്നു കൊച്ചുപെൺകുട്ടികൾ

ഇവരെല്ലാം ഇവിടെയുണ്ട്

ഇവരിലാരെയുമാവില്ല എനിക്കു കൺവെട്ടത്തു നിന്നുമാറ്റുവാൻ

ഇവിടെയുമെവിടെയും പലതാണ് ജീവിതം

കാലം പക്ഷേ, ഓരത്തു മാറിനിൽക്കുന്ന കാഴ്ചക്കാരനാവില്ല.

ക്രൂരം

ഇന്നലെ ഞാൻ കണ്ട പരുന്തുകളും കഴുകന്മാരും

കുഞ്ഞുന്നാളിൽ ഞാൻ അരിമണികൊടുത്ത പ്രാവുകളാണ്

ഇന്നു ഞാൻ കണ്ട വലിയ മുൾമരം

പണ്ടു ഞാൻ നട്ടുനനച്ചു വളർത്തിയ ചെണ്ടുമല്ലിച്ചെടിയും.

ഒരിക്കൽ അരുമയായിരുന്നവയ്‌ക്കെല്ലാം

അമ്പരപ്പുമാധിയും പകരുന്ന രൂപാന്തരണങ്ങൾ!

വാർധക്യം ഈ ക്രൂരവിനോദം

ഓർമ്മകളെ പഠിപ്പിച്ചെടുക്കുന്നതെന്തിനെന്നറിയില്ല

അറിയാത്തവയുടെ ഭാണ്ഡം

അവസാനനാൾ വരെയും വലുതായിക്കൊണ്ടിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT