ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക ഫയല്‍
Poems

സന്ധ്യ എന്‍.പി. എഴുതിയ കവിത: കണ്ണീരെന്ന് എഴുതുന്നൂ ഒരൊച്ച്

ആര്‍ഭാടമായി ഒരു ചിരി മാത്രമേ

സന്ധ്യ എന്‍.പി

1

വെള്ളച്ചാട്ടംപോലെ കരഞ്ഞു

കൊടുംകാറ്റുപോലെ കിതച്ചു

മഴപോലെ ആര്‍ത്തലച്ചു

പുറമേ

ഉറങ്ങിക്കിടക്കും കുഞ്ഞിനെപ്പോലെ

ശാന്തമായി പുഞ്ചിരിച്ചു.

2

ആര്‍ഭാടമായി

ഒരു ചിരി മാത്രമേ

ദൈവം തന്നിരുന്നുള്ളൂ

യൗവനം കഴിഞ്ഞപ്പോള്‍

അതും കഴിഞ്ഞുപോയി.

കടല്‍ ഉള്‍വലിയും പോലെ

മാംസപേശികളൊഴിഞ്ഞ

കവിളുകള്‍

കോടിപ്പോയി.

വിരൂപരെ ആരാണ് നോക്കുക?

ഒരു ചെടിയിലെ

കൊഴിയാറായ പൂ പോലെ തോന്നുന്നു എന്നെ!

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക

3

ദുഃഖത്താല്‍

എന്തു ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു.

വിരലുകള്‍ വിറച്ചുകൊണ്ടിരുന്നു.

അവയിലെല്ലാം

വെള്ളിമോതിരങ്ങളണിഞ്ഞ്

കഴുത്തില്‍

പട്ടവീണ നായ

എന്നപോലെ

ശാന്തയാകാന്‍

ശ്രമിച്ചു

ഞാന്‍!

4

കണ്ണുകളില്‍ ദുഃഖം വന്നുമൂടി.

ഏതു കണ്ണടവെച്ചിട്ടും

തെളിയുന്നില്ല,

നോക്കുന്നിടത്തെല്ലാം

ദുഃഖം തന്നെ!

5

പണമോ

പ്രശസ്തിയോ

പദവിയോ

അധികാരമോ

ഇല്ലാത്ത

ഒരു

കൊച്ചു വിരൂപയായിരുന്നു

ഞാന്‍.

കടന്നുപോയവരാരും

എന്നെക്കണ്ടില്ല

അവര്‍

പ്രകാശം ജ്വലിക്കുന്ന മുഖമുള്ളവരെ തേടിപ്പോയി

ആരും വ്യത്യസ്തരായിരുന്നില്ല.

ഞാന്‍

മണ്ണു കുഴിച്ച്

ആഴത്തില്‍

ഒളിക്കാന്‍ ശ്രമിച്ചു.

ചിലപ്പോഴെങ്കിലും

കരച്ചില്‍

മണ്ണിന്‍ മുകളില്‍

മുളച്ച് നിവര്‍ന്ന് കാറ്റിലാടി

കണ്ണീരാലേ

ഞാനെന്നെ

മായ്ക്കാന്‍ ശ്രമിച്ചു.

മായ്ക്കലും

ഒരുതരം വെളിപ്പെടലെന്നു

നനഞ്ഞു!

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക

6

നന്ദികെട്ട മൃഗമാണു ലോകം

അതിനൊരു ചിരിയുടെ

വൈക്കോല്‍ത്തുണ്ടുപോലും കൊടുക്കരുത്!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT