ചിത്രീകരണം: പാവേൽ 
Poems

'നിങ്ങളുടെ അയാള്‍'- സന്ധ്യ ഇ. എഴുതിയ കവിത

നിങ്ങളപ്പോള്‍ ഒരു വൈകുന്നേരനടത്തത്തിലാവും.അടച്ചിരിപ്പുകാലത്ത്.വീട്ടില്‍, തൊടിയില്‍, പതിവു കാഴ്ചയില്‍, അനുഭവങ്ങളില്‍അങ്ങോട്ടുമിങ്ങോട്ടും ആരോ തട്ടുന്ന പന്തുപോലെ

സന്ധ്യ ഇ

നിങ്ങളപ്പോള്‍ ഒരു വൈകുന്നേരനടത്തത്തിലാവും.
അടച്ചിരിപ്പുകാലത്ത്.
വീട്ടില്‍, തൊടിയില്‍, പതിവു കാഴ്ചയില്‍, അനുഭവങ്ങളില്‍
അങ്ങോട്ടുമിങ്ങോട്ടും ആരോ തട്ടുന്ന പന്തുപോലെ.

അപ്പോള്‍ത്തന്നെയാണ് ആ വിമാനം മുരള്‍ച്ചയോടെ പോവുക. 
തെക്കുനിന്ന് വടക്കോട്ടോ കിഴക്കുനിന്ന് പടിഞ്ഞാറോട്ടോ
തെക്കുകിഴക്കോ വടക്കുപടിഞ്ഞാറോ... 
സത്യമായിട്ടും നിങ്ങളത് ശ്രദ്ധിച്ചിരുന്നില്ല.
 
അതെ. ഭൂമിയില്‍ നിങ്ങള്‍, ആകാശത്ത് വിമാനം. 
മുകളില്‍ അത് ഒരിഞ്ച് നീങ്ങുന്ന നേരം കൊണ്ട് 
നിങ്ങള്‍ രണ്ടോ അതിലധികമോ തവണ താഴെ
ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടന്നു തീര്‍ത്തിരിക്കും. 
നിങ്ങള്‍ക്ക് ധൃതിയുണ്ട്, 
സമയത്തിന് തീര്‍ക്കേണ്ട ജോലിയുണ്ട്.
എത്ര പതുക്കെയാണീ വിമാനം എന്ന ഒരു പരിഹാസ ചിന്ത 
ഉടലെടുക്കുമ്പോഴേക്കും 
അത് ആകാശത്തിനു കുറുകെ പറന്നെത്തിയിരിക്കും.
ഒരു ചെറു പൊട്ടായി, നീങ്ങുന്ന നക്ഷത്രംപോലെ
അത് നിങ്ങളെ തീരെ ഗൗനിക്കാതെ കടന്നുപോയിരിക്കും.

അതോര്‍ക്കുമ്പോഴാണ് നിങ്ങള്‍ക്കൊരു 
അപകര്‍ഷതാബോധവും നിസ്സാരതയും തോന്നുക 
നിങ്ങള്‍ അതിനെ കാണുന്നു നിങ്ങളെയത് കാണുന്നില്ല
നിങ്ങളതിന്റെ ശബ്ദം കേള്‍ക്കുന്നു 
നിങ്ങളുടെ ശബ്ദമത് കേള്‍ക്കുന്നില്ല 
നിങ്ങളതിന്റെ വെളിച്ചമറിയുന്നു 
നിങ്ങളുടെ വെളിച്ചമതിന് വിഷയമേയല്ല
നിങ്ങളപ്പോള്‍ വീണ്ടും അതേക്കുറിച്ച് മാത്രം ചിന്തിക്കുന്നു 
ഉല്‍ക്കണ്ഠപ്പെടുന്നു.
അതെങ്ങോട്ട്? കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്ക്?
കണ്ണൂരിലേക്ക്? ബാംഗ്ലൂര്‍? ഹൈദരാബാദ്? ദില്ലി?
അതോ തിരിച്ചോ?
വന്‍കരകള്‍ കടന്നോ?
അതിലാര്? പരിചയക്കാര്‍? ബന്ധുക്കള്‍? അപരിചിതര്‍?
നിങ്ങളെയറിയാത്തവര്‍ അറിയണമെന്നേയില്ലാത്തവര്‍
ഒരിക്കലും അറിയാന്‍ ഇടയില്ലാത്തവര്‍
എങ്കിലും നിങ്ങളുടെ താടിക്കും തലയ്ക്കും മീതേ
നിയോഗംപോലെ പറന്നുപോയവര്‍.

പൊടുന്നനേ നിങ്ങളുടെ ഹൃദയം അതിലുള്ള അത്യധികം 
ഏകാകിയും ദു:ഖിതനുമായ ഒരാളില്‍ കൊരുക്കപ്പെടുന്നു
അയാളുടെ തൊട്ടുള്ള ഒഴിഞ്ഞ സീറ്റില്‍ നിങ്ങളിരിക്കുന്നു
ചിരപരിചിതനെപ്പോലെ, പഴയതുപോലെ, 
ഒരു ഭയാശങ്കയുമില്ലാതെ
അയാളുടെ കൈത്തലം നിങ്ങളുടേതിനോട് ചേര്‍ക്കുന്നു.
'സാരമില്ല സാരമില്ല' എന്ന് നിങ്ങളറിയാതെ ഉരുവിടുന്നു
ഒരു നനുത്ത പുഞ്ചിരിയാല്‍ 
നന്ദി പറഞ്ഞയാള്‍ പിരിയും വരെ
യാത്രയിലനുഗമിക്കുന്നു.
 
പിറ്റേന്നും അയാള്‍ക്കായി നിങ്ങളുടെ വൈകുന്നേര നടത്തം,
ചിലപ്പോള്‍ ജീവിതം തന്നെ മാറ്റിവയ്ക്കുന്നു
പ്രതീക്ഷയോടെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാറില്‍ കയറ്റുന്നതില്‍ കുഴപ്പമില്ല, അവര്‍ വിദ്വേഷം പ്രസംഗിക്കുന്നവരല്ലെന്ന് ഉറപ്പുവരുത്തണം'; കാന്തപുരത്തിന്റെ വേദിയില്‍ മുഖ്യമന്ത്രിക്കെതിരെ വിഡി സതീശന്‍

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന്

ഹരിശങ്കറിനെ കൊച്ചി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി; ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം

ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ ബിജി ഹരീന്ദ്രനാഥ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍; മുഖ്യമന്ത്രി ഉത്തരവിട്ടു

SCROLL FOR NEXT