Poems

രമ്യ തുറവൂര്‍ എഴുതിയ കവിത ‘മകള്‍ വരച്ച വീട്’

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

രമ്യ തുറവൂര്‍

ഞ്ച് വയസ്സുള്ള എന്റെ മകൾ

അവളുടെ വീട് വരയ്ക്കുന്നു.

വീട്, മരം, പൂക്കൾ, ഇടവഴി, പുഴ

പാതിവച്ച് അവൾ

വരയുപേക്ഷിച്ച്

പുറത്തേയ്‌ക്കോടുന്നു

പെൻസിലെടുത്ത് വീടിനു ചുറ്റും

കുറെ കാറ്റാടിമരങ്ങളെ

വരച്ചുചേർത്തു ഞാൻ.

എന്റെ തലച്ചോറിലെ

ഭ്രാന്തൻ മാനുകളോടുന്ന

ആ കാട് മകൾ കണ്ടിട്ടേയില്ല.

അവൾ വരച്ച മരച്ചില്ലകളിലെ

ഇണ നഷ്ടപ്പെട്ട തത്ത

എന്റെ പേരെടുത്ത് വിളിക്കുന്നത്

അവൾ കേട്ടിട്ടേയില്ല.

ഇടയ്ക്കിടെ

എന്റെ കരടിക്കണ്ണുകളുടെ നിറം

പടരുന്ന പൂക്കൾ

എത്ര വർഷങ്ങൾ കഴിഞ്ഞാവും

അവളുടെ മെലിഞ്ഞ വിരലുകൾക്കിടയിൽ വിടരുന്നത്.

അവൾ പാതിവരച്ച ഇടവഴിക്കരികിലെ

പുന്നച്ചോട്ടിൽ രാത്രികളിൽ

ഞാൻ പ്രേതസഞ്ചാരം നടത്തുന്നത്

അവളറിയാനേ പോകുന്നില്ല.

വീടരികിലെ പുഴക്കടവിൽ

എന്റെ ഏഴാമത്തെ മരണവും

കഴിഞ്ഞാണ് ഞാൻ തുവർത്തി

കയറിയിരിക്കുന്നതെന്ന്

അവൾക്ക് ഊഹിക്കാനേ കഴിയില്ല.

അല്പം കഴിഞ്ഞ്

ചെമ്പൻമുടികളുള്ള

എന്റെ മകൾ തിരികെ വന്നു

ഞാൻ വരച്ചുചേർത്ത കാറ്റാടി-

ക്കാടിന്റെ ഇടയിൽനിന്നും

വെളിച്ചത്തിന്റെ ഒരു തുണ്ടെടുത്തുകൊണ്ട്

അവൾ ഇടവഴിയിലേയ്‌ക്കോടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; പ്ലക്കാര്‍ഡുമേന്തി പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുടെ ഡയസിലേക്ക് കയറാനും ശ്രമം

ഗുരുവായൂർ ഇടത്തരികത്ത് കാവ് ഭഗവതിക്ക് താലപ്പൊലി വെള്ളിയാഴ്ച, ദർശന നിയന്ത്രണം; അറിയാം പറ നിരക്ക്

ഒറ്റയടിക്ക് 1040 രൂപ കുറഞ്ഞു; അഞ്ചുദിവസത്തിനിടെ സ്വര്‍ണവിലയില്‍ 20,000 രൂപയുടെ ഇടിവ്

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തടസ്സം; ആറു വയസ്സുള്ള മകളെ കൊലപ്പെടുത്തി അച്ഛന്‍, അറസ്റ്റ്

ധനഞ്ജയ സിൽവ 'ഔട്ട്', കാമിന്ദു മെൻഡിസ് 'ഇൻ'! ടീം 'അഴിച്ചു പണിത്' ശ്രീലങ്ക

SCROLL FOR NEXT